Skip to main content
Srishti-2022   >>  Short Story - Malayalam   >>  കേട്ടെഴുത്ത്

LEVIN SIBI

H&R Block

കേട്ടെഴുത്ത്

കേട്ടെഴുത്ത്

 

ഇരച്ചു വന്നു നിന്ന വാഹനത്തിന്റെ ശബ്ദം വീട്ടുകാരിക്ക് അപായ സൂചന മുഴക്കി.കെട്ടിയോൻ കാറിന്റെ ഡോർ അടച്ച രീതി അവളുടെ നെഞ്ചിടിപ്പ് കൂട്ടി.വാതിൽക്കൽ 'മുഖം കാണിക്കാൻ' നിന്ന ഭാര്യയെ തട്ടി മാറ്റിക്കൊണ്ടയാൾ റൂമിലേക്ക് നടന്നു നീങ്ങി .പിന്നീട് ഗുരുത്വാകർഷണ ശക്തി അനുഭവിച്ചറിയുകയായിരുന്നു കിടപ്പറയിൽ വെച്ചിരുന്ന വസ്ത്രങ്ങളൊന്നൊന്നായി. മഹാപരാധം ചെയ്ത കണക്കെ ഭാര്യ വസ്ത്രങ്ങൾ ഓരോന്നും മുറിയുടെ പല കോണുകളിൽ നിന്നും പെറുക്കി എടുത്തു.

 

"അയ്യായിരം രൂപയുടെ വില നിന്നെയൊക്കെ ഞാൻ അറിയിക്കുന്നുണ്ട് ."

 

ഗർജ്ജനത്തിനു ഇന്നും വല്യ മാറ്റമൊന്നും സംഭവിച്ചിട്ടില്ല .കാശിന്റെ കാര്യവുമ്പോ എല്ലാരും നല്ല വാദ്യർ തന്നെയാ .ഉടയോൻ പറയുന്നത് ഉടനടി ദരിദ്ര വിഭാഗം വിഴുങ്ങിയെ പറ്റൂ .ഈ മാസത്തെ വരവ് ചെലവിൽ വന്ന " അയ്യായിരം രൂപ " എന്ന ചാരനാണ് കുടുംബത്തിലെ ആഭ്യന്തര കലാപത്തിന്റെ മുഖ്യ സൂത്രധാരൻ .ഭാര്യയുടെ അശ്രദ്ധ പതിവുപോലെ ഈ കലാപത്തിന്റെയും ഉത്തവരവാദിത്തം ഏറ്റെടുക്കണമെന്നയാൾ ശഠിച്ചു.എല്ലാം തന്റെ പിഴ എന്ന് സമ്മതിച്ചു കൊടുത്തവണ്ണം നിറകണ്ണുകളോടെ അവൾ അടുക്കളയിൽ അഭയം കണ്ടെത്തി. എല്ലാത്തിന്റെയും പരിണിത ഫലം അനുഭവിക്കാൻ വിധിക്കപെട്ട ' ദുർബല ' വിഭാഗം തന്റെ ഹോംവർക്കിൽ മുഴുകി ഇരുന്നു . കണക്ക്‌ പള്ളിക്കൂടത്തിൽ മാത്രമല്ല വീട്ടിലേം വില്ലനാണെന്നു ആ കുഞ്ഞു തലയിൽ ഓർത്തെടുത്തു . കുളി കഴിഞ്ഞു ഗൃഹനാഥന്റെ രണ്ടാം വരവാണ് .ഇത്തവണ ഉന്നം പുത്രനായിരുന്നു.അച്ഛന്റെ നോട്ടം കൊണ്ടുതന്നെ അവന്റെ പാതി ജീവൻ പോയി.

 

" മര്യാദക്കിരുന്നു പഠിച്ചോണം..ഇല്ലേൽ തള്ളയെ പോലെ മന്ദ ബുദ്ധിയായി ജീവിക്കേണ്ടി വരും ".

 

എന്താ ഈ വിരട്ടൽ ഇത്ര വൈകിയേ എന്നൊരു സംശയം മാത്രം അവന്റെ മുഖത്തു നിഴലിച്ചു .അടുക്കളയിൽ മിന്നൽ പണിമുടക്കിന് വഴിയൊരുങ്ങിയിട്ടുണ്ട് .മേശപ്പുറത്തു ഒരു ഗ്ലാസ് പാൽ കൊണ്ട് വെച്ച ശബ്ദം സ്ഫോടനമെന്നപോലെ അവിടെ മുഴങ്ങി കേട്ടു.പണിമുടക്കിൽ നിന്നും ഹർത്താലിലേക്കുള്ള ദൂരം വിദൂരമായിരുന്നില്ല .ഭാഗ്യം .പതിവുപോലെ പാൽ ഹർത്താലിൽ നിന്നൊഴുവാക്കിയിട്ടുണ്ട് .ഒരു കുഞ്ഞു പുഞ്ചിരി പാലിന്റെ അവകാശിയുടെ മുഖത്തു പെയ്തിറങ്ങി .ബിസ്ക്കറ്റും പാലും തമ്മിലുള്ള പ്രണയ ബന്ധത്തെ നുണഞ്ഞിറക്കി ,എന്നത്തേയുംപോൽ ഇന്നും അവൻ സഫലമാക്കി .അടിയന്തരാവസഥ നിലനിൽക്കുന്നത്കൊണ്ടാകാം ഇന്ന് സീരിയൽ മഴ പെയ്ത് കണ്ടില്ല .'അമ്മക്ക് ഓരോ ദിവസവും എങ്ങനെയുണ്ടായിരുന്നു എന്നറിയാൻ ഏഴുമണിക്കും പത്തുമണിക്കും ഇടയ്ക്കു കൈയിൽ റിമോട്ട് ഉണ്ടോന്നു നോക്കിയാ മതി .'ഓർത്തപ്പോൾ സാഹചര്യത്തിന്റെ ഗൗരവം പാടെ ഇല്ലാതാക്കുന്ന ഒരു ചിരി അവിടെ ഉൽഭവിച്ചു .ചിരി മുഴുമിക്കും മുൻപേ അമ്മ അത് 'നുള്ളി'യെടുത്തു .പിന്നെ പറയാനുണ്ടോ ,കരച്ചിലും മുദ്രാവാക്യങ്ങളും സന്ദർഭം കൊഴുപ്പിച്ചു .

 

എന്തായാലും അതോടെ വീട്ടിലൊരാൾ കൂടെ 'പട്ടി 'ണിയായി.പ്രതീക്ഷകൾ അസ്തമിച്ചു എന്ന് തിരിച്ചറിഞ്ഞത്കൊണ്ടാകണം ,ആളൊന്നു തല പൊക്കി നോക്കിയത് കൂടെ ഇല്ല .കണ്ണടച്ചു ,തല താഴ്ത്തി ,കൂടിന്റെ ഒരറ്റത്തു കക്ഷി ചുരുണ്ടു കൂടി. നുള്ളു കിട്ടിയ വേദനയുടെ രോഷം കൊണ്ടാകണം ഒരാൾ തന്റെ പുസ്തകത്തിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടേ ഇരുന്നു .നേരമേറെ ഇരുട്ടിയിട്ടും അവൻ ഉറങ്ങാൻ താല്പര്യം കാണിച്ചില്ല .ഒരുപാട് നേരത്തെ അധ്വാനമെന്നോളം തെല്ലൊരു നെടുവീർപ്പോടെ അവൻ എഴുത്തു അവസാനിപ്പിച്ചു .കിടപ്പറയിലേക് മുഖം വീർപ്പിച്ചു പോയ കുരുന്നിനെ ആശ്വസിപ്പിക്കാൻ അമ്മ പുറകെ പോയി.

 

'അമ്മ മനസ്സല്ലേ ..അതങ്ങനെ വരൂ' .

 

ഇതൊക്കെ കണ്ടും കേട്ടും ഇരുന്ന ഗൃഹനാഥൻ മകനെഴുതിയ പുസ്തകത്തിനടുത്തേക്കു പാഞ്ഞടുത്തു .എന്താണവൻ കുത്തികുറിച്ചതെന്നറിയാൻ അയാളുടെ വിരലുകൾ വെമ്പൽ കൊണ്ടു്.പുസ്തകത്തിലെ അദ്ധ്യാപിക കൊടുത്ത ശെരി തെറ്റുകളിലൂടെ അയാളുടെ കണ്ണുകൾ ചീറി പാഞ്ഞു .ഒടുവിൽ അവൻ ഇന്ന് കുറിച്ച ഭാഗം അയാൾ കണ്ടെത്തി .യുദ്ധം ജയിച്ച യോദ്ധാവിനെപോലെ അയാൾ ഞെളിഞ്ഞു .ഡയറിയിലെന്നോണം മാസമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത് അയാളെ അത്ഭുതപ്പെടുത്തി .ലാഭം ,നഷ്ടം എന്നീ രണ്ടു കോളം തനതു മാസത്തിനായി വരഞ്ഞിരിക്കുന്നു.നഷ്ടങ്ങളിലെ ഓരോന്നിലേക്കും അയാൾ തന്റെ ചൂണ്ടു വിരലിനെ കൂട്ടിനയച്ചു .'അച്ഛന്റെ നെഞ്ചിൽ തല ചായ്ച്ചുള്ള ഉറക്കം,അമ്മയുടെ സന്തോഷം ,അച്ഛന്റെ പിറന്നാളാഘോഷം ,അച്ഛന്റെ തമാശയും കഥകളും ,അമ്മയുടെ സ്പെഷ്യൽ ഫുഡ് ...',അങ്ങനെ ഒരുപാട്! .ലാഭത്തിന്റെ കോളത്തിലേക്കു നോക്കാൻ അയാൾക്കു തോന്നിയില്ല ,കാരണം അതവനെക്കാളുപരി അയാൾക്കു അറിവുള്ളതായി തോന്നപ്പെട്ടു .

 

താൻ പഠിക്കേണ്ട കണക്കു പുസ്തകമാണ് തന്റെ മകൻ എഴുതിയത് എന്നയാള് തിരിച്ചറിഞ്ഞു .ലാഭത്തിനും നഷ്ടത്തിനുമിടയിൽ ഒരു ജീവിതവും ,അതിനെ മുന്നോട്ടു നയിക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളുമുണ്ടെന്നു അയാൾ മനസ്സിലുറപ്പിച്ചു .

 

"ഇന്നിനെ മറന്നുകൊണ്ടുള്ള നാളെയുടെ കിഴിച്ചു കൂട്ടൽ ആ പുസ്തകത്തോടൊപ്പം അയാൾ മടക്കി വെച്ചു!...