Skip to main content
Srishti-2022   >>  Short Story - Malayalam   >>  സൗണ്ട് ഓഫ് സൈലന്‍സ്

Abhishek S S

Acsia Technologies

സൗണ്ട് ഓഫ് സൈലന്‍സ്

സൗണ്ട് ഓഫ് സൈലന്‍സ്

പനയന്‍ചിറ അമ്പലം ചുറ്റി, ആ ചൂട്ട് വെളിച്ചം നടന്നു നീങ്ങി. സര്‍ക്കാര്‍ മതില്‍ വളപ്പിലെ പെന്‍ഡുലം പോലെ നിന്നാടിയ ഓലച്ചൂട്ടില്‍ നിന്ന് രണ്ടടി പൊക്കത്തില്‍ ചെറു കൊള്ളിയാന്‍ പോലെ ഒരു സാധൂ ബീഡി കത്തിയെരിയുന്നുണ്ടായിരുന്നു.. തവളക്കുളത്തിനു വടക്കായി, വെള്ളത്തില്‍ തൊട്ടു തൊട്ടില്ല എന്നനിലയില്‍ ചാഞ്ഞു നിന്ന പുന്നമരത്തിന് അടുത്തെത്തിയതും ഓലച്ചൂട്ട് കെട്ടു. തക്കം കിട്ടുമ്പോഴൊക്കെ, നിലാവത്തുള്ള ചന്ദ്രന്‍റെ ഒളിച്ചു കളി മായ്ച്ചു കളയാന്‍ നാലഞ്ചു ചീവീടുകള്‍ മത്സരിക്കുന്നുണ്ടായിരുന്നു. വീടെത്താന്‍ അര ഫര്‍ലോങ്ങ്‌ കഷ്ടിയാണ്. മഴമേഘങ്ങളില്‍ രമിച്ച നിലാവിന് ജനിച്ച ഇരുട്ട്, അയാളുടെ വഴിമുടക്കാന്‍ അശക്തയായി തോന്നിച്ചു. അടുത്ത ബീഡി, ചൂട്‌ മാറാത്ത ഇരുണ്ട ചുണ്ടത്ത് ചേര്‍ത്ത് അയാള്‍ നടന്നു. ഇരുട്ടിന്, കുളിച്ച് ഈറനോടെ മുടിയുടക്കെടുക്കാന്‍ പണിപ്പെടുന്ന കൊയ്ത്തുകാരിപ്പെണ്ണിന്‍റെ മണമാണ് എന്ന ഏതോ പൈങ്കിളി നോവലിസ്റ്റിന്‍റെ കണ്ടെത്തലിനെ പറ്റിയോര്‍ത്തു ചിരിച്ച് അയാള്‍ പതിയെ നടന്നു. ഒരു ചെറിയ നീര്‍ക്കോലി വണ്ടന്‍പായല്‍ക്കൂട്ടത്തിനിടയിലൂടെ ഒന്ന് പാളി നോക്കി, ‌‍ഒരു സിലോപ്യ മീനിനെ നുണഞ്ഞ്, ചേറ് തൊപ്പി കെട്ടിയ അന്തിത്തല വെള്ളത്തിലേക്ക് പൂഴ്ത്തി. ആ കുളവരമ്പിലെ അപ്പോഴത്തെ കാലൊച്ചക്ക് ഒറ്റ അവകാശിയേ ഉണ്ടായിരുന്നുള്ളൂ. അഞ്ചടി ഉയരക്കരനായ ഭാര്‍ഗവന്‍ പിള്ള മാത്രം.

 

ഭാര്‍ഗവേട്ടന് മൂക്കിന്‍റെ പാലത്തിന്‍ തുമ്പിലാ കോപം. ഇടക്കൊരിക്കല്‍ പനയന്‍ചിറ വിറപ്പിച്ചിരുന്ന റൌഡി വാസുവിന്‍റെ ചെവിക്ക് താഴെ ഒന്ന് പൊട്ടിച്ചതായി ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതില്‍പ്പിന്നെ ചന്തയില്‍ ചെന്ന് പതിവ് പടി പിരിക്കാന്‍ പോലും വാസു ചെന്നിട്ടില്ല എന്നും നാട്ടുകാര് പറഞ്ഞു നടപ്പുണ്ട്. എഴുത്ത് കച്ചേരി പിരിഞ്ഞ് അച്ഛന്‍ എത്തിയ ലക്ഷണമില്ല. ഇറയത്ത് മുനിഞ്ഞ് കത്തുന്ന മയില്‍ വിളക്കില്‍ തലയിടിച്ച്‌, യുദ്ധം തോറ്റത് പോലെ വണ്ടുകള്‍ നിലത്ത് വീണു കിടപ്പുണ്ട്. മണ്ണില്‍ നിന്നാണ് മഴ പെയ്യുന്നത് എന്നത് പോലെ തോന്നിപ്പിക്കും വിധം ഈയാം പാറ്റകള്‍ വീണ്ടും വീണ്ടും കിളിര്‍ത്ത് വന്നു കൊണ്ടേയിരുന്നു. ‘ഇനിയെങ്ങാനും അച്ഛന്‍ വന്നിട്ടുണ്ടേലോ?’ അയാളൊന്നു പകച്ചു. ബീഡി കളഞ്ഞ്, ഒന്ന് രണ്ട് വട്ടം കാറിത്തുപ്പി, ഒറ്റമുണ്ടിന്‍റെ മേന്തലപ്പുകൊണ്ട് കിറി തുടച്ച്, അയാള്‍ നടന്ന് വീടടുത്തു. ഇറയപ്പടിയിലെ അരണ്ട വെളിച്ചത്തില്‍ നിഴലുണ്ടാക്കി, എന്തോ പൊതിഞ്ഞു വന്ന കടലാസ്സു കഷ്ണത്തിലെ ഏതോ ചെറുകഥ വായിക്കുന്ന തിരക്കിലായിരുന്നു സഹോദരിമാര്‍. ഭാര്‍ഗവേട്ടന്‍റെ തലവട്ടം കണ്ടതും നാലും നാല് കോണിലേക്ക് ചിതറിയോടി. അയാള്‍ മുറ്റത്ത്‌ വന്ന് നിന്ന് ചീറി. കണ്ണുപൊട്ടിപ്പോകും വിധം ശകാരിച്ചു. “ഓരോന്നിനേം ഓരോടത്തായി പറഞ്ഞു വിടേണ്ടതാ... ത്രിസന്ധ്യ നേരത്ത്..അതും പൂമുഖപ്പടിയില്‍ ഇരുന്ന് തന്നെ വേണം നോവല്‍ വായന......കേറിപ്പൊക്കോണം..”. അത് പറഞ്ഞ് തുടങ്ങുന്നതിന് മുന്‍പ്‌ തന്നെ അയാളുടെ ചേച്ചിമാരും അനുജത്തിമാരും മറപ്പുരയിലും മറ്റുമായി ഓടിയൊളിച്ചു. മുന്നോട്ടാഞ്ഞ് പടുതിരി കത്തിയ വിളക്കിലെ തിരിയൊന്ന് നീട്ടിച്ച്, എണ്ണപ്പാട നെറുകന്തലയില്‍ തുടച്ചു. കാലില്‍ തടഞ്ഞ ഒഴിഞ്ഞ മൊന്ത കൈയ്യിലെടുത്തപ്പോഴേക്കും ഇളയത്‌ ഓടിച്ചാടി മുന്നിലേക്ക്‌ വന്നു. മൊന്ത നിറയെ വെള്ളമൊഴിച്ച് കുലുങ്ങിച്ചിരിച്ച് അവള്‍ ഉള്ളിലേക്ക് പോയി. ചിരിച്ച്, ചേച്ചിമാരുടെ മുന്നില്‍ ചെന്ന് കൈ തുറന്നു. എണ്ണ കുതിര്‍ത്ത മനോരമ പത്രത്തിന്‍റെ ഒരു ചെറിയ താള്‍. അതില്‍ വലിഞ്ഞു തുടങ്ങാത്ത രണ്ട് പരിപ്പുവടകള്‍. മൊരിഞ്ഞ വടപ്പരിപ്പ്, പുറത്ത് കേള്‍ക്കാത്ത ചെറു ചിരികളില്‍ അമര്‍ന്ന്, നാല് വയറുകളിലേക്കായി ഊര്‍ന്നിറങ്ങി.

 

ഏഴാം കൊല്ലവും വസ്തുതര്‍ക്ക വ്യവഹാരം നീണ്ടുപോകും എന്ന വാര്‍ത്തയുമായാണ് അച്യുതന്‍ പിള്ള വീടെത്തിയത്. കച്ചേരിയില്‍ നിന്ന് നേരത്തെ ഇറങ്ങിയെന്നും കോടതിയില്‍ ആയിരുന്നു എന്നും അച്ഛന്‍ ഭാര്‍ഗവേട്ടനോട് പറഞ്ഞു.

 

“രാവിലെ കുടിച്ച പാല്‍ച്ചായക്ക് നല്ല കടുപ്പമായിരുന്നു നീലിപ്പിള്ളേ”.

 

ഭാര്യയോടെന്നവണ്ണം അതും പറഞ്ഞ്, ചിരിച്ച മുഖത്തോടെ തന്നെ അച്യുതന്‍ പിള്ള അടുക്കള ലക്ഷ്യമാക്കി നടന്നു. കൊല്ലങ്ങളായി ഭാര്‍ഗവേട്ടന്‍റെ അച്ഛന്‍ നടത്തുന്ന കേസാണത്, ഒരു പേര്‍ഷ്യാക്കാരന്‍ കയ്യേറിയ നിലം. അത് പിന്നെയും നീളുന്നു. പക്ഷെ അതിന്‍റെ ഭാവവ്യതിയാനങ്ങള്‍ വീട്ടിലാരും അറിയണ്ടാ എന്നനിലയില്‍ അച്യുതന്‍ പിള്ള ഒരു കോപ്പ കഞ്ഞി മൊത്തി. ഉണക്കിയ നാരങ്ങാ ചേര്‍ത്ത് ബാക്കി വന്ന ഒന്ന് രണ്ടു വറ്റും ചുണ്ട് ചേര്‍ത്തു. രാവിലത്തെ ചായക്ക്‌ ശേഷം ആ വയര്‍ സ്വീകരിക്കുന്ന ആദ്യത്തെ ആഹാര കണമായിരുന്നിരിക്കാം അത്. ഇതു മനസിലാക്കിയെന്നവണ്ണം, ചെറുതായി നനഞ്ഞ കണ്ണുകള്‍ തുടച്ച്, അച്ഛനെ കാണിക്കാതെ ഭാര്‍ഗവേട്ടന്‍ ഇരുട്ടത്തേക്ക് മാറി. അച്യുതന്‍ പിള്ള, ചുണ്ടില്‍ തോര്‍ത്ത്‌ ഒപ്പി, നിഴലുണ്ടാക്കാത്ത ആ ഇരുട്ടിന്‍റെ ഇങ്ങേത്തലയ്ക്കല്‍ നിന്ന് പതിയെ ഇങ്ങനെ ചോദിച്ചു-

 

“ടാ.. നിന്നെ പറ്റി ചിലത് കേട്ടുല്ലോ? വിപ്ലവ കല്യാണമാണോ ഉദ്ദേശം? സിക്സ്ത് പാസ്സായ നിന്നെ നാട്ടില്‍ തന്നെ നിറുത്തിക്കാം എന്ന് വച്ചത് എനിക്ക് വിനയായോ? നിന്‍റെ കൂടപ്പിറപ്പുകളില്‍ ഒരാളെ മാത്രേ കെട്ടിച്ചു വിടാന്‍ അച്ഛന് പറ്റിയിട്ടുള്ളൂ....ബാക്കി മൂന്ന് പേര്....അറിയാല്ലോ അല്ലെ?”

 

അതൊരു പരാതി പറയലായോ ശകാരിക്കലായോ ഭാര്‍ഗവേട്ടന് തോന്നിയില്ല. അയാള്‍ അച്ഛനോട് ചേര്‍ന്ന് നിന്നു. അയാള്‍ പറയാറുള്ളത് പോലെ, അച്ഛന്‍റെ വിയര്‍പ്പിന്‍റെ സുഖമുള്ള മണം മൂക്കിനുള്ളില്‍ പതിഞ്ഞ് നിന്നു. “ഇല്ലച്ഛാ... ഫാക്ടറിയിലെ കുട്ടിയാ... ഭര്‍ത്താവ് മരിച്ചിട്ട് കൊല്ലം രണ്ടായി... അവരും നമ്മുടെ ആള്‍ക്കാര് തന്നെയാ...അല്ലാതെ വിപ്ലവമല്ല!.. അവളുടെ ജാതക ദോഷം കാരണമാ എന്നാ പലരും പറഞ്ഞത്‌... അങ്ങനെ ഉള്ള ഒരു കൊച്ചിനെ ആരാ അച്ഛാ ഇനി?..” പിന്നെ സംസാരിച്ചത് നാല് കണ്ണുകളായിരുന്നു. തൊട്ടടുത്ത്‌ നിന്നിരുന്ന നേന്ത്ര വാഴയുടെ നിഴല്‍ പെട്ടെന്ന്‍ മാഞ്ഞത് പോലെ. ഇപ്പോള്‍ അച്ഛന്‍റെ മണം ഭാര്‍ഗവേട്ടന് മൂക്കിന്‍റെ തുമ്പത്തായിരുന്നു. തോളില്‍ വീണ നാലഞ്ചു തുള്ളി കണ്ണുനീര്‍, അച്യുതന്‍ പിള്ള മേല്‍തോര്‍ത്ത്‌ കൊണ്ട് ഒപ്പി അടുത്ത നിലാവെട്ടം വീഴുന്നതിന് മുന്നേ വീടിനകം പറ്റി.

 

ആഴ്ചകള്‍ക്കുള്ളില്‍ അച്ഛന്‍റെ സമ്മതത്തോടെ തന്നെ, നാണിയേടത്തിയുടെ ജാതക ദോഷത്തെ ഭാര്‍ഗവേട്ടന്‍ മൂന്ന് കുരുക്കില്‍ കുണുങ്ങി നിന്ന പച്ചമഞ്ഞള്‍ കൊണ്ട് വരിഞ്ഞു കെട്ടി. ആ കെട്ട് ഒരു ആയുസ്സിന്‍റെ കൂട്ടായിരുന്നു. തെക്കന്‍ തിരിവിതാംകൂറിന്‍റെ കാവിപ്പടയും ആലപ്പുഴ ചുറ്റിയുള്ള മഞ്ഞപ്പടയും ഇന്ത്യന്‍ കോഫി ഹൗസ്‌ ഭരിക്കുന്ന കാലം. ഭാര്യാ ഗൃഹേയുള്ള പരമസുഖത്തിനിടയില്‍ ചില ബന്ധുജനങ്ങളുടെ അമിത വാല്‍സല്യ പ്രകടനങ്ങളെ മുന്‍നിറുത്തി ഭാര്‍ഗവേട്ടന്‍ പഴയ സര്‍ട്ടിഫിക്കറ്റെല്ലാം വാരിയെടുത്ത് മധ്യപ്രദേശിന് വിട്ടു. അവിടെ എട്ട് മാസം. ഉഴുന്നുവടയുടെ മൊരിപ്പ് പോരാന്നു പറഞ്ഞ് അന്നത്തെ ഒരു മാനേജര്‍ എന്തോ ശകാരിച്ചു. അരച്ച് വച്ചിരുന്ന ബാക്കി ഉഴുന്ന് മൊത്തമായി മാനേജരുടെ തല വഴി കമഴ്ത്തി രായ്ക്കുരാമാനം കള്ളവണ്ടി കയറി.

 

പിന്നെ രണ്ട് മൂന്ന് കൊല്ലം, സ്ഥിരവരുമാനമില്ലാതെ തള്ളി നീക്കി. പഴയ കശുവണ്ടി ഫാക്ടറിയിലെ കണക്കപ്പിള്ള തസ്തികയിലേക്ക് തിരികെ കയറാന്‍ സാധിച്ചില്ല. പകരം കിട്ടിയത് വാച്ച്മാന്‍ ഉദ്യോഗം. വര്‍ഷങ്ങള്‍ പലത് കൊഴിഞ്ഞു വീണു. വയറു മുറുക്കി കെട്ടി, സമ്പാദിച്ച കാശ് കൊണ്ട് ഭാര്‍ഗവേട്ടന്‍ രണ്ട് പെണ്മക്കളേയും കെട്ടിച്ച് വിട്ടു. നാലഞ്ചു മാസങ്ങള്‍...ഇന്ദിരാ ഗാന്ധിയുടെ ശവസംസ്കാര ചടങ്ങിന്‍റെ തത്സമയം കേട്ട്, ഉമ്മറത്തിരുന്നു മയങ്ങിയ അച്യുതന്‍ പിള്ള, പേര്‍ഷ്യക്കാരനോട് കേസ് പറഞ്ഞു ജയിച്ച പറമ്പിലെ ഒരു ചെറു പ്ലാവായി മാറാന്‍ ഒരു രാത്രിയേ വേണ്ടി വന്നുള്ളൂ. നീലിപ്പിള്ള വിശ്രമം കൊള്ളുന്ന മണ്ണിനടുത്ത് തന്നെ ആറടി മണ്ണ്, കോലന്‍ മാത്തന്‍ കോരി മാറ്റി.

 

സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ അങ്ങോട്ടേക്ക് പോകാറുണ്ടായിരുന്നു. സമുദായക്കൂറ് കാണിച്ചു നടന്നിരുന്ന പ്രമാണിമാരുടെ എതിര്‍പ്പിന് പുല്ലുവില കൊടുക്കാതെ, പട്ടിണിക്കോലമായ ഈ പുലയ ചെക്കന് ഓണത്തിനും വിഷുനും കിട്ടുന്ന ബോണസ് തുകയില്‍ ഒരു പങ്ക് മാറ്റി വച്ചിരുന്നു ഭാര്‍ഗവേട്ടന്‍. ഒരു മഞ്ഞക്കോടിയോ ഒരുടുപ്പോ അങ്ങനെ എന്തെങ്കിലും. ഭാര്‍ഗവേട്ടന്‍ മക്കള്‍ക്ക് വേണ്ടി കൊണ്ടു വന്നിരുന്ന പറോട്ടയിലും കോഴിച്ചാറിലും പലപ്പോഴും ദൈവം എന്‍റെ പേരും എഴുതിച്ചേര്‍ത്തിരുന്നു. പൊറോട്ട നെടുകെ കീറിയിട്ട് അതിലേക്ക് ചാറ് ഇറ്റിക്കും. ചുറ്റിപ്പറ്റി നില്‍ക്കുന്ന നാണിയേട്ടത്തിക്ക് പരിപ്പ് വടയും പതിവായിരുന്നു. അതും കഴിഞ്ഞ്, പൂവിതറിയത് പോലെ കായ്ച്ചു നില്‍ക്കുന്ന ഇരട്ടപ്ലാവിന് ചുവട്ടിലേക്ക് ഒരു പോക്കാണ്. നീണ്ട പതിനേഴ് കൊല്ലത്തെ കേസ് പറച്ചിലിനൊടുവില്‍ വിധിയായ ഇരുപത്തിനാല് സെന്റിന്‍റെ ഒരു കോണില്‍ അച്യുതന്‍ പിള്ളയും നീലിയമ്മയും ഉറങ്ങുന്ന ഇരട്ട പ്ലാവ്. നട്ടപ്പോള്‍ അത് രണ്ട് തൈകള്‍ ആയിരുന്നുവെന്നും ഭാര്‍ഗവേട്ടന്‍ പറയാറുണ്ട്. പിന്നെപ്പോഴോ ഒന്നായെന്നും. അതിന് ചുറ്റും ഒന്ന് മണ്ടി നടന്ന് മാനം നോക്കി ഏതോ തമിഴ്‌ പാട്ട് പാടാറുണ്ട് അയാള്‍. അപ്പോളൊക്കെയും നല്ല നാടന്‍ വാറ്റിന്‍റെ മണമായിരുന്നു ഭാര്‍ഗവേട്ടന്.

 

“അകത്തെന്തേലും ചെന്നാലെ നിങ്ങള്‍ക്ക്‌ സ്നേഹം വരോള്ളോ മനുഷ്യാ...”.

 

അതും പറഞ്ഞ് നാണിയേടത്തി അവിടെയെത്തുമ്പോഴേക്കും കെട്ടു പിണഞ്ഞു കിടക്കുന്ന, മേല്‍പൊന്തിയ വേരില്‍ കെട്ടിപ്പിടിച്ച് ഭാര്‍ഗവേട്ടന്‍ ഒന്നാമുറക്കം കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. ഇടക്ക് ബോധം തെളിയുമ്പോള്‍ പ്ലാവിന്‍ ചുവട്ടിലെ വീതികൂടിയ വേര് നോക്കി അയാള്‍ പറയുമായിരുന്നു- “അച്ഛാ, അച്ഛന്‍ പറഞ്ഞത് പോലെ കുടുംബം ന്ന് വച്ചാല്‍ ഈര്‍ക്കിലി ചൂല് പോലെ തന്നെയാ.....അച്ഛനും അമ്മയും ഉള്ളപ്പോള്‍ ഈര്ക്കിലികള്‍ എല്ലാം ഒറ്റ നൂല്‍ക്കെട്ടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു...ഇപ്പോഴിപ്പോള്‍ കെട്ടിയിടാന്‍ നോക്കിയാല്‍ തന്നെയും പലതായി പിരിഞ്ഞു വീഴാനെ ഈര്‍ക്കിലികള്‍ക്ക് സമയമുള്ളൂ....”.

 

ബന്ധുജനങ്ങളോടുള്ള സങ്കടം ജീവിച്ചിരിക്കുന്നവരോട് അയാള്‍ പറഞ്ഞില്ല. പ്ലാവിന്‍ വേരുകള്‍ ഒരിക്കലും അത് കേട്ടതായി നടിച്ചതും ഇല്ല. ഇന്നിപ്പോള്‍ കൊല്ലം പത്തു പതിനഞ്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണ ലീവിന് ഞാന്‍ അവിടെ പോയിരുന്നു. കുളം വറ്റിച്ച്, പിള്ളേര്‍ കാല്‍പ്പന്തു കളിക്കുന്നുണ്ടായിരുന്നു. ആ പഴയ തറവാട് അവിടെ ഇല്ല. മുന്‍തൂണ് ചിതല്‍ തിന്ന് വീഴാറായി നില്‍പ്പുണ്ട്. ഉമ്മറത്ത്‌ കരിമ്പടം കയറിയ ചാരുകസേരയില്‍ എല്ലുന്തിയ ഒരാള്‍ കിടപ്പുണ്ട്. പുരികം ഒരു നേര്‍ത്ത ചന്ദ്രക്കല പോലെ തോന്നിച്ചു. നെഞ്ചില്‍ വടുക്കള്‍ കളം തീര്‍ത്തിട്ടുണ്ട്. ഇരുകാലുകളും വെടിച്ചു കീറിയ നിലയിലാണ്. പേര് പറഞ്ഞ് ഞാന്‍ ഉമ്മറപ്പടിയില്‍ ഇരുന്നു. നാണിയേടത്തി ഞങ്ങളുടെ സംഭാഷണം കേട്ടെന്ന വണ്ണം പുറത്തേക്ക് വന്നു. ആകെയുള്ളത് ഇച്ചിരി കഞ്ഞി വെള്ളമാണെന്നും പറഞ്ഞ് ഇച്ചിരി കടുമാങ്ങാച്ചാര്‍ ചേര്‍ത്ത് എനിക്ക് നേരെ നീട്ടി.

 

“പഴയ പ്രതാപം ഒക്കെ പോയി... വീണൂന്ന് തോന്നി തുടങ്ങിയാല്‍ പിന്നെ ഇങ്ങനെയാ... ചട്ടമ്പിയെ തല്ലിയ ഭാര്‍ഗവനിപ്പം മുണ്ട് ഉടുക്കണേല്‍ ഒരാള്‍ സഹായം വേണം.. പലപ്പോഴും മുണ്ട് നനയണത് പോലും അറിയാറില്ല ഞാന്‍....ആഴ്ച്ചേല് രണ്ട് നാള്‍ വയറ്റീന്ന് പോകും... പോയാല്‍ പിന്നെ രണ്ട് നാള്‍ സ്വര്‍ഗമാ...മൂന്നാം നാള്‍ മുതല്‍ പിന്നെയും കാത്തിരിപ്പാ....ആദ്യാദ്യമൊക്കെ ചില ഗുളികകള്‍ വാങ്ങിയിരുന്നു... പിന്നെ നാണിയോട് ഞാനാ വേണ്ടാന്ന് പറഞ്ഞത്... എന്‍റെ നാറ്റം അവള്‍ക്കിപ്പോള്‍ ഒരു ശീലമായി.... “ ഭാര്‍ഗവേട്ടന്‍ ഒന്ന് ചിരിച്ച് നാണിയേടത്തിയെ നോക്കി. അവര്‍ കണ്ണ് തുടച്ചു അകത്തേക്ക് പോയി. ഭാര്‍ഗവേട്ടന്‍റെ തലയ്ക്ക് മുകളിലായി, വെള്ളം നനഞ്ഞ് മഷി മാഞ്ഞ നിലയില്‍ ഒരു തടി ഫ്രെയിമിനുള്ളില്‍ അച്യുതന്‍ പിള്ളയും നീലിയമ്മയും ചിരി തൂകി ഇരിപ്പുണ്ട്.

 

നാണിയേടത്തി പോയി എന്നുറപ്പ് വരുത്തി, അയാള്‍ പതിയെ എന്നോടായി ചോദിച്ചു- “നിനക്ക് മുഷിയില്ലേല്‍ ഒരു പത്ത് രൂപ തരാവോ? എത്രേന്നു വച്ചാ മക്കളോട് കൈ നീട്ടണേ? പെമ്മക്കളായിപ്പോയില്ലേ... എങ്ങനാ അവരോട്.... അല്ല.. എത്ര തവണയാ....”.

 

നാളിതു വരെ ഒരാളോടും അയാള്‍ കൈനീട്ടിയതായി അറിവില്ല. അയാളെക്കൊണ്ട് അത് മുഴുമിപ്പിക്കാന്‍ എന്‍റെ മനസ് അനുവദിച്ചില്ല. വാര്‍ധക്യം ഒരു അഭയമാണെന്നും വിശ്രമമാണെന്നും മാത്രമേ ഞാന്‍ അറിഞ്ഞിരുന്നുള്ളൂ.. ആരോടും ഒന്നും ആവശ്യപ്പെടാതെ ആരോടും ഒന്നും പറയാനില്ലാതെ, ചിലര്‍. പ്രതിഫലനങ്ങളില്‍ പ്രകൃതിയുടെ കനിവ് മാത്രം പ്രതീക്ഷിക്കുന്നവരും ഏറെയുണ്ടെന്ന് തോന്നിച്ച നിമിഷങ്ങള്‍. വാചാലതയുടെ പൂര്‍ണത മൗനമാണ്. സാന്ത്വന വാക്കുകള്‍ കടം കൊള്ളാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. പറയാനായി ഒന്നുമില്ല. കഷ്ടനഷ്ടങ്ങളുടെ കണക്കെടുപ്പ് തീരുന്നത് ഒരു തെങ്ങിന്‍തൈയിലോ, പ്ലാവിന്‍ തൈയിലോ മാത്രമാണെന്ന് മനസ്സ്, തലച്ചോറിനോട് ആണയിട്ട് പറഞ്ഞ നിമിഷങ്ങള്‍. ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കരുതിയ അന്പതിന്‍റെ നോട്ടും ചേര്‍ത്ത്, പാന്റ്സില്‍ നിന്ന് പേഴ്സ് എടുത്ത് ഉമ്മറത്ത്‌ വച്ച് ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു.