Skip to main content
Srishti-2022   >>  Short Story - Malayalam   >>  എന്റെ കഥ

Maneesha M Hari

QuEST Global

എന്റെ കഥ

എന്റെ കഥ

ഒരു കാലത്ത് ഞാൻ ശാന്തമായിരുന്നു ... പരിശുദ്ധമായിരുന്നു .... എന്റെ കണ്ണീർ മറ്റുള്ളവർക്ക് ആനന്ദം പകരുന്നത് ഞാൻ ആത്മനിർവൃതിയോടെ നോക്കി നിൽക്കുമായിരുന്നു . എന്റെ രക്തധമനികൾ കളങ്കപ്പെട്ടിരുന്നില്ല ... മലിനപ്പെട്ടിരുന്നില്ല ... എന്റെ ജീവന്റെ നീര് എല്ലാവരും കരുതലോടെ ഉപയോഗിച്ചത് എന്നോ കണ്ട കിനാവുപോലെ തോന്നുന്നു.

                     പിന്നീടെപ്പോഴോ കാലത്തിന്റെ ഒഴുക്കിൽ എല്ലാരുടെയും മുഖങ്ങൾ മാറി... നിനവുകൾ മാറി ... ചെയ്തികൾ മാറി .ഒരു പരിധിയുമില്ലാതെ ഒരു പ്രതിഫല ഇച്ഛയും ഇല്ലാതെ എല്ലാം നൽകിയ എന്നെ അവർ ചൂഷണം ചെയ്തു .എന്റെ രക്തധമനികൾക്കു ക്ഷതം ഏറ്റു . എന്റെ രക്തത്തെ അവർ മലിനമാക്കി ... അത് എന്നെ വല്ലാതെ വേദനിപ്പിച്ചു . വേദനയുടെ നീർകുമിളകൾ കാർമേഘമായ് മാറി .'നിന്റെ  ഓരോ തുള്ളി കണ്ണുനീരും ഞാൻ എന്റെ തുരുത്തുയിൽ സൂക്ഷിക്കും' എന്ന വേദവാക്യം ഞാൻ ഓർത്തുപോയി .

                ഒടുവിൽ ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ വാവിട്ടു കരയാൻ തുടങ്ങി .എന്റെ കണ്ണുനീർത്തുള്ളികൾ ഒരു വലിയ പ്രവാഹമായി മാറി . ആ പ്രവാഹത്തിന് ഇത്രമേൽ ശക്തി ഉണ്ടെന്ന് ഞാൻ പോലും അറിഞ്ഞില്ല . ഇത്രമേൽ നാശം വിതയ്ക്കുമെന്നു ഞാൻ നിനച്ചതേ ഇല്ല .സഹിക്കുവാനുള്ള കഴിവ് എനിക്ക് ഇത്രയേ തമ്പുരാൻ നൽകിയിട്ടുള്ളൂ .എന്റെ ഈ വേദനയെ അവർ എന്റെ പ്രതികാരമായ് ചിത്രീകരിച്ചു .... അതിനു അവർ നൽകിയ പേര് എനിക്ക് ഇഷ്ടപ്പെട്ടു - " ഭൂമിയുടെ പ്രതികാരം " . ഇതെന്റെ പ്രതികാരം അല്ല . അവർ എനിക്ക് എന്താണോ നൽകിയത് അത് ഞാൻ മടക്കി നൽകി , അത്രമാത്രം . കള്ളിമുൾ ചെടി നട്ടിട്ട്  റോസാപുഷ്പം കിട്ടുന്നത് എങ്ങനെ ?

 

           എന്റെ കണ്ണീരിന്റെ ഉഗ്രശക്തിയിൽ പലരുടെയും ജീവൻ പൊലിഞ്ഞതും പലരുടെയും മനസ്സിൽ മായാത്ത മുറിവുകൾ ഉണ്ടായതും എനിക്ക് എന്നും ഒരു വേദന തന്നെ ആണ് . എങ്കിലും മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും   തൊഴിലിന്റെയും പേരിൽ അവർ കെട്ടിപ്പൊക്കിയ മതിൽക്കെട്ടുകൾ എന്റെ കണ്ണുനീരിൽ അലിഞ്ഞുപോയത് എനിക്ക് എന്നും സന്തോഷം തരുന്ന ഓർമയാണ് . ഈ പുണ്യപ്രവൃത്തിയിൽ  എന്നിലെ പാപകറകൾ കഴുകി പോകട്ടെ എന്ന് ഞൻ ആഗ്രഹിക്കുന്നു . അംബരചുംബികളായ മാളികകളും സമ്പത്തും എന്നും സുരക്ഷാ നൽകും എന്ന് വിശ്വസിച്ച പല സ്വാര്ത്ഥര്ക്ക് താൻ വെറും ഒരു സൃഷ്ടി ആണെന്നും മറ്റ് സൃഷ്ടികളെ കരുതണം സഹായിക്കണം എന്ന സന്ദേശം നല്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു .

 

          ഈ പ്രളയത്തിന് ശേഷം അവർ തങ്ങളുടെ അനുഭവങ്ങൾ കവിതകളും കഥകളും ആക്കാനുള്ള തിടുക്കത്തിലാണ് .എന്റെ അനുഭവവും ഞാൻ എന്റെ ജീവിതത്തിന്റെ പുസ്തകത്താളുകളിൽ രചിക്കട്ടെ . പ്രളയത്തിന്റെ താളുകൾ രചിക്കാൻ ഞാൻ ഇനി ആഗ്രഹിക്കുന്നില്ല . എങ്കിലും അവർ എന്നോട് ആക്രോശിച്ചാൽ പ്രളയത്താളുകൾ  രചിക്കാൻ ഞാൻ ഇനിയും നിര്ബന്ധയാകും .

      ചിലരെങ്കിലും എന്നെ ഇനി കരുത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു . അവർ നൽകുന്ന സ്നേഹത്തിനും കരുതലിനും ആയിരം മടങ്ങു മടക്കി നൽകാൻ എനിക്ക് കഴിയും . ആ സ്നേഹവും കരുതലും ഞാൻ ആഗ്രഹിക്കുന്നു . വസന്തവും ഗ്രീഷ്മവും ഹേമന്തവും ശിശിരവും നിറഞ്ഞു നിൽക്കുന്ന എനെറെ ജീവിത അധ്യായത്തിൽ വീണ്ടും ഒരു പ്രളയകാലം  കാലം രചിക്കാതിരിക്കട്ടെ ..