Skip to main content
Srishti-2022   >>  Short Story - Malayalam   >>  രക്ത - 'ബന്ധന'ങ്ങളുടെ നവരസങ്ങൾ

Meera Radhakrishnan

UST Global

രക്ത - 'ബന്ധന'ങ്ങളുടെ നവരസങ്ങൾ

രക്ത - 'ബന്ധന'ങ്ങളുടെ നവരസങ്ങൾ

 

 

ഹാസ്യം

 

തൂണിലും തുരുമ്പിലും പ്രാർഥനകളും മുറജപങ്ങളും മുഖരിച്ചുകൊണ്ടിരിക്കുന്നു. ഡെറ്റോൾ മണം മൂക്കിൻത്തുമ്പിലൂടെ ഇരച്ചു കയറിയിട്ടും വികാരനിർഭരരായി വഴിയേ പോകുന്നവരെയും വരുന്നവരെയും തങ്ങളുടെ ദയനീയത നിഴലിച്ച മുഖം ആകാംക്ഷയോടെ പൊന്തിച്ചുനോക്കി. ആസ്പത്രി!

 

ലേബർറൂമിന്റെ കവാടത്തിനരികെ വല്യമ്മമാരുൾപ്പടെ തടിച്ചു കൂടിയിട്ടുണ്ട്.കുടുംബത്തിലെ ഇളമുറ സന്തതിപരമ്പരയുടെ കന്നി വസന്തത്തെ കൈനീട്ടി വാങ്ങാൻ എത്തിയതാണ്. "ള്ളേ ...ള്ളേ.." കരച്ചിൽ കേട്ട് അതിയായ ആകാംക്ഷയിൽ അവർ ചില്ലുകൂട്ടിലൂടെ ഏറുകണ്ണിട്ടുനോക്കി.അതാ നേഴ്സ് ആ ചോരക്കുഞ്ഞിനെ കവാടം തുറന്നു എടുത്തുകൊണ്ടു വന്നെത്തി. "ലക്ഷ്മിക്ക് സുഖപ്രസവമാണ്. നല്ല ചുന്ദരി പെൺകുട്ടി.." പൊടുന്നനെ ആകാംക്ഷ മൂത്തിരുന്ന വല്യമ്മമാരുടെ മുഖത്തെ പുച്ഛഭാവവും, നീട്ടാൻ ഒരുങ്ങിയ കൈകളുടെ പിൻവലിവുമെല്ലാം ഇനിയും തുടയ്ക്കാൻ വിട്ടുപോയ ആ ചോരക്കുഞ്ഞിൻറെ കുഞ്ഞിക്കാലിൽ പറ്റിപ്പിടിച്ച ഒരു തുള്ളി രക്തം - പുച്ഛിച്ചു തള്ളപ്പെട്ട ഹാസ്യം എന്ന ഭാവത്തിൻറെ പ്രതീകമായി തൻറെ ജൈത്രയാത്ര ആരംഭിച്ചു.

 

അത്ഭുതം

 

"അമ്മേടെ അമ്മുക്കുട്ടി പിച്ച പിച്ച നടന്നേ.."

 

അമ്മുക്കുട്ടിയെ നടത്താൻ കിണഞ്ഞു പരിശ്രമിക്കുക ആണ് ലക്ഷ്മി. ഒന്നര വയസ്സായി.ഈ പ്രായത്തിലുള്ളവരൊക്കെ ഓടിക്കളിക്കുന്നു എന്നാണു ലക്ഷ്മിയുടെ പരിഭവം. പെൺകുഞ്ഞു ആയതുകൊണ്ടാവാം ആരും ആ പരിഭവം ഗൗനിക്കുന്നതേയില്ല. രണ്ടും കൽപ്പിച്ചു അവൾ പടിവാതിൽക്കൽ തൊട്ടു നടത്തിക്കുകയാണ്. 'പ്ധിം'! "അയ്യോ മോളെ.." ലക്ഷ്മി ഓടിവന്നപ്പോഴേക്കും കുഞ്ഞിക്കൈ എവിടെയോ താങ്ങി എണീറ്റ് ദേ പിച്ച പിച്ച വരുന്നു. അമ്മുക്കുട്ടി അവളുടെ കാൽമുട്ടിലെ മുറിപ്പാടിൽ ഒളിച്ചിരുന്ന പൊടിച്ചോര തോണ്ടിയെടുത്തു അത്ഭുതം കൂറി ലക്ഷ്മിയെ എടുത്തു കാട്ടിയപ്പോൾ ആ പൊടി ചോരയുടെ അത്ഭുതമെന്ന വേഷവും രംഗമൊഴിഞ്ഞു.

 

 

ഭയാനകം

 

ലക്ഷ്മിയുടെ പരാതികൾ അപ്പാടെ അമ്മുക്കുട്ടി അങ്ങ് തീർപ്പുകല്പിച്ചു. ഇപ്പൊ ആള് ഒരിടത്തു അടങ്ങാണ്ടായിരിക്കുന്നു

 

"അമ്മുക്കുട്ടീ..ശോ എവിടേ എന്റെ കുട്ടി, പറമ്പിലൊന്നും ഇങ്ങനെ കളിക്കല്ലേ. ഇങ്ങു വായോ.."

 

പൊടുന്നനെ നിലവിളിച്ചു ഓടിയെത്തിയ അമ്മുക്കുട്ടി കാലിലെ മുറിവ് കാട്ടി വാവിട്ടു കരച്ചിലായി. ഇക്കുറി ഭയപ്പാടിന്റെ വേഷമണിഞ്ഞു വന്ന ആ ചോരത്തുള്ളികൾ ലക്ഷ്മിയെ ഭീതിയിലാഴ്ത്തി.

 

"ഈശ്വരാ.. എന്താ ഈ കാണണെ.. കണ്ടിട്ട് പാമ്പിൻറെ ആണെന്ന് തോന്നുന്നല്ലോ. ആരേലും ഒന്ന് ഓടി വരണേ".

 

 

നിലവിളി കേട്ട് ഓടിക്കൂടിയ ജനം തിരക്കിട്ടു അവരെ ആസ്പത്രിയിലെത്തിച്ചു.ഏതോ വീഴചയിൽ പറ്റിയ ഒരു നിസ്സാര പരിക്കാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചപ്പോൾ മാത്രമാണ് ലക്ഷ്മിയുടെ ശ്വാസം നേരെ വീണത്.

 

ബീഭത്സം

 

കാലചക്രം ഉരുണ്ടു നീങ്ങി.

 

"അമ്മെ ദെ ചോരാ.."

 

കുളിമുറിയിൽ നിന്നും അമ്മുക്കുട്ടിയാണ്. ലക്ഷ്മി ഓടിച്ചെന്നു.എന്നിട്ടു ഉള്ളിലെ ആന്തലുകളൊന്നും പുറത്തു കാട്ടാതെ ഒരു പുഞ്ചിരി ഒട്ടിച്ചു പുറത്തു വന്നു ടെലിഫോൺ എടുത്തു ആരെയൊക്കെയോ വിളിക്കുന്നു. ഏതാനം മണിക്കൂറിനുള്ളിൽ എത്തിച്ചേർന്നവർ ഒരു ചടങ്ങിന് എന്നവണ്ണം ഓരോ ലഡ്ഡുവും ജിലേബിയും അമ്മുക്കുട്ടിക്ക് നീട്ടി. കാരണവർ ആണ് സമ്മാനിച്ചത്. പരിഹാസം ഉണ്ടെങ്കിലും, കാരണവർ സ്ഥാനം ആർക്കും വിട്ടുകൊടുക്കാൻ തയാറാവാത്ത കൂട്ടങ്ങൾ. സംഭവം എന്താണെന്ന് മനസിലാവാതെ അന്തം വിട്ടു നിന്ന അമ്മുക്കുട്ടിയോടു ഒരു കാരണവർ പറഞ്ഞു.

 

 

 

"അമ്മുക്കുട്ടി ഇനി കുട്ടി അല്ല ട്ടോ. ഇപ്പോ വല്യ പെൺകുട്ടിയാണ്. ഇനി കുട്ടിക്കളി ഒന്നും വേണ്ട."

 

"ങേഹേ..ങേഹേ..ഞാൻ കുട്ടി തന്നെയാ.!"

 

അമ്മു ചിണുങ്ങി കൊണ്ട് കാരണവർക്ക് രണ്ടു ഇടിയും കൊടുത്തു ഓടിമറഞ്ഞു.പെട്ടെന്നായിരുന്നു ആ ആക്രോശം!

 

"ഹയ്,എന്താ ഈ കുട്ടി കാട്ടിയെ.? തൊട്ടു തീണ്ടി എല്ലാം അശുദ്ധമാക്കീല്ലോ. എന്താ ലക്ഷ്മി നാലാം പക്കം വരെ ഒരു മുറീന്ന് അനങ്ങാൻ പാടില്ലാന്നു ഇവൾക്ക് പറഞ്ഞു കൊടുത്തില്ലേ നീയ്?"

 

ഈ ആക്രോശം കേട്ട് കിടുകിടാ വിറച്ച അമ്മുക്കുട്ടി ആദ്യമായി ആ രക്തത്തിന്റെ ബീഭത്സവേഷം അടുത്തുകണ്ടു.

 

കരുണം

 

അമ്മുവിൻറെ ജീവിതത്താളുകൾ പിന്നെയും മറിഞ്ഞു മറിഞ്ഞു കൗമാരത്തിലെത്തിനിന്നു.ബഹുമിടുക്കിയാണ് പഠിക്കാൻ. പെൺകുട്ടി ആയതിൻറെ പേരിൽ കുടുംബത്തിൽ നിന്നും തങ്ങൾ ഇറക്കപ്പെട്ടു വാടകവീട്ടിലായിട്ടു ഇന്നേക്ക് 20 വര്ഷം.

 

നിസ്സഹായ അവസ്ഥയുടെ ഭാവങ്ങൾ പലതും കണ്ടത് കൊണ്ടാവണം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പലതിലും സജീവമാണ്. ഈയടുത്തു സ്കൂൾബസ് മറിഞ്ഞു പരിക്കേറ്റ കുട്ടികൾക്ക് അടിയന്തിരമായി രക്തദാനം ചെയ്യാൻ മുന്നിട്ടിറങ്ങിയത് അതുകൊണ്ടാവണം. കാരണം ആ സിറിഞ്ചിലെ അവളുടെ രക്തം കാരുണ്യത്തിന്റെ പ്രതീകമായിരുന്നു.

 

 

ശൃംഗാരം

 

ആസ്പത്രിയിൽ നിന്നും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ തന്നെ പണ്ട് ആക്രോശിച്ച കാരണവരെ കണ്ടു എന്തോ പന്തികേട് അവൾ മണത്തു.പെണ്ണുകാണൽ തന്നെ.! കാരണവർ എല്ലാം പറഞ്ഞുറപ്പിച്ചു വന്നിരിക്കുകയാണ്. ആർക്കും ചോദ്യവുമില്ല, പറച്ചിലുമില്ല. ചെറുക്കനെ നേരെ കണ്ടത് പോലും അവൾ ഓർക്കുന്നില്ല.നിശ്ചയം ആയി, സാരി എടുക്കുന്നു, സ്വർണം എടുക്കുന്നു, കുറി അടിക്കുന്നു,ക്ഷണിക്കുന്നു,. കോലാഹലം തന്നെ.

 

ആരും അവളുടെ കാര്യം അന്വേഷിക്കുന്നേയില്ല.അന്വേഷിക്കാത്തത് അല്ല, നാവു പൊന്തിക്കാൻ ഭയമാണ് എല്ലാവര്ക്കും എന്നതാണ് സത്യാവസ്ഥ.

 

അങ്ങിനെ കാരണവർ കൂട്ടിയടിച്ചു പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിന്റെ പേരിൽ ആ കല്യാണം ഗംഭീരമായി പൊടിപൊടിച്ചു.

 

"എത്ര പെട്ടെന്നാണ് താൻ ഒരു ഭാര്യ ആയത് !?" അവളുടെ ഉള്ളിലെ ആന്തൽ കത്തിപടർന്നു.

 

രണ്ടുനാൾ കഴിഞ്ഞു ആവേശത്തോടെ വീട്ടിൽ പോകാനൊരുങ്ങുമ്പോൾ കിടക്കയിലാണ്ടുപോയ രണ്ടു ചോരത്തുള്ളികൾ ശൃംഗാര ഭാവത്തോടെ അവളെ നോക്കിയപ്പോൾ , ഒറ്റ രാത്രികൊണ്ട് തന്റെ കന്യകാത്വം പിച്ചിച്ചീന്തിയതിന്റെ അവശേഷിപ്പ് ആണല്ലോ എന്ന് നിസ്സഹായയായി ഓർത്തെടുത്തു കൊണ്ട് ആ ശൃംഗാര ഭാവത്തെ ഒരു ഞെട്ടലോടെ അവഗണിച്ചു മുഖം വെട്ടിതിരിച്ചുകൊണ്ട് നടന്നകന്നു. അപ്പോഴും ആ ഭാവം അവളെ നോക്കി ഊറിച്ചിരിച്ചുകൊണ്ടിരുന്നു.

 

 

രൗദ്രം

 

അടുക്കി വെച്ച ബാഗുമായി വീട്ടിൽപോകുന്ന സന്തോഷത്തിൽ മുറിക്കു പുറത്തെത്തിയപ്പോൾ ചോദ്യചിഹ്നമായി നിൽക്കുന്ന ഭർതൃ വീട്ടുകാരെ കണ്ടു തെല്ലു അന്ധാളിച്ചു. കാര്യമെന്തെന്നു ആരാഞ്ഞപ്പോൾ

 

"സ്ത്രീധനം കിട്ടാനുള്ളത് ഇനിയും ഉണ്ടല്ലോ, അത് വേഗം എത്തിക്കാൻ വീട്ടിൽ വിളിച്ചു പറ, എന്നിട്ട് മതി അവളുടെ വീട്ടിൽ പോക്ക്"

 

എന്ന് പറഞ്ഞു പാഞ്ഞടുത്തു.

 

പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ നിശബ്ദ പീഡനങ്ങളിൽ നിന്നും ശബ്ദ പീഡനങ്ങളിലേക്കുള്ള നരകയാത്ര ആയിരുന്നു. ഈ യാത്രയിൽ അമ്മുവിനും മാതാപിതാക്കളെയും വെച്ച് കച്ചവടം പറഞ്ഞുറപ്പിച്ച കാരണവരുടെ പൊടി പോലും ആ ഏഴയലത്തു കണ്ടില്ല. പിന്നീടുള്ള ശബ്ദ പീഡനങ്ങൾ അവൾ വീട്ടിൽ പറയാതായി.എന്തിനാണ് മാതാപിതാക്കളെ സങ്കടപ്പെടുത്തുന്നത് എന്ന കരുതി ആവണം. എല്ലാം ഒന്നും മിണ്ടാതെ ഒരു മൂലക്ക് സഹിച്ചു ദിനരാത്രങ്ങൾ തള്ളി നീക്കി.

 

എന്നാൽ ഒരിക്കൽ ഇതേ കാര്യത്തിന്റെ പേരിൽ നിഷ്കരുണം ഭർതൃവീട്ടുകാർ അവളെ തള്ളിയിട്ടപ്പോൾ പക്ഷെ അവിടെ പൊലിഞ്ഞു പോയത് ഒരു ജീവനായിരുന്നു! രക്തം വാർന്നു ഗർഭം അലസി ചുവരിലെ ഒരു മൂലക്ക് തളർന്നു കിടക്കുമ്പോൾ പാതി അടഞ്ഞ കണ്ണിൽ അവൾ കണ്ടു അവളുടെ വാർന്നൊലിച്ച രക്തം രൗദ്ര ഭാവത്തിന്റെ അവശിഷ്ടമായി തളം കെട്ടി കിടക്കുന്നത്.

 

 

വീരം

 

നരകയാതനകൾ ലവലേശം കുറയാതെ കാലം കഴിയുംതോറും അവൾക്ക് കൂടുന്നതായി തോന്നി തുടങ്ങി. ആവതിയില്ലാത്ത നിസഹായരായ മാതാപിതാക്കളെ ഓർത്തു മാത്രം തള്ളി നീക്കിയ ജീവിതം പക്ഷെ ഒരു വലിയ പടുകുഴിയിൽ ചെന്നെത്തിയപോലെ അവൾക്ക് തോന്നി. വീട്ടുതടങ്കലിലായ തനിക്ക് നേരാംവണ്ണം ഭക്ഷിക്കാൻ കൂടി കിട്ടാതായപ്പോൾ അവൾക്ക് ജീവിതയാത്രയുടെ മറ്റേഅറ്റം അടുത്ത് കാണാൻ കഴിഞ്ഞു തുടങ്ങി.

 

പൊടുന്നനെ അവൾ സ്തബ്ധനായി അല്പനേരം അങ്ങനെ നിന്ന് ചിന്തിച്ചു.

 

"ഏതായാലും ഞാനെന്ന പാഴ്‌മരം ഇന്നോ നാളെയോ ഒടിഞ്ഞു വീഴും, പിന്നെ എന്തിനു ഞാൻ ഇവർക്ക് മഴു എടുത്തു വെട്ടി വീഴ്ത്താൻ വേണ്ടി കാത്തിരുന്നു അവസരം കൊടുക്കണം?"

 

അടുത്ത് കണ്ട മൂർച്ചയേറിയ വസ്തുകൊണ്ട് കൈത്തണ്ടയിൽ വരഞ്ഞപ്പോഴും അതിൽ നിന്നും വാർന്നൊലിചിറങ്ങുന്ന രക്തം കണ്മുന്നിൽ കണ്ടിട്ടും അവൾക്ക് എന്തെന്നില്ലാത്ത, ഇതുവരെയുമില്ലാത്ത ഒരു ശൗര്യമായിരുന്നു. ആ രക്തതുള്ളികൾ വീര ഭാവത്തിൽ തളം കെട്ടികിടക്കുന്നപോലെ അവൾക്ക് തോന്നി.

 

 

ശാന്തം

 

അങ്ങിനെ ഒരു പാഴ്ജന്മമെന്ന് മുദ്ര കുത്തപ്പെട്ട ആ സാധു കടപുഴകി വീണപ്പോഴും മുക്കിളിലൊരാൾ എവിടെ നിന്നോ പുഞ്ചിരിച്ചുകൊണ്ട് മന്ത്രിച്ചു..

 

"ഇത് നിന്റെ മോചനമാണ് കുട്ടീ .."

 

അവൾ ഉയർന്നുപൊന്തിയ തന്റെ മോചനയാത്രയുടെ പാതിവഴിയിൽ നിന്ന് പിന്തിരിഞ്ഞൊന്നു നോക്കിയപ്പോൾ വാർന്നൊലിച്ച ആ ചോരക്കളം തികച്ചും ഇപ്പോൾ ശാന്തമായിരുന്നു. കാരണം ആ രക്തചോല ഇപ്പോൾ ശാന്ത ഭാവത്തിനുടമയായി പരിണമിച്ചു കഴിഞ്ഞിരുന്നു. എന്തെന്നാൽ അവയും ഇപ്പോൾ മോചനയാത്രയിൽ ആണ് - രക്തത്തുള്ളിയുടെ ജൈത്രയാത്ര ഇവിടെ പര്യവസാനിക്കുമ്പോൾ നവരസങ്ങളുടെ അവസാന വേഷമായ ശാന്തവും അരങ്ങൊഴിയുകയാണ്.!