Skip to main content
Srishti-2022   >>  Short Story - Malayalam   >>  പിറവി

Prashanth T V

H&R Block

പിറവി

പിറവി

 

സൈക്കിളളിന്റെ ശബ്ദം കേട്ടപ്പോഴേക്കും പിൻവശത്തേ വിറകുപുരയിൽ ചരുരുണ്ടുകിടന്നുറങ്ങിയിരുന്ന ജോമി എഴുന്നേറ്റോടിവന്നു അയാളെനോക്കി വാലാട്ടി.

 

പാലക്കൽ തറവാട്ടിലെ പണിയും കഴിഞ്ഞു തോമ തിരികേ വീട്ടിൽ എത്തിയപ്പോൾ മാണി ഒന്നര കഴിഞ്ഞിരുന്നു.

 

വരാന്തയിലെ ലൈറ്റ് ഓഫായിരുന്നെകിലും ഡിസംബറിലെ നിലാവിൽ എല്ലാം വ്യക്തമായി കാണാം.

 

സൈക്കിൾ ഒരുവശത്തായി ഒതുക്കിവച്ചു വീട്ടിനകത്തേക്കു കയറുന്നതിനിടയിൽ അയാൾ ജോമിയുടെ തലയിലൊന്നു തലോടി.

 

ആകാശത്തു വിരിഞ്ഞുനിന്നിരുന്ന നക്ഷത്രങ്ങൾപോൽ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു .

 

വാതിൽ പതിയേ തള്ളിയപ്പോഴേക്കും തുറന്നു.

 

താൻ വരാൻ വൈകുമെന്നതു അറിഞ്ഞുകൊണ്ടാവണം ത്രേസ്യ വാതിലിൻറെ കുറ്റി ഇട്ടിട്ടുണ്ടായിരുന്നില്ല.

 

അവളേ ഉണർത്തേണ്ടെന്നു കരുതി കൈയ്യിൽ ഉണ്ടായിരുന്ന ടോർച്ചിന്റെ വെട്ടത്തിൽ കട്ടിലിനടുത്തേക്കു നടന്നു.

 

"കഴിച്ചോ ?"

 

അതുവരെ അവിടെ നിലനിന്നിരുന്ന നിശബ്ദതയെ കീഴ്‌പ്പെടുത്തിക്കൊണ്ടെത്തിയ അവളുടെ ശബ്ദം അയാളെ ഭയപ്പെടുത്തിയിരിക്കാം.

 

"ഞാൻ പാലാക്കലേ വീട്ടിൽ നിന്നും കഴിച്ചു"

 

പതിഞ്ഞ സ്വരത്തിലായിരുന്നു അയാളുടെ മറുപടി.

 

കമ്പിളിപ്പുതപ്പുകൊണ്ടു കഴുത്തുവരെ മൂടിപ്പുതച്ചു കിടന്നപ്പോൾ ആശ്വാസം തോന്നി.

 

പുറത്തുള്ള മഞ്ഞിന്റെ കനം ജനാലയിലൂടെ കാണാം.

 

നക്ഷത്രങ്ങൾ മഞ്ഞുപുതപ്പിനടിയിൽ ഒളിച്ചിരിക്കുന്നതുപോലെ ആകാശം കോടമഞ്ഞിനാൽ മൂടപ്പെട്ടു.

 

ധനുമാസത്തിൽ കോടയിറങ്ങുന്നതു പതിവാണു .

 

രാവിലേ നോക്കുമ്പോൾ മുറ്റവും വൈക്കോൽകൂനയുമൊക്കെ മഴ പെയ്തു നനഞ്ഞതുപോലെ തോന്നും.

 

"പാലക്കലെ പശു പ്രസവിച്ചോ ?"

 

ത്രേസ്യ ഇനിയും ഉറങ്ങിയിട്ടില്ല.

 

"പ്രസവിച്ചു.. കിടവാണു...പന്ത്രണ്ടു മാണി കഴിഞ്ഞായിരുന്നു പ്രസവിക്കുമ്പോൾ ...അതുകഴിഞ്ഞു മേരിച്ചേടത്തിയുടെ പ്രാർത്ഥനുംകൂടി കഞ്ഞിയും കുടിച്ചിറങ്ങിയപ്പോഴേക്കും നേരം വൈകി."

 

അയാൾ പറഞ്ഞവസാനിപ്പിക്കുന്നതിനുമുന്നേ തന്നെ ത്രേസ്യയുടെ അടുത്ത ചോദ്യം.

 

"സിനിമോൾ എന്താ പറയുന്നേ ? എന്നാണു അവളുടെ ഡേറ്റ് ? "

 

"ഡോക്ടര് പറഞ്ഞ തീയതി ഈ ആഴ്‍ച്ച ഏതോ ദിവസമാണു...ജോൺ സാറു മൈസൂരിലെ തോട്ടത്തിലാ ...അവളുടെ കെട്ടിയോയാനാണെങ്കിൽ അങ്ങു ഗൾഫിലും.

 

"ഉം"

 

ത്രേസ്യ ഒന്ന് മൂളുകമാത്രം ചെയ്തു.

 

ക്രമേണ അവളുടെ കൂർക്കംവലിക്കു ശക്തി വന്നുതുടങ്ങി.

 

പുലർച്ചകളിൽ ഉറങ്ങാൻ കിടന്നപ്പോഴോക്കെയും ഒരുപാട് ഓർമ്മകൾ കണ്ണിനുമുന്നിൽ കൂടിനിൽക്കുന്നതായി തോന്നാറുണ്ട്.

 

പത്തൻമ്പതു വർഷങ്ങൾക്കു മുന്നേ അപ്പന്റെ കൂടെ പാലക്കൽ തറവാട്ടുവീട്ടിലേക്കു പോയതും അവരുടെ തോട്ടത്തിൽ റബ്ബർ വെട്ടിപ്പടിച്ചതും,ജോൺസറിന്റെ അപ്പച്ചൻ പാലക്കൽ പൈലിയും തോമയുടെ അപ്പനും കൂടെ അങ്ങു നീലഗിരിയിൽ ഏലകൃഷിക്കുപ്പോയതും,വിളവെടുപ്പുക്കഴിഞ്ഞു തിരിച്ചു വരുമ്പോൾ ലോറിയിൽ നീലഗിരി പശുക്കളെക്കൊണ്ടു വന്നതും.

 

അന്ന് കൊണ്ടുവന്ന പശുക്കളിലേതോ ഒന്നിന്റെ തലമുറയിൽപ്പെട്ടവളാണു ഇപ്പോൾ പ്രസവിച്ചത്.

 

ഓരോ പശു പ്രസവിക്കുമ്പോഴും മേരിച്ചേടത്തി അവയ്‌ക്കുവേണ്ടി മെഴുകുതിരി കത്തിച്ചുവച്ചു പ്രാർത്ഥിക്കും.

 

ഇന്നു നടന്ന പ്രാർത്ഥനയിൽ നിറവയറുമായി സീനാമോളും പങ്കെടുത്തു.

 

ഓർമകളുടെ ഘോഷയാത്ര അവസാനിച്ചപ്പോഴേക്കും അയാൾ നിദ്രയിലേക്കാഴ്ന്നിറങ്ങി.

 

ജോമി കുരക്കുന്നതു കേട്ടാണ് തോമ ഉണർന്നത്‌.

 

നേരം പുലരാൻ ഒരുങ്ങുന്നു.

 

അയാൾ പുറത്തേക്കിറങ്ങി.

 

ഒന്നു രണ്ടു മഞ്ഞു തുള്ളികൾ ദേഹത്തു വീണപ്പോൾ നല്ല തണുപ്പുതോന്നി.

 

ജോമി പിന്നാമ്പുറത്തുന്നുനിന്നുമാണു കുരക്കുന്നതെന്നു മനസ്സിലാക്കിയ അയാൾ പിൻവശത്തെ വിറകുപുരയിൽ എത്തി.

 

തോമയെക്കണ്ടയുടൻ ജോമി കുര നിർത്തിയെങ്കിലും വീണ്ടും വിറകുപുര നോക്കി കുരക്കുവാൻ തുടങ്ങി.

 

വിറകുപുരക്കുള്ളിൽ വച്ചിരുന്ന കോട്ടയിലേക്കു നോക്കിയപ്പോഴാണു തോമക്കു ജോമിയുടെ ദേഷ്യത്തിന്റെ പിന്നിലുള്ള കാര്യം പിടികിട്ടിയതു.

 

ത്രേസ്യ ചോറുകൊടുക്കുന്ന അടുത്ത വീട്ടിലെ പൂച്ച കുട്ടക്കുള്ളിൽ പ്രസവിച്ചു കിടക്കുന്നു.

 

രണ്ടു കുട്ടികൾക്കും മുലയൂട്ടുന്നതിനിടയിൽ തോമയുടെ കാൽ പെരുമാറ്റം കേട്ട തള്ള പൂച്ച കുട്ടക്കുള്ളിൽനിന്നും തലപൊക്കി നോക്കി.

 

അവളുടെ മുഖത്തേ രൂക്ഷ ഭാവത്തിൽ പകച്ചുപോയെങ്കിലും പൊടുന്നനേ അയാൾ കൊട്ട തൂക്കിയെടുത്തു അക്കരെ കുന്നിലെ റബ്ബർ തോട്ടത്തിലേക്കോടി.

 

തോമയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭയപ്പെട്ട തള്ള പൂച്ച പോകുന്ന വഴിയിലെവിടെവച്ചോ ചാടി രക്ഷപ്പെട്ടു .

 

പൂച്ചക്കുട്ടികൾ രണ്ടും അവറ്റകൾക്കു ആവുന്നത്രയും ശബ്ദത്തിൽ കരഞ്ഞുകൊണ്ടിരുന്നു.

 

ആവുന്നത്രയും വേഗത്തിൽ തോമയും ഓടി .

 

കുന്നിലെ റബ്ബെർതോട്ടത്തിലെ വടക്കേമൂലയിലുള്ള മഴക്കുഴിക്കരികിലായി തോമ നിന്നു .

 

കുട്ട കുഴിയിൽ ഇറക്കിവച്ചശേഷം തിരികേ നടക്കുമ്പോൾ പൂച്ചക്കുട്ടികളുടെ ശബ്ദം പതിയെ ഇല്ലാതാവുന്നതുപോലെ തോന്നി .

 

"ശല്യം ഒഴിഞ്ഞു പോയല്ലോ എന്നാശ്വസിച്ചു".

 

തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും ദേഹം മുഴുവൻ നനഞ്ഞിരുന്നു.

 

അഴയിൽ വിരിച്ചിട്ട തോർത്തുമുണ്ടെടുത്തു മുഖം തുടയ്ക്കുന്നതിനിടയിൽ തള്ളപൂച്ച ഓടിവന്നു തോമയുടെ കാലുകളിൽ ഉരസ്സിനിന്നുകൊണ്ടു പതിയെ കരഞ്ഞു .

 

എൻ്റെ കുട്ടികളെ താൻ എന്തു ചെയ്തെനുള്ള ചോദ്യമാണോ ? അതോ ആ ജന്തുവിലെ നിസ്സഹായതയുടെ നിശബ്ദ ഭാവമോ ?

 

മൊബൈൽ ഫോൺ റിങ് ചെയ്യുന്നതു കേട്ടപ്പോൾ വീട്ടിനകത്തേക്കു കയറി.

 

കുളിമുറിക്കകത്തേ വെട്ടം കണ്ടപ്പോൾ ത്രേസ്യ അതിനുള്ളിലുണ്ടെന്നു മനസ്സിലായി .

 

പാലക്കൽ വീട്ടിലേ ജോൺ സാറിന്റെ ഭാര്യ റീത്തച്ചേച്ചിയായിരുന്നു ഫോണിൽ.

 

ഫോൺ വച്ചയുടൻ പെട്ടന്നുതന്നെ അവിടെക്കണ്ട ഒരു ഷിർട്ടുമിട്ടു കുളിമുറിയുടെ വാതിലിനടുത്തെത്തി.

 

"ത്രേസി ... ഞാൻ പാലക്കലേക്കു പോവ്യ് ...സിനിമോൾക്കു വൈയ്യാന്നാ പറഞ്ഞേ.... റീത്തചേച്ചി വിളിച്ചിരുന്നു ... സാറ് എത്തിയിട്ടില്ല "

 

ഷിർട്ടിന്റെ രണ്ടു കൈയും മടക്കിവെക്കുന്നതിനിടയിൽ പറഞ്ഞൊപ്പിച്ചു.

 

"ഞാനും വരണോ ?"

 

ത്രേസ്യയുടെ മറുപടി വന്നപ്പോഴേക്കും തോമയും സൈക്കിളും ദൂരെയെത്തി.

 

തോമ പാലക്കൽ എത്തിയപ്പോഴേക്കും റീത്തചേച്ചി സീനമോളേയും താങ്ങിപ്പിടിച്ചു മുറ്റത്തേക്കിറങ്ങി.

 

"ജീപ്പെടുക്കു തോമ ...ഇവൾക്ക് തീരേ വൈയ്യാ ".

 

ജീപ്പ് സ്റ്റാർട്ട് ചെയ്യുന്നത്തിനുമുന്നേ തന്നെ സീനാമോൾ പ്രയാസപ്പെട്ടു മുൻ ഭാഗത്തെ സീറ്റിരുന്നു.

 

പിന്നിലെ സീറ്റിൽ റീത്തച്ചേച്ചിയും.

 

പ്രസവ വേദനകൊണ്ടു സീനാമോളും തോമയുടെ നിരന്തരമായ അക്രമത്തിൽ പ്രായംചെന്ന മഹിന്ദ്ര ജീപ്പിന്റെ ഗിയർ ബോക്സും കരഞ്ഞുകൊണ്ടേയിരുന്നു.

 

നിമിഷങ്ങൾക്കുളിൽ വാഹനം അടിവാരം ടൗണും കഴിഞ്ഞു മുന്നോട്ടു കുതിച്ചു .

 

താലൂക്ക് ഹോസ്പിറ്റൽ റോഡിലേക്കു തിരിഞ്ഞപ്പോഴാണ്‌ സീന മോളുടെ നിർദ്ദേശം .

 

"അങ്കിളേ ഗവർമെന്റ് ഹോസ്പിറ്റൽ വേണ്ട ... ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാം ".

 

തോമ സർവ സക്തിയുമെടുത്തു ഗിയർ ലിവറിൽ ആഞ്ഞൊരു തട്ടു കൊടുത്തു ,കുതിര പായുംപോലെ മുന്നോട്ടോടിയ ജീപ്പിൻറെ സ്റ്റീയറിങ് നിയന്ത്രിച്ചുകൊണ്ടു തോമ പറഞ്ഞു.

 

"മോളേ .. നീയും, നിന്റെ അപ്പൻ ജോൺ സാറും,പിന്നേ നിന്റെ ചേച്ചി ലൂസിയും പിറന്നു വീണതു ഈ ഗവർമെന്റ് ഹോസ്പിറ്റലിലാ ."

 

അയാളുടെ പൊടുന്നനെയുള്ള മറുപടിയിൽ സീനാമോള് മാത്രമല്ല റീത്തച്ചേച്ചിപോലും തകർന്നിരുന്നുപോയി.

 

സീനമോളുടെ മാലഖാ ഭൂമിയിലേക്കിറങ്ങി അൽപ സമയം കഴിഞ്ഞെപ്പോഴേക്കും ജോൺ സാർ താലൂക് ഹോസ്പിറ്റലിലെത്തി.

 

ഹോസ്പിറ്റൽ കവളവിലെ ഒരു കടയിൽനിന്നും പുൽക്കൂടിൽ ചാർത്താനുള്ള ക്രിസ്മസ് സ്റ്റാറും വാങ്ങി തോമ ഹൈറേൻജ് ബസ് കയറി .

 

പള്ളിമുറ്റത്തുവന്നു ബസ് ഇറങ്ങിയപ്പോൾ ക്രിസ്മസ് കരോൾ സംഘത്തിലെ ബാൻഡ് മേളക്കാരുടെ ബഹളം.

 

പള്ളിക്കു പിന്നിലേ കാപ്പിത്തോട്ടത്തിലൂടെ നടന്നു നേരെ കാണുന്ന റബ്ബർ തൊട്ടത്തിലെ കുന്നു കയറി ഇറങ്ങിയാൽ തോമയുടെ വീടെത്തി.

 

വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ത്രേസ്യ പുൽകൂട് ഒരുക്കുകയായിരുന്നു.

 

"സീനാമോൾക്കു പെൺകുഞ്ഞു "

 

ത്രേസ്യ പുൽകൂടിനകത്തു വൈക്കോൽ വിരിക്കുന്നതിനിടയിൽ താൻ വിശേഷം മുന്നേ അറിഞ്ഞെന്നമട്ടിൽ തലയൊന്നു കുലുക്കി .

 

"നിന്നോട് ഇത് ആരാ പറഞ്ഞേ ?"

 

തോമ ആശ്ചര്യപ്പെട്ടു .

 

"വൈകുന്നേരം പള്ളിയിൽ പോയപ്പോ ആരോ പറയുന്നതു കേട്ടു "

 

ത്രേസ്യയുടെ വാക്കുകൾക്കു വലിയ ഭാരം ഉള്ളത്പോലെയാൾക്കു തോന്നി.

 

"നിന്നെ കൊണ്ടുപോകാത്തതിന്റെ വിഷമമാണോ ? ക്രിസ്മസിന്റെ തലേന്നു ഇങ്ങനെ ദേഷ്യപ്പെടല്ലേ "

 

അയാൾ അവളുടെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു .

 

ത്രേസ്യ അയാളെ തുറിച്ചു നോക്കി

 

"എന്റെ കുഞ്ഞുങ്ങളെ കൊണ്ടുപോയി കളഞ്ഞു അല്ലേ ? ദുഷ്ടന്റെ മനസ്സാ നിങ്ങളൾക്കു"."

 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

അക്കര കുന്നിലെ റബ്ബർ തോട്ടത്തിലേക്കുപോകുന്നതിനിടയിൽ ഒരുപാട് ചിന്തകൾ മനസ്സിലെത്തി.

 

പൂച്ചക്കുട്ടികൾക്കു വല്ലതും പറ്റിക്കാണുമോ ? ഇനി അങ്ങനെ വല്ലതും സംഭവിച്ചാൽ ത്രേസ്യയോട് എന്തു പറയും.

 

പൂച്ചക്കുട്ടികളെ മഴക്കുഴിയിൽ ഉപേക്ഷിക്കാൻ തോന്നിയ നിമിഷത്തേ പഴിച്ചുക്കൊണ്ട് കുഴിക്കരികിലേക്കു നടന്നു.

 

കുട്ടികൾ കരയുന്ന ശബ്ദം ഒന്നും പുറത്തേക്കു കേൾക്കുന്നില്ല.

 

അന്തിവെയിലിന്റെ വെളിച്ചമുണ്ടായിട്ടും കുഴിക്കുളിൽ ഇരുട്ടാണു.

 

മഴക്കുഴിയിലേക്കിറങ്ങിയതും തള്ള പൂച്ച കുട്ടക്കുള്ളിൽ നിന്നും പുറത്തേക്കു ചാടി.

 

പാതിയടഞ്ഞ മിഴികളുമായി പൂച്ചക്കുട്ടികൾ തോമയെ നോക്കി കരഞ്ഞുകൊണ്ടിരുന്നു.

 

രണ്ടു കുഞ്ഞുങ്ങളെയും അയാൾ നെഞ്ചോടുചേർത്തു ചുംബിച്ചു.

 

പുൽക്കൂട്ടിനുള്ളിൽ മാലാഖമാർക്കും ആട്ടിടയന്മാർക്കും നടുവിൽ ഉണ്ണിയിശോയുടെ രൂപത്തിനു ഇരുവശത്തുമായി പൂച്ചകുഞ്ഞുങ്ങക്കു ഇടം ലഭിച്ചു.

 

ത്രേസ്യ തന്റെ കണ്ണുനീർ തുടച്ചു തോമയെ നോക്കി പുഞ്ചിരിച്ചപ്പോൾ ആകാശത്തു തിങ്ങിക്കൂടിയ നക്ഷത്രങ്ങളത്രയും അവർക്കുനേരെ കണ്മിഴിച്ചു.

 

അക്കരെ കുന്നു കടന്നു ബാന്റഡി മേളവും സംഗീതവുമായി കരോൾ സംഘം എത്തിക്കഴിഞ്ഞു.

 

പിറവിയുടെ ആഘോഷം .