Skip to main content
Srishti-2022   >>  Poem - Malayalam   >>  അജ്ഞാനത്തിലേക്ക് ഒരു മടക്കയാത്ര

Surya C G

UST Global

അജ്ഞാനത്തിലേക്ക് ഒരു മടക്കയാത്ര

പൊടിമഴ പെയ്തൊരാ

കുന്നിൻ ചെരിവിൽ നീ,

കൊടി നാട്ടി നിന്നിലെ

ചോരത്തിളപ്പിനാൽ.

 

പുഴയുംപ്രഭാതവും

സഹ്യനും, മേഘങ്ങൾ-

പേറുമാ അംബര-

ത്തിന്നും നടുവിലായ്.

 

കുത്തിനോവിച്ചു നീ

ഭൂമിയാം അമ്മതൻ

നെഞ്ചിൽ പൊടിഞ്ഞു

ചുടുരക്തം കണക്കിനെ.

 

പേശികൾ മുറുകുമീ

ക്രോധത്തിനിടയിൽ നീ

കണ്ടില്ല ഭൂമിതൻ

കണ്ണിലെ ചോരയെ.

 

കറുകറെ കാർമുകിൽ

പെയ്തിറങ്ങി നിന്റെ

കൊടികൾ വിഴുങ്ങുവാ-

നെന്ന പോലെ.

 

മണലുംമരങ്ങളും,

കൊടികളും കാലക്കെടുതിയിൽ

മുങ്ങി നിൻ

പ്രജ്ഞകളോരോന്നും.

 

ഒലിച്ചു പോയ്‌ നിന്നുടെ

വസ്ത്രത്തലപ്പിൽ നി-

ന്നൊഴുകി അഹന്തതൻ

ചുടുമഷിച്ചിത്രങ്ങൾ.

 

കേണു നീ രക്ഷയ്ക്ക്

കൊടിനിറം നോക്കാതെ,

അലറിക്കരഞ്ഞു നീ

മനുഷ്യനെ കാണുവാൻ.

 

വെളുപ്പായിരുന്നില്ലവൻ

നിന്നുടെ പ്രജ്ഞകൾ-

ക്കൊതിരുന്നില്ലവൻ

മത്സ്യബന്ധനം ചെയ്തവൻ.

 

കൈ നീട്ടി നീ

നിന്ദിച്ച കറുത്ത കൈകൾ

ചുടുരക്തം തിളക്കുന്ന

ശക്തമാം പേശികൾ.

 

അവനുടെ ചുമലുകളി-

ലേറി നീ അമ്മതൻ

കൈകളിൽ ചോര-

ക്കിടാവിനെ പോൽ.

 

വാഴ്ത്തി നീ അവനുടെ

സാഹസത്തെ,

മെനഞ്ഞു നീ രക്ഷതൻ

കഥകളേറെ.  

 

മേഘങ്ങളെല്ലാം

ചിതറിത്തെറിച്ചു പോയ്

സൂര്യകിരണങ്ങൾ

വന്നു പതിച്ചു നിൻ നെറുകിലായ്.

 

സട കുടഞ്ഞുണരുന്നു

നിന്നിലെ രക്ത-

ത്തിളപ്പിൽ ജനിച്ചൊരാ

വർഗീയവാദിയും.

 

ഭ്രാന്തമായ് പരതി നീ   

നിൻ കൊടിക്കായ്‌,

ചോര വാർന്നു കിടന്നൊരാ

സഹജർക്കിടയിലും.