Skip to main content
Srishti-2022   >>  Short Story - Malayalam   >>  നറുക്കെടുപ്പ്

നറുക്കെടുപ്പ്

നറുക്കെടുപ്പ് 

പുറത്തു നല്ല മഴയുണ്ട് . വാതിൽ തുറന്ന് അയാൾ കുറെ നേരം മുറ്റത്ത് ചെളി നിറയുന്നത് നോക്കി നിന്നു . പിന്നെ പതിയെ മുണ്ട് മടക്കി പടിയിലേക്കിരുന്നു. കാൽ ചെളിയിൽ തൊടാതെ ഉയർത്തി വച്ച് മുട്ടിനിടയിൽ മുഖം പൂഴ്ത്തി കുന്തിച്ചിരുന്നു . ആകാശത്തുനിന്നും പുറപ്പെട്ടു വരുന്ന മഴത്തുള്ളികൾ ഭൂമിയിലെ ചെളിയോട് സംഗമിച്ചു് അവരിലൊരാളായിമാറി അവരോടൊപ്പം ഒഴുകി പോകുന്നു. ഭാഗ്യം തുണയ്ക്കാത്ത മഴത്തുള്ളികൾ . കടലിലോ കായലിലോ പുഴയിലോ നദിയിലോ വീഴാൻ യോഗമില്ല . ഈ വീട്ടുമുറ്റത്തെ ചെളിയിൽ വീഴാനാണ് യോഗം. ചെളി തെറിച്ചു കാലിലേക്ക് വീഴുന്നുണ്ട്. അയാൾ കാൽ ഒന്നുകൂടി ശരീരത്തിലേക്ക് അടുപ്പിച്ചു . മഴ നേർത്തു വരുന്നു . ഇപ്പോൾ വീഴുന്നത് നിർഭാഗ്യരിൽ നിർഭാഗ്യരായ മഴത്തുള്ളികളാണ്. സ്ഥൂല ശരീരവുമായി വേച്ചു വേച്ചു അവ ചെളിയിൽ മുങ്ങി. മഴ നിന്നു. ചെളിവെള്ളം നിശ്ചലമായി കിടന്നു . അയാൾ നിവർന്നിരുന്നു .

 

'ആ ചെളിയെല്ലാം ചവുട്ടി ഇങ്ങു കേറ്റിയേക്കരുത്. എനിക്ക് വയ്യ തൊടക്കാൻ.' 

ഭാര്യ കട്ടനുമായി  വന്നതാണ് .

 

അയാൾ ചന്തിനിരക്കി പുറകിലേക്ക് നീങ്ങിയിരുന്നു .

 

'ഇത്തിരി ടൈൽസ് വാങ്ങി മുറ്റത്തിടാൻ എത്ര നാളായി പറയുന്നു. ഇതിപ്പോ മഴ പെയ്താൽ അടുക്കള മുഴുവൻ ചെളിയാണ്.'

 

കട്ടനും വടയും പടിയിൽ വച്ചുകൊണ്ടു അവർ പറഞ്ഞു. വരാന്തയിലെ ചോരുന്ന ഓടിനു താഴെ വച്ചിരുന്ന പാത്രം അല്പം കൂടെ മുന്നോട്ടു നീക്കി വച്ച് അവർ അകത്തേക്കുപോയി. ഒരു വർഷമായി ജോലിക്കു പോകാത്ത ഗൃഹനാഥൻ, അന്ന് മുതൽ അരിയും സാധനങ്ങളും പറ്റുപറഞ്ഞു വാങ്ങുന്ന ഭാര്യ, എങ്കിലും അങ്കലാപ്പ്  മുറ്റത്തു  ടൈൽസ് ഇല്ലാത്തതിനെച്ചൊല്ലി. സ്ഥിരം മണ്ടൻ ചിരിയോടെ അയാൾ ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചു.

 

വടയെടുത്തു ഒരു ചെറിയ കഷ്ണം മുറിച്ചു അയാൾ മുറ്റത്തെ ചെളിയില്ലാത്ത ഭാഗത്തേക്കെറിഞ്ഞു. ഒരു കാക്ക പറന്നു വന്ന് വിശ്വാസമില്ലാത്തമട്ടിൽ അയാളെ തലചരിച്ചു നോക്കി. അയാളും തലചരിച്ചു നോക്കി. ആ കഷ്ണം കൊത്തിയെടുത്തു് കാക്ക പറന്നുപോയി. അല്പസമയത്തിനകം വാർത്തയറിഞ്ഞമട്ടിൽ രണ്ടു മൂന്നു കാക്കകൾ കൂടെയെത്തി. അയാൾ ഒരുകഷ്ണം വടകൂടെ എറിഞ്ഞുകൊടുത്തു. അതു താഴെവീഴുന്നതിനുമുമ്പുതന്നെ കൂട്ടത്തിൽ സമർത്ഥൻ കൊത്തിയെടുത്തു പറന്നു. അവൻ്റെ പുറകെ ബഹളം വച്ചുകൊണ്ടു ബാക്കിയുള്ളവ വട  തട്ടിയെടുക്കാൻ പാഞ്ഞു. കൂടുതൽ കാക്കകൾ മുറ്റത്തേക്ക് വന്നു . അപ്പോഴേക്കും അയാൾ കാഴ്ചകൾ കണ്ടു വട മുഴുവനും കഴിച്ചു കട്ടനിലേക്കു  കടന്നിരുന്നു. കാക്കകളുടെ ബഹളം ഉച്ചത്തിലായി. അയാൾ പെട്ടന്ന് എഴുന്നേറ്റു അകത്തേക്ക് കയറി .

 

വരാന്തയിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു . പ്രതീക്ഷവറ്റി കാക്കകൾ പിൻവാങ്ങിയപ്പോൾ അയാൾ ഷർട്ടും എടുത്തിട്ട് പുറത്തേക്കിറങ്ങി. ഭാര്യ വരാന്തയിലെ നിറഞ്ഞ പാത്രത്തിലെ വെള്ളംകളഞ്ഞു അവിടം തുടക്കുകയായിരുന്നു. ചെരുപ്പിട്ട് അയാൾ മുറ്റത്തിറങ്ങിയയുടൻ അവർ വാതിലടച്ചു് അകത്തേയ്ക്കു പോയി. ജോലിക്കൊന്നും അല്ലല്ലോ , കവലയിലേക്കല്ലേ. അതിനു ഇത്രേം പ്രതികരണം മതി. മുറ്റത്തുനിന്ന് കുറച്ചുനേരം അയാൾ നനഞ്ഞു വിറച്ചുനിൽക്കുന്ന മരങ്ങളുടെ മുകളിലേക്ക് നോക്കി . ചില്ലയിലിരുന്ന കുറച്ചു കാക്കകൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

 

കവലയിലെത്തിയപ്പോൾത്തന്നെ  അരക്കാൽ മൊയ്തു പ്രത്യേകമായ ആവേശത്തോടെ അയാളെ കൈവീശിക്കാണിച്ചു. കവലയിൽ ലോട്ടറി വില്പനയാണ് മൊയ്തുവിൻ്റെ തൊഴിൽ. അറയ്ക്കൽ കുടുംബത്തിലെ കണ്ണിയാണ് താനെന്നു ഉറച്ചു വിശ്വസിച്ചിരുന്ന മൊയ്തു അവസരം കിട്ടുമ്പോഴൊക്കെ അതു  സ്ഥാപിക്കാൻ ശ്രമിച്ചും പോന്നു. പ്രമേഹരോഗത്തിൻ്റെ മൂർദ്ധന്യത്തിൽ വലതുകാൽ മുട്ടിനു താഴെവച്ചു മുറിക്കപ്പെട്ട അറയ്ക്കൽ മൊയ്തു പിന്നീട് അരക്കാൽ മൊയ്തുവായി മാറി. കാലു പോയതോടെ അറയ്ക്കൽ മാഹത്മ്യവും നിന്നു. ചിത്രകാരനാകേണ്ട താൻ ഈ ബ്രഷല്ല പിടിക്കേണ്ടതെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് മൊയ്തുവായിരുന്നു. പെയിന്റ്‌ പണി  നിറുത്തി സർഗാത്മക കഴിവുകൾ ചിതലരിക്കാതെ നോക്കാൻ ഉപദേശിച്ച മൊയ്തു . ആദ്യം നാടുകാണാൻ ഇറങ്ങിയ സായിപ്പിനും മദാമ്മക്കും തെയ്യവും തൃശ്ശൂർപ്പൂരവും നെറ്റിപ്പട്ടംകെട്ടിയ ആനയും ഒക്കെ സർവ്വസമ്പാദ്യങ്ങളും ചാലിച്ച നിറങ്ങളിൽ മുക്കി വരച്ചുകൊടുത്തു. ഒടുവിൽ സർഗാത്മകത ഉണരാൻ സമ്മതിക്കാതെ വിശപ്പ് പിടിമുറുക്കിയപ്പോൾ ഭാര്യ സമയോചിതമായി ബ്രഷ് എടുത്തു തോട്ടിലെറിഞ്ഞു. തന്നെയും തൻ്റെ കലയേയും അപമാനിച്ച ഭാര്യയോടുള്ള പ്രതികാരമെന്നോണം അയാൾ അന്നുമുതൽ പണിക്കുപോകാതെയായി. അപ്പോഴും മൊയ്തു മാത്രം കൈവിട്ടില്ല . നല്ലകാലം വരുമെന്ന് ഉറപ്പു നൽകി അയാൾ എല്ലാ ആഴ്ചയും ഒരു ലോട്ടറി തന്നു. അമ്മായിയച്ഛൻ കുഞ്ഞിന് പാലുവാങ്ങാൻ കൊടുക്കുന്ന കാശെടുത്തു അയാൾ മൊയ്തുവിനു കൊടുത്തുപോന്നു.

 

അടുത്തെത്തിയപ്പോൾ മൊയ്തു വർദ്ധിച്ച ആവേശത്തോടും നീരസത്തോടെയും പറഞ്ഞു , 'ഒരു ഫോൺ വാങ്ങിക്കൂടെ സുധാകരാ തനിക്ക്. ഈ മഴ മാറിയിട്ട് ആരെയെങ്കിലും അങ്ങോട്ട് വിടാനിരിക്കുവായിരുന്നു ഞാൻ .'

 

'എന്താ മൊയ്തു, എന്താ പറ്റ്യേ'

 

'തനിക്ക് ലോട്ടറിയടിച്ചെടോ!! ഓണം ബമ്പർ രണ്ടാം സമ്മാനം, അമ്പത് ലക്ഷം രൂപ'. ഒറ്റശ്വാസത്തിൽ പറഞ്ഞിട്ട് മൊയ്‌തു ചിരിയുടെയും ആവേശത്തിന്റെയും ഇടയിൽപെട്ട ഭാവത്തോടെ അയാളുടെ മുഖത്തുതന്നെ നോക്കി നിന്നു . അയാൾ അനങ്ങിയില്ല. ശ്വാസം എടുക്കുകയോ ഇമ വെട്ടുകയോ ചെയ്തില്ല. അനങ്ങിയാൽ ഈ സ്വപ്നത്തിൽ നിന്നുണർന്നാലോ. മൊയ്തു അയാളെ പിടിച്ചൊന്നു കുലുക്കി .

 

'ഞാൻ പറഞ്ഞില്ലെടോ തനിക്ക് നല്ല കാലം വരുമെന്ന്. പിന്നെ കമ്മീഷൻ മാത്രം തന്ന് എന്നെ ഒതുക്കരുത്. താൻ പോയി ആ ടിക്കറ്റിങ് എടുത്തോണ്ട് വാ. പെട്ടെന്ന്‌ '

 

അപ്പോഴേക്കും സംഭവമറിഞ്ഞു അയാൾക്കുചുറ്റും ആളുകൾ കൂടിത്തുടങ്ങി . ചിലർ ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ അയാൾ ധൃതിയിൽ തിരികെ നടന്നു .

 

ഗേറ്റ് കടന്ന് അയാൾ മുറ്റത്തെത്തി മരത്തിലേക്ക് നോക്കി . കാക്കകൾ പോയിരിക്കുന്നു . പടിയിൽ ചെരുപ്പൂരിയിട്ട് അയാൾ വാതിലിൽ മുട്ടി. വാതിൽതുറന്ന് മുഖത്തുനോക്കാതെ അകത്തേക്ക് പോകുന്ന ഭാര്യയോട് അയാൾ വിളിച്ചു പറഞ്ഞു.

'ഓണം ബമ്പർ അടിച്ചു . അമ്പതുലക്ഷം രൂപ'

 

ഇടിവെട്ടേറ്റതുപോലെ നിൽക്കുന്ന ഭാര്യയുടെ മുഖത്ത് അയാൾ നിർവികാരമായി നോക്കിനിന്നു. സദാ അനിഷ്ടത്തോടെ കൂടിയിരുന്നിരുന്ന പുരികങ്ങൾ അയഞ്ഞു, കണ്ണുകൾ വിടർന്നു, ചുണ്ടിലെ ചിരി രണ്ടു കാതുകളിലും മുട്ടി. ഒൻപതു വർഷമായി കൂടെക്കഴിഞ്ഞ മുഖമായിരുന്നില്ല അത്. പെട്ടെന്നവർ സുന്ദരിയായതുപോലെ അയാൾക്ക്‌ തോന്നി. ബാക്കിയൊക്കെ അയാൾ പ്രതീക്ഷിച്ചിരുന്നതുപോലെത്തന്നെ നടന്നു. ശ്രീനിവാസൻ്റെ കഥയിലെ ശ്യാമളയെപ്പോലെ അവർ കോഴിയെ മുട്ടയിടിക്കാനും പാൽച്ചായ ഉണ്ടാക്കാനും മീൻവാങ്ങാനുമൊക്കെ ഓടി നടന്നു . കറിവേപ്പില വാങ്ങാനെന്ന വ്യാജേന അയൽവീടുകളിൽ പോയി വാർത്തയെത്തിച്ചു . അമ്മായിയച്ഛനും അളിയനും കുടുംബവും നിമിഷങ്ങൾക്കുള്ളിൽ എത്തിച്ചേർന്നു . ആള് കൂടിയപ്പോൾ വീടിനകത്തെ വായുസഞ്ചാരം കുറഞ്ഞതുകൊണ്ടു അയാൾ മുറ്റത്തേക്കിറങ്ങിനിന്നു . കൈയിലെന്തെങ്കിലും ഉണ്ടോയെന്ന് എത്തിനോക്കിയിട്ട് ഒരു കാക്ക ഇലകൾക്കിടയിലേക്കു നീങ്ങിയിരുന്നു .

 

വിവിധതരം നിക്ഷേപങ്ങളുടെ ക്ലാസ്സിനിടയിൽ നാവുകഴച്ചു അളിയൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്കു പോയി. വീടിനുമുന്നിലെ വഴിയിൽ കാൽപ്പെരുമാറ്റം കൂടുന്നു . ആരൊക്കെയോ അയാളുടെ മുറ്റത്തേയ്ക്ക് കടന്നു . ക്യാമറ കണ്ടിട്ടാകണം ഭാര്യ ഒരു ഷർട്ടുമെടുത്തു ഓടി വന്നു അയാളെ ഇടീച്ചു . പത്രക്കാർ കുറച്ചധികം പേരുണ്ട്. ക്യാമറാമാൻ സതീഷിനൊപ്പമുള്ള ഗിരീഷിനെയും വിവേകിനോപ്പമുള്ള ഗോവിന്ദിനെയും ആരുടെയൊക്കെയോ ഒപ്പമുള്ള ആരെയൊക്കെയോ അയാൾ ടീവീയിൽ  കണ്ടതോർക്കുന്നു. ഫോണും പൊക്കിപ്പിടിച്ചു മറ്റുചിലരും എത്തിയിട്ടുണ്ട് . അവർ ഫോണിനെ നോക്കി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ചില ഫോണുകൾ നീളമുള്ള കമ്പിൽ പട്ടംകണക്കെ കോർത്തു നിർത്തിയിരിക്കുന്നു . ആരും പരസ്പരം സംസാരിക്കുന്നില്ല . എല്ലാവരും ഫോണിനെ നോക്കിയാണ് സംസാരിക്കുന്നത് . ചിലർ അകത്തുകയറി ഭാര്യയുടെയും പടം എടുക്കുന്നുണ്ട്. പെട്ടെന്ന് ഒരുങ്ങിയതുകൊണ്ടു കഴുത്തിൽ അധികമിരുന്ന പൗഡർ അമ്മായിയമ്മ സാരിതുമ്പുകൊണ്ട് തുടച്ചു കൊടുത്തു. മൂക്കളയൊലിപ്പിക്കുന്ന കുഞ്ഞിനേയും വെറുതെ വിട്ടില്ല. മറ്റുചിലർ പൊക്കിപിടിച്ച ഫോണുമായി അയാളുടെ അടുത്തുവന്നു പേരും ജോലിയുമൊക്കെ ചോദിച്ചു. ആരും പക്ഷെ മുഖത്തുനോക്കാത്തതെന്തുകൊണ്ടെന്നു അയാൾക്ക് മനസ്സിലായില്ല . അയാൾ മനുഷ്യൻ്റെ മുഖത്ത് നോക്കണോ ഫോണിൻ്റെ മുഖത്ത് നോക്കണോ എന്നറിയാതെ കുഴങ്ങി.

 

ചെറിയ ക്യാമറക്കാരെ തള്ളിമാറ്റി പത്രക്കാർ മുന്നിലേക്ക് വന്നു .

'മിസ്റ്റർ സുധാകരൻ, താങ്കൾ ഈ പണം എങ്ങനെ ചിലവഴിക്കാനാണ് പോകുന്നത് '

 

അളിയൻ്റെ ഉപദേശം ഓർത്തുകൊണ്ട് പറഞ്ഞു,

'ഇൻവെസ്റ്റ് ചെയ്യാനാണ് ആലോചിക്കുന്നത് '

 

'മുഴുവൻ പണമോ?'

 

അങ്ങനെയല്ലേ അളിയൻ പറഞ്ഞത് . അയാളോർത്തു .

 

'അതെ '

 

'അപ്പോൾ ഈ പണം താങ്കൾ സമൂഹനന്മക്ക് ഉപയോഗിക്കില്ല എന്നാണോ?'

 

ക്യാമറാമാൻ സതീഷിനൊപ്പമുള്ള ഗിരീഷ് തലചരിച്ചു് അയാളെ തറപ്പിച്ചുനോക്കി .

 

'കുറച്ചുതുക വേണേൽ അതിനു ഉപയോഗിക്കാം' അയാൾ സംശയിച്ചുകൊണ്ട് പറഞ്ഞു.

 

ഉത്തരം തീർന്നയുടൻ കറുത്ത നീണ്ട മൈക്കുമായി ഗിരീഷ് തിരിഞ്ഞു ക്യാമറയോട് പറഞ്ഞു,

 

'ഇതാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിൻ്റെ അവസ്ഥ. സഹജീവികൾക്ക് ഉപകാരം ചെയ്യാൻ കണക്കുനോക്കുന്നവർ . വെറുതെ കിട്ടിയ പൈസ പോലും സ്വാർത്ഥതയോടെ കൈക്കലാക്കുന്നവർ. ഒരു നേരത്തെ ആഹാരം ഇല്ലാത്ത, കിടക്കാൻ കിടപ്പാടം ഇല്ലാത്ത, രോഗികൾ നിറഞ്ഞ നമ്മുടെ സമൂഹത്തിൽ നോക്കുകുത്തി പോലെ നിൽക്കുകയാണ് മിസ്റ്റർ സുധാകരൻ. ഇവരാണ് നമ്മുടെ സമൂഹത്തിൻ്റെ ശാപം. നന്മ എന്ന വാക്കുപോലും ഇങ്ങനെയുള്ളവരുടെ നിഘണ്ടുവിലില്ല. ക്യാമറാമാൻ സതീഷിനൊപ്പം ഗിരീഷ് .' സുരേഷ് ഗോപി സിനിമയിലെ ഡയലോഗ് പോലെ തോന്നിച്ച വാക്കുകളുടെ മഴവെള്ളപ്പാച്ചിൽ തീർന്നപ്പോൾ ക്യാമറ അയാളുടെ നേർക്കുതിരിഞ്ഞു. ഒരു വിഡ്‌ഢിച്ചിരിയോടെ അയാൾ ക്യാമറയിലേക്ക് നോക്കിനിന്നു.

 

ആളുകൾ പോയും വന്നും ഇരുന്നു. വീമ്പുപറച്ചിലിനിടയിൽ ഭാര്യ അയാളെ പാടെ മറന്നുപോയിരുന്നു. ദാഹിച്ചു വലഞ്ഞു പടിയിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ മൊയ്തു അരക്കാലും തൂക്കി ഗേറ്റ്കടന്നുവന്നു.

 

'താനെന്തു കുന്തമാണ്‌ പത്രക്കാരോട് പറഞ്ഞത്. ആളുകളാകെ ഇളകിയിരിക്കുവാണ്. പാവങ്ങൾക്ക് ഉപകാരം ചെയ്താൽ നന്മ കിട്ടുമെങ്കിൽ താൻ കുറച്ചു ചിലവാക്കെടോ. ഇത്രേം പൈസയില്ലേ കൈയിൽ.'

 

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായി ഉത്തരം പറയുന്നതിനു മുൻപ് തന്നെ പൊക്കിയ ഫോണുകളുമായി പിന്നെയും കുറേപേർ വന്നു. തലചരിച്ചു അവർ ഫോണിനോടായി ക്ഷോഭിച് എന്തൊക്കെയോ പറയുന്നുണ്ട്.

'കണ്ണിൽച്ചോര വേണം ചേട്ടാ. കിട്ടിയതൊന്നും കൊണ്ട് പോകാൻ പറ്റൂല .'

 

'ചാകുമ്പോ വെള്ളം തരാൻ ആരും കാണില്ല ഇങ്ങനെയുള്ളവന്മാർക്ക്.'

 

 ഞാനും കൂടെ ഫോണിൽ കാണുന്ന വിധത്തിൽ എല്ലാവരും മുന്നിൽ തന്നെ വന്നുനിൽക്കുന്നുണ്ട്. അവർക്കിടയിലൂടെ ഒരുവിധത്തിൽ മൊയ്തു എന്റെയടുത്തെത്തി എന്നെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി.

 

'നമുക്ക് കിട്ടിയ കാശ് നമ്മളെന്തിന് വല്ലവന്മാർക്കും കൊടുക്കണം. ഇവന്മാരൊക്കെ ആരാ ' ഭാര്യ ക്ഷോഭിച്ചു .

 

'ഇപ്പൊ ഇങ്ങനൊക്കെയാണ് ചേച്ചി. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും വിളിച്ചുപറയുന്ന കൊറേയവന്മാർ. സ്വന്തം തന്തേം തള്ളേം നോക്കാത്തവന്മാരാകും ഇവനൊക്കെ . അവന്മാർക്ക് വൈറൽ ആവാനുള്ള തന്ത്രങ്ങൾ '. 

അളിയൻ പുതുലോകത്തിൻ്റെ രീതികൾ പറഞ്ഞുകൊടുത്തു.

 

സംഭാഷണം നടക്കുന്നതിൻ്റെ ഇടക്കെപ്പോഴോ അയാൾ മുറിയിൽ കയറി കട്ടിലിൽ കിടന്നു. സമൂഹനന്മ, സഹായഹസ്തം, കുറച്ചു പുതിയ ഇടപാടുകൾ പഠിച്ചു. കാക്കകൾ ഉറങ്ങിക്കാണും . അയാൾ കണ്ണുമിഴിച്ചു ഉത്തരത്തിൽ നോക്കിക്കിടന്നു .

 

വെളിച്ചം വീണുതുടങ്ങിയപ്പോൾ തന്നെ അയാൾ എഴുന്നേറ്റു. കുളിച്ചു് പ്രഭാതകർമങ്ങൾ കഴിഞ്ഞു നനച്ചതും പക്ഷെ തേക്കാത്തതും ആയ ഷർട്ടിട്ടു തയ്യാറായി. അലമാരയിൽ വച്ചിരുന്ന ലോട്ടറി ടിക്കറ്റ് എടുത്തു പോക്കറ്റിലിട്ടു. തോട്ടിൽ എറിഞ്ഞതിൽ വെള്ളത്തിൽ വീഴാതെ തോട്ടിനരികിലെ പുല്ലിൽ കിടന്ന ഒരു ചെറിയ ബ്രഷ് അയാൾ ഭാര്യ കാണാതെ കണ്ണാടിക്കു പിന്നിൽ ഒളുപ്പിച്ചിരുന്നു. അതെടുത്തു പോക്കറ്റിൽ ടിക്കറ്റിനടുത്തായിയിട്ട്  വാതിൽ തുറന്ന് പടിയിൽ വന്നിരുന്നു. അകത്തുനിന്നും അമ്മായിയച്ഛൻ്റെ കൂർക്കംവലി താളത്തിൽ മുഴങ്ങികേൾക്കുന്നുണ്ട്. വെളിച്ചം നല്ലോണം പരന്നു. മുറ്റത്തുനിറയെ ചെളിയിൽ പതിഞ്ഞ കാൽപ്പാടുകൾ, പല വലിപ്പത്തിൽ പല ആകൃതിയിൽ. കാക്കകളുടെ നേരിയ ബഹളം കേട്ടുതുടങ്ങി. ഭാര്യ പാൽചായയുമായിവന്നു.

 

'ആ ചന്ദനനിറത്തിലുള്ള ഷർട്ട് മതിയാർന്നു. അതാണ് ക്യാമറയിൽ ഭംഗി '

 

അവർ അടുക്കളയിലേക്കുപോയി .

 

അയാൾ ചായയെടുത്തു ഇടത്തേകൈയിൽ പിടിച്ചു. പോക്കറ്റിൽ നിന്ന് ടിക്കറ്റെടുത്ത് വലത്തേ കൈയിലും. ടിക്കറ്റ് ചായയിൽ നല്ലോണം കുതിർത്തെടുത്തു. പൊടിഞ്ഞുപോകുന്നതിനു മുൻപ് ചായ താഴെവച്ചു്, ടിക്കറ്റ് കഷ്ണങ്ങളായി മുറിച്ചു. കാക്കകളുടെ ബഹളം കൂടി. അയാൾ അവയെ നോക്കി ചെളിയുടെ മുകളിലേക്ക് ആ കഷ്ണങ്ങൾ എറിഞ്ഞുകൊടുത്തു. നാനാഭാഗത്തുനിന്നും കാക്കകൾ ആർത്തിയോടെ പറന്നെത്തി കഷ്ണങ്ങൾക്കായി കൊത്തുകൂടുന്നത് നോക്കി അയാൾ കുനിഞ്ഞിരുന്നു.