Skip to main content

മരങ്ങൾ കൂട്ടമായി ഇരുൾ പടർത്തുന്ന വായനശാലയിലേക്ക് കയറിയതും വലിയ പെൻഡുലമുള്ള പഴകിയ ക്ലോക്കിൽ നാലടിച്ചു. എപ്പോഴും തനിക്കിറങ്ങണ്ട സമയത്തു കയറി വരുമെന്ന് ആ വൃദ്ധൻ പരാതിപ്പെട്ടു. "കുഴപ്പമില്ല, ഞാൻ ഒപ്പിട്ടേക്കാം നിങ്ങൾ പൊയ്ക്കൊള്ളൂ. "

അയാൾ ആശ്വാസത്തോടെ ഇറങ്ങിപ്പോകുന്നതു നോക്കി ഞാൻ ബുക്കുകൾക്കിടയിലേക്ക് തിരിഞ്ഞു. പഴമയുടെ ശൂന്യത പേറി നിൽക്കുന്ന ആ വായനശാല വിജനമായിരുന്നു. നീളമുള്ള ഹാളിൽ വന്മരങ്ങളെപ്പോൽ ഷെൽഫുകൾ തലയുയർത്തി നിന്നു. പുസ്തകങ്ങൾക്കിടയിൽ ഞാനെന്റെ പതിവു നടത്തം ആരംഭിച്ചു. വായിച്ചതും അല്ലാത്തതുമായ പുസ്തകങ്ങൾ പൊടിയിൽ കുളിച്ചിരുന്നു. ഓരോന്നും വലിച്ചെടുത്ത് പ്രാർത്ഥനയോടെ തുറന്ന് ഒരു പേജ് വായിക്കും. മനസിലുടക്കിയാൽ മാറ്റി വയ്ക്കൂം. അല്ലെങ്കിൽ പൊടിതട്ടി തിരിച്ചു വയ്ക്കും. അപ്പോഴാണ് അവർ കയറി വന്നത്. പഴയ വായനശാലക്കു ചേരാത്ത വിധം നിറമുള്ള വസ്ത്രങ്ങളായിരുന്നു അവർക്ക്. അലസമായ് കോതിയൊതുക്കിയ മുടിയും കുറ്റിത്താടിയും പരുക്കൻ മുഖവും തിളക്കമുള്ള കണ്ണുകളുമായ് അയാൾ മറ്റാരെയോ ഓർമ്മിപ്പിച്ചു.  പെൺകുട്ടിയാകട്ടെ ഉറക്കെച്ചിരിച്ചും ആംഗ്യവിക്ഷേപങ്ങളോടെ സംസാരിച്ചും വായനശാലയുടെ ഏകാന്തതയെ തകർത്തു. പുസ്തകങ്ങളെയിഷ്ടപ്പെടുന്നവരാകണം. കണ്ടാൽ അങ്ങനെ തോന്നും. ഞാൻ ചുമ്മാ മനസിലോർത്തു. എന്റെ  പുസ്തക ധ്യാനത്തിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ കൗതുകത്തോടെ അവരെ പിന്തുടർന്നു.

രണ്ടുപുസ്തകങ്ങൾ പരസ്പരം വായിക്കുന്നപോലെ അവർ അവരുടെ ലോകത്തായിരുന്നു. പെൺകുട്ടി ഭിത്തിയോട് ചേർന്ന് കിടക്കുന്ന ഉയരമുള്ള ഒരു ഡസ്ക്കിൽ കയറിയിരുന്നു. അയാളാകട്ടെ അവളോട് ചേർന്ന് ഡസ്ക്കിൽ ചാരി നിന്നു. ആണുങ്ങളല്ലെങ്കിലും നിൽക്കാൻ മടിയില്ലാത്തവരാണെന്ന് പിന്നെയും എനിക്ക് തോന്നി. ഷെൽഫുകളിലെ പുസ്തകങ്ങളെ ഉപേക്ഷിച്ച്  മുന്നിലെ പ്രീയപ്പെട്ട രണ്ടു പുസ്തകങ്ങളെ ഞാനൊരുമിച്ച് വായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ ചിരികളും അയാളുടെ പുഞ്ചിരിയും ഏറ്റവും ഹൃദ്യമായെനിക്ക് തോന്നി. അവരുടെയിടയിൽ അവർക്കുപോലുമറിയാത്ത ആകർഷണത്തിന്റെ കാന്തികമണ്ഡലം എനിക്കു മുന്നിൽ തെളിഞ്ഞു. കൗതുകത്തോടെ ഞാനുറ്റു നോക്കിയിരുന്നു അതവർക്കു മുന്നിൽ വെളിപ്പെടുന്ന നിമിഷത്തെ. അതിവിടെയായിരിക്കും, പഴകിയ ചുവർഘടികാരത്തെയും  അനേകായിരം പുസ്തകങ്ങളെയും എന്നെയും സാക്ഷി നിർത്തിയായിരിക്കും എന്നെന്റെ മനസു പറഞ്ഞു.  ഏതോ ഒരു നിമിഷത്തിൽ അത് സംഭവിച്ചു. ആംഗ്യവിക്ഷേപങ്ങൾക്കിടയിം അവളുടെ കൈ അയാളുടെ കൈത്തണ്ടിൽ മുട്ടി. വെറുമൊരു  സ്പ്ർശനം പോലെ അവരത് തള്ളിക്കളഞ്ഞ് കഥ തുടരുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഇല്ല, ഐസ്കട്ടയിലെന്നവണ്ണം അവൾ കൈവലിച്ചു. അയാളുടെ മുഖത്ത് അതുവരെയില്ലാതിരുന്നത്ര മനോഹരമായ് ഒരു പുഞ്ചിരി വിരിഞ്ഞു.  അവളാകട്ടെ അയാളുടെ നേരെ നോക്കാൻ പോലുമാകാതെ മറ്റെവിടെയോ മിഴികളുറപ്പിച്ചു. കാലം ഒരു നിമിഷം നിശ്ചലമായെന്ന പോലെ നിശബ്ദത വീണ്ടും നിറഞ്ഞു. പരസ്പരം ആകർഷിക്കുന്ന കാന്തികമണ്ഡലങ്ങളെ അവർ തിരിച്ചറിയുകയാണ്. അയാൾ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി, നിശ്വാസങ്ങളുടെ ചൂടറിയും വിധം അടുത്തായിരുന്നവർ. അവളുടെ കണ്ണുകളിൽ അയാൾ തന്നെത്തന്നെ കണ്ടുകാണണം. ഷെൽഫുകൾക്കുള്ളിൽ പുസ്തകങ്ങളും പുറത്തു ഞാനും വീർപ്പടക്കി അവർക്കു കാവലിരുന്നു.  അയാൾ മെല്ലെ അവളുടെ കൈകൾക്ക് മേൽ കൈവച്ചു.  ഘടികാരത്തിന്റെ സൂചികൾ പിന്നെയും നിമിഷങ്ങളിൽ നിന്നു നിമിഷങ്ങളിലേക്ക് വീണ്ടും ചലിക്കാൻ തുടങ്ങി.  ഏറ്റവും മനോഹരമായ നിമിഷം ഇതാണെന്ന് എനിക്കു തോന്നി.  ഇപ്പോൾ അവരുടെ വിരലുകൾ പരസ്പരം കൊരുത്തും കൈത്തണ്ടുകൾ ചേർന്നുമാണിരിക്കുന്നത്. എന്റെ ഹൃദയം നിശ്ചലമാക്കാൻ പോന്നത്ര ഒരു പ്രണയം അവരിൽ നിറഞ്ഞു.

പിന്നെയാണ് മറ്റുചിലർ കടന്നുവരാൻ തുടങ്ങിയത്. അവരെല്ലാം മരിച്ചവരായിരുന്നു. പ്രശസ്തരും അല്ലാത്തവരുമായ പലരും വായനശാലയുടെ അകങ്ങളിൽ എന്തൊക്കെയോ ചെയ്ത് നടന്നു. അവർ പുസ്തകങ്ങളെയോ ഞങ്ങളെയോ നോക്കിയില്ല. അപ്പോഴാണു ഞാനറിയുന്നത് അത് മരണപ്പെട്ടവരുടെ ലൈബ്രറിയായിരുന്നു. ഞാൻ കണ്ടതെല്ലാം എന്റെ തന്നെ ജീവിതവും! പക്ഷെ അതിത്ര മനോഹരമായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ മരണപ്പെടുമായിരുന്നില്ലല്ലോ…..

Author
Sarija Sivakumar
Author's Email
bimal.varkala@gmail.com
Author's Phone No
55958
Company
vote
0