Skip to main content
Srishti-2022   >>  Short Story - Malayalam   >>  ആഗ്നസിന്റെ മെഴുകുതിരികൾ

Meera M S

R P Techsoft

ആഗ്നസിന്റെ മെഴുകുതിരികൾ

മറ്റാരും കേൾക്കാനില്ല എന്ന് അറിയാമായിരുന്നിട്ടും വളരെ മനോഹരമായിട്ടാണ് ആഗ്നസ് ടീച്ചർ  പ്രാർത്ഥനാഗീതം പാടിക്കൊണ്ടിരുന്നത്. അതു ശ്രദ്ധിച്ചു കേൾക്കാനെന്ന പോലെ മെഴുകുതിരി നാളങ്ങൾ നിശ്ചലമായി നിൽക്കും. കാറ്റു പോലും അവയെ ശല്യപ്പെടുത്താതെ ജനാലയ്ക്കരികിൽ വന്ന് കാത്തു നിൽക്കുകയേയുള്ളൂ. ഒരു പാട് റബ്ബർ മരങ്ങൾക്കിടയിൽ തികച്ചും ഒറ്റപ്പെട്ടതു പോലെയുള്ള ഒരു ഒറ്റനില വീട്.ആഗ്നസ് ടീച്ചർ പഴയ എൽ.പി. സ്ക്കൂളിലെ ടീച്ചറായിരുന്നു. ഒരേയൊരു മകൾ വിവാഹം കഴിഞ്ഞു വിദേശത്താണ്. ടീച്ചർ വീട്ടിൽ തനിച്ചേയുള്ളൂ. റിട്ടയർ ചെയ്തിട്ട് ഇരുപതു വർഷമായെങ്കിലും തികച്ചും ആരോഗ്യവതിയാണ്. കുറച്ചു കോഴികളും ചെറിയ അടുക്കളത്തോട്ടവും കാര്യങ്ങളുമൊക്കെയുണ്ട്. പകൽ നേരങ്ങളിൽ മെഴുകുതിരി നിർമ്മാണമാണ് ഇഷ്ട വിനോദം. പല രൂപങ്ങളിൽ പല വർണ്ണങ്ങളിൽ സുഗന്ധം പരത്തുന്ന മെഴുകുതിരികൾ . പ്രാർത്ഥിക്കുമ്പോൾ യേശുക്രിസ്തുവിന്റെ ചിത്രത്തിൽ നോക്കി വിശേഷം പറച്ചിലാണ് ടീച്ചറിന്റെ മറ്റൊരു വിനോദം

സ്വന്തം മെഴുകുതിരികൾ കത്തിച്ചു വെച്ചാണ് ടീച്ചർ പ്രാർത്ഥിക്കുക. എന്നിട്ടു പറയും വെളിച്ചം നീയാണെങ്കിലും വിളക്ക് ഞാനുണ്ടാക്കിയതാണ് കേട്ടോ . ഇതു കേട്ട് ക്രിസ്തു ചിരിക്കും ടീച്ചർ തിരിച്ചും. ആസ്ട്രേലിയയിൽ നിന്നു മകൾ വിളിക്കുമ്പോൾ പോലും ഇത്രയേറെ വിശേഷങ്ങൾ പറയാൻ കാണില്ല. പിന്നെയുമുണ്ട് വീട്ടിൽ മറ്റു രണ്ടുപേർ. സ്ഫടിക ജാറിൽ നീന്തിക്കളിക്കുന്ന രണ്ട് സ്വർണ്ണമത്സ്യങ്ങൾ . പണ്ട് പഠിപ്പിച്ച ഒരു ശിഷ്യൻ കൊണ്ടുക്കൊടുത്തതാണ്. ആഗ്നസ് ടീച്ചർ പ്രാർത്ഥന ചൊല്ലുമ്പോൾ ഇവ രണ്ടു പേരും വെള്ളത്തിൽ നിശ്ചലരായി നിൽക്കും.
ടീച്ചർ ഇവിടിരുന്ന് കർത്താവിനോടു കുമ്പസരിക്കുമ്പോൾ അവ ശ്രദ്ധിക്കാറില്ല. രണ്ടു പേരും ജാറിനുള്ളിൽ ഓട്ടമത്സരത്തിൽ ആയിരിക്കും. പ്രാർത്ഥിക്കുമ്പോൾ ഒരു വലിയ മെഴുകുതിരി മാത്രമേ ടീച്ചർ കൊളുത്താറുള്ളൂ. അപ്പോൾ കർത്താവ് ഇടയ്ക്ക് പിണങ്ങാറുണ്ട്.വീടു നിറയെ മെഴുകുതിരികൾ ഉണ്ടാക്കി നിരത്തി വച്ചിട്ടും എന്താ ആഗ്നസേ ഒരെണ്ണം മാത്രം കത്തിക്കുന്നതെന്നു്. ഉണ്ടാക്കിയതെല്ലാം ഒറ്റ ദിവസം കൊണ്ട് അങ്ങനെ ഉരുക്കിത്തീർക്കില്ലെന്ന് ടീച്ചറും. എന്നാലും പിണക്കം മാറ്റാൻ ടീച്ചർ അന്ന് മൂന്നു ജപമാല കൂടുതൽ ചൊല്ലും.

  രണ്ടു ദിവസമായി നല്ല മഴയാണ് തോരുന്നേ ഇല്ല. പുറത്തോട്ടിറങ്ങാൻ വയ്യ. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളം കയറിത്തുടങ്ങിയെന്നൊക്കെ ടി വി വാർത്തകളിൽ കാണിക്കുന്നു. എത്ര പ്രളയം വന്നാലും നോഹയുടെ പെട്ടകം നീ അയയ്ക്കുമല്ലോ കർത്താവേ എന്ന് ടീച്ചറും അതേയെന്ന് കർത്താവും പ്രാർത്ഥനാ നേരങ്ങളിൽ കുശലം പറഞ്ഞു. വെള്ളം കൂടുന്നത് തങ്ങൾക്കു കാര്യമല്ലാത്തതുകൊണ്ട് സ്വർണ്ണമത്സ്യങ്ങൾ പുച്ഛത്തോടെ ഓടിക്കളിച്ചു നടന്നു . ഉച്ച വരെ ആയപ്പോഴേയ്ക്കും മുറ്റം നിറയെ വെള്ളം പൊങ്ങി. ആരോടും അനുവാദം ചോദിക്കാതെ പതുക്കെ പടിവാതിലും കടന്ന്  മുറികളിലേയ്ക്കു പരക്കാൻ തുടങ്ങി. ടീച്ചറിന് പേടിയൊന്നും തോന്നീല . പതുക്കെ മാറ്റാൻ കഴിയുന്ന സാധനങ്ങൾ ഒക്കെ കെട്ടിപ്പെറുക്കി തട്ടിന്റെയും അലമാരയുടെയും മുകളിലൊക്കെ വച്ചു. ഇന്നലെ മുതൽ കറണ്ടു പോയതാണ് മൊബെൽ ചാർജ്ജ് ഒക്കെ തീർന്നിരിക്കുന്നു. മകൾ വിളിക്കുന്നുണ്ടാവും കുറേ ഉപദേശങ്ങളും തങ്ങൾ വിളിച്ചിട്ടും കൂടെ വരാത്തതിന്റെ പരിഭവങ്ങളും ഒക്കെ പറയാനുണ്ടാവും. രാത്രിയായി വെള്ളം മുട്ടിനു മുകളിലായി. വർത്തുളമായതിനെ ചുറ്റി, ചതുരവടിവുകളുടെ അരികു ചേർന്നു വെള്ളം പതുക്കെ ഒഴുകി ഉയരുന്നു. മുറികളിൽ നിന്നു നടന്ന് ഇറങ്ങാൻ ബുദ്ധിമുട്ടേറി വന്നു. ടീച്ചർ സ്വർണ്ണമത്സ്യങ്ങളുടെ ജാർ കുറച്ചു കൂടി ഉയരത്തിൽ വച്ചു. ചുറ്റും ഇരുട്ടു മാത്രേയുള്ളൂ. പിന്നെ മഴയുടെയും വെള്ളത്തിന്റെയും ചീവിടിന്റെയും ശബ്ദവും. പക്ഷേ ടീച്ചറിന് ഒട്ടും പേടി തോന്നിയില്ല, അവിടുന്ന് മാറി പോകണമെന്നും തോന്നിയില്ല. ഇരുട്ടിന് നല്ല കനം വച്ചിരിക്കുന്നു. ടീച്ചർ പ്രാർത്ഥിക്കുവാൻ വേണ്ടി മെഴുകുതിരി കൊളുത്തി. കടലിനെ ശാന്തനാക്കിയവൻ മഴയോടെന്താ മിണ്ടാത്തതെന്ന് ചോദിച്ചിട്ടും കർത്താവ് ഒന്നും മിണ്ടീല്ല. ഒറ്റ മെഴുകുതിരി മാത്രം കൊളുത്തിയ പിണക്കമാവും . ടീച്ചർ പതുക്കെ ഉയരങ്ങളിൽ, തട്ടുകളിൽ അലമാരമേൽ ഒക്കെനിരത്തി വച്ചിരുന്ന മെഴുകുതിരികൾ ഓരോന്നായി കൊളുത്താൻ തുടങ്ങി. പാതിരാത്രിയായിട്ടും അവയൊന്നും അണഞ്ഞില്ല

അവിടെയൊക്കെയുള്ള വീടുകളിലെ ആളുകളെ രക്ഷിക്കാനായി ചെറിയ ബോട്ടുകൾ ഒക്കെ ഇറങ്ങിത്തുടങ്ങിയിരുന്നു. അതിലേ പോയവർക്ക് ടീച്ചറുടെ വീട് അകലെയാണെങ്കിലും പെട്ടെന്ന് മനസിലായി. തിരുപ്പിറവിയ്ക്ക് വഴികാട്ടിയായി ആകാശത്തിൽ നിന്ന നക്ഷത്രം പോലെ ദൂരെ ഒരു പാടു മെഴുകുതിരികളുടെ പ്രഭ ചൊരിഞ്ഞു കൊണ്ട് ഇരുട്ടിലും ആഗ്നസ് ടീച്ചറിന്റെ വീടു തെളിഞ്ഞു നിന്നു. അവിടെ ആരെങ്കിലും കാണുമോ ? ഒറ്റപ്പെട്ട വീടായതു കൊണ്ട് അവിടെയുള്ളവർ എങ്ങോട്ടെങ്കിലും നേരത്തെ മാറിക്കാണും എന്നു ബോട്ടിലുള്ള രണ്ട് പേർ സംശയിച്ചു. " അത് ആഗ്നസ് ടീച്ചറിന്റെ വീടാണല്ലോ, എന്നെ പണ്ട് പഠിപ്പിച്ച ടീച്ചറാ. വാ,പോയി നോക്കാം." ബോട്ടിലുള്ള മൂന്നാമൻ ധൃതി കൂട്ടി. റബ്ബർ മരങ്ങളില്ലാത്ത വഴിയിലൂടെ ചെറുബോട്ട് വീടിനടുത്തെത്തി. പുറത്തു നിന്നു വിളിച്ചിട്ടും അനക്കം ഒന്നുമില്ല. പതുക്കെ അയാൾ ബോട്ടിൽ നിന്നിറങ്ങി നെഞ്ചോളം ഉയർന്ന വെള്ളത്തിലൂടെ വീടിനകത്തു കയറി. നിറയെ മെഴുകുതിരികൾ  ജ്വലിക്കുന്നു. കൈയ്യെത്തുന്ന ഉയരത്തിൽ, വെയ്ക്കാൻ കഴിയുന്ന എല്ലായിടത്തും കൊളുത്തിയ മെഴുകുതിരികൾ സുഗന്ധം പരത്തി നിൽക്കുന്നു. എല്ലായിടത്തും നോക്കി ടീച്ചറെ എങ്ങും കണ്ടില്ല. സുരക്ഷിതമായ എങ്ങോട്ടെങ്കിലും ടീച്ചർ നേരത്തേ മാറിക്കാണും എന്നുറപ്പിച്ച് അയാൾ പതുക്കെ പോകാനിറങ്ങി. അപ്പോഴാണ് വലിയ അലമാരയ്ക്കു മുകളിൽ വച്ചിരിക്കുന്ന ജാറിൽ താൻ മുൻപ് സമ്മാനിച്ച രണ്ട് ഗോൾഡൻ ഫിഷുകൾ ഉത്സാഹത്തോടെ ഓടിക്കളിക്കുന്നതു കണ്ടത്. അയാൾ അവയെ നോക്കി പുഞ്ചിരിച്ചു .അപ്പോഴാണ് കണ്ടത് രണ്ടെണ്ണമല്ല , താൻ കൊടുത്തതു കൂടാതെ അല്പം കൂടി വലിയ ഒരു സ്വർണ്ണമത്സ്യം അവയ്ക്കു നടുവിലായി നീന്തുന്നു. അതിന്റെ രണ്ട് കണ്ണുകളും മെഴുകുതിരിനാളം പോലെ തിളങ്ങുന്നുണ്ടായിരുന്നു

ഒരു നിമിഷം നോക്കി നിന്നശേഷം " ഇവിടെയാരുമില്ല" എന്നു പറഞ്ഞ് അയാൾ ബോട്ടിലേയ്ക്കു തിരിച്ചു കയറി. "ഞങ്ങൾ നേരത്തെ പറഞ്ഞതല്ലേ '' എന്നു മറ്റു രണ്ടു പേരും പിറുപിറുത്തു. അടുത്തയിടത്തേയ്ക്ക് അവർ ബോട്ടു തിരിച്ചു. അപ്പോഴേയ്ക്കും  മെഴുകുതിരി വെട്ടം നിറഞ്ഞ വീട്ടിനുള്ളിൽ നിന്നും മനോഹരമായ പ്രാർത്ഥനാഗീതം ഉയരാൻ തുടങ്ങി . അതു കേട്ട് രണ്ട് ചെറിയ മത്സ്യങ്ങളും നിശ്ചലരായി നിന്നു. മൂന്നാമത്തെ വലിയ മത്സ്യം മാത്രം സ്ഫടിക പാത്രത്തിനുള്ളിൽ ,മിഴിയിലെ മെഴുകുതിരി വെളിച്ചവുമായി പതുക്കെസഞ്ചരിച്ചു കൊണ്ടേയിരുന്നു.