Skip to main content
Srishti-2022   >>  Short Story - Malayalam   >>  പാപി

Raji Chandrika

Allianz

പാപി

"നിങ്ങളിൽ പാപികളല്ലാത്തവർ ആദ്യം കല്ലെറിയുക"...

 

ഒരു മഹാസമുദ്രത്തിനോളം ആഴമുള്ള ശാന്തതയ്ക്കു മുന്നിൽ പകച്ച കണ്ണുകളുമായി ഞാനിരുന്നു

 

എൻറെ വിധി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു . മണിക്കൂറുകളായുള്ള കാത്തിരിപ്പിനും മരവിപ്പിനും ഒടുവിൽ എൻറെ ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു...

 

പൊടിയും വിയർപ്പും ഒഴുകിപ്പടർന്ന  കൺതടങ്ങളിൽ പ്രതീക്ഷയുടെ അവസാന കണികയും വറ്റി നിശ്ചലയായി ഞാനിരുന്നു. ചുറ്റും ഒരായിരം കണ്ണുകൾ.. മൂർച്ചയുള്ള കല്ലുകൾ ..

 

കിതയ്ക്കുന്നു വേട്ടപ്പട്ടികളെ പോലെ, തങ്ങളുടെ ഊഴത്തിനായി കാത്തുനിൽക്കുന്ന ജനക്കൂട്ടത്തെ അവസാനമായി ഞാൻ ഒരു നോക്കു കണ്ടു .. ഇരുട്ടിൻറെ മറവിൽ എത്രയോ തവണ ഞാൻ നിങ്ങളെ  കണ്ടിരിക്കുന്നു . എൻറെ സൗന്ദര്യത്തിന്റെ ലഹരിയിൽ മത്തുപിടിച്ചു എത്രയോ തവണ നിങ്ങൾ നൃത്തം ചെയ്തിരിക്കുന്നു . എൻറെ മാറിടങ്ങൾക്കിടയിൽ ഒരു കൈക്കുഞ്ഞിനെ പോലെ നിങ്ങൾ വീണുറങ്ങിയിരിക്കുന്നു. എൻറെ വിയർപ്പിന്റെ ഗന്ധം മുകർന്ന്, ശരീരത്തിൻറെ ചൂടേറ്റ്എത്രയോ കവിതകൾ നിങ്ങൾ പാടിയിരിക്കുന്നു

എന്നിട്ടും...എന്നിട്ടും...പകൽച്ചൂടിന്റെ തീക്ഷ്ണതയിൽ തെരുവീഥികളിലൂടെ നിങ്ങളെന്നെ വലിച്ചിഴച്ചു. കൈകാലുകൾ കെട്ടിയും, ചാട്ടവാറിന്നടിച്ചും, തുപ്പിയും, തൊഴിച്ചും , ശപിച്ചുംചന്തപ്പറമ്പിലേയ്ക്ക്  നിങ്ങളെന്നെ  വലിച്ചെറിഞ്ഞു.  

എന്താണ് ഞാൻ ചെയ്ത തെറ്റ്??? ദൈവം എന്നെയും നിങ്ങളെയും ഒരുപോലെ സൃഷ്ടിച്ചു. നിങ്ങളെപ്പോലെ എനിക്കും സൗന്ദര്യം തന്നു. ഇണചേരുവാനുള്ള  അവകാശവും തന്നുഎന്നെ  തേടി വന്നവരെ ഞാൻ സന്തോഷിപ്പിച്ചു

എന്നിട്ടും.. എന്നിട്ടും... നിങ്ങൾ എന്നെ മാത്രം ശിക്ഷിക്കുന്നു . കൂർത്ത കല്ലുകളുമായി എനിക്കു ചുറ്റും കൂകി വിളിക്കുന്നു.

 

"ഇവൾ പാപിയാണ്. ഇവളെ കല്ലെറിഞ്ഞു കൊല്ലുക "

 

പരമ കാരുണികനായ നീതിമാൻ ഒടുവിൽ എൻറെ ശിക്ഷ വിധിച്ചു.

 

"നിങ്ങളിൽ പാപികളല്ലാത്തവർ ആദ്യം കല്ലെറിയുക!!" 

 

തോറ്റുപോയ ജനക്കൂട്ടത്തിനു മുന്നിൽ, അതിലേറെ തോറ്റവളായി ഞാനിരുന്നു.

 

"എങ്കിലും ഗുരോ.. എറിയുവാൻ തന്നെയല്ലേ അങ്ങാവശ്യപ്പെട്ടത് !! " 

 

പക്ഷേ.. അവർ വീണ്ടും വന്നു. ആത്മവിശ്വാസം വീണ്ടെടുത്ത ഒരുപറ്റം ചെന്നായ്ക്കൾ എനിക്കു നേരെ ആക്രോശിച്ചു.

 

"നീയാണ് പെണ്ണ്!! നീയാണ് പാപി !!"

 

അടുക്കളയിലേയ്ക്കും, അമ്പലങ്ങളിലേയ്ക്കും,അൾത്താരകളിലേയ്ക്കും അവരെന്നെ വീണ്ടും വലിച്ചിഴച്ചു. എൻറെ ബാല്യവും, കൗമാരവും, വാർദ്ധക്യവും അവരുടെ കൈകളിൽ ഞെരിഞ്ഞമർന്നു. രക്തം വാർന്ന മാംസക്കെട്ടിലും, ചത്തു മലച്ച ശവപ്പറമ്പിലും അവർ എന്നിലെ പാപിയെ തിരഞ്ഞു. വിത്തുവിതച്ച മടിത്തട്ടിലും വിദ്യയേകിയ മരത്തണലിലും വിശ്രമമില്ലാതെ ഞാനലഞ്ഞു. കർത്താവിന്റെയും കപ്പിയാരുടെയും മണവാട്ടിയായി ഒരേ സമയം അവരെന്നെ വാഴിച്ചു

സദാചാരത്തിന്റെ കരിങ്കൽ മുനകളേറ്റു കീറിമുറിഞ്ഞ തിരു വസ്ത്രവുമായി  ഞാനാ  നീതിമാൻറെ മുന്നിൽ വീണ്ടുമിരുന്നു..

 

"എങ്കിലും ഗുരോ.. കല്ലെറിയുവാൻ തന്നെയല്ലേ അങ്ങാവശ്യപ്പെട്ടത്!!!"