Skip to main content
Srishti-2019   >>  Short Story - Malayalam   >>  ഒരു മഴക്കാല ഓർമ്മ

ഒരു മഴക്കാല ഓർമ്മ

Written By: Amy Elizabeth John
Company: Innovation Incubator Advisory Pvt Ltd

Total Votes: 0

മടുപ്പിക്കുന്നതും അവർത്തിക്കപ്പെടുന്നതുമായ ദിനചര്യകളിൽ നിന്നും വ്യത്യസ്തമായിരുന്നു എനിക്ക് ദിവസം . യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ നിമിഷം. കോളേജിൽ നിന്നും വീട്ടിലേയ്ക്കുള്ള ബസ് യാത്രയിൽ കൗതുകകരവും ചിന്തിപ്പിക്കുന്നതുമായ പല കാഴ്ചകൾക്ക് ഞാൻ മൂകസാക്ഷിയായിട്ടുണ്ട് . ഇന്നത്തെ കാഴ്ച്ചകളല്ല നാളെയുടെത് .അത് ചിലപ്പോൾ പ്രത്യാശയുടേതാകാം മറ്റു ചിലപ്പോൾ നിരാശയുടേതും.

അന്നു വൈകിട്ട് ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുപ്പുറപ്പിച്ച ഞാൻ ക്ലാസ്സിലെ രസകരമായ  സംഭവങ്ങളെ കുറിച്ച്   ചിന്തിക്കുകയായിരിന്നു . സമയത്താണ് ഓർമ്മകൾക്ക് വിള്ളൽ വീഴ്ത്തികൊണ്ടു കണ്ടക്ടർ ചേട്ടന്റെ ആഗമനം. എസ്.റ്റി കൊടുത്ത എന്നെ അദ്ദേഹം മനോഹരമായ വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്തു.ചേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കാരണം അത് എൽ.എസ് ആയിരുന്നു. എന്താണെങ്കിലും കേട്ട് തഴമ്പിച്ചതുകൊണ്ടു അതൊരു പുതുമയായിട്ടു തോന്നിയതുമില്ല.

വെളിയിൽ ചാറ്റൽ മഴയുണ്ടായിരുന്നു.പിന്നീട് മഴയ്ക്കു അൽപ്പം ശക്തി പ്രാപിക്കുകയും ചെയ്തു."ഓരോ തുള്ളി മഴയ്ക്കും ഓരോ കഥകൾ പറയുവാനുണ്ട് ", എന്ന് ആടയാളങ്ങളിൽ പ്രിയംവദ എന്ന കഥാപാത്രത്തിലൂടെ എം .മുകുന്ദൻ പറഞ്ഞത് മനസ്സിലൂടെ ആവർത്തിക്കുകപ്പെടുകയായിരുന്നു. വൈകുന്നേരമായതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു , പോരാത്തതിനു മഴയും.ബസ് നിരങ്ങിയാണ് നീങ്ങിയിരുന്നത്.എന്റെ അടുത്ത് ഇരുന്ന സ്ത്രീ ആവശ്യപെട്ടത് പ്രകാരം ഞാൻ ഷട്ടർ താഴ്ത്തി.എങ്കിലും പാതി പൊക്കിയ ഷട്ടറിൽ നിന്നും നനവാർന്ന കാഴ്ചകൾ ഞാൻ ആസ്വദിക്കുകയായിരുന്നു.കുട ചൂടിയിട്ടുണ്ടെങ്കിലും മഴയ്ക്കൊപ്പം  എത്തുന്ന വികൃതികാറ്റ് കാൽനടക്കാരോട് കുസൃതി കാട്ടുന്നുണ്ടായിരുന്നു.അപ്പോഴാണ് മനസ്സിനെ ആഴമായി സ്പർശിച്ച കാഴ്ച്ച ഞാൻ കാണുന്നത്.ചെളി പുരണ്ടതും, കീറിയതുമായ, നിക്കറും ബനിയനും ധരിച്ച, അനുസരണ ഇല്ലാതെ അലസമായി കിടക്കുന്ന ചുരുൾ മുടിയും , ഏകദേശം 10-11 വയസ്സ് പ്രായം തോന്നിക്കുന്ന തീരെ മെലിഞ്ഞു ക്ഷീണിച്ച ഒരു ബാലൻ; അപകടം പറ്റി , ശരീരം മുഴുവൻ ചോര പുരണ്ട്, ഒരിറ്റു കാരുണ്യത്തിനായി കേഴുന്ന ഒരു പട്ടികുട്ടിക്ക്,താൻ അന്നു ഭിക്ഷ യാചിച്ചു ലഭിച്ച ഭക്ഷണവും,ഒപ്പം ദാഹജലവും കൊടുക്കുന്നു.കൂടാതെ അവൻ ധരിച്ചിരുന്ന ബനിയൻ ഊരി പട്ടികുട്ടിയെ പുതപ്പിച്ച്, അതിനെ നെഞ്ചോടു ചേർത്തു നടന്നകലുന്ന കാഴ്ച്ച എന്റെ കണ്ണുകളെ ഈറനണിച്ചൂ.ഷട്ടർ മെല്ലെ താഴ്ത്തി, പിന്നീടൊരു കാഴചയും കാണുവാൻ മനസ്സ് അനുവദിച്ചില്ല.

ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോഴും ഞാൻ എന്താണ് ജീവിതത്തിൽ നേടിയത് എന്ന ചിന്ത വല്ലാതെ എന്നെ വേട്ടയാടി.ഒരുപാട് ഡിഗ്രികൾ വാരികൂട്ടിയതുകൊണ്ട്, ജീവിതത്തിൽ വിജയിക്കുവാൻ സാധിക്കുകയില്ല എന്ന പരമ സത്യം ബാലനിലൂടെ ഞാൻ പഠിച്ചു.പുസ്തകത്താളുകളിലെ അക്ഷരലോകം വളരെ ചെറുതാണെന്നും, അതു മാത്രം കണ്ടു വളർന്ന എനിക്ക് ജീവിതം എന്ന പുസ്തകത്തിലെ അക്ഷരങ്ങളുടെ പൂട്ടുതുറക്കുവാൻ ഒരുപാട് സഞ്ചരിക്കേണ്ടിരിക്കുന്നു എന്ന ഉൾബോധം ഉണ്ടായി . വീട്ടിലേയ്ക്കു അര നാഴിക മാത്രം ഉള്ളപ്പോൾ, ഇളം  ചുണ്ടിൽ വെൺപുഞ്ചിരിയുമായി, എന്റെ ആഗമനത്തിനായി അപരിചിതനായ, ഞാൻ റോഡിൽ കണ്ട അതേ ബാലൻ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു; ഒപ്പം അവന്റെ നെഞ്ചോടു ചേർത്തു പട്ടികുട്ടിയും.......

Comment