Skip to main content
Srishti-2022   >>  Short Story - Malayalam   >>  “മുഖ”പ്രസംഗം

Kiran Poduval KK

H and R Block

“മുഖ”പ്രസംഗം

“മുഖ”പ്രസംഗം

 

തിരിച്ചു വരുമ്പോൾ പലതും മാറിക്കാണും. വഴിയിലെ കാഴ്ചകൾക്ക് പണ്ടത്തേക്കാൾ നിറമുണ്ടാകും ,പലരുടെയും മുഖവും മുടിയും മാറി പ്രായമായികാണും.മാറാത്തത് മാറ്റം മാത്രമാണല്ലോ.

 

എനിക്ക് എന്നെ ഒന്നു കാണണം…! ഈ തിരക്കുപിടിച്ച ബസ് സ്റ്റാൻഡിൽ ഒരു നല്ല കണ്ണാടി തേടി അലയുക കുറച്ച ദുസ്സഹം പിടിച്ച പണിയാണ് എങ്കിലും എൻ്റെ മാറ്റങ്ങൾ എനിക്ക് ഇപ്പോത്തന്നെ ഒന്നു കാണണം എന്ന് തോന്നി.നാട്ടിൽ ചെല്ലുമ്പോ പലരും പറയും

 

"നീ കുറച്ച തടിച്ചിട്ടുണ്ട് "

 

ചിലപ്പോ പറയും

 

"നീ കറുത്ത് മെലിഞ്ഞു പോയി ".

 

ഇതൊക്കെ മുൻപേ അറിയണമെങ്കിൽ ഞാൻ എന്നിൽ നിന്നും എത്രമാത്രം മാറിയിരിക്കുന്നു എന്ന് എനിക്ക് മനസിലാകണമല്ലോ.

 

ഇരുന്നേടത്തുനിന്നും പതുകെ എഴുനേറ്റു നടന്നു .നീണ്ട വലിയ ബസ് പ്ലാറ്റുഫോമുകളിൽ നിരയായി ബസുകൾ ഇട്ടിരിക്കുന്നു,പലരും ദ്രിതിപിടിച്ചു തലങ്ങും വിലങ്ങും തങ്ങളുടെ ബസ് അന്വേഷിച്ചു ഓടുകയാണ്.ചിലർ പലയിടങ്ങളിലായി ഇരിക്കുന്നു.അനൗൺസ്‌മെന്റ് ബഹളവും ആൾക്കാരുടെ സംസാരവും കൊണ്ട് ആകെ മൊത്തം ഒരു ഉത്സാവാന്തരീക്ഷം പോലെ എനിക്ക് തോന്നി.

 

നാട്ടിൽ ഉള്ളപ്പോൾ അങ്ങിനെയായിരുന്നു വൈകിട്ടു ഉത്സവപ്പറമ്പിൽ ചെല്ലുമ്പോൾ ആൾകാർ നിറഞ്ഞൊഴുകുന്നുണ്ടാകും നിരത്തിവെച്ച കളിക്കോപ്പുകളുടെയും ഫാൻസി സാധനങ്ങളുടെയും ഇടയിൽ പുതിയതരം പൊട്ടുകളും ചാന്തുകളും തേടിയെടുക്കുന്ന സുന്ദരിമാരെയും കണ്ടുകൊണ്ട് കൂട്ടരുമൊത്തു അങ്ങിനെ നടക്കും.ഭക്തിഗാനങ്ങളും സംസാരവും അനൗൺസ്‌മെന്റുകളും ഒകെ കൊണ്ട് അവിടെ ആകെമൊത്തം ബഹളമായിരിക്കും.

 

ഇന്നലെകളിലെ തമാശകൾ ഓർത്തും ഇന്നിൻറെ സന്തോഷങ്ങൾ തേടിയും ഞാൻ ഇങ്ങനെ നില്കുമ്പോഴാണ് ദൂരെ ഒരു ഹോട്ടലിന്റെ ബോർഡ് കണ്ടത്.

 

ബാഗും എടുത്ത് ഓടിച്ചെന്നു ഹോട്ടലിന്റെ വാഷ് റൂമിലേക്കു പോയി.വലിയൊരു കണ്ണാടി മഞ്ഞിച്ച തുടങ്ങിയിരിക്കുന്നു പഴകിയ മൂലകളും പൊടിയും അതിന്റെ പഴക്കം തെളിയിക്കുന്നു.

 

ഞാൻ അടിമുടി എന്നെ ഒന്ന് നോക്കി. പണ്ടത്തേക്കാൾ മെലിഞ്ഞിട്ടുണ്ട് മുഖം നന്നേ ചെറുതായതു പോലെ, നിറത്തിനു കാര്യമായ തകരാറുകൾ ഒന്നും തന്നെ ഇല്ല കണ്ണ് ചെറുതായി കുഴിഞ്ഞതുപോലെ, താടിയും മീശയും അല്പം വളർന്നിട്ടുണ്ട്

 

മറ്റു മാറ്റങ്ങൾ എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല

 

ചില മാറ്റങ്ങൾ നല്ലതാണു ഒരു ഇടവേളയ്ക്കു ശേഷം മാറ്റങ്ങളില്ലാതെ അങ്ങിനെ നിൽക്കുക സാധ്യമല്ല ,എങ്കിലും മുടിയും താടിയുമൊക്കെ ഒന്നു വെട്ടിയൊതുക്കാമായിരുന്നു എന്ന് തോന്നി

 

നാട്ടിൽ എത്തിയാൽ ഒട്ടും സമയമില്ല ചെന്നയുടനെ ബന്ധുവീടുകളിൽ ഒകെ കയറി ഇറങ്ങണം പലഹാരപ്പൊതികളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും നൽകി വിശേഷങ്ങൾ പറയണം പിന്നെ ചില സൽക്കാരങ്ങൾ സ്വീകരിച്ചിറങ്ങണം

 

കൂട്ടുകാരുമൊത്തു പലയിടങ്ങളിൽ ചെല്ലണം പണ്ട് നടന്ന തൊടികളിലും ,റോഡുകളിലും ,ഇടവഴികളിലും ഓടി നടക്കണം .

 

എന്നും മാറ്റങ്ങൾക്കു വേണ്ടി വാശിപിടിക്കുന്നവരുടെ ഇടയിൽ ഇങ്ങിനെ ഒക്കെ പ്രദീക്ഷിക്കുന്നത് തെറ്റായിരിക്കും എങ്കിലും ഓർമകളുടെ അഴികൾക്കിടയിലൂടി മാത്രം എൻ്റെ നാടിനെ നോക്കി കാണുന്ന എനിക്ക് ഇപ്പോൾ അങ്ങിനെയൊക്കെ ചിന്തിക്കാം.

 

ചെന്ന് മാറ്റങ്ങളുമായി പൊരുത്തപ്പെടുമ്പോൾ അത് പതിയെ മനസ്സിൽ അലിഞ്ഞുചേരട്ടെ.

 

തിരക്കുപിടിച്ച ആ ഹോട്ടലിൽ അല്പമെങ്കിലും വൃത്തി തോന്നിയ ഒരു മേശക്കു പിന്നിലായി ബാഗും സഞ്ചിയും വച്ച് ഞാൻ ഇരുന്നു ഒരു ചായ പറഞ്ഞു

 

മേശക്കു മുകളിൽ വേസ്റ്റ് ഇടാൻ വച്ച തിളങ്ങുന്ന പാത്രത്തിൽ ഞാൻ ഒന്നൂടെ എന്നെ ഒന്നു നോക്കി.

 

എന്തക്കയോ മാറ്റങ്ങൾ ഉണ്ട് പതുകെ ആ പാത്രം കയ്യിൽ എടുത്തു ,തിരിച്ചും മറിച്ചും നോക്കി പണ്ട് എപ്പോഴേലും എടുത്ത ഫോട്ടോ കയ്യിൽ ഉണ്ടേൽ ഒന്നു ഒത്തു നോക്കാമായിരുന്നു എങ്കിൽ മാറ്റങ്ങൾ പെട്ടന്ന് തന്നെ മനസിലായേനെ

 

പേഴ്സ് ഒന്നു തിരഞ്ഞു S S L C കാലത്തു എടുത്ത ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോ സൂക്ഷിച്ചുവച്ചിരുന്നു ഇല്ല ജീവിതത്തിന്റെ ഒഴുക്കിൽ പെട്ട് അത് എന്നോ പോയിരുന്നു

 

വലിയ ശബ്ദത്തോടെ ചായ കൊണ്ടുവച്ചു,ആവിപറക്കുന്ന ചായ ഊതി ഊതി കുടിക്കുമ്പോഴും ഗ്ലാസിൽ തെളിയുന്ന എൻ്റെ ചെറിയ പ്രതിബിംബത്തിലായിരുന്നു എൻ്റെ ശ്രദ്ധ മുഴുവനും.

 

പുറത്തിറങ്ങി

 

പറന്നുയരുന്ന പൊടികൾക്കിടയിലൂടി ചുവന്ന അക്ഷരങ്ങളിൽ തെളിഞ്ഞ ബോർഡ് ഞാൻ വായിച്ചു

 

"കണ്ണൂർ"

 

ഇരുട്ടിൽ വഴിയറിയാതെ നടക്കുന്നവന് പെട്ടന്ന് ഒരു പ്രകാശത്തിൻറെ തെളിച്ചം പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്

 

എൻ്റെ യാത്രകൾ അവസാനിക്കുകയാണ്

 

കറുത്ത രാത്രിക്കുമേൽ വെള്ളിവെളിച്ചത്തിൽ ശോഭ

 

തിരക്ക് കുറഞ്ഞ ആ ബസിലേക് ഞാൻ കയറി ,ജനലിന്റെ അരികിലായി ഉള്ള സീറ്റിൽ തന്നെ ഇരുന്നു.

 

ബസ് യാത്രകൾ എനിക്ക് എന്നും നനുത്ത സുഖമുള്ള ഓർമകളാണ്.ഒറ്റയ്ക്കാണെങ്കിൽ ഓർമകൾക്കുമേൽ നിശബ്ദതയുടെ വർണകാഴ്ചകളും.കുറെ ആൾകാർ പല മുഖങ്ങൾ പല ചിന്തകൾ

 

മാറ്റങ്ങളിൽ നിന്നും മാറ്റങ്ങളിലേക്കുള്ള അവരുടെ യാത്രക്കിടയിൽ കണ്ടു മറക്കുന്ന ചില നിമിഷങ്ങൾ ചിലപ്പോ മനസ്സിൽ നിന്നും മറയാതെ കിടക്കുന്ന അനുഭവങ്ങൾ

 

ബസിന്റെ കണ്ണാടിയിൽ എനിക്ക് എന്നെ നന്നായി കാണാം.

 

പൊടികൊണ്ട് മുടിയാകെ ചെമ്പിച്ചിരിക്കുന്നു.പാറിയ മുടികൾക്കിടയിൽ ചില നരകൾ പ്രായത്തെകുറിച്ചുള്ള വ്യാകുലതകൾ പറഞ്ഞു.എനിക്ക് നല്ല മാറ്റം ഉണ്ട് .മുഖത്തു ചുളിവുകൾ വീണിരിക്കുന്നു, കണ്ണിനു പണ്ടത്തെ തിളക്കമില്ല ഇനി എന്നെ ആർക്കും മനസിലാകാതെ വരുമോ ?

 

ആകെയുണ്ടായിരുന്ന മുത്തശ്ശിയുടെ മരണത്തോടെ നാടുവിട്ടതാണ്,ഏഴു വർഷകാലം പല നാടുകളിൽ പല ഭാഷകളിൽ ജീവിച്ചു. ഞാൻ തന്നെ നിർമിച്ച വലിയ മതില്കെട്ടിനകത്തു എന്നെ അറിയാവുന്നവരുടെ കണ്ണുകളിൽ നിന്നും ഞാൻ ഒളിച്ചിരുന്ന്.അതെന്തിനാണ് എന്ന് എനിക്ക് അറിയില്ല ഉള്ളിൽ ഭയമായിരുന്നു ആരെയൊക്കെയോ.

 

ഇപ്പൊ ഒരു കാരണവും കൂടാതെ താനെ തിരിച്ചു പോകുകയാണ്.

 

വഴി എനിക്ക് അപരിചതമാണ് പുതിയ കെട്ടിടങ്ങൾ,

 

മരങ്ങളും തണലുകളും ഫ്ളക്സ് ബോർഡുകൾ കയ്യടക്കിയിരിക്കുന്നു .പുതിയ ഓരോ കാഴ്ചകളും കണ്ടു ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ അങ്ങിനെ ഇരുന്നു .എപ്പോഴോ എൻ്റെ കണ്ണുകൾ കനത്തു, പുതിയ കാഴ്ചകൾക്കും എൻ്റെ ക്ഷീണത്തെ തടുക്കാൻ കഴിഞ്ഞില്ല.

 

ആരോ മുട്ടി വിളിച്ചു

 

"കണ്ണൂരെത്തി"

 

ബാഗും എടുത്തു ചാടി ഇറങ്ങി എവിടെക്കെയോ ഞാൻ കണ്ടുമറന്ന ചിഹ്നങ്ങൾ

 

പിന്നെ ഒരു ധൃതി ആയിരുന്നു പെട്ടന്ന് വീട്ടിൽ എത്താനുള്ള വെപ്രാളം.ഓട്ടോയിൽ കയറി നേരെ താഴെ ചൊവ്വയിൽ ഇറങ്ങി .പല വഴികൾ പുതീയ വീടുകൾ. അറിയാവുന്ന വഴികൾ തേടിപ്പിടിച്ചു ഒടുവിൽ കവലയിൽ എത്തി.

 

എൻ്റെ ഓർമയിൽ ഉള്ള കുറെ മുഖങ്ങൾ പലതും മാറിയിട്ടുണ്ട് എങ്കിലും രൂപങ്ങൾക്കോ അവയുടെ ചലനങ്ങൾക്കോ കാര്യമായ വ്യത്യാസം ഇല്ല .പക്ഷെ എന്നെ ആരും തിരിച്ചറിയുന്നില്ല വഴിയിൽ കണ്ടവരൊക്കെ എന്നെ അദ്ബുദത്തോടെയോ പേടിയോടെയോ നോക്കുന്നുണ്ടായിരുന്നു.

 

ഞാൻ കടയിൽ കയറി,

 

എന്നെ മനസിലായപ്പോൾ ഭാസ്കരേട്ടൻ തരിച്ചുനിന്നു

 

" ഞാൻ തന്നെ ഭാസ്കരേട്ട.... പുതീട്ടിലെ നാടുവിട്ടുപോയ..."

 

മുഴുമിപ്പിക്കാൻ വിട്ടില്ല എന്നോട് പുറത്തുകടക്കാൻ ആക്രോശിച്ചു ,ആളുകൾ ഓടിക്കൂടി എന്നെ എല്ലാവരും പേടിയോടെ നോക്കുന്നു.

 

എൻ്റെ മുഖത്തു എന്തോ പറ്റിയിട്ടുണ്ട് .ഞാൻ ചുറ്റും നോക്കി എങ്ങും ഒരു കണ്ണാടിയില്ല എൻ്റെ മുഖം എന്തിനാണ് എല്ലാവരെയും ഭയപെടുത്തുന്നത്.

 

പിന്നെ അവിടെ നിന്നില്ല പെട്ടന്ന് വീട്ടിലേക് നടന്നു

 

ആകെ കാടുകയറിയിരിക്കുന്നു , വാതിലും പലകകളും ദ്രവിച്ചുപോയിരിക്കുന്നു ,ഞാൻ അകത്തുകടന്നു കണ്ണാടി നോക്കി എൻ്റെ മുഖം എന്നെ വല്ലാതെ അസ്വസ്ഥനാക്കി ,കണ്ണുകൾ ചുവന്നിരിക്കുന്നു ,താടിരോമങ്ങൾ പോലും പേടിപെടുത്തുന്നു .ഞാൻ ഒരുപാട് മാറിയിരിക്കുന്നു.

 

മുറ്റത്തു ബഹളം കേട്ട് ഞാൻ പുറത്തിറങ്ങി നാട്ടുകാർ മുഴുവനും എത്തിയിട്ടുണ്ട് കൂടെ കുറെ പോലീസ്‌കാരും. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ കയ്യ് വിലങ്ങു ഇട്ടു എന്നെ അവർ അറസ്റ്റ് ചെയ്തു .

 

പോലീസ് ജീപ്പിൽ കയറ്റുമ്പോളും ഞാൻ ഒന്നും മനസിലാകാതെ അവരോടു കേഴുന്നുണ്ടാർന്നു .എന്നെ ഒന്നു സംസാരിക്കാൻ പോലും അവർ സമ്മതിച്ചില്ല .

 

പോലീസ് അകമ്പടികളോടെ ഞാൻ യാത്രയാകുമ്പോഴും ഞാൻ ചെയ്ത കുറ്റം എന്താണെന്നു എനിക്ക് മനസിലായില്ല പതുകെ നീങ്ങിയ ജീപ്പിൽ നിന്നും പുറത്തേക് നോക്കി കവലകളിലെ ചില പോസ്റ്ററുകളിൽ ഞാനുമായി സാദൃശ്യമുള്ള ഒരു മുഖം .തലക്കെട്ടു കണ്ടു ഞാൻ ഞെട്ടി

 

ഇവരെ സൂക്ഷിക്കുക

 

മാവോയിസ്റ് ബന്ധം കണക്കാക്കപ്പെടുന്ന ഇവരെ പിടിച്ചു നൽകുകയോ ഇവരെ കുറിച്ചുള്ള തെളിവുകൾ നൽകുകയോ ചെയ്യുന്നവർക്കു സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു.

 

നാടിൻറെ മാറ്റങ്ങൾ എനിക്കിപ്പോ അറിയാം.

 

മാറ്റങ്ങൾ മറച്ച എൻ്റെ മുഖത്തിന് ഇനി പുതിയ പേര് ,പുതിയ വിലാസം .

 

ജീപ്പിന്റെ കണ്ണാടിയിൽ എൻ്റെ മുഖത്തിനുമേൽ നിഴൽ വീണിരിക്കുന്നു .അത് ഇരുട്ടിലേക്ക് കുതിച്ചു പാഞ്ഞു.....