Skip to main content
Srishti-2022   >>  Poem - Malayalam   >>  കരതൻ വിലാപം

VIJIN RAJ T S

UST Global

കരതൻ വിലാപം

ഓളങ്ങൾ തഴുകും ആഴിയിൽ നിൻ -
മുഖം തേടി ഞാനിരിപ്പു എൻ പ്രണയമേ 
നീ എൻ ചാരെ നിന്നനേരമെല്ലാമെൻ ഓർമ്മയിൽ 
നിന്നകലുന്ന നേരം ഞാൻ ഏകനായ് ഈ ഭൂവിൽ 

ഓരോതവണയും പ്രതീക്ഷ തന്നു നീ -
കരം വിട്ടുപോകുമ്പോഴെന്നിലുണ്ടാകുന്ന  
ഗദ്ഗദവും നിന്നിലുണ്ടാകുന്ന ഇരമ്പലും 
താതനാം സൂര്യനെല്ലാമൊരു ഹാസ്യാനുഭൂതി 

ഹിമകിരണമെല്ലാമെൻ മിഴിനീരായ് മാറവേ-
നീമാത്രമെന്നിൽ നിന്നകലുന്നതെന്തിനോ 
സൂര്യനാൽ തഴുകുന്ന കടലിനറിയില്ല കരതൻ 
ഹൃദയതാളിലെഴുതിയ വിരഹനൊമ്പരം 

അശ്വാരൂഡങ്ങളിലേറി യാത്രചെയ്ത നിമിഷങ്ങളും 
സ്വപ്നച്ചിറകിലേറി പാറിനടന്ന ദിനങ്ങളും 
അഴലിന്റെ ചിതയിൽ നിന്നെരിയുന്ന സ്വപ്നം 
ചാരമായ് അലിയുന്നെന്നിലൊരു ഹിമമായ് 

താതനാം അർക്കൻ നിൻ കരം 
ചന്ദ്രനിൽ ഏകും ദിനം തൊട്ടു നാം 
നെയ്തെടുത്ത സ്വപ്നകൊട്ടാരമെല്ലാമെൻ 
തീച്ചൂളയിൽ എരിയുന്ന കടലാസ് രൂപങ്ങൾ 

പകൽ നിൻ കാവലായ് സൂര്യനിരുന്നാലും സന്ധ്യമയങ്ങും 
നേരം നിൻ മേനിതഴുകും പതിയാം ചന്ദ്രനിരുന്നാലും 
മമ ഹൃത്തിൽ അലതല്ലും നിൻ ഓളങ്ങൾ കാലമാം 
കെടുതിയിലെരിയാതിരിക്കാൻ സ്വ കാക്കുക നീ...