Skip to main content
Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

Lakshmi M Das

Allianz

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

"എപ്പോൾ കലാകാരന്റെ സർഗ്ഗശേഷിക്കുമേൽ ബാഹ്യശക്തികൾ ആധിപത്യം നേടുന്നുവോ

  അപ്പോൾ അവനിലെ കല വെറും പ്രചാരണം മാത്രമായ് ഒതുങ്ങുന്നു "     - സീവ് എന്ഗേൽമയെർ 

 

ചരിത്രാതീത കാലം മുതൽ സമൂഹത്തിന്റെ പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങളുടേയും അധികാര ബന്ധങ്ങളുടേയും സ്ഥാപനവത്കരണത്തിനുള്ള ജനപ്രിയ മാധ്യമമായാണ് കലയെ  കണക്കാക്കുന്നത് . കലയെ ഒരു കാലഘട്ടത്തിന്റെ പ്രതിച്ഛായ എന്നോ പരിച്ഛേദനമെന്നോ വിശേഷിപ്പിക്കുന്നത് കൊണ്ട് തന്നെ സമൂഹത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ അതിനുള്ള പങ്കു വളരെ വലുതാണ് . ലോകത്തെ മാറ്റിമറിച്ച പല വിപ്ലവങ്ങളിലും ഒരു സുപ്രധാന ആയുധം കലയിലൂടെ സംവദിച്ച ആശയങ്ങൾ ആയിരുന്നു.നവോത്ഥാനപരമായ ആശയങ്ങൾക്ക് ജനഹൃദയങ്ങളിലേക്കു സുഗമമായി കടന്നു ചെല്ലാൻ കല ഒരുക്കുന്ന തന്മയത്വമാർന്ന അന്തരീക്ഷം ഏറെ സഹായകമായി .ആസ്വാദക  ഹൃദയങ്ങളിലേക്ക് ആശയങ്ങൾ  ആഴത്തിൽ പതിപ്പിക്കാൻ  ഉള്ള കലയുടെ  അനതിസാധാരണമായ പ്രാപ്തി കൊണ്ട് തന്നെ , പലപ്പോഴും കലാകാരന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിന് ഭരണകൂടങ്ങൾ ഭയപ്പെട്ടിരുന്നു .രാജഭരണകാലം മുതൽക്കു തന്നെ ഇതിനു ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും .

സർഗ്ഗശേഷിക്കു കൈവിലങ്ങുകൾ തീർത്ത ചരിത്രം

1945 il സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തിനു എതിരെ ശബ്ദം ഉയർത്താൻ ധൈര്യപ്പെട്ട റഷ്യൻ നോവലിസ്റ്റ് അലക്സൻഡർ സോൽഹെനിസ്റ്റിനെ (നോബെൽ പുരസ്കാര ജേതാവ് ) വര്ഷങ്ങളോളം നീണ്ട ലേബർ ക്യാമ്പുകളിലെ പീഡനത്തിന് ശേഷം നാടുകടത്തുകയുണ്ടായി.നാസി ഗവണ്മെന്റ് നിരവധി അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾ 'ജർമൻ വികാരത്തെ അധിക്ഷേപിച്ചു ' എന്ന പേരിൽ നിരോധിച്ചു .'വെർണകുലർ പ്രസ് ആക്ട് ' എന്ന പേരിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ ശബ്ദിച്ച പത്രങ്ങളെയും ലേഖനങ്ങളേം വെളിച്ചം കാണാൻ അനുവദിക്കാതിരുന്ന ചരിത്രം നമുക്ക് അറിയാവുന്നതു ആണ്.

ഇത്തരത്തിൽ ഭരണകൂടങ്ങൾക്കും സ്വേച്ഛാധിപതികൾക്കും എതിരായി ആശയങ്ങൾ പ്രകടിപ്പിച്ച കലാ സൃഷ്ടികളും അവയുടെ ഉപജ്ഞാതാതകളും  എക്കാലത്തും ക്രൂശിക്കപ്പെട്ടിരുന്നു എന്ന് വേണം മനസിലാക്കാൻ .സമാനമായ സംഭവങ്ങൾ  അന്നും ഇന്നും നമുക്ക് ചുറ്റും കാണുവാൻ സാധിക്കും.അവയിലേക്ക് ഒന്ന് കടന്നു ചെല്ലാം 

 

ആവിഷ്കാര സ്വാതന്ത്ര്യത്തിന്ടെ നിയമവശങ്ങൾ 

60 ഓളം രാജ്യങ്ങളിൽ  ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകൾ വ്യക്തമാക്കുന്ന നിയമങ്ങൾ നിലവിലുണ്ട് .സംഗീതം,സാഹിത്യം,സിനിമ ,ചിത്രകല  എന്നിങ്ങനെ ഒട്ടുമിക്ക കലകൾക്കും ഈ നിയന്ത്രണം ബാധകമാണ്.ലോകത്തുടനീളം സർഗ്ഗശേഷിക്കു ചട്ടക്കൂടുകളും കാൽ ചങ്ങലകളും നൽകി നിയന്ത്രിക്കാൻ ഇന്നും ശ്രമങ്ങൾ നടക്കുന്നു.ക്യൂബ യിൽ ഏതു കലാസൃഷ്ടിയുടെ പ്രസിദ്ധീകരണത്തിനു മുൻപ് ഗോവെർന്മെന്റിന്റെ അനുമതി വാങ്ങണം എന്നു പ്രതിപാദിക്കുന്ന 'ഡെക്രീ 349 ' നിലവിൽ വന്നത്  2019 ഇൽ ആണ്.

കലാകാരന്മാരുടെ സംരക്ഷണത്തിനായി രൂപീകരിച്ച ആഗോള സംഘടനയായ freemuse ഇന്ടെ കണക്കുകൾ പ്രകാരം 2018 ഇൽ മാത്രം, 80 രാജ്യങ്ങളലായി 635 കേസുകൾ ആണ് ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപെട്ടു ഉണ്ടായിട്ടുള്ളത്. ഇതിൽ 4 കൊലപാതകങ്ങളും (പാകിസ്താനി ഗായികയായ സുമ്പുൾ ഖാൻന്റേത് ഉൾപ്പടെ ), 97 നാടുകടത്തലുകളും, 14 മാരകമായ അക്രമങ്ങളും ഉൾപ്പെടുന്നു. ഇതിൽ മിക്കതും ഭരണകൂടങ്ങളുടെ പ്രേരണയാലും മൗനാനുവാദത്തോടെയും ഉള്ളതാണെന്നുള്ളതാണ് ഭയാനകമായ യാഥാർഥ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണകർത്താക്കൾക്ക് എതിരെ ശബ്ദിച്ച പത്ര പ്രവർത്തകക്ക് ഉണ്ടായ ദാരുണാന്ത്യം ആശങ്കങ്ങൾ സൃഷ്ടിച്ചു. 

ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 19  പ്രകാരം ഒരു ഇന്ത്യൻ പൗരന് ആവിഷ്കാര സ്വാതന്ത്ര്യം  ഉറപ്പു വരുത്തുന്നുണ്ട് .രാജ്യരക്ഷ,തീവ്രവാദ പ്രചാരണം ,അധിക്ഷേപിക്കൽ മുതലായ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ അവകാശത്തിനു പരിമിതി ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ പലപ്പോഴും ഈ സാഹചര്യങ്ങളെ വളച്ചൊടിച്ചു ,കലാകാരന്റെ സൃഷ്ടിയെ നിരോധിക്കാനോ വികലമാക്കുന്ന തരത്തിൽ വെട്ടി ചുരുക്കാനോ ഉള്ള പ്രവണതയാണ് കാണുന്നത്.ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനു മേലുള്ള കടന്നുകയറ്റം ആയി മാത്രമേ കാണുവാൻ സാധിക്കൂ .

സാഹിത്യ രംഗത്തെ ആവിഷ്കാര സ്വാതന്ത്ര്യ ലംഘനങ്ങൾ  

 ഗ്രീക്ക്  സാഹിത്യകാരൻ കസാന്റ്‌സാകിയുടെ കൃതിയെ അവലംബിച്ചു പിഎം ആന്റണി എഴുതിയ 'ക്രിസ്തുവിന്റെ  ആറാം തിരുമുറിവു ' എന്ന കൃതി ,ക്രിസ്തീയ മത വികാരങ്ങളെ വ്രണപ്പെടുത്തി എന്ന പേരിൽ കേരളത്തിൽ നിരോധിക്കപെടുകയുണ്ടായി .പെരുമാൾ മുരുഗൻ എന്ന തമിഴ് നോവലിസ്റ്റിന്റെ 'സാഹിത്യ ആത്മഹത്യക്കു'  വഴി വച്ചതു അദ്ദേഹത്തിന്റെ കൃതിയിലെ ഹിന്ദു മതത്തെ കുറിച്ചുള്ള തുടർന്നുള്ള പരാമർശങ്ങളും തുടർന്നുണ്ടായ കോലാഹലങ്ങളും ആണല്ലോ.തന്റെ ലജ്ജ എന്ന കൃതിയിലൂടെ മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരിൽ നാടുകടത്തലും വധ ഭീഷണിയും വരെ നേരിട്ട തസ്‌ലീമ നസ്രിൻന്ടെ അവസ്ഥയും നമുക്ക് ഇതോടു ചേർത്ത് വായിക്കാം.'മീശ' എന്ന നോവലും ,'പർദ്ദ ' എന്ന കവിതയും ഈ ശ്രേണിയിൽ പുതിയ അംഗങ്ങൾ ആണ് .

പലപ്പോഴും കലാകാരന്റെ /സാഹിത്യകാരന്റെ കാഴ്ചപ്പാടുകളെ രണ്ടാമതൊരാളുടെ അഭിപ്രായം മാത്രമായി കാണുവാനുള്ള പക്കുവത  സമൂഹം കാണിക്കുന്നില്ല എന്നത് തീർത്തും  നിരാശ ജനകമാണ് .ആസ്വാദകന് തനിക്കു ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു ആസ്വദിക്കാനുള്ള പൂർണ സ്വാതന്ത്ര്യം നിലനിൽക്കെ ,സ്രഷ്ടാവിന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് പ്രത്യക്ഷത്തിൽ ന്യായീകരണം ഒന്നും ഉള്ളതായി തോന്നുന്നില്ല.

 

ചലച്ചിത്ര മേഖലയിലെ നിയന്ത്രണങ്ങളും നിരോധനങ്ങളും

ആധുനികതയുടെ അവസാന വാക്കായി നാം കാണുന്ന അമേരിക്കൻ ചലച്ചിത്രങ്ങൾക്കു  പോലും ഒരു കാലത്തു ഹെയ്‌സ് നിയമങ്ങളുടെ ചട്ടക്കൂടിൽ പെട്ട് ശ്വാസം മുട്ടിയിരുന്നു എന്നാണ് ചരിത്രം പറയുന്നത് .ലോകത്തിൽ ഉടനീളം സിനിമകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഈയിടെ ആയി ഇന്ത്യൻ സിനിമകൾ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ വളരെ അധികം നേരിടുന്നതായി നമുക്ക് കാണാൻ സാധിക്കും. ''ഫയർ ', ഉഡ്ഡ്ത്ത പഞ്ചാബ്   ', 'വിശ്വരൂപം , 'പദ്മാവത് ', ' യെഹ് ദിൽ ഹേ മുഷ്കിൽ ', തുടങ്ങി ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് കാണുവാൻ സാധിക്കും

Censor Board എന്നാൽ  സിനിമയിൽ എവിടെയും വെട്ടലും ചുരുക്കലും നടത്താനുള്ള അധികാര കേന്ദ്രമാണെന്നാണ് നമ്മുടെ കാഴ്ചപാട്.പലപ്പോഴും വെട്ടി വിലകാലമാക്കപ്പെട്ട തന്ടെ സൃഷ്ടി മാത്രമാണ് ഒരു സംവിധായകന് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ സാധിക്കുന്നത്. Woodey Allen തന്ടെ ' Blue Jasmine' എന്ന സിനിമയുടെ സ്‌ക്രീനിംഗ് ബഹിഷ്കരിച്ചതു censor board തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കടന്നു കയറുന്നു എന്ന് ആരോപിച്ചാണ്.ചലച്ചിത്രങ്ങളെ നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പകരം അവക്ക് വ്യക്തമായ തരം തിരിവുകൾ നൽകി ,അവ ആസ്വദിക്കാനുള്ള അവകാശം പ്രേക്ഷകന്റെ താല്പര്യത്തിനു വിടുന്നത് ഒരു മാതൃകാ പരമായ രീതിയാണ് .എന്നാൽ ഇന്നത്തെസാഹചര്യത്തിൽ ഇത് ഇന്ത്യയിൽ എത്രത്തോളം പ്രാവർത്തികമാകും എന്ന് തീരുമാനിക്കുന്നത് ആസ്വാദക സമൂഹമാണ്.

സാഹിത്യവും സിനിമയും മാത്രമല്ല ആവിഷ്കാര സ്വാതന്ത്ര്യത്തിനു വെല്ലുവിളി നേരിടുന്ന മേഖലകൾ.കാനായി കുഞ്ഞിരാമന്റെ യക്ഷിയും എം ഫ്  ഹുസൈൻ ന്ടെ ചിത്രവും അടക്കം നിരവധി മേഖലകളിൽ അനവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താനാകും. 

ആസ്വാദകനും കലാകാരനും ഉണ്ടാകേണ്ട തിരിച്ചറിവുകൾ 

1973 ഇൽ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം നേടിയ 'നിർമാല്യം  എന്ന ചിത്രത്തിൽ വിഗ്രഹത്തിലേക്കു കാർഖിച്ചു തുപ്പുന്ന വെളിച്ചപ്പാടിനെ കാണാം. ഇന്നാണ് ആ ചിത്രം പുറത്തിറങ്ങുന്നതെങ്കിൽ(പുറത്തിറങ്ങാൻ ഉള്ള സാധ്യത ഇല്ല ) ഉണ്ടാകുന്ന കോലാഹലങ്ങൾ  ഒന്ന് ചിന്തിച്ചാൽ  മാത്രം  മതി  നമ്മുടെ ചിന്തകൾ എത്ര സങ്കുചിതമായി കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയാൻ.കലയെ കലയായും വിശ്വാസത്തെ വിശ്വമായും കാണാൻ കഴിയാത്ത തക്ക വിധം സ്രഷ്ടാവും ആസ്വാദകനും വളർന്നാൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യം  യാഥാർഥ്യമാകുകയുള്ളു.

ആസ്വാദകന്റെ സങ്കുചിത മനസ്ഥിതിയോടൊപ്പം തന്നെ കണക്കാക്കേണ്ട വിഷയമാണ് സ്രഷ്ടാവിന്റെ സാമൂഹ്യ ബോധവും. തന്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു ഏതെങ്കിലും ഒരു പ്രത്യേക ആശയത്തെ പ്രചരിപ്പിക്കുന്നതിനോ, മറ്റൊന്നിന്നെ താറടിച്ചു കാണിക്കുന്നതിനോ വേണ്ടി ആവരുത് ഒരു കലാകാരൻ തന്റെ സർഗ്ഗശേഷി ഉപയോഗിക്കേണ്ടത്. ഇന്ത്യയെ പോലെ  സങ്കീർണമായ സാമൂഹ്യ വ്യവസ്തിയും ,വ്യത്യസ്തയും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യത്തു അത്യന്താഅപേക്ഷിതമായ നിയന്ത്രണങ്ങൾ, ഏതൊരു മൗലികാവകാശത്തിനും എന്ന പോലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആവശ്ശ്യമാണ് എന്നത്  കലാകാരനും മനസിലാക്കേണ്ട വസ്തുത ആണ് . ഇതു തിരിച്ചറിഞ്ഞു ദേശീയത ,രാജ്യ രക്ഷ മുതലായ മൂല്യങ്ങളിൽ അധിഷ്ഠിതമായുള്ള സ്വാതന്ത്ര്യമാണ് തന്ടെത്  എന്ന തിരിച്ചറിവ് കലാകാരനും ഉണ്ടാകുകയും, ആസ്വാദക മനസ്ഥിതി വിശാലമാകുകയും ചെയ്താൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യത്തിനു അതിന്റെ  പൂർണമായ  അർത്ഥത്തിൽ നിലനിൽക്കാൻ സാധിക്കുകയുള്ളു.