Skip to main content
Srishti-2022   >>  Short Story - Malayalam   >>  പ്രണയം

Sooraj Jose

EY

പ്രണയം

പ്രണയം

നാല് കണ്ണ്കളും രണ്ട് ഹൃദയങ്ങളും ഭൂമിയിൽ കണ്ട് മുട്ടി. അവർ പ്രണയിച്ചു. ദേശ സ്നേഹികൾ കണ്ണുരുട്ടി, മതം കല്ലെറിഞ്ഞു. പ്രണയം മരിച്ചു. അനന്തരം അവർ പുനർജനിച്ചു. ജാതി, മതം, ദേശം ഇവയാലൊന്നും ജീവനുള്ളവ തരം തിരിക്കപ്പെടാത്ത ഒരിടത്ത്. ഭൂമിയിലെ ജന്തുക്കൾ ആ ഇടത്തെ സ്വർഗ്ഗം എന്ന് വിളിച്ചു. അവിടെ അവർ പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.

 

“ ഇതെന്തെല്ലാ ഈ എഴുതി വച്ചിരിക്കുന്നെ ? ”

 

ജോയൽ മൊബൈലിൽ നിന്നും കണ്ണെടുത്ത് അവളുടെ മുഖത്തേക്ക് നോക്കി. കാറ്റിൽ പാറുന്ന മുടിയിഴകൾ. സ്ട്രെയ്റ്റൻ ചെയ്തതാന്നെ, ശെരിക്കും നല്ല ചുരുണ്ട മുടിയാണ് അനുവിന്. അവളുടെ നീണ്ട മൂക്കിന്റെ തുമ്പത്തൊരു വെള്ളാരം കല്ല്, അതിൽ തട്ടി തെറിച്ച വെളിച്ചത്തിന്റെ ഒരു തുണ്ട് അവന്റെ കണ്ണിൽ തറച്ചു. അവൻ കണ്ണിറുക്കി അടച്ചു.

 

അനു : ജോയലേ നിന്നോടാ

 

ജോയൽ : എന്ത് ?

 

അനു : നിന്റെ വാട്സാപ്പ് സ്റ്റാറ്റസ്

 

ജോയൽ : അതോ…

 

അനു : ചുമ്മാണ്ട് ബുദ്ധിജീവി കളിക്കാനുള്ള ഓരോ നമ്പറെ

 

ജോയൽ : അതെ, ബുദ്ധിയുള്ള ജീവികൾക്ക് വേണ്ടി എഴുതീതാ. നീ വായിക്കണ്ട

 

അനു : മിസ്റ്റർ ജീവി, താൻ ഉദ്ദേശിച്ചതോക്കെ പിടികിട്ടി. ആ ഊള സാഹിത്യം പിടിച്ചില്ലന്നെ ഉള്ളു. പിന്നെ ഇങ്ങനെ മരിച്ച് പ്രണയിച്ചിട്ട് വല്ല കാര്യോം ഉണ്ടോ. ജീവിച്ചിരിക്കുമ്പഴല്ലേ പ്രേമിക്കണ്ടെ. ലൗ, ലാഫ്, ലിവ് ദാറ്റ്സ് മൈ പോളിസി.

 

ജോയൽ : പ്രണയത്തിന് മരണം ഇല്ല കുട്ടീ

 

അനു : ഓ അപ്പോ പുള്ളിയാണല്ലേ ഈ ചിരഞ്ജീവി

 

ജോയൽ അവളെ കളിയാക്കി ചിരിച്ചു

 

ജോയൽ : അയ്യോ ഭയങ്കര തമാശ

 

അനു നാക്ക് നീട്ടി. ജോയൽ അവളുടെ തലയിൽ തട്ടി. അവൾ ടേബിളിൽ ഇരുന്ന ഗ്ലാസ് എടുത്ത് അടിയിൽ അവശേഷിച്ചിരുന്ന ജ്യൂസും കുടിച്ചു. ഒരു തുള്ളി ഷമാം അവളുടെ ചുണ്ടിൽ നിന്നും വഴുതി വീഴാറായി നിൽക്കുന്നു.

 

ജോയൽ ഉമിനീരിറക്കി. അവൻ ഒരു ടിഷ്യു പേപ്പർ അവൾക്ക് നേരെ നീട്ടി. അനു മുഖം തുടച്ചു.

 

ജോയൽ : പിന്നെ, എങ്ങനുണ്ട് IELTS ക്ലാസ്സ്‌ ?

 

അനു : ഇന്ന് തുടങ്ങിയല്ലേ ഉള്ളു. എങ്ങനേലും കേറികൂടിയേ പറ്റു. ഓസ്ട്രേലിയ വേണോ ക്യാനഡ വേണോന്നാ കൺഫ്യൂഷൻ. എന്താ നിന്റെ അഭിപ്രായം ?

 

ജോയൽ ദേഷ്യം പിടിച്ചു

 

ജോയൽ : നീ ഏത് കാലിന്റെ… കാനഡേലേക്കോ അന്റാർട്ടിക്കേലേക്കോ പൊക്കോ, എന്നോട് ചോദിക്കുന്നതെന്തിനാ

 

അനു : അതിന് നീ എന്തിനാ ചൂടാവുന്നെ. നമുക്കൊരുമിച്ച് ക്ലാസ്സിന് പോകാന്ന് ഞാൻ പറഞ്ഞതല്ലാരുന്നോ. ഹും..

 

അവൾ തല വെട്ടിച്ചു. ഒരേ താളത്തിൽ നൃത്തം ചെയ്യുന്ന രണ്ട് ഞാത്ത് കമ്മലുകൾ. ജോയൽ പുഞ്ചിരിച്ചു

 

അനു : എന്തിനാ ചിരിക്കുന്നെ ?

 

ജോയൽ : ഞാൻ ചിരിച്ചോ ?

 

അനു : ചിരിച്ചു

 

അവൾ അവന്റെ നേരെ മുന്നോട്ട് ആഞ്ഞ്, പതിയെ പറഞ്ഞു. അവളുടെ ശ്വാസം അവന്റെ മുഖത്ത് പതിഞ്ഞു.

 

ജോയൽ : ആ... ഞാനൊരു കാര്യം ആലോചിച്ച് ചിരിച്ചതാ

 

അനു : എന്നതാ ?

 

ജോയൽ : അതേ.. നീ എന്താണേലും കാനഡയിലോ ഓസ്‌ട്രേലിയയിലോ പോകും. അവിടെ ചെന്ന് പി.ആർ ഒക്കെ കിട്ടി അവിടുത്തെ സിറ്റിസൺ ഉം ആകും. അപ്പോ..

 

അനു : അപ്പൊ ?

 

ജോയൽ : അല്ല നമ്മളീ ചെറുപ്പം മുതല് പഠിച്ചിരിക്കുന്നത് ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് എന്നാണല്ലോ. വേറെ രാജ്യത്തെ സിറ്റിസൺസ് ഇതിൽ പെടൂല്ല. അങ്ങനെ വരുമ്പോ...

 

അനു ഇടത് കൈ താടിയിൽ ഊന്നി മിഴിച്ച് നോക്കി ഇരിക്കുന്നു. അവളുടെ നെറ്റിയിലെ കറുത്തപൊട്ട് ഒരു ചോദ്യ ചിഹ്നം പോലെ തോന്നിച്ചു.

 

ജോയൽ : അങ്ങനെ വരുമ്പോ...

 

അനു : വരുമ്പോ ?

 

ജോയൽ : വിൽ യു മാരി മി

 

അനുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അവൾ ടേബിളിൽ ഇരുന്ന പേഴ്സും മൊബൈലും എടുത്തുകൊണ്ട് എഴുന്നേറ്റു. ജോയലിന്റെ മുഖം വിളറി.

 

അനു അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി നിന്നു. ജോയൽ ഒരു ഭൂമികുലുക്കമോ സുനാമിയോ അവിടെ ആ നിമിഷം ഉണ്ടാകാനുള്ള വിദൂര സാധ്യതയെകുറിച്ച് ചിന്തിച്ചു. പതിയെ അവളുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു.

 

അനു : സംഭവം നീ നല്ല ബോറായിട്ടാണ് അവതരിപ്പിച്ചതെങ്കിലും നമുക്ക് ആലോചിക്കാവുന്നതാണ്.

 

ജോയൽ : ശെരിക്കും !

 

അനുവിന്റെ മുഖത്ത് നാണം. മസ്ക്കാര ഇട്ട അവളുടെ കവിളുകൾ കൂടുതൽ ചുവന്നിരിക്കുന്നു. ആ റെസ്റ്റോറന്റിൽ രണ്ട് പേർ മാത്രം. ലോകം മുഴുവനും അവർ ഇരുവരിലേക്കും ചുരുങ്ങുന്നതായി ജോയലിന് തോന്നി. അവനും അവളും.. പിന്നെ…

 

അനു : രണ്ട് ഷമാം

 

ജോയൽ : ഷമാം ?

 

അവർ ബിൽ കൗണ്ടറിൽ എത്തിയതൊന്നും അവൻ അറിഞ്ഞിരുന്നില്ല. കൗണ്ടറിൽ ഇരിക്കുന്ന ചേട്ടൻ അനുവിന് ചില്ലറ ബാക്കി കൊടുത്തു, അവൾ തിരിച്ചൊരു പുഞ്ചിരിയും. ജോയൽ യാന്ത്രികമായി പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു.

 

അനു : ഞാൻ കൊടുത്തു. പോകാം, ലേറ്റ് ആയി. എന്നെ ഹോസ്റ്റലിൽ വിടണം.

 

ജോയൽ ബൈക്ക് എടുത്ത് വന്നു. അവൾ പിന്നിൽ കയറി, അവരുടെ ഇടയിൽ നിന്നും പതിവില്ലാതെ അനുവിന്റെ ബാഗ് തോളിലേക്ക് മാറി.

 

ഉറക്കമില്ലാതെ കിടന്ന ആ രാത്രിയിൽ ഇരുവരും അവർ ആദ്യമായി കണ്ട് മുട്ടിയ ദിവസം ഓർത്തു. സിനിമാ തിയേറ്ററിൽ അടുത്തടുത്ത കസേരകളിൽ ഇരുന്ന രണ്ട് അപരിചിതർ, ഇടവേളയിൽ ഒരു പുഞ്ചിരികൊണ്ട് പരിചയപെട്ടു. പിന്നീടൊരു ദിവസം കഫറ്റീരിയയിൽ വച്ച് ആക്സമികമായി കണ്ടപ്പോൾ ഒരുമിച്ചുകണ്ട സിനിമയെ കുറിച്ചായിരുന്നു കൂടുതലും സംസാരിച്ചത്. അവന് ഒരുപാട് ഇഷ്ടമായ ആ സിനിമ തനിക്കും ഇഷ്ടമായി എന്ന് കള്ളം പറഞ്ഞു.

 

“ അയ്യോ, അപ്പൊ ഞങ്ങടെ ഇഷ്ടങ്ങൾ ഒരുപോലെല്ലേ ! അതിനി കൊഴപ്പം ആകുവോ ”

 

അനു ബെഡിൽ ചാടി എഴുന്നേറ്റിരുന്നു.

 

“ എന്നാടാ ? ”

 

അടുത്ത കട്ടിലിൽ കിടന്ന നീന തല പൊക്കി നോക്കി

 

“ ഒന്നൂല്ല ”

 

അനു നാവ് കടിച്ചു. അവൾ വീണ്ടും കിടന്നു, പുതപ്പുകൊണ്ട് മുഖം മറച്ചു.

 

“ ഈ ഉറക്കം ഇതെവിടെ പോയി കിടക്കുവാണോ ”

 

അവൾ ഒന്നു മുതൽ 100 വരെ എണ്ണാൻ തുടങ്ങി. 1,2, 3….. 22 ൽ വച്ച് മനസ്സ് വീണ്ടും അവനെ കുറിച്ചുള്ള ഓർമ്മകളിലേക്ക് പോയി, ജനൽ വഴി എത്തിനോക്കിയ ഉറക്കം അവിടെ തന്നെ മടിച്ചു നിന്നു.

 

ഒരേ ബിൽഡിങ്ങിൽ രണ്ട് കമ്പനികളിലായി ജോലി ചെയ്യുന്ന അവർ എന്നും തമ്മിൽ കണ്ടു, അവിചാരിതമായി അല്ലാതെ തന്നെ. ആദ്യം നമ്പറ് തന്നത് അവളാണ്. “ മിടുക്കി ” ജോയൽ മനസ്സിൽ പറഞ്ഞു.

 

കൂട്ടുകാരെ ഒഴിവാക്കി അനുവിന്റെ കൂടെ സിനിമയ്ക്ക് പോയത്, അവളോടൊന്നിച്ച് ‘കാർത്തിക’ ബാറിൽ കയറിയത്. ആദ്യ ബിയറിന്റെ ലഹരിയിൽ അനു അന്ന് കുറേ ചിരിച്ചു, ഒരുപാട് കഥകൾ പറഞ്ഞു. ആ കഥകളിൽ എപ്പഴോ അപ്പയും അമ്മയും വന്നു. അവളുടെ ചിരി മാഞ്ഞു, അവന്റെ തോളിൽ ചാരി കരഞ്ഞു. കണ്ണീരിന്റെ മഴ തോർന്നപ്പോൾ അവൾ തല ഉയർത്തി നോക്കി. ജോയലിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു.

 

“ അയ്യേ നീ എന്തിനാ കരയണെ ”

 

അവൾ കയ്യിലെ കർചീഫ് അവന് നേരെ നീട്ടി.

 

“ എനിക്ക് ഇങ്ങനയേ ആശ്വസിപ്പിക്കാൻ അറിയൂ ”

 

ജോയൽ പറഞ്ഞു.

 

അനു ചിരിച്ചു. അവൾ മുഖത്തുനിന്നും പതിയെ പുതപ്പ് മാറ്റി നോക്കി. നീന കൂർക്കം വലിച്ച് ഉറങ്ങുന്നു.

 

“ട്വിങ്” വാട്സാപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ. അവൾ കൈ എത്തിച്ച് ഫോൺ എടുത്തു.

 

“ Good night ” ജോയലിന്റെ മെസ്സേജ്

 

അവൾ മറുപടി അയച്ചു “ Goooood nyt ! ”

 

അവർ ഒരുമിച്ചുറങ്ങി.

 

പിന്നീടുള്ള ദിവസങ്ങളിൽ അവർ ഒരുമിച്ച് ഒരുപാട് സിനിമകൾ കണ്ടു. 96 കണ്ടപ്പോൾ അനുവിന് സ്കൂൾ പ്രണയവും ജോയലിന് കോളേജ് പ്രണയവും ഓർമ്മ വന്നു. പരസ്പരം പറയാത്ത ഓർമ്മകളായിതന്നെ അവ ശേഷിച്ചു. ലുസിഫെറിലെ ഇല്യൂമിനാറ്റി വെറും തള്ളാണെന്ന് അവൾ തർക്കിച്ചു. അതിന്റെ പേരിൽ മൂന്നര ദിവസം അവർ മിണ്ടാതെ നടന്നു.

 

ലോകത്തിലെ ഏറ്റവും ഉപദ്രവകാരികളായ ജീവികൾ രാത്രി മൊബൈൽ സ്‌ക്രീനിന് ചുറ്റും പറക്കുന്ന പ്രാണികൾ ആണെന്ന് ജോയൽ കണ്ട് പിടിച്ചു. റൂമിലെ പല്ലി കുഞ്ഞുങ്ങൾ അവന്റെ ഈണത്തിലുള്ള മൂളലുകൾ കേട്ട് ഉറങ്ങി. അനുവിന്റെ രാത്രി സല്ലാപത്തിൽ ഉറക്കം നഷ്ടപെട്ട നീന ഒരു ജോഡി ഇയർ പ്ലഗ്‌സ്‌ ഫ്ളിപ് കാർട്ടിൽ ഓർഡർ ചെയ്തു.

 

വിഷുവിന്റെ ലീവിന് നാട്ടിൽ പോകുന്നുണ്ടോ എന്ന അനുവിന്റെ ചോദ്യത്തിന് ഈസ്റ്ററിനെ ഉള്ളു എന്ന് ജോയൽ മറുപടി പറഞ്ഞു. അപ്പോഴാണ് അവൾ ഹിന്ദുവും അവൻ ക്രിസ്ത്യനും ആണെന്ന് അവരിരുവരും ഓർമ്മിച്ചത്. ആ ചിന്തയുടെ ചവർപ്പ് മാറ്റാൻ അവൾ അവനെ വിഷുവിന് വീട്ടിലേക്ക് ക്ഷണിച്ചു. അവർ അനുവിന്റെ തറവാട്ടിലേക്ക് പുറപ്പെട്ടു.

 

ബസിൽ ഇരുന്ന് അനു വീടിനെ കുറിച്ച് വാചാലയായി. കൊച്ചച്ഛനും ഗിരിജ അമ്മായിയും കറവ വറ്റിയ അമ്മിണിയും തൊഴുത്ത് നിറഞ്ഞ് നിൽക്കുന്ന മകൾ കിങ്ങിണിയും ആരെ കണ്ടാലും കുരക്കാതെ വാൽ ആട്ടുക മാത്രം ചെയ്യുന്ന മിതവാദിയായ ഗർജുവും ഒക്കെ പല കഥകളിലും പ്രധാന താരങ്ങളായി. ചെറുപ്പത്തിൽ അപ്പയുടെയും അമ്മയുടെയും കൂടെ തറവാട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളുടെ നല്ല ഓർമ്മകൾ.

 

അവൾ അമ്മയെക്കുറിച്ച് പറഞ്ഞ് തുടങ്ങി. പലപ്പോഴും മുഴുമിപ്പിക്കാതെ പോയിരുന്ന കഥകൾ.

 

അനു : ശെരിക്കും അമ്മയെ എനിക്ക് വല്യ ഇഷ്ട്ടായിരുന്നു, അപ്പയെക്കാളും. അപ്പ മരിച്ചതിന് ശേഷം മാസങ്ങളോളം അമ്മ ഫ്ലാറ്റ് വിട്ട് പുറത്തിറങ്ങിയിട്ടില്ല. ഞാനും ഒരുപാട് രാത്രികൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്. ചിലപ്പോ എന്തിനാണെന്ന് പോലും ഓർക്കാതെ ചുമ്മാണ്ടങ്ങ് കരയും.

 

അമ്മ പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അമ്മയുടെ പുതിയ കമ്പനിയിലെ സീനിയർ ആയിരുന്നു ദർശൻ അങ്കിൾ. ഒരിക്കൽ അങ്കിൾ മാറി അച്ഛനായി, സ്റ്റെപ് ഫാദർ. പിന്നെ ഞാൻ അമ്മയുടെ അരികിൽ പോയിട്ടില്ല. ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല, അമ്മയ്ക്ക് അയാളുടെ മണമായി, എനിക്കാ വീട്ടിൽ ശ്വാസം മുട്ടി. എന്റെ വിഷമം മനസിലാക്കിയിട്ടാവണം അവർ എന്നെ കൊച്ചച്ചന്റെ അടുത്ത് തറവാട്ടിൽ ആക്കി. ഞാനവിടെയും നിന്നില്ല. ഹോസ്റ്റലുകൾ മാറിമാറി ഇങ്ങനെ നടക്കുന്നു.

 

എന്നും രാത്രി അമ്മയുടെ കോള് വരും. അമ്മയ്ക്കും എനിക്കും ഒന്നും സംസാരിക്കാൻ ഉണ്ടാകില്ല, എന്നാലും വിളിക്കും. ഇടക്ക് പാവം തോന്നും, എങ്കിലും എപ്പഴോ കേറികൂടിയ ഒരു വെറുപ്പ് അതങ്ങോട്ട് പോകുന്നില്ല. അമ്മയെ എനിക്ക് ഇഷ്ടവാണ്.. പക്ഷെ…

 

അവളുടെ ശബ്ദം ഇടറി.

 

പുറത്ത് മഴ ചാറി തുടങ്ങി. ജോയൽ വിന്ഡോ ഷട്ടർ താഴ്ത്തി. അവൻ അനുവിന്റെ തോളിൽ കൈ ഇട്ടു. തൊട്ടപ്പുറത്തെ സീറ്റിൽ ഇരുന്ന ഒരാൾ ഇരുവരെയും കടുപ്പിച്ച് നോക്കുന്നു. ജോയൽ കൈ പിൻവലിക്കാൻ തുനിഞ്ഞു. അനു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

 

അനുവിന്റെ മൊബൈൽ ബെല്ലടിച്ചു. കൊച്ചച്ചനായിരുന്നു. ഗിരിജാമ്മായീടെ കിടപ്പിലായിരുന്ന കുഞ്ഞമ്മ മരിച്ചു. രണ്ടാളും അടക്കിന് പോകുന്നു. പകുതിയിലധികം വന്ന സ്ഥിതിക്ക്‌ ഇനി തിരിച്ച് പോകണ്ടെന്ന് അവർ തീരുമാനിച്ചു. ഇരുവരും അനുവിന്റെ വീട്ടിലെത്തി. ചെടിച്ചട്ടിയിൽ ഭദ്രമായി ഒളിപ്പിച്ചിരുന്ന താക്കോൽ എടുത്ത് വാതിൽ തുറന്നു. പഴമയുടെ പ്രൗഢിയും ചന്ദനത്തിന്റെയും കുഴമ്പിന്റെയും ഗന്ധവുമുള്ള ഒരു നാല്കെട്ട്.

 

‘ഗാന മ്യൂസിക്ക്’ ൽ ജോൺസൺ ഹിറ്റ്സ് പ്ലേ ചെയ്തു. ബ്ലൂടുത്ത് സ്പീക്കറിൽ ചിത്രചേച്ചി പാടുന്നു. നടുമുറ്റത്തേക്ക് കാലും നീട്ടിയിരുന്ന് അനുവും ജോയലും കൂടെ പാടി.

 

“ കുന്നിമണി ചെപ്പ് തുറന്നെണ്ണി നോക്കും നേരം പിന്നിൽ വന്ന് കണ്ണ് പൊത്തും തോഴനെങ്ങു പോയി… ”

 

പാട്ടും പാടലും അടുക്കളയിലേക്ക് മാറി. ജോയൽ കഞ്ഞിയും പയറ് തോരനും ഉണ്ടാക്കി. അനു പപ്പടം ചുട്ടു. അവർ അത്താഴം കഴിച്ച്‌ കിടപ്പ് മുറികളിലേക്ക് പോയി. അനുവിന്റെ മുറിയിൽ എം.ജി ശ്രീകുമാറും ജാനകി അമ്മയും പാട്ട് തുടർന്നു. ജോയൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവൻ വാട്സാപ്പിൽ “ good night “ എന്ന് ടൈപ്പ് ചെയ്ത് അവൾക്ക് അയക്കാൻ തുടങ്ങി, അത് മായിച്ച് പുഞ്ചിരിക്കുന്ന ഒരു ഇമോജി അയച്ചു. ഒരു ചുവന്ന ഹൃദയം മറുപടിയായി വന്നു. അവൻ ഒരു ചുംബനം അയച്ചു. അൽപ്പ നേരത്തെ ഇടവേളയ്ക്ക് ശേഷം ഒരുപാട് ചുംബനങ്ങൾ തിരികെ വന്നു. അനുവിന്റെ മുറിയിലെ പാട്ട് നിന്നു. അവൾ ഉറങ്ങിയിരിക്കണം. ജോയൽ വെറുതെ കണ്ണടച്ച് കിടന്നു.

 

തുറന്ന് കിടന്നിരുന്ന വാതിലിൽ മുട്ട് കേട്ട് ജോയൽ കണ്ണ് തുറന്നു. മുറിയുടെ വെളിയിൽ ഒരു തലയിണയും കെട്ടിപിടിച്ച് നിൽക്കുന്ന അനു. അവൻ പുഞ്ചിരിച്ചു, അവളെ അകത്തേക്ക് കൈ നീട്ടി വിളിച്ചു. അവർ പുലരുവോളം പ്രണയിച്ചു. പുലർച്ചയിൽ ജോയലിന്റെ നെഞ്ചിൽ തലവെച്ച് കിടന്ന അനു അമ്മയെക്കുറിച്ച് ആലോചിച്ചു.

 

പിന്നീടങ്ങോട്ട് അവരുടെ പ്രണയത്തിന് പുതിയ നിറങ്ങൾ ഉണ്ടായി, അത് തീവ്രമായി. അനുവിന്റെ തലമുടി പലവട്ടം ചുരുണ്ടു, വീണ്ടും നിവർന്നു. അവളുടെ കാനഡ വിസ വന്നു.

 

ഡിപ്പാർച്ചർ ടെർമിനലിലെ ബഹളങ്ങൾക്കിടയിലും നിശബ്ദരായി രണ്ടുപേർ. അനുവും ജോയലും. അവൾ പതിയെ അവനോട് ചേർന്നിരുന്നു. ജോയൽ അനുവിന്റെ തോളിൽ കൈ ഇട്ടു.

 

അനു : ഇനി നമ്മുടെ പ്രണയം ഈ ഭൂമിയിൽ ഇരുപത്തിനാല് മണിക്കൂറും ഉണ്ടാകും, എന്നും

 

ജോയൽ ഒന്നും മനസ്സിലാകാതെ അവളുടെ നേരെ നോക്കി

 

അനു : അതായത്… അവിടെ ഞാൻ ഉറങ്ങുമ്പോ നീ ഇവിടെ എണീറ്റിരിക്കുവാരിക്കുവല്ലോ

 

അനു ഒരു കുസൃതി ചിരി ചിരിച്ചു. ജോയൽ മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചു. അവൾ അവന്റെ തലമുടിയിൽ വിരൽ ഓടിച്ചു. ജോയൽ അനുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. രണ്ടാളും കണ്ണടച്ചതിനാൽ അത് ആരും കണ്ടില്ല !

 

അമ്മയുണ്ടാക്കിയ പലഹാരങ്ങളും ഗിരിജ അമ്മായീടെ ഇലുമ്പിക്ക അച്ചാറും ജോയലിന്റെ ചുംബനവും അനുവിന്റെ കൂടെ പറന്ന് പോയി

 

അപ്പ്രൈസൽ സൈക്കിളുകൾ പലത് കഴിഞ്ഞു. എടുക്കുന്ന പണിക്കുള്ള കൂലി കിട്ടുന്നില്ല എന്ന് തോന്നി തുടങ്ങിയപ്പോൾ ജോയൽ ജോലി രാജി വച്ചു. പച്ച പെയിന്റ് അടിച്ച മറ്റൊരു കമ്പനിയിൽ കൂലിപ്പണി തുടർന്നു. മധുരരാജ റിലീസ് ആയി, മോദിജി വീണ്ടും അധികാരത്തിൽ വന്നു. സ്വയം പ്രഖ്യാപിത രാജ്യസ്നേഹികളുടെ നിയമാവലി അനുസരിച്ച് താനും ഒരു രാജ്യദ്രോഹി ആകുന്നുണ്ടോ എന്ന് സംശയം തോന്നി തുടങ്ങിയപ്പോൾ ജോയൽ IELTS ക്ലാസ്സിൽ ചേർന്നു.

 

എല്ലാ പ്രണയ കഥകളും ദുരന്ത പര്യവസായികൾ അല്ല. ഇന്ത്യയും കാനഡയും ഇന്നും പ്രണയിച്ചുകൊണ്ടേ ഇരിക്കുന്നു.