Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഹോം നഴ്സ്

Manoj Krishna M

EY Kinfra

ഹോം നഴ്സ്

ഹോം നഴ്സ്

ആശുപത്രിയുടെ നിയന്ത്രിതമായ വെളിച്ചത്തിൽ നിന്ന് നിറവെയിലിലേക്ക് അരവിന്ദ് മെല്ലെയിറങ്ങി . ഒന്നൊന്നര മാസമായി ഇതിനകത്തു തന്നെയാണ് . അതിൽ തന്നെ കഴിഞ്ഞ രണ്ടാഴ്ചയായി കൂടുതൽ സമയവും തീവ്ര പരിചരണ  വിഭാഗത്തിന് മുൻപിൽ . അരവിന്ദ് മെല്ലെ തിരിഞ്ഞു നോക്കി . പുരാണത്തിലൊക്കെ വായിച്ചറിഞ്ഞ ഒരു വലിയ രാക്ഷസനെ പോലെ പതിനാറു നിലകളിലായി ആശുപത്രി കെട്ടിടം അയാൾക്ക് പുറകിൽ ഉയർന്നു നിന്നു . അഞ്ച് ആംബുലൻസുകളെ ഒരേ സമയം സ്വീകരിക്കാൻ കഴിവുള്ള വലിയ അത്യാഹിത വിഭാഗവും അതിനടുത്തു തന്നെ പതിനഞ്ചോളം കൗണ്ടറുകളുള്ള ഓ പി വിഭാഗവും ആ രാക്ഷസന്റെ തുറന്നു പിടിച്ച വലിയ വായ പോലെ അരവിന്ദിന് തോന്നി . ഈയിടെയായി താൻ കുറച്ചൊക്കെ ഭാവനാത്മകമായി ചിന്തിക്കുന്നുണ്ടോ എന്നയാൾ  മനസ്സിലോർത്തു .

 

പൊള്ളുന്ന വെയിലിൽ ദൂരെക്കാണുന്ന ഗേറ്റ് ലക്ഷ്യമാക്കി അയാൾ നടന്നു . തന്റെ അടുത്തെത്തുമ്പോൾ വേഗത കുറച്ച് പ്രതീക്ഷയോടെ നോക്കുന്ന ഓട്ടോറിക്ഷകളെ അവഗണിച്ച് മുന്നോട്ടു നീങ്ങുന്നതിനിടയിൽ അയാളുടെ മനസ്സിൽ ഒരു ചോദ്യം എങ്ങുനിന്നെന്നറിയാതെ ഉയർന്നു വന്നു . ഏതുവഴിയാകും രവി സാർ പുറത്ത് വരിക ? . അരവിന്ദ് ഒന്നുകൂടി   തിരിഞ്ഞുനോക്കി .. ഏതായാലും ഈ വഴിയിലൂടെ ഒന്നും ആവില്ല . അതിഥികൾക്ക് അരോചകമാകുന്നതൊന്നും പാടില്ലല്ലോ .. ഗസ്റ്റ് എന്നാണു ഇവിടെ രോഗികളെ പറയുക കൂട്ടിരുപ്പുകാരെയും .. ഒരിക്കൽ രവിസാറിനൊപ്പം കൗണ്ടറിൽ നിൽക്കുമ്പോൾ അവിടെ കൂട്ടം കൂടി നിന്ന് കരയുന്ന ഒരു സംഘത്തോട്  ഒരു ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് പറയുന്നത് കേട്ടിരുന്നു . " ബോഡി കൊണ്ടുവരിക പുറകിലെ വാതിലിലൂടെയാണ് . അവിടെ നിങ്ങൾക്കിരിക്കാൻ സൗകര്യമുണ്ട് . ഇവിടെ ഗസ്റ്റ് ഒക്കെ വരുന്ന സ്ഥലമാ …" അന്ന് രവി സാർ തന്റെ മുഖത്ത് നോക്കി ചിരിച്ചതിന്റെ അർത്ഥം അരവിന്ദിന് ഇപ്പോഴാണ് മനസ്സിലായത് .

 

രവി സാറിനെ എപ്പോഴാകും പുറത്തുകൊണ്ടുവരിക അയാളോർത്തു. മനസ്സിന്റെ ആഴത്തിലെവിടെയോ ഇപ്പോഴും നോവിന്റെ ചെറിയ മുളപൊട്ടലുകൾ നടക്കുന്നുണ്ട് . മുന്നോട്ടു നടക്കാനായുമ്പോൾ ശക്തമായ ഒരു ചിന്ത അയാളെ പുറകോട്ടു വലിച്ചു .എത്രയോ നാളായി തന്നോടൊപ്പവുമെ രവി സാർ എവിടെയും പോയിട്ടുള്ളൂ . പുറകിലെ വാതിലിനരികിൽ രവി സാറിനെ കൊണ്ടുവരുമ്പോൾ കരയാനല്ലെങ്കിലും കാത്തുനിൽക്കാനെങ്കിലും ആരാണുണ്ടാവുക അരവിന്ദ് അയാളറിയാതെ തന്നെ തിരിഞ്ഞു നടന്നു . അത്യാഹിത വിഭാഗത്തിന് മുൻപിൽ നിൽക്കുന്ന ആശുപത്രി ജീവനക്കാരനോട് ചോദിച്ചു. " മോർച്ചറിയിലാണോ ?" ഉറച്ചതെങ്കിലും നിർവികാരമായ ശബ്ദത്തിലാണയാൾ മറുചോദ്യമുന്നയിച്ചത് .   ഒന്നു രണ്ടു നിമിഷം അരവിന്ദിന്റെ മറുപടിക്കായി കാത്തുനിന്നശേഷം അയാൾ തുടർന്നു. " മോർച്ചറിയിലാണെങ്കിൽ മാലിന്യ പ്ലാന്റിന്റെ അടുത്തുള്ള വഴിയിലൂടെയാകും കൊണ്ടുവരിക മോർച്ചറിയിൽ വെക്കുന്നില്ലെങ്കിൽ laundry പ്ലാന്റിന്റെ അടുത്തു കൂടി … നിങ്ങൾ DHP ക്കടുത്തുള്ള മുറിയിൽ കാത്തിരുന്നാൽ മതി വിളിക്കും "

 

അരവിന്ദ് ഫോൺ എടുത്ത് ആശുപത്രിയുടെ ആപ്ലികേഷൻ തുറന്നു . DHP എന്ന് തിരഞ്ഞപ്പോൾ തന്നെ " Dead body Handover Point " കണ്ടെത്താനായി. അങ്ങോട്ടേക്കുള്ള വഴി ഫോണിൽ തെളിഞ്ഞു . അരവിന്ദ് സ്വൽപ്പം വേഗത്തിൽ നടന്നു .

എയർകണ്ടീഷൻ ചെയ്ത വിശാലമായ മുറിയിൽ നല്ല തിരക്ക് . ചിലരൊക്കെ വിഷമിച്ചിരിക്കുന്നെങ്കിലും ആരും കരയുന്നൊന്നുമില്ല . എത്ര വേഗമാണ് ആളുകൾ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നത് മിക്കവരും   മൊബൈലിൽ നോക്കിയിരിക്കുന്നു . മറ്റു ചിലർ ആരുടെയൊക്കെയോ മരണ വിവരങ്ങൾ ആരെയൊക്കെയോ വിളിച്ച് അറിയിക്കുന്നു. അരവിന്ദ് വാതിലിനരികിൽ തന്നെ ഒരു കസേരയിലിരുന്നു . കയ്യിലിരുന്ന ഫോണിലേക്ക് അയാളും നോക്കി. ആശുപതിയുടെ ആപ്ലിക്കേഷൻ അപ്പോഴും അതിൽ തുറന്നു തന്നെയിരിക്കുന്നു . " you have reached your destination " എന്നൊരു മെസ്സേജ് അതിൽ തെളിഞ്ഞിരിക്കുന്നു. രവിസാറിന്റെ ചിത്രവും വിവരങ്ങളും എല്ലാം അതിലുണ്ട് . നാലഞ്ചു മാസം മുൻപ് ഒരു സാധാരണ പരിശോധനയ്ക്ക് വന്നപ്പോളാണ് സാറിന്റെ "Guest Relationship Manager " ഈ പുതിയ സംവിധാനത്തെക്കുറിച്ച് പറഞ്ഞത് . ആശുപത്രിക്കകത്ത് എവിടെയും പോകാനുള്ള വഴി പോലും ഈ ആപ്ലിക്കേഷൻ കാണിച്ച് തരുമെന്നായാൾ പറഞ്ഞത് അരവിന്ദ് ഓർത്തു " ഇയാളുടെ ഫോണിൽ ചെയ്തു കൊടുത്താൽ മതി . ഇയാളില്ലാതെ ഞാൻ എവിടെയും പോകാറില്ല "അരവിന്ദിനെ  ചൂണ്ടി അന്ന് രവി സാർ പറഞ്ഞു . കസേരയുടെ പുറകിലെ ഭിത്തിയിലേക്ക് തല ചായ്‌ച് അരവിന്ദ് മെല്ലെ കണ്ണുകളടച്ചു. കഴിഞ്ഞ ദിവസം നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല . വൈകുന്നേരം പതിവ് പോലെ അത്യാഹിത വിഭാഗത്തിനുള്ളിൽ കയറി സാറിനെ കാണുമ്പോൾ പതിവിലുമേറെ സംസാരിച്ചു . ക്ഷീണം കുറവായി തോന്നി.  " ഇന്ന് വേദന നല്ല കുറവുണ്ട് " തന്റെ കൈപിടിച്ച് വെച്ച് മൃദുവെങ്കിലും വ്യക്തമായ ശബ്ദത്തിൽ രവിസാർ പറഞ്ഞത് അരവിന്ദ് ഓർത്തു. പുറത്തേക്കിറങ്ങുമ്പോൾ പാർവതി സിസ്റ്ററും പറഞ്ഞു " സാറിനിന്നു നല്ല മാറ്റമുണ്ട് ".

 

മുറിയിൽ തിരിച്ചെത്തുമ്പോഴേക്കും പതിവ് ഫോൺ വിളി വന്നു . വീഡിയോ കാൾ ആണ് എന്നും ഏതാണ്ട് അതെ സമയത്ത് തന്നെയാണ് രവിസാറിന്റെ മകനും മകളും വിളിക്കാറ് . " ഇന്ന് അച്ഛനെ കണ്ടിട്ട് നല്ല മാറ്റം തോന്നുന്നു . അരവിന്ദിന് തോന്നിയില്ലേ ? " മറുപടി കാക്കാതെ സാറിന്റെ മകൾ തുടർന്നു " ഡോക്ടറും പറഞ്ഞു .. seems progressing , അല്ലെ സജീവ് ശരി അരവിന്ദ് നാളെ വിളിക്കാം " സാറിന്റെ മകൻ കുറച്ച് സമയം കൂടി ഫോണിൽ തുടർന്നു . ".. അച്ഛനു വേദനയുണ്ടോ അരവിന്ദ് " വളരെ മൃദുവായ ശബ്ദം . " കുറവുണ്ടെന്നു പറഞ്ഞു " അരവിന്ദിന്റെ മറുപടിക്കു ശേഷം കുറച്ചു  നേരം കൂടി കഴിഞ്ഞാണ് അയാൾ ഫോൺ വെച്ചത് . ഇന്റർനെറ്റ് വഴി ദൂരെയുള്ള ബന്ധുക്കൾക്ക് രോഗികളെ കാണാനുള്ള സംവിധാനമൊക്കെ ആശുപതിയിലുണ്ടെന്ന് ആരോ പറഞ്ഞത് അരവിന്ദ് ഓർത്തു .

 

വീട്ടിലായിരുന്നപ്പോഴും ഇങ്ങിനെതന്നെയായിരുന്നു  . എല്ലാ ദിവസവും അവർ വിളിക്കും. ഒരിക്കൽ രവിസാർ പറഞ്ഞത് അരവിന്ദോർത്തു " സൗമ്യ നമ്മളെ ഒന്നും പറയാൻ വിടില്ല സജീവ് ഒന്നും പറയുകയുമില്ല " അരവിന്ദിന് നിർത്താതെ നിർദേശങ്ങൾ കൊടുക്കും " ശരി മാഡം " എന്ന് അരവിന്ദ് ആവർത്തിക്കുന്നത് കേട്ട് രവിസാർ ചിരിക്കുകയും ചെയ്യും .

 

കഴിഞ്ഞ ദിവസം രാവേറെ ചെന്നപ്പോൾ സാറിന്റെ മകൻ വിളിച്ചത് അരവിന്ദോർത്തു . പതിവില്ലാത്തതാണ് .. " ഒരു ഇന്ത്യൻ നമ്പറിൽ നിന്ന് കോൾ വന്നു ആശുപത്രിയിൽ നിന്നാണോ എന്ന് സംശയം . അതാണ് വിളിച്ചത് . everything alright ? " " ഒന്നുമില്ല സർ " അരവിന്ദ് മറുപടി പറഞ്ഞു . ഏറെ നേരത്തെ മൗനത്തിനു ശേഷം സജീവ് തുടർന്നു " he is a fighter , അങ്ങനെ തോറ്റു കൊടുക്കില്ല " ശൂന്യതയുടെ വലിയ ഇടവേളകൾ നൽകിയാണ് അയാളോരോ വാചകവും പറഞ്ഞത്. " വലിയ വേദനയാണ് ഈ അസുഖം വന്നാൽ …"  "  ഒന്നും പക്ഷെ പുറത്തുകാണിക്കുകയില്ല " ഫോൺ വെച്ച ശേഷം അരവിന്ദ് ലൈറ്റ് അണച്ചു കിടന്നു .

 

ഉറക്കം ഇടയ്ക്കിടെ മുറിഞ്ഞു . മെല്ലെ മെല്ലെ അകാരണമായ ഒരു ഭയം അയാളിലേക്ക് ആവേശിച്ചു തുടങ്ങി . രണ്ടു മാസം മുൻപ് തന്റെ അച്ഛൻ മരിച്ച രാത്രി അരവിന്ദിന്റെ മനസ്സിലേക്കെത്തി. അന്ന് രവിസാറിനോടൊപ്പം തന്നെയായിരുന്നു . സാറിന്റെ വീട്ടിൽ . അന്നും ഇടയ്ക്കിടയ്ക്ക് ഉറക്കം മുറിഞ്ഞിരുന്നു .. ഇത് പോലെ ഒരു ഭയം .. രാവിലെ ആ വാർത്തയുമെത്തി .

 

അരവിന്ദ് എഴുനേറ്റു ലൈറ്റിട്ടു . കതകു തുറന്നു പുറത്തിറങ്ങി . അടുത്തമുറികളിലൊന്നിൽ നിന്ന് ആരോ കൂർക്കം വലിച്ചുറങ്ങുന്ന ശബ്ദം . നഴ്സിംഗ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള നഴ്സ് മേശയിൽ തലവെച്ചുറങ്ങുന്നു . മറ്റേതോ മുറിയിൽ നിന്ന് ഇടയ്ക്കിടെ ഒരു ചുമയുടെ മുഴക്കം  . ഒരു കുട്ടിയുടെ കരച്ചിൽ .. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പം .ഇതിനിടയിലും അരവിന്ദന് അസാധാരണമായ ഒരു ശൂന്യത അനുഭവപ്പെട്ടു . വലിയൊരു മണൽക്കൂനയുടെ മുകളിൽ നിന്നു താഴേയ്ക്ക് വീഴുന്നത് പോലെ . തിരികെ മുറിയിൽ കയറി എല്ലാ ലൈറ്റുകളും ഇട്ടു . ജനാലകൾ തുറന്നിട്ടു . ടി വി ഓൺ ചെയ്തു .. സാധാരണ ഏകാന്തതയുടെ അപൂർവ യാമങ്ങളിൽ അരവിന്ദ്  ഇങ്ങനെയാണ് ചെയ്യുക . കിടക്കും മുൻപ് ബാത്റൂമിൽ പോയതാണെങ്കിലും അയാൾ വീണ്ടും ബാത്റൂമിൽ പോയി .ഏതോ ഒരു ഉൾവിളിയാലെന്നവണ്ണം ഷവർ തുറന്ന് കുളിച്ചു .. ചെറിയൊരു ആശ്വാസം .. പുറത്തിറങ്ങി മേശപ്പുറത്തുകിടന്ന ബുക്ക് നോക്കി . സി വി രാമൻപിള്ളയുടെ "ധർമ്മരാജാ ". തീവ്രപരിചരണത്തിലേക്കു മാറ്റും വരെ രവിസാർ അരവിന്ദനെ കൊണ്ട് പുസ്തകങ്ങൾ വായിപ്പിച്ചിരുന്നു . വീട്ടിലായിരുന്നപ്പോഴും അങ്ങിനെ തന്നെ .. കച്ചേരികൾക്കും കഥകളിക്കുമൊക്കെ ഒപ്പം കൂട്ടിയിരുന്നു . തീരെ താല്പര്യമില്ലാതിരുന്നിട്ടും അരവിന്ദൻ ജോലിയുടെ ഭാഗമായി അതൊക്കെ ചെയ്തു പോന്നിരുന്നു . "നമുക്ക് സി വിയുടെ മൂന്നു നോവലും വായിക്കാം അരവിന്ദൻ എന്ത് പറയുന്നു "രവിസാറിന്റെ ചോദ്യത്തിന് "വായിക്കാം "എന്ന പ്രതീക്ഷിത ഉത്തരം തന്നെ അരവിന്ദ് നൽകുകയും ചെയ്തു . രണ്ടുപേരും കൂടിപ്പോയാണ് പുസ്തകങ്ങൾ വാങ്ങിയത്  .

 

"മാർത്താണ്ഡവർമ്മ "വായിച്ച് തുടങ്ങിയ അന്ന് തന്നെയാണ് രവി സാർ വീണതും . എന്തോ ആവശ്യത്തിന് പുറത്തു പോയി വന്ന അരവിന്ദ് കണ്ടത് എഴുനേൽക്കാനാവാതെ നിലത്ത് കിടന്നു കൊണ്ട് ചിരിക്കുന്ന രവി സാറിനെയാണ് . "അറം  പറ്റിയല്ലോ അരവിന്ദാ .. വീണിതല്ലോ കിടക്കുന്നു ധരണിയിൽ  എന്ന് നീ വായിച്ചതല്ലേയുള്ളു . ദാ  കിടക്കുന്നു ക്ഷോണിതവുമണിഞ്ഞു ശിവ ശിവ "മൂക്കിൽ നിന്ന് വന്ന ചോര തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു . ഒന്നും മിണ്ടാതെ പകച്ചു നിന്ന അരവിന്ദനെ നോക്കി അദ്ദേഹം തുടർന്നു .."ഉടൻ തന്നെ ആ സാരഥിയെ വിളിച്ച് ഈ വൃദ്ധനെ ചുമലിലേറ്റി ആശുപത്രിയിലെത്തിക്കൂ " അപ്പോഴും ചിരിയായിരുന്നു അദ്ദേഹത്തിന് .

 

അന്ന് അഡ്മിറ്റ് ആയതാണ് .. അരവിന്ദന്റെ മനസ്സ് പെട്ടെന്ന് ഭൂതകാലത്തിൽ നിന്ന് മടങ്ങിയോടി  .. ഈ അസുഖത്തിന് വലിയ വേദന കാണും എന്ന് രവിസാറിന്റെ മകൻ   പറഞ്ഞത്  അരവിന്ദനെ ഒരു വലിയ ചോദ്യത്തിലേക്ക് വലിച്ചിഴച്ചു .. രവിസാറിന്റെ അസുഖമെന്താണ് ഒന്നര മാസമായി അദ്ദേഹത്തോടൊപ്പം നിഴലായി നിന്നിട്ടും താനിതുവരെ അതന്വേഷിച്ചില്ല എന്ന യാഥാർഥ്യം അയാളെ ഉള്ളിൽ നിന്ന് ഞെട്ടിച്ചു . അതറിയാതെ തന്നെ ഇത്രനാൾ നോക്കിയില്ലേ എന്ന ചിന്ത ഉടൻതന്നെ അയാളെ മടക്കികൊണ്ടുവരികയും ചെയ്തു .  അറിയാതിരിക്കുകയാണ് ഒരുതരത്തിൽ നല്ലത്  എന്ന ചിന്ത മനസ്സും കടന്നു ഒരൽപം ഉറക്കെ പുറത്തേക്കു വരികയും ചെയ്തു ..

അരവിന്ദ് ജനാലയിലൂടെ പുറത്തേക്കു നോക്കി .. ആശുപത്രിയുടെ പാർക്കിങ് സ്ഥലമാണ് പുറത്ത് .. വാഹനങ്ങളിൽ തണുപ്പുറഞ്ഞു ജലകണങ്ങളായി പറ്റികിടക്കുന്നു  .. ജനലഴിയിൽ പിടിച്ച് നിൽക്കുന്ന അരവിന്ദിന്റെ കണ്ണുകളിലും ഒന്നുരണ്ടു തുള്ളികൾ ഉറഞ്ഞുകൂടി . മനസ്സിലെവിടെയോ ഊറിയിറങ്ങുന്ന ഈർപ്പം കണ്ണുകളിലേക്കു കിനിഞ്ഞിറങ്ങുന്നു .. ഹൃദയമിടിപ്പിന് ഭാരം വലിച്ച് തളർന്ന വണ്ടിക്കാളയുടെ കിതപ്പും നിസ്സംഗതയും .. ഒരു വേള അതങ്ങു നിന്നുപോകുമോ എന്നുപോലും അരവിന്ദിന്  തോന്നി . ശ്വാസമെടുക്കുമ്പോൾ  പെട്ടെന്ന് തന്നെ ശ്വാസകോശം നിറഞ്ഞു പോകുന്നത് പോലെ .അയാൾ മനപ്പൂർവ്വം ഉറക്കെ ചുമച്ചു .. ഒരു തരം  മനംപുരട്ടൽ .. വൈകിട്ട് കഴിച്ചതെല്ലാം അണ പൊട്ടിവരും പോലെ പുറത്തേക്ക് .. വാഷ് ബേസിനിലെ ടാപ്പ് തുറന്ന് അരവിന്ദ് കണ്ണാടിയിലേക്ക് നോക്കി നിന്നു . വീഴാതിരിക്കാനെന്നവണ്ണം ഒരു കൈ മുന്നിലെ ഭിത്തിയിലൂന്നി . ചോരയിരച്ചു കയറി ചുവന്ന കണ്ണുകളിലേക്ക് മറുകൈ കൊണ്ടുവെള്ളം കോരിയൊഴിക്കുമ്പോൾ  അയാൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.

"ദീർഘമായ ശ്വാസമെടുത്ത് ശ്വാസകോശം നിറയ്ക്കണം പിന്നീട് കഴിയുന്നത്ര നേരം ആ ശ്വാസം അങ്ങനെ നിർത്തണം . എന്നിട്ട് വളരെ പതുക്കെ ഏറെ നേരമെടുത്ത് ശ്വാസം വിടണം . ശ്വാസകോശം മുഴുവൻ ഒഴിയണം . ഇങ്ങനെ അഞ്ചു തവണ ചെയ്തു നോക്കൂ " മുൻപൊരിക്കൽ രവിസാർ തന്നെ പഠിപ്പിച്ച  റിലാക്സേഷൻ രീതി അരവിന്ദ് ചെയ്തു നോക്കി .  കയറി കയറി ദ്രുതകാലത്തിലെത്തി കൊട്ടി കലാശിക്കുന്ന ഒരു മേളത്തിന് ശേഷമുള്ള ഒരു കനത്ത നിശ്ശബ്ദത അയാളെ  പൊതിഞ്ഞു തുടങ്ങി . മെല്ലെ മെല്ലെ അതൊരു ശൂന്യതയായി  പരിണമിച്ചു . ഒരു മഞ്ഞു മലയുടെ മുകളിൽ നിന്ന് തെന്നിയിറങ്ങി അടിവാരത്തിലെത്തിയ ആശ്വാസം ..കണ്ണുകൾ അടച്ച് അരവിന്ദ് അങ്ങനെ നിന്നു ....

കോളിംഗ്   ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ ചെന്ന് വാതിൽ തുറന്നു . "എത്ര ഫോൺ വിളിച്ചു പെട്ടെന്ന് താഴെ ചെല്ലാൻ പറഞ്ഞു "നേരത്തെ മേശമേൽ തലവെച്ചുറങ്ങിയിരുന്ന നഴ്‌സാണ് . ഒന്നും  പറയാതെ അരവിന്ദൻ  പുറത്തിറങ്ങി . പെട്ടെന്നെന്തോ ഓർമ്മ വന്നതുപോലെ അകത്തേക്ക് തിരിച്ചു കയറി മേശപ്പുറത്തിരുന്ന പുസ്തകം കൂടി കയ്യിലെടുത്തു .

രണ്ടാം നിലയിലേക്ക് നടക്കുമ്പോൾ അയാൾ രവി സാറിന്റെ മകനെ വിളിച്ചു . ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം മറുതലയ്ക്കൽ നിന്ന് സൗമ്യമായ ചോദ്യം "കഴിഞ്ഞോ ". അതെ വികാരത്തോടെ അരവിന്ദിന്റെ മറുപടി "അറിയില്ല ".  രണ്ടാം നിലയിലെത്തുമ്പോൾ ഡോക്ടർ രാജീവ് തന്നെയും കടന്ന് ഓടിപ്പോകുന്നത് അയാൾ കണ്ടു . കൂട്ടിരുപ്പുകാർക്കുള്ള കസേരയിലിരിക്കുമ്പോൾ വാതിലിനു മുന്നിലിരിക്കുന്ന സെക്യൂരിറ്റിയെ നോക്കി അരവിന്ദൻ വെറുതെ പറഞ്ഞു "വരാൻ പറഞ്ഞു ". ഒരു തരം നിർവികാരതയോടെ "വിളിക്കും "എന്ന് മറുപടി .

പുറത്തേക്കു വന്ന രാജീവ് ഡോക്ടർ ആരോടോ ഫോണിൽ സംസാരിക്കുന്നു "ofcourse നിങ്ങളുടെ തീരുമാനമാണ് final , afterall നിങ്ങളുടെ അച്ഛനാണല്ലോ . ഞാൻ എന്റെ അഭിപ്രായം പറഞ്ഞുവെന്നേ ഉള്ളു . നിങ്ങൾക്കൊന്നു വന്നു കാണണമെങ്കിൽ അത് വരെ നമുക്കിങ്ങനെ manage ചെയ്യാമെന്നു കരുതി .." അകത്തേക്ക് തിരിച്ചുപോയ ഡോക്ടറുടെ മുഖത്ത് നേരിയ നിരാശ അരവിന്ദൻ തിരിച്ചറിഞ്ഞു .

സാധാരണ ഇങ്ങനെ കാത്തിരിക്കുമ്പോൾ ഫോൺ എടുത്ത് എന്തെങ്കിലും ചെയ്യുകയാണ് പതിവ് . ഇത്തവണ അരവിന്ദ് പുസ്തകം മെല്ലെ തുറന്നു .  "ആളുകൾ മരിച്ചു കിടക്കുമ്പോൾ എന്തിനാണാവോ ഈ പുരാണങ്ങളൊക്കെ വായിക്കുന്നത് . അവർക്കു ഇഷ്ടമുള്ള പുസ്തകങ്ങളാണ് വായിച്ചു കൊടുക്കേണ്ടത് . സിനിമ ഇഷ്ടമുള്ളവർക്ക് സിനിമ വെച്ചു കൊടുക്കണം . ക്രിക്കറ്റ് ഇഷ്ടമുള്ളവർക്ക് അത് .. " പരിമിത ലഹരിയുടെ സുഖമാസ്വദിക്കുന്ന ഞായറാഴ്ചകളിലൊന്നിൽ കയ്യിലിരിക്കുന്ന ഗ്ളാസ്സിൽ അമർത്തിപ്പിടിച്ചു കൊണ്ട് രവിസാർ പറഞ്ഞത് അരവിന്ദ് ഓർത്തു .

 

സാറിനെ ഇങ്ങോട്ടു മാറ്റും മുൻപ് വായിച്ചു നിർത്തിയിടത്ത് ഒരു അടയാളം വെച്ചിരുന്നു .  അരവിന്ദൻ അവിടെനിന്ന് വായിച്ചു തുടങ്ങി  " എടാ ഇരുളാ!  വിഴുങ്ങ് വാ തുറന്ന് ഈ  മൊണ്ണയനെ . നീയല്ലാണ്ട്, കാലമേത്, ഖലിയേത് ഉശിരുടയാൻ കാലനും നീ തന്നെടാ പടച്ചപൊരുളേ! " . അന്നിത് വായിച്ചു കൊടുക്കുമ്പോൾ പെട്ടെന്ന് കയ്യുയർത്തി നിർത്താൻ പറഞ്ഞത് അരവിന്ദോർത്തു . വന്യമായ ശൂന്യത കണ്ണിൽ നിറച്ച് രവിസാർ അന്ന് പറഞ്ഞതും .. "തായെന്നു ചൊല്ലിയവടെ കൊടലിരുട്ടിൽ തോറ്റി മനുക്ഷ്യവരെ പെരട്ടിരുട്ടിൽ ഇരുട്ടവെടിയ പെലെന്ന് തിരുമ്പാപാംകുഴിയിരുട്ടിൽ ഥൊലയണ ഇക്കൊണംകെട്ട, ഈ ഈരിരുളന്കരിംകൂരിരുളെ,  നീയേ നെടുഘെതി " അരവിന്ദൻ പുസ്തകത്തിലേക്ക് നോക്കി ഒരക്ഷരം പോലും തെറ്റിയിട്ടില്ല. 

 

അയാളുടെ ചിന്തകളെ തടഞ്ഞുകൊണ്ട് വാതിൽതുറന്ന്  നഴ്സ് വിളിച്ചു "അരവിന്ദാ ഡോക്ടർക്കു കാണണമെന്ന് " അകത്തേക്ക് ചെല്ലുമ്പോൾ ഡോക്ടർ രവിസാറിന്റെ കിടക്കയിലേക്ക് വിരൽചൂണ്ടി . അരവിന്ദൻ മെല്ലെയടുത്തു ചെന്ന് രവിസാറിന്റെ കയ്യിൽ തൊട്ടു . കണ്ണു തുറന്ന സാർ അരവിന്ദന്റെ കയ്യിലിരുന്ന പുസ്തകത്തിലേക്ക് നോക്കി . അരവിന്ദൻ വായിച്ചു തുടങ്ങി .. മുൻപ് നിർത്തിയേടത്ത് നിന്ന് ..

"കദംബവന വാസിനി മതികദംബ കാദംബിനി

ത്രിലോചന കുടുംബിനി ത്രിപുരസുന്ദരിമാശ്രയേ " . രവി സാർ അരവിന്ദന്റെ കയ്യിൽ മുറുകെ പിടിച്ചു . വായന നിർത്തി മുഖത്തേക്ക് നോക്കിയ അരവിന്ദനെ നോക്കി ചിരിച്ചു ..

പെട്ടെന്ന് തന്നെ കട്ടിലിന്റെ തലയ്ക്കൽ ഘടിപ്പിച്ചിരുന്ന യന്ത്രങ്ങൾ ആർത്തു വിളിക്കാൻ തുടങ്ങി .. ഡോക്ടറും മറ്റും ഓടിയെത്തി . ചുറ്റുമുള്ള കർട്ടൻ വലിച്ചിടുമ്പോൾ ഡോക്ടർ അരവിന്ദിനോട് പുറത്തുപോകാൻ പറഞ്ഞു . ഇരുണ്ട ഇടനാഴിയിലൂടെ നടന്ന് കൂട്ടിരുപ്പുകാർക്കുള്ള കസേരയിൽ അയാളിരുന്നു .

എത്രനേരം അങ്ങിനെയിരുന്നു എന്നറിയില്ല . രാജീവ് ഡോക്ടർ പുറത്തേക്കു പോകുമ്പോൾ എതിരെ വന്ന ഡ്യുട്ടി ഡോക്ടറോട് പറയുന്നത് കേട്ടു "ആ വർഗീസ് വരും അവരെയാണ് relatives ഏൽപ്പിച്ചിരിക്കുന്നത് ".

അരവിന്ദൻ വാച്ചിലേക്ക് നോക്കി . പുലർച്ചെ നാലുമണിയോടടുക്കുന്നു .. അയാളെഴുനേറ്റ്  ഡോർ ബെല്ലടിച്ചു . പുറത്തേക്ക് വന്ന നഴ്സ് അയാളോട് മെല്ലെ പറഞ്ഞു "കഴിഞ്ഞു .. ഒരു പാട് കഷ്ടപ്പെടുത്തിയില്ല .. "ഒരു അടുത്ത ബന്ധുവിനോട് പറയും പോലെ .."നീ റൂമിൽ പോയിരുന്നോ എന്തെകിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം അവര് വന്നിട്ട് നിനക്ക് വീട്ടിൽ പോകാം " അരവിന്ദിന്റെ മനസ്സിലെ ചോദ്യം വായിച്ചിട്ടെന്നവണ്ണം അവർ തുടർന്നു "ബാക്കി ചടങ്ങെല്ലാം ഏതോ ഏജൻസിയെ ഏല്പിച്ചിരിക്കുകയാണ് അവർ വന്നിട്ട് നീ പൊയ്‌ക്കോ .."

അരവിന്ദ് തിരികെ  മുറിയിലേക്ക് നടന്നു . അതെ നിലയിലുള്ള ലേബർ റൂമിന്റെ മുന്നിൽ ഒരാൾ മധുരം വിതരണം ചെയ്യുന്നു . "ആൺകുട്ടിയാണ് " വലിയ സന്തോഷത്തിൽ അയാൾ അരവിന്ദനും ഒരു ലഡ്ഡു കയ്യിൽവെച്ചു കൊടുത്തു .  അതൊന്നു കടിച്ചുകൊണ്ട് അരവിന്ദ് മുന്നോട്ട് നടന്നു .. സ്വന്തം  മനസ്സിന്റെ നിർവികാരത അയാളെ തന്നെ അമ്പരപ്പിച്ചുകൊണ്ടിരുന്നു.  ആശുപത്രി മെല്ലെ ഉണരുന്നു . നഴ്‌സിംഗ് സ്റ്റേഷനിൽ പുലർച്ചയുള്ള പരിശോധനകൾക്കായി നഴ്‌സുമാർ ഒരുങ്ങുന്നു . ക്യാന്റീനിലെ വലിയ പ്രഷർ കുക്കറിന്റെ ചൂളം വിളി നേർത്തരീതിയിൽ കേൾക്കാം .

മുറി തുറന്ന് അരവിന്ദ് തന്റെ വസ്ത്രങ്ങളും മറ്റും ബാഗിൽ അടുക്കിവെച്ചു . തലേ ദിവസത്തെ ശർദ്ദിയുടെ അവശിഷ്ടങ്ങൾ എല്ലാം തുടച്ചു . രവിസാറിന്റെ സാധനങ്ങൾ ഒരു ബാഗിലാക്കി . നന്നായൊന്നു കുളിച്ച് അരവിന്ദ് കട്ടിലിലേക്ക് കിടന്നു ..

ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഉണർന്നത് . നേരം നല്ലവണ്ണം പുലർന്നിരുന്നു. രവി സാറിന്റെ മകനാണ് "സൗമ്യയെ കൂടി വിളിക്കാം " പതിവിനു വിപരീതമായി സാറിന്റെ മകൾ ഒന്നും പറഞ്ഞില്ല "അരവിന്ദന്റെ ഏജൻസിയിൽ വിളിച്ച് എല്ലാം settle ചെയ്തിട്ടുണ്ട് . ബാക്കി funeral ഒക്കെ ഏർപ്പാടാക്കിയിട്ടുണ്ട് . വർഗീസ് എന്നൊരാൾ ഇപ്പോൾ വരും അച്ഛന്റെ സാധനങ്ങളൊക്കെ അയാളെ ഏൽപ്പിച്ചാൽ മതി . ഫീസ് അല്ലാതെ കുറച്ച് രൂപ കൂടി അരവിന്ദിനു തരാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് വരാനാകില്ല . ഇനി വരുമ്പോൾ ഞാൻ അരവിന്ദനെ വിളിക്കാം "സാറിന്റെ മകനാണ് സംസാരിച്ചത് . മകളുടെ നേർത്ത ഏങ്ങലടി ഒരു പൊട്ടിക്കരച്ചിലിൽ അവസാനിച്ചപ്പോൾ അരവിന്ദ് ഫോൺ വെച്ചു . തന്റെ ബാഗുമെടുത്ത് പുറത്തിറങ്ങി .

ആരോ തട്ടി വിളിച്ചപ്പോളാണ് അരവിന്ദൻ കണ്ണുതുറന്നത് . അയാളപ്പോഴും DHP യിലെ കസേരയിൽ ഇരിക്കുകയാണ് . അരവിന്ദ് ചുറ്റും നോക്കി താൻ മാത്രമേ അവിടെയുള്ളു . "ആരുടെ ബോഡിയാണ് "അവിടുത്തെ സെക്യൂരിറ്റി ചോദിച്ചു . "രവി സാർ രവികുമാർ .."അരവിന്ദിന്റെ ശബ്‌ദത്തിൽ നേരിയ വിറയൽ ഉണ്ടായിരുന്നു .. രജിസ്റ്ററിൽ നോക്കിയ ശേഷം അയാൾ അരവിന്ദിന്റെ മുഖത്ത് നോക്കി "ആ ബോഡി റിലീസ് ആയി പോയല്ലോ  .. ബന്ധുവാണോ  " ഒന്നും പറയാതെ അരവിന്ദ് എഴുന്നേറ്റു . അരവിന്ദില്ലാതെ രവിസാറും രവിസാറില്ലാതെ അരവിന്ദും ആശുപത്രിക്കു പുറത്തിറങ്ങി ..

ഫോൺ ബെല്ലടിക്കുന്നു . "ബഷീറിക്കാ ഞാനിറങ്ങി .. ഇപ്പോളങ്ങെത്തും .." ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നുള്ള മറുപടി കേട്ട് അരവിന്ദ് നിന്നു . "ഇവിടെ തന്നെയോ റൂം 516 , ശരി ബഷീറിക്കാ ". അരവിന്ദ് ഫോൺ വെച്ച് തിരികെ ആ രാക്ഷസന്റെ വായിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു . വൈകിട്ട് രണ്ടാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ നിൽക്കുമ്പോൾ പരിചയമുള്ള മുഖങ്ങൾ .. ഡ്യൂട്ടി ഡോക്ടർമാർ മുതൽ എല്ലാവരും പരിചയക്കാർ .. സന്ദർശക സമയത്ത് ഉള്ളിൽ കയറുമ്പോൾ പാർവതി സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു "എടാ നമ്മൾക്കൊന്നും ഒരു മാറ്റവുമില്ലെടാ ഇന്നൊരാളെങ്കിൽ നാളെ മറ്റൊരാൾ . ആ വ്യത്യാസമേയുള്ളൂ ". ബോധമില്ലാതെ കിടക്കുന്ന ജോർജ് വർഗീസിനെ നോക്കി നിർവികാരനായി അരവിന്ദ് പുറത്തിറങ്ങി ..  ലിഫ്റ്റിൽ കയറി അഞ്ച് എന്ന് പറഞ്ഞപ്പോൾ ഓപ്പറേറ്റർ ഒന്ന് നോക്കി ." പുതിയ പേഷ്യന്റാ മറ്റെയാൾ മരിച്ചു " അരവിന്ദ് ഫോണിലേക്കു നോക്കി  ..