Skip to main content
Srishti-2022   >>  Short Story - Malayalam   >>  ക്ലിങ് പ്ലിങ് ക്ലിങ്

Sibin Koshy

IBS Softwares

ക്ലിങ് പ്ലിങ് ക്ലിങ്

ഒന്ന്

'ട്രണീം...ട്രണീം...' സ്ഥിരം വിളിച്ചുണർത്തുന്ന ശബ്ദത്തിൽ തന്നെ അന്നും അലാറം ഉറക്കെ കരഞ്ഞു .. 'നാശം' എന്ന് മനസ്സിൽ പോലും പിറുപിറുക്കാതെ മുരളീധരൻ നായർ അതിന്റെ നെറുകയിൽ കൈ വെച്ചനുഗ്രഹിച്ചു.. ശേഷം തറയിൽ ചുരുണ്ടുകൂടിക്കിടന്ന പുതപ്പിനെ മെല്ലെയെടുത്തു കട്ടിലിലേക്കിട്ടു.. ഉറക്കത്തിന്റെ പിടിയിൽ നിന്ന് പൂർണമായും വിട്ടുമാറാത്തവനെപ്പോലെ ആടിയാടി അയാൾ അടുക്കളയിലേക്കു നടന്നു .. അടുക്കള ജനാല തുറന്നിട്ട ശേഷം ഒരു മിനിറ്റു കണ്ണടച്ച് നിന്ന ഉറക്കത്തെ താൻ പൂർണമായും ഉപേക്ഷിച്ചിട്ടില്ല എന്ന് ശരീരത്തോട് പറയാൻ വേണ്ടിയായിരുന്നു. ചായയ്ക്ക് മധുരമിടുന്ന സമയം മാത്രം തന്റെ പ്രമേഹത്തെ മറക്കുന്ന പതിവ് മുരളീധരൻ നായർ അന്നും തുടർന്നു.. മുൻവശത്തെ വാതിൽ തുറന്നു , തറയിൽ കിടന്ന പത്രവുമെടുത്തു , അതിനടുത്തു കിടന്നുറങ്ങിയ ട്രമ്പിനൊരു തൊഴിയും കൊടുത്ത അയാൾ ചാരുകസേരയിൽ പോയിരുന്നു പാരായണം തുടങ്ങി ..

'അമേരിക്ക ഇടുമോ , അതോ ഉത്തര കൊറിയ ഇടുമോ ' തുടങ്ങിയ കാര്യങ്ങൾ വായിച്ചു മുരളീധരൻ നായർ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ട്രംപ് അയാൾക്ക് നേരെ പുറം തിരിഞ്ഞു കിടന്നു തന്റെ മുടങ്ങിപ്പോയ ഉറക്കം പുനരാരംഭിക്കാൻ ശ്രെമിക്കുകയായിരുന്നു..

ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷമാണ് മുരളീധരൻ നായർ ഈരേഴു പതിനാലു ലോകങ്ങളിലൂടെയുള്ള യാത്ര കഴിഞ്ഞു ചാരുകസേരയിലേക്കു മടങ്ങിയെത്തിയത്.. 'കാര്യമായിട്ട് വാർത്തയൊന്നുമില്ല' എന്ന് പ്രാകിക്കൊണ്ടു പത്രവും വലിച്ചെറിഞ്ഞു കൊണ്ട് അയാൾ വീടിനുള്ളിലേക്ക് കയറി ..

ആവി പറക്കുന്ന ദോശ ചമ്മന്തിയിൽ മുക്കുന്നതിനിടെ ഒന്ന് തലയുയർത്തി നിർമല അയാളെ നോക്കി .. താൻ ഉണ്ടാക്കിയ ചായയേക്കാൾ കടുപ്പത്തിലൊരു നോട്ടം നിർമലക്കും സമ്മാനിച്ചു മുരളീധരൻ നായർ ബാത്റൂമിലേക്ക് കയറുകയും, നിർമല തന്റെ കർത്തവ്യം തുടരുകയും ചെയ്തു . വീട്ടിൽ അതൊരു പതിവായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായുള്ള ഒരു പതിവ്.. 
കുളിമുറിയിൽ എണ്ണതേച്ചു സോപ്പും പതപ്പിച്ചു നിൽക്കുമ്പോൾ അയാൾ വീണ്ടുമൊരു യാത്ര പോയി . ഇത്തവണ സ്വന്തം ആഭ്യന്തര പ്രശ്നങ്ങളിലേക്കാണെന്നു മാത്രം.. അയാളും നിർമലയും ഇത്ര നാൾ എങ്ങനെ  വീട്ടിൽ ഒരുമിച്ചു താമസിച്ചു എന്നത് പോലും ചിലപ്പോൾ അയാൾക്ക് പിടി കിട്ടാത്ത ഒരു ചോദ്യമാണ്.
പ്രണയിച്ചു വിവാഹിതരായിക്കഴിഞ്ഞു ആദ്യ നാളുകളിൽ അവർ ഇന്ത്യയും റഷ്യയും പോലെയായിരുന്നു. അതിനു ശേഷം റഷ്യ ചൈനയും ഒടുവിൽ ചൈന പാകിസ്ഥാനുമായി മാറുകയായിരുന്നു.. നിർമല ചിലപ്പോൾ ഇന്ത്യയാകും. ചിലപ്പോൾ പാകിസ്താനും. അത് പോലെ മുരളീധരനും ..
ഇപ്പോൾ ശീതയുദ്ധത്തിന്റെ സമയമാണ്. തുടങ്ങിയിട്ട് കുറെയധികം നാളുകളായി. അങ്ങനെ പഴയ കാര്യങ്ങളൊക്കെ ഓർത്തു കൊണ്ട് നിന്നപ്പോഴാണ് മുരളീധരൻ നായർ മറ്റൊരു പ്രപഞ്ച സത്യം മനസിലാക്കിയത്.. 'വെള്ളം തീർന്നു'.. 'എടീ വെള്ളമടിക്ക്' എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഒറ്റത്തോർത്തുമുടുത്തു അയാൾ പുറത്തേക്കിറങ്ങി. മോട്ടറിലേക്കുള്ള വഴിയിൽ ഉടുത്തൊരുങ്ങി സുന്ദരിയായി നിർമല നിൽക്കുന്നു. 'മോട്ടറടിക്കാൻ എന്നോടങ്ങു പറഞ്ഞാൽ പോരാരുന്നോ?' എന്ന ചോദ്യം അവളുടെ മുഖത്തെവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്ന് മുരളീധരൻ നായർ അന്വേഷിച്ചെങ്കിലും അയാൾക്കതു കണ്ടെത്താനായില്ല
കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോഴേക്കും നിർമല കോളേജിലേക്ക് പോയിരുന്നു. (തെറ്റിദ്ധരിക്കേണ്ട. പഠിക്കാനല്ല . ഒരു കോളേജിൽ പഠിപ്പിക്കാനാണ് നിർമല പോകുന്നത്)
കുളി കഴിഞ്ഞപ്പോൾ മുരളീധരൻ  നായർക്ക് നന്നായി വിശക്കുന്നതായി തോന്നി . തോന്നലല്ല. വിശക്കുന്നുണ്ട്. അയാൾ അടുക്കളയിലേക്കു ചെന്നു.. അയാളുടെ കാൽപ്പെരുമാറ്റം കേട്ട് പരസ്പരം പ്രണയിച്ചു കൊണ്ടിരുന്ന പല്ലികളും പാറ്റകളുമെല്ലാം പരക്കം പാഞ്ഞു. ഒന്നുമുണ്ടാവില്ല എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടു കൂടി അയാൾ അടുക്കള ഒന്നു പരതി. മൂടി വെച്ച ഒരു പാത്രം തുറന്നു നോക്കിയപ്പോൾ , ഉണ്ടായിരുന്ന നേരിയ പ്രതീക്ഷ കൂടി നിരാശക്കു വഴിമാറി. അയാൾ തന്റെ വിശപ്പും നിരാശയും കൂടി പാത്രത്തിനു മേൽ പ്രയോഗിക്കാൻ തീരുമാനിച്ചു. സർവ ശക്തിയുമെടുത്തു അയാൾ അത് താഴേക്കു വലിച്ചെറിഞ്ഞു
'
ക്ലിങ് പ്ലിങ് ക്ലിങ് '..
DTS
എഫക്ടോടു കൂടി പാത്രം തറയുമായി കൂട്ടിമുട്ടി..

"നാശം.. ഉറങ്ങാനും സമ്മതിക്കില്ല.. ഇതൊരു പതിവായല്ലോ.." ഇങ്ങനെ പുലമ്പിക്കൊണ്ട് ദിവാകരക്കൈമൾ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റു
"
എന്താ മനുഷ്യാ?" അടുത്ത് കിടന്ന ഗിരിജ ഭർത്താവിനോട് ചോദിച്ചു
"
നീ കേട്ടില്ലേ മുരളീടെ വീട്ടിൽ പാത്രം വീഴുന്നത് .. ഈയിടെയായിട്ട് ഏതാണ്ട് സമയത്തു ഇതൊരു പതിവാ".. 
"
എനിക്ക് മനസിലാവാത്തത് വേറൊരു കാര്യമാ".. ഗിരിജ പറഞ്ഞു .
"
ആഹ് .. എന്താ എന്താ .. " കൈമൾ ആക്രാന്തത്തോടെ ചോദിച്ചു..
"
അവരുടെ വീട്ടിൽ പാത്രം വീഴുന്നതിനു നിങ്ങൾ എന്തിനാണ് എന്റെ ഉറക്കം കളയുന്നതെന്നുഅതും പറഞ്ഞു ഗിരിജ തിരിഞ്ഞു കിടന്നു.. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചു പോയ കൈമൾ കിടക്ക വിട്ടെഴുന്നേറ്റു പ്രഭാത കാര്യങ്ങളിൽ വ്യാപൃതനായി.

കോളേജിലെത്തിയ നിർമ്മലയുടെ അടുത്ത് ഒരു ചൂടൻ വാർത്തയുമായാണ് ലക്ഷ്മി ടീച്ചർ എത്തിയത്
"
അറിഞ്ഞോ .. നമ്മുടെ 2nd ഇയർ ബോട്ടണിയിലെ സുമേഷും കീർത്തിയും കൂടി ഒളിച്ചോടി.. ഇന്നലെ ഉച്ച വരെ ക്ളാസ്സിലുണ്ടായിരുന്നു.. അത് കഴിഞ്ഞാ  രണ്ടും കൂടി മുങ്ങിയത്.. പെണ്ണാണെങ്കിൽ പൂച്ചയെപ്പോലെ പമ്മിയിരുന്നതാ ക്ളാസിൽ.. "
"
ഉം " നിർമ്മലയുടെ മറുപടി ഒരു മൂളലിലൊതുങ്ങി
"
രണ്ടിനേം തപ്പി വീട്ടുകാര് പാഞ്ഞു നടക്കുന്നുണ്ടെന്നാ കേട്ടത്.. ഇവിടെ പോലീസും വന്നിരുന്നു. അല്ലാ നിർമലേ.. നിങ്ങളും പണ്ട് ഒളിച്ചോടിയതല്ലേ.. എന്താ ഇതിന്റെയൊക്കെ ഒരു രീതി?".

ലക്ഷ്മി വിടാനുള്ള ഭാവമില്ല. നിർമല രൂക്ഷമായി ലക്ഷ്മിയെ ഒന്ന് നോക്കി. നിർമ്മലയുടെ മൂഡ് അത്ര ശെരിയല്ല എന്ന് മനസിലാക്കിയ ലക്ഷ്മി പതുക്കെ അവിടെ നിന്ന് രക്ഷപെടാനുള്ള മാർഗം തേടിയപ്പോൾ നിർമല ചോദിച്ചു. " മോനെ ഏതു കോളേജിൽ ചേർത്തു എന്നാ പറഞ്ഞത് ?". ലക്ഷ്മി സ്റ്റാഫ് റൂം വിട്ടു പുറത്തേക്കു പോയത് ചോദ്യം കേൾക്കുന്നതിന് മുൻപാണോ ശേഷമാണോ എന്ന് നിർമലക്കു മനസിലായില്ല.. 
സമയം വാഴയ്ക്ക് തടം വെട്ടുകയായിരുന്നു മുരളീധരൻ നായർ. പെൻഷൻ പറ്റിയതിനു ശേഷം ഇതൊക്കെയാണ് ഒരു എന്റർടൈൻമെന്റ്.. ചെറിയൊരു വരുമാനമാർഗവും. വാഴ, ജാതി, മാവ് , പുളി തുടങ്ങി ഒട്ടുമിക്ക വൃക്ഷലതാധിഫലമൂലാദികളും ചെറിയ പറമ്പിലുണ്ട്. കുറച്ചു നേരം പണിയെടുത്ത ശേഷം ഒന്ന് വിശ്രമിക്കാനായി അതിനടുത്തു തന്നെ അയാൾ ഇരുന്നു. മടിക്കുത്തിൽ നിന്ന് ഒരു സിഗററ്റെടുത്തു പുകച്ചു. പുക മുകളിലേക്ക് ഊതി വിട്ടു രസിക്കുന്നതിനിടെയാണ് തറയിൽ വീണു കിടന്ന ഒരു മാങ്ങ തിന്നുന്ന രണ്ടു അണ്ണാറക്കണ്ണന്മാരെ അയാൾ ശ്രെദ്ധിച്ചത്. ഒന്നാണും മറ്റേതു പെണ്ണുമായിരിക്കണം . അയാൾ മനസ്സിലുറപ്പിച്ചു.. അടുത്ത് കിടന്ന ഒരു കല്ലെടുത്തു രണ്ടിനെയും ലക്ഷ്യമാക്കി അയാൾ എറിഞ്ഞു.. എന്നിട്ടലറി. " ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്കൊറ്റയ്ക്കു വാ.. valentines day ആഘോഷിക്കാൻ വന്നിരിക്കുന്നു, അതും എന്റെ പറമ്പിൽ. " രണ്ടും ജീവനും കൊണ്ടോടുന്ന കാഴ്ച കണ്ട ആശ്വാസത്തിൽ അടുത്ത പുക കൂടി വിട്ടുകൊണ്ടിരിക്കുമ്പോഴാണ് അടുത്തൊരു കാൽപ്പെരുമാറ്റം മുരളീധരൻ നായർ ശ്രദ്ധിച്ചത്..ദിവാകരക്കൈമൾ..
"
ആഹ്..കൈമളോ...എന്തൊക്കെയാണ് വാർത്തകൾ. ഇരിക്ക്." തന്റെ ഉദ്യാനത്തിലേക്ക് കൈമളിന് മുരളീധരൻ ഔദ്യോഗികമായി സ്വാഗതമരുളി..കൈമൾ മുരളിയുടെ അടുത്തു തന്നെ വന്നിരുന്നു..
"
നായർ സൽമാൻ റുഷ്ദിയെ കുറിച്ചു കേട്ടിട്ടുണ്ടോ?" ഇരുന്നപാടേ കൈമൾ ചോദിച്ചു.
'
ഉണ്ടല്ലോ' എന്ന മട്ടിൽ തലയാട്ടിയ നായരോട് കൈമൾ പറഞ്ഞു "കേട്ടിട്ടുണ്ടാവില്ല എന്നാ ഞാൻ വിചാരിച്ചത്..."
"
അങ്ങേർക്കു നാലുപാടു നിന്നും വധഭീഷണി കിട്ടിയ നോവൽ 'സാത്താന്റെ വചനങ്ങൾ' നമ്മുടെ ഷെൽഫിലുണ്ട്." റുഷ്ദിയെ അറിയാമെന്ന വസ്തുത നായർ ഒന്നു കൂടി കൈമൾക്കു മനസിലാക്കിക്കൊടുത്തു..
"
അപ്പൊ നായരെ..ഞാൻ പറഞ്ഞു വന്നത് അയാളുടെ എഴുത്തിനെക്കുറിച്ചല്ല..അയാളുടെ കുടുംബജീവിതത്തെക്കുറിച്ചാണ്.." ഒന്നു നിർത്തിയിട്ടു കൈമൾ തുടർന്നു.."അങ്ങേരു എത്ര കെട്ടിയിട്ടുണ്ടെന്നു നായർക്കറിയുമോ ?"
ചോദ്യത്തിൽ നായർ ഒന്നു വീണു..റുഷ്ദിയുടെ വീട്ടുകാര്യങ്ങളേക്കുറിച്ചു അയാൾ ഇതു വരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല..
"
നാല്
നാലെന്ന സംഖ്യക്ക് താൻ പ്രതീക്ഷിച്ചതിലും വലുപ്പമുണ്ടെന്നു മുരളീധരൻ നായർക്ക് അപ്പോൾ മനസിലായി..നായർ ഒന്നമ്പരന്നു എന്നു മനസിലാക്കിയ കൈമൾ തുടർന്നു.."റുഷ്ദിയുടെ കാര്യം പോട്ടെ..അങ്ങേരു ഇന്റർനാഷണൽ ആണെന്ന് വെക്കാം..നമ്മുടെ ധർമേന്ദ്ര- മുൻ ഭാര്യയെ ഡിവോഴ്സ് ചെയ്യാതെ തന്നെയല്ലേ ഡ്രീം ഗേളിനെ കെട്ടിയത്..അതു പോലെ കരുണാനിധി..അങ്ങനെ എത്രയോ പേര്.." 
"
നിർത്ത് നിർത്ത്...അല്ലാ ഇതൊക്കെയെന്തിനാ എന്നോട് പറയുന്നത്..താൻ വീണ്ടും കെട്ടാൻ പോവാണോനായർ ചോദിച്ചു..
"
ഹഹഹാ...കെട്ടിയാൽ കൊള്ളാമെന്നൊക്കെയുണ്ട്..പക്ഷെ അവളു സമ്മതിക്കുമോയെന്നറിയില്ല..ചിലപ്പോ സമ്മതിച്ചു കൂടായ്കയുമില്ല..ഈയിടെയായിട്ടു അവൾക്കെന്നെയൊരു വിലയുമില്ലെന്നേ..അപ്പോഴൊക്കെ ഞാൻ മുമ്പേ പറഞ്ഞ അണ്ണന്മാരെക്കുറിച്ചൊക്കെ ഒന്നു ഓർക്കും.." കൈമൾ പറഞ്ഞു നിർത്തിയപ്പോഴേക്കും നായർ അടുത്ത സിഗരെറ്റെടുത്തു കത്തിച്ചു..
"
എന്നാ ഞാനങ്ങോട്ടു ചെല്ലട്ടെ..ഞാനീപ്പറഞ്ഞതൊന്നും ഗിരിജയോടൊന്നും പറഞ്ഞേക്കരുതേ..അവളെന്റെ തലയെടുക്കും". ഒരു ചെറിയ ഓലപ്പടക്കത്തിന് തിരികൊളുത്തിയിട്ട് കൈമൾ വീട്ടിലേക്കു പോയി..നായർ കുറച്ചധികം ചിന്തിച്ചു കൂട്ടി...അതിനോടൊപ്പം വലിക്കുന്ന സിഗററ്റിന്റെ എണ്ണവും..ഒടുവിലത്തെ സിഗററ്റ് കൂടി വലിച്ചു തീർത്തിട്ട് നായരും പതുക്കെ വീട്ടിലേക്കു നടന്നു..

                                                        

രണ്ട്

കോളേജ് വിട്ടു വീട്ടിലെത്തിയ നിർമ്മലയുടെ കണ്ണുകൾ വാതിൽക്കൽ വെച്ചിരുന്ന പാൽക്കുപ്പിയിലുടക്കി. ഉച്ച കഴിഞ്ഞു കൊണ്ട് വെക്കുന്ന പാൽ ഉള്ളിലേക്കെടുത്തു വെക്കാതെ ഇങ്ങേരു അകത്തു എന്ത് പിണ്ണാക്ക് കലക്കുകയാണെന്ന് നിർമല ചിന്തിച്ചു. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.. ഇനി വല്ല കള്ളനും കേറിയോ ? കുറെ ചോദ്യങ്ങൾ നിർമ്മലയുടെ ഉള്ളിലൂടെ സഞ്ചരിച്ചു. അവർ പതിയെ വാതിൽ തുറന്നു..അവിടെ ആരും ഉണ്ടായിരുന്നില്ല..നിർമലയുടെ നെഞ്ചിടിപ്പ് കൂടി..ശ്വാസോഛ്വാസം വേഗത്തിലായി..അവൾ പതുക്കെ പ്രധാന മുറിയിലെത്തി. കാഴ്ച കണ്ടു നിർമല ഞെട്ടിപ്പോയി..മുരളീധരൻ നായരതാ വെറും നിലത്തു കമിഴ്ന്നു കിടക്കുന്നു..അവളുടെ ശബ്ദം പുറത്തേക്കു വന്നില്ല..അവൾ പതിയെ അയാളുടെ അടുത്തേക്ക് നടന്നു. ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടായിരുന്നു..വിറയ്ക്കുന്ന കൈകളോടെ അയാൾക്ക് ശ്വാസം ഉണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടി കുനിഞ്ഞതും മുരളീധരൻ നായർ തിരിഞ്ഞു കിടന്നതും ഒരുമിച്ചായിരുന്നു. നിർമല ഒരൊറ്റ നിലവിളി.. നിർമ്മലയുടെ നിലവിളി കേട്ട് അയാളുമുണർന്നു.. 
ഒരാവസ്ഥയിലും 'ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ കെ ജോസഫ് ' എന്നാ ഭാവത്തിൽ തന്നെയായിരുന്നു അവരുടെയിടയിലെ മൗനം. രണ്ടും ഒരക്ഷരം പരസ്പരം ഉരിയാടിയില്ല. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. പാത്രങ്ങൾ വീണ്ടും വീണ്ടും 'ക്ലിങ് പ്ലിങ് ക്ലിങ്' ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.. ദിവാകര കൈമളിന്റെ ഉറക്കവും നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു..
കൈമൾ പറഞ്ഞ കാര്യങ്ങളൊക്കെ നായർ ഇടക്കിടക്ക് ആലോചിക്കാറുണ്ടായിരുന്നു.'.കല്യാണം കഴിഞ്ഞിട്ട് വെറും മുപ്പതു വർഷമായപ്പോഴേ മിണ്ടാട്ടം ഇല്ലെന്നു വെച്ചാൽ കുറച്ചു കഷ്ടമല്ലേ..പിള്ളേരാണെങ്കിൽ ഇല്ല.ഇപ്പോൾ തന്നെ ഇല്ലാത്ത അസുഖങ്ങളൊന്നുമില്ല..ഷുഗർ, പ്രഷർ, കൊളെസ്റ്ററോൾ തുടങ്ങിയ ഉപദ്രവങ്ങളെല്ലാം കൊല്ലാൻ റെഡി ആയി നിൽപ്പുണ്ട്..ഇവളു വീട്ടിലില്ലാത്ത നേരം ഒരു വല്ലായ്മ വന്നാൽ ആരോടു പറയും..അല്ലാ..ഇവൾ വീട്ടിലുണ്ടെങ്കിൽ തന്നെ ആരോടു പറയും.' കുറേ ആലോചനകൾക്കു ശേഷം അയാൾ ചില കടുത്ത തീരുമാനങ്ങളെടുത്തേക്കാമെന്ന് ഉറപ്പിച്ചു..
അന്നൊരു വ്യാഴാഴ്ചയായിരുന്നു.. പത്രവായനക്കു ശേഷം വീടിനുള്ളിലേക്ക് കയറിയ മുരളീധരൻ നായർ എട്ടു ദിക്കുകളും നടുങ്ങുമാറുച്ചത്തിൽ വിളിച്ചു . "നിർമലേ ".. 
മാസങ്ങൾക്കു ശേഷമുള്ള വിളിയുടെ ഞെട്ടലിൽ , അടുക്കളയിലിരുന്നു ദോശ തിന്നുകയായിരുന്ന നിർമ്മലയുടെ വായിൽ നിന്നും ഒരു പീസ് പാത്രത്തിലേക്ക് വീണു.. നിർമ്മലയുടെ അടുത്തെത്തിയ മുരളീധരൻ നായർ തുടർന്നു.. 
"
ഭാര്യയും ഭർത്താവും മിണ്ടാതിരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല.എന്നാൽ ഒരു വീട്ടിൽ താമസിച്ചിട്ടു മാസങ്ങളോളം മിണ്ടാതിരിക്കുന്നത് കേട്ടുകേഴ്വി  പോലുമില്ലാത്ത ഒരു സംഭവം ആണ്"

'ഇങ്ങേരു കൃഷിപ്പണി വിട്ടു മലയാള സാഹിത്യത്തിലേക്ക് കേറിയോ' എന്ന് നിർമല മനസ്സിൽ വിചാരിച്ചു..
മുരളീധരൻ തുടർന്നു " അത് കൊണ്ട് ഇതിനൊരവസാനമുണ്ടാക്കാൻ ഞാൻ തീരുമാനിച്ചു." ഒരു നിമിഷം ആലോചിച്ച ശേഷം അയാൾ തുടർന്നു. "തനിക്കറിയാമോ എന്റെ സുഹൃത്ത് ജയചന്ദ്രനെ.. 'കേരളനാടി' work ചെയ്യുന്ന.." നിർമല അറിയാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല.
"
രണ്ട് വർഷം മുമ്പ് അയാളുടെ ഭാര്യ മരിച്ചു പോയി. അതിൽ പിന്നെ വലിയ ഏകാന്തത ആണ് ജയചന്ദ്രന്. കഴിഞ്ഞയാഴ്ച്ച ഞങ്ങൾ തമ്മിൽ കണ്ടിരുന്നു.ഇവിടുത്തെ കാര്യങ്ങളൊക്കെ അയാളോട് പറഞ്ഞപ്പോഴാണ് അയാൾ ഒരു വഴി പറഞ്ഞു തന്നത് .
'
എന്ത് വഴി ' എന്നാ ഭാവത്തിൽ നിർമല അയാളുടെ മുഖത്തേക്ക് നോക്കി.
"
ജയചന്ദ്രൻ പറഞ്ഞത് , പണ്ട് നമ്മൾ വീട്ടിൽ ഒന്നായിരുന്നു.. കഴിഞ്ഞ കുറെ നാളായി നമ്മൾ രണ്ടും രണ്ടായി ജീവിക്കുന്നു
വീട്ടിൽ നമ്മൾ രണ്ട് പേര് എന്നത് മൂന്നു പേരായാലെ പ്രശ്നം തീരു എന്ന്
നിർമ്മലയുടെ നെറ്റി ചുളിഞ്ഞു. പുരികം ചോദ്യചിഹ്നം മാതിരി വളഞ്ഞു മുകളിലേക്കുയർന്നു. " മൂന്നു പേരോ ? " സംശയത്തോടെ അവൾ ചോദിച്ചു
"
അതെ . മൂന്നു പേര് . ജയചന്ദ്രൻ പറഞ്ഞത് കൊണ്ട് മാട്രിമോണിയിൽ ഞാനൊരു പരസ്യം കൊടുത്തായിരുന്നു. ദേ നോക്ക്" അയാൾ കൈയിലിരുന്ന പത്രം അവൾക്കു നേരെ നീട്ടി. പത്രം പിടിച്ചു വാങ്ങി നിർമല വായിച്ചു.

'വധുവിനെ ആവശ്യമുണ്ട്

തന്റേതല്ലാത്ത കാരണങ്ങളാൽ ഭാര്യയുമായി അകന്നു ജീവിക്കുന്ന സുന്ദരനും സുമുഖനും ധനികനുമായ മധ്യവയസ്കൻ വധുവിനെ തേടുന്നു. വിവാഹബന്ധം വേർപെടുത്തിയവർക്കോ ഭർത്താവ് മരിച്ചവർക്കോ ബന്ധപ്പെടാവുന്നതാണ്.. ഫോൺ നമ്പർ . ........."

"ഫാ.... " നിർമ്മലയുടെ ആട്ടിനൊപ്പം തെറിച്ചു പോയ പാത്രത്തിന്റെ 'ക്ലിങ് പ്ലിങ് ക്ലിങ് ' ശബ്ദം കേട്ട് ദിവാകരകൈമൾ കട്ടിലിൽ നിന്നുരുണ്ടു താഴെ വീണു. എന്നാൽ പിന്നീടൊരിക്കലും അയാൾക്ക് ഞെട്ടിയുണരേണ്ടി വന്നിട്ടില്ല. കാരണം പിറ്റേന്ന് മുതൽ നിർമല മുരളീധരൻ നായർക്കും വേണ്ടിയുള്ള ദോശ ഉണ്ടാക്കി വെക്കാൻ തുടങ്ങുകയും 'ക്ലിങ് പ്ലിങ് ക്ലിങ് ' എന്ന ശബ്ദം എന്നെന്നേക്കുമായി ഒരോർമ ആയി മാറുകയും ചെയ്തു ..