Skip to main content
Srishti-2022   >>  Short Story - Malayalam   >>  കടമ

Arya S

InApp

കടമ

മങ്ങിയ വെളിച്ചത്തിൽ ഏതോ മോട്ടിവേഷണൽ സ്പീക്കറുടെ പ്രചോദനങ്ങൾ അടങ്ങിയ പുസ്തകം ഇറുകെ പിടിച്ച്

പരസ്പരം മുഖം കൊടുക്കാൻ ധൈര്യമില്ലായ്മ കച്ചവടം ചെയ്യുന്ന, ഡിംലൈറ്റും മൈൽഡ് മ്യൂസികും പൊയ്പ്പോയ ഭൂതകാലമത്രയും ചികഞ്ഞു പുറത്തെടുത്തു തരുന്ന കഫേകളിൽ ഒന്നിലേക്ക് നടന്നുകയറുമ്പോൾ...

ഞാൻ പ്രതീക്ഷിക്കുന്ന ആരോ ഞാനറിയാതെ എന്റെ സ്വയം ഉരുകി തീരുന്ന പ്രതികാര മുറ മനസ്സിലാക്കി പശ്ചാത്തപിക്കുന്നു എന്ന വ്യധാ ധാരണയിൽ ഞാൻ സമാധാനിച്ചിരുന്നുവോ?

 

ആർഭാടം കൂടുമ്പോൾ ഒൗപചാരികതയും കൂടണമല്ലോ....

നെടുനീളൻ മെനു കാർഡ് നോക്കുക കുടെ ചെയ്യാതെ....

കാപ്പി കോപ്പകളെ പ്രണയിച്ചിരുന്ന ഞാൻ ആലോചിച്ചുപോലും നോക്കാതെ ചായയ്ക്ക് ഓർഡർ കൊടുത്തപ്പോൾ കൂടെ ഉണ്ടായിരുന്ന നിഴൽ എന്നെ നോക്കി...

കാര്യം കാലങ്ങളായി ഞങ്ങൾ ഒരുമിച്ചാണെങ്കിലും തമ്മിൽ സംസാരിച്ചു തുടങ്ങിയത് ഞാൻ ഒറ്റക്കായതിൽപ്പിന്നെ ആണ്...

അതിന്റെ ഒരുപാട് അസ്വാരസ്യങ്ങൾ ഞങ്ങൾക്കിടയിൾ ഉണ്ട് താനും....

പിന്നെ ചില ബന്ധങ്ങൾ പോലെ ആണല്ലോ നിഴലും....

ജന്മം കൊണ്ട് നേടുന്നവ....

അവിടെ ചിലപ്പോഴൊക്കെ ഒഴിഞ്ഞുമാറ്റം അസാധ്യമാകുമല്ലൊ....

ഇനി ആരെങ്കിലും പരിചയക്കാർക്ക് മുഖം കൊടുക്കേണ്ടി വന്നാലോ എന്ന ഭയം കൊണ്ടാണോ....ആരും കൃത്രിമമായി ഞാനുണ്ടാക്കിയ സ്വകാര്യലോകത്ത് അതിഥിയായി എത്തേണ്ട എന്ന ശാഠ്യമോ....ഞാൻ ഒരിക്കലും കിട്ടാനിടയില്ലാത്ത പ്രചോദനം കയ്യിലിരുന്ന പുസ്തകത്തിൽ തിരഞ്ഞു...

ഞാൻ ഓരോ ഇറക്ക് ചായ ഇറക്കുന്നതും നോക്കിയിട്ട് നിഴൽ എന്നോട് പുച്ഛത്തോടെ ചോദിച്ചു...നാണമില്ലേ സ്വയം പ്രതികാരം ചെയ്ത് അർത്ഥശൂന്യമായി ജീവിക്കാൻ...

അല്ലെങ്കിലും കഥകൾ ഒന്നും നിഴലിന് അറിയാത്തതല്ലല്ലോ...

ചിരിച്ചു ഞാൻ...

" ഉത്തരം മുട്ടുമ്പോൾ കോഞ്ഞനം കുത്തുക " എന്നതിന്റെ ആധുനിക ഭാവമാണ് ചിരി ചിലപ്പോഴൊക്കെ...

എന്നിട്ട് ഒരു മറു ചോദ്യം ചോദിച്ചു...

കൂടെ നടക്കരുതെന്നു വിലക്കിയിട്ടും കൂടെ നടക്കുന്നതിൽ നാണിക്കേണ്ടതായിട്ട് ഒന്നുമില്ലെ...

അൽപ്പം ഗർവോടെ അതു പറഞ്ഞു...

അത് എന്റെ കടമയാണ്...

ഞാനും പറഞ്ഞു ചിലരുടെ സന്തോഷത്തിനുവേണ്ടിയെങ്കിലും ഏന്റേയും കടമയാണ് ജീവിതം....