Skip to main content

മഴ തകർത്തു പെയ്ത് വൃത്തിയാക്കിയിട്ടും അയ്പ്പൂട്ടിയുടെ വീടും ,ചുറ്റുപാടും  മതം കഴിച്ച ദുഷിച്ച മനസ്സുകളാൽ മലിനമായി തന്നെ കിടന്നു.അന്ന് രാത്രി ചിലങ്കയുടെ  ശബ്ദം കേട്ട് രക്ഷകരിലൊരാൾ ഞെട്ടി പിടഞ്ഞെണീറ്റു , സുരസുന്ദരിയെ കണ്മുന്നിൽ കണ്ട നിമിഷാർദ്ധം ഉദ്ധാരണവും സ്ഖലനവും നടന്നയാൾ മരിച്ചു വീണു.
അയാളുടെ മേൽമുണ്ടു മടക്കി  തന്റെ ഗുഹ്യഭാഗത്തു വച്ചുകൊണ്ട് ഋതുമതി വീട്ടിലേക്കുള്ള പടികൾ ചവിട്ടി. ഏറ്റവും മുകളിലത്തെ പടിയിൽ അയ്പ്പൂട്ടി അവളെയും കാത്തിരിപ്പുണ്ടായിരുന്നു. ഭൂതകാലങ്ങൾ അയവിറക്കുന്നതിനിടയിൽ എന്നത്തേയും പോലെ 
അയാൾ അവളുടെ സൗന്ദര്യത്തെ ഗൗനിക്കുക പോലും ചെയ്തില്ല.പഴങ്കഥകൾ കേട്ടു കൊതി തീർന്നില്ലെന്നാകിലും അവൾ പരാതിക്കെട്ടു തുറന്നു.
'എന്തിനാ അയ്പ്പൂട്ടി നിനക്കു കാവൽക്കാരും രക്ഷകരും? നിന്നെ സംരക്ഷിക്കാനാണെന്നാണല്ലോ എല്ലാവരും പറയുന്നെ!!'
"മാളുവമ്മേ എല്ലാവരും വന്നു കാവൽ നില്ക്കാൻ ഇതു രാജകൊട്ടാരമല്ല,
പിന്നെ, അമ്മയുടെ ദീനം മാറ്റാൻ ഞാൻ കാട്ടിൽ പോയപ്പോഴീപ്പറഞ്ഞ സംരക്ഷകരാരെങ്കിലും എന്നോടൊപ്പം ഉണ്ടായിരുന്നോ?
എന്റെ ബ്രഹ്മചര്യത്തെയായിരിക്കും ഇവന്മാർക്കൊക്കെ സംശയം."

മാളുവമ്മയ്ക്ക് അങ്ങനെയൊരു സംശയം ലവലേശമില്ലായിരുന്നു .പൂർവജന്മം മുതലുള്ള അദ്ദേഹത്തിന്റെ പത്നിയായി ജീവിക്കുക എന്ന മോഹം എപ്പോഴെങ്കിലും നടക്കുമെന്ന് വിചാരിച്ചുകൊണ്ട് ജന്മത്തിലും അവൾ കാത്തിരിക്കുകയാണ്. ഇത്രയടുത്തിരുന്നിട്ടും ഒന്ന് കെട്ടിപ്പുണരാനോ ചുംബിക്കാനോ അവൾക്ക് കഴിഞ്ഞിട്ടില്ല . ആരെയും തോൽപ്പിക്കുന്ന സൗന്ദര്യമുണ്ടായിട്ടും അവളെ അയ്പ്പൂട്ടി ഒന്ന് സ്പർശിച്ചിട്ടുപോലുമില്ല. ഇത്രയും ആണ്ടുകളായിട്ടും കണ്ണുകളിൽ അവൾ കാമത്തിന്റെ ഒരു കണിക പോലും കണ്ടിട്ടില്ല. അങ്ങനെയുള്ളൊരാളുടെ ബ്രഹ്മചര്യത്തിന് കോട്ടം തട്ടുമെന്നു കരുതിയാണോ വിഡ്ഢികളെല്ലാം ഇവിടെ തമ്പടിച്ചിരിക്കുന്നത്.

'അല്ല യുവതികൾ ഇവിടേക്കു വരരുതെന്ന്  ആരൊക്കെയോ പറയുന്നുണ്ട്,പറയൽ മാത്രമല്ല തടയുന്നുമുണ്ട്,എന്താ അയ്പ്പൂട്ടിയുടെ അഭിപ്രായം?
അയ്പ്പൂട്ടി പറയുന്ന ഉത്തരം എന്താണെന്നറിയുവാൻ കാറ്റും മലയും മാളുവമ്മയും ആകാംക്ഷയോടിരിപ്പായി.
അയ്പ്പൂട്ടി ഒന്നും മിണ്ടിയില്ല അയാൾ പടികൾ ഓരോന്നായിറങ്ങി  മാളുവമ്മയും ഒപ്പം കൂടി.അവസാനത്തെ പടിയിറങ്ങി കഷ്ടി പതിനഞ്ചോ ഇരുപതോ അടി നടന്ന്‌  മാളുവമ്മയെ അവരുടെ വീട്ടിലാക്കിഅയാൾ മുന്നോട്ട്നടന്നു.
'ചോദ്യത്തിനുത്തരം പറഞ്ഞിട്ട് പൊക്കൂടെ?
നിങ്ങളെവിടെയാണോ ഉള്ളത് അതിനു തൊട്ടടുത്തൊരിടം അതാണ് എനിക്ക് തന്ന വാക്ക്'
മാളുവമ്മ കരഞ്ഞു തുടങ്ങി
"ഞാനിവിടേക്ക് തന്നെ വരും മാളുവമ്മേ എല്ലാം ഒന്ന് കലങ്ങി തെളിയും വരെ ചുമ്മാ ഒന്ന് നടക്കണം
ഒന്നും കാണാത്ത പോലെ എവിടേലും പോയി കണ്ണടിച്ചിരിക്കണം
വീടിന്റുമ്മറത്ത് വന്നിട്ട് രക്തവും മൂത്രവും വീഴുത്തുമെന്ന്  പറയുന്നവരെ അവരറിയും മുമ്പേ ഭൂമുഖത്തു നിന്ന് നുള്ളിയെറിയാൻ അറിയാഞ്ഞിട്ടല്ല , സംഹരിക്കുന്നതിനേക്കാൾ സംരക്ഷിക്കാനാ എനിക്കിഷ്ടം.
എനിക്കെല്ലാരും എന്റെ പ്രജകളാണ്. അതിൽ സ്ത്രീ പുരുഷ ഭേദമില്ല  എനിക്ക് മുന്നിലെത്തുന്നവരെല്ലാം ഞാൻ തന്നെയാണ്.
അങ്ങനെയേ ഞാൻ കാണൂ.
കലികാലമാണ് ചോര ചിന്തിയെ മതിയാവൂ എന്നാണേൽ അങ്ങനെ തന്നെയവർ ചെയ്യട്ടെ."
മാളുവമ്മ എല്ലാം കേട്ടു നിന്നു 
നടന്നു നീങ്ങുന്നതിനു മുമ്പേ അയാൾ ഇങ്ങനെ പറഞ്ഞു.
"മാളുവമ്മേ ഞാൻ വീണ്ടും പറയുന്നു എന്റെ മുന്നിൽ ഒരാർത്തവക്കാരിയായി ഞാൻ ഒരാളെയും കാണുകയില്ല കാരണം എന്റെ വീട്ടിലേക്കുള്ള പടിയെല്ലാം ചവിട്ടി ആരു വേണമെങ്കിലും വന്നുകൊള്ളട്ടെ അവരെയെല്ലാം ഞാൻ കാണുന്നത് ഞാനായിട്ടു തന്നെയാണ്.
നാല് വേദങ്ങളും, ആറ് വേദാങ്കങ്ങളും,നാല് ഉപവേദങ്ങളും,നാല്ഉപാങ്കങ്ങളും എത്ര തവണ ചവിട്ടി കയറി എന്നെ കണ്ടു പോയിട്ടും കാര്യമില്ല
വീടിന്റെയുമ്മറത്തെഴുതി വച്ചിരിക്കുന്ന ഒരു വാക്കുണ്ട് 'തത്ത്വമസി' അത് വായിക്കണം "

Author
Sanjay.K.Sathyan
Author's Email
bimal.varkala@gmail.com
Author's Phone No
55958
vote
0