Skip to main content
Srishti-2019   >>  Short Story - Malayalam   >>  മിനുക്കുപണി

മിനുക്കുപണി

Written By: Vinod Narayanan
Company: Zafin

Total Votes: 0

ഒരു കല്യാണം അത്ര എളുപ്പമുള്ള ഏർപ്പാടല്ല എന്നത് പലരുടെയും അനുഭവങ്ങളിലൂടെ അറിഞ്ഞതാണെങ്കിലും സ്വന്തം അനുഭവം വഴി അത് ഊട്ടിഉറപ്പിക്കാൻ കഴിഞ്ഞു. ആറു വർഷം മുൻപാണ്, ഞങ്ങൾ ഒരുമിച്ച് പഠിച്ച മൂന്നു പേരുടെ (കാർത്തിക്, സതീഷ്, ഞാൻകല്യാണം അടുത്തടുത്ത ദിവസങ്ങളിലായി ഉറപ്പിക്കുന്നു. സാധനങ്ങൾ വാങ്ങലും, ക്ഷണിക്കലും ഒക്കെയായി തിരക്കോട് തിരക്ക്. ഒടുവിൽ ദിവസങ്ങള് വന്നെത്തി.   

അപ്പൊ ആദ്യത്തെ കല്യാണത്തിന്റെ അന്ന് (കാർത്തിക്കിന്റെ) രണ്ടാമനേയും (സതീഷ്) കൂട്ടി (എന്ന് വെച്ചാ അടുത്ത കല്യാണക്കാരൻ), ഞാൻ നടക്കാണ്, എന്തിനാ? ഗിഫ്റ്റ്, ഗിഫ്റ്റെ! അല്ല നാട്ടുനടപ്പാണല്ലോ! സമയത്തിന്റെ കാര്യത്തിൽ ഒക്കെ നല്ല കൃത്യനിഷ്ഠ ആയതോണ്ട് കൊച്ചീന്ന് വന്ന ഞാനും പാലക്കാട്ടുന്നു വന്ന അവനും 11 മണിക്ക് തന്നെ കല്യാണം നടക്കുന്ന സ്ഥലത്തെത്തി. പിന്നെയാണ് ഗിഫ്റ്റും വാങ്ങാൻ പോയത്. കുറ്റം പറയരുതല്ലോ, ഗിഫ്റ്റ് എന്റെ മാത്രം ഐഡിയ ആണ്, സതീഷ് പറഞ്ഞു 'ഞാൻ കാശായിട്ടാ കൊടുക്കണേന്നു'. (അല്ലാ, കാര്യാണേ, കല്യാണം ഭയങ്കര പണച്ചിലവുള്ള കേസല്ലേ, അപ്പൊ കാശായിട്ട് കൊടുക്കണതാ നല്ലത്. അല്ലാണ്ടെ ഒരു പത്തിരുപത് ക്ലോക്ക് കിട്ടീട്ടു വല്ല കാര്യോം ഉണ്ടോ?, ഇതൊക്കെ കണ്ടാൽ നമ്മളെന്തോ സമയം തെറ്റി നടക്കണ ആൾക്കാരാണെന്നാ തോന്നാ!) എന്തായാലും ഞങ്ങൾ ഒരുപാട് പണിപ്പെട്ടു സ്ഥിരം ഗിഫ്റ്റുകളായ ക്ലോക്കും, ഗ്ലാസും, കൃഷ്ണൻ-രാധമാരുടെ പ്രതിമേം, പ്ലാസ്റ്റിക് പൂവും ഒക്കെ ഒഴിവാക്കി മറ്റൊരു നല്ല ഗിഫ്റ്റ് വാങ്ങി. പക്ഷെ മണ്ഡപത്തിൽ എത്തിയപ്പോൾ പന്തി അവസാനായീന്നു മാത്രം, അതോണ്ടെന്താ കാർത്തിക്കിന്റെം, ശ്രുതീടെം കൂടെത്തന്നെ ഇരുന്ന് ഊണാ കഴിച്ചു. ഭയങ്കര കൃത്യനിഷ്ഠയുള്ള  വേറെ ഫ്രണ്ട്സും ഉണ്ടായീട്ടാ! ലാസ്റ്റ് പന്തിക്കൊക്കെയാ തോന്നുന്നു ഇപ്പൊ തിരക്ക്!

അങ്ങനെ ഉറ്റ സുഹൃത്തിന്റെ കല്യാണം കൂടി, ഇറങ്ങാൻ നേരത്ത് അടുത്ത കല്യാണം ഇതുപോലെ വൈകരുത് എന്ന് പറഞ്ഞിട്ടുള്ള തീരുമാനം ഒക്കെ എടുത്തു. ഇനിയുള്ളതിനു ഞാനും, കാർത്തിക്കും അവന്റെ ഭാര്യേം കൂടെ വേണം പോവാൻ, സതീഷിന്റെയാണേ അടുത്ത നമ്പർ! അപ്പൊ ഞാനും സതീഷും കൂടെ നമ്മടെ മറ്റൊരു സുഹൃത്തായ 'പടംപിടുത്തക്കാരൻ'  (ഫോട്ടോഗ്രാഫർ) രമേഷിന്റെ സ്റ്റുഡിയോയിലേക്ക് പോയി, പോണ വഴിക്കാണെ വേറൊരു സ്നേഹിതന്റെ 'ബ്യൂട്ടി പാർലർ', അവന്റെ കണ്ണിൽ പെടാണ്ടെ പോകാൻ വേണ്ടി കറങ്ങി അടിച്ച് മറ്റേ ഭാഗത്തെ കോണി വഴി ഒക്കെയാണ് പോവാൻ ശ്രമിച്ചത്, പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, വരാനുള്ളത് നല്ല 'സൂപ്പർഫാസ്റ്റ്' പിടിച്ചാ വന്നു! സ്റ്റുഡിയോയിലേക്ക് കേറാൻ നേരം മറ്റേ സ്നേഹിതൻ ഞങ്ങളെ  കണ്ടു, പിന്നെ ഞങ്ങൾ കാണണത് അവന്റെ പാർലറിന്റെ ഉൾഭാഗമാണ്! 'കല്യാണപ്പയ്യന്മാർ ഇങ്ങനെ നടന്നാ പറ്റില്ല, ഒന്ന് മിനുങ്ങീട്ടു പോയാ മതി' എന്ന് (തെറ്റിദ്ധരിക്കണ്ടാട്ടോ, അവൻ ഉദ്ദേശിച്ചത് മുഖം മിനുക്കുകാന്നാ) പ്രതിഷേധിച്ചിട്ട് കാര്യം ഇല്ലാന്നറിയാവുന്നോണ്ട്  പരീക്ഷണത്തിന് നിന്ന് കൊടുക്കാൻ തീരുമാനിച്ചു. സതീഷ് ഉണ്ടായത് ഭാഗ്യാണെ, അവന്റെ കല്യാണം മറ്റന്നാൾ ആയതോണ്ട് വല്യ പരീക്ഷണം അവന്റെ മുഖത്തു നടത്താൻ പറഞ്ഞു, എന്തോ ഒരു 'ഗോൾഡ് ഫേഷ്യൽ' ആണ് നടത്തിയത്. എന്റെ മുഖം വല്യ പരീക്ഷണത്തിന് വിട്ടുകൊടുക്കാതെ 'ബ്ലീച്ചിങ്ങിൽ' ഒതുക്കി. അപ്പൊ ഞാനിത്രേ വിചാരിച്ചുള്ളൂ, മറ്റന്നാൾ സതീഷിന്റെ കല്യാണത്തിനു കാണുമ്പോൾ അറിയാല്ലോ അതിന്റെ ഗുണം സംഭവം  കൊള്ളാവുന്നതാണെങ്കിൽ അന്ന് പരീക്ഷിക്കാംകല്യാണവുമായി ബന്ധപ്പെട്ടു  പാലക്കാട്, കൊച്ചി, തൃശൂർ, തിരുവനന്തപുരം തുടങ്ങി എല്ലായിടത്തും കറങ്ങി എത്താനുള്ളതോണ്ട് ഫലപ്രാപ്തീലു എനിക്കത്ര വിശ്വാസം പോരായിരുന്നു! പിന്നെ എല്ലാം ഫ്രീ ആയോണ്ട് നിന്ന് കൊടുത്തു.

അങ്ങനെ അടുത്ത ദിവസം എന്റെ കസിന്റെ കല്യാണത്തിന്റെ റിസെപ്ഷൻ പരിപാടിക്ക് പാലക്കാടു പോയി, മുഖം നല്ല തിളക്കം എന്നൊക്കെ ആരോ പറഞ്ഞു, അപ്പൊ എനിക്കും തോന്നി കൊളളാലോന്ന്. അങ്ങനെ സതീഷിന്റെ കല്യാണത്തിനു നേരത്തെ വീട്ടില് എത്തി. എല്ലാ വീഡിയൊക്കാരും കൂട്ടുകാരും, അറിയാവുന്നവരും ആണേഅവിടാണെങ്കിൽ അപ്പൊ ചെക്കനെ ഷർട്ട് ഇടീക്കുന്നു, സ്പ്രേ അടിക്കുന്നു, ഒക്കെ പടം പിടിക്കുന്നു. എന്നെ കണ്ടപ്പോ ചെന്ന് വാച്ച് കെട്ടിക്കൊടുക്കൂ എന്നും പറഞ്ഞു ഒരു കാമറാമാൻ ഒരു തള്ള്! വാച്ചു കിട്ടുമ്പോ സതീഷും പറഞ്ഞു, "ഡാ, ഇത് കൊളളാട്ടോ, ഫേസ് നന്നായിണ്ട്ന്ന്!" അവന്റെ മുഖം കണ്ടപ്പോ എനിക്ക് തോന്നിയത് 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന പഴഞ്ചൊല്ലാണ്

ഞാൻ ചോദിച്ചു, "എന്താടാ മുഖം അവൻ പറഞ്ഞ പോലെ ഒന്നും ആയില്ലാലോ"ന്നു, അപ്പൊ സതീഷ് പറയാണ്, "അത് ഇത്തിരി സമയം എടുക്കും എന്ന് പറഞ്ഞല്ലോ ഒരു 2-3 ദിവസം, അപ്പോഴേക്കും ഔട്ട്ഡോർ ഷൂട്ടിങ്ങിനു പാകായിരിക്കും" എന്ന്. അപ്പൊ ഞാനും കരുതി എന്റെ കല്യാണത്തിനു 4 ദിവസം ഉണ്ടല്ലോ അപ്പൊ ഫ്രണ്ടിന്റെ കൈയ്യിൽ മുഖം മിനുക്കാൻ കൊടുക്കണോണ്ട് കുഴപ്പല്യാലോന്നു.

അങ്ങനെ  സതീഷിന്റെ കല്യാണം കഴിഞ്ഞു, ഗ്രൂപ്പ്ഫോട്ടോ,സദ്യ എല്ലാം കഴിഞ്ഞു. ഞാനും കാർത്തിക്കും,അവന്റെ ഭാര്യേം കൂടെ ഇറങ്ങാൻ നിക്കുമ്പോഴാണ് ഓർക്കണേ, ബാഗ്‌! അത് സതീഷിന്റെ വീട്ടിലാണേ. വീടിന്റെ താക്കോൽ ഇത്തരം സന്ദർഭങ്ങളിൽ വേറെ വല്യ മാനേജർമാരുടെ കയ്യിലാവുല്ലോ, അവിടേം തെറ്റീല്ല, വേറെ ഒരു ചേട്ടന്റെലാണ് താക്കോൽ. അയാളെ വിളിച്ചു, "ഞാൻ ഇവിടെ ഉണ്ട്, നിങ്ങള് പോന്നോ" എന്നായി. അങ്ങനെ അവന്റെ വീട്ടിലെത്തി, വീടൊക്കെ അടച്ചു പൂട്ടി വെച്ചിട്ടുണ്ട്. പറഞ്ഞ ചങ്ങാതീനെ അവിടെ കാണാനും ഇല്ല, അര മണിക്കൂർ അവിടെ പോസ്റ്റായി! അപ്പൊ കാണാം നമ്മടെ ചങ്ങാതി ഒരു ഓട്ടോല് 'സോമരസ'ത്തിന്റെ പല തരങ്ങളുമായിട്ടു വരുന്നു. വൈകീട്ട് കല്യാണസൽക്കാരത്തിനാണെന്ന്ഒരു വിധം ബാഗും എടുത്ത് കാർത്തിക്കിന്റെ കൂടെ ഇറങ്ങി. ചേലക്കരയിൽ എത്തി. സതീഷ്നേരത്തെ വിളിച്ചു പറഞ്ഞതനുസരിച്ച് നമ്മുടെ സുഹൃത്ത് റെഡി ആയി നില്പ്പുണ്ട്. അങ്ങനെ അവിടെ മുഖം മിനുക്കാം എന്ന് കരുതി, (സതീഷ്ചെയ്തത് വേണ്ട, അതിന്റെ ഗുണം ഞാൻ കണ്ടതാ!) വേറെ എന്തോ ഒരു പേര്, എന്തോ ഫേഷ്യൽ ആണ്, അത് തുടങ്ങാൻ ഇവൻ കൈ വെച്ചു, അപ്പോൾ അവന്റെ പോക്കറ്റിൽ ഒരു പൂച്ച കരയണ ഒച്ച, എന്താ സംഭവം ഫോണാ, ഫോണ്‍! ആരോ അത്യാവശ്യായിട്ടു വിളിച്ചൂന്നും പറഞ്ഞു അവനാ പോയി. എന്നെ അവന്റെ 'ശിഷ്യന്റെ' അടുത്താക്കി. "ഇവൻ എല്ലാം ശരിയാക്കിത്തരും നീ പേടിക്കണ്ടാ" എന്നും പറഞ്ഞു

എന്തായാലും തല വെച്ചു, ഇനി വരണത് വരട്ടെ എന്ന് ഞാനും കരുതി. അങ്ങനെ ശിഷ്യൻ അവന്റെ പണി തുടങ്ങി, മൂക്കിന്റെ അറ്റത്ത് 'ബ്ലാക്ക്ഹെഡ്' ഉണ്ടെന്നും പറഞ്ഞു (സത്യായിട്ടും ഞാൻ അന്നാണ് വാക്ക് കേക്കണത്ട്ടോ!) എന്തോ കുറച്ച് പുകയും കൊണ്ട് മൂക്കിനടുത്ത് വന്നു, ഏതോ ഒരു കമ്പി പോലെ മൂർച്ചയുള്ള ആയുധം വെച്ച് അവൻ പരീക്ഷണം തുടങ്ങി. കണ്ണ് തുറക്കാനും വയ്യ, ആവി കണ്ണിലെക്കൊക്കെയാണേ വരണത്, പോരാത്തേന് ഇവന്റെ കമ്പി പ്രയോഗവും, 5 മിനുട്ട് ഞാൻ സഹിച്ചു, പിന്നെ വേദനയും, ചൂടും സഹിക്കാൻ വയ്യാണ്ടായപ്പോ ഞാൻ പറഞ്ഞു, "ഇനി ഉള്ളതൊക്കെ അവടെ നിക്കട്ടെ, മതി". അവൻ പക്ഷെ നിർത്താൻ ഉള്ള  ഉദ്ദേശ്യമില്ല, "എല്ലാം പോണം ചേട്ടാ, എന്നാലെ ശരിയാവൂ" എന്നൊക്കെ. എന്റെ ഭാഗ്യത്തിന് അവന്റെ 'ഗുരു' (അതെ, എന്റെ കൂട്ടുകാരൻ തന്നെ!) സമയത്ത് വന്നു. എന്റെ വെപ്രാളം കണ്ടിട്ടാവണം, "വേദനിക്കുന്നെങ്കിൽ വേണ്ട, മതി" എന്ന് പറഞ്ഞു. പിന്നെയും 20 മിനിറ്റ് എന്തൊക്കെയോ തേച്ചു, ഉരച്ചു, അവസാനം മുഖം കഴുകി. പിന്നെ അവൻ പറഞ്ഞു, "ഇത് മതി, കലക്കും".

അങ്ങനെ അവിടന്നിറങ്ങി, കൊച്ചിക്ക്പോയി. 'മൂക്കത്തെ വേദന' എന്റെ കൂടെ കൊച്ചിക്കും വന്നു! അതൊക്കെ നാളെ മാറും എന്നാണ് കൂട്ടുകാരൻ പറഞ്ഞത്. റൂമിലെത്തി, യാത്രാക്ഷീണം കാരണം ഉറങ്ങി. 3 മണിക്ക് എഴുന്നേറ്റു, ഷിഫ്റ്റിനു പോകുമ്പോൾ 'മൂക്കത്തെ വേദന' ഓഫീസിലേക്കും വെച്ച് പിടിച്ചു. അവിടെ ചെന്ന് ലീവിന്റെ കാര്യങ്ങളും ഒക്കെ പറഞ്ഞ്, അവസാനവട്ട ക്ഷണിക്കലും ഒക്കെ ഒരുവിധം കഴിഞ്ഞു രാവിലെയായപ്പോ. എന്റെ പ്രിയപ്പെട്ട കൂട്ടുകാര് ഒരു 'കിടിലൻ' വാച്ചാണ് സമ്മാനായിട്ടു തന്നത്. പക്ഷെ എന്റെ 'കൈ' അതിനനുസരിച്ചുള്ള വണ്ണമില്ല താനും. അപ്പൊ അങ്ങനെ കൊച്ചു വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് ആരോ ചോദിച്ചത് 'എന്താടാ മൂക്ക് ചുവന്നിരിക്കണേ', അപ്പോഴാണ്ഞാൻ അത് ശ്രദ്ധിച്ചത്. സംഭവം ശരിയാണ്, ഇന്നലത്തെ മിനുക്കലിന്റെ ഫലം. എന്തായാലും എല്ലാരോടും യാത്രയൊക്കെ പറഞ്ഞ് ഇറങ്ങി. കുറച്ചു പണികൾ കൂടി തീർത്തു തിരുവനന്തപുരത്തേക്ക്

അടുത്ത ദിവസം രാവിലെ ആയി, ഞാൻ മെല്ലെ തിരുവനന്തപുരത്തെത്തി. കസിൻ ചോദിച്ചു 'എന്താടാ മൂക്ക് കറുത്തിട്ട്!', സംഭവം ശരിയാണ്, അപ്പൊ വെളുത്തതുമില്ല, കറുക്കുകേം ചെയ്തു, "വൗ, എപിക് !". "എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ എന്നോടീ ചതി വേണായിരുന്നോ?" എന്റെ ഭാഗ്യത്തിന് എന്റെ പഴയ സഹപ്രവർത്തകയും, സുഹൃത്തുമായ സിബിളിനെ ഓർമ വന്നു. കല്യാണത്തിനു വരാം എന്നേറ്റതാണ് അവൾ, കല്യാണത്തിനു തലേദിവസം പുറപ്പെട്ടു പോകുമ്പോൾ തന്നെ വിളിക്കാം എന്നായി ഞാൻ. കാര്യം എന്താന്നു വെച്ചാൽ ആൾ ഒരു ബ്യുട്ടീഷ്യൻ കൂടി ആണേ. കല്യാണപ്പെണ്ണിനെ ഒരുക്കാനാ വിളിച്ചതെങ്കിലും ഇപ്പൊ എനിക്ക് കൂടെ അതാവശ്യായി! നോക്കണേ എന്റെ ഗതികേട്, മേക്കപ്പിനെ സദാ സമയവും കുറ്റം പറഞ്ഞ് നടക്കണ ഞാനാണ്, വേറെ രക്ഷയില്ലാത്തോണ്ട് അതിനെ ആശ്രയിക്കണേ!

അങ്ങനെ കല്യാണദിവസം ആയി, പരിപാടി തുടങ്ങും മുൻപ് സിബിളിനെ വിളിച്ചു മൂക്കിന്റെ അറ്റകുറ്റപ്പണികൾ നടത്തിക്കുമ്പോ ഞാൻ ചോദിച്ചു, "ഇത് വിയർത്താലും പോവില്ല്യാലോല്ലേ".

"പോവില്ല, ഫൌണ്ടെഷൻ ഇടണ്ട്" -സിബിൾ

ഞാൻ പറഞ്ഞു, "ഫൌണ്ടെഷൻ മാത്രം പോരാ, ബാക്കീം ഇടണം, വേണ്ടേ!", അങ്ങനെ അതൊക്കെ കഴിഞ്ഞു പരിപാടി ഒക്കെ തുടങ്ങിയപ്പോ ഒരു കസിൻ വന്നിട്ട് പറയാണ്, "എന്താടാ നിന്റെ മൂക്ക് മാത്രം തിളങ്ങണത്!", 'ദേ പിന്നേം'. അടുത്ത സെഷന്റെ ഇടക്ക് ബാക്കീം ശരിയാക്കി, അങ്ങനെ മൊത്തത്തിൽ മേക്കപ്പിന്റെ ബലത്തിൽ പിടിച്ചു നിന്നുഇപ്പോഴും എന്റെ റിസപ്ഷൻ പടത്തിൽ മൂക്കിൽ കറുത്ത പാടുണ്ട്. അതിനു കാണുമ്പോ ഒക്കെ ഞാനെന്റെ കൂട്ടുകാരനെ നന്ദിയോടെ ഓർക്കാറുണ്ട്

പിന്നെ നമ്മടെ കൂട്ടുകാരനെ കാണണത് ഒരു മാസം കഴിഞ്ഞു നാട്ടിൽ പോയപ്പഴാണ്. അപ്പോഴേക്കും ദേഷ്യം ആറിത്തണുത്തത് കൊണ്ട് മാത്രം പിന്നൊന്നും പറഞ്ഞില്ല. അവന്റെ ഒരു മിനുങ്ങൽ!

 "എന്റെ പൊന്നു കൂട്ടുകാരാ വല്ല ദേഷ്യോം ഉണ്ടെങ്കിൽ പറഞ്ഞു തീർക്കണം, ശത്രുക്കളോടു പോലും ഇങ്ങനെ ചെയ്യരുത്, പ്ലീസ്!"

 അപ്പോഴാണ്അവൻ രഹസ്യം പറയണത്, അവന്റെ ശിഷ്യൻ ഏതോ ഒരു 'സൊലുഷൻ' മാറ്റി പരീക്ഷിച്ചതിന്റെ ഫലം ആയിരുന്നു എന്റെ അവസ്ഥ എന്ന്. അവനെ പറഞ്ഞും വിട്ടൂന്നു. ഇല്ലെങ്കിൽ നാട്ടുകാരുടെ കൈ കൊണ്ട് കൂട്ടുകാരന്റെ മൂക്കിന്റെ കാര്യം തീരുമാനായേനെ!

Comment