Skip to main content
Srishti-2022   >>  Poem - Malayalam   >>  ചിരിയുടെ പരിണാമം

Sree Lakshmi Ravisankar

Seaview Support Systems

ചിരിയുടെ പരിണാമം

ആത്മാവറ്റ ചിരികൾക്കു
നടുവിൽ പെട്ടൊരുനാൾ
ഞാൻ ചിരിയെ പഠിക്കാനിറങ്ങി .
മുൻ പിൻ നോക്കാതെ
പൊട്ടിചിരിച്ചിരുന്നവളിൽ നിന്നും
ചിരിക്കാൻ മറന്നവളിലേക്കുള്ള
ദൂരം വളരെ ചെറുതായിരുന്നെന്ന-
തിരിച്ചറിവിലാകണമത്..
മായം കലരാതെ
ഞാൻ കണ്ട ചിരികൾ ചുരുക്കം
വഴിവാണിഭക്കാരിലെ
വർണ്ണാഭരണം പോലെ
വേടിച്ചണിയുന്ന ചിരികൾ
ഇല്ലാ... ജീവനുള്ള
ചിരികളേയില്ല
ജീവിതപ്രാരബ്ധം
തീണ്ടാത്ത ബാല്യത്തിൽ
ചിരിയുണ്ടാവുമെന്ന്
മനസുപറഞ്ഞു
പകുതി ശരിയായിരുന്നു.
തിരിച്ചറിവുറയ്ക്കും മുന്നേയുള്ളയെൻ
പൈതലിന്റെ ചിരിയെ മനസ്സിലാവാഹിച്ചു
അവളുടെ ഇന്നുകളിലേക്കു
നോക്കിയപ്പോൾ അതും പോയി.
ചിത്രകഥകളിലുറക്കെ ചിരിച്ച
നമ്മുടെ ബാല്യത്തിൽ നിന്നും
പബ്‌ജി പടയോട്ടങ്ങളിലേക്കു
ചേക്കേറിയപ്പോൾ
എന്റെ കുഞ്ഞുബാലികയും
ചിരിക്കാൻ മറന്നു
മനസ്സുനിറഞ്ഞു ചിരിക്കേണ്ട
മംഗള മുഹൂർത്തങ്ങളെല്ലാം
ഫോട്ടോഷൂട്ടായപ്പോൾ
ക്യാമറക്കാരന്റെ യുക്തിക്കൊത്തു
ചിരിക്കുന്നവരായെല്ലാരും
കാര്യ സാധ്യതയ്ക്കായേറെ
ചിരികൾ മാറി .
ചിരിക്കു പിന്നിൽ ചതിവുകളും
ചിരിക്കുള്ളിൽ പരിഹാസങ്ങളും
ചിരിയോടൊപ്പം ഒളിയേറുകളുമായ്
ചിരിക്കഥയങ്ങുജ്ജ്വലമായി .
നീണ്ടു നിവർന്ന
തിരക്കുകൾ
ജീവിതഭാരങ്ങൾ
താരതമ്യങ്ങൾ
നെടുവീർപ്പുകൾ
ഭയങ്ങൾ
വിദ്വേഷങ്ങളൊക്കെയും
ചിരിയെ മാറ്റിയെത്രേ
പണ്ട് പഠിച്ച പരിണാമ സിദ്ധാന്തം
ഞാനോർത്തു
അതുപോലെ കാലം കഴിയുംതോറും
ചിരിയിൽ പരിണാമം വന്നതാവണം...
എങ്കിലും
മനസ്സുനിറഞ്ഞു എനിക്കൊന്നു
ചിരിക്കാനായെങ്കിൽ...