Skip to main content
Srishti-2022   >>  Poem - Malayalam   >>  ഏലസ്സ്

ഏലസ്സ്

മരണം വിധിയെഴുതപ്പെട്ടിട്ടും,

കണക്കെടുപ്പുകാരന്റെ കണ്ണു വെട്ടിച്ച്

നില നിന്നു പോയൊരു ജന്മമായിരുന്നു ഞാൻ.

ഉള്ളു നീറിപ്പിടയുമ്പോഴും

കാരണം തിരിയാതെ പൊട്ടിക്കരഞ്ഞിരുന്നു ഞാൻ.

ഇവിടം എന്നിൽ നിന്നെത്രയോ

അകലെയാണെന്നു സ്വയം പഴി പറഞ്ഞിരുന്നു ഞാൻ.

'കണ്ണു പെട്ടു എന്റെ കുഞ്ഞിന്!'

എന്നോതി മൂവട്ടം ഉഴിഞ്ഞു കളഞ്ഞൊരു

മുത്തശ്ശിയുണ്ടിന്നും ഓർമകളിലെവിടെയോ.

മനസ്സു വേർപെട്ടു പോയൊരു

മരവിച്ച ഹൃദയത്തിന്റെ മിടിപ്പ്

എനിക്ക് ഉയർന്നു കേൾക്കാമായിരുന്നു.

ഭയമായിരുന്നു എനിക്ക്..

എന്നിലെ എന്നെ തുറന്നു കാട്ടുവാൻ.

ശ്വാസം മുട്ടി പിടയുന്ന എന്റെ മാറിൽ

ഏലസ്സുകൾ കോർത്തിട്ട് 

ആറിത്തണുക്കുന്നതും കാത്തിരുന്നു അവർ.

ഇന്നീ ആറടി മണ്ണിനടിയിൽ 

സ്വസ്ഥമായി ഉറങ്ങുമ്പോഴും

എനിക്കവരോടു വിളിച്ചു പറയണമെന്നുണ്ടായിരുന്നു,

വിഷാദരോഗത്തിനു രക്ഷകൾ മരുന്നാകില്ലെന്നു!