Skip to main content
Srishti-2019   >>  Short Story - Malayalam   >>  ദേവകി-സാക്ഷ്യം

ദേവകി-സാക്ഷ്യം

Written By: PRAVEEN KUMAR V
Company: Tata Elxsi

Total Votes: 0
Vote.

വടക്കുള്ള ഒരു കുന്നിൻ ചെരുവിൽ നിന്ന് ദേവകിയെ താലി കെട്ടി , നാട്ടിലിലെത്തിക്കുമ്പോൾ, അന്ന് നേരം സന്ധ്യ ആയിരിന്നു . ചുവന്നു തുടുത്ത മാനത്തിനു താഴെ കയ്യിൽ നിലവിളക്കും , മുടി നിറയെ പൂക്കളുമായി നിന്ന്  അവൾ, അവരെ നോക്കി ചിരിക്കുമ്പോൾ,ബാല്യത്തിന്റെ കൗതുകം മൂക്കിലേക്ക് വലിച്ചു കയറ്റി അവർക്കിടയിൽ ഞാനുമുണ്ടായിരുന്നു .അന്ന് മുതൽ നാട്ടിൽ ദേവകിയുടെ കഥകൾ വിരിഞ്ഞു തുടങ്ങി

 

            ആദ്യം അവർ, അവൾ ചൂടിയ പൂക്കളെ പറ്റി കഥകൾ പറഞ്ഞു . വാസനയും , പൂക്കളുടെ പേരും അവർക്കു അപരിചിതമായിരുന്നു എന്നിരിക്കെ , പാരിജാതത്തിൽ നിന്നും, പനിനീർ ചെമ്പകത്തിൽ നിന്നും പേരിനുള്ള തർക്കം പറന്നു പൊങ്ങി .പേരെന്താകിലും, അത്രയും രൂക്ഷ ഗന്ധം മുടിയിൽ ചൂടിയവൾക്കു ഭ്രാന്തായിരിക്കും എന്ന് ആദ്യം പറഞ്ഞത് അവരിൽ ആരാണെന്നു ഞാനോര്ക്കുന്നില്ല . സത്യം ദേവകി ഭ്രാന്തി ആയിരിന്നു.

 

     ദേവകി ഭ്രാന്തിയും സുന്ദരിയും  ആയിരിന്നു. കണ്ണിൽ മഷി എഴുതിയിട്ടുണ്ടെങ്കിൽ   അത് മനസിലാക്കുവാൻ രണ്ടാമത് ഒന്നുകൂടി മുഖത്തേക്ക് നോക്കണം എന്ന സത്യം സ്വീകരിച്ചു കൊണ്ട് തന്നെ  പറയെട്ടെ , ദേവകി സുന്ദരി ആയിരിന്നു. അവളുടെ സൗന്ദര്യത്തിൽ സംശയം ഉള്ള   ഒരാൾ, അവൾ മാത്രമായിരുന്നു . സംശയം മാറ്റി , വിശ്വാസത്തിന്റെ വെളിച്ചം വീശുവാൻ അവൾ പുലരുമ്പോൾ തന്നെ അയൽ വീടുകൾ സന്ദർശിച്ചു അവിടുത്തെ സ്ത്രീകളോട് താനെ സൗന്ദര്യത്തെ പറ്റി ചോദിച്ചു. അവരിൽ ചിലർ കളവും, ചിലർ സത്യവും പറഞ്ഞു . അത് കേട്ട് സന്തോഷവതിയായി  തിരികെ പോകുമ്പോൾ അവളെ നോക്കി അവർ പറഞ്ഞു . ദേവകി സുന്ദരിയാണ്. ദേവകി ഭ്രാന്തി  ആണ് .

 

               ദേവകി സുന്ദരി ആയിരിന്നു .എന്നാൽ  നിറഞ്ഞ സൗന്ദര്യത്തിന്റെ ഉടമ മാത്രമായിരുന്നില്ല അവൾ .സ്വന്തമായി നെയ്ത ചില  സൗന്ദര്യ സങ്കൽപ്പങ്ങളിൽ വിരാജിക്കുകയും , അടിയുറച്ചു വിശ്വസിക്കുകെയും ചെയ്തു . പെണ്ണായാൽ കണ്ണെഴുതണമെന്നും , പൊക്കിൾ ചുഴി മറയ്ക്കാതെ നടക്കണമെന്നും പ്രഖ്യാപിച്ചു . ആണിന്റെ നോട്ടം പെണ്ണിന്റെ  കണ്ണുകളിൽ തെന്നി , അവളുടെ പൊക്കിൾ  ചുഴയിൽ വീണു നില തെറ്റണമെന്നും ശഠിച്ചു . അല്ലെങ്കിൽ നോട്ടം പകുതി എത്തി, മുലയിൽ  തട്ടി വഴിതെറ്റുമെന്നും  അങ്ങനെ സംഭവിക്കുന്നത് പെണ്ണിന്റെ പരാജയമാണെന്നും അവൾ വിധിച്ചു  . കണ്ണെഴുതാതെ, പൊക്കിൾ മറച്ചു നടന്ന എല്ലാ അയക്കാരികളോടും ദേവകി കലഹിച്ചു . ആരും എതിർത്തൊന്നും പറഞ്ഞില്ല . ചിലർ മാക്സ്യിൽ ഒളിച്ചു. ധീര വനിതകൾ പൊക്കിൾ കുഴി പൂർണമായി മറയ്ക്കാതെ എന്നാൽ ആർക്കും അതിന്റെ ആഴം അളക്കാൻ കൊടുക്കാതെ , സാരി ചുറ്റി അവളുടെ മുന്നിൽ പ്രത്യക്ഷപെട്ടു . അവൾ കണ്ണടച്ച് വരമരുളാൻ തുടുങ്ങുമ്പോൾ അവർ പറഞ്ഞു . ദേവകി സുന്ദരിയാണ് . ദേവകി ഭ്രാന്തിയാണ് .

 

          ദേവകി സുന്ദരി ആയിരിന്നു . എന്നിട്ടും അവളുടെ ഭർത്താവു ശിവദാസൻ അന്തിക്ക് വേറെ ഒരു കൂട്ടിൽ പോയി. അവൾ പരാതി പറഞ്ഞില്ല , പരിഭവിച്ചില്ല . അവർ ചോദിച്ചപ്പോൾ , അയാൾക്ക്വടക്കു ഒരു കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ പൂജാരി ആയി ജോലി കിട്ടി എന്ന് പറഞ്ഞു . അവർ ചിരിച്ചപ്പോൾ അത് കാണാതെ അവൾ, കുന്നിൻ മുകളിലെ പൂജ കഴിഞ്ഞു നട അടച്ചു വരുന്ന അയാളെ  കാത്തിരുന്നു .
അതറിഞ്ഞപ്പോൾ അവർ പറഞ്ഞു ദേവകി സുന്ദരിയാണ് . ദേവകി ഭ്രാന്തിയാണ്.

 

                ദേവകി സുന്ദരി ആയിരിന്നു . അവൾക്കു പണ്ടൊരു വേടനുമായി പ്രണയ ബന്ധം ഉണ്ടായിരിന്നു എന്നവർ പറഞ്ഞു. മലയും, കാടും കാണാൻ മോഹിച്ചവളെ വീട്ടിൽ കുടിയിരിത്തിയതാവാം ഭ്രാന്തിനു കാരണമായതെന്ന് അവരിൽ ആരോ ബുദ്ധിയുള്ളവർ പറഞ്ഞു . അവൾ വേടന് വേണ്ടി കാത്തിരിക്കാറുണ്ടെന്നും , അവനു നല്കാൻ ,നാമം ജപിക്കുമ്പോൾ കയ്യിൽ ഒരു മയിൽ പീലി തണ്ടും , ഓടക്കുഴലും കരുതാറുള്ളതായി അവർ പറഞ്ഞു , രാവേറെ ഉറങ്ങുമ്പോൾ അവളുടെ കുടിലിൽ നിന്ന് ഓടക്കുഴൽ വായിക്കുന്നത് കേൾക്കാറുണ്ടെന്നും, അതുകേട്ടു മടുത്താകണം ശിവദാസൻ കൂടു വിട്ടതെന്നും അവർ ന്യായം പറഞ്ഞു . എന്നിട്ടും അവരാരും ദേവകിയിൽ സ്വഭാവ ദൂഷ്യം കണ്ടില്ല . അല്ലെങ്കിലും ഭ്രാന്തുള്ളവരെല്ലാം സ്വഭാവ നൈർമല്യം ഉള്ളവരും, നിഷ്കളങ്കരും ആയിരിക്കും.എങ്കിലും അവൾ സുന്ദരി  ആയിരിന്നു

 

                   മണ്ഡല കാലങ്ങളിൽ അവൾ നോറ്റ വ്രതത്തിന്  ശുദ്ധികുറവാണെന്നു അവർ പറഞ്ഞപ്പോൾ അവൾ ചിരിച്ചു പോലും . വ്രതം മനുഷ്യനും ശുദ്ധി വെളിവുള്ളവനും വീതിച്ചു നൽകിയ കാര്യം  ഭ്രാന്തി അറിഞ്ഞിട്ടുണ്ടാവില്ല .വെളുപ്പും, കറുപ്പും ഉപേക്ഷിച്ചു നിറങ്ങൾ പൂത്ത സാരികളിൽ അവൾ   മലയ്ക്ക് പോകുന്നതും , തെളി മാനത്തു രക്തം പൊടിയുമ്പോൾ അവശയായി  തിരികെ എത്തുന്നെതും അവർ പറഞ്ഞു ഞാൻ അറിഞ്ഞുകന്നി അയ്യപ്പന്മാരുടെ കയ്യിൽ ഒരു പൊതി കൊടുത്തയക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ അവർ  അത് തന്നെ പറഞ്ഞു .ദേവകി സുന്ദരിയാണ് . ദേവകി ഭ്രാന്തിയാണ്.

 

                      ഇന്നലെ ദേവകി മരിച്ചപ്പോഴും അവൾ സുന്ദരിയും, ഭ്രാന്തിയും ആയിരിന്നു . പടിഞ്ഞാറു സൂര്യൻ അസ്തമിച്ചപ്പോൾ നിലത്തു പടർന്ന ചോരയിൽ മയിൽ പീലി നനഞ്ഞു കുതിർന്നു . അവളുടെ ചിതയുടെ  തലയ്ക്കൽ ശിവദാസനും , കാൽക്കൽ വേടനും നിന്നിരുന്നു.പൂക്കൾക്ക് പകരം വേടൻ കൊണ്ടുവന്നത് മയിൽ പീലികൾ ആണെന്ന് അവർ പറഞ്ഞു . ഇനി ചോദ്യങ്ങൾക്കു ഇട നൽകാത്ത അവളുടെ സൗന്ദര്യവും , അവളുടെ അഴകിന് കഥകൾ മെനഞ്ഞ അവരും , അഴകിന്റെ കഥകൾ കേട്ട ഞാനും അവൾക്കൊപ്പം ചിതയിൽ എരിഞ്ഞു.

Comment