Skip to main content
Srishti-2022   >>  Short Story - Malayalam   >>  ബാൽക്കണിയിലെ കസേര

ബാൽക്കണിയിലെ കസേര

ബാൽക്കണിയിലെ കസേര

ദൂരക്കാഴ്ച മറയ്ക്കുന്നൊരു മൂടുപടം സൃഷ്ടിക്കുകയായിരുന്നു അപ്പോൾ മഴ. അടയ്ക്കാത്ത ജാലകങ്ങൾ, കാറ്റിൽ താളം തെറ്റിയ മഴത്തുള്ളികൾക്ക് അകത്തേക്ക് പ്രവേശനമൊരുക്കി. നിരത്തുകളിലെ മഴവെള്ളം പുഴയായി. വൈകിട്ട് സ്കൂളുകളിൽ കൂട്ടമണി മുഴങ്ങിയ നേരം. വീടണയാൻ വെമ്പൽ കൊള്ളുന്ന കുഞ്ഞു മനസ്സു കൾ. ചെറുതും വലുതുമായ പലതരം വാഹന ങ്ങളുടെ ചീറിപ്പായലുകൾ. മഴ നനഞ്ഞ ചില ശ്വാനന്മാർ കടത്തിണ്ണകൾ തേടി. ഇലച്ചാർത്തുകൾ കുട പിടിച്ച മരച്ചില്ലകളിലിരുന്ന് ചിറകുകൾ കുടഞ്ഞു കൊണ്ട് കാക്കക്കണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു ചില കാകന്മാർ.

 

മഴ ചാറ്റൽ വക വയ്ക്കാതെ വൃദ്ധ ബാൽക്കണിയിലെ പഴയ ഇരുമ്പു കസേരയിലിരുന്ന് വെറുതെ മഴയിലേക്ക് നോക്കുകയായിരുന്നു. തെങ്ങിൻ തലപ്പുകൾ കാറ്റിനൊപ്പം നൃത്തം വച്ചു. മരങ്ങൾ തലകുനിച്ചു നിന്ന് മഴയിൽ കുളിച്ചു.ശരീരത്തിൽ പതിച്ച മഴത്തുള്ളികളെ അവർ ഗൗനിച്ചതേയില്ല. എങ്ങു നിന്നെന്നറിഞ്ഞില്ല, തിടുക്കത്തിൽ ഒരു മൈന പറന്നു വന്ന് ബാൽക്കണിയുടെ കൈവരിയിൽ ഇരിപ്പുറപ്പിച്ചു. അത് ചിറകുകൾ നിവർത്തിക്കുട യുകയും ശരീരത്തിലെ തൂവലുകൾ വിറപ്പിക്കുകയും ചെയ്തു.വൃദ്ധ മൈനയെ സാകൂതം നോക്കി. മൈന അങ്ങുമിങ്ങും നീങ്ങുകയും തിരിയുകയും ചെയ്തു കൊണ്ടി രുന്നു. അവർ മൈനയ്ക്കു നേരേ തന്റെ വലതുകരം നീട്ടി. അല്പം ഭയന്നിട്ടെന്ന പോലെ ഒന്നു ഞെട്ടി അല്പം ഉയർന്നു പറന്നിട്ട് വീണ്ടും കൈവരി യിൽ സ്ഥാന മുറപ്പിച്ചു. മൈനയുടെ സംശയ ഭാവം മെല്ലെ സൗഹൃദഭാവ ത്തിനു വഴി മാറി. വൃദ്ധയുടെ നീട്ടിപ്പിടിച്ച വലതുകരത്തിൽ അവൻ തെല്ലൊരു മടിയോടെ യെങ്കിലും വന്നിരുന്നു .

 

വൃദ്ധ ചോദിച്ചു: "നീയ് ഒറ്റയ്ക്കേയുള്ളൂ?"

 

മൈന വൃദ്ധയെ നോക്കി സമ്മത ഭാവത്തിൽ തലയാട്ടി. " ഞാനും നിന്നെ പോലെ തന്നെ ഒറ്റയാ" എന്ന് പറഞ്ഞു കൊണ്ട് വൃദ്ധ കുലുങ്ങിച്ചിരിച്ചു. അപ്പോൾ ഇരു കണ്ണുകളുടേയും കോണുകളിൽ വരകൾ രൂപപ്പെടുകയും യൗവനത്തിലെ സൗന്ദര്യ ലക്ഷണമായിരുന്ന നുണക്കുഴി, കവിളിലെ വരകളോടൊപ്പം ചേർന്ന് വലിയ ഗർത്തങ്ങളാകുകയും ചെയ്തു. അല്പനേരത്തെ സംഭാഷണം അവർക്കിടയിൽ ഒരപൂർവ്വ സൗഹൃദത്തിന് നാന്ദി കുറിച്ചു.

 

അപ്പോഴേയ്ക്കും മഴ പെയ്തു തോർന്നിരുന്നു. വൃദ്ധ എഴുന്നേറ്റ് തറയിലെ വെള്ളത്തുള്ളികളിൽ തെന്നാതെ സൂക്ഷ്മതയോടെ കൈവരിയിൽ പിടിച്ച് അടിവച്ചടി വച്ച് മുറിക്കുള്ളിലേക്ക് പോവുകയും ഏതാനും നിമിഷങ്ങൾ ക്കകം കൈക്കുമ്പിളിൽ ധാന്യങ്ങളുമായി തിരികെ വരുകയും ചെയ്തു. വൃദ്ധ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്ന പോലെ മൈന കസേര ക്കയ്യിൽ ഇരിപ്പുണ്ടായിരുന്നു." നിനക്കിതൊക്കെ ഇഷ്ടാവോ" ന്നു ചോദിച്ചു കൊണ്ട് വൃദ്ധ കസേരയിലിരുന്ന് കൈക്കുമ്പിൾ തുറന്ന് മൈനയ്ക്കു നേരെ നീട്ടി. വളരെ ഇഷ്ടത്തോടെ അവൻ അത് കൊത്തിക്കൊറിക്കുകയും സ്നേഹ വായ്‌പ്പോടെ വൃദ്ധയെ നോക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കകം തന്നെ അവർക്കിടയിൽ ഗാഢമായ ഒരു ആത്മബന്ധം സംജാതമായി.

 

മറ്റൊരു ദിവസം....

 

ബാൽക്കണിയിലെ ഇരുമ്പുകസേരയിൽ ഇളം നീലയിൽ വെള്ള പ്പൊട്ടുകളു ള്ള നൈറ്റി ധരിച്ച് വൃദ്ധ ദൂരേയ്ക്ക് നോട്ടമെറിഞ്ഞ് ഇരുന്നു. ഇളം തെന്നലിൽ മുഖത്താകെ വീണു പറന്ന നര കയറിയ മുടിയിഴകളെ അവർ ചുളിവു വീണ വിരലുകളാൽ ചെവിക്കു പിന്നിലേക്ക് ഒതുക്കി. കൈകളിലേക്ക് പൊഴിഞ്ഞു വീണ വെള്ളിനൂലു പോലുള്ള മുടിയിഴകളെ കൈവിരലുകളാൽ ചുരുട്ടി അവർ ഒരു ഗോളമാക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും അവൻ ബാൽക്കണി യുടെ കൈവരിയിൽ വന്നെത്തിയിരുന്നു. ഇമ്പമാർന്ന ശബ്ദത്താൽ അവൻ വൃദ്ധയുടെ ശ്രദ്ധയെ ക്ഷണിച്ചു. വൃദ്ധയുടെ കൈവിരലുകളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുടിച്ചുരുളുകൾ വായുവിലൂടെ സഞ്ചരിച്ചു.

 

മുഖത്ത് പ്രത്യക്ഷമായ സന്തോഷത്തിന് മേൽ പരിഭവത്തിന്റെ കൃത്രിമ മറയിട്ടു കൊണ്ട് വൃദ്ധയാരാഞ്ഞു." ങ്‌ഹും.. ൻന്തേ ഇന്നു വൈകീത്? പ്പോ.. ന്നെ ഇഷ്ടല്യാണ്ടായീ.. ല്ലേ നിനക്ക്? നിനക്കെന്താ കൂട്ടുകാരിയെ കിട്ടിയോ?” എന്ന് ചോദിച്ചു കൊണ്ട് വൃദ്ധ കുലുങ്ങിച്ചിരിച്ചു. ചിരിക്കുമ്പോൾ അവരുടെ മിഴികൾ സജലങ്ങളാകുകയും, ശ്വാസനാളത്തിലേക്കുള്ള ഉമിനീരിന്റെ തെറ്റിപ്പാച്ചിലിൽ ഒരു നെടുനീളൻ ചുമ ഉടലെടുക്കുകയും ചെയ്തു. വൃദ്ധയുടെ ചിരി, സന്തോഷം പടർത്തിയ അവന്റെ മുഖത്ത്, ചുമ ആശങ്ക പരത്തി. അവൻ ചിറകുകൾ പടപടാ അടിക്കുകയും ഉയർന്നു പൊങ്ങുകയും വീണ്ടും ഇരിക്കു കയും തലവെട്ടിച്ച് അങ്ങുമിങ്ങും നോക്കുകയും ചെയ്തു." നീ ഭയന്നു പോയോ" എന്ന് ചോദിച്ച് വൃദ്ധ വീണ്ടും ചിരിച്ചപ്പോൾ, അവൻ കസേരക്കയ്യിൽ വന്നിരു ന്നു.അപ്പോൾ അവന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ ഒരു സമുദ്രം അലയടിക്കുന്നത് ദൃശ്യമായിരുന്നു.

 

കസേരക്കാലിനടുത്തിരുന്ന പാത്രത്തിൽ നിന്നും ധാന്യങ്ങൾ വലം കൈയിലേക്ക് പകർന്ന് വൃദ്ധ അവനു നേരെ നീട്ടി. ധാന്യ മണികൾ കൊറി ക്കുമ്പോൾ വൃദ്ധ ഇടം കൈ കൊണ്ട് അവന്റെ തലയിലെ നനുത്ത തൂവലു കളിൽ തലോടി. " എന്റെ മോനും ഇതു പോലെ ഞാൻ തലോടിക്കൊടുക്കു മായിരുന്നു. അവൻ കുട്ടിക്കാലത്ത് എപ്പോഴും തലോടലിനായി എന്റെ അരികിൽ വന്നിരിക്കുമായിരുന്നു." "ഞാൻ വളർന്ന് വലിയ ആളായി കഴി ഞ്ഞാലും അമ്മ ഇങ്ങനെയാക്കിത്തരണം" എന്ന് കൊച്ചു കുട്ടിയുടെ ശബ്ദ മനുകരിച്ചു കൊണ്ട് പറഞ്ഞിട്ട് വൃദ്ധ തുടർന്നു" ഇങ്ങനെയൊക്കെ പറഞ്ഞ അവനിന്നെവിടെ.... ന്നെ തനിച്ചാക്കി പോയില്ലേ?"

 

അപ്പോൾ ആകാശത്തിന്റെ പടിഞ്ഞാറൻ അതിരുകളിൽ മഴമേഘങ്ങൾ ഉരുണ്ടു കൂടിക്കൊണ്ടിരുന്നു. വൃദ്ധ അകലങ്ങളിലേക്ക് നോക്കി. മേഘങ്ങളിൽ നിന്ന് മഴ അലിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പുള്ള കൽക്കട്ടാ ജീവിതകാലത്ത് അബനീന്ദ്രനാഥ് ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരുന്ന ' നിരഞ്ജൻ ചൗധരി' യുടെ മഴമേഘങ്ങൾ എന്ന ജലച്ചായ ചിത്രം അവരുടെ മനസ്സിന്റെ ക്യാൻവാസിൽ തെളിഞ്ഞു വന്നു. വൃദ്ധ നോക്കിയിരിക്കേ മഴമേഘങ്ങളലിഞ്ഞിറങ്ങി മഴയിങ്ങടുത്തേക്ക് വന്നു. വൃദ്ധയുടെ ഓർമ്മകൾ മഴയിലേക്കലിഞ്ഞിറങ്ങി.

 

അവർ ഒരു സ്വപ്നത്തിലെന്നവണ്ണം പറഞ്ഞു തുടങ്ങി." മായേച്ചീടേം മോഹനേട്ടന്റേം ഒപ്പാണ് ഞാനന്നൊക്കെ പള്ളിക്കൂടത്തിൽ പോയ്‌ക്കൊ ണ്ടിരുന്നത്. വീടിന് തെക്കുവശത്തുള്ള പാടവരമ്പത്തു കൂടെ നടന്നു വേണം റോഡിലേക്കെത്താൻ. അവിടന്ന് ഒരു പത്തു പതിനഞ്ചു മിനിട്ടുകൂടി നടന്നാൽ പള്ളിക്കൂടത്തിലെത്താം. വെള്ളത്തുള്ളി താളം തുള്ളിക്കളിക്കുന്ന ചേമ്പില പറിച്ചു തരുമായിരുന്നു അന്നൊക്കെ മോഹനേട്ടൻ. ആ ചേമ്പിലയിൽ ഉരുണ്ടു കളിക്കണ വെള്ളത്തുള്ളി താഴെവീണുടയാതെ കൊണ്ടു പോകുന്നത് എനിക്കൊരു ഹരമായിരുന്നു. ആ തുള്ളീലേക്ക് സൂക്ഷിച്ചു നോക്കിയാല് ആകാശത്തിന്റെ നീലേം മരങ്ങളുടെ പച്ചേം, എന്തിന് ഈ ലോകം മുഴുവൻ തന്നെ കാണാം.”

 

"ഞങ്ങള് മൂവരും അന്നൊക്കെ മുത്തശ്ശന്റെ കാലൻകൊടയാ ഉപയോഗിച്ചിരുന്നത്. മുത്തശ്ശൻ മരിച്ചു പോയപ്പോ മുത്തശ്ശന്റെ അധികാര ചിഹ്നമായിരുന്ന ആ കൊട ഒരു വവ്വാലിനെ പോലെ ഉത്തരത്തിൽ തല കീഴായി തൂങ്ങിക്കിടന്നിരുന്നു. പിന്നത്തെ ഇടവപ്പാതിക്ക് അമ്മ ആ കൊടയെടുത്ത് ഞങ്ങൾക്ക് തന്നു.”

 

"കോരിച്ചൊരിയുന്ന മഴ പെയ്ത ഒരു സായാഹ്നം. പള്ളിക്കൂടത്തിൽ നിന്നു തിരികെ വരുമ്പോൾ മായേച്ചി എന്റെ ഇടത്തും മോഹനേട്ടൻ എന്റെ വലതുമായി നടന്നു. പാടവരമ്പിന്റെ അരികിലെ തോട്ടിലെ വെള്ളത്തിൽ പറ്റം പറ്റമായ് നിറയെ ചെറുമീനുകൾ. മീനുകളെ പിടിച്ചു തരണമെന്ന് ഞാൻ വാശി പിടിച്ചപ്പോഴാണ് മോഹനേട്ടൻ ആ കാലൻകൊട മലർത്തിപ്പിടിച്ച് വെള്ളത്തിൽ മുക്കിയത്. വെള്ളത്തോടൊപ്പം മീനുകൾ കൊടയിൽ കയറി യിട്ടുണ്ടാകും എന്ന് പ്രതീക്ഷിച്ച് മഴയിൽ കുതിർന്ന ഞാൻ കൈ കൊട്ടി തുള്ളിച്ചാടി. മോഹനേട്ടൻ കൊട സാവധാനം ഉയർത്തി. ഒരൊറ്റ മീൻ പോലു മില്ല." എല്ലാ ജീവികൾക്കുമുണ്ട് ഇങ്ങനെയൊരു സഹജവാസന. പ്രാണന് ആപത്ത് വരുന്ന വേളകളിൽ സ്വജീവനെ എങ്ങനെ രക്ഷിക്കാമെന്ന് ഭ്രൂണാ വസ്ഥയിൽ തന്നെ ഒരോ ജീവികളും പഠിക്കുന്നു. "മോഹനേട്ടന് വാശിയായി. കൊട വീണ്ടും വെള്ളത്തിൽ മുക്കി ഉയർത്തി, ഒന്നല്ല പലവട്ടം. മീനുകൾ നിരാശപ്പെടുത്തി ക്കൊണ്ടേയിരുന്നു. കൊടയിലെ വെള്ളത്തിലെ, തുറിച്ചു നോക്കുന്ന ഞങ്ങളുടെ മുഖങ്ങൾ കൊട വീണ്ടും താഴ്ത്തിയപ്പോൾ വെള്ള ത്തിൽ വീണു പൊട്ടി. അനുഭവസമ്പത്താൽ നേടിയെടുത്ത കൃത്യതയാലും ചടുലമാർന്ന കൈവഴക്കത്താലും പന്ത്രണ്ടാം തവണ മോഹനേട്ടൻ നാലു ചെറുമീനുകളെ കൊടയിലാക്കുക തന്നെ ചെയ്തു.”

 

"യുദ്ധത്തിൽ വിജയം വരിച്ച യോദ്ധാവിനെ പോലെ മോഹനേട്ടൻ അട്ടഹസിച്ചു. ഇടംകൈത്തണ്ടയിൽ മലർത്തി പിടിച്ച കൊട തൂങ്ങിക്കിടന്നു. കൊടയിലെ കുളത്തിൽ നാലു ചെറുമീനുകൾ നീന്തിത്തുടിച്ചു. ഉണ്ണുമ്പോൾ എന്നും മുത്തശ്ശി വാഗ്ദാനം ചെയ്തിരുന്ന ആകാശത്തെ അമ്പിളിയെ കൈയിൽ കിട്ടിയ പോലെ ഞാൻ സന്തോഷത്തിലാറാടി. മായേച്ചീടെ കണ്ണുകളിൽ മോഹനേട്ടനോടുള്ള ആരാധനാഭാവം സ്ഫുലിംഗങ്ങളായി മാറി. മോഹനേട്ട നുള്ളതാണ് മായേച്ചിയെന്ന് അമ്മ പലപ്പോഴും മാമനോട് പറയുന്നത് കേട്ടിട്ടുണ്ട്. അത് മായേച്ചിക്കും അറിയാം. ഇതോടു കൂടി മായേച്ചി എന്തായാ ലും മോഹനേട്ടനെ മനസാ വരിച്ചു എന്നു തന്നെ ഊഹിക്കാം.”

 

"അപ്പോഴാണ് ഞങ്ങൾ മൂവർക്കും സ്ഥല കാല ബോധം ഉണ്ടായത്. പുസ്തക സഞ്ചി യടക്കം ആകെ നനഞ്ഞു കുളിച്ചു. എന്റെ ഇരുവരിയിലേയും പല്ലുകൾ മഴക്കൊപ്പം താളമിടുന്നുണ്ടായിരുന്നു. ആരും ഉമ്മറത്തുണ്ടാകല്ലേയെന്ന് കാവിലെ ഭഗവതിയെ വിളിച്ച് പ്രാർത്ഥിച്ച് ഞങ്ങൾ വീട്ടിലേക്ക് പാഞ്ഞു. അമ്മ അടുക്കള യിൽ ചായക്ക് കടിയുണ്ടാക്കുന്ന തിരക്കിലായിരിക്കണം. വല്യമ്മ മിക്കവാറും ജോലിക്കാർ പോകുന്നത് വരെ പിന്നാമ്പുറത്ത് തന്നെയാകും. ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്നും കാന്തിമതി അങ്ങേലെ നാരായണ നുമായി കൊഞ്ചുന്നുണ്ടോയെന്നും സൂക്ഷ്മനിരീക്ഷണം നടത്തലാണ് വല്യമ്മേടെ മുഖ്യപണി." ഒന്നു കണ്ണു തെറ്റിയാ ഇവറ്റകളൊന്നും പണിയെടു ക്കൂല.ഒരോ കുനിഷ്ടും കുന്യായ്മേം പറഞ്ഞോണ്ടിരുന്നോളും." വല്യമ്മേടെ ഈ പരാതികൾ നാലു ചുമരുകളിൽ തട്ടി എപ്പോഴും അലയടിച്ചു കൊണ്ടിരിക്കും."

 

അഴിഞ്ഞു വീണ മുടിക്കെട്ടിനെ രണ്ടു കൈകൾ കൊണ്ടും വകഞ്ഞെ ടുത്ത് ചുറ്റിപ്പിടിച്ച് ഉയർത്തി ഒരു വട്ടം കറക്കി ഒരു നീണ്ട ഗോളാകൃതിയി ലാക്കി തലയ്ക്കു പിന്നിൽ കെട്ടിവച്ചു കൊണ്ട് " നീ വല്ലതും കേക്കണു ണ്ടാ"യെന്ന് മൈനയെ നോക്കി വൃദ്ധ ചോദിച്ചു. അവന്റെ കണ്ണുകളിൽ കൗതുകം നിറഞ്ഞു നിന്നു." നിനക്കീ കഥയൊക്കെ രസിക്കണൊണ്ടാ?" എന്ന വൃദ്ധയുടെ ചോദ്യത്തിന് ചിറകനക്കി കൊക്കൊന്ന് പിളർന്ന് ഒരുചെറുശബ്ദ ത്താൽ ഇഷ്ടമറിയിച്ചു.

 

" ങ്‌ഹും... നിനക്കറിയാൻ കൊതിയായല്ലേ അന്നെനിക്ക് അടി കിട്ടിയോന്ന്...... ന്നാ കേട്ടോ..." അവന്റെ കണ്ണുകളിൽ ഉത്സാഹം തിരി തെളിച്ചു.

 

" പിന്നാമ്പുറത്തായിരിക്കും എന്ന് വിചാരിച്ചിരുന്ന വലിയമ്മ പൂമുഖത്ത് അരമതിലിൽ തന്നെ ഇരിപ്പുറപ്പിച്ചിരിക്കുന്നു. അമ്മ അങ്ങുമിങ്ങും ഉലാത്തു ന്നു. പോരാത്തതിന് വലിയമ്മയുടെ മകൻ ശ്രീരാമേട്ടൻ പൂമുഖത്തെ ചാരുക സേരയിൽ നീണ്ടു നിവർന്നു കിടക്കുന്നു. എല്ലാ കണ്ണുകളും കൂരമ്പുകളായി.”

 

" ന്തായീ കാണണേ.. വെള്ളത്തിൽ വീണോ കൂട്ട്യോള്.. പള്ളിക്കൂടം വിട്ടാല് നേരെയിങ്ങു പോന്നോണംന്ന് പറഞ്ഞിട്ടില്ലേ... കണ്ട അസത്ത് ജാതി ക്കുട്ട്യോളുടെ കൂടെ കളിച്ചിട്ടുണ്ടാകും. സമയെത്രായീന്ന് വല്ല നിശ്ച്യോണ്ടോ മൂന്നിനും" ഒറ്റശ്വാസത്തിലുള്ള അമ്മയുടെ ചോദ്യങ്ങൾ ന്റെ തണുത്ത ശരീരത്തിന് മേൽ തീ കോരിയിട്ടു.”

 

"മായേച്ചീം മോഹനേട്ടനും ഉമ്മറച്ചുമരിൽ തൂങ്ങിയിരുന്ന ഗമണ്ടൻ ക്ലോക്കിലേക്ക് നോക്കി. സമയം നോക്കാൻ വലിയപിടിയില്ലാതിരുന്ന എനിക്ക് അവരുടെ മുഖഭാവത്തിൽ നിന്നും പക്ഷെ കാര്യം പിടികിട്ടിയിരുന്നു. നാലു മണിക്ക് തിരികെ എത്താറുള്ള ഞങ്ങൾ അന്നെത്തിയത് അഞ്ചരക്കാണ്.

 

ഞങ്ങൾ ഉമ്മറത്തേക്ക് കയറിയതും ശ്രീരാമേട്ടൻ " ഇതു കണ്ടോ ചിറ്റേ ഇവർ അസത്തു പിള്ളേരെ പോലെ തോട്ടീന്ന് മീൻ പിടിച്ചോണ്ട് വന്നിരിക്കുന്നേ" എന്ന് പറഞ്ഞതും കൊട പിടിച്ചു വാങ്ങി മുറ്റത്തേക്ക് വെള്ളം കമിഴ്ത്തിക്കള ഞ്ഞതും ഞൊടിയിടയിൽ കഴിഞ്ഞു. നാലു ചെറുമീനുകൾ പ്രാണവായു വിനായ് വായ് പിളർന്നു.”

 

" ഡാ..രാമാ.... കുട്ട്യോളെ വെഷമിപ്പിക്കാതെ... സരോജം.... അവർക്കൊരു കുപ്പിയെടുത്ത് കൊട്" എന്ന വല്യമ്മയുടെ വാക്കുകൾ വായിൽ നിന്നും മുഴുവനായ് പുറത്തേയ്ക്ക് വീഴും മുമ്പേ മോഹനേട്ടൻ വെള്ളം നിറച്ച കുപ്പിയുമായ് മുറ്റത്തെത്തി ചെറുമീനുകളെ കൈവെള്ള യിലെടുത്ത് കുപ്പിയിലേക്കിട്ടു കഴിഞ്ഞു. മീനുകൾ ചെകിളയനക്കി ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസവും, വാലാട്ടിക്കൊണ്ട് നന്ദിയും പ്രകടിപ്പിച്ചു.”

 

"മീനിനെ ഇടാനായി കുപ്പിയിൽ അവശേഷിച്ചിരുന്ന മൂന്നാലു വറ്റൽ മുളകുകൾ അടുപ്പിലേക്കിട്ടതും അത് കരിഞ്ഞ ഗന്ധം ഉയർന്ന് അമ്മയും വല്യമ്മയും മത്സരിച്ച് തുമ്മിയതും മോഹനേട്ടന് ശകാരം കിട്ടിയതും എല്ലാം അതിന്റെ ബാക്കിപത്രം."

 

" ഓർത്തു ചിരിക്കാനായിട്ട് ഇങ്ങനെ കൊറേയുണ്ട് ജീവിതത്തിൽ. നിനക്കിങ്ങനെ കഥ വല്ലതുമുണ്ടോ പറയാനായിട്ട് ?”.... ഒരു അർദ്ധ വിരാമത്തിനു ശേഷം വൃദ്ധ തുടർന്നു" ങ്‌ഹും... നിനക്ക് കഥ കേട്ടിരിക്കാനാ ണിഷ്ടം ന്നെനിക്കറിയാം." പകൽ വിളക്ക് അപ്പോഴേക്കും മറഞ്ഞിരുന്നു." കഥ പറഞ്ഞ് സമയം പോയത് ഞാനറിഞ്ഞില്ല."

 

മൈന മനസ്സില്ലാ മനസ്സോടെ ഒരു ചെറുപുഞ്ചിരിയാൽ യാത്ര ചൊല്ലി.

 

ബാൽക്കണിയിലെ ഇരുമ്പു കസേരയിലെ കാത്തിരുപ്പ് വൃദ്ധയുടെ നിത്യകർമ്മമായ് മാറിയിരുന്നു. മറ്റൊരു സായാഹ്നം, പതിവുതെറ്റിക്കാതെ പച്ച പുതച്ചു നിൽക്കുന്ന മലകളുടെ മാറിൽ നിന്നും മൈന വൃദ്ധയുടെ സമീപം പറന്നെത്തി." ആ മലയുടെ മുകളിലാണോ നിന്റെ വീട്?" .........അവൻ സമ്മത ഭാവത്തിൽ ശിരസ്സനക്കി." നിനക്കറിയോ ആ മലയുടെ താഴ്വരയിലാണ് ഞാൻ ജനിച്ചു വളർന്ന വീട്.” അവന്റെ മിഴികളിൽ ജിജ്ഞാസ നിറഞ്ഞു നിന്നു.

 

" ഞാനെങ്ങനെ ഇവിടെത്തീന്നല്ലേ നിന്റെയീ നോട്ടത്തിന്റെ യർത്ഥം? എന്റെ മംഗലമെല്ലാം കഴിഞ്ഞ് ന്റെ നാരാണേട്ടന്റെ കൂടെ കൽക്കട്ടായി ലായിരുന്നു കൊറേക്കാലം. മക്കള് രണ്ടാളും അവിടെത്തന്നാ ജനിച്ചതും വളർന്നതും. മൂത്തവനില്ലേ.. വിനയൻ.. അവനിപ്പോഴും അവിടെത്തന്നാ... ഒരു ബംഗാളിപ്പെണ്ണിനെയാ അവൻ കെട്ടീത്...." വൃദ്ധമുഖം താഴ്ത്തി ഒന്ന് ഒതുക്കിച്ചിരിച്ചു. "അവന് മൊഹബത്തായിരുന്നു."

 

നാരാണേട്ടൻ റിട്ടേറായപ്പോ പിന്നെ ലക്കിടീലെ നാരാണേട്ട ന്റെ വീട്ടിലായിരുന്നു താമസം. പിന്നെ നാരാണേട്ടനങ്ങു പോയേ.... എന്നെക്കൂടി കൊണ്ടോണം ന്നു പറഞ്ഞിട്ട് കേട്ടില്ല. എപ്പഴും ഞാൻ അടുത്ത് വേണം ന്ന് നിർബന്ധം ഉള്ള ആളാരുന്നു. ന്നിട്ടെന്താ...? ന്നെ തനിച്ചാക്കി പോയില്ലേ...... ന്നെ കൂട്ടാനുള്ള സമയാവുമ്പോ ഇങ്ങു വരാംന്നു പറഞ്ഞിട്ടുണ്ട്. ന്റെ സമയം എപ്പഴാണോ....."

 

"ഞാനവിടെ തന്നെ നിന്നോളാംന്നു പറഞ്ഞതാ... പക്ഷേ ന്റെ എളേ മോനില്ലേ.. രാജീവൻ... അവനൊരേ നിർബന്ധം.." അമ്മ ഒറ്റയ്ക്കൊന്നും നിക്കണ്ട. കൂടെ പോന്നാ മതീ......" പ്രായാകുമ്പോ അങ്ങനാ... പിന്നെ... മക്കള് പറഞ്ഞാ പിന്നെ അച്ഛനമ്മമാര് അനുസരിക്കണം.”

 

"രഹസ്യമായൊരു ആഗ്രഹം ന്റെ മനസ്സിലും ഉണ്ടായിരുന്നു ഇങ്ങു പോരുമ്പോഴ്... ദൂരെ ആ മലയുടെ താഴ്വാരത്തിൽ ഉള്ള എന്റെ തറവാടു ണ്ടലോ.... ഇപ്പോഴും ഞങ്ങളുടെ ശബ്ദങ്ങൾ അവിടത്തെ കാറ്റിൽ അലയടിക്കു ന്നുണ്ടാകും.. അവിടെ ചെന്ന് ഞാനൊന്ന് വിളിച്ചാ മതി.... കൊച്ചുപാവാടയും ബ്ലൗസുമണിഞ്ഞ മായേച്ചി യും ട്രൗസറും ഷർട്ടുമണിഞ്ഞ മോഹനേട്ടനും ഇറങ്ങിവരും... എനിക്കുറപ്പാ... ഞാനും കുഞ്ഞുടുപ്പൊക്കെയിട്ട് ... വീണ്ടും പാട വരമ്പിൽ കൂടെയൊക്കെ യങ്ങനെ.........” ഒരു നെടു നീളൻ നിശ്വാസത്തോടെ അവർ പറഞ്ഞു നിർത്തി. നിശ്ശബ്ദമായ ചില നിമിഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അവർ തുടർന്നു. " നാരാണേട്ടൻ വന്നു വിളിക്കും മുൻപ് ഒരു ദിവസമെങ്കിലും അവിടെ താമസി ക്കണം ന്നാഗ്രഹംണ്ട്.... പക്ഷേ രാജീവൻ സമ്മതിക്കില്ല ല്ലോ."

 

വൃദ്ധ വലം കൈപ്പത്തി മുഖത്തോടടുപ്പിച്ച് ശബ്ദം താഴ്ത്തിക്കൊണ്ട് മൈനയോട് പറഞ്ഞു." ആരും കേക്കണ്ട. രാജീവന് നാരാണേട്ടന്റെ സ്വഭാവം തന്നാ.... അവിടെ വൃത്തീല്ല... ഇവിടെ വൃത്തീല്ല... അതൊക്കെ പ്പോ ജീർണിച്ചു കെടക്കയാവും... ഓടൊക്കെ എളകീട്ടുണ്ടാകും.... തട്ടിൻ പൊറത്തൊക്കെ എലികളുടെ ബഹളാവും.... അസുഖം വരാൻ പിന്നെ വേറെ കാരണോന്നും വേണ്ട.ഇതൊക്കെയാ അവന്റെ ഒരോ ചിന്തകള് ." അവർ വലം കൈപ്പത്തി താഴ്ത്തിക്കൊണ്ട് കുലുങ്ങിച്ചിരിച്ചു

 

സമ്മതിക്കില്ലാന്ന് ഉറപ്പുണ്ടായിട്ടും വൃദ്ധ മകനോട് ആഗ്രഹം മറച്ചു വച്ചില്ല ." അമ്മ ഇപ്പോ അങ്ങോട്ടൊന്നും പോവണ്ട. അവിടെപ്പോ ആരും ഇല്ലല്ലോ.. പിന്നെ ആരെക്കാണാനാ.... ഇവിടെ ഞാനും ദേവൂം മോളൂട്ടീം ഒക്കെയില്ലേ?" അവർ മകനോട് പിന്നൊന്നും പറഞ്ഞില്ല.

 

" എനിക്ക് നിന്നെപ്പോലെ പറക്കാനറിയുമായിരുന്നെങ്കിൽ ഞാനങ്ങ് പറന്നുപോയേനേ....."

 

മൈന ഒരു ശബ്ദമുയർത്തി." ഓ... മകനോടൊപ്പം വന്ന ഞാനെങ്ങനെ ഒറ്റയ്ക്കായീന്നലേ നിന്റെ സംശയം. ഞാൻ പറയാം... ന്റെ മോന് നല്ലൊരു ഓഫറു വന്നു, അങ്ങ് നെതർലന്റ്സിൽ... എത്രയോ നാളത്തെ പ്രാർത്ഥനേ ടേം പരിശ്രമത്തിന്റേം ഒക്കെ ഫലാ.... അമ്മമാരെപ്പഴും മക്കൾക്ക് നല്ലത് ഭവിക്കണം ന്നലേ മോഹിക്കൂ..... ".

 

"പിന്നീടുള്ള ദിവസങ്ങളിൽ രാജീവനും ദേവൂം എന്തൊക്കെയോ ഗൗരവമായി ചർച്ച ചെയ്യുന്നതും ചിന്തിക്കുന്നതും ഒക്കെ കണ്ടു. ഞാനതിലൊ ന്നും തല ഇട്ടില്ല.എന്തിനേറെ പറയുന്നു. ദേവൂം മോളും അവനോടൊപ്പം പോയി. ഞാനിവിടെ ഇങ്ങനെ ഒറ്റയ്ക്കായി. മാളൂട്ടി ഉണ്ടെങ്കീ അവളോരോ വർത്തമാനങ്ങൾ പറഞ്ഞിരിക്കും.അന്ന് ഞാൻ പറഞ്ഞതാ ന്നെന്റെ തറവാട്ടിൽ കൊണ്ടു വിട്ടാമതീന്ന്. അതാവുമ്പോ ആ തൊടീലൊ ക്കെ ഒന്നിറങ്ങി നടക്കാം. അവിടെ മുറ്റമാകെ ഇലഞ്ഞിപ്പൂക്കൾ മെത്ത വിരിച്ചിട്ടു ണ്ടാകും. പണ്ടൊക്കെ വീണുകിടക്കുന്ന ഇലഞ്ഞിപ്പൂക്കൾ പെറുക്കി യെടുത്ത് ഞങ്ങൾ മാല കോർക്കുമായിരുന്നു. ദാ... ഇപ്പഴും ഇലഞ്ഞിപ്പൂവിന്റെ ഗന്ധം എനിക്ക് ആസ്വദിക്കാം....”

 

"അമ്മയ്ക്ക് പ്പോ ഇവിടെ എന്താ ഒരു കൊറവ് എന്നാണ് അവൻ എന്നോട് ചോദിച്ചത്." ഇവിടെ കൊറവുകളേയുള്ളൂ എന്ന് പറയാനാണ് എനിക്കപ്പോ തോന്നീത്."അമ്മയ്ക്കൊരു ജോലിക്കാരിയെ ഏർപ്പാടാക്കീട്ടുണ്ട്.കൂടാതെ വിളിപ്പുറത്തെ ത്താൻ അടുത്ത ഫ്ലാറ്റുകളിലെല്ലാം താമസക്കാരുണ്ട്, സെക്യൂരി റ്റിയുണ്ട്, അമ്മ മണ്ണ് തൊടണ്ട, ആവശ്യമുള്ളതൊക്കെ ജോലിക്കാരിയെത്തി ച്ചോളും" എന്നിങ്ങനെ ഫ്ലാറ്റിൽ ജീവിച്ചാൽ എനിക്കുണ്ടാകുന്ന മെച്ചങ്ങളെ അവൻ അക്കമിട്ട് നിരത്തി.

 

മൈനയുമായുള്ള മുഖാമുഖം അവർ തുടർന്നു " അതന്നെ കുഴപ്പം. നിനക്കറിയോ മണ്ണിന്റെ ഗന്ധം എനിക്കെന്തിഷ്ടാന്ന് . ഒരോ മഴ പൊഴിയു മ്പോഴും മണ്ണിന്റെ ഗന്ധം നുകരാനായി ഞാൻ കാത്തിരിക്കും. പക്ഷെ, ഞാനിന്നൊരു ആകാശജീവിയല്ലെ... എല്ലാം എനിക്കന്യമാണ്. എനിക്കിഷ്ടമുള്ള തെല്ലാം ഇന്ന് അകലെയാണ്." ഉമ്മറത്തെ തൂണുകളിലൂടെ പടർന്നു പൂത്തു നിന്നിരുന്ന മുല്ല ച്ചെടികളിപ്പോഴും അവിടെക്കാണുമോ . മായേച്ചിക്ക് മുല്ലപ്പൂമാല മുടിയിൽ ചൂടാനായിരുന്നു ഇഷ്ടം,എനിക്ക് അവ ചെടിയിൽ വിരിഞ്ഞു നിൽക്കുന്നത് കാണാനും...." വൃദ്ധ താഴേക്ക് കൈചൂണ്ടി." നീയതു കണ്ടോ...?" ആകാശത്ത് അസംഖ്യം നക്ഷത്രങ്ങൾ മിഴി തുറന്നത് പോലെ താഴെ പച്ചപ്പിൽ എണ്ണമറ്റ വെള്ളപ്പൊട്ടുകൾ." അവ മുല്ലപ്പൂക്കളല്ലേ?" എന്ന ചോദ്യത്തിന് മൈന മറുപടിയോതാതെ വൃദ്ധയുടെ ശരീരത്തിലേക്ക് നോക്കുകയാണ് ചെയ്തത്. പച്ച നിറത്തിൽ വെള്ളപ്പൊട്ടു കളുള്ള നൈറ്റിയാണ് അവർ ധരിച്ചിരുന്നത്.

 

അപ്പോൾ അവർക്ക് ശരീരത്തിൽ നിറയെ മുല്ല വള്ളികൾ പടർന്നു കയറിയതായും, മുല്ലപ്പൂവിന്റെ ഗന്ധം വായുവിൽ നിറയുന്നതായും അനുഭവപ്പെട്ടു. നിറഞ്ഞ ചിരിയോടെ അവർ ചോദിച്ചു" നിനക്കീ കഥകൾ മടുത്തുവോ?" അവൻ ഇല്ലെന്ന് കണ്ണിറുക്കി കാണിച്ചു.

 

" നിനക്കെന്നെ പറക്കാൻ പഠിപ്പിക്കാവോ? മൈന ആവർത്തിച്ച് ചിറകടിച്ച് സന്തോഷം പ്രകടിപ്പിച്ചു. വൃദ്ധ തുടർന്നു." നിനക്കറിയില്ലല്ലോ.... അല്ലേലും ഞാൻ പറയാതെ നീയെങ്ങനാ അറിയുക. അന്നൊക്കെ അച്ഛൻ ലീവിനു വരുമ്പോ അച്ഛന്റെ കൈപിടിച്ച് ആ പാറയുടെ മുകളിലേക്ക് നടക്കാൻ പോകുമായിരുന്നു. അവർ അകലേക്ക് കൈ ചൂണ്ടി. ഒരിക്കൽ എനിക്കും പക്ഷികളെ പോലെ പറക്കാൻ പഠിക്കണംന്ന് ഞാൻ ശഠിച്ചു." നീ പഠിച്ച് പൈലറ്റാകൂ എന്നാണ് അച്ഛൻ തന്ന മറുപടി.

 

" അല്ല എനിക്കിപ്പോ പറക്കണം" ന്നു പറഞ്ഞ് കൈകൾ ഇരുവശങ്ങളി ലേക്കും നീട്ടിപ്പിടിച്ച് ഞാൻ മലമുകളിലേക്ക് ഓടി. അപ്പോൾ എന്റെ ഭാരം കുറയുന്നതായും വായുവിലൂടെ പറക്കുന്നതായും തോന്നി."

 

" നീയെന്നെ പഠിപ്പിച്ചാൽ ഞാൻ നിന്നോടൊത്ത് പറന്നു വരാം."

 

ദിവസങ്ങൾ കടന്നു പോയിക്കൊണ്ടേയിരുന്നു. വൃദ്ധ കഥ പറയുകയും മൈന കേൾക്കുകയും ചെയ്തു കൊണ്ടിരുന്നു.

 

സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് യാത്രയായിരുന്നു. ഏറെ വൈകിയെങ്കിലും അവൻ പറന്നെത്തുമ്പോൾ പ്രതീക്ഷ കൈവെടിയാതെ വൃദ്ധ കാത്തിരിക്കുകയാ യിരുന്നു. " ഇന്നെന്തേ വൈകീത്?'' ഒരു ജാള്യത മായാതെ നിൽക്കുന്നത് കണ്ടിട്ട് വൃദ്ധ പറഞ്ഞു." ചിരിക്കു നീ.... എനിക്കൊരു പരിഭവോല്ലാട്ടോ..... ആരോടും ഇല്ല."

 

"കൊറേ കാര്യങ്ങളുണ്ട് ഇന്ന് പറയാൻ"..... ഒരു സ്വപ്നത്തിലെന്ന പോലെ അവർ പറഞ്ഞു തുടങ്ങി." നിനക്കറിയാലോ മോഹനേട്ടനെ... നീ വിചാരിക്കും പോലെ മായേച്ചീം മോഹനേട്ടനും തമ്മിലെ വിവാഹം നടന്നില്ല. മായേച്ചിയെ അങ്ങ് കോഴിക്കോടുള്ള ഒരു രാമദാസനാണ് കല്യാണം കഴിച്ചത്. അദ്ദേഹ ത്തിന് ഹരിയാനയിലായിരുന്നു ജോലി. മായേച്ചി അങ്ങു കൂടെ പോയി. ഏറെനാൾ മോഹനേട്ടൻ നിരാശാ കാമുകനായി നടന്നു. ഒടുവിൽ നരകയറി ത്തുടങ്ങിയപ്പോഴാണ് വിവാഹത്തെപ്പറ്റി ചിന്തിച്ചത്. മകളുടെ കല്യാണം ക്ഷണിക്കാനായി ഇന്ന് മോഹനേട്ടൻ വന്നിരുന്നു. എത്ര നാളുകൾക്ക് ശേഷമാണ് കാണുന്നത്. എനിക്ക് സന്തോഷായി.മോഹനേട്ടൻ ഇന്നലെ ന്റെ മോൻ രാജീവനെ കണ്ടൂത്രേ, . അവന്റെ ഭാര്യേടെ ആങ്ങളേടെ മംഗലാരുന്നൂലോ. തിരക്കൊക്കെ കഴിയുമ്പോ നാളെ എന്തായാലും അവൻ എന്നെ കാണാനെത്തും.

 

വൃദ്ധ അലമാരയിൽ നിന്ന് ആകാശനീലിമയാർന്ന ഒരു സാരിയെടുത്തു കൊണ്ടുവന്നു. അത് നിവർത്തി അവർ തോളിലൂടെ വിരിച്ചിട്ടു. മൈന സന്തോഷാധിക്യത്താലെന്ന പോലെ പലവട്ടം പറന്നുയരുകയും തിരിച്ചിരി ക്കുകയും ചെയ്തു."ഇത് ന്റെ നാരാണേട്ടൻ വാങ്ങിത്തന്ന താ. രാജീവനും നാരാണേട്ടനെ പോലെ ഏറ്റിഷ്ടം ആകാശനീല നിറം തന്നെയാ. "മൈന യാത്ര പറഞ്ഞ് വിട വാങ്ങുമ്പോഴും വൃദ്ധ നീല സാരിയെ താലോലിച്ചു കൊണ്ടിരുന്നു.

 

അടുത്ത പകൽ പെട്ടെന്ന് കടന്നുപോണമെന്നവർ ആഗ്രഹിച്ചു. വൈകിട്ട് വൃദ്ധ ബാൽക്കണിയിലെ കസേരയിൽ അകലെ മലകളിലേക്ക് നോക്കി യിരുന്നു. അപരാഹ്ന സൂര്യന്റെ യാത്രയെ അവരുടെ കണ്ണുകൾ അനുഗമിച്ചു. മൈന എത്തിയത് അവർ കണ്ടിരുന്നില്ല. നീല സാരിയുടുത്തിരുന്ന അവരുടെ കൈത്തണ്ടയിൽ വന്നിരുന്നപ്പോഴാണ് അവർ അവനെ ശ്രദ്ധിച്ചത്.

 

വൃദ്ധ എന്തോ ഓർത്തെടുക്കുകയായിരുന്നു. പിന്നെ പൊട്ടിച്ചിരിച്ചു. '' അന്നവന് എട്ടോ പത്തോ വയസ്സു കാണും. ജ്ഞാനപ്പാനയുടെ ഒരു ഭാഗം വായിച്ച് സാരം പറഞ്ഞു കൊടുക്കുന്നതിനിടയിൽ രാജീവൻ പറഞ്ഞു." അടുത്ത ജന്മത്തിൽ അമ്മ തന്നെ വേണം എനിക്ക് അമ്മയായിട്ട് . എന്നിട്ട് സത്യം ചെയ്യിക്കുക കൂടി ചെയ്തു. എന്നിട്ടിപ്പോ...... "വൃദ്ധ ദീർഘനിശ്വാസ ത്തോടെ വിരാമമിട്ടു. പിന്നെ കുലുങ്ങി കുലുങ്ങി ചിരിച്ചു.

 

അവൻ ഭയന്നെന്ന പോലെ ദൂരേയ്ക്ക് മാറിയിരുന്നു." നീയും പോവാണോ അകലേയ്ക്ക്... ഈ വേഷത്തിൽ കണ്ടിട്ടാണോ നീ കണ്ണുമിഴിക്കുന്നത്.

 

" അതൊക്കെ പോട്ടെ. നീയെന്നെ പറക്കാൻ പഠിപ്പിച്ചില്ലല്ലോ ഇനിയും"... മൈന ചിറകുകൾ വിടർത്തി വൃദ്ധയെ ഒരു ഹ്രസ്വനോട്ട മെറിഞ്ഞു. ചെറുദൂരം വട്ടമിട്ട് പറന്ന് തിരികെ കൈപ്പിടിയിൽ വന്നിരുന്നു. കസേരയിൽ ഇരുന്ന് അവർ ഇരുവശത്തേക്കും നീട്ടിയ കൈകൾ ഉയർത്തുക യും താഴ്ത്തുകയും ചെയ്തു. എന്നിട്ട് പൊട്ടിച്ചിരിച്ചു.

 

വൃദ്ധ ധാന്യ മണികൾക്ക് പകരം അന്ന് അവലോസു പൊടിയാണ് കൈവെള്ളയിലിട്ട് അവനു നേരേ നീട്ടിയത്. എന്നിട്ട് വൃദ്ധ പറഞ്ഞു. "പണ്ടൊക്കെ സ്കൂൾ വിട്ടു വരുമ്പോ അവനെന്നോട് ചോദിക്കും." അമ്മേ അവലോസുപൊടിയുണ്ടോ.” "അവനിത് ഒത്തിരി ഇഷ്ടാ...ഇത് അവനു വേണ്ടി ഉണ്ടാക്കിയതാ" അവൻ അത് കൊത്തിപ്പെറുക്കി. അവർ ഇടം കൈ കൊണ്ട് അവനെ തലോടി. അപ്പോൾ വൃദ്ധയുടെ മിഴികൾ അവനോട് സംസാരിക്കുന്നു ണ്ടായിരുന്നു . അവൻ സ്നേഹവായ് പ്പോടെ നോക്കി. കണ്ണുകൾ യാത്രാമൊഴി ചൊല്ലി. അവൻ പറന്നകലുന്നത് അവർ നോക്കിയിരുന്നു.

 

പതിവിനു വിപരീതമായി അവൻ പോയതിനു ശേഷവും വൃദ്ധ ആ ഇരുപ്പ് തുടർന്നു. സൂര്യൻ പോയ് മറയുന്നതും ഇരുട്ട് പടരുന്നതും കണ്ടു. അനേക സഹസ്രം താരകങ്ങൾ കൺ ചിമ്മുന്നതും കണ്ടു. വൃദ്ധയുടെ കാതുകളിൽ മോഹനേട്ടന്റെ വാക്കുകൾ അലയടിച്ചു." ലീലാ മണി എന്തിനാ ഇങ്ങനെ തനിച്ച് കഴിയുന്നേ... തറവാടിനടുത്ത് തന്നയല്ലേ ഞാൻ താമസിക്കു ന്നത്. അവിടെ കൂടെ നിക്കാലോ... തറവാടിന് ഇപ്പോഴും കേടുപാടൊന്നുമില്ല. നല്ല പണിത്തരല്ലേ. ഒന്നു പെയിന്റടിപ്പിച്ചാ അവിടേം താമസിക്കാം. ഞങ്ങളൊക്കെ അടുത്തുണ്ടാവും. എല്ലാം ഞാൻ ചെയ്യിക്കാം."

 

" ഒന്നും വേണ്ട. ഇവിടെത്തന്നെ നിന്നാ മതീന്നാ രാജീവൻ പറഞ്ഞിരിക്കണത്. ഇവിടിപ്പോ എല്ലാ സൗകര്യങ്ങളുണ്ടല്ലോ. ഞാനിപ്പോ ഒരാകാശജീവിയാ..... രാജീവൻ വരട്ടെ.. എന്നിട്ട് വരണ്ണ്ട് ഞാൻ അങ്ങോട്ടൊക്കെ."

 

" രാജീവനെ ഞാനിന്നലെ കണ്ടല്ലോ.. അവന്റെ ഭാര്യേടെ അനിയന്റെ കല്യാണാരുന്നല്ലോ... രണ്ടു ദിവസത്തേക്കു മാത്രം വന്നതാണെന്നും ഉടനെ തിരിച്ചു പോകണമെന്നും പറഞ്ഞു. അതൊക്കെ പോട്ടെ. ലീലാ മണി കല്യാണത്തിനുവരണം. ഞാൻ വണ്ടി ഏർപ്പാടാക്കാം." രാജീവൻ നാട്ടിൽ വന്നിട്ട് തന്നെ കാണാതെപോകില്ലായെന്ന് അവർ വെറുതെ പ്രതീക്ഷിച്ചു.

 

"ഇല്ല, രാജീവൻ ഇനി വരില്ല......." വൃദ്ധ ചിന്തിച്ചു. "എന്തായാലും നാരാണേട്ടൻ വരാതിരിക്കില്ല. ഈ സാരിയിൽ എന്നെ കാണുമ്പോ നാരാണേട്ടന് സന്തോഷാവും. എത്രയോ നാളുകൾക്ക് മുൻപ് വാങ്ങിത്തന്നതാണിത് .... ഇത്ര നാളുകൾ കഴിഞ്ഞിട്ടും ഞാനിത് സൂക്ഷിച്ചു വച്ചിരുന്നത് ഇതിനു വേണ്ടി തന്നെയാണ്.നാരാണേട്ടന്റെ ഒപ്പമുള്ള യാത്ര എത്ര രസകരമായിരിക്കും. കുളിർ കാറ്റു വീശുന്ന ഈ രാത്രിയുടെ നിശ്ശബ്ദതയിൽ ഭൂമി നിദ്രയിലാണ്ടു കിടക്കുമ്പോൾ നക്ഷത്രങ്ങൾ തെളിച്ച ഇത്തിരി വെട്ടത്തിൽ നാരാണേട്ടന്റെ ഇടം കൈയിൽ എന്റെ വലം കൈയ്യാൽ മുറുകെ പിടിച്ച് മറുകൈ ഉയർത്തി വീശി, ആകാശത്തിന്റെ ചരുവിലൂടെ , മലകൾക്കു മുകളിലൂടെ കളകളാരവം മുഴക്കുന്ന അരുവികൾ കണ്ട് കണ്ട്,.....ഈ യാത്രക്കായ് എത്ര നാളുകളായി കാത്തിരിക്കുന്നു. വൃദ്ധയുടെ ശരീരം ഭാരമില്ലാത്തതായ് മാറി.നക്ഷത്രങ്ങളും വൃദ്ധയും മാത്രം മിഴി തുറന്നിരുന്ന രാത്രിയുടെ ഏതോ നിമിഷങ്ങളിൽ ബാൽക്കണിയിലെ കസേര ശൂന്യമായി.