Skip to main content
Srishti-2022   >>  Short Story - Malayalam   >>  ന്യൂജെൻ

ന്യൂജെൻ

ന്യൂജെൻ 

മിസ്സിസ്മേനോൻ്റെ ഹസ്ബന്ൻ്റ് മരിച്ചു. മൈത്രി റെസിഡൻസ്അസ്സോസിയേഷൻ്റെ ജീവനാഡി ആയിരുന്നു മേനോൻ സർ. ഉയർന്ന ഉദ്യോഗത്തിൽ നിന്നു വിരമിച്ചതിനു ശേഷം അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മേനോൻസാർ. രണ്ടു മക്കളും യുഎസിലും ജർമനിയിലുമായി കുടുംബസമേതം സെറ്റിൽഡ്ആണ്.

അസോസിയേഷൻ ഭാരവാഹികൾ അടിയന്തരയോഗം ചേർന്നു. മേനോൻസാറിന്ഒരു ഗംഭീര വിടവാങ്ങൽ തന്നെ കൊടുക്കണം. നമ്മുടെ അസ്സോസിയേഷൻ്റെ പ്രസ്റ്റീജ്ഇഷ്യൂ ആണ് - അണ്ടർ സെക്രട്ടറി ജോൺ അലക്സാണ്ടർ അഭിപ്രായപ്പെട്ടു. മരണാനന്തര ചടങ്ങുകൾ അസോസിയേഷൻ സ്പോൺസർ ചെയ്യാം -  രിട്ടയെർഡ് ഡ്ഡെപ്യൂട്ടി കളക്ടർ ചെറിയാൻ തൻ്റെ ഐഡിയ മുന്നോട്ടുവച്ചു. എന്തായാലും നമുക്ക്ഒരു വമ്പൻ അനുസ്മരണസമ്മേളനം വയ്ക്കണം - സ്ഥലത്തെ പൊതുകാര്യ പ്രസക്തനും ഭാവിയിൽ ഒരു MLA  ആകാനും സാധ്യതയുള്ള ഷാജി മേലേക്കാട്  തൻ്റെ നയം വ്യക്തമാക്കി. ഇത്രയുമായ സ്ഥിതിക്ക് വരുന്ന വിമൻസ് ക്ലബ് മീറ്റിംഗിൽ ഞങ്ങൾ ഏറ്റവും സക്സെസ്സ്ഫുൾ ആയ വനിതയ്ക്കു നൽകുന്ന ട്രോഫിയുടെ പേര്മേനോൻ മെമ്മോറിയൽ ട്രോഫി എന്നാക്കും - സ്ഥലത്തെ വിമൻസ്ക്ലബ്സെക്രട്ടറി മേരി പൗലോസ്പ്രഖ്യാപിച്ചു.

മേനോൻസാറിൻ്റെ വീട്ടിൽ ദുഃഖം തളംകെട്ടിനിന്നു. മരണ വാർത്ത അറിഞ്ഞു ആൾക്കാർ എത്തിക്കൊണ്ടിരിക്കുന്നു. പലരും പല ഗ്രൂപ്പുകളായി തിരിഞ്ഞു മേനോൻസാറിൻ്റെ മരണം ഈലോകത്തിനു വരുത്തിയ വലിയ നഷ്ടത്തെപ്പറ്റി വാചാലരായിക്കൊണ്ടിരുന്നു.

"എന്തു നല്ല മനുഷ്യനായിരുന്നു...ഇത്രവേഗം ആകുമെന്ന്കരുതിയില്ല" ചിലർ നെടുവീർപ്പിട്ടു.

"നല്ല മനുഷ്യരെ ദൈവം നേരത്തേ വിളിക്കും" മറ്റുചിലർ തത്വചിന്തകരായി.

കുറച്ചു കഴിഞ്ഞപ്പോൾ മൃതദേഹത്തിൻ്റെ അടുത്തായി ആരോ ഒരാൾ ഒരു ലാപ്ടോപ്പ്കൊണ്ടുവച്ചു.

"ഇതെന്തിനാ" ആരോചോദിച്ചു

"മക്കൾ രണ്ടു പേർക്കും വരാനൊക്കത്തില്ല..ഒരാൾക്ക് ലീവില്ല, മറ്റേയാൾക്ക്എന്തോ പ്രൊജക്റ്റ്തിരക്കാണ്"

"അയ്യോ...മക്കളില്ലാതെ...അതെങ്ങനെശെരിയാവും?"

"ഇത്ഐടിയുഗമല്ലേ? ഇവിടെ നടക്കുന്ന ചടങ്ങുകൾ അവർ അവിടെയിരുന്നു ലൈവായികാണും. ഇപ്പൊ മരണം പോലും ന്യൂജൻ അല്ലേ"

ഇത്കേട്ട്മൂക്കത്തു വിരൽവച്ചു നിന്ന ആൾക്കാരെ നോക്കി അയാൾ സ്വയം പരിചയപ്പെടുത്തി. "ഞാൻ ഈ മരണം കവർ ചെയ്യുന്ന ഇവൻറ്മാനേജ്മെൻറ്കമ്പനിയുടെ മാനേജർ ആണ്. മക്കൾ ഞങ്ങളെ കോൺടാക്ട്ചെയ്തായിരുന്നു. ഒന്നിനും ഒരു കുറവും ഉണ്ടാകരുതെന്ന്പറഞ്ഞിരുന്നു. ഇത്ഞങ്ങളുടെ ഒരു പ്രീമിയം കസ്റ്റമർ ആണ്" ഇത്രയും പറഞ്ഞു അയാൾ അയാളുടെ ജോലിത്തിരക്കിൽ വ്യാപൃതനായി.

ആൾക്കാരുടെ ചർച്ച പുതിയ കാലത്തെക്കുറിച്ചും ന്യൂജൻ ഇവൻറ്മാനേജ്മെൻ്റ്  രീതികളെക്കുറിച്ചും വഴിമാറി. ചിലർ മക്കളുടെ ജോലിത്തിരക്കിനെ ന്യായീകരിച്ചപ്പോൾ മറ്റു ചിലർ ഇത്കാലത്തിൻ്റെ അനിവാര്യതയാണെന്നു വിലയിരുത്തി.

ഇതിനിടയിൽ ലാപ്ടോപ്പ്ഓൺ ആയി. സ്ക്രീനിൽ യുഎസിലുള്ള മകനും ജർമ്മനിയിലുള്ള മകളും പ്രത്യക്ഷരായി.

"സീ യുവർ ഗ്രാൻഡ് പാ റെസ്റ്റിങ് ഇൻ പീസ്" - മകൻ തൻ്റെ ആറു വയസുള്ള മോൾക്ക് മുത്തശ്ശനെ കാട്ടിക്കൊടുത്തു. അവൾ സ്ക്രീനിലേക്ക്ഒന്ന്നോക്കിയിട്ടു വീഡിയോ ഗെയിമിൻ്റെ ബാക്കി കളിച്ചു തീർക്കാനായി ഓടി.

കുഞ്ഞുമോളെ സ്ക്രീനിൽ കണ്ട മിസ്സിസ്മേനോൻ്റെ മുഖം ഒന്നു വിടർന്നുവാടി.

"മോം...ബീ ഓൾറൈട് ഓകെ? മൈൻഡ് യുവർ ഹെൽത്ത്. യുവർ ബിപി ലെവൽ ഈസ് വെരി ബാഡ്" ഡോക്ടറായ മകൾ അമ്മയുടെ ആരോഗ്യത്തിലുള്ള ഉൽക്കണ്ഠ അറിയിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ അമ്മ ലാപ്ടോപ്പ്സ്ക്രീനിലേക്ക് നിർവികാരതയോടെ നോക്കി.

പുറത്തു ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ് "മക്കൾ എത്താത്ത സ്ഥിതിക്ക്ഇനി ഇപ്പൊ കർമങ്ങളൊക്കെ ആരാണാവോ?"

"അവരുടെ ബന്ധത്തിൽ പെട്ട ഒരു പയ്യനുണ്ട്. മേനോൻ സാറാ പഠിപ്പിച്ചതൊക്കെ. അവനാ ചെയ്യുന്നേ"

അസ്സോസിയേഷൻ്റെ പേരിലായും മറ്റും കുറേ റീത്തുകൾ ശവശരീരത്തിൽ നിറഞ്ഞു. ശവശരീരം പറമ്പിലേക്കെടുത്തപ്പോൾ മക്കൾ ലോഗോഫ് ചെയ്തു. ഇവൻറ്മാനേജർ ലാപ്ടോപ്പ് മടക്കിയെടുത്തു ധൃതിയിൽ ഇറങ്ങി.

"ഒരു മാര്യേജ്റിസപ്ഷൻ ഉണ്ടേ..ഞങ്ങളാ മാനേജ്ചെയ്യുന്നേ..ഞങ്ങളുടെ ഒരാൾ ഇന്ന്മുഴുവൻ ഇവിടെ ഉണ്ടാവും. അതിനും കൂടി ചേർത്ത്മക്കൾ പണം അടച്ചിട്ടുണ്ട്" അയാൾ വേഗം അടുത്ത സ്ഥലത്തേക്ക് യാത്രയായി.

"എന്നാ പിന്നെ ഞങ്ങളും അങ്ങ്ഇറങ്ങിയേക്കുവാ...ഈ പറഞ്ഞ മാര്യേജ്റിസപ്ഷനിൽ ഞങ്ങൾക്കും പങ്കെടുക്കാനുള്ളതാ" ഭാരവാഹികൾ അവരുടെ ഭാഗം ഭംഗിയായി എന്ന ചാരിതാർഥ്യത്തിൽ മടങ്ങിപ്പോയി.
 

വീട്ക്രമേണ ആളൊഴിഞ്ഞു വന്നു. ഒടുവിൽ മിസ്സിസ്മേനോൻ മാത്രം ബാക്കിയായി.ഇനി കരയാൻപോലും ശേഷിയില്ലാത്ത അവർ ജനാലയിലൂടെ പറമ്പിലേക്ക് നോക്കി. മേനോൻ സാറും താനും ഒരുമിച്ചു നടന്ന ആ പറമ്പിൻ്റെ ഒരറ്റത്തായി കത്തിയണഞ്ഞ ചിത..വേച്ചു വേച്ച്അവർ ആ ചിതയുടെ അടുത്തെത്തി. ഇനി ആരുണ്ട്തനിക്കു കൂട്ടായി എന്ന ചിന്ത ആ വൃദ്ധയെ വേട്ടയാടി. ചിതയിൽ നിന്നുള്ള ചൂട്ദേഹം പൊള്ളിക്കുന്നു. അപ്പോൾ എവിടന്നോ ഒരു തണുത്തകാറ്റ് വന്നു അവരുടെ അലസമായിക്കിടന്ന നരച്ചമുടിയിൽ തഴുകി കടന്നു പോയി. മേനോൻ സാറിൻ്റെ സാന്നിധ്യം അവിടെ ഉള്ള പോലെ. ഞാൻ ഒരിടത്തും പോയിട്ടില്ല, ഇവിടെത്തന്നെ ഉണ്ട്എന്ന്പറയും പോലെ...