Skip to main content
Srishti-2022   >>  Short Story - Malayalam   >>  ടെക്നോപാർക്കിലാണോ???

Milna Daison

UST Global Campus

ടെക്നോപാർക്കിലാണോ???

ടെക്നോപാർക്കിലാണോ???

രാത്രി 8 മണി വരെ നീളുന്ന ഷിഫ്റ്റിനിടയിൽ നിന്നും മാനേജറുടെ കയ്യും കാലും പിടിച്ച് നേരത്തെ ഇറങ്ങി ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു. 

എന്തിനായിരിക്കും അച്ഛൻ വിളിച്ചു ഇന്ന് വീട്ടിലേക്ക് വണ്ടി കേറാൻ പറഞ്ഞിട്ടുണ്ടാവുക. രാവിലെ വിളിച്ചപ്പോ അമ്മ ഒന്നും പറഞ്ഞതും ഇല്ല. 

ആർക്കും അസുഖം ഒന്നും ആവരുതേ ഭഗവാനേന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. അല്ലെങ്കിലും നാടും വീടും വിട്ട് ദൂരെ വന്ന് നിൽക്കുന്നവർക്ക് അസമയത്ത് നാട്ടിൽ നിന്നും വരുന്ന ഓരോ ഫോൺ കോളും, മുഴുവനാക്കാതെ പോകുന്ന സന്ദേശങ്ങളും ഉണ്ടാക്കുന്ന ആധി എത്രത്തോളം ആണെന്ന് അവർക്കേ അറിയൂ.

 

നിർത്തേണ്ടതും നിർത്തേണ്ടാത്തതും ആയ എല്ലാ സ്റ്റേഷനിലും നിർത്തി ട്റയിൻ സഹകരിച്ചു തന്നതുകൊണ്ട് നേരം നല്ലപോലെ വെളുത്തപ്പോൾ ആണ് റെയിൽവേ സ്റ്റേഷൻ എത്തിയത്. വീട്ടിലേക്ക്  കൂട്ടികൊണ്ട് പോകാൻ അനിയൻ നേരത്തെ തന്നെ പുറത്തു വന്നു കാത്ത് നിൽക്കുന്നുണ്ടായിരുന്നു. 

വീട്ടിലേക്കുള്ള  യാത്രയിൽ ആവുന്നത്  ചോദിച്ചിട്ടും എന്താ കാര്യംന്ന് അവനും പറഞ്ഞില്ല. നെഞ്ച് കിടന്നു പെരുമ്പറ കൊട്ടാൻ തുടങ്ങി. വീടിനു വെളിയിൽ ആൾക്കൂട്ടം ഒന്നും കാണാഞ്ഞപ്പോൾ അപകടം ഒന്നും അല്ലെന്ന് മനസ്സിലായി. സത്യം പറഞ്ഞാൽ അപ്പോഴാണ് ശ്വാസം നേരെ വീണത്.

 

"അമ്മേ ചായ", ന്നും പറഞ്ഞു നേരെ സെറ്റിയിൽ കേറി ഇരുന്നു. അവരിങ്ങോട്ട് കാര്യം പറയാതെ അങ്ങോട്ട് ഒന്നും ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന ഭാവത്തിൽ. ആ ഇരുപ്പ് കുറച്ചധികം നീണ്ട് വരുമ്പോളാണ്,

"അല്ല കാത്തൂ ഇങ്ങനെ ഇരുന്നാ മതിയോ? അവരു വരുമ്പോൾക്കും കുളിച്ചു ഒരുങ്ങി നിക്കണ്ടേ." എന്നൊരു ചോദ്യം. അമ്മമയാണ്. ഇപ്പൊ സംഭവം ഏതാണ്ട് പിടികിട്ടി. പെണ്ണുകാണൽ ചടങ്ങാണ്. എല്ലാരും കൂടി ഒത്തു കളിച്ച് എന്നെ വിഡ്ഢിയാക്കി.

 

"അല്ലെങ്കിലും ഞാൻ എപ്പോഴും പുറത്തു തന്നെ ആണല്ലോ. നിങ്ങളൊക്കെ ഒറ്റക്കെട്ടും." ക്ളീഷേ ഡയലോഗും അടിച്ചു ചവിട്ടിത്തുള്ളി മുറിയിൽ കയറി വാതിൽ ആഞ്ഞടച്ചു. ഒരു പ്രഹസനം. 23 വയസ്സു തികയാത്ത മകൾക്ക് കല്യാണപ്രായം കഴിഞ്ഞ് മൂക്കിലും വായിലും പല്ല് വന്നു എന്ന ഭാവം ആണ് വീട്ടിൽ ഉള്ളവർക്ക്.  പിന്നെ നാട്ടുകാരെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ..

 

ഒരു വിധം ഒരുങ്ങി എന്നാക്കി റൂമിൽ തന്നെ ഇരിക്കുകയായിരുന്നു. മുറ്റത്ത് ഒരു കാറ് വന്ന്  നിന്ന ശബ്ദം കേട്ടപ്പോൾ രാവിലെ  വരുമ്പോൾ ഉണ്ടായിരുന്ന പെരുമ്പറ കൊട്ടിന്റെ രണ്ടാം ഘട്ടം ആരംഭിച്ച പോലെ തോന്നി. ആളുകളുടെ എണ്ണം കണ്ടു ഇവരെല്ലാം ഇന്ന് തന്നെ കല്യാണം നടത്തി പോവാൻ ആണോന്ന് ഉള്ള അനിയൻറ്റെ കമന്റിന് അമ്മ അവനെ നുള്ളിയപ്പോൾ ആ ടെൻഷനിടയിലും ഒരു മനസുഖം തോന്നി. ചായ അവർക്ക് മുന്നിൽ വെച്ച് കൊടുത്ത് പേരെന്താ, എത്ര വരെ പഠിച്ചു, തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഞാൻ  അമ്മയ്ക്കടുത്തായി വന്ന്  നിന്നു. 

 

എന്നോട് സംസാരിക്കേണ്ട ആൾ കൂട്ടത്തിൽ ഇല്ലാതിരുന്നതിനാൽ പെണ്ണിന് അധികം റോളില്ലാത്തൊരു പെണ്ണുകാണൽ ആയിരുന്നു അത്. പയ്യന്റെ സഹോദരിയുടെ മടിയിലിരുന്ന് എന്നെ നോക്കി ചിരിക്കുന്ന കുട്ടിയെ ചിരിപ്പിക്കാൻ ആരും കാണാതെ ഓരോ ഗോഷ്ഠികൾ കാട്ടുന്നതിനടയ്ക്കാണ് എന്റെ നേരെ വീണ്ടും ഒരു ചോദ്യം വന്നത്. ഇത്തവണ  അമ്മയും സഹോദരിയും അല്ല. അമ്മയുടെ സഹോദരിയാണ്.

 

"മോള് ടെക്നോപാർക്കിൽ ആണല്ലേ..?" 

 

"അ..അതെ." 

 

"എന്റെ ഇളയ നാത്തൂന്റെ മോനും അവിടെയാ.. കിരൺ. വല്യേ എന്തോ പോസ്റ്റ് ആണു. അറിയോ?"

 

ഈ ചോദ്യം താൻ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ അതിശയം ഒട്ടും തന്നെ തോന്നിയില്ല.

 

" ഇല്ല. അവിടെ ഒരുപാട് കമ്പനികൾ ഉണ്ട്. എല്ലാവരെയും കാണാൻ  പോലും സാധിക്കില്ല."

 

"ആഹ്.... അവൻ പറയണത് കേൾക്കാം അവിടുത്തെ ഓരോ പെണ്ണുങ്ങൾടെ വിശേഷങ്ങളു... ഹോ തരിച്ചിരിക്കും കേട്ടാൽ. ശരത്തിനു പിന്നെ അവന്റെ അതെ ജോലി ഉള്ള കുട്ടി മതീന്ന് പറഞ്ഞോണ്ടാ. ഇല്ലെങ്കിൽ ഡോക്ടറും ടീച്ചറും ആയി വേറെയെ നോക്കിയിരുന്നുള്ളൂ ." 

അതും പറഞ്ഞു ഒരു ആക്കിയ ചിരിയും. എന്തോ ഒന്നും പറയാതെ കൃതൃമമായി ചിരിച്ചു തല താഴ്ത്തി നിൽക്കാനെ അപ്പോൾ സാധിച്ചുള്ളു.

 

ചർച്ച മുറുകുന്നുണ്ട് . ചെവിയടഞ്ഞു പോയതു പോലെ. അവ്യക്തമായ പലതും കാതിലൂടെ കേറിയിറങ്ങി. ഇറങ്ങാൻ നേരം ആരോ പറഞ്ഞു. "ഇനി അവൻ വന്ന് കണ്ട് ഇഷ്ടായാ നമുക്ക് ഇത് ഉറപ്പിക്കാം ല്ലേ".

 

"ശരത്ത് ബോംബെയിൽ ആണെന്നല്ലേ പറഞ്ഞേ. വരുമ്പോൾ എയ്ഡ്സ് ഒന്നും ഇല്ലാന്ന് തെളിയിക്കണ സെർട്ടിഫിക്കറ്റ് കൂടി കരുതാൻ പറയണേ. വ്യഭിചാരം തൊഴിലാക്കി നടക്കുന്ന ഒരുപാട് പെണ്ണുങ്ങൾ ഉള്ള നാടാ. ടെക്നോപാർക്കിനേക്കാൾ കഷ്ടം ആണെന്നാ കേട്ടിരിക്കുന്നത്. പിന്നെ പെണ്ണിനു ഒറ്റക്കു വ്യഭിചരിക്കാൻ പറ്റാത്തതു കൊണ്ട് ഇമ്മാതിരി അസുഖം വരുമ്പോ ആണിനും വരുംന്ന്." 

 

ഇത്രയുമേ പറഞ്ഞുള്ളു. ഇതും പറയാതെ പോയാൽ സ്വന്തം കുടുംബത്തിനു വേണ്ടി രാപ്പകൽ വ്യത്യാസം ഇല്ലാതെ അധ്വാനിക്കുന്ന താനുൾപ്പെടുന്ന സമൂഹത്തെ സ്വയം നിന്ദിക്കുന്നതിനു തുല്യമാണത്.

 

വിളറി വെളുത്ത് ചോരവറ്റിയ പല മുഖങ്ങൾക്കും അതിശയത്തോടെ എന്നെ നോക്കുന്ന കണ്ണുകൾക്കും ഇടയിൽ  ഞാൻ  തേടിയ ആ ഒരു മുഖം പ്രകാശിച്ചു നിൽക്കുന്നുണ്ടായിരുന്നു. താൻ നേടികൊടുത്ത വിദ്യാഭ്യാസത്തിന്റെ ശക്തിയിൽ ജയിച്ചു നിൽക്കുന്ന മകളെ അഭിമാനത്തോടെ നോക്കുന്ന അച്ഛന്റെ മുഖം. 

 

---ശുഭം---