Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഗുല്‍മോഹര്‍

ANURAG UNNIKRISHNAN

GUIDEHOUSE

ഗുല്‍മോഹര്‍

ഗുല്‍മോഹര്‍

സായ് ബ്രോയുടെ കഥകൾ വായിച്ചു കൊണ്ടാണ് അന്നത്തെ എന്റെ ദിവസം തുടങ്ങിയത്…  പ്രണയം ഒക്കെ എത്ര മനോഹരമായിട്ടാണ് ആ വരികളിലൂടെ മനസിലേക്ക് ഒഴുകി എത്തുന്നത്… ഇതൊക്കെ നടന്ന സംഭവങ്ങൾ തന്നെ ആണോ?  ഏയ് ഇങ്ങേരു മാത്രം ട്രെയിനിലും ബസിലും ഒക്കെ യാത്ര ചെയ്യുമ്പോൾ  മിഴിയെ പോലുള്ളവർ വരും, ഞാൻ ഇത്രേം നാൾ തേരാപാരാ യാത്ര ചെയ്തിട്ട് ഒരിക്കൽ പോലും …. . എല്ലാം ക്രീയേറ്റീവിറ്റി  ആകും…  ഇമാജിനേഷൻ…. 

 

ഇതും ആലോചിച്ചു ഇരുന്നാൽ ഇന്നും ഓഫീസിൽ ലേറ്റ് ആകും…. ഇന്നും കൂടി ലേറ്റ് ആയാൽ പിന്നെ അങ്ങോട്ട്‌ ചെല്ലണ്ട എന്നാണ് കല്പന…. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഈ ജോലി എന്ന പ്രതിഭാസത്തിനെതിരെ എന്റെ ചോര തിളച്ചു…  ബൈക്കിന്റെ emi ഓർത്തപ്പോ മാസാ മാസം കിട്ടുന്ന ശമ്പളം ആലോചിച്ചു ഞാൻ എന്നിലെ സഖാവിനെ അടിച്ചമർത്തി…  ലാൽ സലാം… 

 

കയ്യിൽ കിട്ടിയ പാന്റ്സും ഷർട്ടും ഇട്ടു അടിമത്തത്തിന്റെ ചങ്ങലയും കഴുത്തിൽ ഇട്ടു ചാടി ഇറങ്ങിയ എനിക്ക് ബൈക്ക് കണ്ടതും തലയ്ക്കു അടി കിട്ടിയത് പോലെ ആയി…  അവന്റെ പുറകിലത്തെ ടയർ മണ്ണിനോട് അലിഞ്ഞു ചേരാൻ ആത്മാർഥമായി ശ്രെമിച്ചു കൊണ്ടിരിക്കുന്നു….. പംക്ചർ  ഒട്ടിക്കാൻ നിന്നാൽ പണി പോകുമെന്നുളത് കൊണ്ട് ബസ്‌സ്റ്റോപ് ലക്ഷ്യം വയ്ച്ചു ഞാൻ ഓടി … 

 

വിയർത്തു കുളിച്ചു ബസ്റ്റോപ്പിൽ എത്താറായപ്പോൾ ഒരു ബസ് പതിയെ മുന്നോട്ട് എടുക്കുന്നത് ഞാൻ  കണ്ടു …  കോളേജിൽ ഓട്ട മത്സരസത്തിലെ ചാമ്പ്യൻ ആയിരുന്ന  എന്റെ മനസ്സിൽ ബസ്സിനോടും അതിലെ ഡ്രൈവറിനോടും ഒരു ചെറിയ പുച്ഛം ഒക്കെ തോന്നി,  എത്ര എത്ര ബസ് ചാടി കയറിയും ഫുട്‍ബോഡിൽ  തൂങ്ങിയും പോയിരിക്കുന്നു..  ഇന്ന് ആ ഓർമ്മകൾ ഒക്കെ ഒന്ന് പുതുക്കിയിട്ടു തന്നെ കാര്യം… എന്റെ കാലുകളുടെ വേഗം വർധിച്ചു….  മനസ്സിൽ സ്പീഡ് തൊട്ടു,  ചാടി കേറുന്ന ആംഗിൾ വരെ മിന്നി മാഞ്ഞു…. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ ഞാൻ മനസിലാക്കി രണ്ടു വർഷമായി എന്റെ കഴുത്തിൽ കിടക്കുന്ന ID കാർഡ് എനിക്ക് തന്ന സമ്മാനം …. കാലുകൾ തളരുന്നു…  കണ്ണുകളിൽ ഇരുട്ട് കയറുന്നു… ഇല്ല എനിക്ക് അതിൽ കയറിപ്പറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല…. …  ഒരു  നിമിഷം ഞാൻ ബസ് സ്റ്റോപ്പിൽ നിന്നവരെ നോക്കി…  ബസ് കിട്ടാതെ തിരിച്ചു അവരുടെ ഇടയിൽ വന്നു നിൽക്കുന്നതിനെ പറ്റി ആലോചിച്ചപോ എങ്ങനേയും  കയറണം എന്ന ചിന്ത മാത്രം ആയി.. സർവ്വ ശക്തിയും എടുത്തു ഞാൻ ഓടി, ഒരു കയ്യ് ഇടത്തെ കമ്പിയിൽ പിടിച്ചു എന്നു തോന്നിയതും ഞാൻ സർവ്വ ശക്തിയും എടുത്തു ചാടി… ഇടത്തെ കയ്യ് ഉദ്ദേശിച്ചത്  പോലെ പിടി കിട്ടിയില്ല , ഒരു കാലു തറയിൽ മുട്ടി… ബസ്റ്റോപ്പിൽ നിന്ന ഏതോ ചേച്ചിമാരുടെ ചെറിയ നിലവിളി ഞാൻ കേട്ടു…. ആ നിമിഷം ബസിൽ നിന്നും ഒരു കയ്യ് എന്നെ പിടിച്ചു കയറ്റി…. 

 

എവിടുന്നൊക്കെയാടോ രാവിലെ വന്നു കയറുന്നത്…  ഒരു അഭ്യാസം നടത്തി എന്നെ രെക്ഷപെടുത്തേണ്ടി വന്നതിന്റെ നീരസം മൊത്തം ആ കണ്ടക്ടറിന്റെ മുഖത്തുണ്ടായിരുന്നു…  

 

ആ കുറ്റപ്പെടുത്തുന്ന കണ്ണുകളിൽ നിന്നും ഓടി ഒളിക്കാൻ എന്റെ മനസും ശരീരവും ശ്രെമിച്ചു…  കിട്ടിയ വിന്ഡോ സീറ്റിൽ കയറി ഇരുന്നു ഞാൻ എന്റെ മൊബൈലിലെ ഫേസ്ബുക്കിലേക്ക് എന്നെ ഒളിപ്പിച്ചു .. 

 

“എത്ര മനോഹരമായ വരികൾ “ “ഒരുപാടു സ്നേഹം “,  വീണ്ടും വാളിൽ സായ് യുടെ പോസ്റ്റും അതിനുള്ള കമന്റ്സ് ഉം .. ആദ്യമായ് അങ്ങേരോട് എനിക്ക് ദേഷ്യം തോന്നി…  മനുഷ്യൻ ബസ്സിൽ  കയറിയതിന്‍റെ ക്ഷീണം ഇതുവരെ മാറിയില്ല…. 

ഒരു തണുത്ത കാറ്റു എന്നെ എന്റെ ചിന്തയിൽ നിന്നും ഉണർത്തി..  അതിനൊപ്പം എന്റെ മുഖത്തും കണ്ണുകളിലും ആരുടെയോ മുടി ഇഴകൾ വന്നു തഴുകുന്നു…  ഇതൊക്കെ ഇവർക്ക് ഒതുക്കി വയ്ച്ചുകൂടെ…  മനുഷ്യനെ ശല്യപ്പെടുത്താൻ ആയിട്ട്… “ഇതൊക്കെ  ഒന്ന് ഒതുക്കി വൈയ്ച്ചിട്ടു  ഇരുന്നൂടെ” എന്നു ഹാർഷ്  ആയിട്ട് പറയണം എന്നു കരുതിയാണ് ഞാൻ മുഖം ഉയർത്തിയത്…. 

 

ദേഷ്യത്തോടെ നോക്കിയ എന്നെ വരവേറ്റത് മുന്നിൽ ഇരുന്ന പെൺകുട്ടിയുടെ മനോഹരമായ ചിരി ആയിരുന്നു… മുഖം കാണാൻ പറ്റിയില്ലെങ്കിലും അടുത്തിരുന്ന കൂട്ടുകാരിയുടെ തമാശ കേട്ടു മതിമറന്നു ചിരിക്കുന്ന അവളെ കണ്ടപ്പോ എന്റെ മുഖത്തു ഒരു പുഞ്ചിരി വന്നു….  അവളുടെ ആ എല്ലാം മറന്നുള്ള ചിരിയിൽ ഞാൻ അലിഞ്ഞില്ലാതെ ആകുന്നത് പോലെ തോന്നി…. എന്റെ ഫ്രസ്‌ട്രേഷൻസ്  എല്ലാം ഒരു നിമിഷം കൊണ്ട് ഞാൻ മറന്നു….  അവളുടെ മുഖം ഒന്ന് കാണാൻ മനസ്സ്  വല്ലാണ്ട് കൊതിച്ചു…. 

 

കാറ്റത്തു അവളുടെ മുടിയിഴകൾ വീണ്ടും എന്റെ മുഖത്തേക്ക് വന്നു ചുംബിച്ചു…. അവളുടെ കാതിലെ കുഞ്ഞു ജിമിക്കി കാറ്റത്ത്  നൃത്തം  ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കി ഇരുന്നു…. 

 

“എഞ്ചിനീയറിംഗ് കോളേജ്,  ഇറങ്ങേണ്ടവർ വന്നേ… “ വാരണം ആയിരം സ്റ്റൈലിൽ “നെഞ്ചുക്കുൾ പെയ്തിടും ആ മഴൈ “ പാടാൻ റെഡി ആയി ഇരുന്ന എന്നെ കണ്ടക്ടറുടെ ശബ്ദം  ഉണർത്തി…. 

 

അവൾ ഇറങ്ങാനായ് എണീറ്റു… എന്റെ നെഞ്ചിൽ  സ്വന്തമായിരുന്ന എന്തോ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എനിക്ക് അനുഭവപ്പെട്ടു…. അവളുടെ മുഖം ഒന്ന് കാണാൻ ഞാൻ ശ്രെമിച്ചു .. പക്ഷെ ഇരിക്കാനുള്ള സീറ്റിനു അതിലും കൂടുതൽ വില കല്പിച്ച ഒരു ചേച്ചി എന്റെ സ്വപ്നങ്ങൾ തകർത്തു…. അവൾ തിരക്കിനിടയിൽ മറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ഹൃദയത്തിൽ വല്ലാത്ത ഭാരം… ഒരു നിമിഷം ഞാൻ തീരുമാനിച്ചു എനിക്ക് അവളുടെ മുഖം ഒന്ന് കാണണം…. ജോലിയും, emi യും, എല്ലാം എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു….  അവളുടെ ജിമിക്കിയും, ചിരിയും എന്റെ മനസിനെ പിടിച്ചുലയ്ച്ചു …. 

 

“ആളിറങ്ങണം,  ആളിറങ്ങണം “….  എന്റെ ഉച്ചത്തിലുള്ള വിളി കേട്ടു കണ്ടക്ടർ ബെല്ലടിച്ചു…  ഞാൻ ബസിൽ നിന്നും ചാടി ഇറങ്ങി…  ഇവന് ഇത് തന്നെ ആണോ പണി എന്ന രീതിയിൽ നോക്കിയ കണ്ടക്ടറെയും യാത്രക്കാരെയും സൗകര്യപൂർവം ഞാൻ മറന്നു .. എന്റെ കണ്ണുകൾ അവളെ തേടുകയാരുന്നു…. 

 

നല്ല ലെമൺ യെല്ലോ ചുരിദാറിൽ നടന്നകലുന്ന അവളെ ഞാൻ കണ്ടു…. അവളുടെ പുറകെ ഞാൻ നടന്നു …  ഇനി എന്താണെന്നറിയാതെ, എങ്ങോട്ടനെന്നറിയാതെ….  ചുവന്ന ഗുൽമോഹർ പൂക്കൾ പരവതാനി വിരിച്ച കോളേജ് റോഡിലേക്ക് അവൾ കയറി…. ഇളം കാറ്റിൽ ഗുൽമോഹർ പൂക്കൾ അവളുടെ യെല്ലോ ചുരിദാറിലേക്കു വീണപ്പോൾ പ്രകൃതി പോലും അവളുടെ വരവിനെ ആഘോഷിക്കുകയാണെന്നു തോന്നി… 

ഞാൻ അവളുടെ ഒപ്പം എത്താൻ എന്റെ നടത്തത്തിന്റെ വേഗത കൂട്ടാൻ ശ്രെമിച്ചതും എവിടുന്നോ ഒരു കാർ നിയന്ത്രണം തെറ്റി വന്നതും ഒരുമിച്ചായിരുന്നു…  ഒരു സ്വപ്നത്തിൽ എന്നപോലെ അവൾ ഉയർന്നു പൊങ്ങുന്നത് ഞാൻ കണ്ടു ..  എന്റെ ഉള്ളിൽ നിന്നും ശബ്ദം പുറത്തേക് വരാതെ എന്നെ ശ്വാസം മുട്ടിച്ചു….  അവൾ തിരിച്ചു തറയിൽ പതിക്കുമ്പോൾ അവളുടെ യെല്ലോ ചുരിദാറിൽ ചുവന്ന ഗുൽമോഹർ പൂക്കളുടെ വലുപ്പം കൂടുന്നത് ഞാൻ തിരിച്ചറിഞ്ഞു…. എന്റെ മുന്നിൽ അവളുടെ നിശ്ചല ശരീരം വന്നു പതിച്ചു… അവളുടെ മനോഹരമായ ജിമിക്കി ഉരുണ്ടെന്റെ കാലിൽ വന്നു തട്ടി …..  അതിൽ നിന്നും ഒരു തുള്ളി രക്തം തറയിലേക് പതിച്ചു….  സ്തബ്തനായി ഞാൻ അവളുടെ മുഖത്തേക് നോക്കി…. എന്താണ് സംഭവിച്ചത് എന്നറിയാതെ ചുവന്ന ഗുൽമോഹർ പൂക്കളാൽ മൂടപ്പെട്ട അവളുടെ മുഖത്തു നോക്കി ഞാൻ സ്തബ്ധനായി നിന്നു

 

ഒരു നിമിഷത്തിന്റെ ഞെട്ടലിൽ നിന്നും ഞാൻ വേഗം ഉണർന്നു… ആളുകൾ ഓടികൂടുന്നത് ഞാൻ കണ്ടു… ഒന്നും ആലോചിക്കാതെ അവളെ എന്റെ കൈകളിൽ കോരി എടുത്തു ഞാൻ ഓടി… എന്റെ  കാഴ്ച്ച കണ്ണുനീർ കൊണ്ട് അവ്യകത്മായി… റോഡിൽ നിന്നു ഞാൻ വന്ന വണ്ടികൾക്ക് കൈകാണിച്ചു, നിലവിളിച്ചു… പലരും തിടുക്കത്തിൽ ഒരു വയ്യാവേലി രാവിലെ എടുത്തു തലയിൽ വയ്ക്കണ്ട വിചാരിച്ചാകാം ഒഴിഞ്ഞു മാറി പോയി…  

 

എന്തു ചെയ്യണമെന്നറിയാതെ അടുത്ത് വന്ന ഒരു കാറിനു മുന്നിലേക്ക് ചാടി ഞാൻ പ്രാന്തനെ പോലെ അലറി… കാർ വലിയ ശബ്ദത്തോടെ ബ്രേക്കിട്ടു…. നാട്ടുകാർ കൂടി ഇടപെട്ടു അവർ എന്നെയും അവളെയും ആ കാറിൽ കയറ്റി… കാർ മുന്നോട്ട് പാഞ്ഞു… 

 

അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു…. ശ്വാസം എടുക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു… ആ വണ്ടിക്കാരനോട് ഞാൻ വേഗം വിടാൻ ആക്രോശിച്ചു…. അത് ആരാണെന്നോ, അങ്ങേരുടെ അവസ്ഥ എന്താണെന്നോ ഒന്നും ഞാൻ ആലോചിച്ചില്ല…. എന്റെ  മനസ്സിൽ അവളുടെ ശ്വാസഗതി മാത്രമായിരുന്നു… 

 

ഹോസ്പിറ്റലിന്റെ മുന്നിൽ വന്നു നിന്ന കാറിൽ നിന്നും ഞാൻ അവളെയും കൊണ്ട് ചാടി ഇറങ്ങി…. ഇറങ്ങി ഉടനെ തന്നെ ഡ്രൈവർ ഡോർ അടയ്ച്ചു വണ്ടി എടുത്തു ഹോസ്പിറ്റൽ ഗേറ്റ് കടന്നു പോയ്‌… 

 

അറ്റെൻഡർമാർ ഓടി വന്നു അവളെ സ്‌ട്രെച്ചറിലേക് കിടത്തുമ്പോൾ അവൾ എന്റെ  കയ്യിൽ മുറുകെ പിടിച്ചിട്ട് ഉണ്ടായിരുന്നു…. അബോധാവസ്ഥയിലും അവൾ എന്നെ മനസിലാക്കിയിട്ടുണ്ടാകുമോ ….

 

പേഷ്യന്റിന്റെ ആരാ എന്നു ഡോക്ടർ ചോദിച്ചപ്പോൾ ഒന്നും  പറയാൻ എനിക്ക് വാക്കുകൾ കിട്ടിയില്ല…. 

 

“ആക്‌സിഡന്റ് കേസ് ആണ്,  പോലീസ് വരുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യണം” ഡോക്ടർ ഇതും പറഞ്ഞു ICU ന്റെ വാതിൽ അടയ്ച്ചു…. 

 

എന്റെ  കയ്യിൽ ഇരുന്ന അവളുടെ ജിമിക്കി ഞാൻ പ്രാർത്ഥനയോടെ  മുറുകെ പിടിച്ചു …

 

“ആക്‌സിഡന്റ് കേസ് കൊണ്ട് വന്ന ആളല്ലേ “… ശബ്‌ദം കേട്ടു ഞാൻ മുഖം ഉയർത്തി… ഒരു പോലീസ് കോൺസ്റ്റബിൾ എന്റെ  മുന്നിൽ… 

 

“ഒന്ന് സ്റ്റേഷൻ വരെ വരണം, “ ഒന്ന് മൊഴി എടുക്കണം… 

 

ഞാൻ ഒന്നും മിണ്ടാതെ അയാളുടെ പുറകെ നടന്നു… 

 

സ്റ്റേഷനിൽ എത്തിയതും എന്നെ ഒന്ന് പരിശോധിച്ചു. എന്റെ  മൊബൈലും, പഴ്സും കൂട്ടത്തിൽ അവളുടെ ആ ജിമിക്കിയും കോൺസ്റ്റബിൾ എടുത്തു മേശപ്പുറത്തു വയ്ച്ചു…. ജിമിക്കി നോക്കിയിട്ടു എന്റെ മുഖത്തു ഒന്ന് തറപ്പിച്ചു നോക്കിയപ്പോൾ എന്തോ പന്തികേട് എനിക്ക് തോന്നി.. 

 

“സർ ഈ പയ്യനാണ് പെൺകുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചത് .. ബസ്സിലെ യാത്രക്കാരുടെ മൊഴി അനുസരിച്ചു ഇവൻ ബസ്സിൽ നിന്നും ചാടി ഇറങ്ങി കുട്ടിയുടെ പുറകെ പോകുകയായിരുന്നു..  കയ്യിൽ നിന്നും പെൺകുട്ടിയുടെ ജിമിക്കിയും കിട്ടിയിട്ടുണ്ട് . സർ വന്നിട്ടു ചോദ്യം ചെയ്യാം എന്നു വിചാരിച്ചു”

 

SI യോടുള്ള കോൺസ്റ്റബിളിന്റെ വിവരണം കേട്ടപ്പോൾ കാര്യങ്ങൾ ഏതു ദിശയിലേക്കാണ് പോകുന്നത് എന്നു എനിക്ക് ഒരു ഏകദേശം ഐഡിയ കിട്ടി…  SI എന്റെ അടുത്ത് എത്തിയപ്പോൾ മുഖത്തെ ചോര മുഴുവൻ വാർന്നു ഒരു കുറ്റവാളിയെ പോലെ ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു.. 

 

“എന്തിനാ നീ ആ കുട്ടിയെ തള്ളിയിട്ടു കൊല്ലാൻ ശ്രെമിച്ചതു”, SI യുടെ ചോദ്യത്തിന് ഒരു ചാട്ടുളിയുടെ മൂർച്ചയുണ്ടായിരുന്നു .

 

“സർ,  ഞാൻ…”  എന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി ..

 

“ പ്രണയ നൈരാശ്യം ആണോ,  അതോ മോഷണമോ”,  ജിമിക്കി കയ്യിലെടുത്തു SI അതു ചോദിച്ചപ്പോൾ എന്റെ കണ്ണിൽ ഇരുട്ട് കയറും  പോലെ തോന്നി… 

“സർ ഞാൻ ആക്‌സിഡന്റ് നടക്കുന്നത് കണ്ടു കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചതാണ്.. എന്റെ കാൽചുവട്ടിലാണ് ആ കുട്ടിയെ ഇടിച്ചു ഇട്ടതു… തെറിച്ചു വീണ ജിമിക്കി തിരിച്ചേല്പിക്കാനാണ് ഞാൻ എടുത്തു വയ്ച്ചത്… “ വല്ലവിധേനെയും ഞാൻ അത്രയും പറഞ്ഞൊപ്പിച്ചു.. 

 

“പിന്നെ എന്തിനാടാ ടെക്നോപാർക്കിൽ പോകേണ്ട നീ എഞ്ചിനീയറിംഗ് കോളേജിന്റെ അവിടെ ചാടി ഇറങ്ങിയത്,  വിളച്ചിൽ എടുക്കുന്നോടാ &*#&*#-മോനെ “

 കഴുത്തിനു കുത്തിപ്പിടിച്ചു SI അത്രയും ചോദിച്ചപ്പോ എന്റെ ഉള്ള ധൈര്യം കൂടി പോയ്‌… 

 

അടുത്ത ദിവസം വീട്ടുകാർ വന്നു സ്റ്റേഷനിൽ നിന്നും ഇറക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ അവളെ പറ്റി ആയിരുന്നു… 

 

അവിടെ നിന്നും ഇറങ്ങി  നേരെ ഞാൻ ഹോസ്പിറ്റലിലേക് പോയി….

 

“ആ കുട്ടിയെ വേറെ ഹോസ്പിറ്റലിലേക് പേരെന്റ്സ് വന്നു കൊണ്ട് പോയല്ലോ “ റിസെപ്ഷനിസ്റ് അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.. 

“എങ്ങോട്ടാ കൊണ്ട് പോയെ എന്നു അറിയാൻ… “

സോറി, ഡീറ്റെയിൽസ് ഒന്നും തരാൻ പറ്റില്ല. ഞാൻ ചോദിച്ചു തീരും മുന്നേ അവർ നയം വ്യെക്തമാക്കി …

 

നടന്നെതെല്ലാം ഒരു സ്വപ്നം പോലെ തോന്നി എനിക്ക്…  തലക്കു വല്ലാത്ത ഭാരം… 

ഇനിയെന്തെന്നറിയാതെ റിസെപ്ഷനിലെ കസേരയിൽ ഇരുന്നു കണ്ണുകൾ അടയ്ച്ചു ഞാൻ …അവളുടെ മുഖം ഒന്നു ഓർക്കാൻ ഞാൻ ശ്രെമിച്ചു…. 

 

ആ ചിരിയുടെ അതേ മധുരമായ ശബ്‌ദം എവിടെ നിന്നോ വരുംപോലെ എനിക്ക് തോന്നി …ആരോ എന്നെ കുലുക്കി വിളിക്കും പോലെ…  ഞാൻ കണ്ണുകൾ പ്രയാസപ്പെട്ടു തുറക്കാൻ ശ്രെമിച്ചു… 

 

ആ മുടി ഇഴകളിലൂടെ പ്രഭാത കിരണങ്ങൾ എന്റെ മുഖത്തേക്ക് പതിച്ചു… ആ കാതിൽ ആ ജിമിക്കി നൃത്തം വയ്ക്കുന്നത് ഞാൻ കണ്ടു…. 

“എന്തു ഉറക്കമാ ഇത്,  ഇന്ന് ഓഫീസിൽ പോകണ്ടേ, എഴുന്നേറ്റെ “

അവളുടെ മുഖത്തേക്കു നോക്കി ഞാൻ പുഞ്ചിരിച്ചു…. അവളെ പിടിച്ചു ഞാൻ എന്റെ നെഞ്ചിലേക്ക് അണയ്ച്ചു …. അവളുടെ ഇടത്തെ നെറ്റിയിലെ മുറിവുണങ്ങിയ പാടിൽ ഞാൻ മൃദുവായി ചുംബിച്ചു കൊണ്ട് ചുവരിലെ ക്ലോക്കിലേക്കു നോക്കി… ഓഫീസിൽ പോകാൻ സമയം ആകുന്നു, ഇന്നും ലേറ്റ് ആകാൻ വയ്യ !