Skip to main content
Srishti-2022   >>  Short Story - Malayalam   >>  രാധമ്മ

Sarika

Allianz

രാധമ്മ

'അപ്പൂ, എന്താ പറ്റിയത് , കണ്ണ് തുറന്നേ ' രാധമ്മയുടെ ശബ്ദമാണ് . ഞാൻ കണ്ണ് തുറക്കാൻ ശ്രമിച്ചു . വെള്ളത്തുള്ളികൾ കൺപീലികളിൽ നിന്നും കണ്ണിലേക്ക് വീണതിലുള്ള അസ്വസ്ഥത കൊണ്ട് പിന്നേം ഇറുക്കിയടച്ചു . എന്നിട്ട്  വീണ്ടും പതുക്കെ തുറന്നു. ഒരു ചെറിയ മൊന്തയുമായി രാധമ്മ, അടുത്തുതന്നെ അമ്മ, വിശ്വാമ്മാവൻ , അമ്മായി, ജാനുകുട്ടി, കുഞ്ഞൻ എല്ലാവരും ഉണ്ട്

'ഒന്നുമില്ല, ഉച്ച വെയിലത്ത് കയ്യാലമേൽ പോയി ഇരുന്നിട്ടാ . അവൾ ഒന്ന് റെസ്റ് എടുക്കട്ടെ , അപ്പോഴേക്കും മാറും. കുട്ടികളൊക്കെ കണക്കാ, മര്യാദക്ക് ഒന്നുമൊട്ട് കഴിക്കത്തില്ല . എച് ബി ഒക്കെ കുറവാകും. പനിയും   വിട്ടിട്ടുണ്ടാവില്ല '.  ഇത്രേം പറഞ്ഞു വിശ്വാമ്മാവൻ പുറത്തേക്കു പോയി; പിറകിനു അമ്മായിയും

'അപ്പൂന് വയ്യായ്ക  വല്ലതും ഉണ്ടോ, പനി തോന്നുന്നുണ്ടോ ?'

'ഇല്ലമ്മേ '

'ജാനു, ജാറും ഗ്ലാസ്സും ഒന്നെടുക്കൂ '

ഞാൻ പതുക്കെ എഴുന്നേറ്റിരുന്നു

' വെയിലത്ത് പറമ്പിലൊക്കെ കറങ്ങി നടക്കരുതെന്നു നിന്നോടെത്ര പറഞ്ഞിട്ടുള്ളതാ . അനുസരണാശീലം  പണ്ടേ ഇല്ലലോ . കുറച്ചു നേരം കിടന്നോളൂ'. ഗ്ലാസ്സ് തിരികെ വാങ്ങിക്കൊണ്ടു അമ്മ പോയി .

'ജാനു, ഇത് അടുക്കളയിൽ വച്ചേക്കൂ ' രാധമ്മയുടെ കയ്യിലെ മൊന്തയുമായി ജാനുകുട്ടിയും കുഞ്ഞനും മുറി വിട്ടു

'എന്താ അപ്പൂ , എന്താ പറ്റിയത് '

കുറച്ചുനേരം ഞാനൊന്നും മിണ്ടിയില്ല .

'ഞാൻ അപ്പൂപ്പനെ കണ്ടു'

രാധമ്മ എന്നെത്തന്നെ നോക്കിയിരുന്നു .

പണ്ട് മുതലേ നാട്ടിൽ വന്നാൽ രാധിക എന്ന രാധമ്മയാണ് എനിക്ക് കൂട്ട്. അപ്പൂപ്പനേം അമ്മൂമ്മയെക്കാളുമൊക്കെ അടുപ്പവും രാധമ്മയോടായിരുന്നു. റയിൽവേയിൽ നിന്നും റിട്ടയർ  ചെയ്ത ശേഷം അമ്പലവും, അതിന്റെ  നടത്തിപ്പും, പിന്നെ പറമ്പും കൃഷിയുമൊക്കെയായി തിരക്കോടു തിരക്കാണ് അപ്പൂപ്പന്. അമ്മൂമ്മക്കാണെങ്കിൽ എപ്പോഴും അകത്തു എന്തെങ്കിലുമൊക്കെ പണികാണും

 

എല്ലാ സമ്മർ വെക്കേഷനും രണ്ടാഴ്ച, പിന്നെ ഓണത്തിന് മൂന്നോ, നാലോ ദിവസം. അപ്പോഴൊക്കെയാണ് ഞാൻ രാധമ്മയെ കാണുന്നത്. ഓണത്തിന് വിശ്വമ്മാവനും , ചെറിയമ്മാവനും, അവരുടെ കുടുംബവും കാണും. ഓണത്തിന്റെ  ഒരുക്കങ്ങളും ബഹളവുമൊക്കെയാകും. പക്ഷെ സമ്മർ വെക്കേഷൻ അങ്ങനെയല്ല. ഞാനും അച്ഛനും അമ്മയും കൂടി കല്ലടയിലെ അച്ഛന്റെ വീട്ടിൽ ഒരു ദിവസം നിന്നിട്ടു നേരെ പരവൂരിലേക്ക് . ഒന്നോ, രണ്ടോ ദിവസം കഴിയുമ്പോൾ, അച്ഛനും അമ്മയും പോകും.പിന്നെ രണ്ടാഴ്ച കഴിഞ്ഞു അച്ഛൻ വിളിക്കാൻ വരുമ്പോഴേക്കും അടുത്ത ഒരു വർഷത്തേക്കും , എന്നത്തേക്കുമായുള്ള ഓർമ്മകൾ ഉണ്ടാക്കിയിരിക്കും ഞാനും രാധമ്മയും. എനിക്ക് അഞ്ചോ ആറോ വയസുള്ളപ്പോൾ വരെ അമ്മയും നിൽക്കുമായിരുന്നു

ഡി ബി കൂപ്പർ , പാബ്ലോ എസ്കോബാർ തുടങ്ങി ഹിസ്റ്ററി ബുക്സിൽ പഠിക്കാൻ ഇല്ലാത്ത  പലരെക്കുറിച്ചും, മൊസാദിന്റെ ഓപ്പറേഷൻസിനെക്കുറിച്ചുമൊക്കെ ഞാൻ അറിയുന്നതു രാധമ്മയിലൂടെയാണ്. എന്നെ പഠിപ്പിച്ചിരുന്ന ഒരു ഹിസ്റ്ററി ടീച്ചറും ഇത്ര ഭംഗിയോടെ ചരിത്രം പറഞ്ഞിരുന്നില്ല; ഹിസ്റ്ററി ടീച്ചർ എന്നല്ല, ആരും തന്നെ പറഞ്ഞിരുന്നില്ല. ലോകചരിത്രം മാത്രമല്ല, കുടുംബചരിത്രവും, നാട്ടിലുള്ളവരുടെ ചരിത്രവും എല്ലാം വളരെ രസത്തോടെയാണ് രാധമ്മ പറഞ്ഞിരുന്നത്.

 

എന്റെ നാലാം ക്ലാസ്സുകഴിഞ്ഞുള്ള വെക്കേഷന് , താഴേലെ  കുളത്തിൽ ആമ്പൽപ്പൂക്കൾ വിരിഞ്ഞിട്ടുണ്ടെന്നറിഞ്ഞു രാധമ്മയുടെ ആക്ടിവയിൽ ഞാനും  , രാധമ്മയും, വടക്കേലെ നാരായണമ്മാന്റെ ചെറുമകൻ മഹേഷുമായി പുറപ്പെട്ടു

ഉടുപ്പൊക്കെ മാറ്റി ഒരു തോർത്തും ചുറ്റി അവനങ്ങനെ  നീന്തിക്കളിക്കുന്നതു കാണാൻ തന്നെ ഒരു ഉഷാറാണ്. അവന്റെ മട്ടും ഭാവവും ഒക്കെ കണ്ടാൽ ഏറ്റവും സന്തോഷം ഇങ്ങനെ വെള്ളത്തിൽ കിടക്കാനാണെന്ന് തന്നെ തോന്നും

ആദ്യം അടുത്തുള്ള ഒന്ന് രണ്ടെണ്ണം പറിച്ചു കൊണ്ട് വന്നു.

 'ഇനി ഏതാ ചേച്ചി വേണ്ടത്? ' സ്ഥിരമുള്ള പുഞ്ചിരിയോട് കൂടിത്തന്നെ നീന്തൽ വിദഗ്ധൻ ചോദിക്കും. എന്നിട്ടു ഞാൻ ചൂണ്ടികാണിക്കുന്നതിനെ ലക്ഷ്യമാക്കി ഒരു പോക്കാണ്. ചിലതൊക്കെ വേരോടുതന്നെ അവൻ പറിച്ചുകൊണ്ടുവരും. അങ്ങനെ കിട്ടുമ്പോൾ അവന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.'ചേച്ചിക്ക് വല്യേടത്തെ കുട്ടികുളത്തിൽ ഇടാം ഇതിനെ' . ചിരിച്ചുകൊണ്ട് ഞാൻ സമ്മതിക്കും. രാധമ്മ ഒരാളോട് സംസാരിച്ചു കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും ഞങ്ങളുടെ ശേഖരം അതിവിപുലമായിക്കഴിഞ്ഞിരുന്നു. അത് കാണുമ്പോൾ രാധമ്മ ഞെട്ടുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്

' മതി അപ്പു . ഉടുപ്പൊക്കെയെടുത്തിട്ടു വാ കുട്ടാ, പോകാം '. അത് കേട്ട് ഞാനാണ് ഞെട്ടിയത്

'എന്ത് പറ്റി രാധമ്മ ?'

'ഒന്നൂല്ല, രാധമ്മക്കു ചെറിയ ഒരു തലവേദന. നമുക്ക് ഇപ്പോൾ പോകാം'. വിളറിയ മുഖത്തോടെ രാധമ്മ പറഞ്ഞു.

അന്ന് വൈകിട്ടു  അപ്പൂപ്പന്റെ ഉയർന്ന ശബ്ദം കേട്ടിട്ടാണ് വായിച്ചുകൊണ്ടിരുന്ന പുസ്തകവുമായിത്തന്നെ ഞാൻ താഴേക്കു ചെന്നത്.

'ജാതകം ദോഷം ഉണ്ടെന്നു പറഞ്ഞു ഒരന്യജാതിക്കാരനെ കൊണ്ട് കെട്ടിക്കണ്ട ഗതികേടൊന്നും ഇവിടില്ല. ഞാൻ ജീവിച്ചിരിക്കുന്നടത്തോളം അത് നടക്കുമെന്നും ആരും കരുതണ്ട'. 

'അതിനു അവൾ എന്ത് ചെയ്തു? പയ്യൻ ഇവിടെ വന്നു ആലോചിച്ചതല്ലേ. പിന്നെ, എന്നും അവളോടൊപ്പം നമ്മളുണ്ടാകുമോ?'

'അവൾ അറിയാതെയൊന്നും അവളുടെ സ്കൂളിലെ ഒരാള് ഇവിടെ വരില്ല. കണ്ട ചോവനും , ക്രിസ്ത്യാനിയുമൊന്നും ഇവിടെ പറ്റില്ല. ഇത് ആദ്യമല്ലലോ '

'നിങ്ങളൊക്കെക്കൂടി നോക്കീട്ടു നല്ല ആലോചനയൊന്നും കിട്ടീലല്ലോ?. അവൾക്കു വയസ്സെത്രയായീന്നാ വിചാരം?'

'എങ്ങനെ കിട്ടാനാ , നല്ല അസ്സൽ  ചൊവ്വയല്ലേ.പിന്നെ ഏതെങ്കിലും ചേർന്നാൽ അത് നിന്റെ മോൾക്കൊട്ടു പിടിക്കത്തതുമില്ല . വെറുതെ പണ്ടത്തെപ്പോലെ ആളുകളെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്ന് പറഞ്ഞേക്കണം അവളോട് '

ഇത്രേം പറഞ്ഞു തിരിഞ്ഞതും അപ്പൂപ്പൻ എന്നെ കണ്ടു.

'ആഹാ, അപർണ്ണകുട്ടീ, കറവക്കാരന്റെ അവിടുത്തെ ചെക്കന്റെ കൂടെ താഴേത്തെ  കുളത്തിൽ പോയി അല്ലെ. ആമ്പൽപ്പൂ വേണമെങ്കിൽ അപ്പൂപ്പനോട് പറഞ്ഞാൽപ്പോരേ . ആരെലേം വിട്ടു വരുത്തിക്കാമായിരുന്നല്ലോ . ആഴമുള്ള കുളമാണ്. ഇനി അവിടെ പോകരുത് കേട്ടോ. വിളക്കിൽ ഒരുക്കിയോ?'

എന്റെ മറുപടിക്കു കാത്തുനിൽക്കാതെ അപ്പൂപ്പൻ ഇറയത്തേക്കു  പോയി. അമ്മൂമ്മ കണ്ണും തുടച്ചുകൊണ്ട് പൂജാമുറിയിലേക്കും.

ഞാൻ ചെല്ലുമ്പോൾ രാധമ്മ കിടക്കുകയാണ്. എന്റെ കൈ ചേർത്തുപിടിച്ചുകൊണ്ടു രാധമ്മ കുറെയേറെ കരഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ അവിടെ ഇരുന്നു

'അപ്പു , പേടിച്ചുപോയോ ?'

'ഇല്ല, അപ്പൂപ്പൻ എന്തിനാ രാധമ്മയെ വഴക്കു പറഞ്ഞത്?'

'രാധമ്മക്കു മിടുക്കു പോരാഞ്ഞിട്ട് ' .

അന്ന് ആരും ഒന്നും മിണ്ടാതെയാണ് അത്താഴം കഴിച്ചത്.

'അപ്പുക്കുട്ടി നല്ല മിടുക്കിയായി വളരണം കേട്ടോ. നമുക്ക് ഉറപ്പും , ഇഷ്ടവും, ആവശ്യവുമുള്ളതൊക്കെ ചെയ്യാനുള്ള ധൈര്യവും ഉണ്ടാകണം '

ഞാൻ ഒന്ന് മൂളിയിട്ടു രാധമ്മയോടു ചേർന്ന് കിടന്നു.

തിരിച്ചു ഇൻഡോറിൽ എത്തിയിട്ട് ഞാൻ വാശിപിടിച്ചു സ്വിമ്മിങ് ക്ലാസിനു ചേർന്നു !

വർഷം ഓണത്തിന് മുൻപ് തന്നെ വീണ്ടും നാട്ടിൽ വരേണ്ടി വന്നു . അമ്മൂമ്മ മരിച്ചു. ഹാർട്ട് അറ്റാക്ക് ആയിരുന്നു.

ഫ്ലോറിഡയിൽനിന്നും  വിശ്വമ്മാവൻ എത്താൻ വേണ്ടി രണ്ടു ദിവസം പിന്നേം എടുത്തു. അത് കഴിഞ്ഞിട്ടായിരുന്നു അടക്കം. സഞ്ചയനം കഴിഞ്ഞു തിരിച്ചു പോകാൻ നേരം വരേയും രാധമ്മ ആരോടും ഒന്നും മിണ്ടിയിരുന്നില്ല, എന്നോടും. പോകാൻ നേരം ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ, അത്രമാത്രം

 

അത്തവണ ഞങ്ങൾക്ക് ഓണമില്ലായിരുന്നു. പിന്നീട് പലതവണ ഫോണിൽ സംസാരിച്ചപ്പോഴും രാധമ്മക്കു പഴയ ഉത്സാഹമില്ലാത്തതുപോലെ തോന്നി. രാധമ്മ ഇനി ഇങ്ങനെ തന്നെ ആയിരിക്കുമോ എന്ന് ഞാൻ പേടിച്ചു

അടുത്ത വെക്കേഷന് ചെന്നപ്പോഴേയ്ക്കും പേടിയൊക്കെ മാറി. രാധമ്മ പഴേപോലെ തന്നെ. എന്നാൽ ഇപ്പോൾ പിടിപ്പതു പണിയാണ് . വീടിനകത്തും പുറത്തുമായി ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട് . പറമ്പിൽ പണിക്കു വരുന്നവർക്ക് ചോറ് കൊടുക്കണം, മൂപ്പര് വരുമ്പോൾ കൂടെ നിന്ന് തേങ്ങയും, അടക്കയും, അടത്തിക്കണം , വീട്ടിലേക്കാവശ്യമുള്ള തേങ്ങ പൊതിപ്പിച്ചു ചായ്പ്പിൽ വയ്ക്കണം, അകമൊക്കെ അടിച്ചു തുടക്കണം അങ്ങനെ പലതും. ഇതിനൊക്കെ രാധമ്മയുടെ വാലായി ഞാനും കൂടി . തിരക്കുകൾക്കും ഒരു രസമുണ്ടായിരുന്നു

അമ്മൂമ്മയുടെ ആണ്ടിന് അമ്മ മാത്രമേ പോയുള്ളു. എനിക്ക് എക്സാം ഉണ്ടായിരുന്നു

അടുത്ത ഓണത്തിന് പ്രധാനമായും ചർച്ചയായതു രാധമ്മയുടെ കല്യാണക്കാര്യമാണ്.

 

'ജാതകപ്പൊരുത്തം തരക്കേടില്ല. ഇത്തിരി പടിപ്പുകുറവായാൽ എന്താ, നല്ല കുടുംബമാ. കുറുപ്പിന്റെ കാലശേഷം കടയൊക്കെ നോക്കിനടത്തേണ്ടതു അവനല്ലേ. എന്ത് പറയുന്നു ?'

മുകളിലത്തെ കോണിപ്പടിയുടെ മറവിൽ നിന്നുകൊണ്ട് ഞാൻ തളത്തിലേക്ക്  ചെവി കൂർപ്പിച്ചു .

'അവൾക്കു കുറേക്കൂടി പഠിപ്പും , സ്വന്തമായി നല്ലൊരു ജോലിയുമുള്ള ആളെ വേണമെന്ന് പറയുമ്പോൾ..'

അമ്മയാണ് ആദ്യം മറുപടി പറഞ്ഞത് 

'നീയും ലക്ഷ്മിയെപ്പോലെ തുടങ്ങുകയാണോ? എങ്ങനെയെങ്കിലുമാണ് ഒരെണ്ണം ഒത്തുകിട്ടുന്നത്. അല്ല, ഇങ്ങനെ  പഠിക്കാൻ വിട്ട എന്നെ പറഞ്ഞാൽ മതി. കൊടിയും പിടിച്ചു കണ്ട സമരക്കാരന്റെ കൂടെ കറങ്ങി നടന്ന മാനക്കേട് ഇപ്പോഴും മാറിയിട്ടില്ല . ഇത് തന്നെ ഭാഗ്യമാണെന്ന് കരുതുമ്പോഴാണ് ഓരോ മുടക്കും കൊണ്ട് വരുന്നത്.തലയിലെ വര മാറ്റാൻ പറ്റില്ല  '  

ശബ്ദം ഉയർത്തിയാണ് അപ്പൂപ്പൻ സംസാരിച്ചത് .

'അച്ഛൻ പറയുന്നതിലും കാര്യമുണ്ട്. നമുക്കുകാരിയാവുന്ന കുടുംബവുമല്ലേ ? കല്യാണശേഷം അവർക്കു ഇവിടെത്തന്നെ നിൽക്കാമല്ലോ. അവൾക്കു സ്കൂളിൽ പോകാനും എളുപ്പമുണ്ട്. അച്ഛനും ഒരു കൂട്ടാകും .'

ചെറിയമ്മാവൻ പറഞ്ഞു നിർത്തി

'രാധ എന്ത് പറയുന്നു?' വിശ്വാമ്മാവൻ ചോദിച്ചു.

'എനിക്ക് പറയാനുള്ളത്പത്മേച്ചി പറഞ്ഞു '

'രാധ ഒന്നുകൂടി ആലോചിക്കൂ . സമയം പോകുകയല്ലേ? എന്റെ പ്രായമല്ലേ രാധക്ക് . നല്ല ആൾക്കാരാണെന്നാണല്ലോ കണ്ണേട്ടൻ പറയുന്നത്. ' ഇളയമകനെ  ലാളിച്ചുകൊണ്ടു ചെറിയമ്മായി ഭർത്താവിനെ പിൻതാങ്ങി .

'എനിക്കിനി ഒന്നും ആലോചിക്കാനില്ല. എനിക്ക് പറയാനുള്ളത് പത്മേച്ചി പറഞ്ഞു.' അങ്ങനെ തീർത്തു പറഞ്ഞിട്ട് രാധമ്മ അകത്തേക്ക് പോയി

'പത്മ കുറേക്കൂടി ആലോചിച്ചിട്ട് സംസാരിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുള്ളതാണ് . ഇങ്ങനെ എല്ലാ വാശികൾക്കും കൂട്ടുനിൽക്കേണ്ടതുണ്ടോ?' അച്ഛൻ എന്നത്തെയും പോലെ എന്തിലും അമ്മയെ കുറ്റപ്പെടുത്താൻ മറന്നില്ല.

'നമുക്ക് നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാൻ പറ്റുകയില്ലലോ , നോക്കാം ' വിശ്വാമ്മാവൻ പറഞ്ഞു

'എന്ത് നോക്കാം? അവൾക്കു ജാതീം മതവുമൊന്നും വേണ്ടെന്നു കരുതി നമുക്കെങ്ങനെ കല്യാണം നടത്തിക്കാൻ പറ്റുമോ? അവൾക്കങ്ങനെയൊന്നില്ലെങ്കിലും കുടുംബത്തിന് ഒരന്തസ്സില്ലേ ?'  അപ്പൂപ്പൻ ദേഷ്യത്തിൽ പുറത്തേക്കു പോയി

കുറെ നേരത്തേക്ക്ആരും ഒന്നും മിണ്ടിയില്ല. കളിപ്പാട്ടങ്ങളുമായി അകത്തേക്ക് കയറിവന്ന ജാനുകുട്ടിയും, കുഞ്ഞനും, പ്രണവുമാണ് പിന്നെ അന്തരീക്ഷം ഒന്ന് മയപ്പെടുത്തിയത്.

 

വർഷങ്ങൾ  കടന്നുപൊയ്ക്കൊണ്ടിരുന്നു . ഇതിനിടയിൽ രാധമ്മ രണ്ടു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. ഞാൻ വളരും തോറും രാധമ്മയുമായി കൂടുതൽ അടുക്കുകയായിരുന്നു. എന്തൊക്കെ ട്യൂഷനും , ക്ലാസ്സുമൊക്കെ ഉണ്ടെന്നു പറഞ്ഞാലും സമ്മർ വെക്കേഷന്റെ രണ്ടാഴ്ച രാധമ്മയുടെ കൂടെ വേണമെന്ന് ഞാൻ ശഠിച്ചു . അത് നടക്കുകയും ചെയ്തു.

 

സ്കൂളിലെ പ്രണയങ്ങൾ, പ്രണയ തകർച്ചകൾ , ഫിസിക്സ് പഠിപ്പിച്ചിരുന്ന ചാറ്റർജി സാറിന് ക്ലാസ്സിലെ മഞ്ജുവിനോടുണ്ടായിരുന്ന പ്രത്യേക മമത , എന്റെ പിറകെ നടക്കുന്ന പ്രവീൺ, പാട്ടുകാരൻ നവ്നീതിനോടുള്ള എന്റെ ക്രഷ് , അച്ഛനും അമ്മയും ഓഫീസിലായിരുന്ന ഒരു ദിവസം ഫ്രണ്ട്സിനോടൊപ്പം വീട്ടിൽ നടത്തിയ കോള പാർട്ടി , അങ്ങനെ ഫോണിലൂടെ പറയാൻ പറ്റാത്തതൊക്കെ വിശദമായിത്തന്നെ ഞാൻ രാധമ്മയോടു പറഞ്ഞിരുന്നു.

 

ടെൻത് കഴിഞ്ഞു ഒരു മാസം രാധമ്മയുടെ കൂടെ നിൽക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ആദ്യം എതിർത്തു . പിന്നെ അമ്മ എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു . കുറെയേറെ പുസ്തകങ്ങൾ വായിക്കണം, രാധമ്മയുടെ സാൻഡ്രോയിൽ നാട് മുഴുവൻ ചുറ്റിക്കാണണം, മുകളിൽ എനിക്കിഷ്ടമുള്ള മുറി എന്റെ താത്പര്യത്തിന് ഒന്നൊരുക്കിയെടുക്കണം, താഴേത്ത കുളത്തിൽ മഹേഷിനോപ്പം നീന്തണം, രാധമ്മയെ നീന്തൽ പഠിപ്പിക്കണം , അങ്ങനെ വിവിധ പദ്ധതികളുമായിട്ടാണ് ഞാൻ നാട്ടിൽ എത്തിയത്.

എന്നെ കണ്ടപ്പോൾ രാധമ്മയുടെ സന്തോഷത്തിനു അതിരുകളുണ്ടായിരുന്നില്ല

 

'അപ്പു വല്യ കുട്ടിയായി ' . കെട്ടിപ്പിടിച്ചുകൊണ്ട് രാധമ്മ പറഞ്ഞു. ചെന്ന് രണ്ടു ദിവസത്തിനകം തന്നെ ഞാൻ എന്റെ മുറിയെ റെഡിയാക്കി. എന്നിരുന്നാലും എല്ലാ ദിവസവും ഉറങ്ങുന്നതു രാധമ്മയുടെ കൂടെയാണ്. എപ്പോഴും എന്തെങ്കിലും പുതിയ കഥയും, വാർത്തയുമൊക്കെ ഉണ്ടാവും രാധമ്മയുടെ അടുത്ത്. രാധമ്മക്കു ഇടയ്ക്കിടയ്ക്ക് അപ്പൂപ്പനെ നോക്കാൻ എഴുന്നേൽക്കണം. ആസ്ത്മയുടെ അസുഖമുണ്ട് അപ്പൂപ്പന്. ചിലരാത്രികളിൽ കൂടുതലാകും. ഒരിക്കൽ അപ്പൂപ്പന് ആസ്തമ കൂടിയിട്ട്  ഞങ്ങൾക്ക് രാത്രി ഹോസ്പിറ്റലിൽ പോകേണ്ടി വന്നു. പിറ്റേന്ന് തന്നെ തിരിച്ചു പോരാൻ പറ്റി . കാര്യങ്ങളൊക്കെ നോക്കാൻ അപ്പൂപ്പന്റെ അനിയന്റെ മകനായ ശ്രീനിയമ്മാവനും ഉണ്ടായിരുന്നു

 

ഒരു ദിവസം രാധമ്മയുടെ കൂടെ ഒരു കലാ സാംസ്കാരിക സമിതിയുടെ അവാർഡ് വാങ്ങാൻ ഞാനും പോയി. രാധമ്മക്കു കിട്ടുന്ന മൂന്നാമത്തെ അവാർഡായിരുന്നു അത്. അപ്പൂപ്പന് ഇതിൽ ഒന്നും ഒട്ടും താത്പര്യം ഇല്ല എന്ന് മാത്രമല്ല, രാധമ്മ എന്തോ തെറ്റ് ചെയ്യുകയാണെന്നപോലത്തെ കടുത്ത എതിർപ്പും പ്രകടിപ്പിച്ചിരുന്നു

'കുടുംബത്തിന്റെ മാനം കളയാൻ ഇറങ്ങിപ്പുറപ്പെട്ടാൽ എന്താ ചെയ്ക ?' അപ്പൂപ്പൻ പലപ്പോഴായി ഇത് പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്

 

എന്നെ ചേർത്ത് പിടിച്ചു നിർത്തിക്കൊണ്ടാണ് രാധമ്മ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തത്. എന്നോടുള്ള സ്നേഹവും വാത്സല്യവുമൊക്കെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു

'ദേ കണ്ടോളു , ഇതാണ് എന്റെ അപ്പുക്കുട്ടി '. അധികം മുഖവുര കൂടാതെതന്നെ ഒരു സുഹൃത്തിനു എന്നെ പരിചയപ്പെടുത്തിയതങ്ങനെയാണ്

രാധക്ക് എപ്പോഴും അപ്പൂനെ കുറിച്ച് പറയാനേ നേരമുള്ളൂ. ഇനിയിപ്പോൾ കുറച്ചു ദിവസം കൂടി ഇവിടെ ഉണ്ടാകുമല്ലോ അല്ലെ ?' എനിക്ക് അധികം പരിചയം ഇല്ലാത്ത ഒരാൾ എന്നെ 'അപ്പു ' എന്നും രാധമ്മയെ 'രാധ ' എന്നും വിളിച്ചതു തീരെ ഇഷ്ട്ടമായില്ലെങ്കിലും ഒരു നല്ല മനുഷ്യനാണെന്ന് സംസാരത്തിൽ നിന്നും തോന്നി. അയാളുടെ കയ്യിൽ തൂങ്ങി നടന്നിരുന്ന രണ്ടാം ക്ലാസ്സുകാരി കുഞ്ഞാറ്റയും പെട്ടെന്നുതന്നെ എന്നോടൊപ്പം കൂടി

 

രാധമ്മയുടെ കഥകളിലെ പ്രണയവും, വിരഹവും, ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തെയുമൊക്കെക്കുറിച്ചു വേദിയിൽ അയാൾ വാചാലനായി . രാധമ്മയുടെ കഥകളെല്ലാം  തന്നെ ഞാനും വായിച്ചിട്ടുണ്ട്. സംഗതിയൊക്കെ ശരിയുമാണ് . എന്നാലും അയാളുടെ വാക്കുകളിൽ എന്തോ ഒരു പ്രത്യേകത തോന്നി. ഒരേ സമയം തന്നെ എനിക്ക് സന്തോഷവും , എന്നാൽ എന്തെന്നില്ലാത്ത ഒരു ദേഷ്യവും അനുഭവപ്പെട്ടു

 

അന്ന് വൈകുന്നേരം ഞാനും രാധമ്മയും കൊഴിഞ്ഞുവീണ ചെമ്പകപ്പൂക്കൾ പറക്കുകയായിരുന്നു

പെട്ടെന്ന് ഞാൻ ചോദിച്ചു ,' രാധമ്മക്കു ഏറ്റവും ഇഷ്ട്ടം ആരെയാണ്?'

'അതിനെന്താ സംശയം, എന്റെ അപ്പൂനെത്തന്നെ .' 

'എന്നും ?' 

'എന്നും . അപ്പൂനോളം വരില്ല ഒരിക്കലും  ആരും . അതിപ്പോൾ ഇനി ആരൊക്കെ തന്നെ വന്നാലും . മതിയോ ?' എന്റെ  കവിളിൽ പിടിച്ചുകൊണ്ടു രാധമ്മ പറഞ്ഞു .ഞാൻ ചിരിച്ചു. എനിക്ക് സമാധാനമായി

അന്ന് രാത്രി രാധമ്മയോടു ചേർന്ന് കിടക്കുമ്പോൾ എന്റെ ചോദ്യം അതിക്രൂരമായ ഒന്നായിരുന്നുവെന്നു എനിക്ക് തോന്നി

 

പിറ്റേന്നാണ്എന്റെ എക്സാം റിസൾട്ട് വന്നതു. ഉയർന്ന മാർക്കോടുകൂടി തന്നെ ഡിസ്റ്റിംഷനും ഉണ്ടായിരുന്നു. എന്നെ ചേർത്ത് നിർത്തി അപ്പൂപ്പൻ പറഞ്ഞു ' മിടുക്കി , വിശ്വാമ്മാവനെ പോലെ ഒരു ഡോക്ടർ ആകണം അപർണ്ണ കുട്ടി'. 

 

രാധമ്മയെപ്പോലെ ഒരു ടീച്ചറും എഴുത്തുകാരിയുമൊക്കെ ആയാൽ കൊള്ളാം എന്നതൊഴികെ , എന്താകണം എന്ന് എനിക്ക് വല്യ ധാരണയൊന്നും ഇല്ലായിരുന്നു. കുറെ കഥകളും കവിതകളുമൊക്കെ സ്കൂൾ മാഗസിനിൽ വന്നിട്ടുണ്ട്. മത്സരങ്ങൾക്കൊക്കെ കുറെ സമ്മാനങ്ങളും കിട്ടീട്ടുണ്ട് എന്നതൊഴികെ അതിലും എനിക്ക് വല്യ ഉറപ്പൊന്നും ഇല്ലായിരുന്നുഎന്തോ, ഞാൻ വല്ല ഡോക്ടറോ എൻജിനീയറോ ഒക്കെയാണ് ആകാൻ പോകുന്നതെന്ന് തോന്നിയിരുന്നു

 

രാധമ്മ പറയും ' എഴുതാനായി  എന്റെ കുട്ടി ടീച്ചർ  ആകേണ്ടതില്ല. എന്ത് തന്നെ ആയാലും നിനക്കെഴുതണം എന്നുണ്ടെങ്കിൽ എഴുതാമല്ലോ. പിന്നെ ഇപ്പോഴേ അതൊന്നും ആലോചിച്ചു വിഷമിക്കുകയും വേണ്ട . അപ്പു ആരായാലും മിടുക്കിയായിരിക്കും. പിന്നെന്തുവേണം ?' എനിക്ക് ആശ്വാസം തോന്നി.

 

രാധമ്മയെ നീന്തൽ പഠിപ്പിക്കുന്നതൊഴിച്ചു ബാക്കി പദ്ധതികളെല്ലാം നടപ്പാക്കിയിട്ടാണ് ഞാൻ തിരിച്ചു പോന്നത്. എല്ലായ്പ്പോഴും വെക്കേഷൻ കഴിഞ്ഞു പോരുന്നത് വളരെ വിഷമമുള്ള കാര്യമാണെങ്കിലും , ഇപ്രാവശ്യം അതിന്റെ കാഠിന്യം കുറച്ചധികം തന്നെയായിരുന്നു. അച്ഛന്റെ കൂടെ ഇറങ്ങാനായി നിൽക്കുമ്പോൾ ഞാൻ ശെരിക്കും കരഞ്ഞുപോയി

'എന്താ അപ്പൂ ഇത്, ഇനി ഓണത്തിന് വരാമല്ലോ . അയ്യയ്യേ , രാധമ്മയുടെ അപ്പുക്കുട്ടി കരയുന്നോ ?' എന്നെ ചേർത്ത് പിടിച്ചു കരഞ്ഞുകൊണ്ട് തന്നെ രാധമ്മ ചോദിച്ചു .

'വല്യകുട്ടികൾ ഇങ്ങനെ കരയുമോ ? അപർണ്ണകുട്ടി ഇങ്ങനെ തൊട്ടാവാടി ആയാലോ ?' അപ്പൂപ്പൻ എന്റെ തോളിൽ തട്ടി

' പഠിക്കാനൊക്കെ ഒരുപാടുണ്ട് . ഇപ്പോൾ തന്നെ ട്യൂഷന് ചേരാൻ താമസിച്ചു '. അച്ഛൻ ടാക്സിയുടെ ഡോർ തുറന്നുകൊണ്ടു പറഞ്ഞു. എയർപോർട്ട് വരെയും ഞാൻ കരയുക തന്നെയായിരുന്നു

 

അങ്ങനെ ഓണത്തിന് വേണ്ടി ഞാൻ കാത്തിരുന്നു. ഇതിനിടക്ക് എൻട്രൻസ് കോച്ചിങ്ങും , ട്യൂഷനും ഒക്കെയായി നല്ല തിരക്കുമായി. പക്ഷെ തിരക്കുകൾ ഒക്കെ കൊണ്ട് ഒരു ഗുണമുണ്ടായി. ഒരു മൊബൈൽ വേണമെന്ന ആവശ്യം ഞാൻ അച്ഛനോട് അവതരിപ്പിച്ചു

'പഠിക്കുന്ന കുട്ടികളുടെ ശ്രദ്ധ പഠിത്തത്തിൽ മാത്രം മതി. വെറുതെ സമയം കളയാൻ ഇല്ല ' . ഇതായിരുന്നു അച്ഛന്റെ പ്രതികരണം .

'എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ അവൾക്കു പെട്ടെന്ന് വിളിക്കാമല്ലോ. ഇപ്പോഴത്തെ കാലമല്ലേ. കുട്ടികൾ എവിടെയാ , എന്താ എന്നൊക്കെ അറിഞ്ഞിരിക്കണം'.  അമ്മയുടെ  സമ്മർദ്ദത്തിനൊടുവിൽ എനിക്കൊരു മൊബൈൽ കിട്ടി

രാധമ്മ ഒരു മൊബൈൽ വാങ്ങിയിട്ട് ഏതാനം മാസങ്ങളായിരുന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഒരു രണ്ടു മിനുട്ടെങ്കിലും ഞാൻ രാധമ്മയുമായി സംസാരിച്ചിരുന്നു .

 

ഒരു ശനിയാഴ്ച ഉച്ചക്ക് കോച്ചിങ് ക്ലാസ്സു കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ രാധമ്മയുടെ ഒരു മെസ്സേജ്, ' അപ്പുക്കുട്ടി  ഫ്രീ ആകുമ്പോൾ എന്നെ ഒന്ന് വിളിക്കണം. സംസാരിക്കാനുണ്ട് '.

ഞാൻ ധൃതിയിൽ പിയാ മൗസിയുടെ അവിടുന്ന് ഫ്ലാറ്റിന്റെ താക്കോൽ വാങ്ങി അകത്തു കയറി കഥകടച്ചിട്ടു രാധമ്മയെ വിളിച്ചു.

'എന്താ രാധമ്മ? '

കുറച്ചുനേരം രാധമ്മ ഒന്നും മിണ്ടിയില്ല .

'ഞാൻ ഒരു കല്യാണം കഴിക്കുന്നതിനെ കുറിച്ച് അപ്പൂനെന്താ അഭിപ്രായം '

ഞാൻ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ചോദ്യമായിരുന്നെങ്കിലും തിരിച്ചു ഒരു മറുചോദ്യമാണ് ഞാൻ ചോദിച്ചതു .

'വിനയൻ സാറാണോ ?'

'അതെ '

'സാറ് നല്ല ആളാണ്. രാധമ്മക്കു ഇഷ്ട്ടമാണെങ്കിൽ പിന്നെന്താ കുഴപ്പം ?'

'അപ്പൂന് ഉറപ്പാണോ ?'

'അതെന്നെ , ശെരിക്കും ഉറപ്പാണ് . അപ്പൂപ്പൻ ?'

'സാറ് വന്നു പറഞ്ഞോളും '

പിന്നെ എന്ത് പറയണമെന്ന് എനിക്കും രാധമ്മക്കും അറിയില്ലായിരുന്നു. വേറെ എന്തൊക്കെയോ പറഞ്ഞു ഞങ്ങൾ ഫോൺ വച്ചു .

ഞാൻ ഉടനെത്തന്നെ വിനയൻ സാറിന്റെ ഫേസ്ബുക് പ്രൊഫൈലിൽ കയറി നോക്കി. അതിൽ വിശേഷിച്ചൊന്നും ഇല്ലായിരുന്നെങ്കിലും , കുറെ നേരം അത് തന്നെ നോക്കിയിരുന്നു. പഠനത്തിനെക്കുറിച്ചും , കഥയെഴുത്തിനെക്കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ ഞാൻ പല ആവർത്തി വായിച്ചു

 

എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ പ്രവീണിന്റെ മെസ്സേജ് . വൈകിട്ട് ഫ്രണ്ട്സ് എല്ലാവരും കൂടെ ഒരു സിനിമയ്ക്കു പോകാൻ പ്ലാൻ ഇടുന്നുണ്ട്. വീട്ടിൽ ഗസ്റ്റ് കാണുമെന്നു ഞാൻ കള്ളം പറഞ്ഞു. എന്നിട്ടു ലോഗൗട്ട് ചെയ്തു സോഫയിൽ അങ്ങനെ എന്തൊക്കെയോ ആലോചിച്ചുകൊണ്ടു ഇരുന്നു. എപ്പോഴോ എഴുന്നേറ്റുപോയി ചോറ് കഴിച്ചു. എന്നിട്ടു കിടന്നുറങ്ങി.

 

'അവൾക്കിഷ്ട്ടമാ. ഒരു കുട്ടിയുണ്ടെങ്കിൽ എന്താ , കേട്ടിടത്തോളം നല്ല മനുഷ്യനാണ് . കണ്ണന്റെ വേവലാതി മുഴുവൻ അവൾ അങ്ങ് പാലക്കാടു പോയാൽ പിന്നെ അച്ഛനേം , പറമ്പും ഒക്കെ ആര് നോക്കും എന്നുള്ളതാണ്. ആൾക്കാർ ഓരോന്ന് പറയുമത്രെ. അച്ഛന് വേണമെങ്കിൽ ഇവിടെയോ , ബാഗ്ലൂരോ നിൽക്കാമല്ലോ. അതല്ല, അവിടെ തന്നെ നിൽക്കണം എന്നുണ്ടെങ്കിൽ സഹായത്തിനു ആരെയെങ്കിലും ഏർപ്പാട് ചെയ്യാമല്ലോ. അച്ഛൻ ഇനിയും ജാതകവും, ജാതിയുമൊക്കെ പറഞ്ഞു അവളുടെ ജീവിതം നശിപ്പിക്കുന്നതെന്തിനാ '

' കണ്ണന് വിവരമുണ്ട്‌ '. ഇത്രേം മാത്രം പറഞ്ഞു അച്ഛൻ കൈ കഴുകാൻ എഴുന്നേറ്റു

 

അക്കൊല്ലത്തെ ഓണത്തിനും രാധമ്മയുടെ കല്യാണക്കാര്യമായിരുന്നു ചർച്ചാ വിഷയം. നല്ല പ്രായത്തിൽ പറഞ്ഞപ്പോൾ കേട്ടില്ല, ആൾക്കാരോടെന്തു സമാധാനം പറയും, ജാതി, അന്തസ്സ്, കുടുംബം, ഭാര്യ മരിച്ചു ഒരു കുട്ടിയുമുള്ള മനുഷ്യൻ, അങ്ങനെപോയി ചർച്ചകൾ. അപ്പൂപ്പനെ ഇത്രേം ദേഷ്യപ്പെട്ടു ഞാൻ കണ്ടിട്ടില്ല. ഞാനും രാധമ്മയും മുകളിലിരുന്ന് കുഞ്ഞാറ്റക്ക് പിറന്നാളിന് കൊടുക്കാൻ ഒരു കാർഡ് ഉണ്ടാക്കുകയായിരുന്നു. പൊതുവെ ഒട്ടും തന്നെ സമാധാനപരമല്ലാത്ത ഓണം ആയിരുന്നെങ്കിലും എനിക്ക് സന്തോഷം തോന്നി, കാരണം രാധമ്മ വളരെ സന്തോഷവതിയായി തന്നെ കാണപ്പെട്ടു. അത് മതി.

ഞാൻ പഠനവുമായി തിരക്കിലായിരുന്നെങ്കിലും , രാധമ്മയുടെ കല്യാണകാര്യത്തിലുള്ള എതിർപ്പുകളും, അഭിപ്രായ ഭിന്നതകളുമൊക്കെ അറിയുന്നുണ്ടായിരുന്നു. അപ്പൂപ്പനും രാധമ്മയും മിണ്ടാറില്ല. പാവം രാധമ്മ. പാവം വിനയൻ സാറും, കുഞ്ഞാറ്റയും.

 

അടുത്ത വെക്കേഷന് നാട്ടിൽ വിടില്ല എന്ന് അച്ഛൻ തീർത്തു പറഞ്ഞു.

'ഇനി ഇങ്ങനെ നടന്നാൽ പറ്റില്ല. പിന്നെ കണ്ടു പഠിക്കാൻ പറ്റിയ കൂട്ടാണല്ലോ അവിടെ ഉള്ളതും. ഒരു വർഷം  കൂടിയേ ഉള്ളു. മെറിറ്റിൽ തന്നെ കിട്ടണം. പിന്നെ ഇതിനു വേണ്ടി സമയം കളയുന്നതു മണ്ടത്തരമാണ്'.എന്റെ വാശിയുംകരച്ചിലുമൊന്നും ഇപ്രാവശ്യം വിലപ്പോയില്ല

 

വെക്കേഷൻ തുടങ്ങി, കൂടെത്തന്നെ തകൃതിയായി ക്ലാസ്സുകളും

 

ഒരു ദിവസം അതിരാവിലെ അച്ഛന് ഒരു ഫോൺ വന്നു.

 

'വല്യച്ഛൻ പോയി ' ശ്രീനിയമ്മാവൻ ആയിരുന്നു വിളിച്ചത്

അന്ന് വൈകിട്ട് തന്നെ ഞങ്ങൾ നാട്ടിലേക്ക് പോയി

 

' പെങ്കൊച്ചിനു ഒരു ജീവിതം വേണമെന്ന് എത്ര ആശിച്ചതാ പിള്ള സാറ്  . ഓരോന്നിനും  ഓരോ യോഗം വേണം, അല്ലാതെന്താ '

' പ്രായം കുറെ ആയില്ലേ , പിന്നെ ഈയിടെയായി അസ്തമ കുറച്ചു കൂടുതലായിരുന്നു '. അങ്ങനെയൊക്കെ പോയി ഓരോ സംസാരങ്ങൾ.

 

തിരിച്ചു വെക്കേഷൻ തീരുന്നതു വരെയെങ്കിലും ഞങ്ങളോടൊപ്പം നില്ക്കാൻ അമ്മ ആവുന്നതു നിർബന്ധിച്ചു . പക്ഷെ രാധമ്മ കൂട്ടാക്കിയില്ല. കുറെ നാൾ രാത്രി കൂട്ടിനു മഹേഷും അവന്റെ അമ്മയും വന്നു കിടന്നു. പിന്നെ രാധമ്മ ഒറ്റയ്ക്ക് തന്നെയായി

ഓണത്തിന് നാട്ടിൽ പോയില്ല. രാധാമയെക്കുറിച്ചോർത്തായിരുന്നു എന്റെ വിഷമം. തിരുവോണത്തിന് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. രണ്ടു ദിവസം കുഞ്ഞാറ്റ രാധമ്മയുടെ കൂടെ വന്നു നിന്നിരുന്നു. വിനയൻ സാറിനു തിരുവനന്തപുരത്തെന്തോ പരിപാടിക്ക് പോകണമായിരുന്നു. നാട്ടുകാരുടെ ചോദ്യവും പറച്ചിലുമൊന്നും രാധമ്മ വകവച്ചില്ല

 

'ഇനിയിപ്പോൾ അതങ്ങു നടത്താം. കണ്ണനും അത് തന്നെയാ പറയുന്നത്. ആളുകളെകൊണ്ട് വെറുതെ ഓരോന്നും പറയിപ്പിക്കുന്നതെന്തിനാ. എന്തെകിലുമൊക്കെ ആകട്ടെ ' അച്ഛൻ ആയിരുന്നു അത് പറഞ്ഞതു

' അച്ഛന്റെ ആണ്ട് കഴിഞ്ഞയുടൻ നടത്താൻ നോക്കാം. വല്യ ഒരുക്കങ്ങളൊന്നും വേണ്ടതില്ലലോ ' .

 

അങ്ങനെ അവസാനത്തെ എൻട്രൻസ് പരീക്ഷയും കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഞാൻ രാധമ്മയുടെ അടുത്തേക്ക് പോയി. ആദ്യമായിട്ടാണ് ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. എന്തോ, അച്ഛൻ സമ്മതിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിലും ചൂടായിരുന്നു നാട്ടിൽ. അതിനടുത്ത ദിവസം തന്നെ എനിക്ക് പനിയായി . ഡോക്ടറെ കണ്ടു, കുറെ മരുന്നുമൊക്കെ വാങ്ങി. എഴുന്നേറ്റു നടക്കാനും വയ്യ, ഉറങ്ങാനും വയ്യാത്ത ഒരവസ്ഥ. രാധമ്മ അടുത്ത് തന്നെ ഇരുന്നു കഥകളും വിശേഷങ്ങളുമൊക്കെ പറഞ്ഞു. പനിക്കിടയിലും ഒരു ചെറു ചിരിയോടുകൂടി തന്നെ പ്രവീൺ നൽകിയ ആദ്യ ചുംബനത്തെ കുറിച്ചും ഞാൻ പറഞ്ഞു. രാധമ്മ ചിരിച്ചു

' എന്റെ അപ്പുക്കുട്ടിക്കു  ആശിക്കുന്നതൊക്കെ കിട്ടട്ടെ '.

 

ചിലപ്പോൾ രാധമ്മ എന്തെകിലുമൊക്കെ പറഞ്ഞുകൊണ്ടിരുക്കുന്നതിനിടയിൽ ഞാൻ മയക്കത്തിലേക്ക് വീഴും. പനിയൊന്നു കുറയാൻ നാല് ദിവസം കഴിഞ്ഞു.

 

അടുത്ത ഞായറാഴ്ച അപ്പൂപ്പന്റെ ആണ്ടാണ് . വിശ്വമ്മാവൻ നാട്ടിലുണ്ട് . ബുധനാഴ്ച വരും. അമ്മ ചൊവ്വാഴ്ച എത്തും. അച്ഛന് ഓഫീസിൽ തിരക്കാണ്. ചെറിയമ്മാവന്അമ്മായീടെ വീട്ടിൽ ഒരു ഫങ്ഷൻ ഉണ്ടായതുകൊണ്ടു അന്നേക്കെ എത്താൻ പറ്റുള്ളു എന്ന് പറഞ്ഞിട്ടുണ്ട്

 

രാധമ്മയുടെ തിരക്കിനൊരു കുറവുമില്ല. ആണ്ടിന്റെ ഒരുക്കങ്ങൾ വേറെയും. സ്കൂളിൽ പോകുമ്പോൾ ഇതൊക്കെ എങ്ങനെ കൊണ്ട് പോകുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. എന്റെ രാധമ്മ ഒര്തഭുതമാണ്

 

ദിവസങ്ങൾ കഴിഞ്ഞു.എല്ലാവരും ഓരോ ജോലിക്കിടയിലാണ്. ഞാൻ പതുക്കെ ഇറങ്ങി പറമ്പിലേക്ക് നടന്നു. വെയിലുണ്ടായിരുന്നു, പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല. അപ്പൂപ്പന്റെ അസ്ഥിത്തറക്കടുത്തുള്ള കയ്യാലയിൽ ചാരി കുറച്ചുനേരം അങ്ങനെ ഇരുന്നു. എപ്പോഴോ മയങ്ങിപ്പോയി

 

പിന്നെ ഉണരുമ്പോൾ ഞാൻ കട്ടിലിൽ കിടക്കുകയാണ്. രാധമ്മ അടുത്തിരുന്നു എനിക്ക് കഥ പറഞ്ഞു തരികയാണ്

'അങ്ങനെ ദുഷ്ടനായ രാജാവ് കാൽവഴുതി പൊട്ടക്കിണറ്റിലേക്കു. അതിന്റെ ഓരത്തു തൂങ്ങിക്കിടന്നുകൊണ്ടു ജീവനുവേണ്ടി അയാൾ യാചിച്ചു . ഒരു മുനി പറഞ്ഞതനുസരിച്ചു ദീർഘായുസ്സിനും , അഭിവൃദ്ധിക്കും വേണ്ടി തന്റെ ഒരു ഭൃത്യന്റെ ജീവൻ ബലികൊടുത്തവനാണയാൾ. അങ്ങനെയുള്ളയൊരാൾ ഇനി ജീവിക്കണമോ? വിധിക്കു കീഴടങ്ങുന്നതാവില്ലേ എല്ലാവർക്കും നല്ലത്. കിണറ്റിലേക്ക് വീഴും മുൻപ് അയാൾ താൻ ബാലീ കൊടുത്ത ഭൃ ത്യനെ വീണ്ടും കണ്ടു. തന്നെ പിടിച്ചു കയറ്റാൻ കേണപേക്ഷിച്ചു. ഭൃത്യൻ ഒന്നും ചെയ്യാതെ നിർവികാരനായി നോക്കി നിന്നതേയുള്ളൂ. അങ്ങനെ അയാൾ വെള്ളത്തിൽ വീണു ശ്വാസം മുട്ടി മരിച്ചു. '

 

ആരോ തോളിൽ തട്ടുന്നതുപോലെ തോന്നി. രാധമ്മയുടെ ഗന്ധം, ഞാൻ തിരഞ്ഞു നോക്കി, കണ്ണിൽ തുളച്ചുകയറുന്ന പ്രകാശം. പ്രകാശത്തിനൊടുവിൽ ഞാൻ കണ്ടു, അപ്പൂപ്പനെ