Skip to main content
Srishti-2022   >>  Short Story - Malayalam   >>  അഭയാർത്ഥികൾ

Anoop Abraham

Allianz

അഭയാർത്ഥികൾ

ഞാൻ അവളെ യാത്രയാക്കാൻ വന്നതാണ്. ഒരു അഭയാർത്ഥിയായാണ് അവൾ നാട്ടിൽ വന്നത്. അവളും അവളുടെ ആളുകളും പിന്നിട്ട വഴികളെക്കുറിച്ച്, അവൾ വാചാലയാകാറുങ്ങ്.അവളുടെ പൂർവികരുടെ പോരാട്ടങ്ങളും,ചെറുത്ത് നില്പ്പുകളും അവൾ വിവരിച്ച്തരും. ഒടുവിൽ അവരെല്ലാം മണ്ണിൽ തന്നെ വീണു ഒടുങ്ങിയതും, അവരുടെ ചരിത്രത്തെയും ഓർമ്മകളെയും വിട്ട് നാട്ടിലേക്ക് പറിച്ച് എറിയപ്പെട്ടതും അവള് പറയും. ഓർമ്മകളുടെ പറുദീസയാണ് എല്ലാവർക്കും സ്വന്തം നാട് എന്ന് അവൾ പറഞ്ഞ് വക്കും.

                       എന്നെങ്കിലും അവൾ തിരിച്ച് ചെല്ലുമെന്നും, അവൾ പിന്നിട്ട വഴികളിലൂടെ തിരിച്ച് നടന്ന് എല്ലാം വീണ്ടും തിരിച്ച് പിടിക്കുമെന്നും അവൾ പറയും. പഴയഓർമ്മകൾ തിരിച്ച് പിടിക്കാനുള്ള വാശിയാണത്രേ, അവളെയും, പല ഇടങ്ങളിലായി ചിന്നി ചിതറികിടക്കുന്ന, അവളുടെ ആളുകളെയും, ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

 

                        ഒരു അഭയാർത്ഥി അല്ലായിരുന്നിട്ടും, സ്വന്തം നാട്ടിലേക്കും ആളുകളിലേക്കും തിരിച്ച് പോകാത്തതിനെപറ്റി അവൾ ചോദിക്കും.എനിക്ക് ഓർമ്മകൾ ഇല്ല എന്ന് പറഞ്ഞ് ഞാൻ പുഞ്ചിരിക്കും.മരിച്ച് മണ്ണിനടിയിൽ കിടക്കുന്നവർവരെ ഓർമ്മ കളിൽ മുഴുകി ആണ് വിശ്രമിക്കുന്നതെന്നും, ഞാൻ കളളം പറയുക ആണെന്നും പറഞ്ഞ് അവൾ തർക്കിക്കും.മനുഷ്യൻ ജീവിച്ചു എന്ന് തോന്നുന്നത്, പുതിയ ചിന്തകൾ ഉണ്ടാകുമ്പോഴാണ്, ഇന്നലത്തെ ഓർമ്മകളിൽ ഇന്നും ജീവിച്ചാൽ, അവൻ ഇന്നലെ ജീവിച്ചു ഇന്ന് മരിച്ചു, എന്നാണ് അർത്ഥം, എന്നൊക്കെ പറഞ്ഞ് ഞാൻ അവൾടെ വായടപ്പിക്കും.

                 ഇന്ന് വരെ പിന്നിട്ട വഴികളിൽ നിന്നാണ്, ഇനി മുന്നേറേണ്ട ഊർജ്ജം കിട്ടുന്നതെന്നും, എന്റെ ഓർമ്മ ഇല്ലായ്മ മൂഢത്തം ആണെന്നും പറഞ്ഞ് അവൾ ചിരിക്കും.അവൾക്കൊപ്പം ചിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഒരു നിറവയറ് മാത്രം സ്വന്തമായ് ഉണ്ടായിരുന്നവൾ  ഒരു കയറിൽ തൂങിയാടുന്നതും, ഒരു നാടും കുറേ  ദൈവങ്ങളും എന്നെ, എന്റെ ഓർമ്മകളുടെ പറുദീസയിൽ നിന്ന്  ആട്ടിയോടിക്കുന്നതും, എന്റെ ഓർമ്മയിൽ വരും.എന്നിട്ട് ഞാൻ പറയും പിന്നിട്ട വഴികളിൽ ഇനി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിലേ ഓർമ്മകൾക്ക് അർത്ഥം ഉണ്ടാകൂ.ഒന്നും മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടും.

                    ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഞങ്ങൾ രണ്ട്  ധ്രുവങ്ങളാണെന്ന്, ഞാൻ കഴിഞ്ഞ്പോയ കാലം മറക്കാൻ ജീവിക്കുന്നു, അവൾ അത് തിരിച്ച് പിടിക്കാനും. അവൾ ഇന്ന് തിരിച്ച് സ്വന്തം ദേശത്തേക്ക് യാത്രയാവുകയാണ്‌. അവളുടെ ഭാഷയിൽ പറഞ്ഞാൽ,ഇനി ജീവിക്കാൻ വേണ്ട ഊർജ്ജം തേടി,ഭൂതകാലത്തിലേക്ക് പോവുകയാണ്.

                     അവൾക്ക് എല്ലാ ആശംസകളും നേർന്ന് ഞാൻ തിരിച്ച് നടന്നു.ഇനിമുതൽ  ഇവളും എന്റെ ഒരു ഓർമ്മയായ് മാറും.ചിലപ്പോൾ ഇനി അങ്ങോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്ന പിന്നിട്ട വഴികളിലെ എന്തോ ഒന്ന്.