Skip to main content
Srishti-2022   >>  Short Story - Malayalam   >>  ദേവദാസി

ANJANA CS

Infosys

ദേവദാസി

രാവിലെ മുതൽ കോളേജിൽ എല്ലാവരും ഓടിനടക്കുകയാണ്. കോളേജ് ആനുവൽഡേ നടത്തുന്നത് യൂണിയൻ ഭാരവാഹികളാണ്. കാര്യപരിപാടികൾ കോർഡിനേറ്റ് ചെയ്യുന്നതും ചീഫ് ഗസ്റ്റിനെ കൊണ്ടുവരുന്നതുമുൾപ്പടെയെല്ലാം അവർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എന്നിട്ടും അധ്യാപകരെന്തിനാ ഇങ്ങനെ ഓടിനടക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചില മനുഷ്യന്മാർക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ് ഇമ്മാതിരി ചില തരം താണ സ്വഭാവം - ഞാൻ ഏതാണ്ട് വലിയ തിരക്കുള്ളവനാണേ എന്ന് ബോധ്യപ്പെടുത്താനൊരു പരക്കം പാച്ചിൽ. ഒന്നുമില്ലെങ്കിലും അഞ്ചുമിനുട്ടിൽ അൻപതുപ്രാവശ്യം ഫോണെടുത്തു കുത്തിനോക്കും. വെറുതെ ജാട, ഒരു മനുഷ്യജീവിയും ഫോണിലേക്കു തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല എന്നത്  പരമസത്യം. ഇന്നത്തെ കോളേജ് പിള്ളേർ ഇവരെ 'ഷോ... ഷോ.. ' എന്നുവിളിച്ചു കളിയാക്കാൻ തുടങ്ങീട്ടുണ്ട്

നടന്നുനടന്ന്കെമിസ്ട്രി വിഭാഗത്തിന്റെ അടുത്തെത്തിയപ്പോഴാണ് എതിരെ വരുന്ന സോഡാകുപ്പി കണ്ണട വെച്ച പ്രൊഫസറെ കണ്ടത്. ചെറിയ മുഖത്തെ വലിയ കണ്ണട എന്റെ ഉള്ളിലൊരു ചിരി ജനിപ്പിക്കാതിരുന്നില്ല. ഇന്നലെ വന്നു ജോയിൻ ചെയ്തതേയുള്ളു, അതുകൊണ്ട് അധികം പ്രൊഫസർമാരെ ആരെയും പരിചയപ്പെടാൻ പറ്റിയിട്ടില്ല. പുള്ളി റിട്ടയേർഡ് ആകാറായിട്ടുണ്ടെന്നു തൂവെള്ള തലമുടിയും നരകയറിയ മീശയും വിളിച്ചോതി. അടുത്തെത്തിയപ്പോൾ ഒരു 'ഗുഡ്മോർണിംഗ്' പറഞ്ഞു അഭിവാദ്യം ചെയ്യാൻ മറന്നില്ല.

"പുതിയ ട്രാൻസ്ഫർ ആണല്ലോ?"

"അതെ സർ, പേര് ഇമ്മാനുവൽ. മലയാളം ആണ്."

"ഓക്കേ, ഞാൻ രാമകൃഷ്ണൻ. കെമിസ്ട്രി ഹെഡ് ആണ്. ഇമ്മാനുവൽ എത്ര വർഷമായി സർവ്വീസിൽ?"

"സർക്കാരിൽ കിട്ടിയിട്ടപ്പോൾ പന്ത്രണ്ട് വർഷമാകുന്നു. അതിനുമുൻപ് ഗസ്റ്റ് ആയി പഠിപ്പിച്ചിരുന്നു." 

"ആഹാ അപ്പോ കുറെ വർഷമായല്ലോ" എന്നും പറഞ്ഞു അദ്ദേഹം അഭിനന്ദനസൂചകമായ ഒരു പുഞ്ചിരി സമ്മാനിച്ചു.

"ശരി ഇമ്മാനുവൽ നമുക്ക് പിന്നെ കാണാം. പ്രോഗ്രാം തുടങ്ങും മുൻപ് കുറച്ച് അത്യാവശ്യകാര്യങ്ങൾ ചെയ്യാനുണ്ട്."

"ഓക്കേ സർ, കാണാം"

പുതിയ ക്യാമ്പസ് അയാൾക്ക് നന്നായി ഇഷ്ടപ്പെട്ടു. ഓടുപാകിയ കെട്ടിടങ്ങൾ, തണൽവിരിച്ച ക്യാമ്പസ് ഇടവഴികൾ, സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കാലം മായ്ക്കാത്ത മുദ്രകൾ നിറഞ്ഞ ശരീരവുമായി കുറേ മുതുമുത്തച്ഛൻ വൃക്ഷങ്ങൾ. ഇനി തിരികെയെത്താനാവില്ലെന്ന സത്യമുൾകൊണ്ട് പറന്നകന്ന പക്ഷികൾ കോറിയിട്ടൊരു മുദ്രകൾ. സ്നേഹത്തിൻ കണ്ണൂനീരിൽ ചാലിച്ചെടുത്ത തൂലികത്തുമ്പുകളാകാം ഓരോ മുത്തച്ഛൻമരങ്ങളെയും മുത്തമിട്ടത്. എല്ലാം കൊണ്ടും ഗൃഹാതുരത്വമുണർത്തുന്ന ഒത്ത ഒരു സർക്കാർ കോളേജ്. പക്ഷേ ഇവിടുത്തെ എല്ലാ അധ്യാപകരെയും പരിചയപ്പെട്ട് വരുമ്പോഴേക്കും ഒരു വഴിയാകുമായിരിക്കും താൻ. കോളേജിന്റെ പ്രധാന കവാടത്തിൽ നിന്നും ഓഡിറ്റോറിയത്തിലേക്കുള്ള വഴിയിൽ ചീഫ് ഗസ്റ്റിനു സ്വാഗതം പറഞ്ഞുകൊണ്ടുള്ള വലിയ ബാനർ. ഏതോ വനിതാ .പി.എസ്. മുഖം എവിടെയോ കണ്ടിട്ടുള്ളത് പോലെ. ബാനർ കുറച്ചു ദൂരെ ആയതിനാൽ വ്യക്തമായതും ഇല്ല. പോലീസുകാരിയല്ലേ, വല്ല പത്രത്താളിലോ ചാനലിലോ ആയിരിക്കും

അധ്യാപകർക്കായി ഒഴിച്ചിട്ട കസേരകളിൽ രണ്ടാം വരിയിൽത്തന്നെ സ്ഥാനം പിടിച്ചു. കുട്ടികൾ ഒക്കെ കുറവാണു. ഉദ്ഘാടനവും  പ്രസംഗവും ഒക്കെ കഴിഞ്ഞാൽ കുട്ടികളുടെ പരിപാടികൾ ആണ്. അവരുടെ കലാപരിപാടികൾ തുടങ്ങുമ്പോൾ ഹാൾ നിറഞ്ഞുകവിയുമായിരിക്കും. ഇതൊക്കെയാണല്ലോ എല്ലാ കോളേജിലും സാധാരണയായി നടക്കുന്നത്.

അധികം താമസിയാതെ ചീഫ് ഗസ്റ്റിനെ ആനയിച്ചോണ്ട് പ്രിൻസിപ്പാളും മറ്റു അധ്യാപകരും യൂണിയൻ ഭാരവാഹികളും അടങ്ങുന്ന ഒരു സംഘം സദസ്സിന്റെ നടുവിലൂടെ നടന്നുവന്നു സ്റ്റേജിലേക്ക് കയറി. പോലീസ് വേഷത്തിലുള്ള ഉദ്യോഗസ്ഥയെ നോക്കിയതും വീണ്ടും കണ്ടുമറന്നത് പോലെയൊരു സ്പാർക്ക്. ഉവ്വ്, ഇവരെ തനിക്കറിയാം.. പക്ഷേ.. എങ്ങനെ.. എവിടെ?!

പെട്ടന്നയാൾ സ്റ്റേജിന്റെ പിൻകർട്ടനോട് ചേർത്തുകെട്ടിയിരുന്ന ബാനറിൽ ശ്രദ്ധിച്ചു - താമര .പി.എസ്.!!

താമര ??

മനസ്സിനുള്ളിലൂടെ കാലചക്രം പിന്നിലേക്കൊരു മലക്കം മറച്ചിൽ.. അതും ശരവേഗത്തിൽ. കർത്താവേ താമരയോ? അവളാണോ ഇവൾ? പത്തോ പതിനാലോ കൊല്ലങ്ങൾക്കുമുൻപ് താൻ കണ്ട താമരമുഖവും ഇപ്പോൾ മുന്നിലിരിക്കുന്ന താമരമുഖവും ഇമ്മാനുവൽ നിമിഷങ്ങൾകൊണ്ട് താരതമ്യം ചെയ്തു. അതെ, അതേ കണ്ണുകൾ, അതേ മൂക്ക്, മുഖം നന്നായി മാറിയിട്ടുണ്ട്. തടി വെച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ തിരിച്ചറിയില്ല. അയാളുടെ നെഞ്ചിടിപ്പിന്റെ താളക്രമം തലച്ചോറിൽ വ്യക്തമായി മുഴങ്ങാൻ തുടങ്ങി. അവളെങ്ങാനും തന്നെ കണ്ടാൽ... ഇരിപ്പിടത്തിൽ നിന്നും ആരും കാണാതെ ഇറങ്ങിയോടാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് അയാളൊരു കുറുക്കന്റെ കള്ളത്തരത്തോടെ പരതി. തലയുയർത്താൻ വയ്യ. എങ്ങാനും അവളുടെ കണ്ണിൽപെട്ടാൽ? ഈശോയെ.. ഓർക്കാൻകൂടി ത്രാണിയില്ല. ഇത്രയും ആൾക്കാരുടെ മുന്നിൽവെച്ചു അവൾ നാറ്റിക്കും.. തീർച്ച! മാത്രമല്ല അവളിന്നൊരു .പി.എസ് ഉദ്യോഗസ്ഥയാണ്. അഴിയെണ്ണിക്കണമെങ്കിൽ അതും എളുപ്പം. ഉദ്ഘാടനചടങ്ങിനായി അവളെ ക്ഷണിക്കുന്നത് കേട്ടതും 'ഒന്ന് വാഷ്റൂമിൽ പോയിവരാം' എന്ന് അടുത്തിരുന്ന അധ്യാപകനോട് പറഞ്ഞ് അയാൾ സദസ്സിന്റെ പിൻവാതിലിലേക്ക് തലകുമ്പിട്ട് നടന്നു. രക്ഷപെട്ടു എന്ന ആശ്വാസത്തിൽ തൊട്ടടുത്ത ക്ലാസ്സ്മുറിയിൽ ക്ഷീണിതനായി അയാൾ തളർന്നിരുന്നു. ചുവടു പിഴച്ച നിമിഷങ്ങൾ അയാൾക്ക് മുന്നിൽ നിന്ന് പേക്കോലമാടി.

 

പുതിയ അധ്യയനവർഷത്തിൽ ഫസ്റ്റ് ഇയർ ബാച്ചിന്റെ ആദ്യ കോളേജ് ദിവസം. മലയോര കോളേജിൽ ആകെ കുറച്ചു ഡിപ്പാർട്മെന്റ്സ് ഉണ്ടായിരുന്നുള്ളു. ടീച്ചേർസ് എല്ലാം പട്ടണത്തിൽ ചേക്കേറാൻ കൊതിക്കുന്നതുകൊണ്ട് ഗസ്റ്റ് ലെക്ചർ പോസ്റ്റുകൾ ധാരാളമായി വരാറുണ്ട്. ഹിസ്റ്ററി ബാച്ചിന്റെ ആദ്യക്ലാസ്സിൽ കയറാനുള്ള നറുക്ക് ഗസ്റ്റ് ലെക്ചർ ആയിട്ടുകൂടി തനിക്കു വീണുകിട്ടിയപ്പോൾ കൈയിൽ കിട്ടിയ ഒരു പുസ്തകവുമെടുത്തു നേരെ വിട്ടു, കുറച്ചു സ്റ്റൈലിൽ തന്നെ. ആദ്യദിവസം, ആദ്യക്ലാസ്സ്... പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കലാകാലങ്ങളായുള്ള ക്ളീഷേ ആചാരം വെച്ചുനോക്കുമ്പോൾ പരിചയപ്പെടൽ തന്നെ ആകെയുള്ള കലാപരിപാടി.

ക്ലാസ്സിൽ ഒരറ്റത്തുനിന്നും ഓരോരുത്തരായി എഴുന്നേറ്റുനിന്ന് സ്വയം പരിചയപ്പെടുത്തൽ ആരംഭിച്ചു. അങ്ങനെ അവളുടെ ഊഴവുമെത്തി - ' എന്റെ പേര് താമര... അമ്മ പങ്കജം' ഇത്രയും പറഞ്ഞു അവൾ നിർത്തി. 'അച്ഛൻ? പേരെന്റ്സ് എന്തു ചെയ്യുന്നു?' അവൾ ബാക്കി പറയുന്നില്ല എന്ന് കണ്ടപ്പോൾ എല്ലാവർക്കും വേണ്ടി താൻ ചോദിച്ചു. അവൾ ഒന്നുകൂടി എന്റെ മുഖത്തേക്ക് നോക്കി. ഒരു നിമിഷം ഞാൻ അങ്കലാപ്പിലായി. എന്തെങ്കിലും പ്രശ്നമുണ്ടോ ചോദിച്ചതിൽ? 'ഞാനൊരു ദേവദാസിയാണ് സർ' അവൾ ഉറക്കെത്തന്നെ മറുപടി പറഞ്ഞു. എന്റെ തലയിൽക്കൂടി ഒരു മിന്നൽ പാഞ്ഞുവോ? ഞാൻ കണ്ണുമിഴിച്ചു കുട്ടിയെത്തന്നെ നോക്കി. കുട്ടികൾ കുറേപേർ ഒന്നും മനസിലാകാതെ സംശയരൂപത്തിൽ അവളെ നോക്കുന്നു. അറിയാവുന്നവർ അടുത്തിരിക്കുന്നവരുടെ കാതിൽ കുശുകുശുക്കുന്നു. ചിലരുടെ മുഖത്ത് അർത്ഥം വെച്ച ചിരി വിരിയുന്നു. ഞാൻ മാത്രം നടുങ്ങിയ അവസ്ഥയിൽ വിളറിവെളുത്തു മുഖത്ത് ഒരു വളിച്ച ചിരി വരുത്തി നിന്നു. പക്ഷേ അത് പറഞ്ഞപ്പോൾ അവളുടെ ശിരസ്സ് താഴ്ന്നിരുന്നില്ല, ശബ്ദമിടറിയിരുന്നില്ല, ഇമ വെട്ടിയിരുന്നില്ല.. അന്തസ്സോടെ തന്നെയാണോ അവളത് പറഞ്ഞത്? അതോ പറഞ്ഞതിന്റെ പൊരുൾ ഉൾക്കൊള്ളാനുള്ള ബുദ്ധിവളർച്ച എത്തീട്ടില്ല എന്നാണോ? ഇനിയൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ലാത്തതുകൊണ്ട് ഞാൻ അടുത്തയാളിലേക്ക് തിരിഞ്ഞു. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഒറ്റവാക്കിൽ കഴിഞ്ഞല്ലോ.

ഇൻറ്റർവൽ ആയപ്പോൾ ഇടനാഴിയിൽ അവൾക്കായി കാത്തിരുന്നുഎന്തോ കുട്ടിയോട് സംസാരിക്കണമെന്നോ ഉപദേശിക്കണമെന്നോ ഒക്കെ ഒരു തോന്നൽ. അതിനിടയിൽ ഓഫീസിൽനിന്നും അവളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയിരുന്നു. ഏതൊക്കെയോ സാമൂഹ്യപ്രവർത്തകരുടെ സംരംഭങ്ങളാണത്രെ ദേവദാസി വിഭാഗത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി അവരെ വിദ്യാഭാസസ്ഥാപനങ്ങളിൽ എത്തിക്കുന്നത്. താമര ആണെകിൽ നല്ല മാർക്ക് റിപ്പോർട്ടുമായാണ് അഡ്മിഷനെത്തിയത്.

'ദേവദാസി ആണെന്നു താമര ഇങ്ങനെ പബ്ലിക് ആയി പറഞ്ഞുനടക്കരുത്.' ഒരു ഉപദേശമോ താക്കീതോ പോലെയാണ് താനത് പറഞ്ഞത്.

'അതെന്താ?' അവളുടെ മുഖത്തു ഒരു പുച്ഛം വിരിഞ്ഞു

''അതൊക്കെ പഴയ അനാചാരങ്ങൾ അല്ലേ..'' ഞാൻ വാക്കുകൾക്കായി പരതി.

''ആചാരങ്ങൾ കാലഹരണപ്പെടുമ്പോൾ അല്ലേ സർ അനാചാരങ്ങളായി മാറുന്നത്. ഞാൻ ഒരു ബാക്കിപത്രമാണ്.. അത് ആചാരത്തിന്റെയോ അനാചാരത്തിന്റെയോ എന്നെനിക്കറിയില്ല."

"ഇതൊന്നും നമ്മുടെ തെറ്റല്ലാലോ താമര"

''സാറിന് ദൈവത്തിൽ വിശ്വാസമുണ്ടോ?"

"ഉണ്ട്. ഞാനൊരു ക്രിസ്ത്യാനിയാണ്"

"ജാതി ഞാൻ ചോദിച്ചില്ല സർ." ഞാൻ അറിയാതെ ഒന്ന് ചൂളിപ്പോയി. ദേവദാസി എന്ന വാക്കിന്റെ പൊരുളറിയാതെ ക്ലാസ്സിൽ വിളിച്ചുകൂവിയ ഒരു പൊട്ടിപ്പെണ്ണല്ല തന്റെ മുന്നിലുള്ളതെന്നു തലച്ചോറ് പതിയെ മന്ത്രിച്ചു.

''ഞാൻ ദേവദാസിയായി പിറന്നത് എന്റെ തെറ്റല്ലെന്ന് നന്നായി അറിയാം. ഞാനും ഒരു ഈശ്വരവിശ്വാസിയാണ്. അതുകൊണ്ട് തന്നെ ഇതു ദൈവത്തിന്റെ തെറ്റാണ്. അങ്ങേരോട് പോയി പറ ആദ്യം തെറ്റുതിരുത്താൻ. അല്ലെങ്കിൽ ഇനി ചെയ്യാതിരിക്കാൻ. അതിനുശേഷം നമുക്കാലോചിക്കാം.'' അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി. അവളുടെ മുഖത്ത് ചിരി ആണെങ്കിലും എന്റെ തലയിൽ മൊത്തത്തിൽ ഒരു പ്രകമ്പനം ആയിരുന്നു. ഇത്തിരിയില്ലാത്ത ഒരു പെണ്ണിന്റെ വായിൽ നിന്നും വന്ന ഡയലോഗുകൾ തന്നെ ആണോ ഇത്. അവളെ ഉപദേശിക്കാൻ വന്ന ഞാനാര്! എന്നാലും ഞാൻ വിടാൻ കൂട്ടാക്കിയില്ല. "കുട്ടി പറഞ്ഞതെല്ലാം ഞാൻ സമ്മതിച്ചു. പക്ഷേ ഇങ്ങനെ ദേവദാസിയാണ് എന്ന് വിളിച്ചുപറഞ്ഞിട്ടെന്താ ഗുണം. അതൊരുതരത്തിൽ സ്വയം അവഹേളിക്കലല്ലേ?" തിരിഞ്ഞുനടക്കാൻ തുടങ്ങിയ അവൾ ഒരു നിമിഷം നിന്നു. എന്റെ കണ്ണുകളിലേക്ക് തുറിച്ചുനോക്കികൊണ്ട് അടുത്തേക്കു വന്നു.

''ഞാൻ ദേവദാസിയല്ല എന്ന് പറയണ നിമിഷം ഞാനൊരു വേശ്യയുടെ മകളാണെന്ന് പറയേണ്ടി വരും. ഇല്ലെങ്കിൽ എല്ലാരും കൂടി അങ്ങനെ ഒരഡ്രസ് എനിക്ക് ചാർത്തി തരും. അതിലും ഭേദം ഇതല്ലേ സർ." ഇമവെട്ടാതെ എന്നെ നോക്കികൊണ്ട് പറഞ്ഞ വാക്കുകൾ ഒരു തീച്ചൂളയായിരുന്നു. ധിക്കാരമോ ധാർഷ്ട്യമോ എന്താണ് മുഖത്തുണ്ടായിരുന്നത്? വാക്കുകളിലുണ്ടായിരുന്നത് കഠിനതയായിരുന്നു, വെറുപ്പായിരുന്നു - ദൈവത്തിനോട്, സമൂഹത്തിനോട്, ഇത്തരം തരംതാണ വ്യവസ്ഥിതികളോട്.

" ആം സോറി" ഞാനറിയാതെ തന്നെ വാക്കുകൾ നാവിൽനിന്നും ഉതിർന്നുവീണു.

അവളുടെ വാക്കുകളുടെ, ചിന്തകളുടെ ധൈര്യമോ ആത്മവിശ്വാസമോ ആയിരിക്കാം തന്നെ അവളിലേക്കടുപ്പിച്ചത്. യാഥാസ്ഥിതികളോടും സാമൂഹിക അലിഖിത കല്പനകളോടും അവൾക്ക് വെറുപ്പായിരുന്നു. അവയ്ക്കൊന്നും തെല്ലുവില താമര കൽപിച്ചിരുന്നില്ല. സാമൂഹിക അടിച്ചേൽപ്പിക്കലുകളിൽ വീർപ്പുമുട്ടി ജീവിക്കുന്നവരോടവൾക്ക് തെല്ലും സഹതാപമില്ലായിരുന്നു. ഒന്നുകിൽ കെട്ടുപാട് പൊട്ടിച്ചു പുറത്തുവരിക, അല്ലെങ്കിൽ വ്യക്തിത്വം പണയം വെച്ച് ജീവിക്കുന്നതിന് പകരം ആത്മഹത്യ ചെയ്യുക. അവരെന്തുകൊണ്ട് ഇതിലൊന്ന് തിരഞ്ഞെടുക്കില്ലെന്ന് അവൾ പലയാവർത്തി ചോദിച്ചിട്ടുണ്ട്. നിശബ്ദരായി ഇതൊക്കെ സഹിച്ചു ജീവിക്കുന്നവരുടെ നിവൃത്തികേടോ ത്യാഗമോ പറഞ്ഞാൽ അവളുടെ തലയിൽ കേറില്ല എന്നറിയാവുന്നത് കൊണ്ട് പലപ്പോഴും മൗനമവലംബിക്കുക എന്നത് തനിക്കൊരു ശീലമായിരുന്നു

ഇത്തരം തുറന്ന സംഭാഷണങ്ങൾ ആയിരുന്നു ഉപദേശിക്കാൻ പോയ അധ്യാപകനിൽ നിന്നും എന്തും പറയാൻ പറ്റുന്ന ഒരു കൂട്ടുകാരനിലേക്ക് ഞങ്ങളുടെ ബന്ധത്തെ വളർത്തിയത്. അതിനിടയിലെപ്പോഴോ നിലപാടുകൾക്കപ്പുറം ശരീരത്തിന്റെ അഴകളവുകളിലേക്കും അകാരവടിവിന്റെ കൃത്യതയിലേക്കും തന്റെ കണ്ണുകളുടക്കി നിന്നു. പിന്നീടവൾ പറഞ്ഞ ചിന്തകളുടെ ദൃഢതയോ വാക്കുകളുടെ ലക്ഷ്യബോധമോ തന്റെ ചെവിയിൽ പതിഞ്ഞില്ല. സംസാരിക്കുമ്പോൾ കണ്ണിൽ വിരിഞ്ഞുനിൽക്കുന്ന പ്രകാശം മാത്രം കണ്ടു, അതിലെ പ്രണയവും ആത്മാർത്ഥതയും മാത്രം വായിച്ചു. പിന്നീടങ്ങോട്ടുള്ള ദിനങ്ങളിൽ  തലച്ചോറിനും നാഡികൾക്കും ഹൃദയത്തിനുമുള്ള ചിന്ത ഒന്നുതന്നെയായി, ഒരേ ആവശ്യമായി. ഒടുവിലൊരുനാൾ കാമാവേശനായ തനിക്ക് പച്ചക്കൊടി വീശുമ്പോൾ അവളുടെ മനസ്സ് നിറയെ പ്രണയമായിരുന്നു. മിന്നുകെട്ടിക്കൊള്ളാമെന്ന വാക്കിന്റെ വിശ്വാസം. അതിലുമുപരി ആദ്യമായി അവളോട് ആത്മാർത്ഥത കാണിച്ച അവളെ ചേർത്തുനിർത്തുന്ന പുരുഷനോടുള്ള വിധേയത്വം. സ്വപ്നങ്ങളെല്ലാം പങ്കുവെയ്ക്കാൻ കിട്ടിയ കാമുകനോടുള്ള ഊഷ്മള സ്നേഹം.

അവസാനം ഞാൻ തന്നെ സ്വഭാവദൂഷ്യം കണ്ടെത്തി പ്രിൻസിപ്പാളിനെകൊണ്ട് ടി.സി എഴുതിപ്പിച്ചു. നാടകങ്ങൾ പലതു കളിച്ചു. അവൾക്കായി ചോദിക്കാൻ ആരുമില്ലാന്നുള്ള ധൈര്യം. അവളുടെ മുന്നിൽ പ്രണയാതുരനായ ഉത്തരവാദിത്വയുക്തനായ കാമുകനായി ഞാൻ തന്നെ കണ്ണൂർ ഒരു കോളേജിൽ അഡ്മിഷൻ ശരിയാക്കി. കടപ്പാടും കടമയുള്ളവനുമായി ഇത്രയും ദൂരം യാത്ര ചെയ്ത് അവളെ കോളേജിൽ കൊണ്ടുവിട്ടു അഡ്മിഷൻ എടുത്തപ്പോൾ, പോകുന്ന വഴി ഒരു ഹോട്ടൽമുറിയെടുത്തു അൽപനേരം ആനന്ദകരമായി വിശ്രമിക്കാനും മറന്നില്ല. അവളന്ന് വിശ്രമിച്ചത് നന്ദികൊണ്ടോ? പ്രണയം കൊണ്ടോ? വിരഹത്തിൻ മുന്നോടിയായുള്ള സ്നേഹവായ്പ്  കാരണമോ? 'പോയി വരാം' എന്ന് പറഞ്ഞു പിരിഞ്ഞപ്പോൾ ഇനി ഒരിക്കലും വരില്ലെന്ന് അവൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

പിറ്റേന്ന് കോളേജ് കാൻറ്റീനിൽ ഒറ്റയ്ക്ക് ചായകുടിച്ചിരിക്കുമ്പോൾ തോമസ് സർ വന്ന് അടുത്തിരുന്നു. "ആവശ്യം കഴിഞ്ഞപ്പോൾ നാടുകടത്തി അല്ലേ?" മുഖവുരയില്ലാതെയുള്ള ചോദ്യം. കണ്ണും മിഴിച്ചു മഞ്ഞളിച്ച മുഖവുമായിരിക്കുന്ന തന്നെ നോക്കി അയാൾ കണ്ണിറുക്കി കാണിച്ചു

"പേടിക്കണ്ട, ഞാനിവിടെ വേറെയാരോടും പറഞ്ഞിട്ടില്ല".

അന്ധാളിച്ചുപോയ എന്റെ കണ്ണിലെ പിടപ്പ് പതിയെ മാറിവന്നു.

"വേറെ വഴിയില്ല സാറേ. ഇതൊക്കെ പൂച്ചകളുടെ ജന്മമാണ്. ചാക്കിൽകെട്ടി ദൂരെക്കൊണ്ടോയി കളഞ്ഞാലും മണത്തു മണത്തു വരും. നമുക്ക് ഭാര്യയും കുടുംബവുമൊക്കെയുള്ളതല്ലേ.. ഇതിനെയൊക്കെ ഇപ്പോ ഒഴിവാക്കിയില്ലെങ്കിൽ വലിയ തലവേദനയാകും" അന്ന് നിസ്സാരമായി പറഞ്ഞു തള്ളിയ വാചകങ്ങൾ. ഒട്ടും വിലകൽപിക്കാതെ ഉപേക്ഷിച്ച ഒരു ജീവിതം.

' ഗുരു ശിക്ഷ്യൻ എന്നതിനൊക്കെ ചില അർത്ഥങ്ങൾ ഉണ്ട് സാറേ. നമ്മളതൊക്കെ സൗകര്യപൂർവ്വം അങ്ങു മറക്കുന്നതാ...! ' തോമസ് സർ എഴുന്നേറ്റുപോയപ്പോൾ ആത്മഗതം പറഞ്ഞു. സൗകര്യപൂർവ്വം ഞാൻ മറന്ന വാക്കുകൾ.

'വ്യക്തിത്വം ചവിട്ടിമെതിക്കപെട്ടാൽ പിന്നെ ജീവിതത്തിനു എന്ത് അർത്ഥമാണുള്ളത്' മൈക്കിലൂടെ മുഴങ്ങിക്കേട്ട അവളുടെ പ്രസംഗശകലങ്ങൾ അയാൾക്ക് സ്ഥലകാലബോധം വീണ്ടെടുത്ത് നൽകി. കുട്ടികളോടുള്ള ഉപദേശങ്ങൾ ആയിരിക്കും. എല്ലാ ചീഫ് ഗസ്റ്റുമാർക്കും കുറഞ്ഞത് ഒരു പത്തുമിനിറ്റ് പ്രസംഗം എന്നുപറയുന്നത് ഒഴിവാക്കാൻ വയ്യാത്ത കാര്യമാണല്ലോ. ഇതിപ്പോ കോളേജ് വിദ്യാർത്ഥികൾ, പോരാത്തതിന് അവൾ പോലീസും. കത്തിക്കയറുമായിരിക്കും.

'കലാലയജീവിതത്തിനേക്കാൾ ഒരു സുവർണകാലം നിങ്ങളുടെ ജീവിതത്തിലുണ്ടാകും എന്ന പ്രതീക്ഷ വെറും മിഥ്യാധാരണ മാത്രമാണ്. അതുകൊണ്ട് തന്നെ ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുക, മറ്റുള്ളവരെ സഹായിക്കുക, നല്ല വ്യക്തികളാവുക. നിങ്ങളിലെ വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടം കൂടിയാണിതെന്ന് ഓർക്കുക. ഒരാൾക്കും അടിയറവ് വയ്ക്കേണ്ടി വരാത്ത ഒരു വ്യക്തിത്വത്തിന് ഉടമകളാവാൻ പ്രതിജ്ഞ ചെയ്യുക. നിങ്ങളുടെ ചിന്താശക്തിയെ ആരും വിലയ്ക്ക് വാങ്ങാതിരിക്കട്ടെ, അതിനി മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ സ്നേഹത്തിന്റെയോ പേരിലായാൽ കൂടി. അങ്ങനെ സംഭവിച്ചാൽ പിന്നെ നീ എന്ന വ്യക്തി ഇല്ല പകരമുള്ളത് അടിമ എന്ന പദം മാത്രമായിരിക്കും. മനസ്സും ബുദ്ധിയും മറ്റൊരാൾക്കു മുന്നിൽ അടിയറവ് വയ്ക്കുക എന്ന ദാരുണാവസ്ഥ ഒന്നാലോചിച്ചു നോക്കിയെ. ഇതൊക്കെ ഞാൻ വെറുതെ പറയുന്നതല്ല. എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പരാജയം സ്ത്രീത്വം ചൂഷണം ചെയ്യപ്പെട്ടതായിരുന്നു. സ്ത്രീത്വം എന്ന് ഞാൻ ഉദ്ദേശിച്ചത് സ്ത്രീ എന്ന നിലയിലുള്ള എന്റെ വ്യക്തിത്വം.'

ഇമ്മാനുവലിന്റെ ഉള്ളൊന്നു കാളി. ഈശോയെ ഇവൾ എന്തൊക്കെയാണീ വിളിച്ചു പറയാൻ പോകുന്നത്. പിടിക്കപ്പെടാൻ പോകുന്ന കുറ്റവാളിയുടെ പരാക്രമണം കണ്ണുകളിലുണ്ടായിരുന്നു.

'ഒരു വ്യക്തി എന്ന നിലയിൽ ഒരിക്കൽ പരാജയപ്പെട്ടാൽ, ചൂഷണത്തിനിരയായാൽ അവിടെ നിന്നും കരകയറാനുള്ള പ്രയത്നത്തെ കഠിനാധ്വാനം എന്ന വാക്കിലൊതുക്കാൻ കഴിയില്ല. ഞാൻ കടന്നുവന്നതും അങ്ങനെയൊരവസ്ഥയിലൂടെയാണ്. അതൊരുതരം ഉയർത്തെഴുന്നേൽപ്പാണ്, പ്രതികാരദാഹമാണ്.'

ഇമ്മാനുവലിന്റെ ശരീരം പതിയെ വിറകൊള്ളാൻ തുടങ്ങി. ഇരുന്നിടത്തു നിന്നും അനങ്ങാൻ പറ്റുന്നില്ല. എങ്ങോട്ടേലും ഓടി രക്ഷപ്പെടാൻ അയാളുടെ മനസ്സ് വെമ്പൽകൊണ്ടു. കർത്താവേ ഇപ്പോഴും ഇത്രയും വലിയ പക ഉള്ളിലെരിയുന്നുണ്ടായോ?

'നിങ്ങളോട് ഏറ്റവും വലിയ തെറ്റുചെയ്തവന്റെ കണ്ണിലേക്കു പരുഷമായി ക്രുദ്ധമായി നോക്കികൊണ്ട് ഒരു പുഞ്ചിരി സമ്മാനിക്കാൻ നിങ്ങൾക്കായാൽ ഞാൻ പറയും നിങ്ങളാണ് ഏറ്റവും വലിയ ജീവിതവിജയി എന്ന്. അതിലും ഭീകരമായി നൈമിഷികമായി ഒരു ശത്രുവിനെ ഭയപ്പെടുത്താൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.' അത് പറഞ്ഞു അവൾ ചിരിക്കുന്നു. ചിരിക്ക് മാത്രം ഇന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

'അതിനാൽ ശിരസ്സുയർത്തി നടക്കാൻ പറ്റുന്ന വ്യക്തിത്വവും ചിന്താശക്തിയുമായി വിദ്യാലയത്തിലെ ഓരോ വിദ്യാര്ത്ഥി വിദ്യാർത്ഥിനിയും സമൂഹത്തിലേക്ക് എത്തിപ്പെടട്ടെയെന്ന് ഹൃദയത്തിൽ തട്ടി ആശംസിക്കുന്നു. നന്ദി.'

അവളുടെ വാക്കുകൾ കഴിഞ്ഞിരിക്കുന്നു. ഇല്ല, തന്റെ പേര് പറഞ്ഞില്ല. കർത്താവേ സ്തോത്രം. നീയെത്ര നല്ലവൻ. നന്ദിപ്രസംഗവും കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ അവളെ ആതിഥേയ മര്യാദയനുസരിച്ചു ഭക്ഷണഹാളിലേക്ക് കൂട്ടികൊണ്ടുപോകും. എന്തായാലും വഴി വരില്ല. സ്റ്റേജിന്റെ സൈഡിൽ ഉള്ള വഴിയേ പോകുന്നതാണ് എളുപ്പം. ഇപ്പോൾ കുട്ടികളെല്ലാരും കൂടി ചാടിയിറങ്ങി വരുമല്ലോ. ഇവിടെ ഒറ്റക്കിരിക്കുന്നത് വെറുതെ അവരുടെ കണ്ണിൽപ്പെട്ടിട്ടു അടുത്ത ചോദ്യം കേൾക്കാൻ വയ്യ. അയാൾ തിരക്കിട്ട് ഫോണെടുത്തു ചുമ്മാ തോണ്ടാൻ തുടങ്ങി. ഫോൺ ചെയ്യുകയായിരുന്നു എന്ന് കാണുന്നവർ കരുതിക്കോട്ടെ. കുറച്ചു നേരം കുട്ടികളുടെ ഭാഷയിൽ 'ഷോ' കാണിക്കൽ അത്ര തന്നെ. എങ്ങനെയെങ്കിലും സ്റ്റാഫ്റൂമിലെത്താൻ അയാളുടെ കാലുകൾ ധൃതി കൂട്ടി. അവിടെയെന്തായാലും അവൾ വരാൻ യാതൊരു സാദ്ധ്യതയുമില്ല. അവൾ ഭക്ഷണം കഴിക്കുന്ന നേരംകൊണ്ട് അവിടെയെത്തിക്കിട്ടിയാൽ രക്ഷപെട്ടു. തലയുയർത്താതെ ഫോണിൽ നോക്കികൊണ്ട് അയാൾ ക്ലാസ്റൂമിൽ നിന്നും പുറത്തേക്കിറങ്ങി. കുട്ടികളായിരിക്കണം, ഓഡിറ്റോറിയത്തിന്റെ അടുത്തുനിന്നും ഒരാരവം. ഇന്ന് അവരുടെ ദിവസമാണല്ലോ.

പുറത്തിറങ്ങി ഫോണിൽ നിന്നും തലയുയർത്തി നോക്കിയതും അയാൾ കിടുങ്ങിപ്പോയി. ഒരു പട തന്നെ തന്റെ നേർക്ക് നടന്നടുക്കുന്നു. പ്രിൻസിപ്പാൾ, തല നരച്ചു തുടങ്ങിയ കുറച്ചു അധ്യാപകർ, യൂണിയൻ ഭാരവാഹികൾ ഒത്ത നടുക്ക് പോലീസ് വേഷത്തിൽ അവളും.

ഈശോയെ ഇവരെന്താ വഴിക്ക്??

ഒറ്റ നിമിഷംകൊണ്ട് അയാളുടെ തലച്ചോറിൽ എന്തൊക്കെയോ മിന്നിമറഞ്ഞു. അവൾക്ക് തന്നെ മനസ്സിലാകുമോ? തിരിച്ചറിഞ്ഞാൽ ഞാൻ പെട്ടതുതന്നെ. എല്ലാരുടേം മുന്നിൽ വെച്ച് അവൾ എന്തേലും ഒക്കെ ചോദിച്ചാൽ? സഹപ്രവർത്തകർ.. ഞാൻ പഠിപ്പിക്കേണ്ടുന്ന വിദ്യാർത്ഥികൾ.. അയാൾ ഭിത്തിയോട് ചേർന്ന് തളർന്നു നിന്നു. അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ആൾക്കൂട്ടം വളരെ ധൃതിയിൽ ആയിരുന്നു നടന്നത്. എന്തോ വെപ്രാളം താമരയുടെ ചുവടുകളിലും കണ്ടു. വേഗത കൊണ്ടാകണം വളരെ പെട്ടന്ന് കൂട്ടം അയാളെ കടന്നുപോയി. പക്ഷെ അയാളെ കടന്നു രണ്ടുമൂന്നടി വെച്ചതും താമര പെട്ടന്ന് നിന്നു. പിന്നെ സാവധാനം അയാളെ നോക്കികൊണ്ട് തന്നെ പിന്നോട്ട് നടന്നു. അപ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല. പക്ഷേ ഇമ്മാനുവലിനപ്പോൾ താൻ ഭിത്തിയിലൂടെ ഊർന്നു നിലംപതിക്കുമെന്നു തോന്നി. ""ഹലോ" അയാൾക്കഭിമുഖമായി വന്നുനിന്നു അവൾ കൈ നീട്ടി. യാന്ത്രികമായി വിറയ്ക്കുന്ന കൈകൾ അവളുടെ കരത്തിനുള്ളിലായി. അവിടെ കൂടി നിന്നവർക്കൊക്കെ ഇമ്മാനുവലിന്റെ മുഖം കാണാമായിരുന്നു. പക്ഷേ ഭിത്തിക്കഭിമുഖമായി നിന്നതിനാൽ താമരയുടെ മുഖം അയാൾക്കു മാത്രമേ കാണാനായുള്ളു.

"സാറെന്താ പരിപാടി തുടങ്ങിയപ്പോൾ തന്നെ എഴുന്നേറ്റു പോന്നത്?"

അവൾ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണാ കുശലാന്വേഷണം നടത്തിയത്. പക്ഷേ അയാൾ നടുങ്ങിപ്പോയി. അപ്പോൾ ഇവൾ സ്റ്റേജിൽ വെച്ചുതന്നെ എന്നെ കണ്ടിരുന്നോ? എന്നെ മനസിലായിട്ടില്ലാന്നു സാരം. തിരിച്ചറിഞ്ഞെങ്കിൽ ഇങ്ങനെ ആകില്ലാലോ പ്രതികരണം. അതോ ഇതവളുടെ പോലീസ് കുബുദ്ധിയാണോ? അയാൾക്കു മനസ്സിലെവിടെയോ ഒരു തണൽക്കാറ്റു നൊടിയിടയിൽ അനുഭവപെട്ടു. എന്തായാലും ഭാവം കണ്ടിട്ട് മനസ്സിലായ മട്ടില്ല.

"അത്.. അതുപിന്നെ എനിക്കൊരു തലവേദന.. അവിടെ ശബ്ദത്തിന്റെ അടുത്തുനിന്നു മാറിനിൽക്കാൻ.." അയാൾ പിറുപിറുത്തു.

".. എന്നിട്ടിപ്പോൾ തലവേദന കുറവുണ്ടോ?" ചോദ്യത്തിൽ ഒരു പുച്ഛഭാവം ഉണ്ടോ? ചിരിയിൽ ഒരു ക്രൂരത ഉണ്ടോ?

"ഉവ്വ്. ഭേദമുണ്ട്." അവൾ ഒന്നുകൂടി അയാളുടെ കണ്ണിലേക്ക് നോക്കി ചിരിച്ചു.

"അപ്പോൾ ഞാൻ ഇറങ്ങട്ടെ.... ഇമ്മാനുവൽ സർ" അയാൾ ശരിക്കും കുടിങ്ങിവിറച്ചുപോയിഅത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ രക്തത്തിന്റെ ചുവപ്പുണ്ടായിരുന്നു. രൂക്ഷമായ നോട്ടത്തിന്റെ ശരങ്ങളെയ്തിരുന്നു. പുഞ്ചിരിക്കുന്ന ചുണ്ടിൽനിന്നും പുറത്തുവന്ന വാക്കുകൾക്ക് കഠാരയുടെ മൂർച്ചയായിരിന്നു. ചോദ്യത്തിനപ്പുറം ഒരു നിമിഷംകൂടി അതേ നോട്ടമെയ്ത് അയാളെനോക്കി പുഞ്ചിരിച്ചിട്ട് അവൾ തിരിഞ്ഞുനടന്നു. ഉറച്ച കാൽവെയ്പ്പോടെ...!!

"നിങ്ങൾ മുൻപ് പരിചയക്കാരാണോ?" അടുത്തുനിന്ന രാജീവൻ സർ രഹസ്യമായി ചോദിച്ചു

"ഉവ്വ്

ഉരുണ്ടുവന്ന ശബ്ദം തൊണ്ടക്കുഴിയിൽ കുരുങ്ങിക്കിടന്നു. വിറയ്ക്കുന്ന ഉടലുമായി തലയാട്ടിക്കാണിച്ചു.

"മാഡത്തിന് എന്തോ അത്യാവശ്യമുണ്ട്, അതുകൊണ്ട് കഴിക്കാൻ പോലും നിൽക്കാതെ പോകണമെന്ന് പറഞ്ഞു." മറുപടിപോൽ യാന്ത്രികമായി ശിരസ്സ് ചലിച്ചുകൊണ്ടിരുന്നു.

ഇത്രയും നാൾ വിജയിച്ചവനെന്നു അഹങ്കരിച്ചിരുന്ന തന്നെ ഒറ്റപുഞ്ചിരിയും നോട്ടവും കൊണ്ടവൾ തോല്പിച്ചിരിക്കുന്നു. അതെ, അവൾ പറഞ്ഞത് ശരിയാണ്. അതിലും വലിയൊരു ഭയാനകനിമിഷമില്ല. തന്റെ വ്യക്തിത്വത്തെ തുണ്ടം തുണ്ടമാക്കി അതിനു മുകളിൽ ശവകുടീരവും പണിഞ്ഞു അതിന്റെ മുകളിൽ കാൽപാദങ്ങളമർത്തിയാണ് അവളിപ്പോൾ നടന്നകന്നത്. ഇപ്പോൾ താനിനിവിടെ നാണം കെടാതെ തലയുയർത്തി നിൽക്കുന്നത് അവൾ എറിഞ്ഞുതന്ന എച്ചിലാണല്ലോ....!!