Skip to main content
Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാരസ്വാതന്ത്ര്യം

Akhil Ponnappan

Navigant India Pvt Ltd

കലാസൃഷ്ടികളിലെ ആവിഷ്കാരസ്വാതന്ത്ര്യം

മനുഷ്യ സമൂഹത്തിൽ  കലയുടെയും കലാകാരന്റെയും പ്രാധാന്യമെന്താണ്?  അതുമല്ലെങ്കിൽ ആവശ്യകത എന്താണ്?  ഡോക്ടർമാർ, എഞ്ചിനീയർമാർ,  കൃഷിക്കാർ, ശാസ്ത്രജ്ഞർ   അങ്ങനെ  നീളുന്ന എല്ലാ വിഭാഗക്കാർക്കും അവരിൽ  അധിഷ്ഠിതമായ ധർമ്മം എന്താണെന്നു  വ്യക്തമായി വിശദീകരിക്കുവാൻ സാധിക്കും. സമൂഹത്തിൽ  അവർക്കുള്ള സ്ഥാനം,  അവരുടെ കർമ്മം എന്താണെന്നു  വിശദീകരിക്കുവാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്. എന്താണ് കലാകാരന്റെ ധർമ്മം? അവന്  സമൂഹത്തിൽ ചെയ്യുവാൻ  ഉള്ളത് എന്താണ്? വളരെ എളുപ്പത്തിൽ വിശദീകരിക്കാൻ കഴിയുന്ന ഒന്നല്ല അത്.  മനുഷ്യരെ ഒരുമിച്ചു നിർത്തുക എന്നുള്ളത്  തന്നെയാവണം  കലയുടെയും,   കലാകാരന്റെയും ധർമ്മം. അതും നന്മയിലൂടെ തന്നെ ആവണം. ആവിഷ്കാരം എന്നത് കലാകാരന്റെ അവകാശം ആണ് അതിനുള്ള അയാളുടെ സ്വാതന്ത്ര്യം ആരാലും നിഷേധിക്കപ്പെടേണ്ട ഒന്നല്ല.

                  ഇപ്പോഴുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ നല്ലരീതിയിൽ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഒരിക്കലും അധികാരത്തിൽ ഇരിക്കുന്നവരുടെ സ്തുതി പാടകർ ആകേണ്ടവരല്ല കലാകാരൻമാർ. പണ്ട് രാജഭരണകാലം മുതൽക്കേ കണ്ടു പോരുന്ന ഒരു കാര്യം തന്നെയാണിത്. തെറ്റെങ്കിൽ തെറ്റ് ചൂണ്ടിക്കാട്ടി സമൂഹത്തെ നന്മയിലേക്ക് നയിക്കേണ്ടവർ തന്നെയാണ് അവർ. കലാകാരനേയും അയാളുടെ കലാസൃഷ്ടികളേയും  ഭയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ ധാരാളമായി നടക്കുന്ന ഒരു സമയമാണിത്. തെറ്റിനെ ചൂണ്ടിക്കാണിക്കുവാനുള്ള  കലാകാരന്റെ ധർമ്മത്തെ തന്നെയാണ് ഇങ്ങനുള്ള ഇടപെടലുകൾ ഇല്ലാതാക്കുന്നത്. രാഷ്ട്രീയ അടിമത്വം മൂലം ശബ്ദിക്കേണ്ടിടത്തു ശബ്ദിക്കാതിരിക്കുന്നതും കലാകാരന്റെ പരാജയം തന്നെയാണ്.

                 സാമൂഹിക മാധ്യമങ്ങളുടെ ദുർവിനിയോഗം കലാസൃഷ്ടികളെ നല്ലരീതിയിൽ തളർത്തുന്ന  ഒരു സാഹചര്യം ആണ് ഇന്നുള്ളത്. എത്ര മഹാനായ കലാകാരന്റെ കലാസൃഷ്ടി ആണെങ്കിലും അതിനെ പറ്റി അഭിപ്രായം രേഖപ്പെടുത്തുക എന്നുള്ളത് ഏതൊരു സാധാരണക്കാരനും വളരെ എളുപ്പം സാധിക്കുന്ന കാര്യമാണ്. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും ധാരാളമുണ്ട്. ഇഷ്ടപ്പെട്ട കലാസൃഷ്ടിയോടുള്ള ആദരവും, പ്രോത്സാഹനവും മറ്റുള്ളവർ കാൺകേതന്നെ പ്രകടിപ്പിക്കുവാൻ സാധിക്കുന്നതിന്റെ സംതൃപ്തി ഏതൊരു കലാ ആസ്വാദകനും സന്തോഷം നൽകുന്ന ഒന്ന് തന്നെയാണ്. മറുവശത്തു മഹത്തായ കലാസൃഷ്ടി ആണെങ്കിലും, അല്ലെങ്കിലും അതിനെ വിമർശിക്കുക എന്നുള്ളതാണ്. ഇതിൽ തന്നെ രണ്ട് തരം വിമർശനങ്ങൾ ആണ് കണ്ട് വരുന്നത്. കലാസൃഷ്ടിയെ മനസിലാക്കി, അതിലെ പോരായ്മകളെ ചൂണ്ടിക്കാട്ടി വസ്തുനിഷ്ടമായി അതിനെ വിമർശിക്കുക. ഇങ്ങനുള്ള വിമർശനങ്ങളെ ഒരിക്കലും തള്ളിക്കളയുവാൻ സാധിക്കില്ല. അത് ഒരിക്കലും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നുമില്ല. പ്രസ്തുത കലാസൃഷ്ടിയെ മനസിലാക്കി, പഠനം നടത്തി ചെയ്യുന്ന ഇതുപോലുള്ള വിമർശനങ്ങൾ കലാകാരനെ തന്റെ സൃഷ്ടികളിൽ കൂടുതൽ ശ്രദ്ധചെലുത്തുവാൻ ഉപകരിക്കും എന്നതിൽ സംശയമില്ല. രണ്ടാമത്തേത് കലാസൃഷ്ടിയെ പൂർണമായും മനസിലാക്കാതെ അതിനെ നിഷ്കരുണം വിമർശിക്കുക എന്നുള്ളതാണ്. തന്റെ കാഴ്ച്ചപ്പാടുകൾക്കു ദഹിക്കാത്ത സൃഷ്ടികൾ ആവാം അത്. കാഴ്ചപ്പാടുകൾ എന്ന് പറയുമ്പോൾ അതിൽ രാഷ്ട്രീയ ചിന്തകൾ, മതപരമായ കീഴ്‌വഴക്കങ്ങൾ, ജീവിതശൈലികൾ അങ്ങനെ പലതും കടന്ന് വരാം. ഇങ്ങനുള്ള പ്രതികരണങ്ങൾ പലപ്പോഴും വികാരപരമായതുതന്നെയായിരിക്കും. പല കമന്റ്‌ ബോക്സുകളിലും അസഭ്യ വർഷം തന്നെ കാണുവാൻ സാധിക്കും. അത് ഇന്നിന്റെ ഒരു രീതിയായി മാറിക്കഴിഞ്ഞു. എത്ര വലിയ കലാകാരൻ ആയാലും അയാളെ അസഭ്യം പറയുവാനുള്ള സ്വാതന്ത്ര്യം ആണ് സമൂഹമാധ്യമങ്ങൾ ജനങ്ങൾക്കു നൽകിയിരിക്കുന്നത്. ഇത് തീർച്ചയായും കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ഖണ്ഡിക്കുന്നതും, ആസ്വാദകന്റെ അല്ലെങ്കിൽ കപട ആസ്വാദകന്റെ അനാവശ്യ  സ്വാതന്ത്ര്യത്തെ വളർത്തുന്നതും ആയ കാര്യമാണ്.

               ചതിയനായ ചന്തുവിനെ മലയാളിയുടെ വീരനായകനാക്കി ആവിഷ്കാരസ്വാതന്ത്ര്യത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചു കാണിച്ചു തന്നു എം ടി എന്ന മഹാനായ എഴുത്തുകാരൻ. അന്ന് മുതൽ ചന്തു മലയാളിയുടെ നായകൻ ആണ്. ആവിഷ്കരണത്തിലെ ഈ വ്യത്യസ്തത ജനങ്ങൾ മനസ്സറിഞ്ഞു  സ്വീകരിക്കുകയും ചെയ്തു. ഇത് സംഭവിച്ചത് ഇന്നെങ്കിൽ  ചെറിയൊരു വിഭാഗം ആളുകളെങ്കിലും വിമർശനങ്ങളുമായി എത്തിയേക്കാം. അത് ഇന്നിന്റെ ഒരു ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. മഹത്തായ സൃഷ്ടികളെ വിമർശിക്കുമ്പോൾ തങ്ങൾ അതിലും മഹാന്മാരായി എന്നുള്ള തെറ്റിദ്ധാരണ കൊണ്ടാവാം. അതുമല്ലെങ്കിൽ ഭൂരിഭാഗം ആളുകളും നല്ലതെന്നു പറയുന്നതിനെ വിമർശിച്ചുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടിയും ആവാം. വിമർശനം എന്നത് കലാകാരന് അർഹിക്കുന്ന ബഹുമാനം കൊടുത്തുകൊണ്ട് തന്നെ രേഖപ്പെടുത്തണം എന്നുള്ള ഔചിത്യബോധം നഷ്ടപ്പെട്ടു വരുന്നതും കാണുന്നുണ്ട്. 

                       മറ്റൊരു വശം നോക്കുകയാണെങ്കിൽ ആവിഷ്കാരസ്വാതന്ത്ര്യം എന്നത് അതിരു കടക്കേണ്ട ഒന്നല്ല. കലാകാരന് നിയന്ത്രണമില്ലാതെ എന്തും വിളിച്ചു കൂവുവാനുള്ള സ്വാതന്ത്ര്യം ആവരുത് ആവിഷ്കാരസ്വാതന്ത്ര്യം എന്നത്. പൊതു സ്ഥലത്ത് അസഭ്യം പറയുന്നത് പോലെ ആകരുത് ഒരിക്കലും കലാസൃഷ്ടികൾ. അതുപോലെ തന്നെ കലാകാരന് മാത്രം ദഹിക്കുന്നതും, ആസ്വദിക്കാൻ സാധിക്കുന്നതും മാത്രമായ കലാസൃഷ്ടികൾ ഒരിക്കലും പൂർണതയുള്ള സൃഷ്ടികൾ എന്ന് പറയുവാൻ സാധിക്കില്ല. അത് ആസ്വാദകന്റെ മനസുമായി സംവേദിക്കുമ്പോൾ മാത്രമേ പൂർണ്ണത  കൈവരിക്കൂ. അങ്ങനെ വരുമ്പോൾ ഇവിടെ കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പ്രേക്ഷകന്റെ ആസ്വാദനവും. നന്മയിൽ മാത്രം അധിഷ്ഠിതമായിരിക്കണം കലാസൃഷ്ടികൾ എന്ന് വാശി പിടിക്കുവാനും ആസ്വാദകന് ഒരിക്കലും സാധിക്കില്ല. നന്മയും തിന്മയും ഒരുപോലുള്ള ഈ കാലഘട്ടത്തിൽ കലാസൃഷ്ടികളിൽ ഇത് രണ്ടും കയറി വരിക തന്നെ ചെയ്യണം. എന്നിരുന്നാലും ഒരു കഥാകൃത്ത്‌ പറയുന്നത് ദുഷ്ടന്റെ കഥയെങ്കിൽ, ആ ദുഷ്ടനെ പോലെ ആകരുത് ഒരിക്കലും നമ്മൾ എന്ന ഒരു സന്ദേശം അതിൽ ഉണ്ടാവണം. അത് തന്നെയാണ് കലാകാരന്റെ സാമൂഹികപ്രതിബദ്ധത. കരയിപ്പിക്കുന്ന,  അല്ലെങ്കിൽ സങ്കടം നിറഞ്ഞ ഒരു കഥയാണ് പറയുന്നതെങ്കിൽ, മനുഷ്യമനസ്സിലെ സ്നേഹം, കരുണ, സഹാനുഭൂതി മുതലായ വികാരങ്ങളെ ഉണർത്തിഎടുക്കുന്നത് തന്നെയാവണം അത്.

              ആവിഷ്കാരസ്വാതന്ത്ര്യം എന്നത് കലാകാരന്റെ അവകാശമാണെങ്കിൽക്കൂടിയും ആ ഒരു സ്വാതന്ത്ര്യത്തിന് അച്ചടക്കത്തിന്റെ അതിർവരമ്പ് കൂടി ആവശ്യമാണ്. അങ്ങനെങ്കിൽ ഒരു ആസ്വാദകന് നെറ്റി ചുളിക്കാതെ തന്നെ അത് ആസ്വദിക്കുവാൻ സാധിക്കും. സാമൂഹികപ്രതിബദ്ധ ഉള്ളതും, സ്വാതന്ത്ര്യത്തെ ഹനിക്കാത്തതും, അതോടൊപ്പം അതിർവരമ്പുകളെ ഭേദിക്കാത്തതും, അനാവശ്യ ചർച്ചകൾക്കു സ്ഥാനമില്ലാത്തതുമായ നല്ല നല്ല സൃഷ്ടികൾ വീണ്ടും വീണ്ടും ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.