Skip to main content
Srishti-2019   >>  Short Story - Malayalam   >>  തീ

തീ

Written By: Unnikrishnan R
Company: Arackal Digital Solution

Total Votes: 0

"അതെ  പാട്ടുമുറുക്കുമ്പോൾ  കാലുനിലത്തുറക്കില്ല , തീ ചുട്ടുപൊള്ളുന്ന തീ , തോട്ടത്തീർന്നു കഥ , നേരത്തു ഉറഞ്ഞു തുള്ളുന്നത് പണിക്കരല്ല , കാളി ... കരികാളി , തൊട്ടാ പപ്പടം പൊള്ളുന്നപോലെ  പൊള്ളും , വസൂരി വന്നാ പിന്നെ പറയണ്ടല്ലോ ?"

 

മടിയിൽ  തലവെച്ചുകിടന്ന  കണ്ണൻ എഴുന്നേറ്റു മുത്തശ്ശിയെനോക്കി . പേൻ നിറഞ്ഞ തല മാന്തി പൊളിച്ചുകൊണ്ടു ജാനു നിർവികാരയായി അവർക്കിടയിൽ ഒരു ഭാവവ്യത്യാസവും കൂടാതെ ഇരുന്നു .

 

"മക്കള്  പേടിക്കണ്ടാട്ടോ , കുട്ടിയോളെ ഒന്നും ചെയ്യൂല്ല  !" 
മുത്തശ്ശി  വായിൽ നുരഞ്ഞുപൊത്തിയ പുകയില മുറ്റത്തേക്ക് നീട്ടിത്തുപ്പി , തന്റെ കറപുരണ്ടു  ദ്രവിച്ച പല്ലുകാട്ടി  ചിരിച്ചുകൊണ്ട് പറഞ്ഞു .

 

"അപ്പോൾ ബഹളം വെക്കുന്ന കുട്ടിയോളെ പിടിക്കുംന്ന് വടക്കേലെ അമ്മിണിയേച്ചി പറഞ്ഞതോ  ?"
ജാനു  ഉദ്വേഗത്തോടെ ചോദിച്ചു .

 

കൊയ്തൊഴിഞ്ഞ പാടത്തെ  വരമ്പുകൾ  പോലെ  ശോഷിച്ച കാലുകൾ ഒന്ന് നീട്ടിവെച്ചു മുത്തശ്ശി അടുത്ത വെറ്റിലയിൽ പുകയിലത്തിരുകി  ഒന്നു  നെടുവീർപ്പിട്ടു .

"  അതവൾ ചുമ്മാ പറയണതല്ലേ , നുണ പറയുന്നവരേയും  കള്ളന്മാരെയും  മാത്രമേ വസൂരി പിടിക്കു ".


"പിടിച്ചാ ചത്തുപോകുമോ നമ്മള്  ? " കണ്ണൻ ഭയത്തോടെ ചോദിച്ചു .

"ചാവുകേ ...ഏയ്  തിളച്ച എണ്ണയിൽ വീണപോലെ പൊള്ളും , തെറ്റുചെയ്താൽ  ശിക്ഷ കിട്ടേണ്ടേ കണ്ണാ ."


"ആഹാ  ഇതുവരെ  കഥപറച്ചില് കഴിഞ്ഞില്ലേ  ?." കുട്ടികളുടെ അമ്മ ഭാനു  ഉമ്മറത്തേക്ക് കയറി വന്നു ചോദിച്ചു . മുത്തശ്ശി തന്റെ വായിൽ നിന്നും അവശേഷിച്ച പുകയിലപ്പുറത്തേക്കു തുപ്പികൊണ്ട് ചോദിച്ചു "കഞ്ഞി കാലായോ  ?"


"എപ്പോഴേ ആയിരിക്കുന്നു , വന്ന് കഴിച്ചിട്ട് കിടക്ക് , കഥയൊക്കെ  ഇനി നാളെ പറയാം " ഭാനു തന്റെ സാരിത്തലപ്പ് കൊണ്ട് പിൻകഴുത്തിൽ  ഒലിച്ചിറങ്ങിയ വിയർപ്പു തുടച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി . കണ്ണൻ മുത്തശ്ശിയുടെ അടുത്തേക്ക് കുറച്ചുകൂടി അടുത്തിരുന്നു "ഞാനിന്നു മുത്തശ്ശിടെ കൂടെയാ കിടക്കുന്നെ "


"വേണ്ടാട്ടോ  കണ്ണാ , നീ എന്റെ കൂടെ കിടന്നാമതി ". ജാനു  തെല്ലൊരധികാരത്തോടെ പറഞ്ഞു എഴുനേറ്റു അകത്തേക്ക് പോയി .


സമയം കടന്നുപോയി , നാലുകെട്ടിലെ  വിളക്കുകൾ ഓരോന്നായി അണഞ്ഞു . പൂജാമുറിയിലെ കെടാവിളക്കിലെ നാളങ്ങൾ തെക്കൻകാറ്റിൽ ആടിയുലഞ്ഞു . മുത്തശ്ശി ശിവനാമം ചൊല്ലി കിടക്കയിലേക്ക് ചാഞ്ഞു .


പടിഞ്ഞാറ്റിനിയിലെ മുറിയിൽ കണ്ണനും ജാനുവും പാതിമയക്കത്തിൽ ആയിരുന്നു. ദൂരെ ഏതോ ദിക്കിൽ നായ്ക്കൽ പരസ്പരം കലഹിക്കുന്ന ശബ്ദം അവ്യക്തമായി കേൾക്കാം .

തെക്കൻകാറ്റിന്റെ ശക്തി കൂടി കൂടി വരികയാണ് . മുടിയഴിച്ചിട്ട യക്ഷിയെപോലെ പനകൾ കാറ്റിലാടിയുലഞ്ഞു . പകുതി തുറന്നിട്ട ജനലഴിക്കിടയിലൂടെ ഇളംകാറ്റ് കണ്ണന്റെ കവിളിലെ തലോടി കടന്നുപോയി .

കണ്ണൻ പാതിമയക്കത്തിൽ കണ്ണുതുറന്നു ചുറ്റും  നോക്കി . ഇരുട്ട് , എങ്ങും ഇരുട്ടു തളംകെട്ടി നിന്നിരുന്നു . കണ്ണൻ മെല്ലെ ജാനുവിന്റെ അടുത്തേക്ക് നീങ്ങികിടന്നു , മെല്ലെ അവളെ വിളിച്ചു . പകുതി മയക്കത്തിൽ ജാനു അവന്റെ വിളിക്കു കാതുകൊടുത്തു .


 "ഓപ്പോളേ എന്നെ തീ പിടിക്കുമോ ". അപ്പോൾ കണ്ണന്റെ ശബ്ദമിടറിയിരുന്നു . ജാനു കണ്ണന് അഭിമുഖമായി തിരിഞ്ഞു കിടന്നു ."ഏയ് കുട്ടിയോളെ തീ പിടിക്കില്ലന്നല്ലേ മുത്തശ്ശി പറഞ്ഞെ , നീ പ്രാർത്ഥിച്ചു കിടന്നുറങ്ങു കണ്ണാ "


കണ്ണൻ കണ്ണുകൾ അടച്ചുകിടന്നു . തെക്കൻ കാറ്റ്  വീണ്ടും ആമുറിയിൽ തണുപ്പിന്റെ നേരിയകമ്പളം പുതപ്പിച്ചു കടന്നുപോയി .കണ്ണൻ വീണ്ടും ജാനുവിനെ വിളിച്ചു ."ഓപ്പോളേ കഴിഞ്ഞദിവസം ഓപ്പോള് പറഞ്ഞിട്ടല്ലേ മുത്തശ്ശിടെ ചെല്ലത്തിന്നു  രണ്ടെന്ന എടുത്തത് " കണ്ണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി  "തെറ്റ് ചെയ്താ എണ്ണയിൽ വറത്തെടുക്കും " അവൻ കരഞ്ഞു .


"കുട്ടിയോളെ ഒന്നും ചെയ്യില്ലടാ ... അല്ലക്കിൽ തന്നെ    ഓപ്പോള് അന്നെ വറക്കാൻ കൊടുക്കൂവോ " ജാനു അവനെ അവളോട് ചേർത്ത് കെട്ടിപിടിച്ചു.


തെക്കൻ കാറ്റിന്റെ മൂളൽ എവിടെയും മുഴങ്ങി കേൾക്കാം .കണ്ണനും  ജാനുവും ഉറക്കത്തിലേക്കു വഴുതിവീണു. രാത്രി ഏറെ വൈകി , ദൂരെ പനത്തേങ്ങകൾ  വീഴുന്ന ശബ്ദം വ്യക്തമായി കേൾക്കാം . പകുതി തുറന്ന ജനലഴിയിലൂടെ അകത്തേക്ക്   തണുത്തകാറ്റു അതിക്രമിച്ചു കയറിക്കൊണ്ടിരുന്നു . തുറന്നിട്ട ജനലഴികൾക്കപ്പുറം കടുംനിറച്ചാർത്തുള്ള കോലങ്ങൾ വരിവരിയായി വന്നു .


കണ്ണൻ കണ്ണുകൾ ചിമ്മി സൂക്ഷിച്ചുനോക്കി , ഇല്ല  ! കോലങ്ങളുടെ കാലുകൾ നിലത്തുറക്കുന്നില്ല , ഉടവാൾ അന്തരീക്ഷത്തിൽ ചുഴറ്റി ഒരു ഹുങ്കാര ശബ്ദം അവിടാകെ മുഴങ്ങി .കണ്ണൻ കണ്ണുകൾ ഇറുക്കിയടച്ചു , പേടികൊണ്ടു അവന്റെ നെറ്റിയിലെ വിയർപ്പുതുള്ളികൾ മുത്തുമണികൾ പോലെ തിളങ്ങി , അവൻ പുതപ്പിനുള്ളിൽ അഭയംതേടി .


ചിലമ്പിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ ആയി .കണ്ണൻ കണ്ണുകൾ തുറന്നില്ല , അവന്റെ കാലുകളിൽ ചെറിയൊരു തണുപ്പ് പടർത്തി കാറ്റുവീണ്ടും വീശിയടിച്ചു .


ചിലമ്പ് അണിഞ്ഞ കോമരത്തിന്റെ കാലുകൾ കണ്ണൻ പുതപ്പിന്റെ വിടവിലൂടെ നോക്കി  , ഇല്ല  കാലുകൾ നിലത്തു തൊട്ടിട്ടില്ല. അവൻ കണ്ണുകൾ അടച്ചുതന്നെ കിടന്നു . നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ മുഖത്തേക്ക് ഒലിച്ചിറങ്ങി . ശരീരത്തെ ഓരോ രോമകൂമകളിലും തണുത്തകാറ്റു രോമാഞ്ചം വാരിവിതറി കണ്ണൻ ഒന്ന് വിറച്ചു ഒടുവിൽ തളർന്നു ഉറക്കത്തിലേക്കു വഴുതിവീണു .


ഉഴുതുമറിച്ച നിലം പോലെ ശരീരം വേദനകൊണ്ടു തുള്ളുകയാണ്  അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങി .പതിവിലും ചൂടുണ്ടായിരുന്നു അതിനു . കണ്ണുകൾ ഏതോ ഗർത്തകളിലിൽ ആഴങ്ങൾ തേടുകയായിരുന്നു അപ്പോൾ . അമാവാസി ബാക്കിവെച്ച കറുപ്പ്  അവന്റെ കണ്ണുകൾക്ക് ചുറ്റും തളംകെട്ടിനിന്നു .


"ഇല്ല  എന്റെ കുട്ടിക്ക് ഒന്നും വരില്ല " മുത്തശ്ശിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു . പുതുമഴയിൽ മുളച്ചുപൊങ്ങുന്ന കുമിളികൾ പോലെ കണ്ണന്റെ ദേഹമാകെ വസൂരി കുരുക്കൾ പൊങ്ങിനിന്നു .തെക്കൻ കാറ്റിന്റെ തലോടൽ തെല്ലൊരാശ്വാസമായി തോന്നിയവന് .


നാലുകെട്ടിന്റെ അകത്തളങ്ങളിൽ അമ്മയും മുത്തശ്ശിയും കരയുന്നത് കണ്ണന്റെ കാതുകളിൽ അലയടിച്ചു .ജാനു കണ്ണൻ കിടക്കുന്ന മുറിയുടെ വാതിൽ വരെ വന്നു തിരിച്ചുപോയി . അവളുടെ വളകിലുക്കം ഏതു ഇരുട്ടിലും അവനറിയാം .


കുരുക്കൾ വലുതായി വന്നുകണ്ണന്റെ കണ്ണുകളിൽ കൂടി അവ കടന്നുകൂടിയിരുന്നു , വേദന തുലാം വർഷ മഴപ്പാച്ചിൽ പോലെ അവനെ ഇളക്കിമറിച്ചു , അവൻ ഉറക്കെ കരഞ്ഞു . അവന്റെ കരച്ചിൽ കേൾക്കാൻ ആരും വന്നില്ല അവൻ വീണ്ടും കരഞ്ഞു വീണ്ടും വീണ്ടും . ഒടുവിൽ തളർന്നു അവൻ മയങ്ങിപ്പോയി .


കൂറയുടെ വൃത്തികെട്ട നാറ്റം ശ്വസിച്ചാണ്  അവൻ ഉണർന്നത് , അവൻ കണ്ണുകൾ മെല്ലെ തുറന്നു , താൻ  ഇപ്പോൾ  ഒരു പനമ്പായക്കുള്ളിൽ ആണെന്ന് അവൻ അറിഞ്ഞു .തന്നെ പൊതിഞ്ഞു ചുറ്റിയ വെളുത്ത തുണി അവൻ മണത്തുനോക്കി . അതെ മുത്തശ്ശിയുടെ മണം .അവൻ ഒന്ന് തിരിയാൻ നോക്കി  പക്ഷെ പായ മുറുക്കി കെട്ടിയിരുന്നതിനാൽ അവനതു സാധിച്ചില്ല . ആരെക്കെയോ തന്നെ എവിടേക്കോ കൊണ്ടുപോകുകയാണ് എന്ന ബോധം അവനെ വീണ്ടും കരയിച്ചുപക്ഷെ കരച്ചിലിൽ ഒരു നേർത്ത തേങ്ങലായി അവശേഷിച്ചു .


പായയുടെ വിടവിലൂടെ കാറ്റു തഴുകി കടന്നുപോയി , ശരീരമാകെ ഒരു തരം  തരിപ്പയിരുന്നു അപ്പോൾ .മുഴുവൻ ഇരുട്ടു , പിന്നീടെപ്പോഴോ ബോധം വന്നപ്പോൾ താൻ ഒറ്റക്കാണ് എന്നവൻ അറിഞ്ഞു . എങ്ങും നിശബ്ദത , കുറുക്കന്മാർ ഓരിയിടുന്ന ശബ്ദം മാത്രം കേൾക്കാം .


കണ്ണൻ സർവശക്തിയുമെടുത്തു കരഞ്ഞു , വീണ്ടും വീണ്ടും കരഞ്ഞു , അവന്റെ കരച്ചിൽ നായകൾക്ക് ഹരമായി തോന്നിക്കാണും അവറ്റകൾ ഉച്ചത്തിൽ ഓരിയിട്ടുകണ്ണന്റെ കരച്ചിൽ ഒരു നേർത്ത തേങ്ങൽ ആയി മാറുകയായിരുന്നു അപ്പോൾ . ആഞ്ഞു വീശിയ തെക്കൻകാറ്റ്  അതിനെ അലിയിച്ചു കടന്നുപോയി .

Comment