Skip to main content
Srishti-2022   >>  Short Story - Malayalam   >>  ബേബി ബ്ലൂസ്

Rani V S

Tata Elxsi

ബേബി ബ്ലൂസ്

ബേബി ബ്ലൂസ്

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു കുഞ്ഞു കരയാൻ തുടങ്ങി. പതിയെ ഞാൻ കൈ നീട്ടി ആ കുഞ്ഞികാലുകളിൽ മെല്ലെ താളം പിടിച്ചു. ഒരു താരാട്ടിന്റെ ഇരടി ചുണ്ടിൽ മെല്ലെ തത്തിക്കളിച്ചു.

രാരിരി രാരാരോ രാരിരാരോ രാരിരി രാരാരോ...

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌
താമര തുമ്പിയായി പറന്നോടാൻ ആലില കുഞ്ഞുറങ്ങ്‌
സൂര്യനും ചന്ദ്രനും പോൽ ഉറങ്ങുറങ്ങ്‌ ആരിരി രാരാരോ...

കണ്ണേ ഉറങ്ങുറങ്ങ്‌ പൊന്നോമന കുഞ്ഞേ ഉറങ്ങുറങ്ങ്‌
കണ്ണനെ കണ്ടുകണ്ട് ചിരിച്ചുങ്കൊണ്ടോമന മുത്തുറങ്ങ്‌...

ചെക്കന് ഉറങ്ങാൻ ഉദ്ദേശം ഇല്ലെന്നു തോന്നുന്നു. കരച്ചിലിന്റെ ആക്കം കുറഞ്ഞു തുടങ്ങി. അവൻ കൈ ചുരുട്ടി വായിലാക്കി നുണഞ്ഞു തുടങ്ങി. അവനു വിശക്കുന്നുണ്ടാവും. ഒരു കുഞ്ഞു പ്ലാവിലയിൽ കൊള്ളുന്നതെ അവനു ഒരു തവണ കുടിക്കാൻ പറ്റൂ എന്നു അമ്മ പറയാറുണ്ട്. ഇത്തിരി നുണയുമ്പോഴേക്കും അവൻ ഉറങ്ങി പോകും. ഞാൻ അവനു അടുത്തേക്ക് ചരിഞ്ഞു കിടക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. അടിവയറ്റിൽ ആകെ ഒരു നീറ്റൽ. കുത്തി വലിക്കുന്നത്‌ പോലെ. സിസേറിയൻ ആയിരുന്നു ഇന്നേക്ക് ആറു ദിവസമേ ആയിട്ടുള്ളൂ. ഞാൻ ഇടതു കൈ കട്ടിലിൽ കുത്തി വലതു കൈ കൊണ്ടു വയറിനു താങ്ങു കൊടുത്തു എഴുന്നേൽക്കാൻ ശ്രമിച്ചു. പറ്റുന്നില്ല.  വയറിന്റെ വേദനയും കാലിലെ നീരും ഒക്കെക്കൊണ്ട് ശരീരം എന്റെ ഇഷ്ടത്തിന് വഴങ്ങുന്നില്ല. ഞാൻ തല ഉയർത്തി വാതിൽക്കലേക്ക് നോക്കി അമ്മയെ കാണാൻ ഇല്ല.

"കിച്ചാ.."

വിളി കേൾക്കേണ്ട താമസം അവൻ മുറിയിലേക്ക് ഓടി വന്നു. എന്തെന്ന മട്ടിൽ അവൻ എന്നെ നോക്കിയപ്പോൾ ഞാൻ വിരൽ നുണഞ്ഞു കിടക്കുന്ന വാവയെ ചൂണ്ടിക്കാട്ടി.

ആഹാ. അച്ഛെടെ വാവാച്ചി ഉണർന്നോ. അമ്മൂ നീ ഇരുന്നോ ഞാൻ വാവയെ എടുത്തു തരാം.

ഞാൻ ദയനീയമായി കിച്ചനെ നോക്കി. അപ്പോഴാണ് അവനു അബദ്ധം മനസിലായത്.

അയ്യോ സോറി ടീ.

അവൻ വേഗം എന്റടത്തേക്ക് വന്നു. എന്റെ മുന്നിൽ അവൻ തല താഴ്ത്തി കുനിഞ്ഞിരുന്നു. രണ്ടു കൈ കൊണ്ടും ഞാൻ അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു. അവൻ മുകളിലേക്ക് ഉയരുന്നതിനു അനുസരിച്ചു ഞാനും കട്ടിലിൽ നിന്നും ഉയർന്നു. കട്ടിലിൽ കാലു നീട്ടി ഇരുന്നിട്ട് ഞാൻ കാലു പതിയെ താഴെക്കിട്ടു.

ഇങ്ങനെ പോയാൽ നീ ഒന്നു ഒക്കെ ആകുമ്പോഴേക്കും എന്റെ പിടലി ഒടിയും.

പോടാ . എന്റെ അവസ്ഥ ഇങ്ങനെ ആയോണ്ട് അല്ലെ.

ഈ നൂറു കിലോ ചുമക്കുന്ന എന്റെ വിധി.

ടാ നീ ചിരിപ്പിക്കാതെ വയറു നോവും.

നീയൊരു കാര്യം ചെയ്താൽ മതി. ചിരിക്കുമ്പോ ആ തലയണ വയറ്റിൽ ചേർത്തു പിടിച്ചാൽ മതി വേദനിക്കില്ല.

പറയുന്ന കേട്ടാൽ തോന്നും  നിനക്ക് പ്രസവിച്ചു ഭയങ്കര എക്സ്‌പിരിയൻസ് ആണെന്ന്.

അതേടി ഞാൻ പത്തെണ്ണത്തിനെ പ്രസവിച്ചു ആ അനുഭവം വെച്ചിട്ടു പറഞ്ഞതാ.

പോടാ.

എടി പൊട്ടി ഞാൻ ഗൂഗിളിൽ വായിച്ചതാണ്.

കൈ കുത്തി ഞാൻ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു. അടുത്തുള്ള കസേരയിൽ ഇരുന്നു. ഒരു തലയണയെടുത്തു മടിയിൽ വെച്ചപ്പോഴേക്കും. അവൻ കുഞ്ഞിനെ എടുത്തു ആ തലയണയുടെ പുറത്തു കിടത്തി.  കൈ മുട്ടിൽ കുഞ്ഞിന്റെ തല ഇരിക്കുന്ന വിധം കുഞ്ഞിനെ ചേർത്തു പിടിച്ചിട്ട് ഞാൻ ഉടുപ്പിന്റെ കുടുക്കുകൾ ഇളക്കി. മുലഞെട്ട് കുഞ്ഞിന്റെ വായിലേക്ക് വെച്ചു കൊടുത്തു. അവനൊന്നു കണ്ണു തുറന്നു നോക്കിയിട്ട് മെല്ലെ നുണയാൻ തുടങ്ങി. അവൻ ആഞ്ഞു നുണയുമ്പോൾ മുലഞെട്ടിലെ പൊട്ടലുകൾ ആകെ പുകഞ്ഞു നീറുന്നു. ഒപ്പം അടിവയറ്റിലെ മുറിവും വിങ്ങുന്നുണ്ട്. എല്ലാം കൂടെ നീറുന്ന വേദന ആണ്. ജീവൻ പോകുന്ന പോലെ. ആദ്യമൊക്കെ വേദനികുന്നെന്നു ഡോക്ടറോട് പരാതി പറയുമായിരുന്നു. ഗർഭപാത്രം ചുരുങ്ങുന്നതിന്റെ വേദനയാണെന്നായിരുന്നു എനിക്കു കിട്ടിയ മറുപടി.  പിന്നെ പിന്നെ ഞാൻ ഈ വേദനയെ കാര്യമാക്കതായി. പാലു കുടിച്ചു വയറു നിറഞ്ഞു ഉറക്കത്തിലേക്കു പോകുമ്പോൾ വാവയുടെ ഒരു ചിരി ഉണ്ട് അതു കാണുമ്പോൾ ഈ വേദനയെല്ലാം മറക്കും. ഓരോ തവണയും മുലയൂട്ടുമ്പോൾ വേദനയെല്ലാം മറന്നു ആ ചിരി കാണാൻ വേണ്ടി ഞാൻ കാത്തിരിക്കും.

ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോൾ ഒത്തിരി മാറ്റങ്ങൾ നമ്മളിൽ ഉണ്ടാകും എന്ന് എല്ലാരും പറയും. അതിപ്പോൾ സത്യമാണെന്ന് എനിക്ക് തോന്നുന്നു. ഒരു സൂചി കൊണ്ടാൽ പോലും സഹിക്കാത്ത ഞാൻ ശരീരം കീറി മുറിച്ച വേദന പോലും സഹിക്കുന്നു. കട്ടിലു കണ്ടാൽ ശവം ആണെന്ന് ഈ കിച്ചൻ എപ്പോഴും കളിയാക്കുന്ന ഞാൻ കുഞ്ഞിന്റെ ചെറിയൊരു അനക്കം പോലും അറിഞ്ഞു ഉണരുന്നത് കണ്ടിട്ട് എനിക്കു തന്നെ അത്ഭുതം തോന്നുന്നു.

ചിന്തയിൽ നിന്നും ഉണർന്നു കുഞ്ഞിനെ നോക്കിയപ്പോൾ അവൻ മുലഞെട്ടും വായിൽ ആക്കി ഉറക്കം തുടങ്ങി. അവന്റെ കാൽവെള്ളയിലും ചെവിയിലും ഒക്കെ മെല്ലെ ചൊറിഞ്ഞു അവനെ ഉണർത്തി അവൻ വീണ്ടും പാലു കുടിച്ചു തുടങ്ങി. മുഖമുയർത്തി നോക്കിയപ്പോൾ കിച്ചൻ എന്നെയും വാവയെയും നോക്കി കട്ടിലിൽ ഇരിപ്പുണ്ട്.

അവനെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞു. അതു കണ്ടതും അവൻ ചോദിച്ചു.

വേദനികുന്നുണ്ടോ.

ഇല്ലെന്ന് ഞാൻ തലയാട്ടി.

വെള്ളം വേണോ?

ഉം.

അവൻ ഹാളിലേക്ക് പോയി.ഒരു ഗ്ലാസ്സ് വെള്ളവുമായി തിരിച്ചു വന്നു. അവൻ ചുണ്ടോട് അടുപ്പിച്ചു തന്ന വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞു തുളുമ്പി.

എന്തിനാടി നീ കരയുന്നെ?

കിച്ചന് ബുദ്ധിമുട്ട് ആയോ?

എന്തിന്. ഞാൻ ജീവിക്കുന്നത് തന്നെ എന്റെ അമ്മുനും വാവയ്ക്കും വേണ്ടിട്ട് അല്ലെ.

നിറഞ്ഞു തുളുമ്പിയ എന്റെ കണ്ണുകൾ തുടച്ചിട്ട് അവൻ എന്റെ നെറുകയിൽ ചുംബിച്ചു.

നീ ഇങ്ങനെ കരയല്ലേ അമ്മൂ. വാവയ്ക്ക് പാലു കൊടുക്കേണ്ടത് അല്ലെ.

തലയാട്ടിക്കൊണ്ടു ഞാൻ വാവയെ നോക്കി അവൻ നല്ല  ഉറക്കമാണ്. കാൽ വെള്ളയിൽ ചൊറിഞ്ഞാൽ ഒന്നും അവൻ ഇനി ഉണരാൻ പോകുന്നില്ല.

കിച്ചാ വാവ ഉറങ്ങി.

കുഞ്ഞു വിരലുകൊണ്ട് അവന്റെ വായിൽ നിന്നും ഞാൻ മുലഞെട്ട് വേർപെടുത്തി. കവിളത്തും ചുണ്ടിലും ബാക്കി നിന്ന പാലിന്റെ തുള്ളികൾ മെല്ലെ തുണി കൊണ്ട് ഒപ്പിയെടുത്തു. കിച്ചൻ അവനെ തോളത്തിട്ടു മെല്ലെ തട്ടി.   ഉറക്കത്തിനിടയ്ക്കും അവന്റെ കുഞ്ഞി ചുണ്ടുകൾ നുണയുന്നുണ്ട്.

കിച്ചാ ദേ വാവ ഉറക്കത്തിൽ പാലു കുടിക്കുവാ.

അവൻ നിന്റെ വയറ്റിൽ കിടന്നു ഒത്തിരി പ്രാക്ടിസ് ചെയ്തത് അല്ലെ ഈ നുണയൽ അവനു ഇപ്പൊ ഉണർന്നു ഇരുന്നാലും ഉറക്കത്തിലും ഒക്കെ ഇതു മാത്രമേ അറിയൂ.

കിച്ചൻ സംസാരിക്കുന്നത് കേട്ടതും വാവയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

അല്ലേലും വാവയ്ക്ക് അച്ഛനെ മാത്രമേ അറിയൂ. എന്നെ പാലിന് മാത്രം മതി.

ദേ വാവേ അമ്മയ്ക്ക് അസൂയ ആണ്. എന്റെ അമ്മൂ എല്ലാ കുഞ്ഞുങ്ങളും ഇങ്ങനെ ആണ്. എല്ലാരേം മനസിലാക്കി എടുക്കാൻ ഇത്തിരി സമയമെടുക്കും കുറച്ചൂടെ കഴിഞ്ഞോട്ടെ വാവയ്ക്ക് പിന്നെ നിന്നെ മാത്രം മതിയാകും.

ഉം.

ഇനി ഇതിനു കരയാൻ ആണോ പ്ലാൻ.

എന്താണ് എനിക്ക് അറിഞ്ഞുട വല്ലാതെ സങ്കടം വരുന്നു. കാരണം ഇല്ലാതെ കരയാൻ തോന്നുന്നു. വാവയ്ക്ക് എന്തേലും പറ്റിയാലോ എന്നൊക്കെ പേടി തോന്നുവാ. പാലു കൊടുക്കാൻ വാവയെ എടുക്കുമ്പോൾ ഞാൻ എങ്ങാനും ഉറങ്ങി പോയി വാവ താഴെ വീണാലോ എന്നൊക്കെയുള്ള ചിന്ത ആണ്.ആകെ  വട്ടാകുന്നു.

ഇതൊക്കെ നോർമൽ ആണ് കൊച്ചേ. പ്രസവം കഴിഞ്ഞപ്പോൾ ഉള്ള ഹോർമോൺ വ്യത്യാസം കൊണ്ടും ഈ ഉറക്ക കുറവ് കൊണ്ടും ഒക്കെ തോന്നുന്നതാണ്. ഈ പുതിയ ലൈഫിനോട് നീ പൊരുത്തപ്പെടുമ്പോൾ  എല്ലാം മാറും. ഒന്നുരണ്ടു ആഴ്ച്ച കൂടി നമുക്ക് നോക്കാം എന്നിട്ട് മാറിയില്ലെങ്കിൽ നമുക്ക് ഡോക്ടറെ കാണാൻ പോകാം.

ഉം.

വാവ ഉറങ്ങുവല്ലേ നീയും കൂടെ ഉറങ്ങാൻ നോക്ക്. എങ്കിലേ രണ്ടു മണിക്കൂർ കഴിയുമ്പോൾ വാവയ്ക്ക് പാലു കൊടുക്കാൻ ഉള്ള ആരോഗ്യം കിട്ടൂ.

എന്നെ കിടക്കാൻ സഹായിച്ചിട്ട കിച്ചൻ എന്റെ കാലിൽ പുതപ്പെടുത്തു മൂടി. എന്റെ നെറ്റിയിൽ തലോടിയിട്ട് തിരിഞ്ഞു നടന്ന കിച്ചന്റെ കയ്യിൽ ഞാൻ പിടിച്ചു.

കിച്ചാ..

എന്താടി.

എന്നോട് ദേഷ്യം ഉണ്ടോ?

എന്തിന്? കഞ്ഞിക്കു ചൂടു പോരെന്നും പറഞ്ഞു ഉച്ചക്ക് കരഞ്ഞതിനോ?

അല്ല.

പിന്നെ?

ഗർഭിണി ആയ സമയത്തു ഞാൻ അങ്ങനൊക്കെ കാണിച്ചതിന് നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.

നീ ഇപ്പോഴും അതൊക്കെ ആലോചിക്കുവാണോ. വെറുതെ ഓർത്തു നീ ടെന്ഷൻ ആകണ്ട.  ഉറങ്ങാൻ നോക്ക്.

എന്റെ നെറുകയിൽ ഒരു ഉമ്മ തന്നിട്ട് കിച്ചൻ തിരിഞ്ഞു നടന്നു. വാതിലിനു അപ്പുറം മറഞ്ഞിട്ടു അവൻ പെട്ടെന്ന് തല അകത്തേക്ക് ഇട്ടിട്ട് പറഞ്ഞു.

ഉറങ്ങിയില്ലേ ഞാൻ അമ്മയെ വിളിക്കും.

അവനെ ബോധിപ്പിക്കാൻ എന്നോണം ഞാൻ കണ്ണുകൾ അടച്ചു. എത്രയേറെ ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. അല്ലെങ്കിലും ഉറക്കം എന്നത് പേരിനു മാത്രം ആയിട്ട് നാള് കുറെയായി. പതിയെ ഞങ്ങളുടെ ജീവിതം മനസിൽ തെളിഞ്ഞു.

കല്യാണം കഴിഞ്ഞു മൂന്നാമത്തെ ആഴ്ചയാണ് എനിക്കൊരു ബോധോദയം തോന്നിയത്. ഇനി ഞാൻ ഗർഭിണി എങ്ങാനും ആണോ എന്ന്. പണ്ട് എവിടെയോ വായിച്ചിട്ടുണ്ട് ചിലർക്കൊക്കെ ഗർഭിണി ആകുമ്പോൾ മനസിൽ ഇങ്ങനെ ഒരു തോന്നൽ ഉണ്ടാകും എന്നു. അതിനു കാരണം ആയിട്ടു തോന്നിയതോ പച്ചവെള്ളം കുടിക്കുമ്പോ തോന്നിയ രുചി ഇല്ലായ്‌മയും. സംശയം തോന്നിട്ട് കിച്ചനോട് ചോദിച്ചപ്പോ എനിക്ക് നല്ല തടി ഉള്ളതുകൊണ്ടും കാലം തെറ്റി വരുന്ന മാസമുറകളും ഉള്ളതുകൊണ്ട് ഉടനെയൊന്നും കുഞ്ഞാവയെ പ്രതീക്ഷിക്കണ്ട എന്നു പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ പതിവ് അസ്വസ്ഥതകൾ തുടങ്ങിയപ്പോൾ തന്നെ ഞാൻ സാനിറ്ററി പാഡും വാങ്ങി വെച്ചു കാത്തിരുന്നു.
ഞാൻ ഇങ്ങനെ കിച്ചനോട് ചോദിച്ചതിന്റെ കൃത്യം ഏഴാം ദിവസം വൈകുന്നേരം ഞാൻ ഛർദ്ദിക്കാൻ തുടങ്ങി. അതു കണ്ടിട്ടു കിച്ചൻ പറഞ്ഞത് എന്താണെന്നോ. ഞാൻ വല്ലതും വലിച്ചു വാരി തിന്നിട്ട് ആണെന്ന്. പിറ്റെന്നും തുടർച്ചയായി ശർധിക്കാൻ തുടങ്ങിയതും എന്നെയും കൊണ്ട് ഡോക്ടറിന്റെ അടുത്തു പോയപ്പോൾ ആണ് ഞങ്ങളുടെ കുഞ്ഞാവ വരാൻ പോകുവാണെന്ന വാർത്ത അറിയുന്നത്. തിരിച്ചു വീട്ടിൽ എത്തിയതും ഞാൻ പതം പറഞ്ഞു കരച്ചില് തുടങ്ങി. കിച്ചൻ പറഞ്ഞു പറ്റിച്ചെന്നും കഴിഞ്ഞ ആഴ്ച്ച പപ്പായ ജ്യൂസ് കുടിച്ചെന്നും കഴിഞ്ഞ ദിവസം പൈനാപ്പിൾ പുളിശ്ശേരി കഴിച്ചു എന്നൊക്കെ പറഞ്ഞു ആയിരുന്നു കരച്ചിൽ. ഒരു വിധത്തിൽ വാവയ്ക്ക് ഒന്നും പറ്റില്ലെന്ന് കിച്ചൻ എന്നെ പറഞ്ഞു സമാധാനിപ്പിച്ചു.
അന്നു തൊട്ട് കിച്ചന്റെ കഷ്ടകാലം തുടങ്ങുക ആയിരുന്നു. നിർത്താതെ ഉള്ള എന്റെ ഛര്ദിലും അതു രൂക്ഷമാകുമ്പോൾ എന്നെയും കൊണ്ടുള്ള ആശുപത്രിയിൽ പോക്കും ആണ് കക്ഷിയുടെ പ്രധാന പരിപാടി. രാത്രിയിൽ ഒക്കെ തൊണ്ടപൊട്ടി രക്തം വരുന്നതുവരെ ഞാൻ ഛര്ദിക്കുമ്പോൾ ഉറക്കമില്ലാതെ കിച്ചൻ കൂടെ ഇരിക്കും. ആഗ്രഹിച്ചു എന്തേലും കഴിക്കാൻ വേണമെന്നു പറഞ്ഞിട്ട് അതു അവൻ മുന്നിലെത്തിക്കുമ്പോൾ വായും പൊത്തി ഞാൻ ഓടും. കിച്ചന് ഇഷ്ടമുള്ള കറികളുടെ മണം അടുക്കളയിൽ നിന്നും ഉയരുമ്പോഴേക്കും ഞാൻ വായും പൊത്തി ബാത്റൂമിലേക്കോടും. പാവം ഞാൻ കാരണം ഇഷ്ടപെട്ട കറി കൂട്ടി ചോറുണ്ടിട്ട്  തന്നെ മാസങ്ങൾ ആയി.
മൂന്നുമാസം കഴിയുമ്പോൾ ഈ ഛര്ദിൽ മാറുമെന്ന് എല്ലാരും പറയുന്നത് കേട്ടു ഞങ്ങളും കാത്തിരുന്നു. എവിടന്നു പോകാൻ. കൂടുന്നതല്ലാതെ കുറവൊന്നും ഇല്ല. ഛര്ദിച്ചു ഛര്ദിച്ചു എന്റെ ഭാരം കുറയുന്നത് മാത്രം മിച്ചം.
ഗർഭകാലം മുന്നോട്ട് പുരോഗമിച്ചപ്പോൾ പ്രശ്നങ്ങളും കൂടി വന്നു. കിച്ചൻ ഓഫീസിൽ പോയാൽ അവനെ മിസ്സ് ചെയ്യുന്നെന്ന് പറഞ്ഞു ഞാൻ സങ്കടപ്പെടും. അവൻ വന്നാലോ ചെറിയ കാര്യങ്ങൾക്ക് പോലും അവനോട് വഴക്കിടും. അവന്റെ വിയർപ്പിന്റെ ഗന്ധം പോലും എനിക്ക് പിടിക്കാതായി. അവൻ വാതില് തുറന്നു അകത്തു കയറുന്നതും ഞാൻ വായും പൊത്തി ഓടും. പാവം അവൻ ദിവസം മൂന്നു തവണ വരെ കുളിച്ചു തുടങ്ങി.
അഞ്ചാം മാസം അവസാനത്തോടെ വാവയുടെ അനക്കം കിട്ടി തുടങ്ങി. എല്ലാരും പറയും വാവ പകൽ ഉറങ്ങും രാത്രി ചവിട്ടും എന്ന്. പക്ഷെ എന്റെ കുഞ്ഞാവ രാവും പകലും ഒരുപോലെ എന്റെ വയറു ചവിട്ടി മെതിച്ചു. എന്റെ ഉറക്കം കുറഞ്ഞു തുടങ്ങി. കാലൊക്കെ നീരുവെച്ചു വീർത്തു തുടങ്ങി. എല്ലാരോടും ദേഷ്യമായിരുന്നു വയറു കുറവെന്ന് പറയുന്നോരോടും വെയിലു കൊണ്ടിലേല് കുഞ്ഞിന് മഞ്ഞ വരുമെന്ന് പറയുന്നോരോടും എല്ലാം. എല്ലാ ദേഷ്യവും തീർത്തത് കിച്ചനോട് ആണ്. അവനു ഈ ഗര്ഭം കൊണ്ടുള്ള ഏക ഗുണം എന്നത് എന്നെ കാണാൻ വരുന്നവർ കൊണ്ടുവരുന്ന പലഹാരങ്ങൾ മൊത്തം അവനു കഴിക്കാല്ലോ എന്നാ.
അവസാന മാസം എത്തിയതോടെ എന്റെ അവസ്‌ഥ പരിതാപകരം ആയി. പഴുത്ത മാങ്ങ കഷണങ്ങളും നാരങ്ങാ വെള്ളവും ബിസ്ക്കറ്റും മാത്രം കഴിച്ചു ഞാൻ ദിവസങ്ങൾ തള്ളി നീക്കി. എന്നും കരച്ചിലും സങ്കടവും. വാവയ്ക്ക് വല്ലതും സംഭവിക്കുമോ എന്ന നെഗറ്റീവ് ചിന്തകൾ എന്നെ അലട്ടാൻ തുടങ്ങി. എന്റെ മനസമാധാനം പോയത് പോരാഞ്ഞ് ഈ നെഗേറ്റിവിറ്റി മൊത്തം കിച്ചനോട് പറഞ്ഞു അവന്റെയും സമാധാനം കളഞ്ഞു.

ഒരു കുറവും ഇല്ലാത്ത ഛർദിയും കാലിലെ നീരും ഇടക്കിടെ അലട്ടുന്ന നടുവിന്റെയും വയറിന്റെയും വേദനയും കൂടാതെ ബിപിയും കൂടി കണ്ടപ്പോൾ ചെക്കപ്പിനു പോയ എന്നെ പിടിച്ചു പ്രസവിപ്പിക്കാൻ ഡോക്ടർ അഡ്മിറ്റ് ആക്കി.
പിറ്റേന്ന് രാവിലെ ഡോക്ടർ പറഞ്ഞ പ്രകാരം മേലും കഴുകി ഒരു കട്ടൻ ചായയും കുടിച്ചു ഞാൻ കാത്തിരുന്നു. നഴ്‌സ് കൊണ്ടു തന്ന വെള്ള മുണ്ടും ഉടുപ്പും ഇട്ട് ഞാൻ കിച്ചന്റെ കയ്യും പിടിച്ചു ഞാൻ ലേബർ റൂമിലേക്ക് നടന്നു. കിച്ചനെ കൈ വീശി കാണിച്ചിട്ട് വാവയെയും കൊണ്ടു വരാമെന്നു പറഞ്ഞു ആ കണ്ണാടി വാതിലിന് ഉള്ളിലേക്ക് നടന്നപ്പോൾ എന്റെ മനസിൽ ഭയത്തിനു പകരം ആകെയൊരു മരവിപ്പ് ആയിരുന്നു. വെളുപ്പിന് കുടിച്ച കട്ടൻ ചായ അതുപോലെ ലേബർ റൂമിന്റെ നിലത്തു ഛര്ദിച്ചു. നഴ്‌സ് ചൂണ്ടിക്കാട്ടിയ കട്ടിലിൽ ഞാൻ കിടന്നു. വാവയുടെ അനക്കം റെക്കോർഡ് ചെയ്തിട്ട്. അവരെന്റെ കയ്യിൽ ഡ്രിപ് ഇട്ടു. വേദന ഇപ്പൊ വരും ഇപ്പൊ വരും എന്ന് പ്രതീക്ഷിച്ചു ഞാൻ ഉറങ്ങി പോയി. കണ്ണു തുറന്ന് നോക്കിയപ്പോൾ മണി ഒൻപത്. ഞാൻ ഇതിനകത്ത് കയറിയിട്ട് മണിക്കൂർ മൂന്ന് ആയി. എന്റെ കൂടെ കയറിയവരിൽ പലർക്കും വേദന തുടങ്ങിയിട്ടുണ്ട്. ചിലരെയൊക്കെ ലേബർ കോട്ടിലേക്ക് മാറ്റി. എനിക്കെന്താ വേദന വരാത്തത് എന്നു ഞാൻ അടുത്തുണ്ടായിരുന്ന നഴ്സിനോട് ചോദിച്ചപ്പോൾ ഡോക്ടർ വന്നിട്ടെ വേദനക്ക് ഡ്രിപ് ഇടൂ എന്നവർ മറുപടി പറഞ്ഞു.

ഡോക്ടർ വന്നിട്ട് എന്റെ കാലുകൾ അകത്തി പരിശോധിച്ചു. അസ്വസ്ഥത കൊണ്ട് ഞാൻ വയർ മുകളിലേക്ക് പിടിച്ചു. അതു മനസിലാക്കിയ നഴ്‌സ് എന്റെ വയർ താഴേക്ക് അമർത്തി. എന്റെയുള്ളിൽ എന്തോ മുറിക്കുന്ന പോലെ എനിക്ക് തോന്നി. പെട്ടെന്ന് ചൂടുള്ള ദ്രാവകം എനിക്ക് ചുറ്റും ഒഴുകി പരന്നു. ഡോക്ടറിന്റെ മുഖം മാറി.

"കുഞ്ഞിന്റെ മോഷൻ പോയി. നോർമലിനു ശ്രമിക്കുന്നത് റിസ്ക് ആണ്. എമർജൻസി സർജറി ചെയ്യണം"

ഇത്രയും പറഞ്ഞിട്ട് ഡോക്ടർ കിച്ചനെയും ബന്ധുക്കളെയും കാണാൻ പുറത്തേക്ക് നടന്നു. എന്റെ ഉള്ളിൽ വല്ലാത്തൊരു സങ്കടം നിറഞ്ഞു. പിന്നെയുള്ള കാര്യങ്ങൾ വളരെ പെട്ടെന്നായിരുന്നു. സർജറിക്ക് ഉള്ള സമ്മതപത്രം ഒപ്പിട്ടതും ആന്റിബയോട്ടിക് ഡ്രിപ് ഇട്ടതും എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു. നഴ്സിന്റെ കൈപിടിച്ചു സ്ട്രെച്ചറിന്റെ അടുത്തേക്ക് നടന്നപ്പോൾ ഞാൻ കിടന്ന ബെഡിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആ വെള്ള വിരിയുടെ നിറം അപ്പോൾ വെള്ള അല്ലായിരുന്നു. തിരിഞ്ഞു നടക്കുമ്പോഴും എന്റെ കാലിലൂടെ ആ ദ്രാവകം ഒഴുകുന്നുണ്ടായിരുന്നു. 

സ്ട്രെച്ചറിൽ കിടന്ന എന്റെ അടുത്തേക്ക് കിച്ചനും അമ്മയും വന്നു. കിച്ചനെ കണ്ടതും എന്റെ കണ്ണു നിറഞ്ഞു. എന്റെ കൈത്തണ്ടയിൽ പിടിച്ചു അമർത്തിയിട്ട് പോയിട്ടു വാ എന്നു കിച്ചൻ പറഞ്ഞതും സ്ട്രെച്ചറിന്റെ ചക്രങ്ങൾ ഉരുണ്ടു തുടങ്ങിയിരുന്നു. ഇടനാഴികളിലൂടെ ഓപ്പറേഷൻ തീയറ്ററിലേക്ക് പോകുമ്പോൾ എന്റെ വയറ്റിൽ ആകെ ഒരു  ഉരുണ്ടുകയറ്റം. ദഹനരസം തികട്ടി വായിലേക്ക് വരുന്നു.
ഞാൻ ചുറ്റും നോക്കി.

"എനിക്ക് ഓക്കാനം തോന്നുന്നു. ഒരു തലയണ തരുമോ?"

എന്റെ വിരലടയാളം പതിപ്പിക്കാൻ വന്നവരോടും എന്റെ നട്ടെല്ല് നോക്കാൻ വന്ന അനസ്‌തേഷ്യ ഡോക്ടറോടും ഞാൻ ഈ ആവശ്യം പറഞ്ഞുകൊണ്ടിരുന്നു. ഓപ്പറേഷൻ ടേബിളിലേക്ക് എന്നെ മാറ്റിയപ്പോഴും ഞാൻ ഈ ആവശ്യം തുടർന്നുകൊണ്ടിരുന്നു. മൂത്രം പോകാൻ ട്യൂബ് ഇട്ടു കഴിഞ്ഞു നട്ടെല്ലിൽ ഇഞ്ചക്ഷൻ എടുക്കാൻ എന്നെ എഴുന്നേൽപ്പിച്ചു ഇരുത്തി. അപ്പോഴേക്കും നട്ടെല്ല് വില്ലു പോലെ വളയ്ക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടിനെയും ഇഞ്ചക്ഷൻ എടുക്കുമ്പോൾ ഉള്ള വേദനയെ പറ്റിയും പലരും പറഞ്ഞത് ഓർത്തു മനസിൽ ഭയം തോന്നി. ഓപ്പറേഷൻ ടേബിളിൽ ഇരുന്ന് അവർ തന്ന തലയണയെ കെട്ടിപിടിച്ചു താടി പൂഴ്ത്തി ഇരിക്കുമ്പോൾ എന്റെ നെഞ്ചു പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു. നട്ടെല്ലിൽ ഒരു തണുപ്പ് പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഡോക്ടർ കഴിഞ്ഞെന്നു എന്നോട് പറഞ്ഞു. തിരികെ ടേബിളിലേക്ക് കിടന്നതും ഞാൻ പഴയ ആവശ്യം തുടങ്ങി. സ്പൈനൽ ഇഞ്ചക്ഷൻ ആയോണ്ട് തലയണ തരാൻ പറ്റില്ലെന്ന് അവർ പറഞ്ഞതു കൊണ്ട് എന്റെ ഭയം കൂടി വന്നു. ഒരു നഴ്‌സ് എന്റെ അടുത്തിരുന്നു സമാധാനിപ്പിച്ചു. വോമിറ്റിങ് ഉണ്ടാവാതിരിക്കാൻ മരുന്ന് ഡ്രിപ്പിലൂടെ തന്നിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആശ്വാസം ആയി. എന്റെ വയറിനു കുറുകേ ഒരു മറ വെച്ചിട്ട് അവർ എന്തൊക്കെയോ ചെയ്തു തുടങ്ങി. എന്റെ കാലുകൾ വായുവിൽ പറക്കുന്നത് പോലെ. വേദന അറിയുന്നില്ല പക്ഷെ അവരെന്റെ വയറിൽ തൊടുന്നുണ്ടെന്നു മനസിലാകും. ഓരോ നിമിഷവും ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു. സമയം കടന്നു പോയത് ഞാൻ അറിഞ്ഞില്ല. എന്റെ വയറ്റിൽ അമർത്തുന്ന പോലെ തോന്നും കുഞ്ഞിനെ എടുക്കാൻ ആണ് പേടിക്കണ്ട എന്നു പറഞ്ഞതും ഞാനൊരു കരച്ചിൽ കേട്ടു. മോൾ ആണൊന്ന് ഉള്ള എന്റെ ചോദ്യത്തിന് അല്ല മോൻ ആണെന്നായിരുന്നു മറുപടി.   എന്റെ കണ്ണു അറിയാണ്ട് നിറയുന്നുണ്ടായിരുന്നു. എന്റെ തോളത്തു ഒരു ഇഞ്ചക്ഷൻ തന്നിട്ട് ആരോ പറഞ്ഞു.

"ഉറങ്ങിക്കോ മോനെ കൊണ്ടുവരുമ്പോ വിളിക്കാം"

ഉറക്കത്തിനും ഉണർവിനും ഇടയിൽ നിമിഷങ്ങൾ എത്ര കടന്നുപോയെന്നു അറിയില്ല. എപ്പോഴോ ആരോ മെല്ലെ കയ്യിൽ തട്ടി വിളിച്ചു.

"മോനെ കാണണ്ടേ"

അടഞ്ഞു പോകുന്ന കണ്ണുകൾ വീണ്ടും വലിച്ചു തുറന്നു ഞാൻ നോക്കി. പച്ച തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു മുഖം. കണ്ണിൽ നിറഞ്ഞ കണ്ണുനീർ എന്റെ കാഴ്ചയെ മറച്ചു. വീണ്ടും ഉറക്കം. ഇടക്ക് വല്ലാണ്ട് തണുപ്പ് തോന്നിയിട്ടു ഞാൻ ഉണർന്നു. തണുത്തിട്ട് കയ്യും കാലും ഒക്കെ വിറക്കുന്നു. തണുക്കണൂ എന്നു ഞാൻ ചുറ്റുമുള്ളവരോടെല്ലാം പറയാൻ തുടങ്ങി. എന്റെ ബഹളം കൊണ്ടാണോ അതോ സർജറി കഴിഞ്ഞത് കൊണ്ടാണോ എന്നറിയില്ല തീയറ്ററിലെ എസി അവർ ഓഫ് ചെയ്തു. അവിടെ നിന്നും പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്ക് മാറ്റിയപ്പോഴും എന്റെ വിറയൽ മാറിയിട്ടില്ല. അവിടെ ബെഡിലേക്ക് മാറ്റി കമ്പിളി ഒക്കെ പുതച്ചു കഴിഞ്ഞിട്ടാണ് വിറയൽ ഒക്കെ അടങ്ങിയത്. അപ്പോഴേക്കും എനിക്ക് കിച്ചനെ കാണണം എന്ന് തോന്നി. അത് പറയാൻ ഒരുങ്ങുമ്പോഴാണ് ഒരു നഴ്‌സ് എന്റെ കുഞ്ഞാവയെ കൊണ്ടു വന്നത്. എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്‌ഥ. ഞാൻ അവനെ തൊട്ടോട്ടെ എന്നായിരുന്നു ചോദിച്ചത്. അവനെന്റെ മുലഞെട്ട് നുണയുമ്പോൾ ആ കവിളിൽ ഞാൻ മെല്ലെ തടവിക്കൊണ്ടിരുന്നു. അവനെയും കൊണ്ട് നഴ്‌സ് തിരിഞ്ഞു നടക്കുമ്പോൾ മനസിൽ വല്ലാത്തൊരു നീറ്റൽ.

കിച്ചൻ എന്നെ കാണാൻ വന്നപ്പോഴും എനിക്ക് വാവ വന്ന കാര്യമേ പറയാൻ ഉള്ളു. വാവ വന്നിരുന്നു. വാവയെ തൊടാൻ പഞ്ഞി പോലിരുന്നു എന്നു ഞാൻ പിന്നെയും പിന്നെയും പറഞ്ഞു. എന്റെ  കയ്യിലും കാലിലും നെഞ്ചിലും ഒക്കെ ഘടിപ്പിച്ച ഉപകരണങ്ങളുടെ നടുവിൽ മയങ്ങിയും ഉണർന്നും ഞാൻ കിടന്നു. ഉണർന്നു കിടക്കുന്ന സമയങ്ങളിൽ രണ്ടു മണിക്കൂർ കൂടുമ്പോഴുള്ള വാവയുടെ വരവിനായി ഞാൻ കാത്തിരുന്നു.

ഇടക്ക് അടിവയറ്റിൽ ചെറിയ നീറ്റൽ തോന്നി തുടങ്ങി. പതിയെ ഞാൻ എന്റെ കൈ നീട്ടി വയറു തടവി നോക്കി. വയറു താഴ്ന്നിരിക്കുന്നു. ഇത്ര പെട്ടെന്ന്  വയറിന്റെ വലിപ്പം കുറയുമോ എന്നു ഞാൻ സംശയിച്ചു. പതിയെ ആ നീറ്റൽ കൂടി വന്നു. ആരോ എന്റെ അടുത്തു വന്നു ചോദിച്ചു.

"വേദനിക്കുന്നുണ്ടോ"

അതെയെന്ന് ഞാൻ തലയാട്ടി. പതിയെ വേദന കുറഞ്ഞു വന്നു. വീണ്ടും ഉറങ്ങിയും ഉണർന്നും മണിക്കൂറുകൾ നീങ്ങി. ഉണർന്നിരിക്കുന്ന സമയങ്ങളിൽ ക്ലോക്കിൽ കണ്ണും നട്ട് ഞാൻ വാവയെ കാത്തിരുന്നു.

പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും എനിക്ക് എങ്ങനെ എങ്കിലും റൂമിൽ പോയാൽ മതി. അതാവുമ്പോ വാവയെയും കിച്ചനേയും അമ്മയെയും ഒക്കെ കാണാല്ലോ. ഉച്ച ആയപ്പോഴേക്കും എന്നെ റൂമിലേക്ക് മാറ്റി. പക്ഷെ വിചാരിച്ച അത്രയും സുഖകരം ആയിരുന്നില്ല. ഓരോ തവണയും വാവ പാലിനായ് കരയുമ്പോൾ കട്ടിലിൽ നിന്നും എണിക്കാനും തിരികെ കിടക്കാനും ഉള്ള കഷ്ടപ്പാട്. വയറു നിറയാതെ വാവ കരയുമ്പോൾ എന്റെയും കണ്ണു നിറയും. പൊടി പാലു തുപ്പി കളഞ്ഞിട്ട് എന്റെ പാലിനായി അവൻ കരയുമ്പോൾ എന്റെ നെഞ്ചു നീറും.  ഒന്നു അനങ്ങിയലോ തുമ്മിയാലോ പോലും അടിവയറ്റിൽ ആളിപ്പടരുന്ന വേദന. പാലില്ലേ എന്നു ചോദിക്കുന്നവരോടൊക്കെ ദേഷ്യമായിരുന്നു. വല്ലാതെ സങ്കടം വന്നു തുടങ്ങിയ നിമിഷങ്ങൾ. കുഞ്ഞിന് എന്തേലും സംഭവിക്കുമോ എന്ന ഭയത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ടു തുടങ്ങി. അവന്റെ ഓരോ ഞരക്കത്തിലും ഞാൻ ഞെട്ടി ഉണർന്നു. മൂന്നാം ദിവസം മുതൽ എന്റെ കുഞ്ഞു വയറു നിറയെ പാലു കുടിച്ച് ഉറങ്ങി. എങ്കിലും എന്റെ അവസ്ഥയ്ക്ക് മാറ്റം വന്നില്ല. ഓരോ തവണയും പാലു കുടിക്കുമ്പോൾ വിണ്ടു പൊട്ടിയ എന്റെ മുലഞെട്ടുകൾ വേദന കൊണ്ട് പുകയും അടിവയറ്റിൽ വലിഞ്ഞു മുറുകുന്ന വേദന. ഓരോ രണ്ടു മണീക്കൂറുകൾ കൂടുമ്പോഴുള്ള പാലൂട്ടൽ നേരത്തെയും ആ വേദനയെയും ഞാൻ ഭയപ്പെട്ടു. പക്ഷെ എന്റെ കുഞ്ഞിന്റെ വിശപ്പിനു മുന്നിൽ ഞാൻ എന്റെ ഭയത്തെയും വേദനയെയും മറന്നു. ഓരോ തവണ വേദന എന്നിൽ പടരുമ്പോഴും ഞാൻ അമ്മയെ നോക്കും ഇതിലേറെ വേദന അമ്മ ജീവിതത്തിൽ രണ്ടു തവണ ഇതിലേറെ വേദന അനുഭവിച്ചത് ആണെന്ന് ഓർക്കുമ്പോൾ കണ്ണു നിറയും.

ഗർഭകാലവും പ്രസവത്തിനു ശേഷമുള്ള ദിവസങ്ങളും നമ്മുടെ ശരീരത്തിൽ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്ന സമയം ആണെന്നും പെട്ടെന്ന് സങ്കടവും സന്തോഷവും ഒക്കെ വരുന്നത് സ്വാഭാവികം ആണെന്നും ഇതിനെ ബേബി ബ്ലൂസ് എന്നു പറയും എന്നോക്കെ കിച്ചനും ഡോക്ടറും മനസിലാക്കി തന്നു എങ്കിലും ഇപ്പോഴും തനിച്ചിരിക്കുമ്പോൾ സങ്കടം വരും.

ഇടക്ക് കേട്ട വിരൽ നുണയുന്ന ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. കുഞ്ഞാവ ഉണർന്നിട്ടുണ്ട്. ഞാൻ വീണ്ടും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ഉള്ള യജ്ഞം തുടങ്ങി.

********

മാസങ്ങൾക്ക് അപ്പുറം.

കിച്ചനെ തോളത്തിരുന്ന വാവ എന്നെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. എന്റെ അടുത്തേക്ക് വരാൻ ആയി വാവ ബഹളം കൂട്ടിയതും കിച്ചൻ പറഞ്ഞു.

"നീയൊന്നു മാറി നിക്ക് അമ്മൂ. നീ എവിടെ ഉണ്ടേലും ചെക്കൻ മണത്തു കണ്ടുപിടിക്കും. പണ്ട് വാവ മൈൻഡ്  ചെയ്യുന്നില്ല എന്നു പറഞ്ഞു നീ കരഞ്ഞിട്ട് വാവയ്ക്ക് ഇപ്പൊ നിന്നെ മാത്രം മതിയല്ലോ."

"അന്നത്തെ സങ്കടം ഒക്കെ ഇപ്പൊ ഒരു സ്വപ്നം പോലെ തോന്നുവാ കിച്ചാ"

ഞാൻ ഒരു ചെറു ചിരിയോടെ വാവയ്ക്ക് നേരെ കൈ നീട്ടി. എന്റെ നെഞ്ചിൽ തല ചായ്ച്ചു കുഞ്ഞി കണ്ണു ചിമ്മി വാവ മെല്ലെ വിളിച്ചു.

"ഇങ്കി..."

ഡെഡിക്കേഷൻ: ഗർഭാലസ്യങ്ങളും പ്രസവത്തിന്റെ വേദനയും ബേബി ബ്ലൂസും സഹിച്ചു ഓരോ കുഞ്ഞിനെയും മടിയിൽ വെച്ചു താലോലിക്കുന്ന അമ്മമാർക്ക്