Skip to main content
Srishti-2022   >>  Short Story - Malayalam   >>  പുനർജനി

HARI S

Tata Elxsi

പുനർജനി

പുനർജനി

ആകാശം - ശബ്‍ദം

 

മുത്തശ്ശി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞു തന്നിരുന്ന , വിഷമം വരുന്ന കഥകളിലെല്ലാം അവസാനം അവൻ വരുമായിരുന്നു, എന്നെ പേടിപ്പിക്കാൻ. പിന്നെ അവനെ സ്വപ്നം കണ്ടു എത്ര രാത്രികളിൽ മുത്തശ്ശിയെ കെട്ടിപിടിച്ചു കിടന്നിട്ടുണ്ട്. ഇപ്പോൾ എനിക്കവനെ പേടിയില്ല. കഥകൾ കേട്ട് കേട്ട് അവനെ കാണാനുള്ള കൊതി മാത്രമായി. അവനെ കാണാൻ ... അവനോടൊത്തു കളിക്കാനും. പക്ഷെ അവനെ ഞാൻ എങ്ങിനെ തിരിച്ചറിയും. മുത്തശ്ശി പറഞ്ഞു തന്ന അറിവല്ലേ ഉള്ളൂ . എന്തായാലും അവൻ എന്നെ തേടി വരുമായിരിക്കും, ഈ കൂരിരുട്ടിൽ. മുത്തശ്ശിയുടെ കഥകളിൽ അവൻ എപ്പോഴും വൈതരണി നദിക്കരയിൽ കാത്തുനിൽക്കാർ ആണ് പതിവ്. എങ്കിലും ഇന്ന് അവൻ ഇവിടെ എത്തും. എനിക്ക് അവനെ തേടി വൈതരണികരയിൽ എത്താൻ പറ്റില്ലെന്നു അവനറിയില്ലേ?

 

വായു - സ്‌പർശം

 

ഇപ്പോൾ അവന്റെ വരവ് എനിക്കറിയാൻ പറ്റുന്നുണ്ട്. അവന്റെ തണുപ്പ് എന്റെ കുഞ്ഞുടുപ്പിനുള്ളിൽ തുളച്ചു കയറി തുടങ്ങി. ഇതിനു മുൻപും അവന്റെ സാന്നിദ്ധ്യം ഞാൻ അറിഞ്ഞിട്ടുണ്ട്. മകരമഞ്ഞിന്റെ തണുപ്പ് അച്ഛൻ പിറന്നാളിന് വാങ്ങിത്തന്ന കുട്ടിയുടുപ്പിനു താങ്ങാൻ പറ്റാതെ വരുമ്പോൾ, മുത്തശ്ശിയുടെ ചൂട് പറ്റി കെട്ടിപിടിച്ചു കിടക്കുമായിരുന്നു. പക്ഷെ അവൻ വന്ന അന്ന് മുത്തശ്ശിക്കും എനിക്ക് ചൂട് നൽകാൻ കഴിഞ്ഞില്ല. ആ വെളിപ്പാൻകാലത്തു ഇതേ തണുപ്പായിരുന്നു എന്റെ മുത്തശ്ശിക്കും.

 

അഗ്നി - കാഴ്ച്ച

 

രാവിലെ ആകാറായി എന്ന് തോന്നുന്നു. ചുറ്റിലും ഇരുട്ട് പതിയെ മാറിത്തുടങ്ങി. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ടായിരുന്നു ഇതുവരെ. തലയും കൈയും കാലും ഒന്നും അനക്കാൻ കഴിഞ്ഞില്ലെങ്കിലും മുകളിൽ നക്ഷത്രങ്ങളെ കാണാൻ കഴിയുമായിരുന്നു, ഒരു വട്ടം പോലെ. അവ നക്ഷത്രങ്ങൾ തന്നെയല്ലേ, അതോ മോൾ തനിച്ചായതുകൊണ്ടു കൂട്ടിരിക്കാൻ വന്ന മിന്നാമിനുങ്ങുകളോ? ഇപ്പൊ തലയ്ക്കു മുകളിൽ വട്ടം ചുവന്നു വരുന്നു. പകൽ വെളിച്ചത്തിനു മുൻപ് അവൻ എത്തിച്ചേരുമോ? അതാ സ്കൂളിലെ കറുത്ത ചുവരിൽ ചോക്കുകൊണ്ടു കോറി വരച്ചപോലെ നക്ഷത്രങ്ങളുടെ ഇടയിൽ ഒരു വാൽനക്ഷത്രം. അറിയാതെ കണ്ണുകൾ അടഞ്ഞു. പക്ഷെ ഞാൻ എന്താ മനസ്സിൽ ആഗ്രഹിക്കേണ്ടത്?

 

ജലം - ദാഹം

 

ദാഹം കൂടി വരുന്നു. ഒത്തിരി നേരമായി ഒരു തുള്ളി വെള്ളം കുടിച്ചിട്ട്. അമ്മ കണ്ടിരുങ്കിൽ മോൾക്കിങ്ങനെ ദാഹിച്ചു ഇരിക്കേണ്ടി വരുമായിരുന്നില്ല. എങ്കിലും വെള്ളത്തിൽ കളിക്കാൻ അമ്മയും അച്ഛനും ഒരിക്കലും സമ്മതിച്ചിട്ടില്ല. പറമ്പിൽ നിന്നും വെള്ളം കിട്ടാൻ അവർ അനുഭവിച്ച ബുദ്ധിമുട്ടു മോളും കണ്ടതാ. എന്നിട്ടും വെള്ളത്തിൽ കളിച്ചതിനുള്ള ശിക്ഷ കിട്ടിയതാകും മോൾക്ക്. അമ്മേ മോൾക്ക് ദാഹിക്കുന്നമ്മേ. ഞാൻ കുറുമ്പ് കാട്ടി ഓടിപോയതല്ല, ഞാൻ അമ്മയുടെ തൊട്ടടുത്ത് താഴെ തന്നെ വീണു കിടപ്പുണ്ടമ്മേ. എന്റെ ശബ്‌ദം കേൾക്കുന്നില്ലേ അമ്മേ...

 

ഇതാ ചാറ്റൽ മഴ... എനിക്ക് ദാഹിക്കുന്നതറിഞ്ഞു മുത്തശ്ശി അവനോടു പറഞ്ഞു മഴ പെയ്യിക്കുന്നതാകും. വൈതരണിയിൽ നിറയെ വെള്ളമുണ്ടാകും. അവിടെ അവനോടൊപ്പം എത്തുമ്പോൾ നീന്തിത്തുടിക്കാം എന്നാ മുത്തശ്ശി പറഞ്ഞിട്ടുള്ളത്. കൈയും കാലും അനക്കാൻ പറ്റാതെ ഞാൻ എങ്ങിനെയാ നീന്തുന്നത്. മുത്തശ്ശി കള്ളം പറഞ്ഞതാകും. ഇപ്പൊ അവന്റെ സാമീപ്യം മഴയായി അനുഭവിക്കുകയാ. അത് എന്റെ മുഖം നനച്ചു. എന്റെ കവിളിൽ തലോടി. എന്റെ ചുണ്ടും നാവും നനച്ചു, എന്റെ ദാഹവും മാറ്റി.

 

ഭൂമി - ഗന്ധം

 

കൈകാലിന്റെ വേദനയെല്ലാം മാറി. അവനെ പേടിച്ചു ഓടി ഒളിച്ചതാകും. എനിക്കവനെ പേടിയില്ല. അവനെ കണ്ടാൽ ഓടിച്ചെന്നു കെട്ടിപിടിക്കണം. അവനോടൊത്തു കളിക്കണം. പക്ഷെ കൈയും കാലും അനക്കാൻ പറ്റാതെ ഇവിടെ കുടുങ്ങി കിടക്കുകയല്ലേ. വേദന മാറിയപ്പോഴേ അവന്റെ ഗന്ധം കിട്ടുന്നുണ്ട്. അവനെ കാണാൻ കൊതിയാണെങ്കിലും അവന്റെ ഗന്ധം എന്റെ മനംമടുപ്പിക്കുന്നു. നായ്ക്കൾ കടിച്ചുകീറിയിട്ട് ചീഞ്ഞു കിടന്ന എന്റെ പൂച്ചകുട്ടനും ഇതേ ഗന്ധമായിരുന്നു. ഇത് അവന്റെ ഗന്ധം തന്നെയാണോ, അതോ ഞാൻ എന്നെ തന്നെ ശ്വസിക്കുന്നതോ?

 

ഇതാ അവൻ എത്തിയെന്നു തോന്നുന്നു. എനിക്ക് ഇപ്പൊ എന്റെ കൈകാലുകൾ അനക്കാം. എനിക്ക് ഇപ്പൊ ഭാരം ഒട്ടും തോന്നുന്നില്ല. പണ്ട് അച്ഛൻ എന്നെ എടുത്തു അമ്മാനം ആട്ടുമായിരുന്നു. അതുപോലെ ആകാശത്തു പറക്കുന്നത് പോലെ. പേടിയേ തോന്നുന്നില്ല. അവൻ എന്നെ ഉയരെ ഉയരെ കൊണ്ട് പോകുന്നുണ്ട്. പക്ഷെ അവന്റെ മുഖം ഇതുവരെ കാണാൻ പറ്റിയില്ല. ഇതാ ആകാശം എന്റെ കയ്യെത്തും ദൂരത്തു. നക്ഷത്രങ്ങളും വ്യക്തമായി കാണാം. അതാ വീണ്ടും ഒരു വാൽനക്ഷത്രം. മോളുടെ കണ്ണുകളടഞ്ഞു… മനസ് പറഞ്ഞു "മുത്തശ്ശി പറഞ്ഞ കഥകളെല്ലാം സത്യമായെങ്കിൽ..."