Skip to main content
Srishti-2019   >>  Short Story - Malayalam   >>  ഹനുമാൻ പണ്ടാരം

ഹനുമാൻ പണ്ടാരം

Written By: Hrishikesh S.
Company: Speridian Technologies Pvt Ltd

Total Votes: 0
Vote.

ഹനുമാൻ പണ്ടാരം

എന്‍റെ കുഞ്ഞുനാളിലെ കുസൃതികളിൽ പലതും ഇന്നും എനിക്കോർമ്മയുണ്ട്. അമ്മയെ ധാരാളം കഷ്ടപ്പെടുത്തിയ ചെയ്തികള്‍. അച്ഛനന്ന് തളിപ്പറമ്പിൽ ആണ് ജോലി. ഞങ്ങൾ തിരുവനന്തപുരത്തും. ഞങ്ങൾ എന്നു പറയുമ്പോൾ, ഞാനും എന്‍റെഅനിയനും . എനിക്ക് കഷ്ടി മൂന്നു വയസ്സ് , അനിയന്‍ തൊട്ടിലില്‍ . ഒരു നിമിഷം നിര്‍ത്താതെ ഓടി നടക്കുന്ന എന്‍റെ ചെയ്തികള്‍ അമ്മക്ക് തലവേദനയായി..മുട്ടക്കാരി മുട്ടകൊണ്ടുവരുമ്പോള്‍, മുട്ട എടുത്തുകൊണ്ടു ഓടും . അമ്മ പുറകെ വന്നു പിടിക്കുമ്പോള്‍ മുട്ട താഴെ ഇട്ടു കളയും. അപ്പൂപ്പന്‍ പല്ല് തേക്കാന്‍ വെള്ളം എടുക്കുന്ന കിണ്ടിയില്‍ മൂത്രം ഒഴിക്കും . കളിപ്പാട്ടങ്ങള്‍ എടുത്ത് കിണറ്റില്‍ ഇടും . ഒരു ദിവസം വീട്ടിലെ പൂച്ചയെ എടുത്ത് കിണറ്റില്‍ ഇട്ടു. ഭാഗ്യത്തിന് ചത്തില്ല. എല്ലാത്തിനും അമ്മേടെ കയ്യില്‍ നിന്നും നല്ല പെട കിട്ടും എന്നാലും കുസൃതികള്‍ സുഗമമായി മുന്നോട്ടു പോയി . അമ്മ തലയില്‍ കൈ വെച്ചു പറഞ്ഞു , ഇവനു ആരെയും പേടിയില്ല , ആ ഹനുമാന്‍ പണ്ടാരം ഇങ്ങു വരട്ടെ, പിടിച്ചു കൊടുക്കാം .

എനിക്ക് ആകെപേടിയുണ്ടായിരുന്നത്‌ ഹനുമാന്‍ പണ്ടാരത്തെ ആയിരുന്നു . ചുവന്ന മുഖവുമായി (മാസ്ക്) വന്നിട്ട്, അലറും. “പല്ല് തേക്കാത്ത കുട്ടികളുണ്ടോ, പറഞ്ഞാല്‍ അനുസരിക്കാത്ത കുട്ടികളുണ്ടോ , അവരെ പിടിച്ചു വിഴുങ്ങി , ഞാന്‍ ഒരു കിണ്ടി വെള്ളവും കുടിക്കും “ ഇത് കേള്‍കുമ്പോള്‍ പേടിച്ചു എനിക്ക് മുള്ളാന്‍ മുട്ടും .

വേലാണ്ടി എന്ന് വിളിക്കുന്ന വേലു പണ്ടാരം , വയസ്സനാണ്. അപ്പൂപ്പന്‍റെഒരു ശിങ്കിടി . അപ്പൂപ്പന്‍റെ മുന്നില്‍ ഭയ ഭക്തി ബഹുമാനത്തോടെ നില്കും. അപ്പൂപ്പന്‍ ആംഗ്യം കാണിച്ചാല്‍ ഉടന്‍ നരച്ച തോള്‍ സഞ്ചിയുമായി ചെമ്പരത്തി ചെടികളുടെ ഇടയിലേക്ക് പോകും. ഞാന്‍ പേടിയോടെ നോക്കി നില്കുമ്പോള്‍, ചുവന്ന, ഭീതിയുണര്‍ത്തുന്ന ഹനുമാന്‍റെ മുഖംമ്മൂടി അണിഞ്ഞ്,ചാടി തുള്ളി അലറിക്കൊണ്ട്‌ ഓടി ഉമ്മറത്തേക്ക് വരും . അമ്മ പിടിച്ചു വെച്ചിരിക്കുന്നത് കൊണ്ട് ഓടാന്‍ പറ്റില്ല. അമ്മേടെ സാരിയുടെ പിറകില്‍ ഒളിക്കും . “ഇങ്ങോട്ട്വാടാ, ദേ പണ്ടാരമേ ഇവനെ കൊണ്ട് പൊയ്ക്കോ , ഇവന്‍പറഞ്ഞാല്‍ കേള്‍ക്കത്തില്ല”. “പറഞ്ഞാല്‍കേള്‍ക്കാത്ത കുട്ടികളുണ്ടോ , അവരെ വിഴുങ്ങി ഞാന്‍ ഒരു കിണ്ടി വെള്ളവും കുടിക്കും “ എന്ന് പണ്ടാരം അട്ടഹസിക്കും . ഞാന്‍ വേണ്ടമ്മ വേണ്ട എന്ന് പറഞ്ഞു കരയും . ഇനി പറഞ്ഞാല്‍ അനുസരിക്കുമോ ? അനുസരിക്കാം എന്ന് ഞാന്‍ കരഞ്ഞു കൊണ്ട് മൂളുകയും തലയാട്ടുകയും ചെയ്യും. ഇത്തവണ പോട്ടെ പണ്ടാരമേ എന്ന് അമ്മ പറയുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല . പണ്ടാരം വീണ്ടും ചെമ്പരത്തി ചെടികളുടെ ഇടയിലേക്ക് പോകും . മുഖംമൂടി മാറ്റി സാത്വിക ഭാവത്തോടെ വരും. നരച്ച സഞ്ചിയില്‍ നിന്നും ഭസ്മമെടുത്ത്‌ അപ്പൂപ്പന് കൊടുക്കും .അപ്പൂപ്പന്‍ ചില്ലറ തുട്ടുകള്‍ ഭസ്മം വെച്ച പാത്രത്തില്‍ ഇട്ടുകൊടുക്കും. പിന്നെഅമ്മയ്ക്കും എനിക്കും ഭസ്മം തരും . നെറ്റിയില്‍ ഭസ്മം പൂശിയ , പഴകിയ ഉടുപ്പും ,മുഷിഞ്ഞ മുണ്ടും ഉടുത്ത സാത്വിക ഭാവമുള്ള ആ പണ്ടാരത്തെ  അപ്പോള്‍ എനിക്ക് പേടി തോന്നാറില്ല .

ഒരു ദിവസം ഇതുപോലെ ഹനുമാന്‍ പ്രകടനവും കഴിഞ്ഞ്, മുഖം മൂടി സഞ്ചിയിലാക്കി , പത്രത്തില്‍ ഭാസ്മവുമായി അപ്പൂപ്പന്‍റെ അടുത്തുചെന്നു. അപ്പൂപ്പന്‍ ഭസ്മം എടുത്ത് നെറ്റിയില്‍ ഇട്ട ശേഷം കുറച്ചു നാണയത്തുട്ടുകള്‍ ആ പത്രത്തില്‍ ഇട്ടു. അങ്ങുന്നുനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു . എന്താടാ വേലാണ്ടി , എന്തായാലും പറഞ്ഞോ. എന്‍റെ മൂത്ത മോന്‍, പത്താന്തരം കഴിഞ്ഞ് നിക്കുവാന്നെ, ഫഷ് ക്ലാസ്സുണ്ട്‌ . ഇനി അങ്ങോട്ട്‌ പഠിപ്പിക്കാന്‍ എന്നൊക്കൊണ്ട് പാങ്ങില്ലേ. അങ്ങുന്നു വല്ല്തും സഹായിക്കണം . വേലണ്ടിക്ക് വേറെ വഴിയില്ല. നീഎന്തുവാടാവേലാണ്ടി ഈ പറയുന്നെ , നിന്‍റെമോനെന്താ പഠിച്ചു പേഷ്കാര്‍ ആകാന്‍ പോകുന്നോ . നിന്‍റെ കാലം കഴിഞ്ഞാല്‍ ഇവിടൊരു ഹനുമാന്‍ പണ്ടാരം വേണ്ടേ .നീഅതൊക്കെ പഠിപ്പിച്ചു കൊടുത്താല്‍ മതി . അങ്ങനെ പറയല്ലേ എന്‍റെ പൊന്നു ഏമാനെ, അവനെ പഠിപ്പിച്ചു പപ്പനാവന്‍റെ പത്ത്ചക്രം കിട്ടുന്ന എന്തെങ്കിലും ഒരു ഉദ്യോഗം ,ഹജൂര്‍ കച്ചേരി യിലോ മറ്റോ .... മതി നിര്‍ത്ത് , എടാ കൊക്കിലോതുങ്ങുന്നത്തെ  കൊത്താവു. നില മറന്നു സംസാരിക്കരുത് . ഏമാനെ  ഈ ഹനുമാന്‍ പണ്ടാരത്തിന്റെ പേര് പറഞ്ഞു പിച്ചയെടുത്തു കിട്ടുന്ന കാശു , പിള്ളേര്‍ക്ക്ഒരു നേരത്തെ കഞ്ഞിക്കു തികയില്ല.പെമ്പര്‍ന്നോതിക്ക് സുഖമില്ല.അവള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും...വേലാണ്ടി വിങ്ങിപ്പൊട്ടി . ആദ്യമായി എനിക്ക് ഹനുമാന്‍ പണ്ടാരത്തോട് ദയയോ സ്നേഹമോ സഹതാപമോ ഒക്കെ തോന്നി.എന്‍റെ കണ്ണുകള്‍ നിറഞ്ഞു .ഞാന്‍അമ്മയുടെ മുഖത്തേക്ക് നോക്കി , നിര്‍വികാരമായി അമ്മ അത് കേട്ടുകൊണ്ട് നിന്നു. കരഞ്ഞുകൊണ്ട്‌ വേലാണ്ടി തുടര്‍ന്നു. ഏമാനെ അവനു പുസ്തകം വാങ്ങാനുള്ള കാശെങ്കിലും ......വേലാണ്ടിഇവിടെ നിന്ന് കരഞ്ഞതുകൊണ്ട് ഒരു പ്രയോജനവും ഇല്ല നീ പോ . വേലാണ്ടി കണ്ണുതുടച്ച്‌ കൊണ്ട് അമ്മയുടെ അടുത്ത് വന്നു ഭസ്മം കൊടുത്തു . എന്‍റെ നെറ്റിയില്‍ ഭസ്മം തൊട്ടു ,നിറഞ്ഞ കണ്ണുകളോടെ അയാളെ ഞാന്‍ നോക്കി ,എന്നിട്ട് എന്‍റെ താടിയില്‍പിടിച്ചു പറഞ്ഞു കുഞ്ഞേ നന്നായി പഠിക്കണം വലിയ ആളാകണം . ഈ പണ്ടാരവും പ്രാര്‍ത്ഥിക്കാം. അവസാനമായി അമ്മയെയും അപ്പൂപ്പനെയുംമാറി മാറി നോക്കി അയാള്‍ പുറത്തേക്കു നടന്നു . പോകുന്ന വഴി അയാള്‍ ചെമ്പരത്തി ചെടികളെ തലോടി . തടി ഗേറ്റ് പകുതി തുറന്നു അയാള്‍ എന്നെ നോക്കി ചിരിച്ചു ആ കണ്ണുകള്‍ അര്‍ദ്രമായിരുന്നു . ഞാന്‍ അമ്മയോട് ചോദിച്ചു ,എന്തമ്മേ അപ്പൂപ്പന്‍ അയാള്‍ക്ക് പൈസ കൊടുക്കാത്തത് . പിന്നേ അയാള്‍ടെ മോന്‍ പഠിച്ചു മയിസ്രെട്ട് ആകാന്‍ പോകുകയല്ലേ , ചുമ്മാകള്ള്കുടിക്കാനുള്ള വേല.

പിന്നൊരിക്കലും വേലാണ്ടി വന്നില്ല. ആരും അന്വേഷിച്ചതും ഇല്ല . പണ്ടാരത്തിന്‍റെ പേര് പറഞ്ഞു അമ്മ എന്നെ പേടിപ്പിച്ചില്ല . ഒരു ദിവസം ഞാന്‍ അമ്മയോട് ചോദിച്ചു . ഹനുമാന്‍ പണ്ടാരം എന്തമ്മേ വരാത്തെ. അമ്മ വിശ്വാസം വരാതെ കുറച്ചു നേരം എന്നെ നോക്കി , എന്നിട്ട് പറഞ്ഞു അയാള് ചത്ത്‌ പോയിക്കാണും . ഹനുമാന്‍ പണ്ടാരം പിന്നെ അമ്മക്ക് പറയാനുള്ള കഥകളായി മാറി .

കാലങ്ങള്‍പറന്നു പോയി . ഞാന്‍ എന്‍റെ ഗള്‍ഫിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ തിരിച്ചു നാട്ടില്‍ വന്നു സെറ്റില്‍ ആയി. അനുജന്‍സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്നു റിട്ടയര്‍ ആയി . ഒരുദിവസം ഒരു ചാറ്റല്‍ മഴയത്ത് ഞാനും അനുജനും മെയിന്‍ റോഡിലെ കട വരാന്തയില്‍ സംസാരിച്ച് നില്കുമ്പോള്‍ , ഒരു കാര്‍ പാഞ്ഞു പോയി . ജില്ല കളക്ടര്‍ എന്ന ചുവന്ന ബോര്‍ഡ്‌ വെച്ച വെള്ള കാര്‍ . അനുജന്‍ പറഞ്ഞു , അതാരാണെന്നു അറിയാമോ? ഇല്ല എന്ന് ഞാന്‍ തലയാട്ടി . നമ്മുടെ പഴയ ഹനുമാന്‍ പണ്ടാരം വേലാണ്ടി യുടെ കൊച്ചു മകനാണ് . ആ കാര്‍ കണ്ണില്‍നിന്നു മറയുന്നവരെ ഞാന്‍ നോക്കി നിന്നു. പതുക്കെ ഞാന്‍ കട വരാന്തയില്‍ നിന്ന് പുറത്തേക്കു നടന്നു . ഓര്‍മ്മകള്‍ ഒരു ചാറ്റല്‍ മഴയായി എന്‍റെ മനസ്സിലേക്ക് പെയ്തിറങ്ങി .