Skip to main content

സന്ധ്യ കഴിഞ്ഞപ്പോഴാണ്  അഭിലാഷ്  വീടെത്തിയത് . നാടിന്റെ സന്ധ്യക്ക്വല്ലാത്ത ശാന്തതയാണ്. ശിവരഞ്ജിനിയും അഭിലാഷും ആറുവയസുകാരി മകൾ നീരജയും നാട്ടിലേക്ക് വന്നിട്ട്  കഷ്ടിച്ച്‌  രണ്ടുമാസമായതേയുള്ളൂ.

.ടി  കമ്പനിയിൽ നിന്നും അയാളെ പിരിച്ചു വിട്ടപ്പോൾ ജോലിയും തിരക്കും മടുത്താണ്  നാട്ടിലേക്ക് വന്നത്. ഒരു ചെറിയ ചിട്ടികമ്പനിയിൽ തട്ടിമുട്ടി പോകാവുന്ന മാനേജർ ജോലി ആയപ്പോഴാണ് .ടി ജീവിതം എത്രമാത്രം ദുസ്സഹനഃമായിരുന്നെന്ന്  അറിഞ്ഞത് . ആർഭാടമായിരുന്നു അന്ന് പലതും. ഇപ്പോൾ സ്വസ്ഥതയും സമാധാനവും കൂടെ പകലും രാത്രിയും ഏതെന്നു അറിഞ്ഞുള്ള ജീവിതവും.

അടുക്കളയിലേക്കു കേറികൊണ്ട് ,

"എന്താ ശിവേ ... നിന്റെ പണിയൊന്നും തീർന്നില്ലേ ഇതുവരെ ..."

"ഓഹ് ... അഭിയേട്ടൻ എത്തിയോ ..? ദേ എന്റെ പണി കഴിഞ്ഞു ... വേഗം പോയി കുളിച്ചിട്ട് വാ ... മോളെ പഠിപ്പിക്കാനുണ്ട് ..."

തിളച്ച എണ്ണയിലേക്ക് കടുകിട്ട് പൊട്ടിച്ചോണ്ടു പറഞ്ഞു.

 

കുളികഴിഞ്ഞു സിനിമയിൽ കാണും പോലെ ഒരു മുറിക്കയ്യൻ ബനിയനും ലുങ്കിയും ഉടുത്തപ്പോൾ അഭിലാഷ് ശെരിക്കും നാട്ടുപുറത്തുകാരനായി.പഠിച്ചതൊക്കെ പുറത്തായിരുന്നു. അച്ഛൻ മരിച്ചപ്പോൾ അമ്മയും മക്കളും പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു വന്നു. പിന്നെ ജോലിയായി കല്യാണമായി കുട്ടിയായി.. ബാക്കി വന്ന ഇത്തിരി മണ്ണും വീടും അഭിലാഷിന് കൊടുത്തിട്ട് അമ്മയും പോയി .

"അച്ഛേ ... എനിക്കിന്ന് ഒരുപാട്  ഫ്രണ്ട്സനെ കിട്ടിയല്ലോ .... മീനു, ശാമിലി... ചന്തു... പ്രണവ്...."

നീരജയെ ശെരിക്കും പറിച്ചുനട്ടതാണ് , നാട്ടിലെ സ്കൂളിലേക്ക് . സാമ്പത്തികവും ജോലിയും പിണക്കം കൂടിയപ്പോൾ സിറ്റിയിലെ വലിയ സ്കൂളിൽനിന്നും  അവളെയും മാറ്റേണ്ടി വന്നു.

 

"അച്ഛേടെ .. നീരു നല്ല കുട്ടിയാണല്ലോ...."

അയാൾ മോളെ എടുത്തുമടിയിൽ ഇരുത്തി .

" സ്കൂളിൽ എല്ലാരും മലയാളത്തിലാ സംസാരിക്കുന്നേ ... ഞാനും "

അവൾ ചമ്മൽ വന്നപോലെ ചിരിച്ചു.

നിയമാവലികളില്ലാത്ത സ്കൂളാണിതെന്നു രണ്ടാംക്ളാസുകാരിക്ക് അറിയില്ലല്ലോ...

"എനിക്ക് .. ടീച്ചർ ഹോംവർക് തന്നു.. നോക്കിയേ..."

അവൾ ബുക്ക് തുറന്നു അയാളുടെ നേരെ നീട്ടി .

"മണ്ണിരയെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുക "

ടീച്ചർ വൃത്തിയായി നോട്ടുബുക്കിന്റെ വെളുത്തകടലാസിൽ എഴുതി വച്ചിരിക്കുന്നു.

" .. ശിവേ .. ഒന്ന് വന്നേ... മോൾക്ക് പറഞ്ഞു കൊടുത്തേ..." അയാൾ തനിക്കറിയാത്ത എന്തോ ഒന്ന് കണ്ടപോലെ ചിരിച്ചു .

"എന്താണ് .. അഭിയേട്ട... " ശിവയും അറിവില്ലാത്തപോലെ ചിരിച്ചു.

 

"എന്താ അമ്മേ .. മണ്ണിര ?!!"

"ടീച്ചർ എന്തൊക്കെയോ പറഞ്ഞു എനിക്കൊന്നും മനസിലായില്ല .."

മൊബൈലിൽ earthworm എന്ന് സെർച്ച് ചെയ്തു മോളെ കാണിച്ചു .

"ഇറ്റ്സ് .. സ്നേക് ..." അവൾ മുഖം കൂർപ്പിച്ചു.

പറഞ്ഞു തരാൻ ഞങ്ങൾക്ക് അറിയില്ല കുഞ്ഞേ എന്ന് പറയാൻ പറ്റില്ലല്ലോ ..

അയാൾ മണ്ണിരയെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു . ലാപ്ടോപ്ലെ നിറഞ്ഞ ബ്രൌസർ ടാബുകളിൽ മണ്ണിരയുടെ വിശദശാംശങ്ങൾ.

ഓരോന്നും മലയാളത്തിലേക്ക് തർജ്ജമചെയ്തു പറഞ്ഞു കൊടുക്കുമ്പോൾ അയാൾ പഠിക്കുകയായിരുന്നു. മണ്ണിരയുടെ തീറ്റയും വിസർജ്ജവും ഇഴച്ചിലും ജീവിതവും .

 

"മോൾക്ക് രാവിലെ അച്ഛൻ മണ്ണിരയെ കാണിച്ചു തരാം..."

ഉറങ്ങുമ്പോൾ അയാൾ അവളെക്കാൾ ആവേശമായിരുന്നു .. ആദ്യമായി മണ്ണിരയെ നാളെ തിരഞ്ഞു പിടിക്കാൻ പോകുന്നു.

 

രാവിലെ കാക്കകളും കിളികളും അയാളെ വിളിച്ചുണർത്തി. അഭിലാഷ് ചെറിയ ഒരു കമ്പും എടുത്തു മോളെയും കൂട്ടി പറമ്പിലേക്ക് ഇറങ്ങി... മണ്ണിലേക്ക് ...!!

കമ്പുകൊണ്ടു നനഞ്ഞമണ്ണ് നോക്കി കുത്തിയിളക്കി . പിന്നെയും പിന്നെയും ...

കൈകൊണ്ടു മണ്ണുനീക്കി ആദ്യമായി !!

മൂന്നു നാല് മണ്ണിരകളെ കണ്ടു അയാൾ ചിരിച്ചു .

"മോളെ ഇതാ മണ്ണിര ... പാമ്പല്ല ഇത്... മണ്ണിര ...."

 

മണ്ണിരയെ കൈയിലെടുത്ത്‌  ഒരിലയിലേക്കു മാറ്റി ...

നീരജ മണ്ണിരയെ സൂക്ഷിച്ചു നോക്കി ...

അയാൾ തൊട്ടതുകൊണ്ടാകും അവളും  മണ്ണിരയെ പതിയെ തൊട്ടു നോക്കി....

മണ്ണിര തലപൊക്കി... അല്ല വാലുപൊക്കി നോക്കി ... തന്നെ തേടി വന്നവരെ ..

Author
Vipinkumar.kp
Author's Email
bimal.varkala@gmail.com
Author's Phone No
55958
vote
0