Skip to main content
Srishti-2022   >>  Short Story - Malayalam   >>  പൈതൃകം

Indu V K

IBS Software

പൈതൃകം

പച്ച വിരിച്ച പാടത്തിൻ്റെ വരമ്പത്തൂടെ മുണ്ട് മടക്കി കുത്തി കാലൻ കുടയുടെ മറവിൽ രാഘവേട്ടൻ ധൃതിയിൽ നടക്കുന്നുണ്ട്..

" രാഘവേട്ടാ.. എങ്ങോട്ടാ ഇത്ര ധൃതിയില് ? കൈയ്യിലെന്താ?"
പാടത്ത് പണിയെടുത്തു നിന്ന വേലായുധൻ ചോദിച്ചു.

"ചന്തയിൽ നിന്നാ, കുറച്ച് നല്ല മത്തി കിട്ടിയിട്ടുണ്ട്. "

"ആ നടക്കട്ടെ."

കോലായിൽ വച്ചിരുന്ന കിണ്ടിയിൽ നിന്ന് കാലു കഴുകി കുട മുകളിൽ ഓടിൻ്റെ പട്ടിയലിൽ തിരുകി രാഘവേട്ടനുറക്കെ നീട്ടി വിളിച്ചു.

"എടീ പെണ്ണേ, ഒന്നിങ്ങു വന്നേ... "

"എന്തേ?" സാരിത്തലപ്പു കൊണ്ട് മുഖം തുടച്ചു കൊണ്ട് സുധാമ്മ എത്തി.

" സുധാമ്മേ, നല്ല മത്തി കിട്ടിയിട്ടുണ്ട്. ഇങ്ങു കേറുമ്പോ പറമ്പിൽ നിന്ന് ഒരു മൂട് കപ്പയും പിഴുതു.  തേങ്ങ അരച്ച മത്തിക്കറിയും കപ്പ പുഴുക്കും കഴിക്കാൻ ഒരു പൂതി തോന്നി പെണ്ണേ.. "

"ആ അതിനെന്താ ഉണ്ടാക്കാലോ." കൈയ്യിലെ സംഭാരം രാഘവേട്ടന് നൽകി മീനും കപ്പയുമായി സുധാമ്മ അടുക്കളയിലോട്ട് കേറി.

പുറത്ത് കളിച്ചു കൊണ്ടിരിക്കുന്ന പേരക്കുട്ടി അപ്പൂട്ടനെ അപ്പോഴാണ് രാഘവേട്ടൻ ശ്രദ്ധിച്ചത്.

"എന്താടാ നിൻ്റെ കയ്യില് ?"

" അടമാങ്ങയാണ് അപ്പൂപ്പാ. പത്തായപുരയില് അമ്മൂമ്മ പുളിയെടുക്കാൻ കേറിയപ്പൊ പുറകിലൂടെ കേറി ഭരണിയിൽ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്ത് ഒറ്റ ഓട്ടം. ഭാഗ്യത്തിന് തല്ല് കിട്ടിയില്ല. അപ്പൂപ്പന് വേണോ.. "

" ഹ ഹ അപ്പൂപ്പന് വേണ്ട. പക്ഷെ അപ്പൂപ്പന് മക്കള് വെറ്റില ഇടികല്ലേൽ ഇടിച്ചു തരാമോ?"

"ഓക്കെ അപ്പൂപ്പാ" ഒറ്റയോട്ടത്തിന് വെറ്റില ചെല്ലം റെഡി. വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് പാക്ക് തിരുകി ഇടികല്ലിൽ ചതച്ച ആ ചുവന്ന മിശ്രിതം പുകയിലയോടൊപ്പം കൈമാറി അപ്പൂപ്പനെ അവൻ അഭിമാനത്തോടെ നോക്കി നിന്നു.

"അസ്സലായി മക്കളെ. ഇനി മോൻ പോയി കളിച്ചോ."

ആ വലിയ പറമ്പിൻ്റെ ഒരറ്റത്ത് നിന്ന് അവൻ കളിക്കുന്നത് കാണാൻ തന്നെ നല്ല ശേല്. പല നിറത്തിലുള്ള പൂക്കളുടെ ഇടയിൽ ഒരു കുഞ്ഞു പൂവായ് അവനും.
അടുക്കളയിൽ നിന്ന് മത്തിക്കറിയുടെ മണം വന്നപ്പോൾ രാഘവേട്ടനങ്ങോട്ടൊന്ന് എത്തി നോക്കാൻ തോന്നി. അടുക്കളയോട് ചേർന്നുള്ള കിണറിൽ നിന്ന് മരുമകൾ  വെള്ളം കോരുകയാണ്. തെന്നിതെന്നി വെള്ളത്തുള്ളികൾ ഇറ്റിച്ച് കൊണ്ട് ഒരു ഞെരക്കത്തോടെ തൊട്ടി മുകളിലേയ്ക്ക് കേറി വന്നു.
"മോളേ, ഇത്തിരി വെള്ളം ഇങ്ങോട്ടൊഴിച്ചേ."

" അകത്ത് അനത്തിയ വെള്ളമുണ്ട് അച്ഛാ.. "

" വേണ്ടിതു മതി"
കൈക്കുമ്പിളിൽ നിറഞ്ഞൊഴുകുന്ന ആ ജലം മൊത്തി കുടിക്കുമ്പോൾ രാഘവേട്ടന് നല്ല മധുരം തോന്നി.

ആ ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന്‌ അടുക്കളയിൽ അടുപ്പിനടുത്തെത്തുമ്പോൾ അടുപ്പിലിരുന്ന് മത്തിക്കറി തിളച്ചു മറിയുകയാണ്.
" ഉപ്പും പുളിയും പാകാണോന്ന് നോക്കിയേ.." ഒരു തവിയിൽ മീൻ കറിയെടുത്ത് ചൂടാറ്റി സുധാമ്മ രാഘവേട്ടന് നൽകി.

"ആഹാ, എല്ലാം സമാസമം.. "
പുകയടുപ്പിൻ്റെ കരി സുധാമ്മയുടെ മുഖത്ത് നിന്ന് തുടച്ചെടുത്ത് കൊണ്ട് രാഘവേട്ടൻ പറഞ്ഞു.

"രാഘവേട്ടാ, എത്ര ശ്രമിച്ചാലും നിങ്ങടെ ഉള്ളിലെ പിടപ്പ് എനിക്കറിയാൻ പറ്റും.
കഴിഞ്ഞ ദിവസം അവൻ അത് പറഞ്ഞതു മുതലാന്നും അറിയാം. നമ്മുടെ മോനല്ലേ, പറഞ്ഞാൽ അവന് മനസ്സിലാവില്ലേ? നിങ്ങളിങ്ങനെ തീ വിഴുങ്ങിയ പോലെ നടക്കാതെ.. " ഉള്ളിലെ തേങ്ങൽ പുറത്ത് കേൾക്കാതെ അവൾ പറഞ്ഞു.

"പോടി പെണ്ണേ.. " കലങ്ങി തുടങ്ങിയ കണ്ണുകൾ അവളുടെ നോട്ടത്തിൽ നിന്നടർത്തി രാഘവേട്ടൻ അടുക്കളയിൽ നിന്നിറങ്ങി ഊണുമുറിയുടെ നേരെ നടന്നു. അമ്മയുടെ പ്രസവവേദനയുടെ സാക്ഷിയായ  പേറ്റു മുറിയുടെ മുമ്പിലൂടെ  കടന്ന് പോയപ്പോൾ അവിടെയിരിക്കുന്ന ചെറിയ ഗോവണിയുടെ മുകളിൽ കയറി തൻ്റെ അമ്മ മച്ചിലെന്തോ തിരയും പോലെ തോന്നി രാഘവേട്ടന്.  ഊണുമേശയുടെ ഒരു വശത്ത് ആ പേപ്പറുകൾ ഇരിപ്പുണ്ട്. മകളുടെ കല്യാണത്തിനായി വാങ്ങിയ കടത്തിന് പരിഹാരമായി ജനിച്ചു വളർന്ന വീടും പറമ്പും നൽകാനുള്ള സമ്മതപത്രം. പഴമയ്ക്കിന്ന് മോഹവിലയാണത്രെ റിസോർട്ടുകാർ പറഞ്ഞത്. അല്ല അവനിൽ തെറ്റൊന്നുമില്ല, എൻ്റെ കുട്ടിക്കും ആഗ്രഹമുണ്ടാവില്ലേ കടമെല്ലാം തീർത്ത് ഈ പട്ടിക്കാട്ടിൽ നിന്ന് രക്ഷപ്പെടാൻ.
അയാളോരോന്നോർത്തു കൊണ്ട് കോലായിലെ ചാരുകസേരയിൽ നിവർന്നു കിടന്നു. അപ്പൂട്ടൻ പറമ്പിലെ മാവിന് കല്ലെറിയുകയാണ്. ഒരു കുല മാങ്ങ വന്ന് പതിച്ചത് അയാളുടെ ഓർമ്മകളിലായിരുന്നു. വിളഞ്ഞ മാങ്ങ പത്തായപുരയിൽ നെല്ലിൽ പുഴ്ത്തി വച്ച് പഴുപ്പിക്കുന്നതും, അത് തങ്ങൾ സഹോദരങ്ങൾ പങ്കിട്ടെടുക്കുന്നതും, ചന്തയിൽ പോയി ചില്ലറ പൈസയ്ക്ക് ഓരോന്ന് വില പേശി വിൽക്കുന്നതുമെല്ലാം വെറുതെയോർത്ത് അയാൾ ചിരിച്ചു.

"ആശയോടെ മേടിച്ചു വച്ചിട്ട്, ഒന്നും കഴിച്ചില്ലല്ലോ.. " ഊണു വിളമ്പി കൊണ്ട് മേശയരിക്കിൽ നിന്ന് സുധാമ്മ കെറുവിച്ചു.
" ഇറങ്ങുന്നില്ലെടീ.. ഈ ഉരുള നീ കഴിയ്ക്ക്.. " സ്നേഹം കൂട്ടി കുഴിച്ച് രാഘവേട്ടൻ കൊടുത്തത് സുധാമ്മയ്ക്ക് തിരസ്കരിക്കാനായില്ല.
" അപ്പൂപ്പാ, എനിക്കും.." അപ്പൂട്ടനും കിട്ടി ഒരുരുള.

വീണ്ടും സമയമതിൻ്റെ വഴിയ്ക്ക് ആരേയും കാത്തു നിൽക്കാതെ പൊയ്ക്കൊണ്ടേയിരുന്നു. ഒരിക്കലും തമ്മിൽ കാണാൻ കഴിയാത്ത രാവിനും പകലിനുമിടയിൽ സന്ധ്യ വന്നു നിന്നു. കിണറിൻ്റെ തലയ്ക്കൽ ഭംഗി തൂകി നിൽക്കുന്ന ചെമ്പരത്തിപ്പൂക്കൾ വിളക്കിൻ്റെ തട്ടത്തിനു ചുറ്റും അത്തം തീർത്തിരുന്നു. പൂമുഖത്തെ ഉടമ്പറയുടെ മുകളിൽ നിന്ന് തൂങ്ങി കിടക്കുന്ന ഭസ്മച്ചട്ടിയിൽ നിന്ന് കുറി തൊട്ട്, കത്തുന്ന നിലവിളക്കിൻ്റെ ചുറ്റിലും അമ്മൂമ്മയും അപ്പൂട്ടനും പതിവു സന്ധ്യക്കാഴ്ച തീർത്തു.

അധികം വൈകാതെ അഖിലെത്തി. കുറച്ചു ദിവസങ്ങളായി, ചാരുകസേരയിൽ ചിന്താമഗ്നനായിരിക്കുന്ന അച്ഛനാണ് ഓഫീസു വിട്ടു വരുമ്പൊ സ്ഥിരം കാഴ്ച.
വന്നപാടെ അവനച്ഛൻ്റെ അരികിലിരുന്നു.
"അച്ഛാ, ഇത്തിരി വിഷമത്തിലായപ്പൊ അതാലോചിച്ചാലോ എന്ന് പറഞ്ഞൂന്നേയുള്ളൂ. കടലാസ്സുകൾ ശരിയാക്കി കൊണ്ടു വരാൻ അച്ഛനല്ലേ പറഞ്ഞത്. ഇത്ര വിഷമമാണേൽ വേണ്ടച്ഛാ.. നമുക്ക് വേറെ വല്ല മാർഗ്ഗവും നോക്കാം."

"ഏയ്, ഒന്നൂല മോനേ. ഇത്തിരി വിഷമമൊക്കെ ഉണ്ട്. പക്ഷെ എൻ്റെ മോനല്ലല്ലോ കുടുംബ മഹിമ കാണിക്കാൻ നിൻ്റെ അനിയത്തീടെ കല്യാണത്തിന് വേണ്ടി  അച്ഛനുണ്ടാക്കി വച്ചതല്ലേ ഈ കടമൊക്കെ.. മോൻ പോയി വല്ലതും കഴിയ്ക്ക്."

"രാഘവേട്ടാ.. കഞ്ഞിയെടുത്തു വച്ചിട്ടുണ്ട്.. അത്താഴ പഷ്ണി കിടക്കണ്ട. ഉച്ചയ്ക്കേ മര്യാദയ്ക്കൊന്നും കഴിച്ചിട്ടില്ല. " സുധാമ്മ വന്നു വിളിച്ചപ്പോ മറുത്തൊന്നും പറയാതെ കഴിച്ചു കഴിച്ചില്ല വച്ച് രാഘവേട്ടൻ മുൻവശത്തെ തിണ്ണയിൽ വന്നു  കിടന്നു.

" രാഘവേട്ടാ, തറയിൽ കിടന്ന് ഒന്നും വരുത്തണ്ട,  വന്നേ "

"ഞാൻ വന്നോളാം.. ഇതു പോലെ ഈ തറയുടെ തണുപ്പ് പറ്റി ഇനി എത്രനാൾ കിടക്കാൻ പറ്റുമെന്നറിയില്ലല്ലോ.. " കണ്ഠമിടറി ഇതു പറഞ്ഞൊപ്പിക്കുമ്പോൾ അനുവാദത്തിന് കാത്തു നിൽക്കാതെ രണ്ടു തുള്ളി അയാളുടെ കണ്ണുകളിൽ നിന്നുതിർന്നു വീണു. സുധാമ്മ കാണാതെ അയാളതു തൂത്തു മാറ്റി.
വേദനിച്ചെങ്കിലും അയാൾക്കാ സമയം അനുവദിച്ച് സുധാമ്മ അകത്തെ മുറിയിലേയ്ക്ക് പോയി.

രാത്രിയുടെ നിലാവിൽ അയാൾ മുറ്റത്തിറങ്ങി. നിറയെ നക്ഷത്രങ്ങളുള്ള ആകാശത്തിൻ്റെ കീഴിൽ തലയെടുപ്പോടു കൂടി നിൽക്കുന്ന തൻ്റെ വീടിൻ്റെ ചിത്രം കണ്ണിൽ അയാൾ വരച്ചിട്ടു. രാത്രിയോടി വന്ന കാറ്റ് കുളിരിനോടൊപ്പം ആ വീടിൻ്റെ സുഗന്ധവും  പകർന്നതായി അയാൾക്കു അനുഭവപ്പെട്ടു.
നിദ്രാദേവി അയാളോട് ഒട്ടും തന്നെ കനിഞ്ഞില്ല. പൂമുഖത്തെ ചുമരിൽ തൂക്കിയിട്ടിരുന്ന മാല ചാർത്തിയ അച്ഛനമ്മമാരുടെ എണ്ണഛായ ചിത്രം വീണ്ടുമാ ഗതകാല സ്മരണകൾ അയാളിലുണർത്തി. പണിക്കാരുടെ പ്രശ്നങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്ന അച്ഛനും, കാർത്ത്യായനി ചേട്ടത്തിയും അമ്മയും ചായ്പ്പിലിരുന്ന് അരിയുമുഴുന്നും  അരയ്ക്കുന്നതും, കിണറ്റിലെ വെള്ളം ചൂടാക്കുന്ന പുറത്തെ  കുളിമുറിയിലെ വലിയ കരിപുരണ്ട കലത്തിനടിയിലെ ചാരത്തിൻ്റെ ഗന്ധവുമെല്ലാം രാഘവേട്ടൻ്റെ മുന്നിലൂടെ കടന്നു പോയി. പണ്ടു ആ വീട്ടിലിരുന്നു പറഞ്ഞ പല സംഭാഷണങ്ങളും അയാൾ പിറുപിറുത്തു കൊണ്ടിരുന്നു.

" അച്ഛൻ ഇവിടെ തന്നെ കിടന്നുറങ്ങിയോ?" രാവിലെ അഖിൽ ഉറക്കമെഴുന്നേറ്റു വന്ന്, അച്ഛൻ്റെയടുത്ത്‌ ചുമരിൽ ചാരിയിരിക്കുന്ന അമ്മയോടായി ചോദിച്ചു.

" ഉം. അച്ഛനുറങ്ങി മോനേ, ഇവിടെ തന്നെ കിടന്നുറങ്ങി... " അതു വരെ പിടിച്ചു വച്ച ഏങ്ങൽ പുറത്തു വിട്ടു കൊണ്ട് സുധാമ്മ വാവിട്ടു കരയാൻ തുടങ്ങി.

അകത്തെ ഊണുമേശയുടെ പുറത്ത് വെറ്റില ചെല്ലത്തിൻ്റെ അടിയിൽ വച്ചിരുന്ന സമ്മതപത്രത്തിലെ കയ്യൊപ്പും കണ്ണീരിലിത്തിരി പടർന്നിട്ടുണ്ടായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  ഭിക്ഷക്കാരൻ

Sibin Koshy

IBS Software

ഭിക്ഷക്കാരൻ

ഭിക്ഷക്കാരൻ

ഒരു നീണ്ട ക്യൂവിൽ വെച്ചാണ് ഞാൻ ആദ്യമായി അയാളെ കണ്ടത്.. ബിവറേജ് ക്യൂ ഒന്നുമല്ല.. ഏറെനാളുകൾക്കു ശേഷം റിലീസായ ഒരു സൂപ്പർസ്റ്റാർ പടത്തിന്റെ ടിക്കറ്റിനു വേണ്ടിയുള്ള ക്യൂ. അയാളെ ശ്രദ്ധിക്കാൻ ഒരു കാരണമുണ്ടായിരുന്നു.. ഒരേയൊരു കാരണം..എനിക്ക് മാത്രമല്ല, ക്യൂവിൽ നിൽക്കുന്ന മറ്റുള്ളവർക്കും ടിക്കറ്റ് കൗണ്ടറിലുള്ളവർക്കും പടം കഴിഞ്ഞിറങ്ങുന്നവർക്കുമെല്ലാം അയാളെ ശ്രദ്ധിക്കാനുള്ള ഒരേയൊരു കാരണം..അത്  അയാൾ ഒരു പിച്ചക്കാരൻ ആണെന്നതായിരുന്നു.. അതെ.. നല്ല ഒന്നാന്തരമൊരു പിച്ചക്കാരൻ.. പതിറ്റാണ്ടുകൾക്ക് മുമ്പെപ്പോഴോ വെള്ളം കണ്ടേക്കാവുന്ന മുഷിഞ്ഞു കീറിപ്പറിഞ്ഞ ഷർട്ടും പാന്റുമാണ് വേഷം.. എണ്ണമയമില്ലാതെ പാറിപ്പറന്നു കിടക്കുന്ന ചെമ്പൻ മുടിയും താടിയും.. ഒരു തുണിക്കടയുടെ പേരുള്ള പ്ലാസ്റ്റിക് സഞ്ചിയുണ്ട് കൈയിൽ.. ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തനെപ്പോലെ തോന്നുമെങ്കിലും അങ്ങനെയല്ല എന്ന് പെട്ടെന്നു തന്നെ മനസിലായി.. ക്യൂവിൽ നിൽക്കുന്ന മറ്റുള്ളവർ അയാളുമായി കൃത്യമായി ഒരു അകലം പാലിച്ചു നില്ക്കാൻ  നന്നേ കഷ്ടപ്പെട്ടിരുന്നു.. 'ഓരോന്ന് ഇറങ്ങിക്കോളും', 'എവിടാണോ ഇരിക്കാൻ പോകുന്നത് ' തുടങ്ങിയ അടക്കംപറച്ചിലുകൾ കേട്ടുകൊണ്ട് അയാളുടെ കുറച്ചു പിന്നിലായി ഞാൻ നിന്നു.. എന്റെ മുമ്പിലുള്ള ആൾക്കാരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.. ഒടുവിൽ പിച്ചക്കാരൻ ടിക്കറ്റ് കൗണ്ടറിനു മുമ്പിലെത്തി. അയാൾ സഞ്ചിയിൽ നിന്നു കുറച്ചു പത്തു രൂപാ നോട്ടുകളെടുത്തു നീട്ടിയപ്പോൾ കൗണ്ടറിലിരുന്നയാൾ 'പോ' എന്നു ആംഗ്യം കാണിച്ചു.. അയാൾ പോകാൻ കൂട്ടാക്കാതെ  ആ പൈസ വീണ്ടും നീട്ടി.. ഇത്തവണ അയാളെ അവിടെ നിന്നോടിക്കാൻ മുൻപന്തിയിൽ നിന്നത് അയാളുടെ പിന്നിൽ നിന്നവരായിരുന്നു.. ഒരാൾ അയാളെ പിടിച്ചു തള്ളുകയും ചെയ്തു.. അന്നേരം ആദ്യമായി ആ ക്യൂവിൽ നിന്നയാൾ പുറത്തേക്കു പോയി. പക്ഷെ വിട്ടു കൊടുക്കാൻ അയാൾ  തയാറായില്ല.. 'എനക്ക് ഇന്ത പടം പാക്കണം' എന്ന് കട്ടായം പറഞ്ഞു അയാൾ വീണ്ടും ക്യൂവിലേക്കിടിച്ചു കയറി.. എന്നാൽ ഇത്തവണ പ്രശ്നം കുറച്ചു ഗുരുതരമായി.. ഒരാൾ അയാളുടെ കരണത്താഞ്ഞടിച്ചു..അടിയുടെ ശക്തിയിൽ ഒന്നു കറങ്ങി ആ സാധു മനുഷ്യൻ തറയിലിരുന്നു പോയി..ആ ഇരിപ്പ് കുറച്ചു നേരം തുടർന്നു..കൈയിലിരുന്ന സഞ്ചിയും അയാളുടെയടുത്തു തന്നെ വീണു..ഇത്രയൊക്കെയായപ്പോൾ എന്റെ സമനില തെറ്റുകയും ഉള്ളിലുള്ള സഹജീവിസ്നേഹം ഉണരുകയും ചെയ്തു. ഒരു തെറ്റും ചെയ്യാത്ത ഒരുത്തനെയാണ് പട്ടിയെപ്പോലെ കുറച്ചു 'മാന്യന്മാർ' തല്ലുന്നത്. ഞാൻ അവരുടെയടുത്തേക്കു ചെന്നു. 

"എന്താ ചേട്ടാ പ്രശ്നം?" അവിടെ നിന്ന ഒരു മാന്യനോട് ഞാൻ ചോദിച്ചു.. 

"താൻ ഈ ക്യൂവിൽ ഉണ്ടായിരുന്നതല്ലേ.. താൻ കണ്ടതല്ലേ ഈ തെണ്ടിയുടെ അഹങ്കാരം?" അയാൾ എന്നോട് കയർത്തു.. 

ഞാനും വിട്ടു കൊടുത്തില്ല. "ഞാനെല്ലാം കണ്ടതാണ്.. ഈ പാവത്തിനെ തല്ലാൻ മാത്രം എന്താണ് പ്രശ്നമെന്നാണ് ഞാൻ ചോദിച്ചത്." അന്നേരം അയാൾ ഒന്നും മിണ്ടിയില്ല.. ഞാൻ കൗണ്ടറിലിരിക്കുന്നവനോട് ചോദിച്ചു. "അയാൾക്കെന്താ നിങ്ങൾ ടിക്കറ്റ് കൊടുക്കാത്തത്? അയാൾ പൈസ തന്നില്ലേ?"

തീയറ്റർ ജീവനക്കാരൻ പറഞ്ഞു. "കണ്ട പിച്ചക്കാരനെയൊന്നും പടം കാണിക്കാൻ ഒക്കുകേല". 

"താൻ ഇവിടെ എഴുതി വെച്ചിട്ടുണ്ടോ ഇയാൾ പടം കാണാൻ പാടില്ലെന്ന്?. പൈസ തരുന്നവർക്ക് ടിക്കറ്റ് തരാനല്ലേ താനിവിടെ ഇരിക്കുന്നത്.. "

ടിക്കറ്റുകാരൻ ഒന്നയഞ്ഞു. "സാറേ ഇയാളെ കേറ്റിയാൽ ബാക്കിയുള്ളവര് പ്രശ്നമുണ്ടാക്കും..സാറ് കണ്ടതല്ലേ എല്ലാം.."ബാക്കിയുള്ളവർ വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങി..പിച്ചക്കാരൻ പയ്യെ എഴുന്നേറ്റു വന്നു കൗണ്ടറിനടുത്തു തന്നെ നിലയുറപ്പിച്ചു.

"എടോ അയാൾക്ക് ഏതേലും ഒരു മൂലയ്ക്ക്  ഒരു സീറ്റ് കൊടുക്കേടോ.. ഞാൻ ഉത്തരവാദിത്തം ഏൽക്കുന്നു". എന്തോർത്തിട്ടാണെന്നറിയാതെ ഞാൻ അവിടെ വെച്ച് പ്രഖ്യാപിച്ചു.. ടിക്കറ്റുകാരൻ മനസില്ലാമനസോടെ 'പോയി തുലയാൻ' പറഞ്ഞു കൊണ്ട് പൈസ വാങ്ങിച്ചു  പിച്ചക്കാരന് ടിക്കറ്റ് കൊടുത്തു.. മറ്റുള്ളവരുടെ പ്രതിഷേധം കുറച്ചു അടക്കം പറച്ചിലിൽ ഒതുങ്ങിപ്പോയി. അങ്ങനെ രംഗം കുറച്ചു ശാന്തമായി..പിച്ചക്കാരൻ മറ്റുള്ളവരെപ്പോലെ തീയേറ്ററിനുള്ളിലേക്കു പോയി..ഞാൻ ഒരു ചായയും വാങ്ങി സിനിമാ പോസ്റ്ററും നോക്കി കുറച്ചു നേരം നിന്നതിനു ശേഷം ഉള്ളിലേക്കു കയറി..തീയേറ്ററിലെ ഇരുട്ടിലൂടെ ടിക്കറ്റിലെ സീറ്റ് നമ്പർ നോക്കി ഞാൻ നടന്നു.. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ എന്റെ സീറ്റ് കണ്ടെത്തി ഞാൻ അതിലിരുന്നു.. അപ്പോഴേക്കും പടം തുടങ്ങിയിരുന്നു..ഞാൻ പതിയെ അതിൽ മുഴുകിയിരുന്നു..ഇടയ്ക്കിടെ മൂക്കിലേക്കടിച്ചു കയറിയ ഒരു ദുർഗന്ധം ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല.. എന്നാൽ സമയം മുമ്പോട്ട് നീങ്ങുന്തോറും, ആ ദുർഗന്ധത്തിനു യാതൊരു കുറവുമുണ്ടാകുന്നില്ല എന്ന് ഞാൻ മനസിലാക്കി.. ഞാൻ ചുറ്റുപാടുമൊന്നു സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി.. ഒടുവിൽ ഞാനാ സത്യം മനസിലാക്കി.. എന്റെ തൊട്ടടുത്തിരിക്കുന്നത് അയാളാണ്.. ആ പിച്ചക്കാരൻ.. ടിക്കറ്റ് കൗണ്ടറിലിരുന്നവൻ അയാൾക്ക് ഒരു മൂലയിലുള്ള സീറ്റ് കൊടുക്കുകയും അതിനു തൊട്ടടുത്തുള്ള സീറ്റ്  എനിക്കും തരികയും ചെയ്തു.നന്നായിരിക്കുന്നു.. ആ ഒരു നിമിഷം കൊണ്ട് എന്റെ മനസിലെ സഹജീവിസ്നേഹം പമ്പ കടന്നു.. വർഷങ്ങളായി വൃത്തിയാക്കാതെ കിടന്ന ഒരു ഓടയിലിറങ്ങിയിരുന്നു സിനിമ കാണുന്ന പോലെയാണ് എനിക്കനുഭവപ്പെട്ടത്.. തീയേറ്ററിലെ സാമാന്യം ശക്തിയേറിയ AC കാര്യങ്ങൾ കുറച്ചു കൂടി വഷളാക്കി..ഈ അവസ്ഥ എന്റെ തിയേറ്റർ അനുഭവത്തെ കാര്യമായിത്തന്നെ ബാധിക്കുമെന്നായപ്പോൾ എന്റെ മുമ്പിൽ രണ്ടു വഴികൾ തെളിഞ്ഞു.. 

 

ഒന്ന് - തീയേറ്ററിൽ നിന്നിറങ്ങിയോടുക 

രണ്ട് - ഉള്ളിൽ എവിടെയെങ്കിലും ഒഴിഞ്ഞ സീറ്റുകളുണ്ടോ എന്ന് തപ്പിയിട്ട് അവിടെയിരിക്കുക

 കൂടുതൽ പ്രായോഗികമായതു എന്ന നിലക്ക് ഞാൻ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു..രാത്രിയിൽ ചൂട്ടും കത്തിച്ചു വഴിയിൽ പാമ്പുണ്ടോയെന്നു നോക്കി നടക്കുന്നത് പോലെ മൊബൈലിൽ ടോർച്ചും തെളിച്ചു ഒരൊഴിഞ്ഞ സീറ്റും തപ്പി ഞാൻ നടന്നു.. കുറെ നേരത്തെ തിരച്ചിലിനൊടുവിൽ തിരശീലയിലുള്ള സിനിമാ താരങ്ങളെ ഏറ്റവും അടുത്തു കാണാൻ സൗകര്യമുള്ള, തീയേറ്ററിലെ ആദ്യ വരിയിൽ ഒരു സീറ്റു കണ്ടെത്തി അതിലിരുന്നു...ശക്തമായ കഴുത്തുവേദനയെ തൃണവല്ഗണിച്ചു കൊണ്ട് രണ്ടര മണിക്കൂറോളം 45 ഡിഗ്രി ചെരിഞ്ഞു നോക്കിക്കൊണ്ടിരിക്കുമ്പോഴും ഒരു സഹജീവിയോടു കരുണ കാണിച്ച ചാരിതാർഥ്യമായിരുന്നു മനസ്സിൽ. ഞാൻ ഇരുന്നതിനു ശേഷം കുറേപ്പേർ കൂടി ഓടി വന്നു എന്റെ കൂടെ ആദ്യ വരിയിലിരുന്നു. അവരും പിന്നിൽ എന്നോടൊപ്പമിരുന്നവരാണെന്നു ഞാൻ വെറുതെ അനുമാനിച്ചു..സാധാരണയായി ഒരു ബോറൻ സിനിമയാണ് കാണുന്നതെങ്കിൽ മറ്റു പല കാര്യങ്ങളെക്കുറിച്ചും ആലോചിക്കാനുള്ള അവസരം എനിക്ക് ലഭിക്കാറുണ്ട്.. ഇടക്കെപ്പോഴോ അങ്ങനൊരവസരം കിട്ടിയപ്പോൾ ഞാൻ പഴയൊരു സംഭവമോർത്തു.. ആദ്യമായി ജോലിയിൽ കയറിയ കാലം.. ശമ്പളം കിട്ടിയതിനു ശേഷമുള്ള ആദ്യ നാളുകളിൽ രാജാവിനെപ്പോലെയും മാസാവസാനം അഷ്ടിക്കു വകയില്ലാതെ ദിവസങ്ങൾ തള്ളിനീക്കാൻ പാടുപെടുന്ന ഏതൊരു ജോലിക്കാരനെയും പോലെയുള്ള ജീവിതം..ഇനിയുമുണ്ട് രണ്ടു മൂന്ന് ദിവസം കൂടി, അടുത്ത ശമ്പളം കിട്ടാൻ.. ഒരു രാത്രി കൈയിലുള്ള വെറും നാൽപ്പതു രൂപയുമായി ഞാൻ പുറത്തേക്കിറങ്ങി..മടിശീലക്കു കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്ന പ്രമാണത്തിൽ വിശ്വസിച്ചു കൊണ്ട് വഴിയോരത്തുള്ള ഒരു തട്ടുകടയിൽ നിന്ന് കഴിക്കാൻ ഞാൻ തീരുമാനിച്ചു.. നാല് ദോശ ഓർഡർ ചെയ്തു... ഒരു ഡബിൾ ഓംലെറ്റ് കഴിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തെ ഞാൻ ചവിട്ടിയൊതുക്കി.. ആ പൈസക്ക് നാളെയും വന്നു നാല് ദോശ കഴിക്കാമെന്നു മനസിനെ പറഞ്ഞു സമാധാനിപ്പിച്ചിട്ടു  ദോശയിലേക്കു ഞാൻ കുറച്ചു സാമ്പാറും ചമ്മന്തിയുമൊഴിച്ചു പയ്യെ കഴിച്ചു തുടങ്ങി.. അൽപനേരം കഴിഞ്ഞപ്പോൾ എന്റെ തോളിൽ ആരോ തട്ടുന്നതായി തോന്നി.. അതെ... തോന്നലല്ല.. ഒരു ചെറിയ ചെക്കൻ.. ഒരു നിക്കർ മാത്രമാണ് വേഷം.. കണ്ണുകളിൽ ദൈന്യത.. 'വിശക്കുന്നു' എന്നവൻ ആംഗ്യം കാണിച്ചപ്പോൾ ഞാനൊന്നാലോചിച്ചു..ഇന്ന്  ഓംലെറ്റ് വാങ്ങാതെ നാളേക്ക് ദോശ വാങ്ങാൻ സൂക്ഷിച്ചു വെച്ച കാശേയുള്ളൂ കൈയിൽ.. അതെടുത്താൽ.... ? ഒന്നു കൂടി ചിന്തിച്ചപ്പോൾ എന്റെ സഹജീവിസ്നേഹം ഉണർന്നു..ഇന്നീ കുരുന്നു വയറു നിറയുന്നതല്ലേ നാളത്തെ ദോശയെക്കാളും സംതൃപ്തി നൽകുന്നത്.. പിന്നെ ഒന്നും ആലോചിച്ചില്ല.. തട്ടുകടക്കാരനോട് "ചേട്ടാ ഇവന് 4 ദോശ കൊടുക്ക് " എന്ന് പറഞ്ഞു.. പയ്യൻ ആർത്തിയോടെ അയാളുടെ അടുത്തേക്ക് ചെന്നു.. അയാൾ സംശയത്തോടെ എന്നെ ഒന്ന് നോക്കി.. ഞാൻ അയാളോട് വീണ്ടും പറഞ്ഞു "അവന്റെ പൈസ ഞാൻ തന്നേക്കാം.. ചേട്ടൻ ദോശ കൊടുക്ക്. " ഇത്തവണ അയാൾ അനുസരിച്ചു.. ചെക്കന് ദോശ കിട്ടി.. അവൻ എന്റെയടുത്തു വന്നിരുന്നു.. ആക്രാന്തത്തോടെ ദോശ കഴിക്കുന്ന അവനെ വാത്സല്യത്തോടെ നോക്കി  "എന്താ നിന്റെ പേര് " എന്ന് ഞാൻ  ചോദിച്ചതും ചെക്കൻ തട്ടുകടക്കാരന് നേരെ തിരിഞ്ഞു "ചേട്ടാ ഒരു ഡബിൾ ഓംലെറ്റ്"എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു.. ഞെട്ടിത്തരിച്ചു പോയ എന്നെ കുറച്ചു കൂടി ഭീകരാവസ്ഥയിലേക്കു തള്ളിയിട്ട് ചെക്കൻ അവന്റെ പോക്കറ്റിൽ നിന്ന് ഒരിരുപതു രൂപയുടെ നോട്ടെടുത്തു കടക്കാരന് കൊടുത്തിട്ട് ഓംലെറ്റിന് വേണ്ടി കാത്തു നിന്നു.. ഞാൻ സമർത്ഥമായി കബളിക്കപ്പെട്ടു എന്നെനിക്കു മനസിലായി.. ദോശ കൊടുക്കാൻ പറഞ്ഞപ്പോഴുള്ള കടക്കാരന്റെ ആ നിസ്സംഗതയുടെ അർഥം എനിക്കന്നേരമാണ് പിടി കിട്ടിയത്.. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാൻ ദോശ കഴിച്ചു തീർത്തതും, ചെക്കന്റെയും കൂടി ചേർത്ത് കടക്കാരന് പൈസ കൊടുത്തതും ചെക്കന്റെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി അവിടുന്ന് സ്ഥലം വിട്ടതുമെല്ലാം.. വളരെക്കാലം മുമ്പത്തെ ആ സംഭവത്തിന്റെ 

ഓർമയിൽ നിന്നുണർന്നപ്പോഴും അറുപതു കഴിഞ്ഞ സൂപ്പർസ്റ്റാർ സ്‌ക്രീനിൽ ഇരുപതുകാരിയോടൊപ്പം  ആടിത്തിമിർക്കുന്നുണ്ടായിരുന്നു.. സിനിമ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ ഒരു വിഐപി ക്കു അകമ്പടിക്കാർ എന്ന പോലെ പിച്ചക്കാരനിൽ നിന്ന് കൃത്യമായ അകലം പാലിച്ചു മറ്റുള്ളവർ നടക്കുന്ന കാഴ്ച കണ്ടു.. അന്നേരം എനിക്കൊരു കൗതുകം തോന്നി.. അയാളെ കുറച്ചു നേരം ഒന്നു പിന്തുടർന്നാൽ എങ്ങനെയിരിക്കും.. ഞാൻ തീരുമാനിച്ചു.. തീയേറ്റർ പരിസരത്തു നിന്ന് എല്ലാവരും റോഡിലേക്കെത്തി.. ബാക്കിയുള്ളവർ പല വഴിക്കു തിരിഞ്ഞെങ്കിലും ഞാൻ പിച്ചക്കാരന്റെ വഴിയേ നടന്നു.. അയാൾ ഒരു പ്രത്യേക താളത്തിൽ ഒരേ വേഗതയിൽ നടന്നു നീങ്ങുകയാണ്.. ചുറ്റുമുള്ള തിരക്കുകളൊന്നും അയാളെ ബാധിക്കുന്നേയില്ല.. സമയം നീങ്ങുകയാണ്..  അയാൾ നാട്ടിലെ പഴയ ബസ് സ്റ്റാന്റിലെത്തി.. അവിടെയൊരു കടത്തിണ്ണയിലിരുന്ന മറ്റു ചില പിച്ചക്കാരുടെയടുത്തേക്കു ഇയാൾ നടന്നു. അവരുടെയടുത്തെത്തി എന്തോ സംസാരിച്ചതിന് ശേഷം അവരുടെയിടയിൽ നിന്നു നാലഞ്ചു വയസു തോന്നിക്കുന്ന ഒരു കുട്ടിയേയും എടുത്തു കൊണ്ട് അയാൾ നടന്നു.. ഞാൻ വീണ്ടുമെന്റെ പിന്തുടരൽ തുടർന്നു... അയാളുടെ ആ നടപ്പ് അധികം നീണ്ടു നിന്നില്ല.. ഒരു ചെറിയ ചായക്കടയുടെ മുമ്പിൽ അതവസാനിച്ചു.. അയാൾ തന്റെ സഞ്ചിയിൽ നിന്നൊരു പ്ലാസ്റ്റിക് ഗ്ലാസ്സെടുത്തു.. അതിൽ ചായ വാങ്ങിയിട്ട് കുഞ്ഞിനേയും കൊണ്ടൊരു മരത്തണലിലിരുന്നു..അയാൾ കാണാതെ ഞാനും സമീപത്തു നിലയുറപ്പിച്ചു..ആ കുഞ്ഞിനെക്കൊണ്ട് ചായ കുടിപ്പിക്കുന്നതിനിടയിൽ അയാൾ ഞങ്ങൾ ഒരുമിച്ചു കണ്ട സിനിമയുടെ കഥയും പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.. എന്തു കൊണ്ടയാൾ ആ കുഞ്ഞിനെ തീയേറ്ററിലേക്ക് കൊണ്ടു വന്നില്ല എന്ന ചോദ്യത്തിനുത്തരവും എനിക്കപ്പോൾ തന്നെ കിട്ടി.. ഇരു കൈകളും കൊണ്ട് ആ ചായഗ്ലാസ്സിൽ മുറുകെപ്പിടിച്ചു കൊണ്ട് അയാളുടെ കഥയും കേട്ട് ദൂരെ എവിടേക്കോ നോക്കിയിരിക്കുന്ന ആ കുരുന്നു കണ്ണുകൾക്ക് കാഴ്ചയുടെ തിളക്കമുണ്ടായിരുന്നില്ല.. ചായ തീർന്നപ്പോൾ പിച്ചക്കാരൻ തന്റെ കഥ പറച്ചിലും നിർത്തി.. ഗ്ലാസ്സെടുത്തു സഞ്ചിയിലിട്ടു കുഞ്ഞിനേയുമെടുത്തെഴുന്നേറ്റപ്പോൾ അയാൾ എന്നെ കണ്ടു.. തിയേറ്ററിൽ വെച്ച് കണ്ട പരിചയമൊന്നും ഞാനാ കണ്ണുകളിൽ കണ്ടില്ല.. "കൊഴന്തക്കു സാപ്പിടവേണം.. യെതാവത് കൊടുങ്കയ്യാ" ഒരു പിച്ചക്കാരന്റെ പതിവു പല്ലവി അയാളെന്നോടും ആവർത്തിച്ചു.. 

"ഇവന്റെ അമ്മാ എങ്കെ ?" അറിഞ്ഞിട്ടു പ്രത്യേകിച്ച് കാര്യമിന്നുമില്ലെങ്കിലും ഞാൻ ചോദിച്ചു.. 

"ഈരണ്ടു വർഷത്തുക്കു മുന്നാടി യെരന്തു പോച്ചു സാർ" 

ഞാൻ പിന്നെയൊന്നും ചോദിയ്ക്കാൻ നിന്നില്ല..കൈയിലുണ്ടായിരുന്ന കുറച്ചു കാശെടുത്തയാൾക്കു കൊടുത്തിട്ടു ഞാൻ നടന്നു.. ചെറിയൊരു ചാറ്റൽമഴ പെയ്തു തുടങ്ങിയിരുന്നു..മുഖത്തേക്കു വീഴുന്ന മഴത്തുള്ളികൾ പോലെ ഒരു പിടി ചിന്തകൾ എന്റെ ഉള്ളിലേക്ക് ചിന്നിച്ചിതറി വീണു. 'അയാൾ പറഞ്ഞതൊക്കെയും കള്ളമായിരിക്കാം.. ചിലപ്പോ ഏതെങ്കിലും വീട്ടിൽ നിന്നു തട്ടിയെടുത്തു കൊണ്ടു വന്നു കണ്ണു കുത്തിപ്പൊട്ടിച്ചു പിച്ചക്കിരുത്തിയതാവാം.. പോട്ടേ.. ഞാനെന്തിനതിനെക്കുറിച്ചോർത്തു ബേജാറാവണം..എനിക്ക് ഭിക്ഷക്കു വേണ്ടി കൈ നീട്ടാൻ ദൈവങ്ങളും ആരാധനാലയങ്ങളും ആൾദൈവങ്ങളും, മുതലാളിമാരും ബാങ്കുകളും എ ടി എമ്മുകളും ഗവണ്മെന്റ് ഓഫീസുകളും രാഷ്ട്രീയക്കാരുടെ വീട്ടു വരാന്തകളുമുള്ളപ്പോ ഞാനെന്തിനീ പിച്ചക്കാരനെക്കുറിച്ചോർക്കണം, അവന്റെ കൈയിലുള്ള കണ്ണുകാണാത്ത കുഞ്ഞിനെക്കുറിച്ചോർക്കണം...'

അയാൾ നടന്നു നീങ്ങി...

Srishti-2022   >>  Short Story - Malayalam   >>  സുകൃതം

Indu V K

IBS Software

സുകൃതം

സുകൃതം

ചെറിയ ചാറ്റൽ മഴകൊണ്ട് ഭൂമി ഒന്ന് തരളിതയായി നെടുവീർപ്പിട്ടു നിന്നു. നിലാവ് തന്റെ നിറം കൊണ്ടഴകു നൽകിയ ആ രാവിൽ, അടുത്ത വീട്ടിലെ റേഡിയോ ഗാനം കേൾക്കാം. നിറഞ്ഞ സന്തോഷത്തോടെ ആശ്വാസത്തോടെ, ആൽവിൻ തന്റെ  ആദ്യരാത്രിയിലേയ്ക്ക് കാലെടുത്തു വച്ചു.  ജനലരികിൽ തന്റെ സ്വത്ത് നിൽക്കുകയാണ്. നീണ്ട പത്തു വർഷത്തെ പ്രണയ സാക്ഷാത്കാരം, തന്റെ ജാനകി. പഠിക്കുമ്പോൾ മുതലുള്ള പ്രണയം. വയ്യാത്ത കാലു വേച്ച് വേച്ച് അവളുടെ അടുത്തെത്തി മെല്ലെ തോളിൽ കൈ അമർത്തി.

 

"ആൽവി, നീയാ പാട്ടു കേൾക്കുന്നുണ്ടോ?" തിരിഞ്ഞു നോക്കാതെ ആ പാട്ടിന്റെ ഉത്ഭവസ്ഥാനത്തെ നോക്കി കൊണ്ടവൾ തുടർന്നു.

 

"തന്നന്നം താനന്നം താളത്തിലാടി.. ഉം... " അച്ഛനേറ്റവും ഇഷ്ടമുള്ള പാട്ടാണ്. അവൾ മൂളി കൊണ്ടേയിരുന്നു.

 

" എന്നെ പണ്ട് അച്ഛൻ നെഞ്ചിൽ കിടത്തി ഈ പാട്ടു പാടിയാ ഉറക്കാറ്. വലിയ പാട്ടു പ്രേമിയാ. കാസറ്റ് പ്രചാരത്തിൽ ആയിരുന്ന സമയം, രണ്ടു മേശ നിറയെ കാസറ്റുകൾ സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോഴും ഉണ്ട് തറവാട്ടിൽ. ഒരു പുസ്തകത്തിൽ പാട്ടിന്റെ വരികൾ, ഗാന രചയിതാവ്, സംവിധായകൻ എല്ലാം എഴുതിയും വച്ചിട്ടുണ്ടായി. "

 

"ജാനി, നല്ല ക്ഷീണമില്ലേ. വാ, നമുക്ക് കിടക്കാം."

 

തളർന്ന അവളേയും കാലിനേയും താങ്ങി അവൻ കിടയ്ക്കയിൽ വന്നു കിടന്നു.

 

" ആൽവീ.."

 

"ഉം.. "

 

"ഉറക്കം വരുന്നില്ലെടൊ.."

 

"വേണ്ടായിരുന്നെന്ന് തോന്നുന്നുണ്ടോ.."

 

" യേയ് " കൈകൾ കൊണ്ടവന്റെ വായ് പൊത്തിയവൾ പറഞ്ഞു. "എന്റെ ജീവിതത്തിലെ ഏറ്റവും ധീരവും ശരിയുമായ തീരുമാനമാണ് നീ. ഇത് ഞാൻ എടുത്തില്ലായിരുന്നെങ്കിൽ ഞാനില്ലാതായി പോയേനേ. നിനക്കറിയാവുന്നതല്ലേ എനിക്കെന്നെ തന്നെ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോൾ ഈ തീരുമാനമാണ് എന്നെ കൈ പിടിച്ചുയർത്തിയത്.  തളർന്നു പോയ നിന്റെ കാലിനേക്കാൾ നിന്റെ മതമാണ് അച്ഛൻ നമ്മുടെ ബന്ധത്തിന് എതിർത്തു നിൽക്കാൻ കാരണം. എത്ര ശ്രമിച്ചതാണ് ഞാൻ, 'ഒടുവിൽ നിനക്കു വേണമെങ്കിൽ ഇറങ്ങി പോകാം, പക്ഷെ കല്യാണമായി ഞങ്ങൾ നടത്തി തരില്ല' എന്ന അച്ഛന്റെ അന്ത്യശാസന. അമ്മയുടെ മൗനാനുവാദം വാങ്ങി വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛനോർത്തു കാണുമോ എനിക്കിതിനുള്ള ധൈര്യം കിട്ടുമെന്ന്?"

 

അവളുടെ തല തന്റെ നെഞ്ചിലോട് ചേർത്തു വച്ച് അവൻ പറഞ്ഞു: "എനിക്കറിയില്ലേ ജാനി ഇതെല്ലാം. എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും, ഇടതു കാൽ തളർത്തിയ ആ അപകടം ഉൾപ്പടെ, എല്ലാം നല്ലതിനെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. എന്റെ ഭാഗ്യമാണ് നീ. വീട്ടുകാരുടേയും എന്റേയും ഇടയിൽ കിടന്നു നീ വിങ്ങിയതും, ഒരു വേള സമനില നഷ്ടപ്പെട്ടവളെ പോലെ ആയതും കണ്ടതാണ് ഞാൻ. തീരുമാനങ്ങൾ പലതും എടുക്കുന്നതല്ല, സംഭവിക്കുന്നതാണ് ജാനി. "

 

"ഉം. അച്ഛൻ ഉറങ്ങിയോ ആവോ ? എത്ര മണിയായി കാണും?"

 

" പതിനൊന്നായി കാണും."

 

" ഉറങ്ങാനുള്ള സമയമാണ്. പക്ഷെ എന്നെ പോലെ ഉറങ്ങാതെ കിടയ്ക്കയാവും. പാവം എന്റെ അച്ഛൻ. "

 

അവളുടെ കവിളുകളിൽ കൂടൊഴുകിയ കണ്ണുനീർ അവന്റെ നെഞ്ചിലെ ചൂടറിഞ്ഞു.

ഒന്നും പറയാതെ അവളെ ഒന്നു കൂടെ ചേർത്തു പുൽകി കൊണ്ടാ രാത്രി മയങ്ങി.

 

 ജാനകി രാവിലെ എണീറ്റു കുളിച്ച് അടുക്കളയിലേയ്ക്ക് നടന്നു. അവിടെ ആൽവിയുടെ അമ്മ അവൾക്ക് ചായ ഉണ്ടാക്കി കൊടുത്തു.

 

"മോളെ ഇവിടടുത്ത് ഒരു അമ്പലം ഉണ്ട്. മോളു വേണേൽ പോയി വന്നോളൂ. ഇവിടെയാർക്കും ഒരു വിരോധവുമില്ല കേട്ടോ. മനസ്സിലെ വിഷമം ഒക്കെ ഒന്നു തണുക്കട്ടെ."

 

ഉറക്കമുണർന്നു വന്ന ആൽവിയോടു അമ്മ പറഞ്ഞു: "എടാ അവളെ ഒന്നാ അമ്പലം വരെ കൊണ്ടാക്കൂ.''

 

വെള്ള നേരിയതുടുത്ത് കുങ്കുമം ചാർത്തിയവൾ വന്നപ്പോൾ മുജ്ജന്മ സുകൃതം എന്നൊന്നുണ്ടെന്ന് അവന് തോന്നിപോയി. ഇല്ലെങ്കിൽ പ്രണയം ഒരു പ്രഹസനമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു അന്യ മതസ്തനെ, പ്രാണൻ പോലെ സ്നേഹിക്കുന്ന അച്ഛനമ്മമാരെ മറികടന്ന് ആര് കല്യാണം കഴിക്കും? എന്തെല്ലാം സ്വപ്നങ്ങൾ കണ്ടിരുന്നു ഞങ്ങൾ വിവാഹത്തെ കുറിച്ച്.. വില്ലനായി അപകടം വന്ന് കാലു തളർന്നപ്പോഴും അവൾ കൂടെ തന്നെ നിന്നു, ഒരു വിവാഹ ജീവിതമുണ്ടെങ്കിൽ തന്റെ കൂടെ ഉണ്ടാകൂ എന്നവൾ തറപ്പിച്ചു പറഞ്ഞപ്പോൾ താൻ തന്നെ എത്ര തവണ എതിർത്തു. പക്ഷെ ഇനി ഞാനാർക്കും വിട്ടു കൊടുക്കില്ല എന്റെ സൗഭാഗ്യത്തെ.

 

കാറിൽ അമ്പലത്തിലേയ്ക്ക് പോകുമ്പോൾ മുന്നിലൊരു ഓട്ടാറിക്ഷ. അതിന്റെ പുറകിൽ ഗോപിക എന്ന് എഴുതിയിരിക്കുന്നു.

 

" ആൽവീ, തനിക്കൊരു കാര്യമറിയാമോ? അമ്മ എനിക്കിടാൻ വച്ചിരുന്ന പേര് ഗോപികാ എന്നായിരുന്നു. ഭാഗ്യത്തിന് അച്ഛൻ സമ്മതിച്ചില്ല. എനിക്കീ ഗോപികാ എന്ന പേരിഷ്ടമല്ല."

 

ആൽവീ ഒന്നും മിണ്ടിയില്ല. കാറ് മുന്നോട്ട് പൊയ്കൊണ്ടിരുന്നു.

"ആൽവീ, അമ്പലം അടുത്തല്ലേ?  എനിക്ക് വിശക്കുന്നു. ഇന്ത്യൻ കോഫി ഹൗസ്സുണ്ടേൽ സൂപ്പറായിരിക്കും. അച്ഛനെപ്പോഴും അവിടെ ന്നാ എനിക്ക് മേടിച്ചു തരാ."

 

" ആൽവീ, നീ എന്താ ഒന്നും മിണ്ടാത്തെ? നമ്മളെങ്ങോട്ടാ പോണേ?"

 

"നിനക്കിഷ്ടമുള്ള ഒരിടത്തേക്ക്‌."

 

വഴികൾ സുപരിചിതമാകാൻ തുടങ്ങിയപ്പോൾ അവൾക്ക് ഭയം ഇരട്ടിച്ചു .

 

" നീ എങ്ങോട്ടാ?"

 

" നിന്റെ വീട്ടിലേക്ക്."

 

" ആൽവീ, അച്ഛൻ?"

 

"ജാനി, നിനക്ക് നിന്റെ അച്ഛനെ എത്ര ഇഷ്ടാണെന്ന് എനിക്കറിയാം. എന്റെ കൂടെ കഴിഞ്ഞ ഈ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ എന്റെ പേരിലും കൂടുതൽ നീ വിളിച്ചത് അച്ഛനെന്നല്ലേ? എത്ര ബുദ്ധിമുട്ടോടെയാണ് നീ അവിടം വിട്ടിറങ്ങിയതെന്ന് എനിക്കറിയാം. നിന്റെ അച്ഛൻ നിങ്ങളുടെ ജാതി സംഘടനയുടെ തലപ്പത്തല്ലേ, മകൾ അന്യജാതിക്കാരനെ അറിവോടെ കെട്ടിച്ചയച്ചു എന്ന അപഖ്യാതിയെയാണ് അദ്ദേഹം ഭയന്നത്. പിന്നെ കൂടാതെ അംഗവൈകല്യമുള്ള ഒരാൾ മകളെ വിവാഹം കഴിക്കുന്നത് ഏത് അച്ഛനമ്മമാർക്ക് അംഗീകരിക്കാനാകും.  ഇപ്പൊ കല്യാണം കഴിഞ്ഞില്ലേ? പിന്നെ എന്നെ ചീത്ത പറയുകയോ തല്ലുകയോ എന്തും ചെയ്യട്ടെ, നിനക്ക് വേണ്ടി ഇതെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനാരാ ?"

 

നിശ്ശബ്‌ദമായ ആ യാത്ര അല്പസമയത്തിനുള്ളിൽ ലക്ഷ്യം കണ്ടു. ഭയപ്പാടോടെ അങ്കണം കടന്ന് അവർ പൂമുഖത്തെത്തി. ചാരുകസേരയിൽ എന്തോ ഓർത്ത് മുകളിലേയ്ക്ക് നോക്കി കിടയ്ക്കയാണ് അച്ഛൻ.

 

"അച്ഛാ.. " അവൾ വിളിച്ചു.

 

പെട്ടെന്ന് ചാടിയെണീറ്റ അച്ഛന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഉsനെ ഗൗരവഭാവം വീണ്ടെടുത്ത് അവളോടായി ചോദിച്ചു:

"ആരാണ്? "

 

ഉരുകിയൊലിച്ചു പോയവൾ. ആ കണ്ണുകളിലെ തീക്ഷണത താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നിശ്ശബ്ദയായി തല കുനിച്ചു  നിന്ന അവളോട് വീണ്ടും അതേ ചോദ്യം അച്ഛനാവർത്തിച്ചു.

 

" ചോദിച്ചതു കേട്ടില്ലേ? ഇവിടെന്താണ് കാര്യം?"

 

"അച്ഛാ....." ആകെ തളർന്നാ കാലുകളിൽ വീണവൾ തേങ്ങാൻ തുടങ്ങി.

 

"എന്റെ കാലുകളിലല്ല നീ വീഴേണ്ടത്. ഉള്ളിലൊരുത്തിയുണ്ട്. നീ പോയതു മുതൽ കരച്ചിൽ തോരാത്ത മുഖവുമായി . പോയി അവളുടെ കാൽക്കൽ വീഴൂ. ജനിച്ച നാൾ മുതൽ നിന്നെ കുറിച്ച് ഉരുക്കൂട്ടിയ സ്വപ്നങ്ങളിൽ മതി മറന്നു പോയ ഒരു ആത്മാവ്. ഞാൻ പിന്നെ അച്ഛനാണല്ലോ, പത്തു മാസത്തിന്റെ കണക്കു പോലും പറയാനില്ലാത്തവൻ. എനിക്ക് വിഷമവും ദേഷ്യവുമൊന്നുമില്ല." തൊണ്ടയിടറി ഇത് പറഞ്ഞു നിറുത്തി അയാൾ നിശ്ചലനായ് നിന്നു.

 

അവൾ പതുക്കെ അകത്തേയ്ക്ക് നടന്നു. വല്ലാത്ത അസ്വസ്ഥയോടെ ആൽവി പൂമുഖ പടിയിൽ തന്നെ നിന്നു. നിനച്ചിരിക്കാതെ അച്ഛൻ സംസാരിച്ചു തുടങ്ങി.

 

"അവളെ എന്നിൽ നിന്ന് പറിച്ചെടുക്കാനാവില്ലെന്ന് മനസ്സിലായില്ലേ? എന്നോളം എന്റെ കുട്ടിയെ സ്നേഹിക്കാനാർക്കും ആവില്ല. ആവും എന്ന് തോന്നണുണ്ടോ? "

 

" ശ്രമിക്കാം." ആൽവി മടിച്ചു മടിച്ചു പറഞ്ഞു.

 

" ശ്രമിച്ചാൽ പോര. എന്നെ തോൽപ്പിക്കണം." ആൽവി അദ്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. തോളിൽ പിടിച്ച് അവനെ അകത്തേക്ക് കയറ്റി കൊണ്ടദ്ദേഹം തുടർന്നു:

 

"ഒരു പാട് ഞാൻ ശ്രമിച്ചു ഈ ബന്ധം വേണ്ട എന്ന് അവളെ കൊണ്ട് പറയിക്കാൻ. അവളും ശ്രമിച്ചു ഒരു പാട് എന്നെ കൊണ്ട് സമ്മതിപ്പിക്കാൻ. പക്ഷെ സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കണമെന്ന് പറഞ്ഞു കൊടുത്തതും ഞാൻ തന്നെയാണല്ലോ? സ്നേഹിക്കാൻ മാത്രമേ എന്റെ കുട്ടിയ്ക്ക് അറിയൂ. അവളെ.. "

 

അകത്തു നിന്നും അമ്മയോടൊപ്പം അവൾ പുറത്തേയ്ക്ക് വന്നപ്പോൾ ആ വാക്യം അച്ഛന് മുഴുമിപ്പിക്കാനായില്ലെങ്കിലും ആൽവി അത് തിരിച്ചറിഞ്ഞു.

 

"അച്ഛാ എന്നോട്.. "

 

"വേണ്ട ക്ഷമയൊന്നും പറയണ്ട മോളേ. നീ ഇത്രയേറെ നിന്റെ സ്നേഹത്തെ കുറിച്ച് പറഞ്ഞിട്ടും ഞങ്ങളതു ഇതു വരെ തിരിച്ചറിഞ്ഞില്ല. ഇപ്പൊ ഈ നിമിഷം നിന്നെ കാണും വരെ ഞങ്ങൾ അനുഭവിച്ച വേദന... ഉം.. ഇവൻ സ്നേഹമുള്ളവനാ, നിന്റെ മനസ്സറിഞ്ഞ് ഇവിടെ കൊണ്ടു വന്നപ്പോൾ തന്നെ അത് എനിക്ക് ബോധ്യായി. പിന്നെ സമൂഹം, ആ പോട്ടെ..."

 

"അച്ഛാ.. " ഒരു തോളിൽ അവളേയും മറു തോളിൽ അവനേയും അദ്ദേഹം ചേർത്തു നിർത്തി. അമ്മ സന്തോഷാശ്രു തൂകി അവരോടൊപ്പം ചേർന്നു. പ്രകൃതിയും ചെറു സ്നേഹമഴയുടെ ഈറൻ പറ്റി നിന്നു.

Srishti-2022   >>  Short Story - Malayalam   >>  അനർഹ ലോകം

Praveen Surendranath

IBS Software

അനർഹ ലോകം

അനർഹ ലോകം

 

"ഞായർ ദിവസങ്ങളിൽ ഈ പാലത്തിലുള്ള ഗേറ്റ് അടച്ചു പൂട്ടി ഇടും, അങ്ങോട്ട് കടത്തി വിടില്ലെന്ന്."

 

ആ ചെറുപ്പക്കാരൻ തൻ്റെ ഭാര്യയോട് നിരാശയോടെ പറഞ്ഞു.

 

"അത് അവർക്കു ഇപ്പോളാണോ മനസ്സിലായത്?" സങ്കടത്തെക്കാൾ കൂടുതൽ ദേഷ്യം ആയിരുന്നു ഭാര്യക്ക്.

 

"നമ്മൾ പതിവിലും ഒരു ദിവസത്തോളം കൂടുതൽ സമയമെടുത്തു എന്നാണു അവർ പറയുന്നത്"

 

"സ്ത്രീകളും കുട്ടികളും ഉള്ളപ്പോൾ ഇതിലും വേഗത്തിൽ എങ്ങനെ സാധിക്കും?"

 

അയാൾ മറ്റുള്ളവരെ ഒന്ന് നിരീക്ഷിച്ചു.എല്ലാവരും തണൽ അന്വേഷിച്ചു പുറകോട്ടു നടക്കാൻ തുടങ്ങി.

 

"നമുക്കും എങ്ങനെയെങ്കിലും ഒരു ദിവസം കൂടി കഴിച്ചുകൂട്ടണം."

 

"അച്‌ഛാ, വിശക്കുന്നു"

 

ആദ്യമായിട്ടാണ് ഈ ആവശ്യം അവൾ അച്ഛനോട് ചോദിച്ചത്. ഇനിയും അമ്മയോട് ചോദിച്ചാൽ തല്ലുമോ എന്ന് ഭയന്നിട്ടാകണം.

 

"ഒരു കഷ്ണം ബ്രഡ് പോലും ഇനിയില്ല, എത്ര നേരം കൂടെ ഇവളെ പറഞ്ഞു പറ്റിക്കാൻ പറ്റും?" അവളുടെ അമ്മ അയാളോട് ചോദിച്ചു.

 

"അത് നമുക്ക് മറ്റുള്ളവരുടെ കൈയിൽ നിന്നും മേടിക്കാം."

 

"അവർക്കും ഇല്ലേ കുട്ടികൾ. അവർക്കും ആവശ്യം വരില്ലേ?"

 

"അല്ലെങ്കിൽ പിന്നെ..." അയാൾ രണ്ടാം വട്ടം ആലോചിച്ചു.

 

"അല്ലെങ്കിൽ പിന്നെ?"

 

"ഈ പുഴ നീന്തി കടക്കണം"

 

പുഴ ഒന്ന് നിരീക്ഷിച്ചു. ഇപ്പോൾ ശാന്തമായാണ് ഒഴുകുന്നത്.

 

"എനിക്ക് നീന്തി അപ്പുറത്തു എത്താൻ പറ്റില്ല. നിങ്ങൾ അച്ഛനും മോളും പൊയ്ക്കോളൂ. ഞാൻ മറ്റുള്ളവരുടെ കൂടെ നാളെ അവിടെ എത്താം."

 

"കൂട്ടം തെറ്റിയാൽ പിന്നെ കാണാൻ പറ്റുമോ എന്ന് തന്നെ സംശയമാണ്. നീ വെള്ളത്തിൽ പൊങ്ങി കിടന്നാൽ മതി, ഞാൻ വലിച്ചുകൊണ്ടു പൊയ്ക്കോളാം. പക്ഷെ നിങ്ങൾ രണ്ടു പേരെയും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റില്ല."

 

അമ്മ മോളെ നോക്കി എന്താണൊരു പോംവഴി എന്നാലോചിച്ചു. തന്നോട് അമ്മക്ക് ദേഷ്യം കൂടി വരുകയാണെന്നും മകൾ തെറ്റിദ്ധരിച്ചു അച്ഛന്റെ അടുത്തേക്ക് നീങ്ങി.

 

"എന്നാൽ മോളെ ആദ്യം അക്കരെ ആക്കിയിട്ട് എന്നെ കൊണ്ടുപോകാൻ പറ്റുമോ?"

 

"അധികം വീതിയും ഒഴുക്കും ഇല്ലാത്തതുകൊണ്ട് സാധിക്കുമായിരിക്കും, ശ്രമിച്ചു നോക്കാം" എന്നയാൾ മറുപടി പറഞ്ഞു.

 

പുഴയിലേക്ക് ഇറങ്ങാൻ പറ്റിയ സ്ഥലം നോക്കി അവർ മൂന്നു പേരും അരികിലൂടെ നടന്നു. തണൽ തിരഞ്ഞു നടക്കുകയാണെന്ന് മറ്റുള്ളവരും ധരിച്ചു.

 

കുറേ ദൂരം നടന്നു കഴിഞ്ഞപ്പോൾ മറുവശത്തു അള്ളി കയറാൻ പറ്റുന്ന ഒരു സ്ഥലം അയാളുടെ ശ്രദ്ധയിൽ പെട്ടു. അയാൾ അവിടെ നിന്നു.

 

തിരിഞ്ഞു മുട്ടേൽ കുത്തി നിന്ന് മോളുടെ മുഖത്തേക്ക് നോക്കി.

 

"വിശക്കുന്നച്ചാ.." അവൾ അച്ഛനോട് പറഞ്ഞു.

 

"ഇനി നമുക്കുള്ള ഭക്ഷണം അപ്പുറത്താണ്. നമുക്ക് അപ്പുറത്തു പോകണം. നമ്മൾ വീട്ടിനടുത്തുള്ള കുളത്തിൽ കളിക്കാറുള്ളത് പോലെ അച്ഛന്റെ പുറത്തു മുറുകെ പിടിച്ചിരിക്കാമോ? എങ്കിലേ നമുക്ക് അപ്പുറത്തു പോകാൻ പറ്റുവുള്ളു."

 

അവൾ തല കുലുക്കി സമ്മതിച്ചു.

 

"അച്ഛന്റെ ഉടുപ്പിനകത്ത് കയറണം. അച്ഛന്റെ കഴുത്തു ചുറ്റി കൈ മുറുകെ പിടിക്കണം. അപ്പുറത്തു എത്തുന്നത് വരെ ഒരിക്കലും പിടി വിടരുത്."

 

അവൾ അതും സമ്മതിച്ചു.

 

ഉടുപ്പിന്റെ കഴുത്തിലൂടെ അവളുടെ തല പുറത്തെടുക്കാൻ അവളുടെ അമ്മയും സഹായിച്ചു. അയാൾ എണീറ്റു നിന്നു. അവൾ അച്ഛന്റെ കഴുത്തിന് ചുറ്റി കൈകൾ മുറുക്കി പിടിച്ചു.

 

അയാൾ ചെരിഞ്ഞു ഊർന്നു പുഴയിലേക്ക് ഇറങ്ങി. ഒരു ദീർഘ ശ്വാസമെടുത്തു മുൻപോട്ടു നീന്തി നീങ്ങി. അവളുടെ തല വെള്ളത്തിൽ മുങ്ങാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

 

ഒഴുക്കിനെതിരെ നീന്തി അയാളുടെ പരിശ്രമം പകുതി വിജയിച്ചു. കുറച്ചു ക്ഷീണിച്ചെങ്കിലും അപ്പുറത്ത് അള്ളി പിടിച്ചു കര കയറി. മോളെ താഴെ ഇറക്കി നിർത്തി.

 

വീണ്ടും മുട്ടേൽ കുത്തി നിന്ന് മോളോട് പറഞ്ഞു."മോള് മിടുക്കിയാണ് കേട്ടോ. ഇത് പോലെ അച്ഛൻ പറയുന്നത് എപ്പോഴും അനുസരിക്കണം."

 

അവളുടെ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം.

 

"ഇനി മോള് ഇവിടെ തന്നെ നിൽക്കണം. എങ്ങോട്ടും പോകരുത്. അച്ഛൻ പോയി അമ്മയെ വിളിച്ചുകൊണ്ടു ഇവിടെ വരുന്നത് വരെ ഇവിടെ നിന്ന് അനങ്ങരുത്."

 

അവളുടെ കണ്ണുകൾ പിന്നെയും വാടി.

 

"അയ്യോ, അച്ഛൻ പോകല്ലേ."

 

"അമ്മയെ വിളിച്ചുകൊണ്ടു വരണ്ടേ?"

 

"ഞാൻ അച്ഛന്റെ പുറത്തു കെട്ടിപിടിച്ചു കിടന്നോളാം."

 

"അച്ഛന്റെ പുറത്തു മോൾക്കും അമ്മയ്ക്കും ഒരുമിച്ചു കിടക്കാൻ സ്ഥലമില്ല മോളെ."

 

"സ്ഥലമുണ്ട്. എനിക്ക് ഒറ്റയ്ക്ക് പേടിയാണച്ഛ."

 

"മോള് പേടിക്കണ്ട, ഞങ്ങൾ ഇപ്പോൾ വരും" എന്ന് പറഞ്ഞു അയാൾ പുഴയിലേക്ക് എടുത്തു ചാടി.

 

"അച്‌ഛാ..." അവൾ ഉറക്കെ വിളിച്ചു.

 

അയാൾ മുങ്ങി പൊങ്ങാൻ സമയമെടുക്കുന്നു.

 

"അച്‌ഛാ....." അവൾ പിന്നെയും ഉറക്കെ വിളിച്ചു. ഓളങ്ങളുടെ ശക്തി കുറയുന്നത് കണ്ടപ്പോൾ അവളുടെ ഭയം കൂടി. അവളും കണ്ണടച്ച് എടുത്തു ചാടി.

 

അവൾക്കു വെള്ളത്തെ ഭയമില്ലായിരുന്നു.

 

അയാൾ പൊങ്ങി നിവർന്നതും കണ്ടത് മോള് പുഴയുടെ അടിയിലേക്ക് പോകുന്നതാണ്. അയാൾ പിന്നെയും മുങ്ങി അടിയിലേക്ക് പോയി. തെളിഞ്ഞ വെള്ളമല്ലെങ്കിലും അയാൾ തന്റെ മകൾ മരണ വെപ്രാളത്തിൽ പിടയുന്നത് കണ്ടു. അവളുടെ പുറകിലെത്തി അവളെ വെള്ളത്തിന് മുകളിൽ കൊണ്ടുവന്നു. ശ്വാസം കിട്ടിയതും അവൾ അയാളുടെ കഴുത്തിൽ മുറുകെ കെട്ടി പിടിച്ചു. ഇനി ആ പിടി വിടില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അയാൾ വീണ്ടും അവളെ ഉടുപ്പിനുള്ളിലാക്കി. എന്നിട്ടു അവളുടെ അമ്മയുടെ അടുത്തേക്ക് നീന്തി നീങ്ങി.

 

എപ്പോഴോ അയാളുടെ പേശികൾ തളർന്നു. ബോധം ചോർന്നു. ഒഴുക്കിനെ അയാൾക്ക് തോൽപ്പിക്കാനാകുന്നില്ല.

 

ഒഴുക്കിനു ശക്തി കൂടി. ഇക്കരെ നിന്ന അവളുടെ അമ്മ ഒഴുക്കിനൊപ്പം നടക്കാൻ തുടങ്ങി. അവർ കൺവെട്ടത്തു നിന്ന് മറയാതിരിക്കാൻ ഒഴുക്കിനൊപ്പം ഓടി ആവുന്നതും ശ്രമിച്ചു. ഒടുവിൽ ഒഴുക്കും ആ അമ്മയെ തോൽപ്പിച്ചു.

 

 

*****

 

കുറച്ചകലെ, മറുകരയിൽ, ഒരു കൂട്ടം ഭ്രാന്തന്മാരിലൊരാൾ മദ്യ ലഹരിയിൽ തന്റെ തോക്കു തുടച്ചു മിനുക്കി പറയുകയായിരുന്നു. "ഇന്ന് അവധി ദിനമായതു കൊണ്ട് ആകെ മടുപ്പാണ്. ബലാത്സംഗം ചെയ്യാൻ ഇരകളെ കിട്ടില്ലല്ലോ. ഒരു കൊച്ചു കുട്ടിയെ ബലാത്സംഗം ചെയ്തിട്ട് എത്ര നാളായി..."

 

 

*****

 

"മകളേ, നിനക്ക് ജീവിക്കാൻ ഈ ലോകം നല്ലതല്ല. ഈ ലോകത്തിനു അർഹത ഇല്ല. നിന്റെ അച്ഛന് അത് താങ്ങാവുന്നതിലും അപ്പുറമാണ്."

Srishti-2022   >>  Article - Malayalam   >>  ആചാരാനുഷ്ഠാനങ്ങളും ഇന്ത്യന്‍ ഭരണഘടനയും

Thuhina Jayachandran

IBS Software

ആചാരാനുഷ്ഠാനങ്ങളും ഇന്ത്യന്‍ ഭരണഘടനയും

പ്രതീകാത്മകവും  സങ്കീര്‍ണവുമായ ഉള്ളടക്കത്തോട് കൂടി ആവര്‍ത്തിച്ചു പോരുന്ന രീതികളാണു ആചാരാനുഷ്ഠാനങ്ങള്‍. ഒരു സമൂഹമോ സമുദായമോ അവരുടെ വിശ്വാസങ്ങള്‍ അനുയായികളില്‍ അനുശാസിക്കുകയും, തങ്ങളുടെ സാമൂഹ്യ നിലനില്പിനായി പിന്‍ഗാമികള്

 അവ കാല ങ്ങളായി ചെയ്തു പോരുകയും  ചെയുമ്പോള്‍ ആചാരാനുഷ്ഠാനങ്ങള്‍ പാരമ്പര്യമായി മാറുന്നു.

ആദിമ കാലഘട്ടത്തില് പ്രകൃതിയുടെ ചാക്രിക സ്വഭാവത്തെ കുറിക്കുന്നതിനായിരുന്നു ആചാരാനുഷ്ഠാനങ്ങളെങ്കില്‍

, വേദകാലഘട്ടത്തോടെ അതു സാമുദായികവും സാമൂഹികവുമയ ആവര്‍ത്തനങ്ങളായി മാറി.ഇന്നത്തെ ഇന്‍ഡ്യന്‍ പശ്ചാത്തലത്തില്‍

 , ഈ ആചാരാനുഷ്ഠാനങ്ങളുടെ പ്രസക്തിയെകുറിച്ച് പറയുമ്പോള്‍, അവയെ നന്നായി വിശകലനം  ചെയ്യേണ്ടത് അനിവാര്യമാണു്‌. കേവലമായ യുക്തി ബോധം കൊണ്ടു മാത്രമോ കാമ്പില്ലാത്ത അന്ധവിശ്വാസങ്ങള്‍ കൊണ്ടു മാത്രമോ നേരിട്ട് തോല്പിക്കേണ്ട വിഷയമല്ല ഇവിടെ കിട്ടിയിരിക്കുന്നത്.

ഭാരതത്തില്‍ ആചരാനുഷ്ഠാനങ്ങള്‍ ജന്മം കൊണ്ടത് വേദകാലഘട്ടത്തിലാണെന്ന് ചരിത്രം പറയുന്നു. ഋഗ്വേദത്തിലെ പുരുഷസൂക്തശ്ലോകത്തിലൂടെയാണു്‌ ചാതുര്‍വര്‍ണ്യം  എന്ന സങ്കല്പം  ഭാരതമണ്ണില്‍ പിറന്നത്‌. പരമപുരുഷന്റെ ശിരസ്സില് നിന്ന് ബ്രാഹ്മണനും, കരങ്ങളില്‍ നിന്ന് ക്ഷത്രിയനും, തുടകളില്‍ നിന്ന് വൈശ്യനും, പാദങ്ങളില്‍ നിന്ന് ശൂദ്രനും ഉണ്ടായി എന്നത്രെ. ഭൂമിയില്‍ നിന്നും ഉയര്‍ന്നു നില്ക്കുന്ന ശിരസ്സില്‍ നിന്നും വന്നവരാണു കേമന്മാര് എന്നുള്ള വിവേചനം ഉണ്ടാകാതിരിക്കാന്‍

 ആകാം , ഭഗവാനെ അനന്തശയനനായി വിഭാവനം ചെയ്തത്. അതിലൂടെ, എല്ലാ അംഗങ്ങളും തുല്യമാണെന്നും  അവിടെ

  നിന്നുണ്ടായ മനുഷ്യര്‍  ലോക നന്മക്കു വേണ്ടി ഒന്നിച്ച് വര്‍ത്തിക്കണമെന്നും അര്‍ഥമാക്കിയിരിക്കുന്നത്രേ. എല്ലാവരിലും ഒരുപോലെ ഭഗവാനെ ദര്‍ശിക്കുവാനും, എല്ലാവരും തുല്യരാണെന്നുമുള്ള   'സമദര്‍ശനം'  എന്ന സനാതന ധര്‍മത്തിലെ ചിന്താ സരണിയാകാം ഈ സൂക്തതിന്റെ കാതല്‍. ഒരു തരത്തില്‍  പറഞ്ഞാല്‍, ഒരു സമൂഹത്തിന്റെ സുസ്ഥിരതയ്ക്കു അവശ്യം വേണ്ട 4 വിഭാഗങ്ങളടങ്ങുന്ന അവസ്ഥയെ നമ്മള്‍  ചാതുര്‍വര്‍ണ്യം  എന്നു വിളിച്ചപ്പോള്‍, പാശ്ചാത്യര്‍ അതിനെ ഫ്യുടലിസ്റ്റ് വിഭാഗങ്ങളായി കണ്ടു. 

പില്കാലത്ത്, ഓരോ വിഭാഗങ്ങളും  താന്താങ്ങള്കു ലഭിച്ച കുലതൊഴിലുകള്‍ മാത്രം പഠിച്ച്, ജീവിക്കുന്നവരായി. ഓരോ തൊഴിലിനും  അന്തസ്സും  പദവിയും  കല്പിച്ചു നല്കപ്പെടാന്‍ തുടങ്ങി. അതിനു അടിത്തറ പാകിയത് മനുസ്‌മൃതി പോലുള്ള ധര്‍മ്മ ശാസ്ത്രങ്ങള്‍

 ആയിരുന്നു. ഭഗവദ് ഗീതയിലും സനാതന ധര്‍മത്തിലും പറയപ്പെട്ട ' ലോക സംഗ്രഹവും സമദര്‍ശനവും " സൌകര്യ പൂര്‍വം  വിസ്മരിക്കപെട്ടു. പകരം,മുന്‍ജന്മപാപങ്ങളാല്‍ ഒരുവന്‍ താഴ്ന്ന കുലത്തില്‍ പിറക്കുന്നു എന്നു പുനര്‍ജന്മത്തിന്റെയും  ആത്മീയതുടെയും  മറവില്‍ പഠിപ്പിച്ചു.പിന്നീടു കൊളൊനിയല്‍ ഭരണകാലത്തു വിഭാഗീയതയും വര്‍ണവിവേചനവും പ്രാദേശികാടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും ജാതി വ്യവസ്ഥയായി തഴച്ചു വളര്‍ന്നു. മുന്‍പ് പറഞ്ഞത് പോലെ, മനുസ്‌മൃതി, ഓരോ വര്‍ണവും പാലിക്കേണ്ട ചട്ടങ്ങള്‍

സമാഹരിച്ചിട്ടുണ്ട്. ഓരോ വര്‍ണത്തിനും ആരേ കല്യാണം കഴിക്കണം, എങ്ങനെ കല്യാണം കഴിക്കണം, ആരെ പൂജിക്കണം, എന്തു കഴിക്കണം,എന്തു ധരിക്കണം, എല്ലാത്തിനും ചിട്ടവട്ടങ്ങളുണ്ട്.വേദ പഠനം ബ്രാഹ്മണന്മാര്‍ക്കെങ്കില്‍

, ശൂദ്രര്‍ക്കു അതു നിഷിധ്ധമാണ്.കള്ളു കുടിക്കുന്നത് ബ്രാഹ്മണര്‍ക്കു കൊടും പാപമെങ്കില്‍

, ശൂദ്രര്‍ക്കു അതിനുള്ള അവകാശം മനു നല്കി.മറ്റുള്ളവര്‍ ഇട്ടുപയോഗിച്ച വസ്ത്രങ്ങളും, അവന്‍ കഴിച്ചതിന്റെ ബാക്കിയും കഴിക്കാനേ ശൂദ്രനു വിധി നല്കിയുള്ളൂ. ഒരേ വര്‍ണത്തില്‍ പെട്ടവര്‍

  തമ്മില്‍ മാത്രമെ കല്യാണം  നടക്കാന്‍ പാടുള്ളൂ എന്നുംഓരോ വര്‍ത്തിലെ സ്ത്രീകള്‍ ഉടുക്കേണ്ട സാരിയുടെ നീളവുംഅണിയാന്‍

 അനുവദിക്കപ്പെട്ട ആഭരണങ്ങളും, ആര്‍ക്കൊക്കെ കിണറില്‍ നിന്നും വെള്ളം കോരാമെന്നുംഓരോരുത്തര്‍

 അമ്പലത്തിലേക്ക് കയറേണ്ട വാതിലിനെ പറ്റിയും  ഒക്കെ വ്യാഘ്യാനങ്ങളുണ്ടായി.

സ്ത്രീകളെ സംബന്ധിച്ചും അനുഷ്ഠാനങ്ങള്‍ ഏറെ ഉണ്ടായിരുന്നു.നാണവും അച്ചടക്കവും ഒതുക്കവും ഉള്ളവരാണു യഥാര്‍ഥ സ്ത്രീകള്‍

 .ഒച്ചയുയര്‍ത്തി സംസാരിക്കുവാനോ പുരുഷന്റെ മുഖത്തു നോക്കി സംസാരിക്കുന്നതൊ അവള്ക് നിഷിധ്ധമയിരുന്നു.ഒരു പുരുഷനെയും സ്ത്രീയെയും വ്യഭിചരിച്ചതിനു ശിക്ഷിക്കുന്നതിനു പോലും വിവേചനം ഉണ്ടായിരുന്നുദിവ്യ സ്നാനം ചെയ്ത് പുരുഷനെ ശുദ്ധീകരിക്കുമെങ്കില്‍, സ്ത്രീയെകുടുംബത്തില്‍ നിന്നും ഭ്രഷ്ട് കല്പിച്ച് ജീവിതകാലം മുഴുവന്‍ ഒറ്റപെടുത്തുമായിരുന്നു.

പര്ദാ എന്ന ആചാരം  ഹിന്ദു സ്ത്രീകളും  മുസ്ലിം  സ്ത്രീകളും  ആചരിച്ചു പോന്നു. മറ്റു പുരുഷന്മാരുടെ മുമ്പില്‍വെച്ച് ഭര്‍ത്താവിനോട്സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ലഹിന്ദു സ്ത്രീകള്‍ ഇതാചരിച്ചിരുന്നു എന്നതിന്റെ തെളിവാണുഇന്നും  ചില ഉത്തരേന്ത്യന്‍

 ഹിന്ദുസ്ത്രീകള്‍  ആരാധനാലയങ്ങളില്‍  കയറുമ്പോള്‍തലയില്‍ ദുപ്പട്ടയിടുന്നത്.സ്ത്രീകളുടെ പാതിവ്രത്യത്തിനും  കന്യകാത്വത്തിനും അത്രമേല്‍പ്രാധാന്യം കല്പിച്ചതു കൊണ്ടാകാംസ്ത്രീകളെ സസൂക്ഷ്മം  വീക്ഷികുന്നതിനുള്ള പ്രവണത ഇന്നും സമൂഹത്തിലുള്ളത്.

മൂത്രം, രക്തം, മരണം , വിയര്‍പ്പ്തുപ്പല്‍ തുടങ്ങിയ ശരീര സംബന്ധമായ ദ്രവങ്ങള്‍ എല്ലാം അശുദ്ധമായി കണക്കാക്കി വന്നു.മണ്ണിനടിയില്‍,അഴുക്കില്‍  വളരുന്ന ഉള്ളി, കിഴങ്ങുമൊക്കെ സവര്‍ണനു വര്‍ജ്യമായിരുന്നു.

ക്രൈസ്തവരുടെയും ബുദ്ധമതസ്തരുടെയും ഇസ്ലാമുകലുടെയും ഹൈന്ദവരുടെയും ആചാരനുഷ്ഠാനങ്ങള്‍ പ്രത്യക്ഷത്തില്‍  വ്യത്യസ്തമെങ്കിലും അന്തര്‍ധാരഒന്നു തന്നെഉപവാസവും നൊയമ്പുംമാമോദീസയും ഉപനയനവും ഒക്കെ ഇങ്ങനെ തന്നെ.

പല ആചാരങ്ങളും കുടുംബകാരുടെ ഒത്തുചേരലിനൊരു കാരണമെങ്കിലും, ഒട്ടു മിക്കതും  വിവേചനജന്യമായിരുന്നു എന്നു സമ്മതിക്കാതെ വയ്യ.

പലപ്പോഴും തിരസ്കരിക്കപ്പെട്ട വിഭാഗങ്ങള്‍ അടുത്ത ജന്മമെങ്കിലും സവര്‍ണനായി ജനിക്കാന്‍വേണ്ടിഎല്ലാ അടിമത്തരങ്ങള്‍ക്കും നിന്നു കൊടുത്തു.അടുത്ത ജന്മവും തന്റെ സവര്‍ണ ജന്മം കാത്തു സൂക്ഷിക്കാന്‍ വേണ്ടി  സവര്‍ന്‍,തന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അത്യന്തം ശ്രദ്ധയൊടെയും സൂക്ഷ്മതയോടെയും നിര്‍വഹിച്ചു പോന്നുഅതു കൊണ്ടു തന്നെയാണ്,ഇന്ഡ്യന്‍ മഹാരാജ്യത്ത് സവര്‍ണ ആചാരങ്ങള്‍ക്കും  വിശ്വാസങ്ങള്‍കും അനുഷ്ടാനങ്ങള്‍കും ഇത്രയധികം പ്രാമുഖ്യം കല്പിച്ചു പോന്നത്അങ്ങനെ ഒരേ വര്‍ണത്തില്‍ പെട്ടവര്‍ താന്താങ്കളുടെ വ്യക്തിത്വ നിലനില്പിനും തങ്ങളെ തമ്മില്‍ തിരിച്ചറിയുന്നതിനും അവര്‍ പല ആചാരങ്ങളും ഉണ്ടാക്കിയെടുത്തു നിലനിര്‍ത്തി.

കാലഹരണപ്പെട്ടതെങ്കിലും ആചാരാനുഷ്ടാനങ്ങളില്‍ പലതിലും അതതു കാലോചിതമായ സത്യവും ഉള്ളടക്കങ്ങളും ഉണ്ടായിരുന്നു.പണ്ട്ആര്‍ത്തവസമയത്ത് സ്ത്രീകള്കു വിശ്രമം നല്കാനായി അവരെ വീട്ടുപണികളില്‍ നിന്നും അകറ്റി നിര്‍ത്തണം.പക്ഷെഎല്ലാ വീടുകളിലും അവള്ക് ആവിശ്രമം കിട്ടിയില്ലെങ്കിലൊ എന്ന ചിന്തയാകാംഒരു പക്ഷെ അവള്‍ ര്‍ത്തവസമയത്ത് വെള്ളം കോരിയാല്‍ കിണര്‍ ഇടിയുമെന്നും ഈശ്വര കോപം ഉണ്ടാകുമെന്നൊകെ പറഞ്ഞുവന്നത്സുമംഗലികള്‍ കുങ്കുമം ധരിക്കുന്നതിനും വെള്ളിമിന്ജിയണിയുന്നതിനും കൈകള്‍ കൂപ്പി നമസ്കാരം പറയുന്നതിനും അമ്പലത്തില്‍ മണിയടിക്കുന്നതിനും ഒക്കെ ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ട്.തലതെക്കോട്ട് വെച്ച് ഉറങ്ങരുത് എന്നു പറയുന്നത്ഭൂമിയുടെ കാന്തിക വലയത്തിനു അസമമായി കിടക്കാതിരിക്കാന് ആണത്രെ.പക്ഷെ പലപ്പോഴും വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും ശാസ്ത്രീയതയും വസ്തുതുതയും പുറത്തു വന്നില്ലെന്നു മാത്റമല്ല,ഇപ്പോളും പഠിപ്പിക്കുന്നില്ല.പൌരാണിക മിത്തുകളെ വളച്ചൊടിച്ചിച്ചിലില്‍  നിന്നും യുക്തിയുക്തമായ വ്യഖ്യാനത്തിലേക്കും  ഇന്ത്യന്‍ സംസ്കാരത്തിന്റെഉറവിടങ്ങളിലേക്കും വെളിച്ചം വീശുന്ന ചരിത്ര ബോധത്തിലേക് നയിക്കാന്‍ വിശ്വസങ്ങളിലെ വസ്തു നിഷ്ഠത ഉപകരിക്കണംപുരാവസ്തുക്കളില്‍ നിന്നും,ഗുഹാചിത്രങ്ങളില്‍ നിന്നുമൊക്കെ കിട്ടിയ തെളിവു വെച്ചുള്ള ഡി.ഡി കൊസമ്പിയുടെ പഠനങ്ങളും നമുക്ക് കാണിച്ചു തന്നത് യഥാര്‍ഥചരിത്റബോധം കൊണ്ട് ആധുനിക ജീവിതത്തിലെ സമസ്യകള്കു ഉള്കാഴ്ച പകരണം എന്നാണ്.

നമ്മുടെ ഇന്ത്യന്‍തത്വചിന്ത എന്ന അതിമനോഹരമായ സങ്കല്പം ഇന്നു ലോകമെമ്പാടും ആശ്ലേഷിക്കാന്‍ തുടങ്ങിയയിരിക്കുന്നത് ആധുനികജീവിതത്തിലെ വള്ളിക്കെട്ടുകളില്‍ നിന്നു മനസ്സിനെ മുക്തമാക്കാനാണ്. ഒരു മതത്തിന്റെ മാത്രമാകുന്നതല്ല ഈ പൈത്രുകവും ചിന്താരീതിയും.ഭാരതീയന്റെ ഈ പൈതൃകത്തെ ഇന്നു ലോകമെമ്പാടും ബഹുമാനിക്കുന്നു.ആത്മീയതയുടെ ശ്രേഷ്ഠമായ ശാഖയായി മാറിയിരിക്കുന്നു യോഗഭഗവദ് ഗീത ഇപ്പോളും ക്രൈസിസ് മാനേജ്മെന്റിന്റെ അവസാന വാക്കായി പലരും കാണുന്നു.

പൌലൊകൊയ്ലൊയും ജോണ്‍ ആടംസും  പറയുന്നതും നയിക്കുന്നതും നമ്മുടെ ഏടുകളില്‍ പറയുന്ന നാലു തരം യോഗങ്ങളിലേക്കാണ്. അവനവന്റെആത്മാവിനെ പരമാത്മാവിനോട് ചേറ്ക്കുവാനാണ് ഓരോ വ്യക്തിയും ശ്രമിക്കുന്നത്. അതായത് അവനവനിലെ ഈശ്വരനെ ഉദ്ദീപിപിക്കുവാനുള്ളആഹ്വാനം ആണ്; അവനവനിലെ നന്മയെയാണ്‍ ഈശ്വരന്‍ എന്നു പറയുന്നത്.അങ്ങനെ ചെയ്യുമ്പോള്‍ഒരു മനുഷ്യന്‍ സ്വയം ഈശ്വരന് ആകുന്നു.തത്വമസി!!!

ഇതു തന്നെയാണു ശബരിമലയിലെയും ജ്ഞാനാന്വേഷണം.ആത്മ സാക്ഷാത്കാരം.

അവിടെ സ്ത്രീയെന്നൊ പുരുഷനെന്നൊ ഇല്ലഎല്ലാവരും ഈശ്വരനാണ്.അവര്‍ അന്യോന്യം അയ്യപ്പന്‍ എന്നു വിളിക്കുന്നു അഥവ മാളികപ്പുറത്തമ്മ എന്നു വിളിക്കുന്നുപക്ഷെഎല്ലാവര്‍ക്കും വിശ്വാസത്തിന്റെ ഈ ഉന്നതതലത്തില്‍ എത്താന്‍ പറ്റില്ലായിരിക്കും എന്ന സംശയത്താലാകാംപുരുഷനെ അവന്റെ വ്രതത്തില്‍ പ്രലോഭനം  നല്കാതെ മാറിനില്ക്കാന്‍ പണ്ട്സ്ത്രീകളോട് ആവശ്യപെട്ടത്.അവിടെയും, എന്തുകൊണ്ട് പുരുഷന്‍ മാത്രം എന്ന ചോദ്യം ഇപ്പോളും ഉണ്ട്!!ആ വാഗ്വാദത്തിലേക്ക് കടക്കുന്നില്ല!!

എന്നിരുന്നാലുംഭാരതസംസ്കാരത്തിലും ദര്‍ശനത്തിലും ആര്‍ജവം കൊള്ളാനും ഊറ്റം കൊള്ളാനും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. കാരണം എല്ലാം പാശ്ചാത്യവത്കരിക്കപ്പെടുമ്പോളും, ഗ്രീക്ക് പുരാവൃത്തങ്ങള്‍ കാലഹരണപെട്ടപ്പോളും, ഭാരതീയനെയും അവന്റെ സംസ്കാരത്തിനും പ്രാധാന്യം കിട്ടുന്നത് നമ്മുടെ പുരാവൃത്തങള്ക് അടിത്തറയുള്ളത് കൊണ്ടാണ്.പ്‌റസക്തിയുള്ളത് കൊണ്ടാണ് .

ആശയപരമായും പ്രത്യയശാസ്ത്രപരമായും ഭൌതികവാദങ്ങളിലൂടെയും  ഒക്കെ ആചാരാനുഷ്ടാനങ്ങളെ അവലോകനം ചെയ്യാം.പക്ഷെ അതിലൂടെ, നമ്മുടെ തത്വചിന്തയെ തൃണവല്കരിക്കാന്‍വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഇത്രയേറെ ഋഷി പരമ്പര അവകാശപ്പെടാനുള്ള ഇന്ത്യയില്‍ പല അനാചാരങ്ങളും  ജനിച്ചെങ്കിലും  അവ നിലനിന്നതെങ്ങനെആ നിലനില്പ് അന്നത്തെ സമൂഹത്തിനാവശ്യം  ആയിരുന്നോ നേരത്തേ സൂചിപ്പിച്ചതു പോലെ “വിശ്വ മാതൃതത്തെ വേദമഴുവിനാല്‍ വെട്ടി പുരോഹിത പാദത്തില്‍വെച്ചപ്പൊള്‍ഈശ്വരന്‍ ഒരു സ്വേഷ്ചധിപതി ആയി. ദുഷ്പ്രഭുത്വം  കൊടികുത്തി വാണു. അതായത് ഇതിഹാസങ്ങളെയും മതഗ്രന്ഥങ്ങളെയും പൌരാണികങ്ങളേയും അന്ധവിശ്വസജന്യമയ വര്‍ണനകളിലൂടെ വ്യാഖ്യാചിച്ചപ്പൊള്‍, മതങ്ങളിലെ മൂല്യങ്ങള്‍പോയിഅവ വെറും അനാചാരമായി മാറി.

പ്രവാചകന്മാര്‍ ഭൂമിയില്‍ അവതരിച്ചപ്പോളും അനാചരങ്ങളെ പാടെ തച്ചുടക്കാന്‍ കഴിഞ്ഞില്ല;കാരണം അനേക നൂറ്റാണ്ടുകളായി സമുദായ മധ്യത്തില്‍ ആഴത്തില്‍ വേരൂന്നി പിടിച്ച ആചാരനുഷ്ടാനങ്ങളെയും വിശ്വാസങ്ങളേയും പാടെ പുഴകിക്കളയാന്‍ ശ്രമിക്കുന്നത് നിഷ്പ്രയോജനവും വ്യര്‍ഥവുമാണെന്ന് അവര്‍ അന്നേ തിരിച്ചറിഞ്ഞു.ഇത് സമൂഹത്തിന്റെ ഒരു പൊതു സ്വഭാവം ആണ്ഈ സ്വഭാവം ഇപ്പോളും എത്ര പ്രസക്തമാണെന്ന് അടുത്തിടെ നടന്ന ശബരിമല പ്രശ്നവും മുത്തലാഖിനെ ചൊല്ലിയുള്ള വിവാദവും ചൂണ്ടികാണിക്കുന്നു.

സമൂഹത്തിന്റെ ഈ സ്വഭാവം മനസിലാക്കി മാത്രമെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റത്തിന്റെ വരുതിയിലേക്ക് കൊണ്ടുവരാന്‍ പറ്റുള്ളൂ. അങ്ങനെ മനസ്സിലാക്കിപഠിച്ച് അനാചാരങ്ങളെ മാറ്റി നവോത്ഥാനത്തിലൂടെ കാലങ്ങള്‍ കൊണ്ട് പ്രബുദ്ധരായവരാണ്‍ ഭാരതത്തിലെ ഒരു പിടി മനുഷ്യരെങ്കിലും. അന്നു നമ്മെ അതിനു തയ്യാറാക്കിയ നായകന്മാര്‍ അവലമ്പിച്ച വഴികള്‍ നിയമവും  നീതിയും ന്യായവും ആയിരുന്നു.

ആദര്‍ശാത്മകമായ നീതിന്യായ വ്യവസ്ഥ്തികള്‍ ഭരണഘടനയായി രൂപം പ്രാപിചപ്പോള്‍, അത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെപ്രഭവകേന്ദ്രവും ഊര്‍ജസംഭരണിയും  ഈ രാഷ്ട്രത്തിന്റെ അടിസ്ഥാനപ്രമാണമായും മാറി.ചീഫ് ജസ്റ്റിസ് മര്‍ഷലിന്റെ വാക്കുകളില്‍

 “ മനുഷ്യ നിര്‍മ്മിത സ്ഥാപനങ്ങള്ക്ക് എത്തിച്ചേരാന്‍ കഴിയുന്നത്ര അനശ്വരതയിലേക്ക് ഒരു ജനതയെ കൊണ്ടുപോകാന്‍ വേണ്ടി നിര്‍മ്മിക്കപെടുന്നതാണു രാജ്യത്തിന്റെ ഭരണഘടന.

അമര്‍ത്യാസെന്‍ തന്റെ നീതിയുടെ ആശയം എന്ന പുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥിതിയുടെ പ്രായോഗികതയെ പറ്റി പറയുന്നുണ്ട്.പൂര്‍ണ നീതിവ്യവസ്ഥ അഥവ പരിപൂര്‍ണമായും എല്ലാ സമൂഹതിന്റെയും ന്യായവാദത്തെ പരിഗണിക്കുകയും ഉള്കൊള്ളുകയും ചെയ്യുന്ന ഒരു നീതി വ്യവസ്ഥപ്രായോഗികമല്ലനീതിന്യായ വ്യവസ്ഥിതിയുടെ ഒരു താരതമ്യ വാദ സിദ്ധാന്തം ആണു സെന്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഇതു തന്നെ ഭരണഘടനയുടെ പിതാവായ അംബേദ്കര്‍ താക്കീത് ചെയ്തിരുന്നു: “ 1950, 26 ജനുവരിയിലൂടെനമ്മള്‍ വൈരുധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് നീങ്ങുകയാണ്.രാഷ്ട്രീയത്തില്‍ നമുക്ക് തുല്യത ഉണ്ടായിരിക്കംഎന്നാല്‍ സാമൂഹികപരമായുംസാമ്പത്തികമായും നമ്മില്‍ അസമത്വം ഉണ്ടാകും."

ഈ അടുത്തിടെ നടന്ന ജല്ലിക്കെട്ട് വിവാദം എടുത്താല്തങ്ങളുടെ ആചാരം സംരക്ഷിക്കണം എന്നു വാദിച്ചവര്‍ ഒരു വശത്തെങ്കില്‍മൃഗസ്നേഹികളായവര് മറ്റൊരു വശത്ത്.2 വാദങ്ങളും ശരിയാണ്.ഈ രണ്ടു കൂട്ടര്‍ക്കുമായിമുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചട്ടങ്ങള്‍ മാത്റംഅവലംബിക്കുന്നത് ശരിയായ നിലപാടല്ലഇവിടെയാണു ജനാധിപത്യതിന്റെ വിരോധാഭാസം വീണ്ടും ചോദ്യം ചെയ്യപെടുന്നത്.ഒരു കൂട്ടരുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പൊള്‍, അത് പാലിക്കേണ്ടത് മറ്റുള്ളവരുടെ പൌരധര്‍മമാണ്.ഈ രണ്ടുകൂട്ടരുടെയും താത്പര്യങ്ങള്‍ ക്രമസമാധാനതിനുതകും വിധം സംരക്ഷിക്കപ്പെടുകയോ ഭേദഗതി വരുത്തുകയൊ ചെയ്യണം.വിവിധ സമൂഹത്തെയും സമുദായങ്ങളെയും സ്വാധീനിക്കുന്ന തീരുമാനങ്ങളില്‍

 ഓരോ വിഭാഗത്തിന്റെയും ആവശ്യങ്ങളെയും താത്പര്യങ്ങളെയും തിരിച്ചറിഞ്ഞ് കൊണ്ടുള്ള ഒരു സമവായത്തിലെത്താന്‍

 നീതിന്യായ വ്യവസ്ഥക്കു കഴിയണം.അതിനുതകുന്ന വിധത്തില്

 അയവും മുറുക്കവും സന്തുലിതാവസ്ഥയില്‍

 നിലനിര്‍ത്താന്‍ പ്രാപ്തമാകണം ഇന്ത്യന്‍ ഭരണഘടന.എല്ലാ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും  കണക്കിലെടുക്കണം എന്നു പറയുമ്പോള്‍,ഉദ്ദേശിക്കുന്നത് ഭാരതീയ ചരിത്രത്തെയും സംസ്കാരത്തെയും  വികൃതമായി വളച്ചൊടിക്കാതെചര്‍ചകള്കും വിട്ടുവീഴ്ചകള്കും നല്കി യുക്തിസഹമയ തീരുമാനങ്ങള്‍ എടുക്കണമെന്നാണ്. 

ഇപ്രകാരം ഭരണഘടന ബഹുമുഖമാകുമ്പോള്‍, “ ഭരണഘടന രൂപകല്പന ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന യുഗങ്ങള്കു വേണ്ടിയാണു" എന്ന മഹാന്റെ വാക്കുകള്‍ സാര്‍ഥകമാകും.

Srishti-2022   >>  Poem - Malayalam   >>  എഴുതാപ്പുറങ്ങൾ

Hanubindh

IBS Software

എഴുതാപ്പുറങ്ങൾ

ഒരു പെരുമഴയുടെ ഒഴുക്കിൽ അലിഞ്ഞൊഴുകി

ചില എഴുതാപ്പുറങ്ങൾ.

പ്രളയമതിൽ അലിഞ്ഞു ചേർന്നു 

പല കണ്ണുനീർത്തുള്ളികൾ.

 

ഒരുപാടൊരുപാട് ശ്രുതിപിഴച്ചൊരു ഗാനം പോലെ

ഇടി അലറിമുഴങ്ങി.

അതിന് അഘോര താളത്തിൽ താണ്ഡവമാടി 

ചില നീരാളികൾ.

 

ഒരു കാലനായി മാറി പുഴ കരകവിഞ്ഞു 

പിടി മുറുക്കി.

അതിൻ കഠോരാലിംഗനത്തിൽ പൊളിഞ്ഞൊടുങ്ങി

പല കരകാണാസ്വപ്നങ്ങൾ.

 

ഒരു പ്രളയമണി മുഴങ്ങി ഇവിടെ  

ഭിന്നതകളുടെ കെട്ടുപൊളിക്കാൻ.

അതിൽ പൊഴിയട്ടെ  തകർന്ന അടിയട്ടെ

വേർതിരിവുകളുടെ  മുൾവേലികൾ.

 

ഒരുമയുടെ  സംഘഗാനം  പാടി ഉണരാം

നമുക്കു ഉയരാം.

പൊലിമയുടെ  ശംഖൊലി മുഴക്കി  വിരിയട്ടെ

ഒരു നവകേരളം!

Srishti-2022   >>  Poem - Malayalam   >>  ബാഷ്പഹാരം

Arya Ajayakumar

IBS Software

ബാഷ്പഹാരം

ഇതളണിയാൻ കഴിയാതെപോയ എൻ സ്വപ്നങ്ങൾക്ക്
മിഴിനീർ മുത്തുകൾ കോർതൊരു ബാഷ്പഹാരം...
 
ഏകമാം യാമങ്ങളിൽ,
നോവണിഞ്ഞ മിഴികളി,
നിദ്രതൻ ഓമൽ തലോടൽ എത്താൻ വൈകും രജനികളിൽ,
എൻ മുന്നിൽ അന്ധകാരത്തിലൂടെ വെള്ളക്കുപ്പായമണിഞ്ഞ്
കടന്നുപോകാറുള്ളവക്ക്  ആത്മാവിൻ ഉപഹാരം!
 
ആരെങ്കിലും കാണും മുൻപേ,
ചിതറിവീണ് ഭൂമിയെ അശുദ്ധമാക്കും മുൻപേ,
എൻ നീർമണികളെ ഓരോന്നായി കോർത്തെടുത്ത്
ഞാൻ പണിയും ഹാരമണിഞ്ഞ്
എൻ ഹൃദയത്തിൻ ഒരു കോണിൽ ഒതുങ്ങുക നീ...
 
വീണ്ടും വൃർഥമായി കിനാവുകൾ കാണാതിരിക്കാൻ,
ഏന്നിൽ പിന്നെയും ചപലമാം മോഹങ്ങ മുളയിടാതിരിക്കാൻ...

Srishti-2022   >>  Poem - Malayalam   >>  ഭയം

Vineetha P

IBS Software

ഭയം

കതകിൽ മുട്ടുന്നാരോ,
ഇരുളിൽവീണ്ടും വീണ്ടും.
തുറന്നു നോക്കാനായി
പേടിയാണെനിക്കിപ്പോൾ.

വിശന്ന നേരം തിന്നു-
പോയതിൻ ബാക്കിപത്രം
ചികഞ്ഞു നോക്കാൻ വന്ന
ഭ്രാന്തന്മാരാണെങ്കിലോ.

അറിയാതെന്നോ പണ്ട്
കുറിച്ച വരികൾക്ക്
പകരം വിരൽ വാങ്ങാൻ
വരുന്നോരാണെങ്കിലോ.

ചിലപ്പോൾ പ്രണയിച്ചു
പോയ സാഹസത്തിന്ന്
വിധിക്കാൻ പുറപ്പെട്ട
ന്യായവാദികളാവാം.

കറുത്ത നിയമങ്ങൾ
എഴുതി വച്ചീടുമ്പോൾ
എതിർത്ത കുറ്റത്തിന്ന്
നിയമപാലകരാകാം.

അറിഞ്ഞ ശാസ്ത്രത്തിനാൽ
ഇരുളൊന്നകറ്റുമ്പോൾ
ഉറക്കം നഷ്ടപ്പെട്ട
യമകിങ്കരരാവാം.

പേരുകൾ പലതാവാ-
മെന്നിരുന്നാലും മുഖം-
മൂടിയൊന്നഴിഞ്ഞെന്നാൽ
എല്ലാരുമൊരുപോലെ.
നിറവും ഭാവങ്ങളും
വേറെയായേക്കാമെന്നാൽ
പറയും ഭാഷക്കെല്ലാം
എത്രയോ‌ സാഹോദര്യം.
പേരിവർക്കൊന്നേയുള്ളൂ
'ഭരിക്കുന്നവൻ', ബാക്കി-
യാടയാഭരണങ്ങൾ
മാറിമാറി വന്നേക്കാം.

ആരുമാവട്ടേ ഇനി
തുറക്കാനാവില്ലെനി-
ക്കോർമ്മകൾ കുഴിവെട്ടി
മൂടുവാൻ പഠിക്കണം.

'
തെറ്റ് കുറ്റങ്ങൾ'ക്കെല്ലാം
മാപ്പുകൾ പറയണം
മിണ്ടാതെയനങ്ങാതെ
ഉറങ്ങി‌ ജീവിക്കണം

Srishti-2022   >>  Poem - English   >>  My Dear Life

Hanubindh

IBS Software

My Dear Life

The match is on
Since I am born
We slug it out
On a perennial bout!
Down I go
On each of your blow
Up I raise
Each time it's the case!
Fathoming the dark
As situations turn stark
Yet I am not done
Until the struggle is won!
Assault you would
As much you could
Still shall I persist
Till I do exist!
Patient shall I be
Persistent shall I be
Bring it on
Oh my dear life!

Srishti-2022   >>  Poem - Malayalam   >>  കൈരളിയുടെ നാട്ടിൽ

Rakesh R

IBS Software

കൈരളിയുടെ നാട്ടിൽ

ജലം ജലം ജലം ..
ഭൂമി ദേവിതൻ മാറു പിളർന്നുകൊണ്ട്
ജലം സംഹാര താണ്ഡവമാടി
ലക്ഷോപ ലക്ഷങ്ങൾ പ്രാണ ഭയത്താൽ
സർവവും തേജിച്ചു പലായനം ചെയ്തു

ഭൂതകാലത്തിലെ ശത്രു മിത്രമായി മാറി
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞു
മതങ്ങളും ജാതിയും വർണങ്ങളും
ആ ജലവാഹിനിയിൽ ഒലിച്ചു പോയി
പുതിയൊരു സ്നേഹ മതം ജനിച്ചു

ജലം ജലം ജലം ..
കൈരളിയൊന്നായി സാന്ത്വനമേകി
ഒരുമയുടെ ആ അണക്കെട്ടു ഭേദിക്കാൻ
പ്രകൃതിക്കുമായില്ല
വിഷപ്പാമ്പുകൾ മൗനത്തിലായി

വർഷം തണുത്തു
പ്രളയം മറഞ്ഞു
മണ്ണും മനുഷ്യനും മാത്രമായി
സൂര്യൻ തെളിഞ്ഞു മനം തെളിഞ്ഞു
കാലം പുതു ഗാഥയെ പുകയ്ത്തി

നവ കൈരളി നിർമിക്കാൻ
ഏവരുമൊന്നായി പൊരുതി
മാനസം കറുത്തു
മൈത്രി പൊലിഞ്ഞു
വിഷപ്പാമ്പുകൾ പാതിയെ ഉണർന്നു

മനുഷ്യൻ മരിച്ചു
മതങ്ങൾ വളർന്നു
ജാതിയും കുലവും തിരഞ്ഞു
പുതു യുഗപ്പിറവിക്കാന്ത്യമായി
സ്നേഹം ചരമമടഞ്ഞു

Srishti-2022   >>  Poem - English   >>  Let my soul rest in peace

Bhavana Nai

IBS Software

Let my soul rest in peace

When I die,

Do not shed tears for me

Nor say those words you never said.

 

For if you do,

I will feel like returning to you

And learn, I’ve no way to.

 

Thereafter,

I will die many deaths

And my soul will not rest in peace.

 

It will wander in the heaven,

Like it did on earth

Waiting for you. Your love.

Srishti-2022   >>  Poem - English   >>  The yellow leaf tale

Arya Ajayakumar

IBS Software

The yellow leaf tale

Breaking my loneliness blowed a breeze, a soft one

It did spread a fragrance, it did carry a leaf- a yellow one,

It did narrate to me a tale-a tale of its own!

 

A tale starring the yellow leaf and the cool breeze-

Our hero and heroine!

 

Our heroine was one among them, among all the leaves-

Tender and green but different!

 

She was unique and special because she was in love-

In love with our hero….

 

Every day he would come, blow them all,

All her sisters and brothers-taking no notice of her-

The little greeny in her teen!

 

She was captivated by the handsome

His fragrance touched not her body

But her soul!

 

She waited and waited with no regrets

Her heart filling with love, her eyes filling with tears-

For being unknown!

 

Longing for love she remained so till

Her green pigment disappeared

She started to become pale, but her love as fresh as a dew drop!

 

And then it happened….she was taken away by her handsome!

 

Lately the story had a happy ending…

She was realized and was taken away forever

By her sweet heart!

 

They are still in­ their never ending journey

Together spreading the cool scent of true love…..

 

And it did reach me breaking my loneliness

Filling me with the quest to sought my love-

My true love to break my loneliness forever!

Subscribe to IBS Software