Skip to main content
Srishti-2022   >>  Short Story - Malayalam   >>  നരകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ!

Vishnulal Sudha

ENVESTNET

നരകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ!

നരകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ!

 

ഇതെൻറെ ആത്മഹത്യാ കുറിപ്പാണ്. ജീവിച്ചു കൊതിതീർന്നുപോയവൻറെ ആത്മഹത്യാ കുറിപ്പ്.

 

ഞാൻ മരിക്കുവാനിടയായ കാരണം ലോകമറിയണം. അല്ലെങ്കിൽ എൻറെ മരണവും നാളെ വളച്ചൊടിക്കപ്പെട്ടേക്കാം. അതനുവദിച്ചു കൂടാ. എവിടെനിന്നു തുടങ്ങണം എന്നെനിക്കറിയില്ല. ആത്യന്തികമായി ഞാനൊരു കലാകാരനാണ്. ഒരെഴുത്തുകാരൻ, സംവിധായകൻ എന്നിങ്ങനെ എന്നെ വിശേഷിപ്പിക്കാം. എന്നിലൂടെ ജനിച്ചു മരിച്ച ഒരുപാട് കഥാപാത്രങ്ങൾ നിങ്ങൾക്കറിയാമായിരിക്കും. അവ നിങ്ങളോടു സംവദിച്ച കഥകളിൽ പലതും എൻറെ നക്ഷ്ടസ്വപ്നങ്ങളും കാമനകളുമായിരിന്നു. എന്നിലൂടെ ജനിച്ചു ജീവിച്ചു മരിച്ച അവരൊക്കെ എന്നെ അനുസരിച്ചിരുന്നവരും എന്നെ ബഹുമാനിച്ചിരുന്നവരുമായിരുന്നു. എന്നാൽ ഇന്നാ കഥാപാത്രങ്ങൾ തന്നെ എൻറെ മരണഹേതു ആകുന്നു എന്നത് എന്നെ തന്നെ അതിശയിപ്പിക്കുന്നു.

 

എല്ലാ നന്മകളുമടങ്ങിയ , തെറ്റുകുറ്റങ്ങളില്ലാത്ത ഒരു ക്ളീഷേ നായകനായിരുന്നില്ല ഞാനും എൻറെ ജീവിതവും. അതിനാൽ തന്നെ അതിൻറെ പ്രതിഫലനമായിരുന്നു എൻറെ കഥാപാത്രങ്ങളും അവർ പറഞ്ഞിരുന്ന കഥയും. എൻറെ കഥയുടെ വ്യാപ്തിയും വ്യാഖ്യാനവും എൻറെ വായനക്കാരുടെ എണ്ണം കൂട്ടി . എൻറെ കഥാപാത്രങ്ങളോട് തോന്നിയ ആരാധന അവർ എന്നിലേക്കും തുന്നിച്ചേർത്തു. ആരാധനയുടെ കൊടുമുടിയിൽ എൻറെ കഥാപാത്രങ്ങളിൽ നന്മയുടെ വേരോട്ടവും വ്യാകരണങ്ങളും തെറ്റും ശരിയുമെന്ന അളവുകോലിനാൽ അളന്നു തുടങ്ങിയ അന്ന് എൻറെ ഉത്തരവാദിത്വ ബോധവും അവർ വീക്ഷിക്കാൻ തുടങ്ങി. അതെന്നിൽ അനുവദനീയമായതിൽ കൂടുതൽ സമ്മർദ്ദം നൽകിതുടങ്ങി. അവരുടെ വീക്ഷണം ഭക്ഷണമാക്കിയ ശവംതീനി പുഴുപോൽ ഞാൻ പുളഞ്ഞു പുകഞ്ഞു ജീവിക്കാൻ തുടങ്ങി.

 

കാലം മായ്ക്കാത്ത മുറിവുകളില്ലെന്നു കേട്ടിട്ടുണ്ട്. എന്നാൽ കാലാന്തരത്തിൽ മാറ്റപ്പെട്ട സത്യ ധർമ്മ ബോധത്തിൽ വീണു പിടഞ്ഞുണ്ടായ മുറിവുകളാണ് എന്നെ ഇന്നിതെഴുതിക്കുന്നതു. എഴുതിയ കഥാപാത്രങ്ങളും എഴുതാനിരിക്കുന്ന കഥാപാത്രങ്ങളും രണ്ടു ദ്രുവങ്ങളിൽ ഒത്തുചേർന്നു. അന്നത്തെ നീതി ഇന്നനീതിയായി. സത്യം അസത്യമായി. വെറുക്കപ്പെട്ടിരുന്ന പല അസത്യങ്ങളും സത്യങ്ങളുമായി. സ്ത്രീ ശക്തയായി. പുരുഷൻ അശക്തനും. അവൾ മല കയറി. അവൻ കോടതിയും. അധ്യാപകനെ ചോദ്യം ചെയ്യുന്നതും, ഭരിക്കുന്നവനെ കല്ലെറിയുന്നതും, മാതാപിതാക്കൾക്കെതിരെ കേസുകൊടുക്കുന്നതും, കല്യാണത്തിന് മുന്നേ കൂടെ കിടക്കുന്നതും, മദ്യപിക്കുന്നതും, വ്യഭിചരിക്കുന്നതും, എല്ലാം ശരിയായി വ്യാഖ്യാനിക്കപ്പെട്ടു. അവയുടെ കൂടെ ഇഴുകിച്ചേർന്നെഴുതാൻ ഞാൻ നിർബന്ധിതനായി. വ്യഭിചരിച്ചു നടന്ന പെൺകൊടി മല കയറാൻ ഗർഭച്ഛിദ്രത്തെ ആശ്രയിച്ചപ്പോൾ അവൾ കഥയിലെ നായികയായി. കുറ്റം ചെയ്ത തനിക്കെതിരെ കമ്പെടുത്ത അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസുകൊടുത്ത മരുമകളെ പേടിയോടെ മാറ്റി നിർത്തിയ അമ്മാവൻ വില്ലനായി. ദൈവമുണ്ടെന്നു പറഞ്ഞാൽ സംഘിസമാണെന്നും ഇല്ലെന്നു പറഞ്ഞാൽ കമ്മ്യൂണിസമായെന്നും ഒന്നും പറയാതിരുന്നാൽ ഞാൻ നിക്ഷ്പക്ഷനായെന്നും ഇതൊക്കെയാണ് രാഷ്ട്രീയമെന്നും കുട്ടികൾ പഠിച്ചു തുടങ്ങി. മതമെന്നത് മറുക് ആണെന്നും, ഒരേ മറുക് ഉള്ള ലിംഗങ്ങളെ കുട്ടികളുണ്ടാക്കുകയുള്ളു എന്നും, മുതിർന്നവർ പറഞ്ഞിരുന്ന ന്യായം പരീക്ഷിച്ചറിയാൻ കുറ്റിക്കാട്ടിലും മരച്ചുവട്ടിലും അവർ ലിംഗങ്ങൾ പരസ്പരം കോർത്ത് നോക്കി. പല പരീക്ഷണങ്ങളും വിജയിച്ചെങ്കിലും അതിലൂടെ ഉൽപാദിക്കപ്പെട്ട ഉൽപന്നങ്ങൾ സർക്കാർ ആശുപത്രിയിലെ ചവറുകൂനയിൽ നിന്നും മുഖം മിനുക്കി ലേപനങ്ങളുടെ മറയ്ക്കപ്പെട്ട രഹസ്യമായി ഒതുങ്ങികൂടാനേ കഴിഞ്ഞിരുന്നുള്ളൂ.

 

മാറിയ കഥാ ചുറ്റുപാടുകളും മാറ്റംവന്ന സാംസ്കാരികതയും അതിൽ അവലംബിച്ച കഥാഗതിയും കഥാപാത്രങ്ങളുമെല്ലാം എൻറെ കഥകളിലെ പഴയ നന്മമരങ്ങളെ നോവിച്ചു. അവർക്കു മുറിവേറ്റു. കാര്യക്ഷമമായിരുന്ന കാലഹരണപ്പെട്ട കാഴ്ചപ്പാടുകളെ തിരികെ കൊണ്ടു വന്നു വ്യവസ്ഥ പുനഃസ്ഥാപിക്കാൻ അവരെന്നിൽ സമ്മർദ്ദം ചെലുത്തി തുടങ്ങി. ഞാൻ വീണ്ടും എഴുതി. അനുസരണ പഠിപ്പിക്കാൻ അമ്മാവനെ കൊണ്ട് മരുമകളുടെ മുലകൾ ഞെരടി പുരുഷമേധാവിത്വം പുനഃസ്ഥാപിച്ചു. മല ചവിട്ടിയ ഭാര്യയുടെ നാഭി ചവുട്ടി കലക്കി ദൈവ കോപം ഇല്ലാതാക്കി. മത പണ്ഡിതരെ കൊണ്ടുണ്ടാക്കിച്ച സ്വയം അഴിച്ചു മാറ്റാൻ വ്യവസ്‌ഥയില്ലാത്ത അടിവസ്ത്രം ധരിപ്പിച്ചു അവയുടെ താക്കോൽ ഭർത്താക്കന്മാരുടെ മടിശീലയിൽ തുന്നിക്കെട്ടി സ്ത്രീകളുടെ ചാരിത്ര്യവും സംരക്ഷിച്ചു. അതു ധിക്കരിച്ചു ഗർഭിണിയായവളെ പച്ചയ്ക്കു കത്തിച്ചു കുടുംബമഹിമ കാത്തുരക്ഷിച്ചു. രാഷ്ട്രീയ കോമരങ്ങളുടെ അണ്ണാക്കിൽ വായുഗുളിക കുത്തിനിറയ്ച്ചു ശർദ്ധിപ്പിച്ചു അവ ചാനൽ ചർച്ചകളിൽ വിളമ്പി, അവതാരകനെ ചൊടിപ്പിച്ചു, വീണ്ടും വീണ്ടും വിഭിന്ന ദൃശ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു, അതിൽ അഭിപ്രായങ്ങൾ പറയിച്ചു, അഭിപ്രായ സ്വാതന്ത്രയവും പൂത്തുലഞ്ഞു. ആകമൊത്തം സമാധാനം പുനഃസ്ഥാപിച്ചു.

 

ഇനിയുള്ള പ്രതിഷേധങ്ങൾ സമാധാനപരമായാണ്. പുറത്താക്കപ്പെട്ട സ്ത്രീകൾ മാസമുറ രക്തം വിളക്കിലൊഴിച്ചു തിരികൊളുത്തി തൻറെ ഭർത്താവിൻറെ ഉദ്ധാരണത്തിനായി പ്രാർഥിച്ചു. പത്തുമാസം വീട്ടിനുള്ളിൽ ഇരിക്കാനുള്ള ആഗ്രഹമാണുള്ളിലെന്നു അവർ തുറന്നു പറഞ്ഞില്ല. അഭ്യസ്തവിദ്യർ ഖദറിട്ടു വടിവാളുമായി നാട്ടിലേക്കിറങ്ങി. വീട്ടിലിരുന്നാൽ പട്ടിണിയാണെന്നും അവർ പറഞ്ഞിരുന്നില്ല. ഉച്ചകഞ്ഞിയിൽ പാമ്പിൻ വിഷം ചേർത്ത് നൽകിയത് നാളത്തേക്കുള്ള അരിയില്ലാത്തോണ്ടാണെന്നും ആ ആയ ആരോടും പറഞ്ഞില്ല. എവിടെയും സമാധാനം മാത്രം. വരണ്ടുണങ്ങിയ കണ്ണുകളിലെ കണ്ണുനീരില്ലായ്മ ഭരണ നേട്ടമായും, സഹിക്കാൻ വയ്യാത്ത വിശപ്പിൻറെ വേദനകാരണമുള്ള അലർച്ച ശാന്തതയുടെ പ്രതിരൂപമായും വിലയിരുത്തി. മോഷ്ടിച്ചത് ഒരുമണി അരിയായാലും കൈകൾ കെട്ടി പൃഷ്ഠത്തിൽ കുന്തം തിരുകിക്കയറ്റി, അറബിയോടുള്ള സ്‌നേഹം വ്യക്തമാക്കാൻ, കറക്കി ചുട്ടെടുത്തു, തീന്മേശയിൽ വിളമ്പി, നീതിനടപ്പാക്കിയ നീതിമാന്മാരെ ആരാധനയോടെ വായിച്ചു തീർത്തു വായനക്കാർ.

 

എന്നെ പിന്നോട്ട് നോക്കാൻ പ്രേരിപ്പിച്ചത് ഒരു സ്വപ്നമായിരുന്നു. "എന്നെ എന്തിനാ കൊന്നത്?" എന്ന ചോദ്യവുമായി, നെറ്റിയിൽ നിന്നും ഒഴുകുന്ന രക്തവുമായി, അൾത്താരയിൽ ആണിയാൽ തളയ്ക്കപ്പെട്ട ആ പിഞ്ചു കുഞ്ഞിൻറെ രൂപം പിന്നെന്നെ ഉറങ്ങാൻ സമ്മതിച്ചില്ല. അതിനെ ഗർഭഛിദ്രം ചെയ്യാൻ കൂട്ടുനിന്നത് ഞാനായിരുന്നു. എൻറെ ചിന്തകളായിരുന്നു. അതിനെയെങ്കിലും എനിക്ക് വെറുതെ വിടാമായിരുന്നു. ആരെയാണ് ഞാൻ ഭയന്നതു. ഞാനെഴുതിയുണ്ടാക്കിയ എൻറെ സ്വന്തം കഥാപാത്രങ്ങളെ...

 

അടുത്ത വരിയെഴുതാൻ നോക്കിയ ഞാൻ ഞെട്ടി പിന്നോട്ടാഞ്ഞു. പേനയിൽ ബാക്കിയുള്ളത് ഞാൻ ചെയ്ത പാപത്തിൻറെ കറ മാത്രം. ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ ഞാൻ എഴുതിക്കൂട്ടിയ ജീവിതങ്ങൾ എനിക്ക് നക്ഷ്ടപെടുത്തിയത് എൻറെ ആത്മാവിനെയാണ്. തിരുത്തിയെഴുതാൻ കഴിയാത്തവണ്ണം കൈ ചൂണ്ടി നിൽക്കുകയാണ് ഞാൻ സൃഷ്ടിച്ച എൻറെ കഥാപാത്രങ്ങൾ. അവർ ഇന്നെന്നെകാൾ ശക്തരായിരിക്കുന്നു. പതിയെ ഞാനിന്നു തിരിച്ചറിയുന്നു ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളാണ് സത്യത്തിൽ ഞാനെന്ന കഥാകാരനെ സൃഷ്ടിച്ചത്. അവരുടെ ചിന്തയിലെ ചോദ്യങ്ങൾ മാത്രമാണ് ഞാൻ.

 

ഇത്രേയുംനാൾ എൻറെ നിയന്ത്രണത്തിലാണെന്നു കരുതിയിരുന്നവർ ഇന്നെൻറെ ഉടമയാണെന്നും സൃഷ്ടാവാണെന്നുമുള്ള ബോധം എന്നെ തകർത്തു. അവർക്കു നിലനിൽക്കാൻ എൻറെ ആവശ്യമില്ലെന്നു ഞാൻ തിരിച്ചറിയുന്നു. സ്വന്തമായി ആത്മാവും ചിന്തകളുമില്ലാതെ ഒരു കളിപ്പാവയായി ജീവിക്കാൻ ഞാൻ താല്പര്യപെടുന്നില്ല. അല്ലെങ്കിൽ എൻറെ പൂർവ്വ കഥാപാത്രങ്ങൾ എന്നിലെ കഥാകാരനെ കണ്ടറിഞ്ഞത് അങ്ങനല്ല.

 

ഒരുപാട് നീട്ടുന്നില്ല. ഒരുപാട് നീട്ടിയാൽ വായിച്ചെടുക്കാൻ താല്പര്യമുള്ളവരല്ല ഇന്നത്തെ പല കഥാപാത്രങ്ങളും. വായിച്ചറിയുന്നതിലും അവർക്കിഷ്ടം കണ്ടും കേട്ടും അനുഭവിച്ചും അറിയുന്നതാണ്. അതങ്ങനെതന്നെ നിൽക്കട്ടെ. ഈ നരകത്തിൽ നിങ്ങളുടെ സൃഷ്ടാവെന്ന മിഥ്യ ഇല്ലാതാവുന്നതോടെ സർവ്വസ്വാതന്ത്രത്തിന്റെ ഉച്ചസ്ഥായിയിലെത്തുന്ന നിങ്ങളാൽ, നിങ്ങൾ സ്വപ്നം കണ്ട സമാധാനവും സ്വാതന്ത്യ്രവും പുനഃസ്ഥാപിക്കപ്പെടട്ടെ.

 

ഞാൻ പോകുന്നു. ഇനിയൊരു തിരിച്ചുവരവില്ല. എൻറെ കഥയിലെ അവസാന വിശ്വാസിയും ഇന്ന് കൊണ്ടൊടുങ്ങും. ഇനി യുക്തിവാദത്തിൻറെ നാളുകളാണ്. യുക്തിവാദം ആഭിചാരമായി മാറുമ്പോൾ, അതൊരു വിശ്വാസമായി മുളപൊട്ടുമ്പോൾ, സഹിഷ്ണുതയുടെ അതിർവരമ്പുകൾ അത് ഭേദിക്കുമ്പോൾ, നിങ്ങളിലാരെങ്കിലും എന്നെ തേടിയാൽ, അറിഞ്ഞിരിക്കുക, ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നെന്നു.

 

എന്ന് സ്വന്തം,

 

ദൈവം.