Skip to main content
Srishti-2019   >>  Short Story - Malayalam   >>  കഥ

കഥ

Written By: Sooraj Jose
Company: EY

Total Votes: 0

അക്ഷരങ്ങൾ കൂട്ടിമുട്ടി വാക്കുകളുണ്ടായി. വാക്കുകൾക്ക് ജീവൻ വച്ചപ്പോൾ അവ കഥകളായി. കഥകളുടെ ലോകത്ത്‌ അയാൾ ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ വഴുതി സ്വപ്നത്തിൽ വീണു. സ്വപ്നം കഥ പറഞ്ഞു തുടങ്ങി. ഇതുവരെയും അറിഞ്ഞതിൽ ഏറ്റവും മനോഹരമായ കഥ. എന്നും ആ കഥയിൽ ആയിരിക്കുവാൻ, ഒരിക്കലും ഉണരാതിരിക്കാൻ അയാൾ തീവ്രമായി ആഗ്രഹിച്ചു. ആഗ്രഹം സഫലമായി, സ്വപ്നത്തിലെ മരണം, കഥ കഴിയുന്നില്ല…

 

"നെയിം ച്ലിപ്പ്"

കൊച്ചുമകൾ നെയുംസ്ലിപ്പുകൾ മുത്തശ്ശന് നേരെ നീട്ടി, കണ്ണിറുക്കി വെടിവെക്കുന്ന ചേച്ചിയുടെ പടമുള്ള സ്റ്റിക്കറുകൾ.

“നെയിം ച്ലിപ്പ് അല്ലെടീ നെയിം സ്ലിപ്പ്, എങ്ങനേ സ്ലിപ്പ്”

മുത്തശ്ശൻ കൊച്ചുമോളെ തിരുത്തി

"ച്ലിപ്പ്"

അവൾ വീണ്ടും അതുതന്നെ പറഞ്ഞു. മുത്തശ്ശൻ ചിരിച്ചു.

“മോള് തന്നെ ഒട്ടിച്ചോ”

ഭംഗി ആയി പൊതിഞ്ഞ് സ്റ്റേപ്ലർ പിന്നിനാൽ ബന്ധിച്ച ഒരു ബുക്ക് അവളുടെ കയ്യിൽ കൊടുത്തു. കൊച്ചുമകൾ മുത്തശ്ശന്റെ കട്ടിലിൽ കയറി ഇരുന്ന് നെയുംസ്ലിപ്പുകൾ ഒട്ടിക്കുന്നു, ഒരു ആർക്കിടെക്ടിന്റെ സൂക്ഷ്മതയോടെ. മുത്തശ്ശൻ അവളുടെ പ്രവൃത്തികൾ പുഞ്ചിരിയോടെ നോക്കിയിരിന്നു.

‘നയന എം. കെ’ അയാൾ ഒരു ബുക്ക് എടുത്ത്‌ അതിൽ വിറയ്ക്കുന്ന അക്ഷരങ്ങളിൽ എഴുതി. ‘യു.കെ.ജി’ എഴുത്ത് നിർത്തി, ആ നെയിം സ്ലിപ്പ് പറിച്ചുകളഞ്ഞ് മറ്റൊരെണ്ണം ഒട്ടിച്ചു.

"പിനിഷ്‌"

നയന മോൾ തന്റെ ജോലി പൂർത്തിയാക്കിയിരിക്കുന്നു.

"മിടുക്കീ"

മുത്തശ്ശൻ അവളുടെ കൈ പിടിച്ച് കുലുക്കി. സന്തോഷവും അഭിമാനവും കൊണ്ട് അവളുടെ മുഖം വിടർന്നു.

മുത്തശ്ശൻ : ഇനി കൊണ്ടോയി മമ്മിയെകൊണ്ട് പേര് എഴുതിച്ചോ. ഇംഗ്ലീഷിൽ തന്നെ ആയിക്കോട്ടെ.

അവൾ കട്ടിലിൽ നിന്നും ഇറങ്ങാൻ തുടങ്ങി

നയന : ചാച്ചാ

മുത്തശ്ശൻ : എന്നാ മോളെ

നയന : ഞാനിന്ന് ചാച്ചന്റെ കൂടെ കിടന്നോട്ടെ

വാതിൽക്കൽ നിന്ന് നയന മോളുടെ മമ്മിയാണ് അതിന് മറുപടി പറഞ്ഞത്.

മമ്മി : വേണ്ട മോളെ, ചാച്ചന് സുഖമില്ലാത്തതല്ലേ

നയനമോൾ മുത്തശ്ശന്റെ മുഖത്തേക്ക് നോക്കി

മുത്തശ്ശൻ : മോള് പോയി മമ്മീടെ കൂടെ കിടന്നോ.

അവൾ പിണങ്ങി, കീഴ്ചുണ്ട് മേൽചുണ്ടിന്‌ മുകളിലായി പിടിച്ചു.

നയന : എന്നാ ചാച്ചൻ ഒരു കഥ പറഞ്ഞു തര്വോ 

മുത്തശ്ശൻ കാല് നിവർത്തി കട്ടിലിൽ വച്ചു. നയനമോൾ കാലിന്റെ അടിയിൽ ഇക്കിളി ഇട്ടു. അയാൾ ചിരിച്ചുകൊണ്ട് കാൽ വലിച്ചു.

“പറാ” അവൾ വീണ്ടും ചിണുങ്ങി

മുത്തശ്ശൻ : ഏത് കഥയാ പറയാ... രാജാവ് നായാട്ടിന് പോയ കഥ ആയാലോ ?

നയന : അത് ഇന്നാള് പറഞ്ഞതാ. വേറെ കഥ

മുത്തശ്ശൻ : എന്നാ ഉറുമ്പിൻ കുട്ടികളുടെ കഥ പറയാം.

നയന : അതെനിക്കറിയാല്ലോ... പോഴേ ഒഴുകി പോംപം ഇലയിട്ട് രക്ഷിച്ച അല്ലെ.

മുത്തശ്ശൻ : ഏയ് ഇത് വേറെ, പൊന്നനുറുമ്പിന്റെയും പൊന്നിയുറുമ്പിന്റേം കഥ

നയന മോൾ കട്ടിലിൽ ചമ്മറം പടിഞ്ഞിരുന്ന് കഥ കേൾക്കാൻ തയ്യാറെടുത്തു, അത്യധികം ഉത്സാഹത്തോടെ. മുത്തശ്ശൻ കഥ പറഞ്ഞു തുടങ്ങി

 

പൊന്നനും പൊന്നിയും :

മുത്തശ്ശൻ : പൊന്നനും പൊന്നിയും അയൽക്കാർ ആണ്, നയനമോളെയും അക്കരത്തെ റിച്ചുനെയും പോലെ. അവര് ഉറുമ്പിൻ കുഞ്ഞുങ്ങൾ ആണെന്ന ഒരു ചെറിയ വ്യത്യാസം മാത്രം.

നയന : പൊന്നനും പൊന്നിയും… അതെന്നാ പേരാ ?

മുത്തശ്ശൻ : പേര്... പേര് മാറ്റണോ ?

നയന : മാറ്റണം

മുത്തശ്ശൻ : എന്നാ പൊന്നിയെ നമുക്ക് രോഹിണി ആക്കാം.

നയന : അത് കിച്ചണിൽ വരുന്ന ദേവു ഏടത്തീടെ മോൾടെ പേരല്ലേ !

മുത്തശ്ശൻ : അതേ, പക്ഷെ ഉറുമ്പിൻ കുഞ്ഞിന് ആ പേര് ഇട്ടത് അവളുടെ അച്ഛൻ ആയിരുന്നു. പുള്ളിക്കാരൻ ബഹിരാകാശ പര്യവേഷണത്തിൽ ഒക്കെ വല്ല്യ താല്പര്യം ഉള്ള ആളാ. ഇന്ത്യയുടെ ഒരു… ഒന്നല്ല, ഒരു പറ്റം കൃത്രിമ ഉപഗ്രഹങ്ങളുടെ പേരാണ് ‘രോഹിണി’.

ഈ റോക്കറ്റിൽ കയറ്റി വിടുന്ന… “പുശ്”…

മുത്തശ്ശൻ കൈ ഉയർത്തി റോക്കറ്റ് പോകുന്നതിനെ അനുകരിച്ചു

നയന മോൾ കണ്ണ് മിഴിച്ചിരുന്നു

മുത്തശ്ശൻ : അതെ കുറിച്ച് ചാച്ചൻ വേറെ ഒരു ദിവസം പറഞ്ഞു തരാവേ. അപ്പോ രോഹിണി, പേര് ഉറപ്പിക്കാല്ലോ ?

നയന : ആം

അവൾ തലയാട്ടി

മുത്തശ്ശൻ : ഇനി പൊന്നന് വേറൊരു പേര്... അത് മോള് തന്നെ കണ്ട് പിടിക്ക്.

നയന : ആന്റണി

അവൾ ഞൊടിയിടയിൽ പറഞ്ഞു

മുത്തശ്ശൻ : ആ! ആരാ ആന്റണി ?

നയന : ആന്റണി മോടെ ബെസ്റ്റ് ഫ്രണ്ടാ, പിന്നേ...

മുത്തശ്ശൻ : പിന്നെ ?

നയന മോൾ കുസൃതി കണ്ണുകൾ മേൽപ്പോട്ടാക്കി കുറച്ചുനേരം ആലോചിച്ചു

നയന : ആന്റണിയുടെ അച്ഛൻ ഇഞ്ചിലീഷ് മാഷാ.

ഇത്തവണ മുത്തശ്ശൻ കണ്ണ്‌ മിഴിച്ചു

നയന : ഇഞ്ചിലീഷിൽ ആൻറ് എന്നൂച്ചാ ഉറുമ്പെന്നാ. 

നയന മോൾ നാക്ക് നീട്ടി കാണിച്ചു

മുത്തശ്ശൻ : അമ്പടി കേമീ ! ഇംഗ്ലീഷ് കാരീ

മുത്തശ്ശൻ അവളെ എടുത്ത് മടിയിൽ ഇരുത്തി.

നയന : എന്നിട്ട്… ബാക്കി പറ

അവൾ തിടുക്കം കൂട്ടി

മുത്തശ്ശൻ : അമ്മ ഉറുമ്പ് രോഹിണി മോളെ അതി രാവിലെ വിളിച്ചുണർത്തി. അവൾ മടിയൊന്നും കാട്ടാതെ, മിടുക്കി കുട്ടിയായി നനുക്കെ കുളിച്ച് യൂണിഫോമൊക്കെയിട്ട് സ്കൂളിൽ പോകാൻ ഒരുങ്ങി. പുതിയ പൊതിയിട്ട ബുക്കുകളും അമ്മയുറുമ്പ് കുഞ്ഞിലയിൽ പൊതിഞ്ഞ് നൽകിയ ഭക്ഷണ പൊതിയും ബാഗിലാക്കി അവൾ സ്കൂളിലേക്ക് നടന്നു. രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ ആന്റണിയുടെ വീടായി. സാമാന്തരമായി നടക്കുന്ന രണ്ട് ഉറുമ്പിൻ കുഞ്ഞുങ്ങൾ !

നയന : അവർക്ക് അപ്പോ സ്കൂൾ ബസ് ഇല്ലെ ?

മുത്തശ്ശൻ : അവരുടെ അച്ഛനും അമ്മയുമൊക്കെ പാവങ്ങൾ ആന്നെ. എന്നും ബസില് പോകാനുള്ള കാശ് ഒന്നും ഇല്ല. പക്ഷെ അവര് നടപ്പിന്റെ മടുപ്പൊന്നും അറിഞ്ഞിട്ടേയില്ല. വഴിയിൽ കാണുന്ന ചെടികളോടും പൂക്കളോടും കിളികളോടുമൊക്കെ വർത്താനം പറഞ്ഞ്, പാട്ടും കഥകളുമൊക്കെ ആയല്ലേ രണ്ടാളും നടക്കുന്നെ.

നയന : ചെടീം കിളീം ഒക്കെ സംസാരിക്ക്യോ ?

മുത്തശ്ശൻ : പിന്നേ, എല്ലാ ജീവജാലങ്ങളും സംസാരിക്കും, പരസ്പരം മനസ്സിലാവുകയും ചെയ്യും, മനുഷ്യനൊഴിച്ച്.

നയനമോൾ തല ഉയർത്തി നോക്കി.

മുത്തശ്ശൻ : മോള് ഡെൻവറിനെ വിളിക്കുമ്പോ അവൻ ഓടി വരാറില്ലേ, അവന് മനുഷ്യന്റെ ഭാഷ അറിയാം. എന്നാ മോൾക്ക് അവന്റെ ഭാഷ അറിയോ ?

നയന : ബൗ  ബൗ 

മുത്തശ്ശനും നയനമോളും ചിരിച്ചു

നയന : എന്നിട്ട് ?

മുത്തശ്ശൻ : എന്നിട്ട്... അവര് രണ്ടാളും നടന്ന് നടന്ന് അമുക്കുരുത്തി മലയുടെ മുകളിലെത്തി. അവിടെ നിറയെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ജമന്തി പൂക്കൾ. താഴ്വാരത്തു നിന്ന് നോക്കിയാൽ ഒരു വല്ല്യ ബൊക്കെ പോലെ! റിച്ചൂന്റെ ആദ്യ കുർബാനയ്ക്ക് അവനൊരു ബൊക്കെയും പിടിച്ച് നിന്നില്ലേ. അതിന്റെ പതിനായിരം മടങ്ങു വലുപ്പത്തിൽ അമുക്കുരുത്തി മല. 

നയനമോൾ ആവേശത്തിൽ കേട്ടിരിക്കുന്നു. ആദ്യകുർബാനയുടെ അന്ന് തനിക്കും പൂച്ചെണ്ട് വേണം എന്ന് വാശിപിടിച്ച് കരഞ്ഞ നയനമോളുടെ മുഖം മുത്തശ്ശൻ ഓർത്തു.

മുത്തശ്ശൻ അവളെ എടുത്ത് കട്ടിലിൽ ഇരുത്തി, തിരികെ കസേരയിൽ ചാരി ഇരുന്നു

നയന : അപ്പോ അവടെ ബട്ടർഫ്‌ളൈസ് ഉണ്ടോ?

മുത്തശ്ശൻ : പിന്നേ, ഒരായിരം ബട്ടർഫ്‌ളൈസ് പൂക്കളുടെ ചുറ്റും പറക്കുന്നു.

നയനമോളുടെ കണ്ണിലും ആയിരം പൂമ്പാറ്റകൾ

മുത്തശ്ശൻ : പൊന്നനും പൊന്നിയും... അല്ല, ആന്റണി ഉറുമ്പും രോഹിണി ഉറുമ്പും അല്പനേരം പൂക്കളുടെ ആ കൂടാരത്തെ ആസ്വദിച്ച് നിന്നു.  അവര് പൂ പറിക്കാനൊന്നും പോയില്ല കെട്ടോ. കാരണം പൂക്കളുടെ ഭംഗി, അത് ചെടിയിൽ നിൽക്കുമ്പോഴാണെന്ന് അവർക്കറിയാം.

മുത്തശ്ശൻ നയന മോളെ സൂത്രത്തിൽ ഒന്ന് നോക്കി. അവൾ കഥയിൽ മുഴുകി ഇരിക്കുന്നു.

മുത്തശ്ശൻ : അവര് നടന്ന് നടന്ന് മലഞ്ചെരുവിലെ പുഴയോരതെത്തി. വട്ടയില തോണിയിൽ അക്കരെ കടന്നു. അവരവിടെ പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്ന ഒരു മനുഷ്യനെ കണ്ടു. അഴുക്കു പറ്റിയ പുഴയോട് രണ്ടാൾക്കും സഹതാപം തോന്നി. രോഹിണിയ്ക്ക് ആണേ കരച്ചില് വന്നു. അവളുടെ കണ്ണീർ പുഴയോട് ചേർന്നിടം വീണ്ടും കണ്ണീര് പോലെ തെളിഞ്ഞു. പുഴ മലിനമാക്കിയതിനാണോ രോഹിണിയെ കരയിപ്പിച്ചതിനാണോ എന്നറിയില്ല, ആന്റണിയ്ക്ക് മനുഷ്യനോട് വല്ല്യ ദേഷ്യം വന്നു. അവനായാൾക്കിട്ട് നല്ല ഒരു കടി വച്ചുകൊടുത്തു.

മുത്തശ്ശൻ നയനമോളെ ചെറുതായി നുള്ളി, ഉറുമ്പ് കടിക്കുന്ന പോലെ. അവൾ കരച്ചിൽ അഭിനയിച്ചു.

മുത്തശ്ശൻ : രോഹിണിയും ആന്റണിയും നടത്തം തുടർന്നു. വഴിയരികിലിരുന്ന് ഒരു കട്ടുറുമ്പിൻ കുഞ്ഞ് കരയുന്നു. ചോദിച്ചപ്പോ എന്താ, രാത്രി അരിമണികൾ തേടി പോയ അവന്റെ അച്ഛനും അമ്മയും ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. അവർ അവനെ ആശ്വസിപ്പിച്ചു. രണ്ടാളും അവരുടെ ഭക്ഷണ പൊതി തുറന്ന് ഓരോ അരിമണി വീതം അവന് നൽകി. കട്ടുറുമ്പിൻ കുഞ്ഞിന് സന്തോഷം ആയി.

നയന മോൾക്കും സന്തോഷമായി

മുത്തശ്ശൻ : രോഹിണിയും ആന്റണിയും നടന്ന് നടന്ന് സ്കൂളിന് മുന്നിൽ എത്തി. ചിലന്തിയാശാൻ തന്റെ മിഠായി കടയിൽ നിന്നും അവരെ എട്ട് കയ്യും കൊട്ടി വിളിച്ചു. സ്പടിക ഭരണിയിൽ ഇട്ടുവച്ചിരിക്കുന്ന തേൻ മിഠായികളിൽ ആന്റണിയുടെ കണ്ണുടക്കി.  അവന്റെ വായിൽ വെള്ളമൂറി, ചിലന്തി ആശാന്റെ വായിലും. ശെരിക്കും അയാളൊരു ചതിയൻ ആയിരുന്നു. മിഠായി മോഹിച്ച് കടയിൽ വരുന്ന ഉറുമ്പിൻ കുഞ്ഞുങ്ങളെ വലകെട്ടി പിടിച്ച് അകത്താക്കുന്ന ദുഷ്ടൻ. ആന്റണി മിഠായി കടയുടെ നേരെ തിരിഞ്ഞു. രോഹിണി അവനെ തടഞ്ഞു. അപരിചിതരിൽ നിന്നും പിള്ളേര് ഒന്നും വാങ്ങരുതെന്നും അവരുടെ കൂടെ പോകരുതെന്നും അവളുടെ അച്ഛനും അമ്മയും പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. ചിലന്തി ആശാൻ നിരാശനായി. അങ്ങനെ ആന്റണി ഉറുമ്പും രോഹിണി ഉറുമ്പും സുരക്ഷിതരായി സ്കൂളിൽ എത്തി.

മുത്തശ്ശൻ കൈ കൂട്ടി തിരുമ്മി, കണ്ണട ഊരി മേശമേൽ വച്ച് വീണ്ടും ചാരി ഇരുന്നു

നയന : എന്നിട്ട് ?

മുത്തശ്ശൻ : എന്നിട്ടെന്താ... അവരിരുവരും മറ്റ് കുട്ടികളുടെ കൂടെ മിടുക്കരായി പഠിക്കുന്നു, നയന മോളെ പോലെ. കഥ കഴിഞ്ഞു

നയന : എനിക്കിനീം കേക്കണം.

മുത്തശ്ശൻ : കഥ കഴിഞ്ഞു പോയി മോളെ.

നയന : എന്നാ ചാച്ചൻ വേറൊരു കഥ പറയോ… പ്ലീസ് പ്ലീസ്… പ്ലീസ്

നയന മോൾ വാശി പിടിച്ചു.

അലക്കിയ തുണികൾ നിറഞ്ഞ ബക്കറ്റുമായി നയനമോളുടെ മമ്മി നടന്ന് വരുന്നു.

മമ്മി : കൊച്ചേ വന്ന് കെടക്കാൻ നോക്ക്, മണി ഒമ്പത് കഴിഞ്ഞു

നയനമോൾ മുത്തശ്ശന്റെ ബെഡിൽ പതുങ്ങി കിടന്നു.

മുത്തശ്ശൻ : എന്നും രാത്രിയാ അലക്ക്

മമ്മി : നേരത്തെ കഴിഞ്ഞതാ ചാച്ചാ, എടുത്ത് വിരിച്ചിടാൻ മറന്ന് പോയി.

മുത്തശ്ശൻ : ഉം

മമ്മി തുണികളുമായി ടെറസിലേക്ക് പോയി. നയനമോൾ കുസൃതി ചിരിയോടെ ആദ്യം വലത് കണ്ണും പിന്നെ ഇടത് കണ്ണും തുറന്നു.

നയന : ഇനീം കഥ

മുത്തശ്ശൻ തല ചൊറിഞ്ഞു.

മുത്തശ്ശൻ : അപ്പൂപ്പനും അമ്മൂമ്മയും പായസം വച്ച കഥ ആയാലോ

നയന : അത് ഞാൻ കൊറേ പ്രാശം കേട്ടതാ

അവൾ രണ്ട് കയ്യും വിരിച്ച്, കൈപ്പത്തികൾ ചുരുട്ടി കോട്ടുവായിട്ടു

മുത്തശ്ശൻ : കണ്ടോ, കണ്ടോ… മോക്ക് ഉറക്കം വരുന്നുണ്ടേ

നയന : ഇല്ലാ...

അവൾ ഉച്ചത്തിൽ പറഞ്ഞു, ഫ്ളാറ്റിലെ സെക്യൂരിറ്റി ചേട്ടന് വരെ കേൾക്കാവുന്ന അത്ര ഉച്ചത്തിൽ

മുത്തശ്ശൻ ചെവി പൊത്തി

മുത്തശ്ശൻ : എന്നാ നക്ഷത്രങ്ങളുടെ രാജകുമാരിയുടെ കഥ പറയാം

നയന : ആ !

നയനമോളുടെ മുഖം വിടർന്നു.

മുത്തശ്ശൻ കസേരയിൽ നിന്നും എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു. നയനമോളുടെ തലമുടിയിൽ വിരലോടിച്ചുകൊണ്ട് പുതിയ കഥ പറഞ്ഞ് തുടങ്ങി

 

നക്ഷത്രങ്ങളുടെ രാജകുമാരി :

 

മുത്തശ്ശൻ : ഇത് അങ്ങ് ദൂരെ… പതുപതുത്ത മേഘങ്ങൾക്കും മുകളിൽ ആകാശത്തിന്റെ അറ്റത്ത് നടക്കുന്ന കഥയാണെ

നയന : പപ്പേടെ വിമാനം പോവുന്നേന്റേം മോളിൽ ?

മുത്തശ്ശൻ : അതിന്റെം ഒത്തിരി മുകളിൽ

നയന മോൾ അൽപ്പനേരം ആലോചിച്ചിരുന്നു

നയന : സ്വർഗ്ഗത്തിന്റെ അടുത്താണോ ? അമ്മച്ചീടെ അടുത്ത് ?

മുത്തശ്ശൻ പുഞ്ചിരിച്ചു

മുത്തശ്ശൻ : സ്വർഗ്ഗത്തിന്റെ തൊട്ടടുത്ത്

നയനമോൾ ചിരിച്ചു. മുത്തശ്ശൻ നെഞ്ചിലെ നരച്ച രോമങ്ങൾ തടവി.

നയന : എന്നിട്ട് ?

മുത്തശ്ശൻ : ആകാശ ലോകത്ത്, നക്ഷത്രങ്ങളുടെ രാജ്യത്ത് സുന്ദരിയായ ഒരു രാജകുമാരി ഉണ്ടായിരുന്നു. അവളുടെ പേര്... താര.

നയന : താര !

മുത്തശ്ശൻ : ഒരു ദിവസം രാവിലെ എണീറ്റ് പല്ലും തേച്ച് നീട്ടി തുപ്പികൊണ്ട് നിൽക്കുമ്പോൾ താര കുട്ടി ഒരു കരച്ചില് കേട്ടു. നോക്കുമ്പോ എന്താ...

നയന : എന്താ..?

മുത്തശ്ശൻ : അങ്ങ് ദൂരെ ഗ്രഹങ്ങളുടെ രാജ്യത്തിൻറെ അതിരിൽ നിന്ന് പ്ലൂട്ടോ കരയുന്നു. പാവം പ്ലൂട്ടോയെ ഗ്രഹങ്ങളുടെ കൂട്ടത്തിൽ നിന്നും പുറത്താക്കി.

നയന : അതെന്തിനാ ?

മുത്തശ്ശൻ :  പ്ലൂട്ടോ കുഞ്ഞല്ലേ. അവന് മറ്റ് ഗ്രഹങ്ങളുടെ അത്രേം പവ്വറ് പോരാന്ന് അവർക്ക് തോന്നി കാണും.

നയന : ഉം

മുത്തശ്ശൻ : താരകുട്ടിയ്ക്കും നയന മോളെ പോലെ വിഷമം വന്നു. അവൾ പ്ലൂട്ടോയെ ആശ്വസിപ്പിച്ചു. അവന് അവലോസുണ്ടയും അച്ചപ്പവും ഒക്കെ കൊടുത്തു. പ്ലൂട്ടോയുടെ വിഷമം ചെറുതായി, ചെറുതായി കുന്നികുരുവിനോളം ആയി. അവര് രണ്ടാളും കൂടി ആകാശലോകം മുഴുവൻ ചുറ്റിനടന്ന് പല പല വികൃതികളും ഒപ്പിച്ചു. കാർമേഘ മുത്തശ്ശനെ ഇക്കിളിയിട്ട് മഴ പെയ്യിച്ചു. മഴയിൽ കൈ വീശി മഴവില്ല് വിരിയിച്ചു. ഇടിമിന്നലിന്റെ അറ്റം മുറിച്ചെടുത്ത് സൂര്യന് നേരെ എറിഞ്ഞു. സൂര്യൻ കണ്ണുരുട്ടി പേടിപ്പിച്ചു. അപ്പോ ഭൂമിയിലുള്ള പിള്ളേര് ഇങ്ങനെ പറഞ്ഞു

" വെയിലും മഴയും... കുറുക്കന്റെ കല്ല്യാണം..! "

നയനമോളുടെ ചുണ്ടുകൾ ചിരിച്ചു, ഉറക്കം തൂങ്ങിയ കണ്ണുകൾ മടിച്ചു മടിച്ച് തുറന്നു.

മുത്തശ്ശൻ : അവരിരുവരും മേഘകൂട്ടങ്ങളുടെ പിന്നിൽ ഒളിച്ച് കളിച്ചു, ആകാശ ലോകത്ത് ഓടി കളിച്ചു. രണ്ടാളും സമയം പോയത് അറിഞ്ഞേ ഇല്ല, പ്ലൂട്ടോയുടെ അമ്മ ചൂരൽ വടിയുമായി വന്ന് വിളിക്കുന്നത് വരെ. 

" നാളെ വരാവേ " എന്നും പറഞ്ഞ് പ്ലൂട്ടോ ഓടി പോയി.

നയന : എന്നിട്ട് ?

മുത്തശ്ശൻ : നക്ഷത്രങ്ങളുടെ രാജകുമാരി നാളെ ആകാനായി കാത്തിരുന്നു. ആകാശ ലോകത്തെ ഒരു ദിവസം എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഒരുപാട് മണിക്കൂറുകൾ ഉണ്ടേ. മണിക്കൂർ സൂചി ടപ്പ്‌ ടപ്പ്‌ ടപ്പ്‌ എന്ന് ഓടിക്കൊണ്ടിരിക്കുന്നു.

ഓരോ "ടപ്പ്" നും മുത്തശ്ശൻ നയന മോളുടെ പുറത്ത് മെല്ലെ തട്ടി. അവളുടെ കണ്ണുകൾ അടഞ്ഞു.

മുത്തശ്ശൻ : ടപ്പ്  ടപ്പ്  ടപ്പ്...

നയനമോൾ ഉറക്കത്തിലായി.

അലക്കിയ തുണിയെല്ലാം അഴയിൽ വിരിച്ചിട്ട് ഒഴിഞ്ഞ ബക്കറ്റുമായി നയന മോളുടെ മമ്മി ടെറസിൽ നിന്നും ഇറങ്ങി വന്നു.

മമ്മി : ആ… മോള് ഉറങ്ങിയോ

മുത്തശ്ശൻ പുഞ്ചിരിച്ചു.

മമ്മി നയനമോളെയും എടുത്ത് കിടപ്പ് മുറിയിലേക്ക് നടന്നു.

മുത്തശ്ശൻ ചെറുതായി ചുമച്ചു, നെഞ്ചിൽ അമർത്തി തടവി. 

നയനമോൾ ഉറങ്ങുന്നു.

സ്വപ്നത്തിന്റെ ലോകത്ത് കണ്ണ് തുറന്ന അവൾ ഒരു അപ്പൂപ്പനേയും അമ്മൂമ്മയേയും കണ്ടു. പുഴയുടെ തീരത്തൊരു കൊച്ച് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന അവർ അടുത്ത നിമിഷം ഒരു പൂന്തോട്ടത്തിലൂടെ കൈ കോർത്ത് നടക്കുന്നു. ഒരായിരം മിഠായികളും ബലൂണുകളും അവിടേക്ക് പറന്ന് വന്നു. മിഠായികൾക്കെല്ലാം ഒരേ നിറം, മഞ്ഞ. ബലൂണുകളെല്ലാം കടും ചുമപ്പ്. വലിയൊരു ബലൂണിൽ കൈ നീട്ടി പിടിച്ച അമ്മൂമ്മ അതിനോടൊപ്പം പറന്ന് ഉയർന്ന് പോയി. അപ്പൂപ്പന്റെ മുന്നിലായി ഒരു റോക്കറ്റ്. അതിൽ ഒട്ടിച്ചിരിക്കുന്ന വലിയ നെയിം സ്ലിപ്പിൽ 'രോഹിണി' എന്ന് എഴുതിയിരിക്കുന്നു. രോഹിണി അപ്പൂപ്പനേയും കൊണ്ട് ആകാശത്തേക്ക് കുതിച്ചു. ഒരു മഴവില്ല് ചിന്നി ചിതറി. ‘രോഹിണി’ റോക്കറ്റിന്റെ വാതിൽ തുറന്നിറങ്ങിയ അപ്പൂപ്പന് ചുറ്റും മിന്നി തെളിയുന്ന നക്ഷത്രങ്ങൾ. വെള്ളി മേഘങ്ങളുടെ പിന്നിലായി 'സ്വർഗ്ഗം' എന്നെഴുതിയ ചെറിയ ബോർഡ്. സ്വർഗ്ഗത്തിന്റെ വാതിൽ ടപ്പ് ടപ്പ് ശബ്ദത്തോടെ തുറന്നു, വാതിൽക്കൽ അമ്മൂമ്മ. അവർ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. അപ്പൂപ്പനും അമ്മൂമ്മയും സ്വർഗ്ഗത്തിലേക്ക് കയറി. വാതിൽ അടഞ്ഞു.

മുത്തശ്ശന്റെ മുറിയിൽ നിന്നും മമ്മിയുടെ കരച്ചിൽ. നയനമോൾ ഞെട്ടി ഉണർന്നു. സ്വപ്നം മുറിഞ്ഞു, കഥ കഴിഞ്ഞു.

Comment