Skip to main content

യാത്രയിലുടനീളം ഞങ്ങൾ കുറേ ഭാരിച്ച കര്യങ്ങൾ സംസാരിച്ചു. ഞാൻ പുതുതായി വാങ്ങാൻ പോകുന്ന പ്ലോട്ടിന്റെ കാര്യങ്ങളും അവൾ അവളുടെ ഭർത്താവുമായി ചേർന്നു നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ചും മറ്റും. സമയമത്രയും പഴയ സൗഹൃദം പുതുക്കാനുള്ള കൂടികാഴ്ചയായി പോലും എനിക്കതു തോന്നിയില്ല. കാരണം അതിൽ ഒരിക്കലും ഞാനുമുണ്ടായില്ല അവളുമുണ്ടായില്ലതികച്ചും അപരിചതരായ രണ്ടുപേർ അവരുടെ മെച്ചപ്പെട്ട ജീവിതം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു വിഫല ശ്രമം എന്നു പറയാം. ഏറെ നേരത്തെ കൃത്രിമ ചിരിയിൽ എന്റെ കവിളിലെ പേശികൾ വേദനിക്കാൻ തുടങ്ങി. ഒരു ചെറിയ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. പുറത്തേക്ക് മിഴികളൂന്നി അവൾ ചോദിച്ചു.

 

"എനിയെത്ര സമയമെടുക്കും കന്യാകുമാരിയിലേക്ക് ? "

 

 "ഒരു മണിക്കൂർ കൂടി"

 

സ്റ്റേഷനിൽ നിന്നും കയറിയ തടിച്ചു കറുത്ത രണ്ടു സ്ത്രീകളുടെ മുടിയിലെ  മണം മുക്കിലേക്കിരച്ചു കയറി. അവളിപ്പോഴും പുറം കാഴ്ചകളിൽ നോക്കി നിൽക്കുകയാണ്. ഞങ്ങൾക്കിടയിലുണ്ടായ വിഷയ ദാരിദ്യം എന്നെ അസ്വസ്ഥനാക്കി. പണ്ട് സംസാരിക്കാൻ സമയം തികയാതെ ക്ലാസ്സ് കട്ട് ചെയ്ത് ക്യാന്റീനിലും മന്താരത്തിന്റെ ചുവട്ടിലും സ്ഥിരമായി പോയിരിക്കുന്നത് ഞാൻ ഓർത്തു. അത്രവരെ നിലനിന്നിരുന്ന നിശ്ശബ്ദത ഉടച്ച് ഞാൻ ചോദിച്ചു

 

"നിന്റെ സ്വർണമുടി ഇപ്പോഴും ഉണ്ടോ?"

 

കണ്ണുകൾകൊണ്ട് ഞാനതു തിരഞ്ഞു.

 

"ഇല്ല, കാലപ്പഴക്കത്തിൽ അതും കറുത്തുപോയിരിക്കുന്നു"

 

അവളുടെ വാക്കുകളിലെ വൈദഗ്ദ്ധ്യം ഇപ്പോഴും കേട്ടുപോയിട്ടില്ല. അവൾ കുറച്ചുകൂടി സുന്ദരിയായി തോന്നി. വെള്ളയിൽ പൂക്കളുള്ള സിൽക്ക് സാരിയാണവളുടെ വേഷം. അവളുടെ ഇളം കറുപ്പ് നിറത്തിൽ ഏറ്റക്കുറച്ചിലുകൾ ഒന്നും സംഭവിച്ചിട്ടില്ല. ഉച്ച കഴിയുമ്പോഴേക്കും അവളുടെ മുഖക്കറുപ്പിൽ എണ്ണ കലരും സൂര്യരശ്മികൾ അതിൽതട്ടി എന്റെ മനസ്സിന്റെ ആഴത്തിൽ പ്രതിഫലിക്കും. ട്രെയിൻ കേരള ബോർഡർ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ രണ്ടു പേരുടെ ഫോണിലേക്കും വെൽകം മെസ്സേജുകളും റോമിംഗ് ഓഫറുകളും വന്നുകൊണ്ടിരുന്നു. ഞങ്ങൾ രണ്ടുപേരും അതിടയ്ക്കിടെ ചെക്ക് ചെയ്ത് ഇംപോർട്ടന്റല്ല എന്നുറപ്പുവരുത്തിക്കൊണ്ടിരുന്നു. അവൾ മൊബൈലിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു

 

"നിന്റെ ആർട്ടിക്കിൾസ് ഒക്കെ ഞാൻ വയ്ക്കാറുണ്ട്. നിനക്കെങ്ങനെയാണ് പ്രണയത്തെക്കുറിച്ച് ഇപ്പോഴും ഇങ്ങനെ എഴുതാൻ സാധിക്കുന്നത്. പ്രളയത്തെക്കുറിച്ച് നീ ഒന്നും എഴുതാതിരുന്നത് എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു."

 

"നാട് ഇത്രയും വലിയ ദുരന്തം നേരിടുമ്പോൾ സമരകാലത്തും മറ്റും സ്വീകരിച്ചിരുന്ന പോലെ മനുഷ്യ മനസ്സിനെ സ്വാധീനം ചൊലുത്തുക മാത്രമല്ല ഒരു സാഹിത്യകാരന്റെ ലക്ഷ്യം, അയാൾക്കും അരോഗ്യമുണ്ട്. കായിഗ ബലമുണ്ട് മരണഭയമില്ലാത്തൊരു മനസ്സുമുണ്ട്."

 

"ഇങ്ങനെ പലതും ഉണ്ടെന്നുള്ള മിഥ്യാ ധാരണകൾ കൂടിയാണ് പ്രളയം നശിപ്പിച്ചത്അവളുടെ മുഖത്ത് ഒരു പുച്ഛച്ചിരി പടർന്നു.

 

"എനിക്കിനി നഷ്ടമാകാൻ എന്താണ് ബാക്കിയുള്ളത്?"

 

എന്റെ ശബ്ദം കനത്തിരുന്നു. ഹൃദയത്തിൽ എന്നോ കരിഞ്ഞുണങ്ങിയെന്നു കരുതിയ മുറിവുകൾ പെട്ടെന്നു ചോര പൊട്ടിയൊലിക്കാൻ തുടങ്ങി

 

"നേടാൻ സാധിക്കിലെന്നുറപ്പുള്ളതിനെ ഏതർത്ഥത്തിലാണ് നീ നഷ്ടമെന്നു വിളിക്കുന്നത്?"  വീണ്ടും പുച്ഛം.

 

ഒരു നിമിഷത്തേക്ക് ഞാൻ സ്ഥബദനായിനിശബ്ദതയെ കീറി മുറിച്ച് ട്രെയിനിന്റെ ഹോൺ. അവൾ തുടർന്നു

 

"നിന്റെ പല ഏറ്റു പറച്ചിലുകളും പ്രതീക്ഷിച്ചാണ് ഞാൻ വന്നത്. പക്ഷേ എല്ലാ തെറ്റുകളിലും എന്നെ പ്രതി ചേർക്കുന്ന നിന്റെ സ്വഭാവത്തിൽ മാറ്റമൊന്നുമില്ല."

 

"നീ ഇപ്പോഴും പറയുന്നത് നമ്മളൊരുമിക്കാത്തത് എന്റെ തെറ്റുകൊണ്ടെന്നാണോ?"

 

"തെറ്റ് അതല്ല, നഷ്ടമാകുമെന്നുറപ്പുണ്ടായിട്ടും സ്നേഹിച്ചത്. സ്വന്തമാക്കാൻ ശ്രമിച്ചത്."

 

"പിന്നെ ഞാൻ എന്തുവേണമായിരുന്നു, നിഷ്ക്രിയനായി നിന്ന് എല്ലാം കാലത്തിനും വിധിക്കും വിട്ടുകൊടുക്കണമായിരുന്നോനീ എന്റെ ആത്മാവായിരുന്നു. ഹൃദയം ഇടിക്കുന്നത് അതമാവിനു വേണ്ടിയാണ്." 

 

പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക്  "ആയിരുന്നു" എന്നുള്ളത് "അണെന്നു" പറയാൻ തോന്നി. പക്ഷേ ഞാനിപ്പോഴും അവളെ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞാൽ ഉണ്ടാകുന്ന പ്രതികരണത്തെ ഞാൻ ഭയന്നു. അതിരുകൾ വച്ചു സ്നേഹിച്ചിരുന്ന അവൾക്കു മറക്കാൻ എളുപ്പമായിരിക്കുംപക്ഷെ എന്റെ സ്നേഹം കാട്ടു നദിപോലെ പോലെ ഒഴുകി. അവളിലലിയാൻ കൊതിച്ച്.

 

അവളൊന്നും പറഞ്ഞില്ല. കണ്ണുകൾ പുറം കാഴ്ചകളിലേക്ക് പായ്ച്ചു. ഞാൻ പലതും പറയാൻ തുനിഞ്ഞെങ്കിലും മനസ്സ് വിലക്കി. എങ്കിലും ഞങ്ങളുടെ മനസ്സ് സംവദിച്ചുകൊണ്ടേയിരുന്നു.

 

പ്രതീക്ഷിച്ചതിലും നേരത്തെ ട്രെയിൻ കന്യാകുമാരിയിൽ എത്തി. ഉച്ച ചൂട് അസഹ്യമായി തോന്നി. അവളാദ്യം ഇറങ്ങി പുറകെ ഞാനും. ഒന്നിച്ചുണ്ടായ കാലത്തേ ഞങ്ങൾ സ്വപ്നം കണ്ട യാത്രയായിരുന്നു ഇത്. സ്വപ്നാടകർ ആയതിനാൽ ഞങ്ങളീ യാത്രയപ്പറ്റി പലതും കാല്പനികമായി ചിന്തിക്കുകയും മതിവരാതെ സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ആരുമറിയാതെ എത്രയോ തവണ ഞാനിവിടെ വന്നിരിക്കുന്നു. കാറ്റിനോടും കടലിനോടും എത്ര സംസാരിച്ചിരിക്കുന്നു. അവളുടെ ഓർമകളെ അവൾക്കിവിടെ കാണാൻ സാധിക്കുമോ എന്ന ഭ്രാന്തൻ ചോദ്യം എന്റെ മനസ്സിൽ വന്നു. അവൾ അൽഭുതത്തോടെ ചോദിച്ചു.

 

"ട്രാക്ക് ഇവിടെ അവസാനിച്ചോ?"

 

"അവസാനിച്ചു, എന്റെ എല്ലാ യാത്രകളുടെയും അവസാനം ഇവിടെയാണ്." 

 

"നീ ഇതിനോടകം പല രാജ്യങ്ങളും കണ്ടുകാണുമല്ലെ?"

 

"പുസ്തകങ്ങളുടെ പ്രമോഷന് വേണ്ടി പ്രസാധകരുടെ ചിലവിൽ അങ്ങനെ പല സ്ഥലത്തും പോയി." 

 

"നിന്റെ ' കിരാത് ' ന്റെ സ്പാനിഷ് പതിപ്പ് ഋതു എനിക്കയച്ചു തന്നിരുന്നു. അവളിപ്പോൾ സ്പെയ്നിലാണ്"

 

" വായ്ച്ചോ? " 

 

" എനിക്ക് സ്പാനിഷ് അറിയില്ല. കണ്ടപ്പോൾ ഒരു കൗതുകത്തിനു അവളതയച്ചു തന്നു. അത്രേയുള്ളു. "

 

" അതിന്റെ മലയാളം പതിപ്പ് എന്റെ കയ്യിലുണ്ട്." 

 

" ഞാൻ വായ്ച്ചതാണ്. കണ്ണുകളിലെ തീയും ഹൃദയത്തിലെ മുറിവും ഒക്കെ നിർത്താറായില്ലെ. പ്രണയമല്ലാതെ മറ്റെന്തോക്കെ വിഷയങ്ങളുണ്ട്. വിശക്കുന്ന വയറുകളെക്കുറിച്ചെഴുത്. അല്ലെങ്കിൽ അനാധ ബാല്യങ്ങളെയോ മനുഷ്യ ദൈവങ്ങളുടെ കാണാപ്പുറങ്ങളുമെഴുത്. "

 

" ഞാനൊരു പത്രാധിപനല്ല, കഥാകാരനാണ്

 

" പക്ഷേ നീയൊരു എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയിൽ നിന്നും ഒഴിഞ്ഞു മാറരുത് ."

 

"ഞാനൊരു പരാജിതനായ എഴുത്തുകാരനാണ്. കഥയിൽ നിന്നും കഥാപാത്രത്തെ മോചിപ്പിക്കാൻ ശ്രമിച്ച വിഡ്ഢി." 

 

അതവളെക്കുറിച്ചാണെന്നവൾക്കു മനസ്സിലായി. പെട്ടെന്നു മുഖത്തു വന്ന ദേഷ്യം മറച്ച് അവൾ പറഞ്ഞു

 

"കഥാപാത്രത്തിന്റെ സൃഷ്ടിയും സംഹാരവും എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്തമാണ്."

 

സംസാരിച്ച് ഞങ്ങൾ റെയ്ൽവേ സ്റ്റേഷന്റെ പുറത്തെത്തി. അവിടെ ടാക്സി കാറുകളും ഓട്ടോ റിക്ഷകളും മത്സരിച്ച് ആളെ കയറ്റിക്കൊണ്ടിരുന്നു. അറുപത് കഴിഞ്ഞ ഒരു വൃദ്ധൻ  ഞങ്ങളെ ടാക്സിയിലേക്ക് ക്ഷണിച്ചു. ഞാൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ടാക്സിക്കും ഓട്ടോയ്ക്കും ഒരേ ചാർജ് ആണെന്നു പറഞ്ഞു അയാൾ നിർബന്ധിച്ച് ഞങ്ങളെ ടാക്സിയിൽ കയറ്റി. അത് പഴയ ഒരു അംബാസിഡർ കാർ ആയിരുന്നു.

 

"എങ്ങോട്ടാണ് സാർ മാടം"

 

അയാൾ തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചു.

 

"വിവേകാനന്ദപ്പാറ" ഞാൻ പറഞ്ഞു.

 

"സാർ ഇപ്പൊ അങ്കെ നല്ല വെയിൽ. ഈവനിംഗ് പോകലാമെ. ഇങ്കെ നല്ല ഹോട്ടൽ നിറയെ ഉണ്ട്. കാണിക്കട്ടെ. "

 

"വേണ്ട, നിങ്ങൾ പാറയിലേക്ക്വിടു"

 

"ശരി സർ"

 

അയാൾ ഞങ്ങളെ റോഡരികിൽ ഇറക്കി. താഴേക്ക് ചൂണ്ടി അതുവഴി പോയാൽ മതിയെന്ന് പറഞ്ഞു. തിരക്കിൽ അല്പം ദൂരെ കന്യാകുമാരി ദേവിയുടെ ക്ഷേത്രം കാണാമായിരുന്നു. ഉച്ചവെയിലിൽ അതിന്റെ ഗോപുരം തിളങ്ങി. ആളുകൾ വെയിൽ തട്ടാതെ വഴിയോര കച്ചവടക്കാരുടെ മറപറ്റി നടന്നുനീങ്ങുകയാണ്. ഞാൻ നിർദ്ദേശിച്ച പ്രകാരം ഞങ്ങൾ അവിടെനിന്നും രണ്ട് തൊപ്പികൾ വാങ്ങി. ഉച്ചയായതുകൊണ്ട് ആളുകൾ കുറവായിരുന്നു. ഞങ്ങൾ ടിക്കറ്റ് എടുത്ത് ആദ്യ ബോട്ടിൽ തന്നെ കയറി. ലൈഫ് ജാക്കറ്റുകൾ ധരിച്ച് ഞങ്ങൾ അടുത്തടുത്തായിരുന്നു. ബോട്ട് തിരുവള്ളൂറിന്റെ പ്രതിമയ്ക്ക് അപ്പുറമുള്ള വിവേകാനന്ദ പാറയിലേക്ക് നീങ്ങി. ഞങ്ങളൊഴികെ ബാക്കിയെല്ലാവരും യാത്രയുടെ സുഖം ശരിക്കും ആസ്വദിക്കുന്നതായി തോന്നി. പലരും സെൽഫി എടുക്കുകയും തങ്ങളുടെ കുടുംബങ്ങളെ ഫോട്ടോയിൽ പകർത്തുകയും ചെയ്തുകൊണ്ടിരുന്നു. അതിൽ പലതിലും ഞങ്ങൾ പെട്ടത് ഞാൻ ശ്രദ്ധിച്ചു. ഞാൻ അവളോട് പറഞ്ഞു

 

"നമ്മൾക്കും ഒരു ഫോട്ടോ എടുത്താലോ?"

 

"വേണ്ട, ഒരുനാൾ എല്ലാം ഡിലീറ്റ് ചെയ്ത് കളയാനല്ലേ?" 

 

എനിക്ക് ഹൃദയം നീറാൻ തുടങ്ങി. പണ്ട് നടന്ന പല കാര്യങ്ങളും അവൾ കുത്തിയെടുക്കുന്നത് ഞാൻ അൽഭുതത്തോടെ നോക്കി. ഒരിക്കൽ സ്നേഹിച്ചിരുന്നു എന്നതുകൊണ്ട് മാത്രം ഇത്രയധികം പഴി കേൾക്കേണ്ടി വരുന്നത് എന്നെ അസ്വസ്ഥനാക്കി. കടലിന്റെയും ബോട്ടിന്റെയും ശബ്ദത്തിനു മുകളിൽ ഒച്ചയുയർത്തി ഞാൻ പറഞ്ഞു.

 

" ശരിയാണ് നീ പറഞ്ഞിരുന്നു സ്നേഹം, അത് കൂടുംതോറും പിരിയുമ്പോൾ ഉണ്ടാകുന്ന വേദനയും കൂടും. പക്ഷേ ഒരിക്കലും പിരിയാൻ വേണ്ടിയല്ല ഞാൻ നിന്നെ സ്നേഹിച്ചത്. എന്നും കൂടെ നിർത്താൻ വേണ്ടി തന്നെയാണ്. നിനക്ക് നിന്റെ കുടുംബമായിരുന്നു വലുത്. വ്യത്യസ്ത മതങ്ങളിൽപ്പെട്ട നമ്മുടെ പ്രണയത്തെ അവർ അംഗീകരിക്കില്ല എന്നു നിനക്ക് ഉറപ്പായിരുന്നു. പക്ഷേ അങ്ങനെ അതിരുകൾ വെച്ച് സ്നേഹിക്കാൻ എനിക്കറിയില്ലായിരുന്നു. അതായിരുന്നു നമ്മൾക്കിടയിൽ ഉള്ള വ്യത്യാസം. അതാണ് ഇന്ന് നീ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുമ്പോഴും നിൻറെ ഓർമകളിൽ ഞാൻ പലപ്പോഴും പതറിപ്പോകുന്നത്." 

 

അവൾ എൻറെ നേരെ തുറിച്ചുനോക്കി. പുറത്തെ കാറ്റിൽ അവളുടെ മുടി മുഖത്തേക്ക് പതിച്ചു. അത് നീക്കുമ്പോൾ അവളുടെ കണ്ണിൽ ചുവന്ന രക്ത ചാലുകൾ പൊങ്ങി നിൽക്കുന്നത് ഞാൻ കണ്ടു.

 

"നിനക്കെന്തറിയാം, ഒന്നുമറിയില്ല ഒന്നും. നിനക്കു വേണ്ടി ഞാൻ ആയിരം രാത്രികൾ ഉറങ്ങാതിരുന്നു പക്ഷേ നീ കണ്ടത് ഞാൻ പാതിയുറക്കത്തിൽ സംസാരിക്കുന്ന പകലുകൾ മാത്രംഒരാളുടെ ഹൃദയവും പേറി മറ്റൊരാളുടെ കൂടെ ജീവിക്കുക അതെന്തൊരു അവസ്ഥയാണ്." 

 

ഒരു നിമിഷം എന്നെ ശ്വാസം നിലച്ചുബോട്ട് പാറയിൽ തൊട്ടു. എന്തെങ്കിലും പറയുന്നതിനു മുൻപേ അവൾ എഴുന്നേറ്റ് പുറത്തുകടന്നു. ലൈഫ് ജാക്കറ്റുകൾ അഴിച്ചുവെച്ച് വേഗത്തിൽ പടവുകൾ കയറി. അവളുടെ പിറകെ ഓടുമ്പോൾ എൻറെ മനസ്സിലേക്ക് പലതും മിന്നൽ പോലെ പാഞ്ഞുഎനിക്ക് തലയിൽ ശക്തമായൊരു പ്രഹരമേറ്റപോലെ തോന്നി. എന്റെ ഹൃദയത്തിൽ അവളെന്ന പോലെ അളുടെ ഹൃദയത്തിലും ഞാനുണ്ടെന്നുള്ള സത്യം അതെന്നെ പറയാനാകാത്തൊരു വികാരത്തിൽ എന്നെ കൊണ്ടെത്തിച്ചു. ഒരു നിമിഷം ഹൃദയം ചുരുങ്ങുകയാണോ വികസിക്കുകയാണോ എന്നറിയാതെ സ്തംഭിച്ചു നിന്നു. അപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നപോലെ ജീവിതകാലം മുഴുവൻ കൂടെ നിർത്താൻ അവളും അഗ്രഹിച്ചിരുന്നോ? ഞാൻ അവൾക്കായി കരഞ്ഞിരുന്നതുപോലെ ഇന്നലെവരെ അവളും കരഞ്ഞിരുന്നോ?. പിറകെ വരുന്ന എന്റെ കാലൊച്ച കേൾക്കുന്നത് കൊണ്ടാവാം അവൾ ഓടി പ്രയർ റൂമിൽ കയറി. അവിടെ ഉരുവിട്ടുകൊണ്ടിരുന്ന ഓംകാര മന്ത്രത്തോടൊപ്പം കുറേപേർ ധ്യാനനിരതരായി ഇരിക്കുന്നുണ്ടായിരുന്നു. അവൾ വേഗത്തിൽ നടന്ന് ഏറ്റവും മുമ്പിലുള്ള പുൽപ്പായിൽ ഇരുന്നു, തൊട്ടടുത്ത്ഞാനും. അവളെ നോക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. ഞാൻ ചുമരിൽ പ്രത്യേകമായി ഘടിപ്പിച്ചിരുന്ന ഓംകാര ശില്പത്തിൽ ദൃഷ്ടി തറപ്പിച്ചു. അവളുടെ തേങ്ങൽ ചെറുതായി എന്റെ കാതുകളിൽ മുഴങ്ങി. നിയന്ത്രണം നഷ്ടപ്പെടുമെന്നായപ്പോൾ ഞാൻ എഴുന്നേറ്റ് പുറത്തിറങ്ങി. നടന്ന കര്യങ്ങൾ പലതും അവളുടെ ഭാഗത്തുനിന്ന് ചിന്തിച്ചു നോക്കി. ഓർമകളുടെ തള്ളിക്കയറ്റം എന്നെ വീർപ്പുമുട്ടിച്ചു. കുറച്ചു നേരങ്ങൾക്കു ശേഷം അവൾ പുറത്തിറങ്ങി. അവളുടെ കണ്ണുകളിലും കന്യാകുമാരി സമുദ്രം എനിക്ക് കാണാനായി, അതിന്റെ വറ്റിയ ചാലുകൾ കവിളിലും. അവൾ പറഞ്ഞു

 

"വരൂ നമുക്ക് തിരിച്ച് പോകാം."

 

"ഇല്ല എനിക്ക് സംസാരിക്കണം."

 

"പറ്റില്ല, ഇൗ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു."

 

"അങ്ങനെയെങ്കിൽ ഇതല്ല നമ്മളുടെ ആദ്യ കൂടിക്കാഴ്ച തന്നെ ഒഴിവാക്കേണ്ടിയിരുന്നു. നമ്മളുടെ പ്രണയം ബലി കഴിച്ചതുകൊണ്ട് നീ എന്ത് നേടി?" 

 

"നിന്നെ നഷ്ടപ്പെടുന്നതോടുകൂടി എന്നെയും നഷ്ടമാകുമെന്നെനിക്കറിയാമായിരുന്നു. പക്ഷെ എനിക്കു വേണ്ടി മാത്രമായി ഞാനൊരിക്കലും ജീവിച്ചിട്ടില്ല. കൂടെയുള്ളവരുടെ സ്വപ്നങ്ങൾ തകർത്ത് നേടുന്ന സ്വർഗ്ഗം അതെനിക്ക് വേണ്ട. ഒരുപക്ഷേ സ്വന്തമാക്കില്ലെന്ന്  ഉറപ്പുള്ളത് കൊണ്ടാവാം എനിക്കിപ്പോഴും ഇത്രയും തീവ്രമായ നിന്നെ സ്നേഹിക്കാനാകുന്നത്. അതങ്ങനെ തന്നെ ഇരുന്നോട്ടെ ജീവിതാവസാനം വരെ." 

 

" ലോകത്ത് ആദമാണ് ദൈവത്താൽ ഏറ്റവും കൂടുതൽ അനുഗ്രഹിക്കപ്പെട്ടവൻ, ഭൂതകാലത്തിന്റെ ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു സ്ത്രീയെ സ്വന്തമാക്കാൻ സാധിച്ചതിനാൽ. പിന്നെ  വിവാഹമൊരിക്കലും പ്രണയ സാഫല്യമല്ല, അത് സാമൂഹിക വേലിക്കെട്ടുകൾക്കകത്തുനിന്ന് ഒരു ശരീരത്തെ കൂടെ നിർത്താനുള്ള ഉപാധി മാത്രം." 

 

സൂര്യൻ മങ്ങിത്തുടങ്ങിയിരുന്നു. ഞങ്ങൾ തിരിച്ചുള്ള ബോട്ട് കയറി കരയിലെത്തി. ത്രിവേണി സംഗമ തീരത്തുകൂടി കൈകോർത്ത് നടന്നു. കന്യാകുമാരി രാത്രി കൂടുതൽ സുന്തരിയായി തോന്നി. വലിയ ഘോഷത്തോടുകൂടി കടലിൽ കുളിക്കുന്നവർ, കപ്പലണ്ടിയും മിഠായിയും വിൽക്കുന്നവർ, കുതിര സവാരിക്കാർ, കൈനോട്ടക്കാർ തുടങ്ങിയവർ അവിടെ വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിച്ചു. കച്ചവടക്കാരുടെ മായിക വെളിച്ചം താണ്ടി കരയുടെ ഓരത്ത് ഞങ്ങളിരുന്നു. അവൾ ചോദിച്ചു.

 

"നിനക്കീ കന്യാകുമാരി ദേവിയുടെ കഥയറിയാമോ?"

 

ഞാനൊന്നും മിണ്ടിയില്ല. ഉള്ളിൽ പുറത്തേക്കാളൊച്ചത്തിൽ തിരകൾ തലതല്ലിയടിച്ചു. അവൾ തുടർന്നു.

 

" ശിവനും ദേവിക്കും തെറ്റുധാരണയുടെ പുറത്ത് ഒന്നിക്കാൻ സാധിച്ചില്ല. നമ്മളതിനെ വിധിയെന്നൊക്കെ വിളിക്കും. ഇപ്പോഴും കന്യകയായി കത്തിരിക്കുകയാണ്, എന്നെങ്കിലും ശിവ ഭഗവാൻ വരുമെന്നും തനിക്ക്  സ്നേഹിച്ച പുരുഷനുമായി മംഗല്യം ഉണ്ടാകുമെന്നും കരുതി." 

 

അവളുടെ കണ്ണുകൾ അശ്രു പൊഴിച്ചു കൊണ്ടിരുന്നു. കന്യാകുമാരിയിലെ മണൽത്തരികൾ ലാളിച്ച അവളുടെ കാലുകളിൽ ഞാൻ അമർത്തി ചുംബിച്ചു.

Author
Ghanashyam K
Author's Email
bimal.varkala@gmail.com
Author's Phone No
55958
Company
vote
0