Skip to main content
Srishti-2019   >>  Short Story - Malayalam   >>  അന്തസ്സുള്ള മരണം

അന്തസ്സുള്ള മരണം

Written By: Sarika V G
Company: Suntec

Total Votes: 0
Vote.

 സമയം സന്ധ്യയാരിക്കുന്നു. അകത്തെ മുറിയിൽ നിന്നും മണിക്കൂറുകളായി നിലവിളി ഉയർന്നുകേൾക്കുന്നുണ്ട്. ആ ശബ്ദം ഉണ്ടാക്കുന്ന അരോചകത്വം നിസ്സംഗതക്കു വഴിമാറിയിട്ടു മാസങ്ങളേറെയായി. ഹൃദയമിടിപ്പിൻ്റെ താളംകണക്കെ പരിചിതമായിരിക്കുന്നു നിലവിളിയുടെ ഏറ്റക്കുറച്ചിലുകൾ. വാടകവീട്ടിലെ അഴുക്കുപിടിച്ച ചുവരിലെ ഒരു  അദൃശ്യബിന്ദുവിൽ കണ്ണുകളുറപ്പിച്ച്‌ തണുത്തുറഞ്ഞ തൻ്റെ  ജീവിതത്തെപ്പറ്റി അയാളോർത്തു. സകലസൗഭാഗ്യങ്ങളും   ഒരായുസ്സിൻ്റെ സ്വപ്നവും സാക്ഷാത്കരിച്ച ദിനമാണിന്ന്. നിസ്സഹായതയുടെ പടുകുഴിയിൽക്കിടക്കുന്ന തന്നെനോക്കി ഊഷ്മളഭാവിയുടെ ആ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽനിന്ന് പല്ലിളിക്കുന്നതായി അയാൾക്ക്‌ തോന്നി.

 

 

                                                                      വികൃതമായ ആ നിലവിളി പിന്നെയുമുയർന്നു. വാടകവീടിൻ്റെ ചുമരുകൾ ഒന്ന് വിറച്ചു. തീപ്പെട്ടിക്കൂടുകൾ അടുക്കിവച്ചതുപോലെയുള്ള ഈ വീട്ടിൽ പലതട്ടുകളിലായി നാലു കുടുംബങ്ങൾ കഴിയുന്നുണ്ട്. മറ്റു വാടകക്കാർ പലതവണ  പരാതിപ്പെട്ട വിവരം ഉടമസ്ഥൻ  തന്നെയാണ് അയാളെ അറിയിച്ചത്. വീടൊഴിയാൻ രണ്ടാഴ്ച സമയം ചോദിച്ചു. മാനുഷികപരിഗണനയിനത്തിൽ ഒരുമാസം അനുവദിച്ചുകിട്ടി. കാലം കഴിയുന്തോറും സഹതാപത്തിൻ്റെയും  പരിഗണനയുടേയും ശക്തി കുറയും. പിന്നെയെല്ലാം മുതലെടുപ്പിനത്തിലാകും  കൂട്ടുക. ഒരു തണുത്ത ദീർഘനിശ്വാസം അയാളിൽനിന്നും പുറത്തുചാടി. ഉറങ്ങിത്തുടങ്ങിയ ലാപ്ടോപ്പിൻ്റെ മൗസ്‌പാടിൽ വിരലുരസി അതിനെ ജീവൻവയ്പ്പിച്ചു. 'ഓഫർ ലെറ്റർ'  എന്ന തലക്കെട്ടോടെവന്ന -മെയിൽ അയാൾ ഒരാവർത്തികൂടെ വായിച്ചു. ഉടമസ്ഥൻ അനുവദിച്ച അവസാന തീയതി മുന്നിൽ തൂങ്ങുന്ന കലണ്ടറിൽ ചുവപ്പു മഷികൊണ്ട് അടയാളപ്പെടുത്തിയിരുന്നുഓഫർ ലെറ്ററിലും  അതേ  തീയതി  ചുവപ്പിച്ചു കാട്ടിയിട്ടുണ്ട്. കലണ്ടറിലെ കൃഷ്ണൻ തന്നെ നോക്കി മുഖംപൊത്തി ചിരിക്കുന്നതായി അയാൾക്കു തോന്നി. പല്ലിറുമ്മിക്കൊണ്ട് കലണ്ടറിൽ നിന്നും കണ്ണെടുത്തു -മെയിൽ വായന തുടർന്നു ബാംഗ്ലൂർ ആണ് നിയമനം. മറവിയുടെ കയങ്ങളിലാണ്ടു തുടങ്ങിയ അമ്മയുടെ ശബ്ദം തലച്ചോറിൽ മുഴങ്ങി, ‘ഇനിയെങ്ങാനും പോസ്റ്റിങ്ങ് ബാംഗ്ലൂരാണെങ്കിൽ ഞാൻ ജോലി രാജിവക്കും. പിന്നെ ഞാൻ മരിക്കുന്നതു വരെ നീയെന്നെ നോക്കണം. നീ വാങ്ങുന്ന ഫ്ലാറ്റിൽ കാലും നീട്ടി ഞാനിരിക്കുംഎൻ്റെ മരുമോൾ ഇട്ടുതരുന്ന ചായയും കുടിച്ചു്.'

 

                                                                     

                                                                     അകത്തെമുറിയിലെ നിലവിളി മൂളലുകളായി ചുരുങ്ങി. ഹോംനഴ്സ്‌ മുറിയുടെ വാതിൽക്കൽ വന്നുനിന്നു മുരടനക്കി. കാച്ചിയ എണ്ണയുടെ മണം മുറിയിൽപ്പരന്നു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് വാതിൽക്കലേക്ക് നടന്നു. വെളുത്തുതടിച്ചു  പൊക്കം കുറഞ്ഞ ഒരു അമ്പതുവയസ്സുകാരിയാണ് നഴ്സ്. അവരുടെ തലയിലെ വിരലിലെണ്ണാവുന്ന മുടിയിഴകളിൽ നിന്നാണ് എണ്ണയുടെ മണം വരുന്നത്. വെളുത്തുവീർത്ത അവരുടെ വയർ സാരിക്കുള്ളിൽ ഒതുങ്ങാതെ പുറത്തുചാടി കിടന്നു. നിറയെ കുഴികൾ വീണ മുഖം എപ്പോഴും കടുത്തിരുന്നു. എന്തിനോടൊക്കെയോ ഉള്ള അതൃപ്തി അവരുടെ കൂട്ടിപിടിച്ച പുരികങ്ങളിൽ തങ്ങിനിന്നിരുന്നു.

'രാത്രീലത്തെ മരുന്ന് കൊടുത്തിട്ടുണ്ട്. ഉടനെ ഉറങ്ങുമായിരിക്കും. ഞാനിറങ്ങുന്നു', അവർ പറഞ്ഞു.

അയാൾ തലയാട്ടുകമാത്രം ചെയ്തു. ചെരുപ്പിടുമ്പോൾ അവർ മുഖത്തുനോക്കാതെ തുടർന്നു, 'അടുത്താഴ്ചമുതൽ ഇവിടെ വരണ്ടെന്നാണ് ഏജൻസിയിൽ നിന്നും പറഞ്ഞിരിക്കുന്നത്'.

'നാളെ ഞാൻ ഏജൻസിയിൽ പോകുന്നുണ്ട് പണമടക്കാൻ', അയാളുടെ മറുപടി പെട്ടന്നായിരുന്നു.

അവരതു കേട്ടതായി  ഭാവിച്ചില്ല. ഗേറ്റ് കടന്ന് റോഡിലേക്കു കടന്ന കുറിയരൂപം  കാഴ്ചയിൽനിന്നു മറയുന്നതുവരെ അയാളവിടെ നിന്നു. ഇരുട്ടിനൊപ്പം ചൂടും കനക്കുന്നുണ്ട്. അന്തരീക്ഷം നിശ്ചലമായി നിൽക്കുകയാണ്. ഒരു ചെറുകാറ്റുപോലും വീശുന്നില്ല. നാളെ ഏജൻസിയിൽ എന്തുപറയുമെന്നോർത്തുകൊണ്ടു ഗെയിറ്റടച്ചു് അയാൾവീടിനകത്തുകടന്നു.

 

 

                                                                     അകത്തെമുറിയിൽ നിന്നുയരുന്ന മൂളലുകൾ ശ്രദ്ധിച്ചുകൊണ്ട് അയാൾകുറച്ചുനേരം ഹാളിൽ നിന്നുപിന്നീട് ലാപ്ടോപ്പിനരികിലേക്ക് നടന്നു. ലാപ്ടോപ്പിന് ഇടതുവശത്തായി വച്ചിരിക്കുന്ന കണ്ണാടിയിൽ പതിഞ്ഞ പ്രതിബിംബം അയാൾ പരിശോധിച്ചു. വിധി തൻ്റെ ബാഹ്യരൂപത്തിനേല്പിച്ച മാറ്റങ്ങൾ അളന്നു. പ്രതിബിംബത്തിനു തന്നെക്കാൾ പത്തു വയസ്സ് കൂടുതൽ തോന്നിക്കുന്നുണ്ട്. ജീവിതത്തിൻ്റെകയ്പ്പുനീരറിഞ്ഞ ഒരു മുപ്പത്തഞ്ചുകാരനാണ് കണ്ണാടിയുടെ മറുതലക്കൽ. കളർ ചെയ്തിരുന്ന മുടിയുടെ നിറം മങ്ങിയിട്ടുണ്ട്. അങ്ങിങ്ങായി നരയും പൊന്തിവന്നിരിക്കുന്നു. അവയെ ശേഷിച്ച കറുത്തമുടികൾക്കുള്ളിൽ അയാൾ ഒളുപ്പിച്ചു. കനത്ത താടിയും ചുറ്റും കറുപ്പ് വീണ കണ്ണുകളും തൻ്റെ മുഖത്ത് തന്നെയോ എന്ന് ഉറപ്പിക്കാനെന്നവണ്ണം അയാൾ തൊട്ടു നോക്കി. കമ്പിയിട്ടുറപ്പിച്ച ഇടത്തേക്കൈയിലെ  തുന്നലിട്ട പാടുകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു. ഹൃദയഭാരത്താലെന്നപോലെ അല്പം കൂനിയിട്ടുമുണ്ട്. കട്ടിലിനടിയിൽ വച്ചിരിക്കുന്ന ഡംബെല്സ് നിറങ്ങളുള്ള മറ്റേതോ ജന്മത്തിലെ ഓർമ്മകളായി അയാൾക്കു തോന്നി. നെടുവീർപ്പോടെ തിരിഞ്ഞിരുന്നുപിന്നെയും ലാപ്ടോപ്പിലേക്കു നോക്കി. -പേപ്പറിൽ വാർത്ത വായിച്ചുകൊണ്ടിരുന്നപ്പോഴാണ് മെയിൽ വന്നത്. മെയിൽ മിനിമൈസ്സ് ചെയ്ത് അയാൾ പത്രവായന തുടർന്നു. ഒരു വാർത്തയിൽ അയാളുടെ കണ്ണുകളുടക്കി. വെളിച്ചത്തിലേക്കു കുതിക്കുന്ന പ്രാണികളെപ്പോലെ അയാളുടെ ഹൃദയം കുതിച്ചു. 

'അന്തസ്സുള്ള മരണം അവകാശം: ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്രവിധി'.

പലതരം ചിന്തകളുടെ തള്ളിക്കയറ്റത്താൽ തലക്കെട്ടിനു താഴെയുള്ള വാർത്ത വായിച്ചെങ്കിലും ഒന്നും മനസ്സിൽ പതിഞ്ഞില്ല. ലാപ്ടോപ്പിൽ തന്നെ കണ്ണുകളുറപ്പിച്ചു നിശ്ചലനായി ഇരിക്കുകയാണയാൾ. ഉയർന്നു താഴുന്ന നെഞ്ചും വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന കൃഷ്ണമണികളും മാത്രമാണ് ആ മുറിയിലുള്ള ഏകചലനം. അയാൾ വാർത്ത മിനിമൈസ് ചെയ്ത് ഗൂഗിൾ എടുത്തു ടൈപ്പ് ചെയ്‌തു, 'യൂത്തനേസിയ ഇൻ ഇന്ത്യ'. ലിങ്കുകൾ ഒരോന്നായി തുറന്നു വായിച്ചു'നിഷ്ക്രിയദയാവധത്തെപ്പറ്റിയും പുതിയ ബില്ലിലെ വ്യവസ്ഥകളെപ്പറ്റിയും യൂത്തനേസിയക്ക് അപേക്ഷിച്ചിട്ടുള്ള ഇന്ത്യക്കാരെപ്പറ്റിയും അങ്ങിനെ സ്‌ക്രീനിൽ തെളിഞ്ഞതെല്ലാം ധൃതിയിൽ വായിച്ചു.

 

 

                                                                     കഴുത്തുവേദനിച്ചുതുടങ്ങിയപ്പോൾ അയാൾ കസേരയിൽ കണ്ണുകളടച്ചു ചാഞ്ഞിരുന്നു. മാഞ്ഞുപോകാൻ കൂട്ടാക്കാത്ത  ചില ഓർമ്മകൾ അയാളിലേക്ക് മടങ്ങിയെത്തി. ജീവിതം നിശ്ചലമായ ദിവസത്തിൻ്റെ ഓർമ്മകൾ. തീരാവ്യഥകളുടെ ഘോഷയാത്ര അന്ന് തുടങ്ങുകയായിരുന്നു. പതിവുപോലെ ബൈക്കിൻ്റെ പിൻസീറ്റിലിരുന്ന് അമ്മ ഭാവി സ്വപ്നം കാണുകയായിരുന്നു. മകനു ജോലി ലഭിക്കുന്നതും തീരാദുരിതങ്ങൾക്കു തിരശ്ശീല വീഴുന്നതും അമ്മ ഭാവനയിൽകണ്ടു പുളകം കൊണ്ടു. 'എടാ ,ബാംഗ്ലൂരിൽ പോയാൽ ഞാൻ ചുരിദാറെ ഇടു. നിൻ്റെയച്ഛൻ എപ്പോഴും പറയും ജീവിതം ആഘോഷിക്കണമെന്ന്. അതും പറഞ്ഞു അങ്ങേരങ്ങു പോയി. പിന്നെ കഷ്ടപ്പാടൊക്കെ എനിക്കായി.മുൻപൊരു നൂറാവർത്തി കേട്ടിട്ടുള്ളതാണെങ്കിലും അയാൾ ശ്രദ്ധയോടെ ഇരുന്നു. അമ്മ തുടർന്നു, 'ഞാനിനി ജീവിതം ആഘോഷിക്കാൻ പോകുവാടാ.അമ്മയുടെ സന്തോഷത്തിൽ മനസ്സുനിറഞ്ഞിരുന്നയാൾ പ്രാർത്ഥിച്ചു, ' ജോലി കിട്ടാതെപോകരുതേ'. പച്ച സിഗ്നൽ മാറി ചുവപ്പു തെളിഞ്ഞത് അയാൾ ശ്രദ്ധിച്ചില്ല. ഓർമ്മവന്നപ്പോൾ ആശുപത്രി കിടക്കയിലാണ്. തൻ്റെ ജീവിതത്തിനു നേരെ ചുവപ്പു സിഗ്നൽ തെളിയിച്ച ദൈവത്തെ അയാൾ അന്നുമുതൽ വെറുത്തു.

 

 

                                                                     കണ്ണുതുറക്കുമ്പോൾ ഒരു ദുസ്സ്വപ്നം കണ്ടതുപോലെ അയാൾ വിയർക്കുന്നുണ്ടായിരുന്നു.അതെല്ലാം ദുസ്സ്വപ്നം ആയിരുന്നെങ്കിലെന്നു അയാളോരോനിമിഷവും ആഗ്രഹിച്ചിരുന്നു. ലാപ്‌ടോപ്പിന് മുന്നിൽ നിന്നെഴുന്നേറ്റു അകത്തെ മുറിയിലേക്കു നടന്നു. മൂളലുകൾക്കു ശക്തി നന്നേ കുറഞ്ഞിരിക്കുന്നു. മൂത്രത്തിൻ്റെയും മരുന്നിൻ്റെയും രൂക്ഷഗന്ധം മൂക്കിൽ തുളച്ചുകയറി. കട്ടിലിൽ കിടക്കുന്ന രൂപത്തെ നോക്കി അയാൾ വാതിൽപ്പടിയിൽ അല്പനേരം നിന്നു. മാംസവും രക്തവും സേവിച്ചു കാലൻ പിന്നത്തേക്കായി മാറ്റി വച്ചിരിക്കുന്ന അമ്മയുടെ പ്രാകൃതരൂപം. നൈറ്റിക്കുളിൽ ശരീരം ഉണ്ടോയെന്ന് സൂക്ഷിച്ചു നോക്കണം. നിയന്ത്രണം വിട്ടു കാറ്റിൽപെട്ട പട്ടം കണക്കെ കൃഷ്ണമണികൾ കണ്ണിനുള്ളിൽ ഓടിക്കളിക്കുന്നു. പുറത്തേക്കു കിടക്കുന്ന നാക്കിലൂടെ ഒലിച്ചിറങ്ങുന്ന ഉമിനീർ തലയണയിലാകെ പരന്നിട്ടുണ്ട്. നീളൻ കോലുമുടി പറ്റെ വെട്ടിയിരിക്കുന്നു. കാറ്റത്താടുന്ന ഇലകൾ കണക്കെ ശോഷിച്ച കൈകാലുകൾ ചലിച്ചുകൊണ്ടേയിരുന്നു. എല്ലുന്തിനിൽക്കുന്ന കവിളുകളിൽ മുൻപുണ്ടായിരുന്ന നുണകുഴിയുടെ സൂചനപോലും ശേഷിച്ചിട്ടില്ല. ഡോക്ടറുടെ വാക്കുകൾ കാതിൽ മുഴങ്ങി, 'നമുക്കിനിയൊന്നും ചെയ്യാനില്ല. ആക്‌സിഡൻ്റിൽ ബ്രയിനിലേക്കുള്ള ഓക്‌സിജൻ കട്ട് ആയതുമൂലം സംഭവിച്ചതാണ്. ഓർമ്മശക്തിയോ ശരീരത്തിന്റെ നിയന്ത്രണമോ ഇനി തിരിച്ചുകിട്ടുകയില്ല.ഇടിവെട്ടേറ്റതുപോലെ നിൽക്കുന്ന അയാളുടെ തോളിൽ തട്ടി ഡോക്ടർ തുടർന്നു. 'ആശുപത്രിയിൽ കിടത്തണം എന്നില്ല. വീട്ടിലേക്കു കൊണ്ട്പോകാം. എപ്പോഴും ഒരാൾ കൂടെയുണ്ടാകണം.ഒരുമാസത്തെ ആശുപത്രിവാസത്തിനു ശേഷം രണ്ടു ജീവച്ഛവങ്ങൾ ഈ വീട്ടിലേക്കു മടങ്ങിയെത്തി.

 

 

                                                                    അമ്മയുടെ അടുത്തായി അയാൾ കട്ടിലിലിരുന്നു. 'ഓഫർ ലെറ്റർ വന്നിട്ടുണ്ട്. നമ്മൾ വിചാരിച്ചപോലെ ബാംഗ്ലൂർ ആണ് പോസ്റ്റിങ്ങ്. അടുത്ത മാസം ജോയിൻ ചെയ്യണം.ശൂന്യതയിലേക്കു നോക്കിയാണ് അയാളിത് പറഞ്ഞു നിർത്തിയത്. ഇളകിയാടുന്ന കൈകാലുകൾ നിമിഷനേരത്തേക്കു നിശ്ചലമായി. മസ്തിഷ്കത്തിലേക്കു രക്തം ഇരച്ചു കയറുന്നതായി അയാൾക്കു തോന്നി. ശ്വാസം അടക്കിപ്പിടിച്ചു അയാൾ അമ്മയുടെ മുഖത്തേക്കു നോക്കി. ഇല്ലഭാവഭേദങ്ങൾ ഏതുമില്ല.  ലക്ഷ്യബോധമില്ലാതെ കൃഷ്ണമണികൾ കറങ്ങിക്കോണ്ടിരിക്കുന്നുകൈകാലുകൾ പിന്നെയും ചലിച്ചു.

 

 

                                                                    കുറച്ചു മണിക്കൂറുകൾകൂടെ അയാൾ കട്ടിലിൽത്തന്നെയിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ അയാൾക്കു ശല്യമായിത്തോന്നി. കവിളുകളിലേക്ക്  ഒലിക്കുന്നതിനു മുൻപ് തന്നെ ഷർട്ടിൻ്റെ അറ്റം കൊണ്ട് അയാൾ കണ്ണുകൾ തുടച്ചുകൊണ്ടേയിരുന്നു.  മരുന്നിൻ്റെ പ്രവർത്തനഫലമാകണം  കൈകാലുകളും കൃഷ്ണമണികളും വിശ്രമിക്കുകയാണ്അമ്മയും. നാക്കിപ്പോഴും പുറത്തു തന്നെ. ചുറ്റും ഭ്രാന്തമായ നിശബ്ദതയും മൂത്രത്തിൻ്റെ ഗന്ധവും മാത്രം. അയാൾ തൻ്റെ മുറിയിലേക്കു നടന്നു. ഉറങ്ങിയ ലാപ്ടോപ്പിനെ തട്ടിവിളിച്ചുണർത്തി പത്രവാർത്ത പിന്നെയുമെടുത്തു, 'അന്തസ്സുള്ള മരണം അവകാശം.'