Skip to main content
Srishti-2019   >>  Short Story - Malayalam   >>  സമ്മർദ്ദം

സമ്മർദ്ദം

Written By: Bindu PS
Company: Infosys

Total Votes: 0
Vote.

ശേ, മുഷിച്ചിലായി”. ഇത് എത്രാമത്തെ തവണയാണ് തന്റെ പ്രതികരണ  ശേഷിയെ അടക്കി വയ്ക്കണമെന്ന് തീരുമാനമെടുക്കുന്നത്..  

 രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുൻപ് പതിവ് പോലെ പ്രണായാമം ചെയ്തതിരുന്നു. കൂടാതെ പതിനഞ്ചു മിനിട്ടു വ്യായാമവും ചെയ്തു.. എന്നിട്ടും, തനിക്കു പ്രകോപനത്തെ ചെറുക്കാനായില്ല.. മീറ്റിംഗിൽ തൻ്റെ 

വിയോജിപ്പ് പ്രകടമാക്കാതെ ഇരിക്കാമായിരുന്നു.. 

 

ദിനേശിന്റെ മുഖം വിവർണമാകുന്നത്  ഒരു നിമിഷത്തേക്കെങ്കിലും കണ്ടു. പക്ഷെ എത്ര സമർത്ഥമായി, സംയമനത്തോടെ ചിരിച്ചുകൊണ്ട് എന്നോട് പ്രതികരിക്കാൻ അവനു കഴിഞ്ഞു. ചിരിയിലുo,  വാക്കുകളിലും, അവന് 

ബുദ്ധൻറെ പരിവേഷം. അവന്റെ പക്വമായ ശബ്ദവും, അളന്നു കുറിച്ചുള്ള വാക്കുകളും, എന്നെ ചവറ്റുകൂട്ടയിലേക്ക് തള്ളി. അജയ്ന്റെ മുഖത്തു തെളിഞ്ഞ ആശ്വാസം, എനിക്ക് വെളിപ്പെട്ടു.മീറ്റിംഗ് റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ അജയിന്  കൈ കൊടുക്കാനുള്ള നിര ഒഴിവാക്കി പുറത്തു കടന്നു.

 

അനിൽ ലഞ്ചിന് വരുന്നില്ലേ”, ദിനേശിന്റെ കിലുങ്ങുന്ന ചിരി കേട്ട്  മോണിറ്ററിൽ നിന്നും തല ഉയർത്തി. “വരൂ, നിന്നോടെനിക്ക് അല്പം സംസാരിക്കാനുണ്ട്”. ആശ്വാസമായി, ദിനേശിന് എന്നോട് അതൃപ്തിയൊന്നും ഇല്ല .  

"എനിക്ക് തോന്നുന്നു നിന്റെ പ്രശനം വികാരപരമായ പ്രതികരണമാണ്".  "നിനക്ക് അല്പം മാനസിക പിരിമുറക്കം ഉണ്ടെന്നു തോന്നുന്നു." "എന്ത് കൊണ്ട് ഒരു നല്ല ഡോക്ടറെ കണ്ടു കൂടാ. ഞാൻ ഹെല്പ് ചെയ്യാം. "

കാന്റീനിലേക്കുള്ള വഴി പെട്ടെന്ന് ഇരുണ്ടു. ഇത് തന്നെ അല്ലെ അജയ് രണ്ടു ദിവസം മുൻപ് തനിക്കു തന്ന ഫീഡ്ബാക്ക്. അപ്പോൾ എല്ലാവര്ക്കും  അങ്ങനെയാണോ തന്നെ കുറിച്ച് തോന്നുത്.. തൻ്റെ മനസ്സ് ദിനേശ്  വായിച്ചിരിക്കുന്നു.." താൻ വിഷമിക്കേണ്ട. ഇതൊക്കെ ഇപ്പോൾ  കോർപ്പറേറ്റ്  വേർലഡിൽ കോമൺ ആണ്"  

 

"ഹലോ അനിൽ", അജയും കൂട്ടരും തങ്ങളുടെ പുറകിലുണ്ടായിരുന്നതറിഞ്ഞില്ല.. മുന്നിലേക്ക് കയറിയ അജയ്ദിനേശിന്റെ തോളിൽ തട്ടി, അവനെ കൂടെക്കൂട്ടി വേഗം കടന്നു പോയി..

 

ഒറ്റക്കിരുന്നു ലഞ്ച് കഴിക്കുമ്പോൾ ഡോക്ടറെ കാണുന്ന കാര്യമായിരുന്നു മനസ്സിൽ. പതിവ് യോഗയും, വ്യായാമവും മാത്രം മതിയാവില്ലെന്നു തോന്നുന്നു, സമ്മർദത്തെ കുറക്കാൻ.. 

 

ലഞ്ച് കഴിച്ചു  സീറ്റിലെത്തിയത് കുറച്ചൊരു ആത്മവിശ്വാസത്തോടെയാണ്. ഇന്ന് കുറെ കീ ടാസ്ക്സ് കമ്പ്ലീറ്റ് ചെയ്യണം. അല്ലെങ്കിലും ജോലിയിലെ കഴിവിൽ ദിനേശിന് എന്നോട് മത്സരിക്കാൻ ആവില്ല. അജയിന് അത് നല്ല ബോധ്യമുള്ളതു കൊണ്ടാണല്ലോ കഴിഞ്ഞ  ദിവസം കസ്റ്റമർ-നു വളരെ വിസിബിലിറ്റി ഉള്ള ടാസ്ക് എനിയ്ക്കു തന്നെ തന്നത്.

 

"താനിതുവരെ വീട്ടിൽ പോയില്ലേ",ദിനേശാണ് വീണ്ടും. മണി ഒൻപതു കഴിഞ്ഞ കാര്യം അപ്പോഴാണ് ശ്രദ്ധിച്ചത്. തനിക്കു നേരത്തെ വീട്ടിൽ പോയി അല്പം റിലാക്സ് ചെയ്തു കൂടേ? "തല ഒന്ന് തണുക്കട്ടെ മാഷേ".. “അടുത്ത ക്വാർട്ടറിലെ 

സ്റ്റാർ എംപ്ളോയീ ടൈറ്റിൽ  നമ്മുടെ അനിലിന് തന്നെ”.. അടുത്തിരുന്ന റിജേഷിനോട് കണ്ണിറുക്കിതിരിഞ്ഞ  ദിനേശിന് ഒരു കുറുക്കന്റെ മുഖമാണെന്നു തനിക്കു തോന്നിയതാണോ?

ബാഗ് എടുത്തു പാർക്കിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ ദിനേശ് കൂടെ എത്തി. “ഡോക്ടറെ കാണുന്ന കാര്യം മറക്കേണ്ട. എന്റെ  വൈഫിന്റെ ഒരു കോണ്ടാക്ട് ഉണ്ട്”, നിനക്ക് ഹെല്പ് വേണമെങ്കിൽ പറഞ്ഞാൽ മതി”..

 

ഡ്രൈവ് ചെയ്യുമ്പോൾ മനസ്സ് കൈ വിട്ടു പോകാതെ ഒരു വിധം വീടെത്തി. താമസിച്ചു വീടെത്തിയതിന്റെ പരിഭവം മുഴുവൻ മുഖത്ത് വരുത്തി വാതിൽക്കൽ നിന്ന ഉമയെ  കണ്ടില്ലെന്നു നടിച്ചു അകത്തേക്ക് നടന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആരാണ് ആദ്യം വഴക്കിനു വഴി വച്ചത്

 ടീവി യിലെ ചാനൽ ചർച്ചയിൽ രണ്ടു പേരും മിഴി നട്ടിരുന്ന് അവരവരുടെ ഭാഗം ചിന്തിച്ചു യാന്ത്രികമായി ഭക്ഷണം കഴിച്ചു തുടങ്ങിയതാണ്. പെട്ടെന്നാണ് അവളുടെ എണ്ണമിട്ട തന്റെ വീഴ്ചകളുടെ ഓർമപ്പെടുത്തൽ..

 വീട്ടുകാര്യം നോക്കി നടത്താൻ തനിക്ക് കഴിവില്ല പോലും.. വീണ്ടും താൻ ചവറ്റുകൂട്ടയിലേക്ക് എറിയപ്പെടുന്നത് എങ്ങനെ സഹിക്കും?  . ഇതൊക്കെ എത്ര തവണ തമ്മിൽ സംസാരിച്ചിട്ടുള്ളതാണ്. തന്റെ ജോലിയുടെ സമർദ്ദത്തെക്കുറിച്ചു മറ്റാരേക്കാളും അറിയേണ്ടത് അവളാണ്. ഇത്തവണ കോപാകുലനായി ഉമയുടെ നേരെ അലറിയതിൽ ഒട്ടും വിഷമം തോന്നിയില്ല..

 

ചാനൽ ചർച്ച കൊഴുക്കുകയാണ്. എതിരാളിയെ ഒരു ദാക്ഷിണ്യവുമില്ലാതെ കടിച്ചു കീറി കുടയണം..ഏകപക്ഷീയമായി ഒരു നിലപാടിലെത്തി, അത്  അവന്റെ തലയിൽ അടിച്ചേല്പിക്കണം." എന്ത് പറഞ്ഞാലും കലി, മാനസിക രോഗമുണ്ടെങ്കിൽ എത്രയും നേരത്തേ ഒരു ഡോക്ടറെ കാണുന്നതാവും നല്ലത്..” തേങ്ങലിനിടയിലെ അവളുടെ വാക്കുകളുടെ  നഖം നെഞ്ചിൽ ആഴത്തിലമർന്നു ചോര ചീറ്റി..

 

ചർച്ചയുടെ സമയം കഴിയാറായിഅവതാരകന് താൻ പെരുപ്പിച്ച  കാലുഷ്യം  ധാർമികതയുടെ മേമ്പൊടി ചേർത്ത് ഭംഗിയായി ഒന്ന് അവസാനിപ്പിക്കണം.. ഉമയുടെ കരച്ചിലിനിടയിൽ നിന്നും ഇപ്പോൾ ചിതറി വീഴുന്നത് സ്വാന്തന  വാക്കുകളാണ്. "ഇങ്ങനെ ജോലിയുടെ സമ്മർദ്ദത്തിന് അടിമ പെട്ടാൽ ആരോഗ്യം നശിക്കും".. ഈയിടെയായി ഉറക്കവും തീരെ കുറവാണ്..”

 

ഉറങ്ങാൻ കിടന്നപ്പോൾ, രണ്ടു ദിവസം മുൻപ് ബിജു പറഞ്ഞ അഭിപ്രായം, മനസ്സിന് വിടാൻ ഭാവമില്ല.."നാല്പത്തഞ്ചു വയസു കഴിഞ്ഞാൽ നമ്മുടെ ഒക്കെ കാര്യം പോക്കാണ്. ജോലി ഉണ്ടോ എന്ന് കണ്ടറിയാം.. നമ്മുടെ കഴിവ് കൊണ്ട്

മാത്രം നിലനിൽപ്പ് ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ നമ്മൾ അത്രയും വല്യ ഡിപ്ലോമാറ്സ് ആയിരിക്കണം.” 

മനസ്സിൽ യുദ്ധം തുടങ്ങി കഴിഞ്ഞു.. വെളുക്കുവോളം പട വെട്ടി തീർക്കാനുള്ള വാദമുമുഖങ്ങൾ കാലാളായി നിരന്നു നിന്നു.. ഒരുവൻറെ കഴിവ്, യോഗ്യത, വിശ്വാസ്യത, ആത്മാർത്ഥത, ഇതൊന്നും പോരേ ജോലി നില നിർത്താൻ..? 

മുകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെ മാനദണ്ഡം എങ്ങനെ നിശ്ചയിക്കപ്പെടുന്നു..? വന്മരങ്ങൾ പലതും  സ്ഥാനമില്ലാതെ കട പുഴകി വീണു കമ്പനിയുടെ പടിയിറങ്ങി പോകുന്നത് എന്തുകൊണ്ട്..? ആധി കൂടി കൂടി, വായിൽ ഉമിനീർ വറ്റി തൊണ്ട വരണ്ടു.. ശരിക്കും തനിക്ക് ഡോക്ടറെ കാണേണ്ട അവസ്ഥയായോ..?

 

അസ്വസ്ഥതയുടെ പാരമ്യത്തിൽ പതിയെ എഴുന്നേറ്റു വാതിൽ തുറന്നു മുറ്റത്തേക്കിറങ്ങി.. കാൽപ്പെരുമാറ്റം കേട്ടിട്ടാവണം, അപ്പു ചെറു മയക്കത്തിൽ നിന്നും ഉണർന്ന് വലുമാട്ടികൊണ്ട് ഓടിയെത്തി.. അവൻറെ നനഞ്ഞ മൂക്ക് പാദത്തിലുരസി, മുഖമുയർത്തി ആർദ്രതയോടെ തന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി നില്പായി. നിശ്ശബ്ദമായ കൂറിന്റെ ഒരല ശരീരമാസകലം തൈലം പൂശി, മനസിലേക്കിനിഞ്ഞിറങ്ങി. യജമാനന്റെ തെറ്റും ശരിയും ചോദ്യം ചെയ്യാത്ത സഹിഷ്ണുതയുടെ മൂർത്തീഭാവം.!  ഇവനെ തള്ളാൻ ഒരു യജമാനനും കഴിയില്ല..അപ്പുവിലേക്കു ചുരുങ്ങി ലോകം നിശ്ചലമായി..ചുറ്റുമുള്ള ഇരുട്ട് നേർത്തു വന്നു.. ശാന്തിയുടെ കൊടുമുടിയിലേക്കുള്ള കയറ്റം എളുപ്പമായിരുന്നു

 

വൈകി ഉറക്കമുണർന്നത് കാരണം, പ്രാണായാമവും ,യോഗയും ചെയ്യാൻ സമയം കിട്ടിയില്ല. എങ്കിലും പതിവിലും ഉന്മേഷത്തിലാണ് ഓഫീസിലേക്കെത്തിയത്.. 

 

പതിവ് മീറ്റിംഗിൽ അജയ് സംസാരിക്കുകയാണ്..താൻ ഇന്നലെ എതിർത്ത അതേ ആശയം..ദിനേശിന്റെ സമർത്ഥനം..സൊ ഫ്രണ്ട്സ് , ലെട് സ് ഗോ അഹെഡ് ആൻഡ് ഇമ്പിലിമെൻറ് ദിസ് ഐഡിയ”.. “അനിൽ, വാട് ഡൂ യൂ സെ

മനസ്സിൽ അപ്പുന്റെ വാലാട്ടാൽ ഉച്ചസ്ഥായിലായി.. തല കുലുക്കി മെല്ലെ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. "യെസ് എഗ്രീ..   ആം വിത്ത് യു, ഇറ്റ് ഈസ് വണ്ടർഫുൾ ഐഡിയ " ലെറ്റസ് ഡൂ ഇറ്റ്”..

അജയിനും, ദിനേശിനും കൈ കൊടുത്ത്, ഒരു തൂവൽ പോലെ മീറ്റിംഗ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.