Skip to main content
Srishti-2022   >>  Short Story - Malayalam   >>  സുവർണയുഗം

Akhil Ponnappan

Navigant India Pvt Ltd

സുവർണയുഗം

സുവർണയുഗം

ഈ ട്രെയിൻ സഞ്ചരിക്കുന്നത് വളരെ പതുക്കെയാണ്, എത്തേണ്ടിടത്തു എത്തിച്ചേരുവാൻ എന്തോ മടിയുള്ളതുപോലെ. യാത്രക്കാരെല്ലാവരും അക്ഷമരാണ്, ഞാനും. നല്ല തിരക്കുണ്ട്, ജനറൽ കംപാർട്മെന്റ് ആയതുകൊണ്ടാകുമോ? ഏയ് അതല്ല, എ സി  കോച്ചിലും സ്ലീപ്പറിലുമൊക്കെ തിരക്കുണ്ട്. എനിക്കിരിക്കാൻ സൈഡ് സീറ്റ്‌  തന്നെ കിട്ടി. ജനാലയിലൂടെ പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കുന്നത് എനിക്കെപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ തികച്ചും ദുസ്സഹമായതും, കാണുവാൻ തീരെ താല്പര്യമില്ലാത്തതുമായ കാഴ്ചകൾ ആണ് കുറച്ച് സമയമായി കണ്ടുകൊണ്ടിരിക്കുന്നത്. ആകെ ഒരു മടുപ്പ് അനുഭവപ്പെടുന്നു, എങ്കിലും നയനമനോഹരങ്ങളായ  കാഴ്ചകൾക്ക് വേണ്ടി ഞാൻ കാത്തിരുന്നു. 

                    നാലുപേർക്ക് മാത്രം ഇരിക്കുവാൻ സാധിക്കുന്ന നീളത്തിലുള്ള  സീറ്റിൽ ആറു പേർ ഞെരുങ്ങി ഇരിക്കുന്നുണ്ട്. ഒരാൾ ഇരിക്കേണ്ട സൈഡ് സീറ്റുകളിൽ രണ്ടു പേർ വീതമുണ്ട്. ഈ യാത്ര വളരെ ബുദ്ധിമുട്ട് തന്നെ, ഞാൻ മനസ്സിൽ ഓർത്തു. കൂടെ യാത്ര ചെയ്യുന്നവരെയെല്ലാം ഞാൻ ശ്രദ്ധിക്കുവാൻ തുടങ്ങി,  ആരുടെയും മുഖത്ത് ആശ്വാസത്തിന്റെയോ, സന്തോഷത്തിന്റെയോ ഒരംശം പോലും കാണുവാൻ സാധിക്കുന്നില്ല. ഞാൻ കാണുന്നില്ലെങ്കിൽ പോലും ഒരല്പമെങ്കിലും ചൈതന്യമുള്ളതു എന്റെ മുഖത്ത് മാത്രമാണെന്നെനിക്കു തോന്നി. വളരെ ബുദ്ധിമുട്ടി സീറ്റിൽ ചാരി നിന്നിരുന്ന ഒരു വൃദ്ധൻ സീറ്റിൽ ഇരിക്കുന്ന യുവതിയോട് ചോദിച്ചു "ഏത് സ്റ്റേഷനിൽ ആണ് ഇറങ്ങുന്നത്? " ചോദ്യം കേൾക്കാത്ത മട്ടിൽ നിസ്സംഗഭാവത്തിൽ ഇരുന്ന ആ യുവതി ഒരല്പസമയത്തിനു ശേഷം മറുപടി പറഞ്ഞു    "സുവർണയുഗം " വൃദ്ധന്റെ മുഖത്ത് നിരാശ പടരുന്നത് കണ്ടു. അതെ, അയാൾക്കും ഇറങ്ങേണ്ടത് അവിടെത്തന്നെയാണ് സുവർണയുഗത്തിൽ. യുവതിയുടെ മറുപടി യാത്രക്കാരിലെല്ലാവരിലും പലതരത്തിലുള്ള ഭാവമാറ്റമാണ് സൃഷ്ടിച്ചത്.  ചിലർ മന്ദഹസിച്ചു, ചിലർ കുശുമ്പോട് കൂടി അവരെ നോക്കി, മറ്റു ചിലർക്ക് പരിഹാസഭാവം. ഇതിൽനിന്നൊക്കെ എനിക്കൊരുകാര്യം വ്യക്തമായി, ഇവർക്കെല്ലാവർക്കും പോകേണ്ടത് സുവർണയുഗത്തിലേക്കാണ്,  എനിക്കും. 

                     യുവതിയുടെ മറുപടി ഈ യാത്രയുടെ ഭാവം തന്നെ മാറ്റിയിരിക്കുന്നു. എല്ലാവരെയും ഒരേ നൂലിൽ കോർത്തിണക്കിയത്  പോലെ. എന്തിനാണ്  എല്ലാവരും സുവർണയുഗത്തിലേക്ക്  പോകുന്നത്. ഓരോരുത്തർക്കും പറയുവാൻ കഥകളുണ്ട്,  ദുരന്ത കഥകൾ എല്ലാവരും അവരവരുടെ കഥകൾ പറഞ്ഞു കഴിയുമ്പോഴേക്കും ട്രെയിൻ സുവർണയുഗത്തിൽ എത്തിയേക്കാം. കഥകൾ പറയുവാൻ എല്ലാവരും വെമ്പൽ കൊള്ളുന്നുമുണ്ട്. ആര് ആദ്യം തുടങ്ങുമെന്നുള്ള സംശയം മാത്രം. കുറച്ചു സമയം നീണ്ട നിശബ്ദതയ്ക്കൊടുവിൽ   വൃദ്ധൻ തന്റെ കഥ പറഞ്ഞു തുടങ്ങി, ആരോടെന്നില്ലാതെ. തന്റെ കഥ പറഞ്ഞു കഴിയുമ്പോൾ സഹതാപം തോന്നി ഇരിക്കാൻ ഒരു സീറ്റ്‌ തനിക്കു കിട്ടിയേക്കാം എന്ന ഒരു സ്വാർത്ഥ മോഹം അയാൾക്കുണ്ടെന്നു എനിക്ക് തോന്നി. സമൂഹനന്മയുടെ പ്രതീകങ്ങൾ ആകേണ്ട കുറച്ച് യുവാക്കൾ തന്റെ മകളെ പിച്ചി ചീന്തി, അതും തന്റെ കണ്മുന്നിൽ വച്ച്. പ്രതികാരം ചെയ്യുവാനുള്ള കഴിവ് ഇല്ലായിരുന്നു. നീതിക്കായി പോരാടി പരാജയപ്പെട്ടു. അവളുടെ നീതിക്ക് വേണ്ടി മുറവിളികൂട്ടി സമൂഹസാക്ഷി അവളെ വീണ്ടും പലതവണ ബലാത്സംഗം ചെയ്തു. ഒന്നും മാറിയില്ല, നീതി അകന്നു നിന്നു. വികൃത ജീവിതം അവസാനിപ്പിച്ച് അവൾ പോയ്‌ മറഞ്ഞു. ഇതായിരുന്നു വൃദ്ധന്റെ കഥയുടെ സാരം. അയാൾ കരയുന്നുണ്ട്.                                                            വൃദ്ധന്റെ ജീവിതകഥ വല്യ പുതുമ ഇല്ലാത്ത സർവസാധാരണമായ ഒരു കഥ പോലെയാണ് എനിക്ക് തോന്നിയത്. എനിക്ക് മാത്രമല്ല, എല്ലാ യാത്രക്കാർക്കും അങ്ങനെ തോന്നിയിരിക്കണം. അതുകൊണ്ടായിരിക്കാം അയാൾക്ക് സീറ്റ്‌ കിട്ടാതിരുന്നത്. വൃദ്ധന്റെ മകൾക്ക് നീതി കിട്ടുവാൻ ഞാൻ എന്റെ സോഷ്യൽ മീഡിയ സൈറ്റിൽ വാദിച്ചിരുന്നു, ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിൽ കൂടി. അതിലും വലിയൊരു സഹായം എനിക്കയാളോട് ചെയ്യാനില്ല. അതുകൊണ്ട്തന്നെ ഞാൻ സീറ്റ്‌ മാറികൊടുത്തില്ല.

                        അടുത്ത ഊഴം ആരുടേത്? നിസംഗ ഭാവത്തിൽ ഇരിക്കുന്ന ആ യുവതിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ പോയത്, അവർ സംസാരിക്കുമോ, അവരുടെ കഥ അവർ പറയുമോ?, എല്ലാവർക്കും ആകാംഷയായി. ഏവരുടെയും ആകാംഷയ്ക്കു അറുതി വരുത്തി കൊണ്ട് അവർ സംസാരിച്ചു തുടങ്ങി, അവർ അവരുടെ കഥ പറയുകയാണ് . ലാളിച്ച്, ഓമനിച്ചു  കൊതി തീരും മുൻപ് അവരുടെ പൊന്നോമനയെ ആരോ കവർന്നു കൊണ്ടുപോയി.   വർഷങ്ങളോളം  അവനെ തേടി അലഞ്ഞു. ഒരു ഫലവും ഉണ്ടായില്ല. തന്റെ ഓമനകുഞ്ഞിന്റെ മുഖത്ത് ഇന്ന് ചിരി ഉണ്ടാകുമോ, അവൻ കരയുകയായിരിക്കുമോ, ദുസഹമായ വേദന അവനെ തളർത്തിയിരിക്കുമോ,  അതോ അവൻ ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞിട്ടുണ്ടാകുമോ? ഒന്നും അറിയില്ല. തന്റെ മകനെ തന്നിൽ നിന്നും അകറ്റിയ പിശാച് ബാധിച്ച  മനുഷ്യരെ എന്നും ശപിച്ചു കൊണ്ട് ഒരു ജീവശ്ചവമായ്  അവർ ജീവിക്കുന്നു. ഇവരുടെ കുട്ടിയുടെ മുഖം ഞാൻ കണ്ടിരിക്കുമോ? ഓർമയില്ല, ഒരുപാട് കുട്ടികളുടെ മുഖം പലർക്കും അയച്ചു കൊടുത്തിട്ടുണ്ട്. ഇവരെയും ഞാൻ സഹായിച്ചിട്ടുണ്ടാവും. 

                   ഭ്രാന്തിയെ പോലെ തോന്നിക്കുന്ന, പിച്ചും പേയും പറയുന്ന ഒരു സ്ത്രീ അവിടെ ഇരിപ്പുണ്ട്. സ്വന്തം കഥ പറയുവാനുള്ള മാനസികനില അവർക്ക് ഇല്ലെന്ന് തോന്നി. അവരുടെ കഥ മറ്റാരോ പറയുന്നുണ്ട്. ലഹരി മരുന്നിന്  അടിമപ്പെട്ടിരുന്ന അവരുടെ മകൻ അടുത്ത വീട്ടിലെ കുട്ടിയെ കൊന്ന് തിന്നു. ഹോ.. എന്ത് വിചിത്രമായ കാര്യമാണിത്. ഞാൻ ഓർക്കുന്നു, ഈ വാർത്ത ഞാൻ ന്യൂസ്‌ പേപ്പറിൽ വായിച്ചിരുന്നു. ഈ സ്ത്രീ തന്നെയാണ് തന്റെ മകനെ പോലീസിൽ ഏല്പിച്ചതും. മനുഷ്യൻ മനുഷ്യനെ കൊന്ന് തിന്നുന്ന അവസ്ഥയിലേക്ക് ഭൂമി എത്തിച്ചേരുമോ?  ഇതുപോലുള്ള ഒറ്റപെട്ട കാര്യങ്ങൾ ഇപ്പോ സംഭവിച്ചെങ്കിൽ നാളെ അത് സർവ്വസാധാരണമായേക്കാം. അങ്ങനൊരു കാലം എത്തിച്ചേരുന്നതിനു മുൻപേ സുവർണയുഗത്തിലേക്കു ട്രെയിൻ കയറാൻ തോന്നിയത് ഉചിതമായി എന്നെനിക്കു തോന്നി. 

             ഈ കഥകൾ എന്നെ മുഷിപ്പിക്കുന്നു. നല്ലതൊന്നും കേൾക്കുന്നില്ല. നല്ല അനുഭവം പറയാനുള്ളവരാരും ഈ ട്രെയിനിൽ കയറാൻ ഇടയില്ല. അതുകൊണ്ട് തന്നെ ആ പ്രതീക്ഷ വേണ്ട. വീണ്ടും ജനാലയിലൂടെ പുറം കാഴ്ചകളിൽ സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിച്ചു.  ഉള്ളിൽ കേട്ടുകൊണ്ടിരിക്കുന്ന കഥകൾക്കും പുറത്തെ കാഴ്ചകൾക്കും വല്ലാത്ത ഒത്തൊരുമ. അവിടെയും നല്ലതൊന്നും ഇല്ല. ട്രെയിനിന്റെ സ്പീഡ് ഒരല്പം കൂടിയിട്ടുണ്ട്,  ആശ്വാസം. എന്റെ എതിർ സീറ്റിൽ ഇരിക്കുന്ന പെൺകുട്ടികളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ഒരാൾ സുന്ദരിയാണ്. ചുറ്റും ഒരു ലോകമുണ്ടെന്നറിയാതെ അവൾ തന്റെ മൊബൈൽ ഫോണിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. രണ്ടാമത്തെ പെൺകുട്ടി അവശയാണ്, അവളുടെ മൂക്കിലൂടെ ഒരു ട്യൂബ് ഇട്ടിട്ടുണ്ട്. മാറാരോഗത്തിനു വേണ്ടിയുള്ള മരുന്നുകൾ അവളുടെ മുടിയും സൗന്ദര്യവും കാർന്നെടുത്തിരിക്കുന്നു. അവളുടെ ചികിത്സാസഹായത്തിനുള്ള അക്കൗണ്ട് നമ്പർ കിട്ടിയിരുന്നെങ്കിൽ ഞാനത് എന്റെ ധനികരായ സുഹൃത്തുകൾക്ക് അയച്ചു കൊടുത്തേനെ. സുന്ദരിയായ പെൺകുട്ടിയെ ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു. ഇപ്പോഴാണ് മനസിലാകുന്നത്, അവൾ അവളെതന്നെയാണ് മൊബൈൽ ഫോണിൽ തിരയുന്നത്. ചതിച്ചത് കാമുകനോ, അതോ ആൺസുഹൃത്തോ? അറിയില്ല, എങ്കിലും ഒന്ന് വ്യക്തമാകുന്നു, വിശ്വാസവഞ്ചന തകർത്തുകളഞ്ഞത് അവളുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതം തന്നെയാണ്. 

          പെൺകുട്ടികളുടെ അടുത്തായി ഇരിക്കുന്ന മനുഷ്യൻ കുറച്ച് സമയമായി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഇയാൾ സന്യാസിയാണോ? അതോ ഭ്രാന്തനോ? കാഴ്ച്ചയിൽ സന്യാസിയെപോലെ, പക്ഷെ ചേഷ്ടകൾ ഭ്രാന്തന്റേതും. പറയുന്ന കാര്യങ്ങളോ ഒന്നും മനസിലാകുന്നുമില്ല. വല്യ തത്വങ്ങൾ പോലെ തോന്നുന്നു, അതോ മണ്ടത്തരങ്ങൾ ആണോ? ട്രെയിൻ കയറിയപ്പോൾ മുതൽ എനിക്ക് തോന്നിയ സംശയമാണ്. എല്ലാവർക്കും ഈ സംശയം ഉണ്ടെന്നു തോന്നുന്നു. കഥകൾ തുടർന്നുകൊണ്ടിരിക്കുന്നു, അതിനിടയിൽ ആണ് ഈ സന്യാസിയുടെ ഭ്രാന്ത്‌ പറച്ചിൽ. ഇവിടുള്ള എല്ലാവരും ഇപ്പോൾ ഒരദൃശ്യ ക്യുവിൽ ആണ്, തങ്ങളുടെ കഥ പറയുവാനുള്ള ഊഴവും കാത്ത്. 

             ഈ കഥകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു, കൂട്ടത്തിൽ സന്യാസിയുടെ ഭ്രാന്ത് പറച്ചിലും. ഹെഡ് സെറ്റ് ചെവിയിൽ വച്ച് ഞാൻ കണ്ണടച്ചിരുന്നു. പ്രകൃതിയും, നന്മയും, സ്നേഹവും, കരുണയുമൊക്കെ കടന്ന് വരുന്ന നല്ലൊരു ഗാനം. നല്ല കാവ്യഭാവന, വളരെ നല്ല ഈണവും. ഇതെന്നെ സന്തോഷിപ്പിക്കുന്നുണ്ട്, കുറച്ച് സമയത്തേക്കെങ്കിലും. ട്രെയിനിന്റെ ശബ്ദം ശല്യം ചെയ്യുന്നുണ്ടെങ്കിലും ഞാനത് ആസ്വദിച്ചു,  ചെറുതായൊന്നു മയങ്ങി. 

ശക്തമായി വീശിയ കാറ്റിന്റെ ശബ്ദത്തിൽ ഞാൻ ഞെട്ടി ഉണർന്നു. എന്താണ് സംഭവിച്ചത്? ഞാൻ ചുറ്റും നോക്കി. ഒന്നും സംഭവിച്ചില്ല, കാറ്റ് വീശിയതാണ്  എന്ന് എന്റെ തൊട്ടടുത്ത് ഇരിക്കുന്ന യുവാവ് പറഞ്ഞു. ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നു. യുവാവ് എന്നെ നോക്കുന്നുണ്ട്, കണ്ണുകളിൽ ദയനീയ ഭാവം. എന്താണ് ഇയാളുടെ കഥ? അയാളത് പറയുവാൻ തുടങ്ങുകയാണോ? ഏയ് അല്ല, ഞാൻ ഉറങ്ങിസമയത്ത് അയാളത് പറഞ്ഞു കഴിഞ്ഞിരുന്നു. 

                 ഹെഡ് സെറ്റ് മാറ്റിവച്ച്‌ ഞാൻ വീണ്ടും പുറത്തെ കാഴ്ചകൾ ശ്രദ്ധിച്ചുതുടങ്ങി. ട്രെയിൻ ഇഴഞ്ഞു നീങ്ങുകയാണ്, അതിയായ നിരാശ തോന്നി. ഒരൽപ്പം വേഗത കൂടിയിരുന്നെങ്കിൽ, ഞാൻ ആഗ്രഹിച്ചു പോയി. വറ്റി വരണ്ട കൃഷിസ്ഥലങ്ങൾ ആണ് പുറത്ത് കാണുന്നത്. ഇവിടൊരു മഴ പെയ്തിരുനെങ്കിൽ, വെറുതെ ഞാൻ ആശിച്ചു. ഒരു മഴ പെയ്‌തിട്ടു കാര്യമില്ല, അത് ചൂട് ദോശക്കല്ലിൽ വെള്ളത്തുള്ളി വീഴുന്നത് പോലെയേ ആകൂ . അത്രയ്ക്കും തീവ്രമാണ് വരൾച്ച. അവിടവിടെയായി വട്ടം കൂടി ഇരുന്നു പ്ലാസ്റ്റിക് തിന്ന് വിശപ്പടക്കുന്ന പട്ടിണിക്കോലങ്ങളായ കുട്ടികളെ കാണാം. അവർക്ക് ഭക്ഷിക്കുവാൻ കായ്കനികൾ ഇല്ല. മനുഷ്യൻ അനശ്വരമാക്കി സൃഷ്ടിച്ചെടുത്ത പ്ലാസ്റ്റിക് മാത്രം. കുറച്ച് മാറി ഒരാൾക്കൂട്ടം കാണുന്നുണ്ട്. ബോർവെൽ താഴ്ത്തി കുറച്ച് വെള്ളം കണ്ടെത്തിയതിന്റെ ആഘോഷമാണതെന്ന് യാത്രക്കാരിൽ  ആരോ പറയുന്നത് കേട്ടു. കണ്ടെത്തിയ വെള്ളത്തിനുവേണ്ടിയുള്ള യുദ്ധം അവിടെ തുടങ്ങുന്നതിനു മുൻപേ ട്രെയിൻ അവരെ കടന്ന് പോയ്കഴിഞ്ഞു. ഞാൻ ഇരിക്കുന്നതിന്റെ എതിർവശത്തുള്ള ജനാലയിലൂടെയുള്ള കാഴ്ചകൾ എന്താണെന്ന് അറിയുവാൻ ഞാനൊന്ന് എത്തി നോക്കി. വളരെ പണിപ്പെട്ടുകൊണ്ട്. നിൽക്കുന്ന ആളുകൾ കാഴ്ച്ച മറയ്ക്കുന്നുണ്ട്. അവർക്കിടയിലൂടെ ആ ജനലിലൂടെ ഉള്ള കാഴ്ച്ച ഞാൻ  കണ്ടു. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനാവുന്നില്ല. അവിടെ പ്രളയമാണ്, മഹാപ്രളയം. ആളുകൾ മുങ്ങി മരിക്കുന്നു, കുറച്ച് പേർ നീന്തി രക്ഷപെടാൻ ശ്രമിക്കുന്നു. ഇതെന്ത് വിരോധാഭാസമാണ്. ഒരുവശത്ത് വരൾച്ച, മറുവശത്ത് പ്രളയം, ഇതിനിടയിലൂടെ ആണ് എന്റെ ഈ ട്രെയിൻ സഞ്ചരിക്കുന്നത്. അതിവിചിത്രമായ ഈ കാഴ്ച്ച ഉൾക്കൊള്ളുവാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. ഒടുവിൽ ഞാൻ മനസിലാക്കി, ഈ രണ്ട് പാളങ്ങൾ തമ്മിൽ കാലങ്ങളുടെ അന്തരമുണ്ടെന്ന്. സമാന്തരങ്ങളായ രണ്ട് ദുരന്തങ്ങളുടെ ഇടയിലൂടെ ട്രെയിൻ ഇഴഞ്ഞു നീങ്ങുന്നു. എന്റെ ഭീതി വർധിച്ചു തുടങ്ങി. പുറംകാഴ്ചകൾ ഭീകരതയുടെ              മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്നു. അകത്ത് അലയടിക്കുന്ന കഥകളും അതുപോലെ തന്നെ. അതിജീവനം ഇനി അതികഠിനം തന്നെ.

              പുറം കാഴ്ചകളിൽ നിന്നും ശ്രദ്ധ തിരിച്ച്, കഥകൾക്കും ചെവി കൊടുക്കാതെ ഞാൻ കണ്ണടച്ചിരുന്നു "മോനെന്തിനാണ് ഈ ട്രെയിനിൽ കയറിയത്? "ചോദ്യം എന്നോടാണ്. ചോദിച്ചതാരെന്ന് വ്യക്തമല്ല, എങ്കിലും ഞാൻ കണ്ണു തുറന്നില്ല. കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. വ്യക്തമായ ഒരുത്തരം എനിക്കില്ല. കേട്ടു മടുത്തു, കണ്ടു മടുത്തു, ദുരന്തത്തിലേക്ക് ഒരു തലമുറയെ സൃഷ്ടിച്ചു വിടുവാൻ മനസും വരുന്നില്ല. ഒടുവിൽ ഈ ട്രെയിനിൽ ഞാനും കയറി. ശബ്ദം പുറത്തു വന്നില്ല എന്നുറപ്പു  വരുത്തി, പറഞ്ഞത് മനസ്സിൽ തന്നെ. അദൃശ്യ ക്യൂ കഴിഞ്ഞിരിക്കണം,  കുറച്ചു സമയമായി  അതിൽ ഞാൻ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാവാം ചോദ്യം എന്റെ നേർക്കും വന്നത്.

"നിങ്ങൾ എന്തിനാണ് സുവർണ യുഗത്തിലേക്ക് പോകുന്നത്?" കണ്ണടച്ചാണ് ഇരുന്നതെങ്കിൽക്കൂടിയും ചോദ്യം സന്യാസിയോടാണെന്ന് എനിക്ക് മനസിലായി. അയാളുടെ ഉത്തരം കേൾക്കുവാൻ എല്ലാവർക്കും അതിയായ ആകാംഷ ഉണ്ടായിരുന്നു. ഇത്രയും സമയം ഭ്രാന്ത് പുലമ്പി കൊണ്ടിരുന്ന സന്യാസി അല്പം ഗൗരവ സ്വരത്തിൽ പറഞ്ഞു തുടങ്ങി. 

"ഞാൻ എങ്ങോട്ടും പോകുന്നില്ല. ഈ തീവണ്ടി എങ്ങും എത്തുവാനും പോകുന്നില്ല "ഇതു കേട്ടതും എല്ലാവരിലും നിരാശ പടർന്നന്നിട്ടുണ്ടാവും. കണ്ണടച്ചു കൊണ്ടു തന്നെ ഞാൻ അയാളുടെ വാക്കുകൾ ശ്രദ്ധിച്ചു. "ഇതൊരു യുഗാന്ത്യമാണ്. ഈ യുഗത്തിലെ ഒരു പുൽനാമ്പ് പോലും അടുത്ത യുഗത്തിൽ ഉണ്ടാവില്ല. സർവനാശത്തിനു ശേഷം മാത്രമേ പുതുയുഗപിറവി ഉണ്ടാവു. നന്മയുടെയും,  സമ്പൽ സമൃദ്ധിയുടെയും ഉച്ഛസ്ഥായി സങ്കല്പമായ സുവർണയുഗമെന്നത്  ഒരു സ്ഥലമല്ല, അതൊരു കാലമാണ്. അതിലേക്ക് എത്തിച്ചേരുവാനുള്ള ശക്തി മനുഷ്യ നിർമിതമായ ഈ വണ്ടിക്ക്    ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഭൂമിയുടെ ആയുസ്സ് കുറയ്ക്കുന്ന കണ്ടുപിടുത്തങ്ങൾ ഇനിയും നടത്തുക. സർവനാശത്തിനായി കാത്തിരിക്കുക."

                              അയാൾ പറഞ്ഞു നിർത്തിയതും ആരോ കെട്ടി വലിച്ചു നിർത്തിയത് പോലെ ട്രെയിൻ നിന്നതും ഒരുമിച്ചായിരുന്നു. ശക്തമായി മുന്നോട്ടാഞ്ഞത് കൊണ്ട് അറിയാതെ ഞാൻ കണ്ണുകൾ തുറന്നു പോയി. സന്യാസി ധ്യാനത്തിലെന്നപോലെ ഇരിക്കുന്നു. എല്ലാവരും വല്യ ദേഷ്യത്തിലാണ്, കുറച്ചുപേർ നിരാശയിലും. കുറച്ചു സമയം നീണ്ട നിശബ്ദതയ്ക്കു ശേഷം ഒരാൾ വിളിച്ചു കൂവി "ഭ്രാന്തൻ". ഇത്രയും ആളുകളുടെ പ്രതീക്ഷകൾ നശിപ്പിച്ച ഇയാൾ സന്യാസിയല്ല, ഭ്രാന്തൻ തന്നെയാണ് എനിക്കും തോന്നി, 'വികൃത സത്യത്തിന്റെ മുഖമുള്ള ഭ്രാന്തൻ.' 

നിരാശയിലും ദേഷ്യത്തിലും എല്ലാവരും ഭ്രാന്തൻ സന്യാസിയെ കുറ്റപ്പെടുത്തുവാനും, വഴക്കു പറയുവാനും തുടങ്ങി. ധ്യാനത്തിൽ എങ്കിൽ കൂടി അയാൾ മന്ദഹസിക്കുന്നുണ്ട്. പ്രതീക്ഷയറ്റു നിൽക്കുന്ന ഈ ട്രെയിൻ ഇനി നീങ്ങുമോ? ഏവരിലും ആശങ്ക പടർന്നു. "എല്ലാം ഈ സന്യാസി വരുത്തി വച്ചതാണ് "ഒരു സ്ത്രീ പുലമ്പുന്നത് കേട്ടു. എല്ലാവരേയും ആവേശത്തിൽ ആഴ്ത്തി കൊണ്ട് ട്രെയിനിന്റെ ഹോൺ  ശബ്ദം കേട്ടു, ട്രെയിൻ  പതിയെ നീങ്ങി തുടങ്ങി. യാത്രക്കാരിൽ ഉണ്ടായ ആവേശം ഉൾക്കൊണ്ടിട്ടെന്നപോലെ ട്രെയിൻ പൂർവാധികം വേഗത കൈവരിച്ചു. പുറം കാഴ്ചകൾ   ഇപ്പോൾ അവ്യക്തമാണ്.എങ്കിലും വരൾച്ചയുടെ തീവ്രത കുറഞ്ഞത് പോലെ തോന്നി, മുഖത്ത് തണുത്ത കാറ്റ് അടിക്കുന്നുണ്ട്.  ഹെഡ്സെറ്റ് കാതിൽ തിരുകി കൊണ്ട് ഞാൻ വീണ്ടും കണ്ണടച്ചിരുന്നു. നന്മയുടെ പാട്ടുകൾ വീണ്ടും കാതിൽ കേട്ടു തുടങ്ങി. ചെറുതായൊന്നു മയങ്ങാം. ഈ മയക്കത്തിനൊടുവിൽ ഉണരുന്നത് സുവർണ യുഗത്തിൽ ആയിരിക്കണം എന്ന ആഗ്രഹത്തോടെ. എങ്കിലും ഉപബോധമനസിലെവിടെയോ ഭ്രാന്തസന്യാസിയുടെ വാക്കുകൾ അലയടിച്ചുകൊണ്ടിരുന്നു.....