Skip to main content
Srishti-2022   >>  Poem - Malayalam   >>  ചിരിയുടെ പരിണാമം

Sree Lakshmi Ravisankar

Seaview Support Systems

ചിരിയുടെ പരിണാമം

ആത്മാവറ്റ ചിരികൾക്കു
നടുവിൽ പെട്ടൊരുനാൾ
ഞാൻ ചിരിയെ പഠിക്കാനിറങ്ങി .
മുൻ പിൻ നോക്കാതെ
പൊട്ടിചിരിച്ചിരുന്നവളിൽ നിന്നും
ചിരിക്കാൻ മറന്നവളിലേക്കുള്ള
ദൂരം വളരെ ചെറുതായിരുന്നെന്ന-
തിരിച്ചറിവിലാകണമത്..
മായം കലരാതെ
ഞാൻ കണ്ട ചിരികൾ ചുരുക്കം
വഴിവാണിഭക്കാരിലെ
വർണ്ണാഭരണം പോലെ
വേടിച്ചണിയുന്ന ചിരികൾ
ഇല്ലാ... ജീവനുള്ള
ചിരികളേയില്ല
ജീവിതപ്രാരബ്ധം
തീണ്ടാത്ത ബാല്യത്തിൽ
ചിരിയുണ്ടാവുമെന്ന്
മനസുപറഞ്ഞു
പകുതി ശരിയായിരുന്നു.
തിരിച്ചറിവുറയ്ക്കും മുന്നേയുള്ളയെൻ
പൈതലിന്റെ ചിരിയെ മനസ്സിലാവാഹിച്ചു
അവളുടെ ഇന്നുകളിലേക്കു
നോക്കിയപ്പോൾ അതും പോയി.
ചിത്രകഥകളിലുറക്കെ ചിരിച്ച
നമ്മുടെ ബാല്യത്തിൽ നിന്നും
പബ്‌ജി പടയോട്ടങ്ങളിലേക്കു
ചേക്കേറിയപ്പോൾ
എന്റെ കുഞ്ഞുബാലികയും
ചിരിക്കാൻ മറന്നു
മനസ്സുനിറഞ്ഞു ചിരിക്കേണ്ട
മംഗള മുഹൂർത്തങ്ങളെല്ലാം
ഫോട്ടോഷൂട്ടായപ്പോൾ
ക്യാമറക്കാരന്റെ യുക്തിക്കൊത്തു
ചിരിക്കുന്നവരായെല്ലാരും
കാര്യ സാധ്യതയ്ക്കായേറെ
ചിരികൾ മാറി .
ചിരിക്കു പിന്നിൽ ചതിവുകളും
ചിരിക്കുള്ളിൽ പരിഹാസങ്ങളും
ചിരിയോടൊപ്പം ഒളിയേറുകളുമായ്
ചിരിക്കഥയങ്ങുജ്ജ്വലമായി .
നീണ്ടു നിവർന്ന
തിരക്കുകൾ
ജീവിതഭാരങ്ങൾ
താരതമ്യങ്ങൾ
നെടുവീർപ്പുകൾ
ഭയങ്ങൾ
വിദ്വേഷങ്ങളൊക്കെയും
ചിരിയെ മാറ്റിയെത്രേ
പണ്ട് പഠിച്ച പരിണാമ സിദ്ധാന്തം
ഞാനോർത്തു
അതുപോലെ കാലം കഴിയുംതോറും
ചിരിയിൽ പരിണാമം വന്നതാവണം...
എങ്കിലും
മനസ്സുനിറഞ്ഞു എനിക്കൊന്നു
ചിരിക്കാനായെങ്കിൽ...

 

Srishti-2022   >>  Poem - Malayalam   >>  ആശയ ദാരിദ്ര്യം

Sree Lakshmi. S

Seaview Support Systems

ആശയ ദാരിദ്ര്യം

സത്യം,

ആശയദാരിദ്ര്യം ഒരു പ്രശ്നം തന്നെ!

എനിക്കു കവിഭാവനയില്ലെന്നു-

പറഞ്ഞ മനുഷ്യന്

ഭാവനയേയില്ലെന്ന് പ്രഖ്യാപിച്ചു -

എഴുതാനിരുന്നപ്പോഴാണ്

ആശയദാരിദ്ര്യം വില്ലനായത്

എന്തുചെയ്യാൻ

എഴുതാതെ വയ്യ

എന്നാലൊട്ടെഴുതാനൊന്നുമില്ല

വിഷയമെന്ത്?

കയ്യേറിയ കാടുപോലെ

ആശയങ്ങളും കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നു .

ഇങ്ങനെപോയാൽ

മിക്കവാറും

'ആശയ ദാരിദ്ര്യ'മെന്ന വിഷയത്തിലൂടെ

ചാനൽ ചർച്ചകളവസാനിക്കും.

വന്ന് വന്ന്

കുടിവെള്ള ക്ഷാമത്തെക്കാൾ

രൂക്ഷമത്രേ  ആശയക്ഷാമം.

ഒന്നിനു മറ്റൊന്നിനെ

പഴിചാരി ശീലിച്ചോരെല്ലാം

ആശയക്ഷാമത്തിനാരെ

പഴിചാരും

നിർവ്വാഹമില്ലെങ്കിൽ

ഭാഷയെത്തന്നെ പഴിപറയാമെന്നു

സോഷ്യൽ മീഡിയ ബുദ്ധിജീവികൾ 

മുൻപൊക്കെ

എഴുത്തുകാരെ മാത്രം

ബാധിച്ചിരുന്ന ഒന്നായിരുന്നെത്രേയിത്

പക്ഷേ,

മാറിയകാലം

ആശയദാരിദ്ര്യത്തിനു

ഒരു സാമൂഹിക പ്രശ്ന പരിവേഷം

നല്കുമ്പോൾ

തുടർന്നുവരുന്ന കുറേനാളുകൾ

ഇതിൽ പിടിച്ചങ്ങ്

കടന്നു പോകുമായിരിക്കും.

Srishti-2022   >>  Short Story - Malayalam   >>  മരണക്കുറിപ്പ്

Sreeleskhmi S.

Seaview Support Systems

മരണക്കുറിപ്പ്

നഷ്ടങ്ങളുടേയും നൈരാശ്യത്തിന്റേയും നീണ്ട കഥയെഴുതി ആവർത്തന വിരസതയുണ്ടാക്കാത്ത ഒരു മരണക്കുറിപ്പായിരിക്കണമിതെന്നു എനിക്കു നിർബന്ധമുണ്ടായിരുന്നു . ആയതിനാൽ ചുരുക്കം ചിലകാര്യങ്ങൾ ചുവടെ കുറിക്കുന്നു .

 

               എന്റെ  മരണത്തിന് ഭൂമിയിലുണ്ടായിരുന്നതോ ഉള്ളതോ ഇനി ഉണ്ടാകാനിടയുള്ളതോ ആയ ഒന്നും കാരണമല്ലെന്നും മരണാനന്തരം എന്റെ  ശരീരത്തിന് അഗ്നിയാൽ മോക്ഷം നൽകണമെന്നും 

( മനസ്സിനെ ദഹിപ്പിച്ചു മോക്ഷം നൽകിയപോലെ ശരീരത്തിനും മുക്തി കിട്ടട്ടെ )...

 ചിതയിൽ എന്റെ  തലയിണ കൂടി വയ്ക്കുക ( എന്റെ കണ്ണുനീരിന്റെ ഉപ്പും ദൈന്യതയുടെ നിശ്വാസവും അപൂർവ്വമായി സന്തോഷത്തിന്റെ മധുരവുമേറ്റുവാങ്ങി എന്നെ നിശബ്ദം താങ്ങി നിർത്തിയതാണവൾ .

ഒരുപക്ഷേ  എന്റെ ചിന്തകളേയും സ്വപ്നങ്ങളേയും എന്നെക്കാളറിഞ്ഞവൾ ...അവൾക്കുമാത്രമേ ഒപ്പം വരാനാശയും  അധികാരവുമുള്ളു .ആയതിനാൽ ഒരു  'സതി ' കൂടി നടന്നോട്ടെ .)

 

             ബാധ്യത കണക്കുകൂടി  പറഞ്ഞു നിർത്താം .

വീട്ടാനുള്ളവ :

                         1 . പുസ്തകങ്ങൾ ( 2 ) - രാമകൃഷ്ണ മെമ്മോറിയൽ ഗ്രന്ഥശാല  .

 ( അലമാരയുടെ മുകൾ തട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ട് . ഇന്നലത്തെ മഴയാണ് കടക്കാരനാക്കിയത് . കടം ഇതിന്റെ വായനക്കാരൻ 

വീട്ടുമെന്ന് പ്രതീഷിക്കുന്നു .)

                          2  . കടപ്പാട് ( ഒരുപാട് ) - ജീവിതം ദാനം നല്കിയവർക്ക് മരണനിമിഷംവരേയും നന്ദിയോടെ സ്മരിക്കും .)

 

കിട്ടേണ്ടവ :

 

                    സ്നേഹം  - അളന്നു വീതിക്കാൻ ശീലിക്കാത്തതിനാൽ എല്ലാം പകുത്തു നല്കി . ഇനി തിരിച്ചു വേണ്ട .ദാനമായി  കരുതാം .

 

 

                                                                                                 

                                                                                 എന്ന് ,

                                                                                                                                                                                                                                                  ഞാൻ .

                                                                                                                                                                                                                                                  (ഒപ്പ് )

 

                                                                                                                                                     

 

സ്വപ്നങ്ങളെ ബലിനല്കിയപോലെ ആത്മാവിനേയും ബലിനല്കാൻ ഒരു പിടി ഗുളികയും വിഴുങ്ങി  നീണ്ട തലയിണയിലേക്ക് അവൻ മുഖം ചായ്ച്ചു

Subscribe to Seaview Support Systems