Skip to main content
Srishti-2022   >>  Short Story - Malayalam   >>  സ്കീസോഫ്റീനിയ

Surya C G

UST Global

സ്കീസോഫ്റീനിയ

സ്കീസോഫ്റീനിയ

മഴ കോരിച്ചോരിയുകയാണ്‌. ജനൽപ്പടികളിൽ തത്തിത്തെറിക്കുന്ന തുള്ളികൾ മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നെങ്കിലും ആ കുളിരിനു ഒരു സുഖമുണ്ടായിരുന്നു.

 

"കുട്ടിക്കൊരു ഫോൺ കാൾ ഉണ്ട്. വേഗം വാർഡൻന്റെ മുറിയിലേക്ക് ചെല്ലൂ."

 

ലളിതച്ചേച്ചിയാണ്. ഞങ്ങളുടെ ഫ്ലോറിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് ചേച്ചിയാണ്.

ഈർപ്പം തങ്ങിയ മുടിയിഴകൾ ഒന്നലസമായി കുടഞ്ഞിട്ട് ഞാൻ നടന്നു.

വാർഡൻ ഇറ്റലിക്കാരിയാണ്. പണ്ടെങ്ങോ ഇവിടെ വന്നു താമസമാക്കിയതാണ്. കാരണമില്ലാതെ എല്ലാവരെയും ശകാരിച്ചു നടക്കും.

 

"മാഡം..."

 

"ഓഹ്! കം ഇൻ... ദേർ ഇസ് എ ഫോൺ കാൾ ഫോർ യൂ ഫ്രം ഹോം."

 

  പതിവില്ലാതെ ശാന്തമായാണ് അവർ സംസാരിച്ചത്. ഞാൻ റിസീവർ വാങ്ങി കാതോട് ചേർത്തു. സിരകളിലൂടെ ഒരു തണുത്ത മിന്നൽപ്പിണർ പാഞ്ഞതു പോലെ. മറുപടി പറയാനാവാതെ കാൾ കട്ട് ചെയ്തു.

 

"ആർ യൂ ഓൾറൈറ്റ്? യുവർ അങ്കിൾ വിൽ കം ടു പിക്ക് യൂ അപ്."

 

ഓരോ വാക്കുകളും യാന്ത്രികമായി, കാത്തുകളിലെത്തും മുൻപേ ചിതറിതെറിച്ചു പോയി.

ജനലരികിൽ ചെന്നിരുന്നപ്പോൾ, ഓരോ ചാറ്റൽമഴത്തുള്ളികളും ശരീരമാകെ കുത്തിനോവിക്കുന്നത്‌ പോലെ!

 

കുഞ്ഞുണ്ണി..!

 

മേമയുടെ മകൻ ആണെങ്കിലും കൊച്ചേച്ചി അവനു ജീവനായിരുന്നു. കാത്തിരുന്ന്, നേർച്ചകൾക്കും കാഴ്ച്ചകൾക്കും ഒടുവിൽ ഉണ്ടായ കുട്ടിയാണ്.

പുറത്തു ഹോൺ മുഴങ്ങിയപ്പോൾ ചിന്തകൾ എങ്ങോ ഓടിമറഞ്ഞു. കയ്യിൽ കിട്ടിയതെന്തൊക്കെയോ പായ്ക്ക് ചെയ്ത് ഇറങ്ങി. രാഘവൻ മാമനാണ്. ഒന്നും മിണ്ടാതെ ബാഗ് വാങ്ങി ഡിക്കിയിൽ തിരുകി. തലയുയർത്താതെയാണ് എന്നോട്‌ കയറാൻ പറഞ്ഞത്.

ഒരായിരം ചോദ്യങ്ങൾ കെട്ടിപിണയുമ്പോഴും ഇടറുന്ന വാക്കുകൾ പുറപ്പെടുവിക്കാനാകാത്ത രണ്ട്‌ ആത്മാക്കൾ. എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. എന്തൊക്കെയോ പറയണമെന്നും. ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല.

 

"ഒരാഴ്ചക്കുള്ള കുപ്പായമൊക്കെ എടുത്തിട്ടില്ലേ?"

 

ആ നിശബ്ദത ഭേദിക്കുവാനോ, വിലക്ഷണമായ ആ അന്തരീക്ഷത്തിൽ നിന്നു പുറത്തു കടക്കുവാനോ, രാഘവൻമാമൻ ചോദിച്ചു.

 

"ഉം."

 

എന്തിനെന്നറിയാതെ പരസ്പരം തട്ടിത്തെറിച്ചു പോയ രണ്ട് സംഭാഷണങ്ങൾ.

മറ്റൊരു ചോദ്യത്തിന് താല്പര്യം ഇല്ലാത്തവണ്ണം ഞാൻ മുഖം ജനാലചില്ലിലേക്ക് ചായ്ച്ചു. മഴ അരിച്ചിറങ്ങുകയാണ്. കാഴ്ചകളൊന്നും വ്യക്തമല്ല. അച്ഛനും മേമയും കൂടാതെ രാഘവൻ മാമന് ഒരനുജൻ കൂടി ഉണ്ടായിരുന്നു. പ്രായപൂർത്തിയാകും മുൻപേ എങ്ങോ പുറപ്പെട്ട് പോയതാണത്രേ! 

 

ആറ്റു നോറ്റു കിട്ടിയ ഉണ്ണി ആയതു കൊണ്ടാവാം, മേമയ്ക്ക് എന്നും കുഞ്ഞുണ്ണിയെ ചൊല്ലി ആകുലതകൾ മാത്രമായിരുന്നു. അയലത്തെ കുട്ടികളോടൊപ്പം അവൻ ദൂരെ പോയി കളിക്കാതിരിക്കാൻ മേമ ഏറ്റവും വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ വാങ്ങി വീട്ടിൽ നിറച്ചു. വീടിനു ചുറ്റും മതിലു പണിതു. സ്വർണത്തലകളുള്ള രണ്ടു സിംഹങ്ങൾ പല്ലിളിച്ചു നിൽക്കുന്ന ഗേറ്റ് വെച്ചു.

പള്ളിക്കൂടത്തിൽ പോകുമ്പോഴും വരുമ്പോഴും എന്റെ കയ്യിൽ അവൻ ഇറുക്കിപിടിച്ചിട്ടുണ്ടാകും. മേമയുടെ നിർദേശമാണ്.

രാഘവൻ മാമൻ മാറിയാണ് താമസം. രണ്ടു പെണ്മക്കളെ ഗൾഫുകാരെ കൊണ്ടു കെട്ടിച്ചതിന്റെ നിർവൃതിയിൽ മതിമറന്നങ്ങനെ ജീവിക്കുകയാണ്.

 

ചങ്ങാത്തം കൂടാൻ കുഞ്ഞുണ്ണിക്ക് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിക്കൂടം വിട്ടാൽ അന്നത്തെ വിശേഷം മുഴുവൻ എന്നോടു പറഞ്ഞു തീർക്കാതെ അവനു ഉറക്കമില്ല.

 

കാലം കടന്നു പോയി. കുഞ്ഞുണ്ണി പൊടിമീശ മുളച്ചു തുടങ്ങിയ ഒരു കൊച്ചുസുന്ദരനായി മാറി. ശബ്ദത്തിനു കനപ്പം വന്നു തുടങ്ങിയിരിക്കുന്നു. മെല്ലെ മെല്ലെ അവന്റെ വിശേഷങ്ങളും കുറഞ്ഞു വന്നു.

 

"അവനിപ്പോ എന്നെ ഒന്നും വേണ്ടാതായി മേമേ! വീടെത്തിയാൽ മുറി അടച്ചു ഒറ്റയിരിപ്പാണ്."

 

"എന്താ കുട്ടീ.. അവനിപ്പോ വലിയ കുട്ടിയായില്ലേ…?"

 

"എന്തോ.. എനിക്കറിയില്ല"

 

ഒരിക്കൽ, അടക്കിപ്പിടിച്ച ചിരിയും സംസാരവും കേട്ട് മേമ മുറിയിൽ കടന്നു ചെന്നപ്പോഴാണ്, അവൻ ജനാലക്കൽ ചേർന്നിരുന്ന് ആരോടോ സംസാരിക്കുകയാണ്. 

 

"ആരാ ചെക്കാ അവിടെ?"

 

"ആരുമില്ല!"

 

ജനാലക്കൽ പോയി പരതിയെങ്കിലും ആരെയും കണ്ടില്ല. 

 

"സത്യം പറഞ്ഞോ! ആരായിരുന്നു ഇവിടെ? നിനക്കു വല്ല പ്രേമമോ മറ്റോ ഉണ്ടോ?"

 

"ആരുമില്ലെന്ന് പറഞ്ഞില്ലേ!"

 

മേമ എത്ര ശകാരിച്ചിട്ടും അവൻ ആരെന്നു ഒരക്ഷരം മിണ്ടിയില്ല. പിന്നീട് ഒതുക്കത്തിൽ ഞാൻ അവന്റെ അരികിൽ ചെന്നു.

 

"മോൻ കൊച്ചേച്ചിയോട് പറ... ആരോടാ സംസാരിച്ചേ?" 

 

"കൊച്ചേച്ചി എന്നോട് ഒന്നും ചോദിക്കരുത്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ. എനിക്ക് അവൾ മാത്രമേയുള്ളു."

 

കുഞ്ഞുണ്ണി അത്രയേറെ സ്നേഹിക്കുന്ന കുട്ടിയെ അവന്റെ ക്ലാസിലും കൂട്ടുകർക്കിടയിലും ഒക്കെ അന്വേഷിച്ചെങ്കിലും ആരോടും മിണ്ടാതെ നടക്കുന്ന അവനു പ്രേമമോ! എന്നു ചോദിച്ചു എല്ലാവരും പരിഹസിക്കുകയാണുണ്ടായത്.

 

കൊല്ലപ്പരീക്ഷ കഴിഞ്ഞു. പട്ടണത്തിലെ കോളേജിൽ എനിക്ക് അഡ്മിഷൻ ആയി. ഹോസ്റ്റലിൽ നിൽക്കണം.

 

"നീ വിഷമിക്കണ്ട! എന്നെങ്കിലും തോന്നുമ്പോ ആരാണെന്നു കൊച്ചേച്ചിയോട് പറഞ്ഞാൽ മതി. മേമയോട് പറഞ്ഞ് നമുക്കെല്ലാം ശരിയാക്കാം."

 

ഇറങ്ങും മുൻപ് കുഞ്ഞുണ്ണിയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു.

പിന്നീടെപ്പോഴും അവന്റെ മുഖത്ത് ഒരു നിസ്സംഗഭാവമായിരുന്നു. ഹോസ്റ്റലിലേക്ക് വിളിക്കുമ്പോൾ എല്ലാം മേമയ്ക്ക് പരാതിയാണ്.

 

"എന്റെ പോന്നുമോളേ! അവനിപ്പോ ഒന്നിനോടും താൽപര്യമില്ല. ഏത് നേരവും കിടപ്പാണ്. ഒന്നു കുളിക്കാൻ പോലും മടി."

 

"മേമ വിഷമിക്കണ്ട. ഞാൻ വരാം. അവനോടു സംസാരിക്കാം."

 

അവനോടു സംസാരിക്കാൻ വേണ്ടി മാത്രമാണ് പിറ്റേന്ന് ലീവെടുത്ത് നാട്ടിൽ പോയത്. സ്റ്റേഷനിൽ അച്ഛൻ കാത്തു നിൽപ്പുണ്ടായിരുന്നു. വീടെത്തിയപ്പോൾ നന്നേ വൈകി. കുഞ്ഞുണ്ണി മുറിയടച്ച് ഇരുപ്പാണ്. ഭക്ഷണം കഴിച്ച് യാത്രാക്ഷീണം കൊണ്ടൊന്നു മയങ്ങി. ഞെട്ടിയെണീറ്റപ്പോൾ വളരെ രാത്രിയായിരിക്കുന്നു. കുഞ്ഞുണ്ണിയുടെ മുറിയിൽ മാത്രം ലൈറ്റ് അണഞ്ഞിട്ടില്ല. മെല്ലെ നടന്നടുത്തപ്പോൾ ഉള്ളൊന്നു കാളി! അവൻ തേങ്ങിക്കരയുകയാണ്..! ഇടയിൽ ആരോടോ സംസാരിക്കുന്നുമുണ്ട്. ഈ അർധരാത്രിയിൽ സ്വർണ്ണത്തലയുള്ള സിംഹങ്ങളേയും കടന്ന് അവനെ കാണാൻ വരുന്ന പെൺകുട്ടി ആരാണ്..??  കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. സംസാരിക്കേണ്ടത് കുഞ്ഞുണ്ണിയോടല്ല.. മേമയോടാണ്...! 

തിരിഞ്ഞും മറിഞ്ഞും കിടന്നാണ്‌ നേരം വെളുപ്പിച്ചത്. പഴയ ആളുകളാണ്‌. എങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല.

 

"ഞാൻ പറയുന്നത് മേമ ശ്രദ്ധിച്ചു കേൾക്കണം.. വൈദ്യശാസ്ത്രം എത്രയോ പുരോഗമിച്ചു.. പട്ടണത്തിൽ ഒരുപാട് നല്ല ആശുപത്രികൾ ഉണ്ട്.. കുഞ്ഞുണ്ണിയെ നമുക്ക്.....?"

 

"മോനെന്തു പറ്റി? പനിയോ മറ്റോ ആയിരിക്കും. നൂറു തവണ പറഞ്ഞതാ മഴ നനയരുതെന്ന്. പട്ടണത്തിൽ ഒന്നും പോകണ്ട. അമ്മേടെ പനിക്കാപ്പി കുടിച്ചാൽ ഒക്കെ ഭേദമായിക്കൊള്ളും." 

 

"അസുഖം ശരീരത്തിന് മാത്രമല്ലല്ലോ... മനസ്സിന് വന്നാലും ചികിൽസിക്കണ്ടേ..? പട്ടണത്തിൽ ഏതെങ്കിലും നല്ലൊരു സൈക്യാട്രിസ്റ്റിനെ...?"

 

"എന്നു വെച്ചാ...? ഭ്രാന്തിന്റെ ഡോക്ടറെയോ..?? കുട്ടി എന്തൊക്കെയാ പറയണേ? അവനു ഭ്രാന്താണെന്നോ? അവനെ ഉപദേശിക്കാൻ നിന്നെ വിളിച്ചതായി തെറ്റ്. എന്നോട് പറഞ്ഞതിരിക്കട്ടെ, അച്ഛനോടും രാഘവൻ മാമനോടും മേലാൽ ഇത് പറയരുത്!"

 

"എല്ലാ മാനസികരോഗവും ഭ്രാന്ത് ആണോ? കൈവിട്ടു പോകുംമുമ്പേ എന്തെങ്കിലും ചെയ്തില്ലെങ്കിൽ..."

 

"ഇനി ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടണ്ട! എന്റെ കുട്ടി ഭ്രാന്ത് ഡോക്ടറെ കാണാൻ നിൽക്കുന്നത് പരിചയക്കാർ ആരെങ്കിലും കണ്ടാൽ.. കുടുംബമടക്കം ആത്മഹത്യ ചെയ്യുകയേ പിന്നെ വഴിയുള്ളൂ!"

 

ഒന്നും പറയുവാനുണ്ടായിരുന്നില്ല. നെഞ്ചിൽ ഒരു ഭാരവും പേറിയാണ് അവിടെ നിന്നു തിരിച്ചത്. പോരുംമുൻപേ കുഞ്ഞുണ്ണിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം അവൻ ചിരിക്കുകയായിരുന്നു. നേർത്ത വിഷാദം കലർന്നൊരു പുഞ്ചിരി!

 

നീണ്ട ഹോണടി കേട്ട് ചിന്തകൾക്ക് വീണ്ടും കടിഞ്ഞാൺ വീണു! ഗേറ്റിനു മുൻപിൽ എണ്ണമറ്റ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നു. ഇറങ്ങി നടന്നു. പലഭാവത്തിലുള്ള മുഖംമൂടികൾ ധരിച്ച ഒരു പറ്റം ആളുകൾക്കിടയിലൂടെ..

പലർക്കും പറയാൻ പല കഥകളാണ്.

 

"ചെറ്ക്കന് പ്രണയനൈരാശ്യം ആയിരുന്നു.."

 

"കൊല്ലപ്പരീക്ഷയല്ലേ വരണത്! പേടിച്ചിട്ടാ! എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ...?"

 

"നല്ലൊരു പയ്യൻ ആയിരുന്നില്ലേ! ഓരോ സമയം ചെകുത്താൻ കേറുന്നതാ.."

 

വിറയാർന്ന ചുവടുകൾ വച്ചു ഞാൻ കോലായിലേക്ക് കടന്നു ചെന്നു. വിദൂരതയിൽ കണ്ണു നട്ട് ഇരിക്കുകയാണ് മേമ.. ഒന്നു കരയുവാൻ പോലും ആകാതെ. കൂടി നിന്നവർ ചോദിച്ചു.

 

"കുട്ടിയുടെ അനിയൻകുട്ടൻ ആയിരുന്നില്ലേ? എന്തെങ്കിലും വിഷമം പറഞ്ഞിരുന്നോ?"

 

ഒരിറ്റു കണ്ണീർ മേമയുടെ കണ്ണിൽ പൊടിയുന്നത് ഞാൻ നിസ്സഹായതയോടെ നോക്കി നിന്നു...

അപ്പോഴും അവൻ ചിരിക്കുകയായിരുന്നു. സങ്കല്പങ്ങളിൽ മെനഞ്ഞെടുത്ത ഏതോ മായാലോകം നേടിയെടുത്ത നിർവൃതിയോടെ..