Skip to main content
Srishti-2022   >>  Short Story - Malayalam   >>  വീഞ്ഞുകുപ്പിയിലെ നിഴൽ

Kannan Divakaran Nair

Infosys Limited

വീഞ്ഞുകുപ്പിയിലെ നിഴൽ

വീഞ്ഞുകുപ്പിയിലെ നിഴൽ

തലേന്നാൾ നുകർന്ന ലഹരിയുടെ കറ സുബോധത്തിനു തീർത്ത മറ തീർത്തും നീങ്ങുന്നതിനു മുൻപേ സൂര്യകിരണങ്ങൾ അയാളുടെ കലങ്ങിയ കണ്ണുകളിൽ ചെറിയ ചൂടും ഉറക്കം ഉണരുവാനുള്ള അസ്വസ്ഥതയും പകർന്നു. നീണ്ടു നരച്ച മുടിയിഴകൾ  അയാളുടെ കാഴ്ചയെ പകുതി മറച്ചിരുന്നു.തല ഉയർത്തി പടിഞ്ഞാറു വശത്തേക്ക് ചരിച്ച്  അയാൾ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.മേശപ്പുറത്തു വെച്ചിരുന്ന വാച്ചിലെ സൂചിയുടെ ചലനം മാത്രം അയാളുടെ കാതുകളിൽ ചലനം സൃഷ്ടിച്ചുകൊണ്ടിരുന്നു . സെക്കന്റ് സൂചിയുടെ ധൃതചലനം മിനുട്ടു സൂചിയെ പന്ത്രണ്ടോടു അടുപ്പിച്ചുകൊണ്ടിരുന്നു.സമയം എട്ട് ആകാറാകുന്നു. അയാൾ കൈകൾ ഉയർത്തി വാച്ച് അല്പം കൂടി നീക്കിവെച്ചു.

                        വാച്ച് നീക്കുന്നതിനിടയിൽ അയാളുടെ കൈകൾ മേശപ്പുറത്തു അലക്ഷ്യമായി വെച്ചിരുന്ന മിക്സ്ച്ചർ  നിറച്ച പാത്രത്തിൽ തട്ടി പിൻവാങ്ങി.അതിന്റെ സമീപം തലേദിവസം ബാക്കി വെച്ച ഏതാനും തുള്ളികൾ മാത്രം ചുവട്ടിലൊളിപ്പിച്ച , "അരുത്" എന്ന് മൂന്നു വട്ടം എല്ലാവരോടും പറയുന്ന ത്രിബിൾ X റമ്മിന്റെ ലേബലണിഞ്ഞ  ബ്രൗൺ നിറത്തിലുള്ള ആ ചില്ലുകുപ്പി സൂര്യപ്രകാശത്തിന്റെ നിഴലാട്ടങ്ങളിൽ മിന്നിത്തിളങ്ങി അങ്ങനെ നിന്നു.ഫിൽറ്ററിനെ തൊട്ടു തൊട്ടില്ല എന്ന വണ്ണം കത്തിയമർന്ന് പുകച്ചുരുളുകൾ പായിച്ചുകൊണ്ട് ഒരു സിഗരറ്റു കുറ്റി ചാരക്കൂനയിൽ തലയമർത്തി മറ്റൊരു പാത്രത്തിൽ ഇരിക്കുന്നു."പബ്ബിനു ചിയേർസ് " എന്ന തലക്കെട്ടോടെയുള്ള പത്രവാർത്ത കാറ്റിൽ ആടിക്കളിച്ചു നിന്നു.സംസ്ഥാനത്തു പബ്ബുകൾ തുറക്കുന്നത് ഐ ടി  മേഖല സ്വാഗതം ചെയ്യുന്നു എന്ന ഹൈലൈറ്റ് കണ്ടാൽ ഇത് ഐ ടി മേഖലയുടെ മാത്രം ആവശ്യമാണെന്ന് തോന്നും.എന്നാൽ എവിടെയും ഇതു മേഖലയിലും സോഷ്യൽ  ഡ്രിങ്ക്‌സും മുഴുക്കുടിയും രണ്ടും രണ്ടു  തന്നെ. രണ്ടാമത്തേത് എവിടെ  ആയാലും അപകടവും.ചെറിയ കമ്മെന്റുകളിലൊന്നിലെ ആ വലിയ സന്ദേശം പ്രതിധ്വനിക്കാതെ അങ്ങനെ ആടിക്കളിക്കുകയാണ്.പത്രവാർത്തകൾക്കും ചാനൽ ചർച്ചകൾക്കും നിറം മങ്ങി തുടങ്ങിയിരിക്കുന്നു.ഇടക്കാലത്തായി മൂല്യമില്ലാത്ത വാർത്തകൾ തലക്കെട്ടുകളിൽ തിക്കിക്കയറ്റി വായനക്കാരെ കളിയാക്കുന്ന  നിലയിലെത്തി പത്രധർമ്മം.വെറും  കച്ചവടം നിറഞ്ഞ പരസ്യങ്ങൾ.


                          മദ്യം ആ മനുഷ്യനെ കഴിച്ചപ്പോൾ അയാളുടെ ബോധം മറഞ്ഞു . രാത്രിയുടെ വൈകിയ ഏതോ ഒരു മുഹൂർത്തത്തിൽ കട്ടിലിൽ നിലയറ്റ് വീണതായിരുന്നു അയാൾ. പ്രായവും രൂപവും അദ്ദേഹത്തിന് കലാകാരന്റെയോ അനുഭവപരിജ്ഞാനമുള്ള ഒരു ബുദ്ധിജീവിയുടെയോ പട്ടം എപ്പോഴോ ചാർത്തിനല്കിയിരുന്നു.കാവി നിറമുള്ള ജുബ്ബയും കറുത്ത പാൻറ്സും തോളിനുമുകളിൽ  ഏച്ചുകെട്ടിയ മുഴയോടുകൂടിയ വള്ളിയുള്ള തോൾസഞ്ചിയും , ഇതായിരുന്നു നാട്ടുകാർ ദൈനംദിനം അയാളെ കണ്ടുകൊണ്ടിരുന്ന വേഷം.

                               താടിരോമങ്ങളിലൂടെ മുകളിലേക്ക് കയറിയെത്തിയ ഒരു ഉറുമ്പ് വീണ്ടും ആ മുഖത്ത് അസ്വസ്ഥതയുടെ മഞ്ഞളിപ്പ് നിറച്ച് ചലങ്ങൾ സൃഷ്ടിച്ചു.ഇത്തവണ കൈകൾ ഉയർത്തി അതിനെ കാലപുരിയ്ക്കയച്ചുകൊണ്ട് താടി രോമങ്ങളും തടവി അയാൾ എഴുന്നേറ്റു.പാതിയടഞ്ഞ കണ്ണുകൾ ആ മേശപ്പുറത്തു എന്തോ തിരയുകയാണ്.

                                      അയാൾ എഴുന്നേറ്റപാടെ  ഒരു സിഗരറ്റ് ചുണ്ടോടു ചേർന്ന് ശ്വസോച്ഛാസത്തോടൊപ്പം തിളങ്ങിയും മങ്ങിയും കത്തിയെരിയാൻ തുടങ്ങി.കണ്ണുകളിൽ നിന്നും ഉറക്കം ഓടിയൊളിച്ചു.വായിൽ നിന്നും നാസാരന്ദ്രങ്ങളിൽ നിന്നും പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ നിറയാൻ തുടങ്ങി.അയാളുടെ ചുമ ഇടയ്ക്കിടയ്ക്ക് നൃത്തം വെച്ചുയരുന്ന പുകച്ചുരുളുകൾക്കു താളം പകർന്നു.ചൂണ്ടുവിരൽ കൊണ്ട് ഇടയ്ക്കിടയ്ക്ക് അയാൾ എരിഞ്ഞുതീർന്ന സിഗററ്റുതലപ്പിനെ തട്ടിക്കളഞ്ഞുകൊണ്ടിരുന്നു.

                                              ഇടതുവിരലുകൾക്കുള്ളിലെ സിഗരറ്റിനെ ചുണ്ടോടു ചേർത്തുകൊണ്ട് മേശപ്പുറത്തിരുന്ന കുപ്പിയുയർത്തി ഒന്ന് കുലുക്കി നോക്കി.അയാളുടെ കണ്ണുകളിൽ നിരാശ നിറഞ്ഞു.ആ കുപ്പി "ഠേ" എന്ന മുഴക്കത്തോടെ വീണ്ടും പഴയ സ്ഥലത്തു ഒരാട്ടത്തിനു ശേഷം നിലയുറപ്പിച്ചു.

                                             കുറച്ചങ്ങ് മാറി കസേരയുടെ മുന്നിലെ ചെറിയ എഴുത്തുമേശയുടെ മുകളിൽ ഒരു ടേബിൾ ലാംപ് അപ്പോഴും കത്തിയങ്ങനെ നിന്നു.കഴിഞ്ഞ ദിവസം തന്റെ കരചലനങ്ങളോടൊപ്പം തണലങ്ങും വിലങ്ങും ഓടി ക്ഷീണിച്ച മഷിപ്പേന , ഒരു ദീർഘ വിരാമത്തിനു ശേഷം നാവിൻ തുമ്പത്ത് ഉണങ്ങിയ മഷിയുമായി വെളുത്ത കടലാസുമെത്തയിൽ തളർന്നങ്ങനെ കിടക്കുന്നു.തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന ചെറിയകാറ്റ് ആ വെളുത്ത കടലാസിനെ ഇടയ്ക്കിടയ്ക്ക് ഉയർത്തിക്കൊണ്ടിരുന്നു.എന്നാൽ യജമാനനോട് കൂറുള്ള ആ മഷിത്തണ്ട് വെളുത്ത കടലാസിനെ ഗാഢം പുണർന്ന് അവിടെ നിന്നും പറന്നകലാതെ പിടിച്ചു നിർത്തി.

                                    അല്പനേരത്തെ ഇടവേളയ്ക്കു ശേഷം മുഖം തുടച്ചുകൊണ്ട് അയാൾ വീണ്ടും മുറിയിലേക്ക്  കടന്നു വന്നു.തോർത്ത് ചുമലിലിട്ടതിനു ശേഷം കൈത്താങ്ങുകൾ ഉള്ള ആ കസേരയിൽ ഇരുപ്പുറപ്പിച്ചു.മേശപ്പുറത്തിരുന്ന മൺകൂജ ഉയർത്തി വർദ്ധിച്ച പാരവശ്യത്തോടെ വെള്ളം കുടിച്ചു.ഇടയ്ക്കിടെ നരവീണ താടിരോമങ്ങളിലൂടെ വെള്ളം ഊർന്നിറങ്ങി അയാളുടെ കാവിവസ്ത്രത്തിനു കൂടുതൽ നിറമേകി.  

                                       ഒരു ദീർഘ നിശ്വാസത്തിനു ശേഷം അയാൾ പേന കയ്യിലെടുത്തു.തലേന്നാൾ എഴുതി അവസാനിപ്പിച്ച കടലാസുകൾ കയ്യിലെടുത്തു അയാൾ അടിമുടി ഒന്ന് നോക്കി.സുബോധത്തോടെ അയാൾ ആദ്യമായി ഒന്നാദ്യാവസാനം കണ്ണോടിച്ചു. തലക്കെട്ടിന്റെ ഭാഗം ചന്ദനക്കുറിയില്ലാത്ത നെറ്റിത്തടം പോലെ പ്രകാശിച്ചു നിന്നു.ഒരു നിമിഷം എഴുത്തുകാരൻ എഴുത്തിനാധാരമായ ഹേതുവിനെ സുബോധത്തോടെ ഓർത്തെടുക്കാൻ ശ്രമിച്ചു.

                                        കലാസാഹിത്യസംഘം  പ്രവർത്തകർ ഓണക്കാലത്തെ മലയാളിയുടെ അമിത മദ്യാസക്തിയിൽ മനം നൊന്ത് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.അതിനുവേണ്ടി അവർ നിരന്തരം സെമിനാറുകളും കാല്നടജാഥകളും നടത്തി.സാഹിത്യസംഘത്തിനു ആ മാസാവസാനം ബോധവത്കരണത്തിന്റെ   ഭാഗമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും പദ്ധതി ഉണ്ട്. ആയതിലേക്കായി സമകാലീന പ്രാധാന്യമുള്ള ലേഖനങ്ങളും കഥാരൂപേണയുള്ള മാനസികവിചിന്തനങ്ങളും കവിതകളും എല്ലാം പ്രശസ്തരായ സാഹിത്യകാരന്മാരിൽ നിന്നും ക്ഷണിക്കുന്നുണ്ട്.കൂടാതെ അവരുടെ പ്രവർത്തനങ്ങളിൽ നാട്ടിലെ കലാസാഹിത്യപ്രവർത്തകരെയും പങ്കാളികളാക്കുന്നുണ്ട്.

                                        ഇന്നലെ വൈകിട്ട് ബീവറേജസിന്റെ ശാന്തമായ ക്യുവിൽ  ഒട്ടുനേരം നിന്ന് ഒരു കുപ്പി വാങ്ങി തോൾസഞ്ചിയിലിട്ട് സിഗരറ്റും വലിച്ച് പഞ്ചായത്തു റോഡിൽ നിന്നും ഇരുട്ടുനിറഞ്ഞ , കൈതപ്പൂക്കൾ നിറഞ്ഞു ഗന്ധം പരത്തുന്ന തോട്ടുവക്കത്തുകൂടെ നടന്നു നീങ്ങുമ്പോഴാണ് ഒരു പറ്റം ആളുകൾ തന്റെ നേർക്ക് നടന്നു വരുന്നത് അയാൾ കണ്ടത്.കണ്ടപാടെ കൂട്ടത്തിലെ മുതിർന്ന വ്യക്തി കയ്യിലെ ഡയറി ഉയർത്തി സംസാരിക്കാനാരംഭിച്ചു.


 "ആശാനിതെവിടാരുന്നു? ഞങ്ങൾ വീട്ടിലാന്വേഷിച്ചു. പൂട്ടിക്കിടന്നതുകൊണ്ട് തിരിച്ചുപോന്നു "


"ഉം . എന്താ കാര്യം?"


"ആശാന്റെ ഒരു ലേഖനം വേണം.കലാസാഹിത്യ ക്ലബ്ബിന്റെ ബോധവത്കരണപരിപാടികൾ തകൃതിയായി നടക്കുന്നത് അറിഞ്ഞുകാണുമല്ലോ ? "


"അറിഞ്ഞു.'മദ്യവിമുക്ത കേരളം' അതല്ലെ വിഷയം.ഞാനെന്താണ് ചെയ്യേണ്ടത്?"


" 'മദ്യം - ലഹരി പകരുന്ന കൊലയാളി ' ഈ തലക്കെട്ടിൽ ഒരു കഥ രൂപേണയുള്ള ലേഖനം തയ്യാറാക്കിത്തരണം ."


"എന്റെ എഴുത്തിന്റെ തലക്കെട്ട് ഞാൻ തീരുമാനിക്കും. അത് കള.വിഷയം  മദ്യവർജ്ജനം അഥവാ മദ്യവിമുക്ത കേരളം"

"മതി. അതുമതി. ഈ മാസാവസാനം ആണ് പ്രസിദ്ധീകരിക്കുന്നത്.അപ്പൊ ഞങ്ങള് വരട്ടെ".


"ശരി". എഴുത്തിന്റെ തലക്കെട്ടിൽ മറ്റൊരുത്തൻ കൈകടത്തിയതിന്റെ പുച്ഛം ഉള്ളിലൊതുക്കി ഒരു "ശരി" മൂളിയതിനുശേഷം അയാൾ വീട്ടിലേക്കുള്ള വഴി ഇരുട്ടിൽ പരതി.


              ചെന്നപാടെ കുപ്പിയുടെ കഴുത്തുപൊട്ടിച്ച് കലാപരിപാടി തുടങ്ങി.രണ്ടു പെഗ്ഗ് കഴിക്കുന്നത് വരെ പേപ്പറും പേനയും തൊട്ടില്ല.ബോധം മനസ്സിന്റെ പടിവാതിൽ കടന്ന് പോകാനൊരുങ്ങിയപ്പോൾ പതുക്കെ തലക്കെട്ടില്ലാത്ത കഥാരൂപേണയുള്ള ഉല്ലേഖനം പരുപരുത്ത കടലാസ്സിൽ പ്രയാണം  ആരംഭിച്ചു.

            ഇത്രയുമായപ്പോൾ അയാളുടെ ഉള്ളിൽ ചിരി പടർന്നു.വിരോധാഭാസത്തെ തിരിച്ചറിഞ്ഞ ഉപബോധമനസ്സാവാം അയാളുടെ കറുത്തിരുണ്ട  ചുണ്ടിനെ വിടർത്തിയത്. അയാൾ വായിക്കാനാരംഭിച്ചു.അയാൾ തന്റെ കഥയെ മറ്റൊരു തലത്തിലേക്ക് തേര് തളിച്ചുകൊണ്ടുപോകാൻ ആരംഭിച്ചു.ആവിഷ്കാരസ്വാതന്ത്ര്യം ചിറകടിച്ചുയരാൻ ആരംഭിച്ചു.


*********************************


                                                     "സുഹൃത്തുക്കളോടൊപ്പമുള്ള ഉല്ലാസയാത്രകളും അവരോടൊത്തുള്ള ആഘോഷവേളകളും ആണ് വിനോദിനെ മദ്യം എന്ന മദോന്മത്ത ലഹരിയുടെ പടിവാതിൽക്കൽ എത്തിച്ചത്.ഉത്തരവാദിത്വം എന്തെന്നറിയാത്ത ഉദ്യോഗാർത്ഥിയുടെ ദിനങ്ങളിൽ പക്വതയുടെ പുറംചട്ട അണിയുവാനായിരുന്നു ആദ്യമായി മദ്യത്തിന്റെ രുചി നാവിലേക്ക് പകർന്നത്. ചുറ്റും കൂടിയിരുന്നവരുടെ ആഹ്ലാദവും ആവേശവും ആദ്യ പെഗ്ഗ് നാവിലുണർത്തിയ കൈപ്പിനെയും തൊണ്ടയിലുയർത്തിയ പുകച്ചിലിനെയും മരവിപ്പിച്ചു.പിന്നീട് അത് ലഹരിയായി സിരകളിലൂടെ പാഞ്ഞുകയറി പലതവണ ബോധത്തെ മറച്ചു.

                                                          ബോധം തെളിഞ്ഞപ്പോൾ കടുത്ത തലവേദനയും പിന്നെ ഛർദിയും.ആദ്യത്തെ മദ്യപാനം ആദ്യം മധുരിപ്പും പിന്നെ അരുചിയും  സമ്മാനിച്ച് കടന്നുപോയി.പിന്നീടും പലതവണ മദ്യം മസ്തിഷ്കത്തിലേക്കു പടർന്നുകയറി ലഹരി നിറച്ചു.


                             കുത്തഴിഞ്ഞ ജീവിതവും അമിത മദ്യപാനവും വൈകിയെങ്കിലും വിനോദിന്റെ മാതാപിതാക്കളുടെ ശ്രദ്ധയിൽ നാട്ടുകാരുടെ സംസാരമെത്തിച്ചു. പ്രൈവറ്റ് സെക്ടർ ബാങ്കിലെ ജോലിക്കാരായിരുന്ന മാതാപിതാക്കൾക്ക് മകന്റെ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കാൻ ഒരിക്കലും സമയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.വൈകിയെങ്കിലും അവർ അവനെ നേർവഴിക്കു നടക്കാൻ ഉപദേശിച്ചു.താൻ രഹസ്യമായി സൂക്ഷിച്ചിരുന്ന മദ്യപാനിയുടെ വേഷപ്പകർച്ച വീട്ടുകാരുടെ മുൻപിൽ മറനീക്കി പുറത്തുവന്നപ്പോൾ ആത്മാഭിമാനത്തിനു ക്ഷതമേറ്റു. പരിഹാരത്തിനായി വീണ്ടും അവൻ മദ്യത്തിന്റെ സ്രോതസ്സുകളിൽ അഭയം പ്രാപിച്ചു.

                           പതിവ് കൂട്ടുകാർ ഇപ്പോൾ അവനോടൊപ്പം ഇല്ല. മദ്യത്തെ കഴിച്ചിരുന്ന അവന്റെ കൂട്ടുകാർ പലരും കുടുംബജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽ എത്തിയപ്പോൾ പതിവ് ലഹരിയെ പാതിവഴിയിൽ ഉപേക്ഷിച്ചു.


           മദ്യം തന്നെ കഴിക്കാൻ തുടങ്ങിയപ്പോൾ വിനോദ് ഒരുവട്ടം  ഒന്ന് തിരിഞ്ഞു നോക്കി.ലഹരിയിലേക്കു തന്നെ പിച്ച വെച്ച് നടത്തിയ, അതിന്റെ പടിപ്പുര വരെ തന്നെ ഇടംവലം ആഹ്ളാദത്തോടെ ആനയിച്ച സുഹൃത്തുക്കൾ ഒന്നും തന്നെ ഇപ്പോൾ ആ വഴികളിൽ ഇല്ല.തികച്ചും ഒറ്റപ്പെട്ട അവസ്ഥ. ഏകാന്തത ഒരു പേടിസ്വപ്നമായി കണ്മുന്നിൽ എത്തിയപ്പോൾ തന്നെ രക്ഷിക്കാൻ അവൻ ആരെയും അടുത്തെങ്ങും കണ്ടില്ല, നുരഞ്ഞുപതയുന്ന മദ്യക്കുപ്പിയല്ലാതെ.

                     വീട്ടുകാർ അവന് ഒരു ജോലി തരപ്പെടുത്തിക്കൊടുത്തു. പിന്നീടും പലപ്പോഴും ലഹരിയിലേക്കുള്ള അവസരങ്ങൾ ആഹ്ളാദാരവങ്ങൾ മുഴക്കി കടന്നുവന്നുകൊണ്ടേയിരുന്നു. ഇപ്പോൾ വിനോദിന്റെ നിയന്ത്രണത്തിലല്ല അവന്റെ ജീവിതം.അവന്റെ പ്രജ്ഞയുടെ തേർ തളിക്കുന്നത് മദ്യത്തിന്റെ  ലഹരിയുടെ കുപ്പായമണിഞ്ഞ മരണത്തിന്റെ തേരാളിയാണ്.


             വിവാഹം ഇതിനെല്ലാം ഒരറുതി വരുത്തുമെന്ന് കരുതിയാവണം വീട്ടുകാർ അവനെ വിവാഹത്തിന് നിർബന്ധിച്ചു.


*********************************


                                                       ഇന്നലെ ഇത്രയിടം മാത്രമേ തന്റെ മനസ്സും ഭാവനയും സഞ്ചരിച്ചുള്ളു. അപ്പോഴേക്കും അയാൾ ക്ഷീണിച്ചിരുന്നിരിക്കാം.വായന മതിയാക്കി കഥയുടെ ഉച്ചസ്ഥായിലേക്കു വീണ്ടും പീലിവിടർത്തിപ്പറക്കാൻ അയാൾ തൂലിക കയ്യിലെടുത്തു.പുതിയ കഥാതലങ്ങളിലേക്ക് അനുസ്യൂതം ഒഴുകാൻ ഇന്നലെ എഴുതി നിർത്തിയിടത്തു നിന്നും അയാൾ വീണ്ടും തുടങ്ങി.


*********************************

                             താൻ തികച്ചും മദ്യത്തിനടിമപ്പെടുകയാണെന്ന സത്യം പല സന്ദർഭങ്ങളിലും  വിനോദിന്റെ ബോധമനസ്സിൽ കടന്നുവന്നു.എന്നാൽ ഇനി തനിക്കിതിൽ നിന്നും മോചിതനാകുവാൻ കഴിയുമോ? എന്ന ചോദ്യം അയാളെ വല്ലാതെ അലട്ടി.താൻ മദ്യത്തിനടിമയല്ല എന്നയാൾ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.പക്ഷെ അവന്റെ ആസക്തി പലപ്പോഴും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും കുതറിയോടാൻ കഴിയാത്ത വിധം അവനെ തളച്ചിട്ടു.അത് അവന്റെ ബോധമനസ്സിൽ പലപ്പോഴും ദേഷ്യം ഉളവാക്കി.


*********************************

                           ഉള്ളിൽ വിടരുന്ന വാക്കുകളെ കടലാസിലേക്ക് പകർത്താൻ കൈവിരലുകൾ നന്നേ പാടുപെടുന്നതായി അയാൾക്കു തോന്നി. കയ്യിൽ നിന്നും പേന അയാൾ ഒരു നിമിഷം താഴെ വെച്ചു.എന്നിട്ടു വിരലുകളിലേക്കു നോക്കി.ലോഹത്തിന് മുകളിൽ തട്ടിയ ട്യൂണിങ് ഫോർക് പോലെ , അഥവാ ആടിയുലയുന്ന ആലിലപോലെ അങ്ങനെ വിറക്കുകയാണ് അയാളുടെ കൈവിരലുകൾ.അയാൾ ഇടതുകൈകൊണ്ട് വലതുകൈയുടെ തണ്ടയിൽ ഇറുകെപ്പിടിച്ചു.രക്തയോട്ടം കുറഞ്ഞ ആ കൈവിരലുകളുടെ ചലനം മെല്ലെ ആവൃത്തി കുറഞ്ഞു വന്നു.കണ്ണുകളിൽ നിന്നും വിയർപ്പുതുള്ളികൾ അടർന്നു വീണു.അയാളുടെ കൈകൾ മദ്യക്കുപ്പിക്കു നേരെ നീണ്ടു.നിരാശയായിരുന്നു ഫലം.അയാൾ തോൾസഞ്ചി ചുവരിലെ ആണിയിൽ നിന്നും ഊരിയെടുത്തു.വാതിൽ ശക്തിയായി അടച്ച് പുറത്തേക്കു പോയി.

        വിനോദിന്റെ ജീവിതത്തെ വരച്ചുകാട്ടാൻ പലതവണ അയാൾക്കു കുപ്പിയിൽ വിഷം നിറക്കേണ്ടി വന്നു.വിറയ്ക്കുന്ന കൈവിരലുകൾ പലതവണ പടിവാതിലുകളെ ശക്തിയായി അടച്ചു.തുള്ളികൾ വറ്റിയ വർണ്ണക്കടലാസിൽ പൊതിഞ്ഞ കുപ്പികൾ ചായ്പ്പിനു വെളിയിലെ തൊടിയിൽ  പലതവണ വീണുടഞ്ഞു.മദ്യത്തിന്റെ ലഹരി തീർത്ത പറക്കും തളിക വിനോദിന്റെ ജീവിതത്തിലെ നിമ്നോന്നതങ്ങളിലൂടെ പലതവണ പറന്നിറങ്ങി.


                 പതിവുപോലെ അയാൾ വീണ്ടുമൊരു കുപ്പി വാങ്ങി വൈകുന്നേരത്തെ എഴുത്തിനു ആരോഗ്യം പകരാൻ. കുപ്പി തന്റെ തോൾസഞ്ചിയിൽ  ഒളിപ്പിച്ചു നടന്നു നീങ്ങുകയാണ്.കവലയിൽ നിന്നും ഇടവഴിയിലേക്ക് തിരിയും മുൻപ് പരിചിതമായ ഒരു ശബ്ദം അയാളുടെ കാതുകളിൽ പ്രകമ്പനം കൊണ്ടു.


"ആശാനേ"


"ഉം" ഒരു മൂളലോടെ അയാൾ തിരിഞ്ഞു നോക്കി.


"നാളെ എഴുതിത്തീർത്തു തരാൻ പറ്റുവൊ? പ്രെസിൽ രണ്ടു മൂന്ന് ദിവസം നേരത്തെ കൊടുക്കാൻ  ആണ് തീരുമാനം ".


"ഉം" അയാൾ അതിനും ഒരു മൂളൽ മൂളി.അപ്രതീക്ഷിതമായി നൽകേണ്ടി വന്ന ഒരു വാഗ്ദാനം ആയിരുന്നു അത്.


"നാളെത്തരാം" അയാൾ മനസ്സിലുറപ്പിച്ചപോലെ കൂട്ടിച്ചേർത്തു.


"ശരിയാശാനെ. നാളെ ഞാൻ അങ്ങ് വരാം". ഇത്രയും പറഞ്ഞു ഡയറി കക്ഷത്തിൽ വച്ച് പരിചിതൻ നടന്നു നീങ്ങി.


    ഇന്ന് ഒരു രാത്രി മാത്രമാണ് തനിക്കു വിനോദിന്റെ മാനസികോല്ലാസങ്ങളിലൂടെ സ്വച്ഛന്ദം സഞ്ചരിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്.തോൾസഞ്ചിയിലെ കുപ്പിയിലേക്ക് സംശയത്തിന്റെ കണ്ണുകൾ പടർന്നു.

നെറ്റിചുളിച്ചു തോൾസഞ്ചിയിൽ നിന്നും അയാൾ കണ്ണുകളെടുത്തു.ഇന്നിതുപോരാ.വീണ്ടും അയാൾ ബീവറേജസിന്റെ വെളിച്ചമുള്ള കിളിവാതിലിൽ നിന്നും തുടങ്ങി അന്ധകാരത്തിൽ അവസാനിക്കുന്ന ക്യുവിലെ അവസാന കണ്ണിയായി ചേർന്നു.ലഹരിയിൽ തുടങ്ങി മരണത്തിൽ അവസാനിക്കുന്ന ജീവിതപാതയിലെ ക്യൂ.


        വീട്ടിൽ തിരിച്ചെത്തി ലഹരിയത്താഴം കഴിച്ച് അയാൾ ടേബിൾ ലാംപിനു മുൻപിൽ ഇരുന്നു .വിനോദിന്റെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ മേശപ്പുറത്തു പാറിനടക്കുകയാണ്.മഷിപുരണ്ട  കടലാസുകൾ മേശപ്പുറമാകെ നിറഞ്ഞുനിൽക്കുന്നു.അയാൾ പതിവുപോലെ തലേന്നാൾ എഴുതിയ കടലാസെടുത്ത് ഒന്ന് വായിച്ച് അതിലെ അവസാന ഖണ്ഡികയിൽ മിഴികൾ പാകി അങ്ങനെ ഇരുന്നു.

               

*********************************

വിവാഹജീവിതവും കുടുംബജീവിതവും തീർത്തും മദ്യാസക്തിക്കു മുൻപിൽ  കീഴടങ്ങിയപ്പോൾ വിനോദിന് നഷ്ടമായത്  സ്വന്തം ജീവിതവും അതിലെ  സന്തോഷകരമായ സുവർണ്ണ നിമിഷങ്ങളും  ആണ്. അയാൾ തല്ലിക്കെടുത്തിയത് തന്റെ  ചുറ്റുമുള്ളവരുടെ  സ്നേഹവും, തനിക്കുചുറ്റും  അഭയം തേടിയവരുടെയും അഭ്യുദയകാംഷികളുടെയും  ഒരായിരം  സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് . അവനറിയാതെ  അവനിലെ  ലഹരി നുള്ളിക്കളഞ്ഞത്   അവന്റെ  മക്കളുടെ  ശോഭനമായ  ഭാവി,  അവർക്കർഹമായ  സ്നേഹവാത്സല്യങ്ങൾ,അവർ  അനുഭവിക്കേണ്ട സൗഭാഗ്യങ്ങൾ. അവനവന്റെ കടമകൾ  വിസ്മരിക്കപ്പെട്ടപ്പോഴും  ജീവിതം  പരാജയത്തിലേക്ക്  കൂപ്പുകുത്തപ്പെട്ടപ്പോഴും  പലരും  അവനിൽ  നിന്നകലാൻ തുടങ്ങി … ഉറ്റവർ  പോലും…. അവൻ മാനസികമായി  തളരാൻ തുടങ്ങി . ...ആരവമണഞ്ഞ വീട്ടിൽ  അവൻ  ബോധമറ്റ്  അങ്ങനെ  കിടന്നു .. ഏകനായി..


*********************************

ഇത്രയും ദിവസം കൊണ്ട്  വിനോദിന്റെ കഥ വരച്ചിട്ടത് മദ്യം തകർത്തെറിയുന്ന ഒരു ജീവിതത്തിന്റെ കയ്പേറിയ നേർക്കാഴ്ചകളിലേക്കാണ് . ഒരു പെഗ്ഗ് കൂടി  അടിച്ചതിനു ശേഷം ഒന്നു രണ്ടു മിക്സ്ചർ വറ്റുകൾ അയാൾ വായിലിട്ടു. പിന്നീട്  പേന കയ്യിലെടുത്ത് വെളുത്ത കടലാസിന്റെ  മുകളിൽ വലത്തേ അറ്റത്തയെഴുതി  " പേജ്  62".വിനോദിന്റെ ജീവിതത്തിലേക്കിറങ്ങിയ ആ  പേനയുടെ മുനമ്പ്  വെള്ളക്കടലാസിനെ  തഴുകി  ഉരുളുവാൻ  തുടങ്ങി .. അവബോധം നിറക്കേണ്ട  ആ  എഴുത്താണി വിനോദിന്റെ  ജീവിതത്തിലെ  മുറിപ്പാടുകളിൽ  ചോരക്കറ  പടർത്തി ഒഴിയുകിയിറങ്ങി .. തീക്ഷ്ണമായ  ഒരു  ജാഗ്രതാ സന്ദേശമായി ..

*********************************

ബോധം  തെളിഞ്ഞു  കണ്ണ്  തുറന്നപ്പോൾ  അയാൾ ആകെ  ഒന്നു ഞെട്ടി. ചുറ്റും  അപരിചിതർ .. വെള്ള വസ്ത്രം ധരിച്ച ഒട്ടനവധി  പേർ  തന്റെ ജനാലയ്ക്കപ്പുറമുള്ള  മുറിയിൽ  സുവിശേഷ വചനങ്ങൾ കേട്ട് ധ്യാന നിമഗ്നരായി  ഇരിക്കുന്നു. മൂന്ന് നാല്  പേർ തന്റെ ചുറ്റും ,  തന്നെയും ആ  ലോകത്തേക്ക് ആനയിക്കാൻ കാത്തിരിക്കുന്നു ..


ഒന്ന് രണ്ടു ദിനം അവിടെ വീർപ്പുമുട്ടി ജീവിച്ചു. ഭക്ഷണത്തിനു ശേഷവും പലപ്പോഴും ലഹരിയോടുള്ള അടങ്ങാത്ത വിശപ്പ് തലപൊക്കി വന്നു. മദ്യവർജ്ജനം എന്ന ശുദ്ധവായു നിറഞ്ഞ മുറിയിൽ സ്വമേധയാ വിഹരിക്കാൻ കഴിയാതെ അയാൾ ശ്വാസംമുട്ടി ജീവിച്ചു .. ധ്യാനകേന്ദ്രത്തിലെ കവാടത്തിനു  പുറത്തേക്ക് പോകുന്നവരെ തടുക്കാനുള്ള കരുത്തില്ലായിരുന്നു.. അതിലെ  ദുർബലമായ പൂട്ടുകൾക് അവന്റെ ലഹരിയുടെ ആസക്തിക്ക് കൂച്ചുവിലങ്ങിടാൻ  കഴിഞ്ഞില്ല... അവിടെ നിന്നും പുറത്തേക്കുള്ള പ്രയാണത്തിന്,   രണ്ടാം ദിനം ഇരുളേണ്ട സമയം വരെ മാത്രമേ കാക്കേണ്ടി  വന്നുള്ളൂ . മൂന്നാം  ദിനം, ധ്യാനകേന്ദ്രം മിഴിതുറക്കുന്നതിനു നാഴികൾക്കു മുൻപേ തന്നെ ലഹരിയുടെ ഭാണ്ഡവും പേറി  അവൻ ഇരുളിലേക്കോടി മറഞ്ഞിരുന്നു ...


*********************************

ഇത്രയും എഴുതിയപ്പോൾ അയാളുടെ നെറ്റിയിൽ നിന്നും വിയർപ്പു തുള്ളികളൊന്ന് കടലാസിൽ അടർന്നു വീണ് മഷിപടർത്തി. വാങ്ങിവച്ചതിൽ  ഒരു കുപ്പി കൂടി പൊട്ടിത്തകർന്ന് തൊടിയിലെ മണലിൽ ചേർന്നു.ഇനിയും വിനോദിൻറെ ജീവൻറെ  ആ  തീച്ചൂളയിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ ,തൂലിക ഇനിയും ചൂണ്ടുപലക ആകണമെങ്കിൽ അടുത്ത കുപ്പിയുടെ കഴുത്തു തിരിച്ചാലേ സാധിക്കൂ. ഏതാനും നിമിഷങ്ങൾ അയാളുടെ മുൻപിൽ ഇടവേളയായി കടന്നുവന്നു . ഇത്രയും എഴുതാൻ ആവോളം ശക്തിപകർന്നുകൊണ്ട്  മദ്യം കൂടെയുണ്ടായിരുന്നു. ഇനിയും എഴുതാൻ  മദ്യം  പതിവിലും കൂടുതൽ വേണമെന്ന് അയാൾക്കു തോന്നിത്തുടങ്ങി.. അർഹതയില്ലാത്ത എന്തോ ഒന്ന് ചെയ്യാൻ അയാളുടെ തൊണ്ടയിലൂടെ ലഹരി വീണ്ടും ഒഴുകി.. എരിയുന്ന മനസ്സിൽ കനലുകൾ പൂർവ്വാധികം ശക്തിയോടെ  നീറി. വീണ്ടും വിറയ്ക്കുന്ന വിരലുകൾ ചലിച്ചു തുടങ്ങി അയാളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനു കരുത്തു പകർന്നു…..


*********************************

വിനോദിന് സമൂഹത്തിൽ നിന്നും ഒളിച്ചോടാം.... വീട്ടുകാരിൽ  നിന്നും  ഒളിച്ചോടാം…. ധ്യാനകേന്ദ്രത്തിൽ നിന്നും ഇരുളിലേക്കൊളിച്ചോടാം…. പക്ഷെ  ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിൽ നിന്നും,  മദ്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും ഒളിച്ചോടാനാകുമോ?


താത്കാലികമായ  സന്തോഷങ്ങളുടെയും  ആഘോഷങ്ങളുടെയും  പ്രകാശത്തിനു  പിന്നിലെ  ലഹരിയുടെ  സുഗന്ധമുള്ള  എണ്ണപുരണ്ട  കടലാസുകാണാതെ ആവേശത്തോടെ കുതിച്ചുയർന്നു ചതിയിൽ വീണ ഈയാം പാറ്റകളെ പോലെയാണ്  വിനോദിനെപ്പോലുള്ളവർ.

അവരുടെ സുബോധത്തിന്റെ ചിറകുകൾ ലഹരിയുടെ  എണ്ണപ്പശയിൽ നിന്ന്   മോചിപ്പിക്കാൻ  ആർക്കാണാവുക.. രക്ഷപ്പെടണമെന്ന് സ്വയം തോന്നിയാലും വിഷത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും കുതറിയോടാൻ കഴിയാതെ വീർപ്പുമുട്ടാനെ അവർക്കാകു.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നതുപോലെ

'ലഹരിയുടെ ആഹാരമാകാതെ നോക്കുക,  ലഹരിയെ ഹരമായി കൂടെ കൂട്ടുന്നവർ '

*********************************


                           ഇത്രയും എഴുതി പേന കൈവിരലുകളിൽ നിന്നും ചലനമറ്റ് വെള്ളക്കടലാസിൽ വീണപ്പോൾ അവസാനതുള്ളിയും ചില്ലുപാത്രത്തിൽ നിന്നും ഒഴിഞ്ഞിരുന്നു. ഇരുളിലേക്കൊളിച്ചോടിയ വിനോദിന്റെ കണ്ണുകളിൽ ഉണ്ടായിരുന്ന ലഹരിയുടെ അതേ മങ്ങിയ തിളക്കം എവിടെ നിന്നോ ഇന്നാട്ടിലെത്തിയ ആശാന്റെ  കണ്ണുകളിലും നിറഞ്ഞു  നിന്നിരുന്നു, ബോധം കൺപോളകൾക്കുള്ളിൽ മറയും വരെ. തലക്കെട്ടില്ലാത്ത ആ കഥയ്ക്ക് ഒരുപക്ഷെ   പ്രപഞ്ചസൃഷ്ടാവ്  'ആത്മകഥ' എന്ന  പേര്  നൽകിയേക്കും..കഥയും കഥാകൃത്തും  ഒന്നായിത്തീർന്ന കാലത്തിന്റെ ഒരപൂർവ ആവിഷ്കരണം.