Skip to main content
Srishti-2022   >>  Poem - Malayalam   >>  നീ"തീയാകുക"

നീ"തീയാകുക"

ചിന്തയുടെ മഴുമുന കൊണ്ട് മുറിഞ്ഞവൾ 

 

ഒരു കുമ്പസാരം കഴിഞ്ഞിറങ്ങയാണ് 

 

നെറ്റിത്തടം തൊട്ടിറങ്ങിയ വിയർപ്പിന് 

 

വിപ്ലവത്തിന്റെ രുചിയായിരുന്നോ ?

 

നെഞ്ചിൽ നെരിപ്പോടുമായവൾ നിന്നു 

 

കൈവിലങ്ങിൽ കുരുങ്ങി എല്ലുകൾ ഞെരിഞ്ഞു 

 

ചേർന്ന് നിന്ന ജീവന്റെ ചൂടേറ്റ് 

 

രോമകൂപങ്ങൾ തളർന്നു താഴ്ന്നു 

 

തുന്നിക്കെട്ടി വെള്ള പുതച്ച മാംസം 

 

മുന്നിലിറക്കി വെച്ചേരമവൾ കാറിത്തുപ്പി 

 

അങ്ങിങ്ങു പറ്റിയ ചോരക്കണങ്ങളിൽ 

 

കൂരമ്പുകണ്ണുകൾ ആഴ്ന്നിറങ്ങി 

 

തെക്കേ മൂലക്കാറടി മണ്ണിൽ മൂടി 

 

തിരികെ നോക്കാതെ നടന്നവൾ 

 

മുഷിഞ്ഞ ചേലത്തുമ്പിൽ പിടിച്ച 

 

കുഞ്ഞു വിരലിന്റെ വിറയലവൾ അറിഞ്ഞു

 

ആത്മനിന്ദയാൽ ചിതയൊരുക്കി 

 

അതിൽ സ്വയം വെണ്ണീറാകാൻ

 

അരുതെന്നവൾ സ്വയം വിലക്കി 

 

നാളെയാണ് വെളുപിനെ നാലിനാണ് 

 

പോകയാണ് മറുജന്മത്തിനായ് 

 

അയാൾ തീണ്ടിയ ദേഹം പൊള്ളുന്നു 

 

കൂടെ കിടന്നോനെ കീറി മുറിച്ചു 

 

അമ്മ വളർന്നു പോയി അവളിലെ ഭാര്യയെക്കാൾ 

 

പറയണം ഒടുവിലത്തെ മോഹവും കുഞ്ഞേ 

 

"ഒരു മഞ്ഞപത്രത്തിലെന്റെ കുട്ട്യേ 

 

നിന്നെ പിച്ചിച്ചീന്തി അച്ചടിപ്പിക്കല്ലേ 

 

അങ്ങനെ ഒരുവനിനി വന്നാൽ 

 

നീ"തീയാവുക" അമ്മയെപ്പോലെ"

 

ചോര കല്ലിച്ച നെറുകിൽ ചുംബിച്ചു 

 

മൂകമായ് യാത്ര ചോദിച്ചവർ 

 

കാക്കിയിട്ട കാവലാൾക്കൊപ്പം 

 

മടക്കമില്ലാതവൾ പോകയായി 

 

വെളുത്ത പെറ്റിക്കോട്ട് കൺമറയും വരെ 

 

ചളി പുതച്ചു മണ്ണിൽ വേച്ചു വെച്ചവൾ 

 

നീ"തീയാവാൻ" നടന്നകന്നു 

 

-മിഴി