Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഇടവപ്പാതി

Kannan Prabhakaran

Infosys Limited

ഇടവപ്പാതി

ഇടവപ്പാതി

രാത്രിയിൽ എപ്പോഴോ തുടങ്ങിയ മഴയാണ് . പുലരിയിൽ മഴ വാരിവിതറിയ കുളിരിൽ സ്വപ്നങ്ങളുടെ ചിറകിലേറി പുതപ്പിനടിയിൽ ചുരുണ്ടുകൂടി ഞാൻ കുറേനേരം കൂടി അങ്ങനെതന്നെ കിടന്നു . ഉണർന്നെണീറ്റപ്പോൾ ഒരുകപ്പ് കാപ്പിയുമായി ബാൽക്കണിയിൽ ചെന്നുനിന്ന്  മഴയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു. തിങ്കളാഴ്ചയാണ്, എന്തൊ ഒരു ആലസ്യം, അതും ഒരുപക്ഷെ മഴ തന്ന ഒരു ദാനമായിരിക്കാം. ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു. തനിച്ചിരിക്കുമ്പോൾ എപ്പോഴും ഒരു സാന്ത്വനമാവാറുള്ളത് അക്ഷരങ്ങൾ തന്നെ ആയിരുന്നു. കയ്യിൽ കിട്ടിയതു ബഷീറിന്റെ ഒരു പുസ്തകം. പുസ്തകവുമായി ഞാൻ ബാൽക്കണിയിൽ ചെന്നിരുന്നു. ഇന്ന് കൂട്ടിനു മഴയുമുണ്ട്. ഈ ഫ്ലാറ്റിന്റെ  ഒൻപതാമത്തെ നിലയിൽ, കായലിന് അഭിമുഖമായുള്ള ബാൽക്കണിയിൽ, ഇലകളും പൂവുകളും വീശി മഴയുടെ നനുത്ത കരങ്ങളെ സ്പർശിച്ച് സുഗന്ധം പരത്തി നിൽക്കുന്ന ചെറുചെടികൾക്കു നടുവിലിരുന്നു ചിന്തിക്കുമ്പോൾ മഴ ഒരുപക്ഷെ എന്റെ ഹൃദയത്തിലേക്ക് ഇറ്റിക്കുന്നത് പ്രണയാതുരമായ ഓർമകളാവാം, അല്ലെങ്കിൽ ചിലപ്പോൾ ഗൃഹാതുരത്വം തുളുമ്പുന്ന ചില വിങ്ങലുകളാവാം. ഹൃദയത്തെപ്പോലും  അലിയിക്കാൻ കഴിവുള്ള ആ മഴയെ ഞാൻ ഇമവെട്ടാതെ നോക്കിക്കൊണ്ട് അങ്ങനെതന്നെ ഇരുന്നു. ആ മഴയിലേക്ക് ഞാൻ പതിയെ പതിയെ അലിഞ്ഞു ചേരുകയായിരുന്നു. അപ്പോഴേക്കും ഞാനൊരു മഴത്തുള്ളിയായി മാറിക്കഴിഞ്ഞിരുന്നു, ലക്ഷ്യമറിയാതെ ദിക്കറിയാതെ എങ്ങോട്ടെന്നില്ലാതെ ഒഴുകിക്കൊണ്ടേ ഇരുന്നു. ഞാനറിയുന്നു ഒഴുകി ഒഴുകി ഞാൻ എത്തിയത് വളരെ കാലങ്ങൾക്കു പിന്നിലേക്കായിരുന്നുവെന്ന് . മഴവിൽ വർണങ്ങളുള്ള കുടയും ചൂടി, ബാഗും തോളിലിട്ട് യൂണിഫോമിൽ സ്കൂളിലേക്കു പോകുവാൻ തയ്യാറായി ഇടവപ്പാതി മഴയിലേക്കു നോക്കി ഒരു ചെറുപുഞ്ചിരിയോടെ എന്റെ വീടിനു മുന്നിൽ നിൽക്കുന്ന ആ എട്ടു വയസ്സുകാരനെ എനിക്കു വ്യക്തമായി കാണാമായിരുന്നു. എന്നും ആ എട്ടു വയസ്സുകാരനായി ഇരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാൻ വെറുതെ ആശിച്ചു. മഴയോടുള്ള പ്രണയം അന്നേ മനസ്സിൽ മൊട്ടിട്ടിരുന്നു.

 

സ്കൂളിലേക്കു പോകുവാൻ ഇറങ്ങിയനേരം അമ്മ നീട്ടിയ ചോറുപാത്രവും വാങ്ങി ബാഗിൽവെച്ച്‌ അമ്മയോട് യാത്രയും പറഞ്ഞ് ഞാൻ ആ മഴയിലേക്ക് ഇറങ്ങി നടന്നു. കുടയും ചൂടി റോഡരികിലൂടെ ഒഴുകി വരുന്ന വെള്ളത്തിൽ കാലുകൾ ഉരുമ്മി സ്കൂളിലേക്കു നടന്നു പോവുക, ലോകത്തിലെ ഏറ്റവും മധുരകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. വീട്ടിൽനിന്നിറങ്ങി ആദ്യ വളവുകഴിഞ്ഞ് രണ്ടാമത്തെ പീടികയുടെ കോലായിൽ മഴയിൽനിന്നും രക്ഷതേടി അവൻ നിൽക്കുന്നുണ്ടായിരുന്നു, എന്റെ ചങ്ങാതി. ക്ലാസ്സിലെ അവസാനത്തെ ബഞ്ചിൽ അടുത്തടുത്തായാണ് ഞങ്ങളുടെ ഇരിപ്പിടങ്ങൾ. നന്നായി പഠിക്കുന്ന കുട്ടികളായിരുന്നു ആദ്യബഞ്ചുകളുടെ അവകാശികൾ. കൈവിരലുകളിലൂടെ ഊറി വരുന്ന തേൻ നുകരുന്ന ഒരു കുഞ്ഞിനെ ഓർമിപ്പിക്കുമാറ്, തന്റെ വലതുകൈയ്യിലെ പെരുവിരൽ വായിൽ വെച്ച് നുകർന്നുകൊണ്ടായിരുന്നു അവന്റെ നിൽപ്പ്. കുഞ്ഞിലെ തുടങ്ങിയ ഈ ശീലം അവന്റെ ജീവിതവുമായി പറിച്ചെറിയാനാവാത്ത വിധം ഇഴുകിച്ചേർന്നു കഴിഞ്ഞിരുന്നു. 

 

എന്നെ കണ്ടമാത്രയിൽ അവൻ ഓടിവന്ന് എന്റെ കുടക്കുള്ളിൽ കയറി. ഒരു ചെറുപുഞ്ചിരിയോടെ ഞാനവനെ ചേർത്തു നിർത്തി. മഴയുടെയും തണുത്ത കാറ്റിന്റെയും അകമ്പടിയോടെ ഞങ്ങൾ സ്കൂളിലേക്കു നടന്നു. ഒരു പ്ലാസ്റ്റിക് കവറിൽ അതിന്റെ പഴക്കം കാരണം ഉണ്ടായ ഒന്നുരണ്ട് ഓട്ടകളിലൂടെ ആകെക്കൂടി അവനുണ്ടായിരുന്ന രണ്ടു പുസ്തകങ്ങളിൽ ഒരെണ്ണം പുറത്തു പെയ്യുന്ന മഴ ആസ്വദിച്ചുകൊണ്ടിരുന്നു. ആ കവർ നെഞ്ചോടുചേർത്ത് പുസ്തകങ്ങളെ മഴയുടെ തണുത്ത വിരലുകൾ സ്പർശിക്കാതെ അവൻ സംരക്ഷിച്ചു പിടിച്ചിട്ടുണ്ടായിരുന്നു. പീടികയിലെ വിലകൂടിയ കറുപ്പും വയലറ്റും നിറങ്ങളുള്ള ആറ് ഉറകളോടു കൂടിയ ബാഗിനുവേണ്ടി ഞാൻ വാശിപിടിച്ചതും, ആദ്യം എതിർത്തെങ്കിലും പിന്നീട് എന്റെ വാശിക്കുമുന്നിൽ അമ്മ പരാജയപ്പെട്ടതും ഞാനോർത്തു. ഇന്നലെ ഗ്രൗണ്ടിൽ നിറഞ്ഞ മുട്ടോളം പൊക്കമുള്ള മഴവെള്ളത്തിൽ ഇറങ്ങിയ മനുവിനെ ഹെഡ്മാസ്റ്റർ റൂമിലേക്ക് വിളിപ്പിച്ചതും, അവന് തല്ല് കിട്ടിയൊ ഇല്ലയൊ എന്നൊരു സംശയം ക്ലാസ്സിൽ നിറഞ്ഞു നിന്നതും, ആ സംശയം ഇപ്പോഴും ഒരു സംശയമായിത്തന്നെ നിലനിൽക്കുന്നതും സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിലെ ഞങ്ങളുടെ ചർച്ചകൾക്ക് വിഷയങ്ങളായി.

 

ആദ്യത്തെ പീരീഡിൽ ഇംഗ്ലീഷ് ടീച്ചർ വീട്ടുപകരണങ്ങളെ പരിചയപ്പെടുത്തുവാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 'നിങ്ങൾ വീടുകളിൽ എന്തിലാണ് ആഹാരം കഴിക്കുന്നത് ' എന്ന ടീച്ചറിന്റെ ചോദ്യത്തിന് 'പ്ലേറ്റിൽ' എന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിലായിരുന്നു ഉത്തരം പറഞ്ഞത്. പക്ഷെ എന്റെ ചങ്ങാതിക്കു മാത്രം അതിലൊരു സംശയം ഉണ്ടായിരുന്നു. അവൻ പതിയെ എഴുന്നേറ്റു.

 

"പക്ഷെ ടീച്ചർ, എന്റെ അമ്മ കറിച്ചട്ടിയിലാണല്ലൊ ആഹാരം കഴിക്കുന്നത്"

 

നിഷ്കളങ്കമായ കണ്ണുകളോടെ അവൻ ടീച്ചറിനെ നോക്കിനിന്നു. അന്ന് അവന്റെ ചോദ്യം കേട്ട് ടീച്ചർ ഉൾപ്പെടെ ഞങ്ങളെല്ലാവരും ചിരിച്ചത്, വീട്ടിലെ എല്ലാ അംഗങ്ങൾക്കും പകുത്തു നൽകിയതിനുശേഷം കറിച്ചട്ടിയിലെ അവശേഷിപ്പിൽ ഒരുപിടിവറ്റിട്ട് പാതിവയർ നിറച്ച്, സുഖമായുറങ്ങുന്ന തന്റെ കുട്ടികളെ നോക്കിയിരിക്കുന്ന ഒരു അമ്മയുടെ നിസ്സഹായത നിറഞ്ഞ മുഖത്തു നോക്കിയായിരുന്നു. ഞങ്ങളുടെ ചിരി അവനെ തെല്ലും ഉലച്ചില്ല. തന്റെ വലതുകൈയ്യിലെ പെരുവിരൽ വായിൽ വെച്ചുനുകർന്നുകൊണ്ട് അവൻ പതിയെ ഇരുന്നു. ഞാൻ ജനാലകൾക്കപ്പുറത്ത് കോരിച്ചൊരിയുന്ന മഴയുടെ സംഗീതം വീണ്ടും ആസ്വദിക്കുവാൻ തുടങ്ങി.

 

രണ്ടാമത്തെ പീരീഡിൽ ടീച്ചർ മനുഷ്യന്റെ അവകാശങ്ങളെയും ആവശ്യകതകളെയും പറ്റി പഠിപ്പിച്ചു തുടങ്ങി. അപ്പോഴേക്കും മഴ തെല്ലൊന്ന് ശമിച്ചു തുടങ്ങിയിരുന്നു. മഴയിൽ അഭയം തേടി ഗ്രൗണ്ടിന്റെ ഓരത്തെ വലിയ മരത്തിൽ ചേക്കേറിയ ചെറുകിളികൾ ഭക്ഷണം തേടി പറന്നകലുന്നത് തുറന്നു കിടന്നിരുന്ന ജനാലകൾ എനിക്കു കാട്ടിത്തന്നു. നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ ചങ്ങാതി എന്റെ കാതിലെന്തൊ മന്ത്രിച്ചതുപോലെ എനിക്കു തോന്നി. എന്റെ ശ്രദ്ധ ജനാലകൾക്കപ്പുറത്തു നിന്നും തെന്നി മാറി. പതിയെ എന്റെ കാതുകൾ അവനിലേക്ക്‌ ഞാൻ അടുപ്പിച്ചു. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

"എനിക്കു വിശക്കുന്നു" 

 

'ഈ സമയത്തൊ?' എന്ന എന്റെ സംശയത്തിനുള്ള മറുപടിക്കായി ഞാൻ വീണ്ടും എന്റെ കാതുകൾ അവനിലേക്കടുപ്പിച്ചു. രണ്ടാമത്തെ പീരീഡിന്റെ പകുതിയിൽ എത്തിയിട്ടെ ഉണ്ടായിരുന്നുള്ളു അപ്പോൾ.

 

"രാവിലെ ഒന്നും കഴിച്ചിട്ടില്ല. മഴകാരണം രണ്ടു ദിവസമായി അമ്മ പണിക്കുപോയിട്ട്."

 

എന്തുചെയ്യണം എന്നറിയാതെ ഞാൻ ചുറ്റും നോക്കി. എല്ലാ കുട്ടികളും ക്ലാസ്സിൽ മുഴുകി ഇരിക്കുകയാണ്. പുറത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. മഴയുടെ മറ്റൊരു മുഖമപ്പോൾ എന്റെ മുന്നിൽ തെളിയുകയായിരുന്നു. എന്റെ ചങ്ങാതിക്ക് ആഹാരം നിഷേധിച്ച മഴയുടെ മുഖം. ഞാൻ അവനെ വീണ്ടും നോക്കി. അവൻ അപ്പോഴും തന്റെ വലതുകൈയ്യിലെ പെരുവിരൽ നുകരുന്നുണ്ടായിരുന്നു. അത് അവന്റെ വിശപ്പിനെ വിളിച്ചറിയിക്കുകയായിരുന്നൊ എന്ന് എനിക്കിപ്പോൾ തോന്നുന്നു. എന്തൊ എഴുതുവാനായി ടീച്ചർ ബോർഡിലേക്കു തിരിഞ്ഞു. ഞാൻ പതിയെ എന്റെ ബാഗു തുറന്ന് ചോറുപാത്രം വെളിയിലെടുത്തു. ശബ്ദമുണ്ടാക്കാതെ, സൂക്ഷമതയോടെ ഞാനെന്റെ ചോറുപാത്രം തുറന്നു, എന്നിട്ട് അവന്റെ നേരെ നീട്ടി. ചോറുപാത്രത്തിൽ ഉണ്ടായിരുന്ന ഒരു പൊരിച്ച മുട്ട അവൻ ക്ഷണനേരം കൊണ്ട് എടുത്ത് നാലായി മടക്കി വായ്ക്കുള്ളിലാക്കി. ഞാനവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ചോറുപാത്രം പതിയെ അടച്ചു ബാഗിലേക്കു വെക്കുവാനൊരുങ്ങി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് .

 

" സ്റ്റാൻഡ് അപ്പ് "  ടീച്ചറിന്റെ ഉത്തരവ്.

 

അതെ, അത് ഞങ്ങളിരുവരോടും തന്നെ ആയിരുന്നു. ഞങ്ങൾ പതിയെ എഴുന്നേറ്റു. അവൻ എഴുന്നേൽക്കുന്നതിനിടയിൽ ധൃതിപ്പെട്ട് മുട്ട വായിൽനിന്നും വയറിനുള്ളിൽ എത്തിച്ചു. തെല്ലൊരാശ്വാസം. കൈയ്യോടെ പിടിക്കപ്പെട്ട കുറ്റവാളികളെപ്പോലെ ഞങ്ങൾ തലകുനിച്ചു നിന്നു. വിചാരണ ഒന്നുമുണ്ടായിരുന്നില്ല. ' ഇനി മേലിൽ ഈ തെറ്റ് ആവർത്തിക്കരുത് ' എന്ന താക്കീതിനൊപ്പം സ്കൂളിൽ നിന്നും ഏതൊരു കുറ്റവാളിക്കും കിട്ടാവുന്ന പരമാവധി ശിക്ഷയായ ചൂരൽ പ്രഹരവും ഏറ്റുവാങ്ങി ഞങ്ങൾ പതിയെ ഇരുന്നു. ഒരു വലിയ കാറ്റുവന്ന് തുറന്നു കിടന്നിരുന്ന ജനാലകൾ ഒരു ഇടി മുഴങ്ങുന്ന ശബ്ദത്തോടെ അടച്ചു. അതുവരെ തൊട്ടടുത്തുണ്ടായിരുന്ന മഴ എന്നിൽനിന്നും വളരെ അകന്നു പോയതുപോലെ എനിക്കു തോന്നി. ടീച്ചർ ക്ലാസ് തുടർന്നു. കുട്ടികളുടെ ശ്രദ്ധ ഞങ്ങളിൽനിന്നും തിരിഞ്ഞ് ടീച്ചറിലേക്ക് എത്തി.

 

"അപ്പോൾ ഒന്നുകൂടി പറയൂ, നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ എന്തൊക്കെയാണ്?"

 

ടീച്ചറിന്റെ ചോദ്യത്തിനുള്ള ഉത്തരം ക്ലാസ്സിലെ കുട്ടികൾ എല്ലാവരും ഒരേ സ്വരത്തിൽത്തന്നെ പറഞ്ഞു.

 

"പാർപ്പിടം, വസ്ത്രം, ആഹാരം"

 

കിഴക്കുനിന്നും പടിഞ്ഞാറോട്ടു കുതിച്ച ഒരു കാറ്റ്‌ മഴത്തുള്ളികളെയും ഒപ്പം കൂട്ടി എന്നെ തഴുകി മറഞ്ഞു. ഞാനുണർന്നു. മഴ പതിയെ ശമിക്കുകയായിരുന്നു. മഴ എന്നെയും എന്റെ ഓർമ്മകളെയും ഈ ഒൻപതാം നിലയിലെ ഏകാന്തതയിൽ ഉപേക്ഷിച്ചു പോവുകയാണൊ എന്ന് ഒരു വേള ഞാൻ സംശയിച്ചു. ഇല്ല, ഓർമകളുടെ ചിത കെടുത്താതെ തന്നെയാണ് മഴ മടങ്ങിയത്.

 

അടുത്ത ദിവസവും അമ്മയോടു പറഞ്ഞ്‌ മുട്ട പൊരിച്ചത് ഉണ്ടാക്കിച്ചതും, അത് ചോറുപാത്രത്തിലാക്കി സ്കൂളിൽ കൊണ്ടുപോകുവാനായി ഞാൻ ബാഗിൽ കൊണ്ടുചെന്നു വെച്ചതും, ഇന്നലെ കിട്ടിയ അടിയുടെ വേദനയേക്കാൾ കാഠിന്യം വിശപ്പിനാണ് എന്നറിഞ്ഞിട്ടായിരുന്നൊ എന്ന്  എനിക്കറിയില്ല. പക്ഷെ കുടയും ചൂടി ആ പെരുമഴയത്തേക്ക് ഇറങ്ങുന്നതിനു മുൻപ് ഞാൻ അമ്മയെ നോക്കി.

 

"അമ്മെ, അമ്മക്കറിയാമൊ, ഇന്നലെ അമ്മ തന്നുവിട്ട മുട്ട പൊരിച്ചതിന് എന്തു രുചി ആയിരുന്നുവെന്നൊ....."

 

അമ്മയ്ക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ച് ഞാൻ ആ മഴയിലേക്ക് ഇറങ്ങി നടന്നു.

 

മഴ വീണ്ടും ശക്തി പ്രാപിക്കാൻ തുടങ്ങിയിരുന്നു. ഞാൻ ബഷീറിന്റെ പുസ്തകം പതിയെ തുറന്നു. മെല്ലെ വായിച്ചു തുടങ്ങി.

 

'വൈക്കം മുഹമ്മദ് ബഷീർ'

'വിശപ്പ് '