Skip to main content
Srishti-2022   >>  Poem - Malayalam   >>  തപാൽക്കവിത

Sreejamol N.S

UST Global

തപാൽക്കവിത

മേൽവിലാസക്കാരനില്ലാത്തതിനാൽ
എന്നുമെന്നും
എന്നിലേയ്ക്ക്  തന്നെ
മടങ്ങിയെത്തുന്നൊരു കത്താണ്  ഞാൻ.

തുരുമ്പു മണക്കുന്ന തപാൽപ്പെട്ടിയുടെ
ഇത്തിരി വെളിച്ചത്തിൽ നിന്ന്
കാടിറങ്ങി
മലയിറങ്ങി
പുഴ കടന്നു
മഴ നനഞ്ഞോ
വിയർത്തൊലിച്ചോ
ആയാസപ്പെട്ട്‌ നടന്നോ
സൈക്കിളിലേറിയോ
സഞ്ചിക്കുള്ളിൽ ഞെങ്ങി ഞെരുങ്ങിയും
കക്ഷത്തിലടുക്കി പിടിച്ചും
പല താളത്തിൽ
തെളിഞ്ഞും മാഞ്ഞും
നെഞ്ചിൽ പതിക്കുന്ന മുദ്രകൾ

എത്ര ഇടങ്ങളിങ്ങനെ കടക്കണം
കാത്തിരിക്കുന്നൊരു
കൈകളിലെത്തിച്ചേരാൻ
വരും വരുമെന്ന് കാത്തു കുഴഞ്ഞോ
വന്നില്ലെങ്കിൽ എനിക്കെന്തെന്ന ഭാവത്തിൽ
വായനാമുറിയിലേതോ വരികളിലുടക്കിയ നാട്യത്തിലോ
എങ്ങനെയാവും എങ്ങനെയാവും?

എഴുത്തുപലകയിലോ
തലയിണയിലോ
എവിടെ  വച്ചാവും
ആദ്യാവസാനം കൊതിയോടെ
വായിച്ചു തീർക്കുക
ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കുക
വിയർത്ത ഉള്ളംകയ്യും
അറിയാതെ നിറഞ്ഞ കണ്ണും
വാക്കുകളെ കൂട്ടിക്കലർത്തി
ഭൂപടം വരച്ചു പഠിക്കുക
നീണ്ട ഇടവേളകളില്ലാതെ
വീണ്ടും വീണ്ടും സ്വന്തമാക്കുക .

സ്വപ്നവേഗങ്ങളിലങ്ങനെ  പാറിപ്പറക്കെ
പതിവ് പോലെ
മടങ്ങിയെത്തിയിട്ടുണ്ട് ഞാൻ
എന്നിലേയ്ക്ക് തന്നെ .