Skip to main content
Srishti-2019   >>  Short Story - Malayalam   >>  തങ്കൻ ഏലിയാസ് തീ തങ്കൻ

തങ്കൻ ഏലിയാസ് തീ തങ്കൻ

Written By: Anoop Mohan
Company: Toonz Animation Academy

Total Votes: 0
Vote.

ഇരുട്ടിലേക്ക് വീണു തുടങ്ങുന്ന കോത്താഴമുക്കിലെ ഇടിച്ചു കുത്തി പെയ്ത മഴ തോർന്നൊരു കുളിരുന്ന സന്ധ്യ നേരം. മുക്കിലെ സകലമാന കുടിയന്മാർക്കും കൂലിപ്പണിയും കഴിഞ്ഞ് ചേക്കേറാൻ പ്രൊപ്രൈറ്റർ പീതാംബരൻ തന്റെ ഷാപ്പിന്റെ വാതിൽ മലർക്കെ തുറന്ന് വച്ചു. എന്നിട്ട് ഒരു തെറുപ്പു ബീഡി വലിച്ച് ആത്‌മാവിനെ ഒന്ന് പുകച്ചുണർത്താൻ ശ്രമിച്ചു വെറുതെ കുരച്ചു ചുമച്ചിരുന്നു .. ഇടവപ്പാതി വിട്ടു നിൽക്കുന്ന ഇടുങ്ങിയ ഇടവഴിയെ ചവുട്ടി ഉണർത്തി കുടിയ പ്രമാണിമാർ കടന്നു വന്നു കൊണ്ടിരുന്നു. രണ്ടു കാലുകളുടെ വരവിലും നാലുകാലുകളുടെ പോക്കിലും ഇടവഴി ആകെ ചെളി പുരണ്ടു കിടന്നപ്പോൾ, കാലുകൾക്കിടയിലൂടെ തെന്നി മാറിയ പൊക്‌റാച്ചി തവള ഒരെണ്ണം ജീവനും കൊണ്ട് വയലിലേക്ക് ചാടി നെടുവീർപ്പിട്ടു.  

പെട്ടെന്നാണ് പതിവുകാരൻ പാൽക്കാരൻ കോര വലിവ് പിടിച്ചു വലഞ്ഞ വയറ്റിലേക്ക് ഒഴിച്ചു കൊടുത്ത കള്ളിന്റെ ബലത്തിൽ ഒന്ന് ആഞ്ഞ് കത്തിയത്. താൻ പാലിൽ വെള്ളം ചേർത്തതിനെ പണ്ടെങ്ങാണ്ടോ ചോദ്യം ചെയ്ത മൈക്കാടുകാരൻ മോനിച്ചന്റെ കുത്തിനു പിടിച്ചു വേച്ചു പോകുന്ന കാലിൽ തൂങ്ങി നിന്നാടി കോര അലറി. "നിനക്കൊക്കെ പാലിൽ വെള്ളം അല്ലാതെ കള്ള് കലക്കി തരാൻ പറ്റുമോടാ പുന്നാര "(ബീപ്, ബീപ് സുവിശേഷക്കാരൻ മത്തക്കൊച്ചു കോരച്ചേട്ടന്റെ തെറി ബീപ് ചെയ്തു ഒരു പ്ലേറ്റ് ബീഫ്‌ ഓർഡർ ചെയ്തു ) അത്രയും പറഞ്ഞപ്പോളേക്കും കോരച്ചേട്ടൻ മോനിച്ചന്റെ തോളിൽ നിന്ന് ചാർജ് തീർന്ന് ഊർന്നിറങ്ങി ബെഞ്ചിൽ ഇരുന്ന് വലിച്ചു. താൻ ഒന്ന് തുമ്മിയാൽ പോലും വെടി തീർന്നു പോയേക്കാവുന്ന കോരച്ചേട്ടന്റെ ഇൻഷുറൻസ് ഇല്ലാത്ത ലൈഫിനെക്കുറിച്ചും, അതിലുപരി കെട്ടു പ്രായത്തിൽ മുട്ടി നിൽക്കുന്ന അയാളുടെ രണ്ടു പെൺമക്കളെയും കുറിച്ച് ഓർത്തപ്പോൾ കോരച്ചേട്ടനെ അവോയ്ഡ് ചെയ്ത് മോനിച്ചൻ ചുളുങ്ങിയ ഷർട്ട്‌ നേരെ ഇട്ടിരുന്നു.എന്നിട്ട് തന്റെ വലിയ മനസ്സ് മുഴുവൻ കള്ളിന് സമർപ്പിച്ചു..

എന്നാൽ ഇതെല്ലാം ശ്രദ്ധിച്ചു ഒരു സംഘം ഇളകിയാടുന്ന ബഞ്ചിൽ തുളുമ്പിയൂറുന്ന കുടം കള്ളും മോന്തി ഇരിപ്പുണ്ടായിരുന്നു. കള്ളവാറ്റുകാരൻ കോമപ്പന്റെ കണ്ണുകളും സംഘ തലവൻ മാർജാരൻ മണിയുടെ കണ്ണുകളും തമ്മിൽ ഉടക്കിയപ്പോൾ ഉടക്കാൻ കണ്ണുകൾ കിട്ടാത്ത മണിയുടെ വാലുകളായ മറ്റു മൂന്നു പേർ പരസ്പരം കണ്ണുകൾ ഉടക്കി കോക്രി കാട്ടി. തെക്കൻ മലയിൽ ഒരു പണിയും ഇല്ലാതെ ഫെമിനിച്ചികളായി തുടങ്ങിയ കെട്ടിയോൾമാരുടെ ആട്ടു കേട്ടും, ആ കലിപ്പ് തീർക്കാൻ ഈച്ചയും ആട്ടി കുത്തിയിരുന്നു കാലിൽ വേര് കിളിർത്ത മാർജാരൻ മണിയേയും അവന്റെ ശിങ്കിടികൾ ആയ അടിയോടടി ഓടെടാ ഓട്ടം കണ്ടം വഴി ടീമിനെയും മലയിറക്കി കോത്താഴത്തു മുക്കിലെ ഷാപ്പിൽ എത്തിച്ചതിനു പിന്നിൽ കള്ളവാറ്റുകാരൻ കോമപ്പന്റെ കുടില ബുദ്ധി ആയിരുന്നു.. തന്റെ വാറ്റു ചാരായം കൊണ്ട് മൂന്നോ നാലോ പേരുടെ കണ്ണ് പോയതൊഴിച്ചാൽ മുക്കിലെ കുടിയൻമാർക്ക് തുച്ഛമായ പൈസയ്ക്ക് ബാറ്ററിയും അട്ടത്തോടും പോലുള്ള പോഷകസമ്പൂർണ്ണം ആയ സംഗതികൾ ഇട്ടു വാറ്റി നൽകുന്ന കുടിയ സഹായിയും കുടില ബുദ്ധിയും ആയ കോമപ്പന്റെ കള്ളവാറ്റ്‌ പോലീസിനോട് ഒറ്റിക്കൊടുത്തു പൂട്ടിച്ച ചെത്തുകാരൻ തങ്കപ്പനോടുള്ള പ്രതികാരം തീർക്കാൻ ആണ് കോമപ്പൻ വരുത്തന്മാരായ ചട്ടമ്പികളെ തന്റെ വാറ്റു പുരയുടെ ആധാരം വരെ പണയപ്പെടുത്തി ഇറക്കിയത്.. മുക്കിലെ പനകളിലും, തെങ്ങുകളിലും ചെത്തിയടിച്ചു കറങ്ങി നടക്കുന്ന തങ്കപ്പൻ സകലമാന കുടിയന്മാർക്കും മായം കലരാത്ത isi മുദ്രയുള്ള കള്ള് നൽകുന്നവനും എന്ത്‌ പ്രശ്നം ഉണ്ടായാലും ന്യായത്തിന്റെ ഭാഗത്തു നിൽക്കുന്നവനും, സർവ്വോപരി കോത്താഴ മുക്കിലെ തരുണീമണികളുടെ ആരാധ്യ പുരുഷനും ആണ്. പക്ഷെ ഓർമ്മകളുടെ കനലുകൾക്കിടയിൽ ഓർത്തിരിക്കാൻ ഒരു പുല്ലും ഇല്ലാത്ത തങ്കപ്പന്റെ ചങ്കിനെ പ്രണയം കൊണ്ട് പുഷ്പ്പിപ്പിച്ചത് മീൻകാരി മാറിയമ്മേടെ മൂത്ത പുത്രി അന്നക്കുട്ടി ആയിരുന്നു. വേലി ചാടാൻ വെമ്പി നിന്ന അന്നക്കുട്ടി അങ്ങനെ തങ്കപ്പന്റെ ചങ്കിന്റെ വേലി പൊളിച്ചു. അന്യായം കണ്ടാൽ തങ്കപ്പൻ പിന്നെ തീ തങ്കൻ ആണ്. തോമസ് ചാക്കോയ്ക്ക് ആട് തോമ എന്ന പേര് വീണപോലെ തങ്കപ്പന് തീ തങ്കൻ എന്ന പേര് കിട്ടാനും ഒരു കാരണം ഉണ്ട്. തങ്കപ്പന്റെ ചങ്കെന്നു സ്വയം വ്യാഖ്യാനിക്കുന്ന കോര ചേട്ടന്റെ വാക്കിൽ പറഞ്ഞാൽ "അതിപ്പോൾ നാല് കുടം കള്ളടിക്കാൻ ആണെങ്കിലും നാല് ചട്ടമ്പികളെ അടിക്കാൻ ആണെങ്കിലും തുടങ്ങുന്നതിനു മുൻപ് തങ്കപ്പൻ ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചു മുകളിലോട്ടു എറിയും, ആ കൊള്ളി വായുവിൽ ഉയർന്നു കത്തിയമർന്നു താഴെ വീണ് കെടുന്നതിനു മുൻപ് തങ്കപ്പൻ തീ തങ്കൻ ആയി പഷ്ടായിട്ടു തന്റെ ജോലി തീർത്തു അച്ചാറും തൊട്ട് നക്കിയിരിക്കും. ഒരു തീപ്പെട്ടിക്കൊള്ളി കത്തിത്തീരുന്ന സമയത്തിനുള്ളിൽ നാല് കുപ്പി കള്ളും നാല് തടിയന്മാരെയും ഒരുമിച്ചടിച്ചു തന്റെ റെക്കോർഡ്‌ ബ്രേക്ക്‌ ചെയ്ത് ഗിന്നസ് ബുക്കിൽ ട്രൈ ചെയ്യാൻ മൂച്ചെടുത്തു നിൽക്കുന്ന തങ്കപ്പനെ തേടി ആണ് തെക്കൻ മല ഇറങ്ങി മാർജാര സംഘം എത്തിയേക്കുന്നത്.വിനാശകാലേ വിപരീത ബുദ്ധി. കോമപ്പന്റെ സിഗ്‌നലു കിട്ടിയ മണി പതുക്കെ എഴുന്നേറ്റു. മണി എഴുന്നേൽക്കുന്നത് കണ്ടു കപ്പയിൽ നിന്നും കയ്യെടുത്തു നക്കി എന്തിനെന്നറിയാതെ മാർജാര സംഘവും എഴുന്നേറ്റു. 

മോനിച്ചൻ വിട്ടിടത്തു നിന്ന് തുടങ്ങാൻ ആയിരുന്നു ലവന്മാരുടെ പ്ലാൻ. കോരയെ കുത്തിനു പിടിച്ചു കൂകിച്ചാൽ ചങ്ക് ബ്രോ ആയ തങ്കപ്പൻ ഏത് പനയിറങ്ങിയും വരുമെന്നും, തങ്കപ്പനെ തവിടു പൊടിയാക്കി കള്ളിന് തൊട്ട് നക്കി ആനയും പുലിയും ഒക്കെ ഇറങ്ങുന്നതിന് മുൻപ് മല കയറാം എന്നും ചട്ടമ്പികൾ വെറുതെ വ്യാമോഹിച്ചു. വലിച്ചു വലിച്ചു എവിടെ നിന്നോ വലിച്ചെടുത്ത കള്ളിന്റെ പിൻബലത്തിൽ ഒരിക്കൽക്കൂടി സട കുടഞ്ഞെഴുന്നേൽക്കാൻ വെമ്പി നിന്ന കോരച്ചേട്ടനെ നൈസ് ആയിട്ട് കോളറിന് കുത്തി പൊക്കിയെടുത്തു മണി ആക്രോശിച്ചു. "അതെന്നാടാ നിനക്ക് പാലിൽ കള്ള് കലക്കിയാൽ "ബുൾസൈ കണക്കെ മിഴിച്ചു വന്ന മണിയുടെ ചുവന്ന ഉണ്ടക്കണ്ണും പോളിസ്റ്റർ ഷർട്ടിന്റെ കുത്തഴിക്കാൻ പോന്ന കയ്യിലെ കലിപ്പു മസ്സില് കണ്ടിട്ടും കോര ഞെട്ടിയില്ല, ഷാപ്പിലെ മറ്റു കുടിയന്മാർ ആരും ഞെട്ടിയില്ല. മത്തക്കൊച്ചു മാത്രം ഒരു ബീഫ്‌ കൂടി ഓർഡർ ചെയ്തു. മണിയും സംഘവും ചമ്മി നാശം ആയെങ്കിലും മസ്സില് വിട്ടില്ല, മാർജാരൻ മണിയുടെ തടിച്ച കൈകളിൽ തൂങ്ങി ആടുന്ന കോരച്ചേട്ടൻ വെറുതെ ഒന്ന് ഇളിച്ചു. പെട്ടെന്നാണ് ചുവരിലെ ക്ലോക്കിൽ മണി ആറടിച്ചതു. ആറു മണി എന്നൊരു സമയം ഉണ്ടെങ്കിൽ തങ്കപ്പൻ ഫ്രഷ്‌ കള്ളും ആയി ഷാപ്പിൽ ലാൻഡ് ചെയ്യും എന്ന് സകല കുടിയന്മാർക്കും അതിലുപരി കോരച്ചേട്ടനും കണിശമായ കാര്യം ആയിരുന്നു. ആറുമണി അടിച്ച് അവസാനിച്ച ക്ലോക്കിനും അപ്പുറം, ചമ്മി നിൽക്കുന്ന ചട്ടമ്പിക്കൂട്ടത്തെയും, ഇളിച്ചവായനായ കോരച്ചേട്ടനെയും മറ്റു സകലമാന കുടിയന്മാരെയും ഒരു നിശബ്ദത പൊതിഞ്ഞു എങ്കിലും, മത്തക്കൊച്ചു ബീഫ്‌ ചവയ്ക്കുന്ന ശബ്ദം മാത്രം ഉയർന്നു കെട്ടു.ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ഹെർക്കുലീസ് സൈക്കിളിന്റെ ബെല്ലുകൾ ഷാപ്പിലേക്കു ഒഴുകി എത്തി. ചിറകടി ശബ്ദം കണക്കെ ചെയിനടി ശബ്ദവും ആയി ആ സൈക്കിൾ ഷാപ്പിന്റെ മുൻപിൽ വന്നു നിൽക്കുന്നത് ചട്ടമ്പികളും മറ്റുള്ളവരും ഓല മെടഞ്ഞ വാതിലിലൂടെ വ്യക്തമായി കണ്ടു. തന്റെ ഒരു സൈക്കിൾ സഡൻ ബ്രേക്ക്‌ ഇട്ടു വായുവിൽ ഒന്ന് വീൽ ചെയ്ത് സ്റ്റൈൽ ആയി ചാടി ഇറങ്ങിയ തങ്കപ്പൻ, സൈക്കിൾ സ്റ്റാൻഡിൽ ഇട്ടു ഞെളിഞ്ഞു നിന്ന് മീശ പിരിച്ചു കേറ്റി. മണിയുടെ കയ്യിൽ തൂങ്ങി ആടി ഇളിക്കുന്ന കോരച്ചേട്ടനെ കണ്ടപ്പോളേ തങ്കപ്പൻ നല്ലൊരു അടിക്ക് വകയുണ്ടെന്നു അറിഞ്ഞു ദ്രിതങ്കപുളകിതനായി. വായിലെ കുറ്റിബീഡിയും തുപ്പി എറിഞ്ഞു ഊരി തോളിലിട്ട ഷർട്ടും ആയി കള്ള് പാത്രവും തൂക്കിപ്പിടിച്ചു നെഞ്ചു വിരിച്ചു തങ്കപ്പൻ ഷാപ്പിലേക്കു നടന്നു കയറിയപ്പോൾ ഇടവപ്പാതിയിൽ ഉറങ്ങി പോയ ഇടി മിന്നൽ ഒരെണ്ണം വെറുതെ ആകാശത്തു വെടി പൊട്ടിച്ചു തങ്കപ്പന് ബിൽഡ് അപ്പ്‌ നൽകി കടന്നു പോയി. 

ഗോദായിൽ എത്തിയ തങ്കപ്പൻ മാർജാരൻ മണിയേയും സംഗത്തിനെയും നോട്ടം കൊണ്ടളന്നു, എന്നിട്ട് ഫോൺ എടുത്ത് ഫേസ്ബുക് ലോഗിൻ ചെയ്ത് തീപ്പൊരി അടി എന്ന് പേരും കൊടുത്തു അന്നക്കുട്ടിയെ ടാഗും ചെയ്ത് ലൈവ് വന്നു. തങ്കപ്പൻ ചോദിക്കാതെ തന്നെ പ്രൊപ്രൈറ്റർ പീതാംബരൻ നാല് കുപ്പി കള്ള് കൊണ്ട് വന്ന് മേശപ്പുറത്തു വച്ചു. തങ്കപ്പന് ഫീൽഡ് ഒരുക്കി മറ്റു കുടിയൻമാർ മേശ വലിച്ചിട്ടു മാറി ഇരുന്നു. കോരച്ചേട്ടനെ വിട്ടിട്ടു മണിയും സംഘവും തങ്കപ്പന് നേരെ തിരിഞ്ഞു. തങ്കപ്പൻ തന്റെ അണ്ടർ വയറിന്റെ പോക്കറ്റിൽ നിന്നും തീപ്പെട്ടി എടുത്തതും കുടിയന്മാർ എല്ലാം ആകാംഷാഭരിതർ ആയി. ഒണക്കച്ചുള്ളി പോലെ ഇരിക്കുന്ന തങ്കപ്പന് കിട്ടുന്ന നാട്ടുകാരുടെ ഓവർ ബിൽഡ് അപ്പിനെ മാർജാരൻ മണിയും സംഘവും നിസ്സാരവൽക്കരിച്ചു. മണിയും സംഘവും തങ്കപ്പന്റെ കൈപ്പാങ്ങിനു വന്നപ്പോൾ തങ്കപ്പൻ തീപ്പെട്ടി ഉരച്ചു ആകാശത്തേക്ക് എറിഞ്ഞു. ഞൊടി ഇട കൊണ്ട് തങ്കപ്പൻ തീ തങ്കൻ ആയി മാറി.പിന്നെ പറയണോ പൂരം വലത്തേ കൈകൊണ്ടു കുപ്പിയിലെ കള്ളും ഇടത്തെ കൈകൊണ്ടു മാർജാര സംഘത്തിനെയും തീ തങ്കൻ നേരിട്ടു. മണിയെ കുത്തിനു പിടിച്ചു കറക്കിയെടുത്തു ഇടതു മാറി വലതു മാറി മാർജാര സംഘത്തിനേയും തൊഴിച്ചു പറത്തി തങ്കൻ കുപ്പി രണ്ടെണ്ണം കാലിയാക്കി. തീപ്പെട്ടിക്കൊള്ളി തറയിൽ വീഴാൻ ഞൊടിയിട ബാക്കി നിൽക്കെ മിച്ചമുള്ള രണ്ടു കുപ്പി കള്ളും അടിച്ചു മാർജാരൻ മണിയേയും കറക്കി എറിഞ്ഞു കോത്താഴമുക്കിലെ കുടിയ സഭയ്ക്ക് മുൻപിൽ തങ്കപ്പൻ തന്റെ തന്നെ റെക്കോർഡ് ബ്രേക്ക്‌ ചെയ്തു. കണ്ടം വഴി ഓടിയ മണിയും സംഘവും ഉറങ്ങിക്കിടക്കുന്ന കെട്ടിയോൾമാരെ ഉണർത്തി തങ്കപ്പൻ ബാക്കി വച്ച ഇടി മേടിക്കാൻ നിൽക്കാതെ മാർജാര പാദം സ്വീകരിച്ചു പതുങ്ങി പതുങ്ങി അകത്തു കയറി അണച്ചണച്ചു കിടന്നു .കള്ളവാറ്റുകാരൻ കോമപ്പൻ തങ്കപ്പനെ ഇടിക്കാൻ പറ്റിയ പുതിയ ചട്ടമ്പികളെ തേടി നൈസ് ആയിട്ട് ഷാപ്പിൽ നിന്നും ഒഴിവായപ്പോൾ, കോത്താഴ മുക്കുകാർക്കു പാടി നടക്കാൻ അടിയിൽ പുതിയ ചരിത്രം സൃഷ്ട്ടിച്ച തീ തങ്കപ്പന്റെ ഫേസ്ബുക് ലൈവ് അന്നക്കുട്ടിയുടെ ഷെയറിലൂടെ വയറൽ ആയി തുടങ്ങിയിരുന്നു..

ശുഭം ...

Comment